Saturday, January 5, 2008

കരടു ഭൂനിയത്തിനു തണുപ്പന്‍ പ്രതികരണം

വെള്ളിയാഴ്ച്ച റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ പുതിയ കരടു ഭൂനയം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്കു നല്കി. ഭൂനിയമത്തിലെ പഴുതുകള്‍ അടയ്ക്കുകയാണ് ഉദ്ദേശ്യമെന്നു അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങികൂട്ടുന്നത് നിയന്ത്രിക്കും, തോട്ടങ്ങള്‍ തുണ്ടു തുണ്ടായി മുറിച്ചു വില്കുന്നത് തടയും. അങ്ങനെ പലതിനും കരടു നയത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

എല്‍. ഡി. എഫ്. സര്‍ക്കാര്‍ ഒരു പുതിയ നയം അവതരിപ്പിക്കുമ്പോള്‍ യു. ഡി. എഫില്‍ നിന്നു എന്തെങ്കിലും പ്രതികരണം ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ല. യു. ഡി. എഫില്‍ നിന്നു ഉടന്‍ പ്രതികരിച്ചത് കെ. എം. മാണി മാത്രം. അതില്‍ പുതുതായി ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭൂനയത്തിന്റെ കാര്യത്തില്‍ കേരളാ കൊണ്ഗ്രസ്സിനു എതിര്‍പ്പില്ലെങ്കില്‍ യു. ഡി. എഫിലെ മറ്റേതെങ്കിലും കക്ഷിക്ക് എതിര്‍പ്പ് ഉണ്ടാകാന്‍ ഇടയില്ല. മാണിക്ക് എതിര്‍പ്പില്ലെങ്കില്‍ പുതിയ നയം അത്ര വിപ്ലവകരമാകാന്‍ സാധ്യതയില്ല.

ഭൂപരിഷ്കാരം കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ ഗുണം ചെയ്തില്ല. അതുകൊണ്ടാണ് ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇപ്പോഴും ഭൂമിക്കായി സമരം ചെയ്യേണ്ടിവരുന്നത്. പുതിയ നയവും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

ഭൂമി മാഫിയ ഉയര്‍ന്നു വന്നത് നിയമത്തില്‍ പഴുതുകളുള്ളതുകൊണ്ടു മാത്രമല്ല. സഹായിക്കാന്‍ രാഷ്ട്രീയ കക്ഷികളും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ഉള്ളിടത്തോളം ഈ മാഫിയയെ തളയ്ക്കാനാവില്ല.

1 comment:

Unknown said...

ഭാസ്കര്‍ജീ,
‘നിയമം‘ എന്നതും ‘നയം’ എന്നതും കൂടിക്കലര്‍ന്നുപോയതുകൊണ്ടാവാം - അതുമല്ലെങ്കില്‍ നിയമത്തിലെ ‘മ’ വിട്ടുപോയതാവാം. തലക്കെട്ടില്‍ ഒരു പിശകുണ്ട്‌. ‘ഭൂനിയത്തിന്’ എന്നായിപ്പോയി. തിരുത്തലിലൂടെ അഭംഗി ഒഴിവാക്കാനപേക്ഷ.