Monday, September 25, 2017

പ്രതിപക്ഷം ആത്മവിശ്വാസം വീണ്ടെടുക്കണം

ബി.ആര്‍.പി. ഭാസ്കര്‍

ഭാരതീയ ജനതാ പാര്‍ട്ടി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുമായി മുന്നോട്ടു പോവുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആക്കാനായത് അതിനു ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതിനൊത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലം വരെ പലരും പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടിരുന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി (യു) നേതാവുമായ  നിതീഷ് കുമാര്‍ അടുത്ത കാലത്ത് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളുമായുള്ള സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബി.ജെ.പി കൂടാരത്തില്‍ ചേക്കേറുകയുണ്ടായി. നിതീഷ് കുമാറിന്റെ അഭിപ്രായത്തില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവ് പ്രതിപക്ഷത്തില്ല. ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണയാണ് തന്‍റെ കാലുമാറ്റത്തിനു കാരണമെന്ന കുറ്റസമ്മതമായി ആ പ്രസ്താവത്തെ കാണാം. പരുങ്ങിനില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളും ആ ധാരണ തന്നെയാണ് പരത്തുന്നത്.

വോട്ടര്‍മാരില്‍ ഒരു വിഭാഗം ഏതെങ്കിലും ഒരു പക്ഷത്തോട് സ്ഥിരമായി കൂറ് പുലര്‍ത്തുന്നവരല്ലഈ വിഭാഗം മാറിമാറി വോട്ടു ചെയ്യുന്നതുകൊണ്ടാണു ഇരുകക്ഷി(അഥവാ ഇരുമുന്നണിസംവിധാനം നിലനില്‍ക്കുന്നിടത്ത് ഭരണമാറ്റമുണ്ടാകുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന പലരും തങ്ങള്‍ വോട്ടു ചെയ്യുന്ന കക്ഷി (അല്ലെങ്കില്‍ സ്ഥാനാര്‍ഥി) ജയിച്ചില്ലെങ്കില്‍ തങ്ങളുടെ വോട്ടു പാഴായിപ്പോയെന്നു കരുതുന്നവരാണ്അവരെ ആകര്‍ഷിക്കാന്‍ വിജയസാധ്യതയുണ്ടെന്ന ധാരണ ഉളവാക്കേണ്ടതുണ്ട്അല്ലാത്തപക്ഷം അങ്കം തുടങ്ങും മുമ്പേ തോല്‍വി ഉറപ്പാകും. അങ്ങനെയൊരു സാഹചര്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നേരിടുന്നത്. ബി.ജെ.പിക്ക് 2019ല്‍ അനായാസം വിജയിക്കാനാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്‌. എത്രയും വേഗം  ഈ സാഹചര്യം മറികടക്കാനായില്ലെങ്കില് അതിദയനീയമായ പരാജയമാകും പ്രതിപക്ഷത്തെ കാത്തിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ബി.ജെ.പി. അജയ്യശക്തിയാണോ? അങ്ങനെയൊരു വിശ്വാസം എതായാലും ആ കക്ഷിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിച്ച സംസ്ഥാനങ്ങളില്‍ അതാവര്ത്തിക്കാനാവില്ലെന്നു മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമറിയാം. തന്‍മൂലമുണ്ടാകുന്ന സീറ്റ് നഷ്ടം മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കി നികത്താനുള്ള ശ്രമത്തിലാണവര്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറവാകയാല്‍ ബംഗാളിലും കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുമാണു അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഹിന്ദുത്വത്തിനു സ്വീകാര്യത ലഭിച്ചിട്ടില്ലാത്ത ഇടങ്ങളാണവ. രാജ്യമൊട്ടുക്ക് പൊതുവിലും, ഈ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, പ്രതിപക്ഷ കക്ഷികള്‍ക്ക് ബി.ജെ.പിയെ തടഞ്ഞു നിര്‍ത്താനാകുമോ എന്നാണറിയേണ്ടത്.

തെരഞ്ഞെടുപ്പുകളില്‍ സാധാരണയായി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. ബഹുകോണ മത്സരത്തില്‍ ഒരാള്‍ക്ക് ഭൂരിപക്ഷ പിന്തുണ കൂടാതെ ജനപ്രതിനിധിയാകാനാകും. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ നിയമസഭയിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ ലോക് സഭയിലും ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാനും സാധിക്കും. പല തെരഞ്ഞെടുപ്പുകളിലും നാം അത് കണ്ടതാണ്. അതു തന്നെയാണ്‌ 2014ലും സംഭവിച്ചത്. വെറും 31.3 ശതമാനം വോട്ടേ കിട്ടിയുള്ളെങ്കിലും ബി.ജെ.പിക്ക് 543 സീറ്റുള്ള ലോക് സഭയില്‍ 282 സീറ്റോടെ ഭൂരിപക്ഷം നേടാനായി. ആദ്യമായാണ്‌ ഇത്രയും ചെറിയ വോട്ടു വിഹിതത്തോടെ ഒരു കക്ഷിക്ക് ലോക് സഭയില്‍ ഭൂരിപക്ഷം കിട്ടിയത്. സഖ്യകക്ഷികള്‍ ഭരണപക്ഷത്തേക്ക് 54 സീറ്റുകള്‍ കൂടി കൊണ്ടുവന്നു.

ജനപിന്തുണയേക്കാള്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളും മികച്ച തന്ത്രങ്ങളുമാണ്. മോദിയായിരുന്നു രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലനായ തെരഞ്ഞെടുപ്പ് പ്രചാരകന്‍. വിവാദവ്യവസായി ഗൌതം അദാനി അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ സ്വന്തം വിമാനം വിട്ടുകൊടുത്തു. വ്യവസായികളില്‍ നിന്ന് സംഭാവനയായി ഏറ്റവുമധികം പണം കിട്ടിയതും ബി.ജെ.പിക്കാണ്. മോദിയുടെ യോഗസ്ഥലങ്ങളിലേക്ക് പാര്‍ട്ടി കൂലിക്കെടുത്ത ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും ആളുകളെ എത്തിച്ചു. ബി.ജെ.പിയുടെ പിന്നിലെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘ് ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയോഗിച്ചു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്നതും രണ്ടാം സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്നതുമായ അഴിമതിക്കഥകളായിരുന്നു പ്രധാന തെരഞ്ഞെടുപ്പു വിഷയം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ജനമനസുകളില്‍ അവ സജീവമായി നിലനിര്ത്തിയിരുന്നു. മോദി വികസനത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെങ്കിലും പ്രസംഗങ്ങളിലെല്ലാം തന്നെ ഖബറിസ്ഥാന്‍ പോലുള്ള വാക്കുകള്‍ വിതറിക്കൊണ്ട് വര്‍ഗീയ ധ്രുവീകരണം എന്ന ഹിന്ദുത്വ അജണ്ട മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രദ്ധിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും 79.8 ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ബി.ജെ.പിക്ക് 31.3 ശതമാനം വോട്ടാണ് സമാഹരിക്കാനായത്. ഹിന്ദുക്കള്‍ ഹിന്ദുത്വത്തെ അനുകൂലിക്കുന്നില്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം? മോദി അധികാരത്തിലേറിയശേഷം സര്‍ക്കാരും ആര്‍.എസ്.എസിന്‍റെ പോഷക സംഘടനകളും വര്‍ഗീയ ചേരിതിരിവ്‌ രൂക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെ എടുത്ത പല നടപടികളും ഹിന്ദുക്കളില്‍ നിന്നു തന്നെ ശക്തമായ എതിര്പ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്. എന്നിട്ടും ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണ നിലനില്‍ക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ അനൈക്യം മൂലമാണ്. 

വിഭവ സമാഹരണത്തില്‍ ബി.ജെ.പിക്കൊപ്പമെത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ല. കാരണം വന്‍കിട മുതലാളിമാരുടെ ഇഷ്ടപുത്രനാണ് മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയെ വെല്ലാന്‍ കഴിവുള്ള ഒരു നേതാവും ഇപ്പോള്‍ പ്രതിപക്ഷത്തില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിലാണ് മതനിരപേക്ഷ കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാഗ്ദാനം ചെയ്ത വികസനം കൊണ്ടുവരാന്‍ മോദിക്കായിട്ടില്ല. തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല. വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞ മോദിക്ക് ഒരു രൂപ പോലും കൊണ്ടുവരാനായിട്ടില്ല. ഇതെല്ലാം മോദിയെ പോളിച്ചുകാട്ടാന്‍ പോരുന്ന വസ്തുതകളാണ്.   

മോദിയോടൊപ്പം 2014ല് പോകാതിരുന്ന, രാജ്യത്തെ  ബഹുഭൂരിപക്ഷമായ 69 ശതമാനാം വോട്ടര്‍മാരെ  എങ്ങനെ ഒന്നിപ്പിക്കാമെന്നു പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചിന്തിക്കണം. മോദിയുടെ വാദങ്ങളിലും തന്ത്രങ്ങളിലും അന്നും വീഴാതിരുന്നവരാണവര്‍. സങ്കുചിത സമീപനങ്ങളിലൂടെ ഊ വോട്ടര്‍മാരെ പ്രാദേശികവും വിഭാഗീയവുമായ കൂടുകളില്‍ ഒതുക്കാതെ വിശാല രാജ്യതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചാല്‍ ഹിന്ദുത്വത്തിനു പിടിച്ചു നില്‍ക്കാനാവില്ല. (നവയുഗം, സെപ്തംബര്‍ 1, 2017)

No comments: