Wednesday, September 13, 2017

ചെറിയ തോതിലെങ്കിലും രാജ്യത്താകമാനം ജനപിന്തുണയുള്ള ഏക പ്രതിപക്ഷ കക്ഷി കോണ്ഗ്രസ് ആണു. അതിനെ ഒഴിവാക്കിക്കൊണ്ട് ആര്‍.എസ്.എസ്-ബിജെ.പി മുന്നേറ്റം തടയാമെന്ന് കരുതുന്നവരെ നയിക്കുന്നത് വിശാല രാജ്യതാല്പര്യങ്ങളല്ല, അന്ധമായ കോണ്ഗ്രസ് വിരുദ്ധതയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കോണ്ഗ്രസിനെ തോല്പിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തിരിപ്പന്‍ ശക്തികളുമായി ചങ്ങാത്തം കൂടിയത് വര്‍ഗീയതയുടെ വളര്‍ച്ചയെ എത്രമാത്രം സഹായിച്ചുവെന്നു അവര്‍ സത്യസന്ധമായി വിലയിരുത്തണം.

ദേശീയ ബദലിനേക്കാള്‍ ഗുണകരം പ്രാദേശിക ഒത്തുതീര്‍പ്പുകളാകും

ബി.ആര്‍.പി. ഭാസ്കര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരപ്രവേശം ഒരു സാധാരണ ഭരണമാറ്റമായിരുന്നില്ല. തെരഞ്ഞെടുപ്പ് ജയിച്ചത് ബി.ജെ.പി. എന്ന രാഷ്ടീയ കക്ഷിയാണെങ്കിലും അധികാരം എത്തിയത് അതിന്റെ സ്രഷ്ടാവും നിയന്താവുമായ രാഷ്ട്രീയ സ്വയംസേവക്സംഘിന്റെ കൈകളിലാണ്. സാംസ്കാരിക സംഘടനയെന്ന് അവകാശപ്പെടുന്നെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാതെ യഥാര്‍ത്ഥ ശത്രുക്കളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നേരിടാനായി ഊര്‍ജ്ജം കാത്തു സൂക്ഷിക്കാന്‍ അതിന്റെ സര്‍വോന്നത നേതാവായിരുന്ന എം.എസ്.ഗോള്‍വാള്‍ക്കര്‍ അനുയായികളെ ഉപദേശിച്ചിരുന്നു. മോദി ഭരണമേറ്റശേഷം രാജ്യത്ത് പലയിടത്തും ആര്‍. എസ്. എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ ദേശീയതയുടെയും ഗോസംരക്ഷണത്തിന്റെയും മറ്റും പേരില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഗോള്‍വാള്‍ക്കര്‍ പരാമര്‍ശിച്ച ശത്രുസംഹാരത്തിന്‍റെ ഭാഗമാണ്. 

അവര്‍ ആക്രമിക്കുന്ന മറ്റൊരു വിഭാഗം ദലിതരാണ്. വൈദിക വ്യവസ്ഥയുടെ ഭാഗമായ വര്‍ണ്ണവെറിയാണ് അവരുടെ ദലിത് വിരുദ്ധതയ്ക്ക് പിന്നില്‍. മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും മുമ്പെ സംഘ പരിവാര്‍ ലക്ഷ്യമിട്ട ഒരു വിഭാഗമുണ്ട്. അത് മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന ബുദ്ധിജീവികളാണ്.

ഇന്ത്യയുടെ ഭരണഘടനയെ ആര്‍.എസ്.എസ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. മതനിരപേക്ഷ ജനാധിപത്യമെന്ന ആശയവുമായി അതൊരിക്കലും പൊരുത്തപ്പെട്ടിട്ടില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് അതിന്റെ ലക്‌ഷ്യം. ബി.ജെ.പിക്ക് ഇപ്പോള്‍ ലോക് സഭയില്‍ ഭൂരിപക്ഷമുണ്ട്. സ്വന്തം പ്രസിഡന്റുമായി. പക്ഷെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയുമായി മുന്നോട്ടു പോകുന്നതിനു ഒരു തടസം അവശേഷിക്കുന്നു. അത് ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലെന്നതാണ്. പ്രതിപക്ഷ കക്ഷികള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങനെ തോല്പിക്കാമെന്നു ആലോചിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനെ വീണ്ടും ജയിപ്പിക്കാനല്ല, അതിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിക്കൊടുക്കാനാണ് ആര്‍.എസ്.എസ് പദ്ധതിയിടുന്നത്.

വെറും 31% വോട്ടുകൊണ്ടാണ് ബി.ജെ.പി. 2014ല്‍ ലോക് സഭയില്‍ ഭൂരിപക്ഷം നേടിയത്. ഭൂരിപക്ഷം വോട്ടര്മാരുടെ പിന്തുണ കൂടാതെയാണ് കോണ്ഗ്രസും പല തവണയും അധികാരത്തിലേറിയത്. എന്നാല്‍ ആദ്യമായാണ് ഒരു കക്ഷി ഇത്ര ചെറിയ വോട്ടുവിഹിതത്തോടെ ആ സഭയില്‍ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിയിതര കക്ഷികള്‍ക്കിടയിലെ കടുത്ത അനൈക്യമാണ് അത് സാധ്യമാക്കിയത്. അനൈക്യം തുടരുകയാണെങ്കില്‍ അവര്‍ക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാനാകില്ല.

മെച്ചപ്പെട്ട തന്ത്രങ്ങളാണ് ചെറിയ വോട്ടുവിഹിതം കൊണ്ട് വലിയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസിനെ സഹായിച്ചത്. തന്ത്രങ്ങളില്‍ അവര്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. ലോക് സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒന്നിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നതുകൊണ്ട് മോദി തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ സാധ്യതയുണ്ട്. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട്‌ ഇതിനകം ഒന്നിലധികം തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിലെപ്പോലെ ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തണമെന്ന്‍ മോദി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ആശയം പ്രാവര്ത്തികമാക്കുന്നതിനായി അടുത്ത കൊല്ലം നടത്തേണ്ട നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പും നടത്താന്‍ തീരുമാനിച്ചേക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഒരു പ്രതിപക്ഷ കക്ഷിയും ഈ സാധ്യതകള്‍ കണക്കിലെടുത്തിട്ടുള്ളതായി കാണുന്നില്ല. ഒന്നാം തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് 45%നു താഴെ വോട്ടു കൊണ്ടാണ് ലോക് സഭയില്‍ ഏകദേശം നാലില്‍ മൂന്നു ഭൂരിപക്ഷം നേടിയത്. പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴത്തെ നിലപാടുകള്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് വോട്ടുവിഹിതം40% ആയി ഉയര്‍ത്തിക്കൊണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞെന്നിരിക്കും.

ഇടതുപക്ഷ-ന്യൂനപക്ഷ-ദലിത് വിശാല ദേശീയ സഖ്യമുണ്ടാക്കി ആര്‍.എസ്.എസിനെ തടയാനാകില്ല. സി.പി.എം ആണു രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷി. അതിനു2014ല്‍ കിട്ടിയത് 3.25% വോട്ട്‌. രണ്ടാമത്തെ വലിയ ഇടതുപക്ഷ കക്ഷിയായ സി.പി.ഐക്ക് കിട്ടിയത്  വെറും 0.78%.  മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇടതുപക്ഷ കക്ഷിയായ  സി.പി.ഐ (എം.എല്‍)നു 0.18% കിട്ടി. ജനസംഖ്യയുടെ 16.6%  വരുന്ന ദലിതരും  14.2%  വരുന്ന മുസ്ലിങ്ങളും ഇടതുപക്ഷവുമായി കൈകോര്‍ത്താല്‍, തത്വത്തില്‍, 31% മാത്രം പിന്തുണക്കുന്ന ബി.ജെ.പിയെ മറികടക്കാനാകും. മോദി അധികാരത്തിലേറിയശേഷം നിരന്തരം ആക്രമണത്തിനു വിധേയരാകുന്ന ഈ രണ്ടു വിഭാഗങ്ങളും. ബി.ജെ.പിക്കെതിരെ വോട്ട്‌ ചെയ്യേണ്ടവരാണ്. പക്ഷെ അവരെ ആകര്‍ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ടോ?

ദലിതര്‍ ഇടതുപക്ഷത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം പരാജയെപ്പെട്ടെന്ന ചിന്ത അവരില്‍ ഇപ്പോള്‍ ശക്തമാണ്-—പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദീര്‍ഘകാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ബംഗാളിലും കേരളത്തിലും. ദലിത് നേതൃത്വത്തിലുള്ളതും ദേശീയ കക്ഷിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ബഹുജന്‍ സമാജ് പാര്ട്ടി സി.പി.എമ്മിനെക്കാള്‍ വലിയ കക്ഷിയാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഒറ്റയ്ക്കും അല്ലാതെയും ഒന്നിലധികം തവണ അധികാരത്തിലേറിയ കക്ഷിയാണത്. എന്നാല്‍ 2014ല്‍ 3.25% വോട്ടുകൊണ്ട് സി.പി.എമ്മിന് ലോക് സഭയില്‍ ഒന്‍പത് സീറ്റു കിട്ടിയപ്പോള്‍ 4.2% വോട്ടു കിട്ടിയിട്ടും ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ബി.ജെ.പിക്ക് അനുകൂലമായി bബി.ജെ.പിയുടെ ശക്തികേന്ദ്രമായ യു.പിയില്‍ മോദി സൃഷ്ടിച്ച തരംഗത്തില്‍ അത് ഒലിച്ചുപോവുകയായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നവര്‍ ബി.എസ്.പിയുടെ ഈ ദുരനുഭവം കണക്കിലെടുക്കണം  

കോണഗ്രസിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ കക്ഷിയാണത്. മൂന്നാം സ്ഥാനത്തുള്ള ബി.എസ്.പിക്ക് അതിന്റെ അഞ്ചിലൊന്ന് ജനപിന്തുണയെ ഉള്ളൂ. ബംഗാളിലെ തൃണമൂല്‍ കോണ്ഗ്രസ്, തമിഴ്നാട്ടിലെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി എന്നിവയ്ക്കു പിന്നില്‍ ഏഴാം സ്ഥാനത്തായിരുന്നു 2014ല്‍ സി.പി.എം. ചെറിയ തോതിലെങ്കിലും രാജ്യത്താകമാനം ജനപിന്തുണയുള്ള ഏക പ്രതിപക്ഷ കക്ഷി കോണ്ഗ്രസ് ആണു. അതിനെ ഒഴിവാക്കിക്കൊണ്ട് ആര്‍.എസ്.എസ്-ബിജെ.പി മുന്നേറ്റം തടയാമെന്ന് കരുതുന്നവരെ നയിക്കുന്നത് വിശാല രാജ്യതാല്പര്യങ്ങളല്ല, അന്ധമായ കോണ്ഗ്രസ് വിരുദ്ധതയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം കോണ്ഗ്രസിനെ തോല്പിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തിരിപ്പന്‍ ശക്തികളുമായി ചങ്ങാത്തം കൂടിയത് വര്‍ഗീയതയുടെ വളര്‍ച്ചയെ എത്രമാത്രം സഹായിച്ചുവെന്നു അവര്‍ സത്യസന്ധമായി വിലയിരുത്തണം.

നിലവിലുള്ള സാഹചര്യങ്ങളില്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും മതനിരപേക്ഷ പാരമ്പര്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആര്‍.എസ്.എസ-ബി.ജെ.പി യുഗ്മത്തെ തടയുവാന്‍ ഒരു ദേശീയ മുന്നണിയേക്കാള്‍ പ്രാദേശിക ഒത്തുതീര്‍പ്പുകളാകും കൂടുതല്‍ ഗുണകരം. യു.പിയുടെ കാര്യം എടുക്കുക. അവിടെ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 42.63% വോട്ടിന്റെ ബലത്തില്‍ ആകെയുള്ള 80 സീറ്റില്‍ 71 എണ്ണം പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടിക്ക് 22.36%  വോട്ടുകൊണ്ട് അഞ്ചു സീറ്റും കോണ്ഗ്രസിനു  7.53%  വോട്ടുകൊണ്ട് രണ്ട് സീറ്റും നേടാനായപ്പോള്‍ ബി.എസ്.പിക്ക് 19.77%   വോട്ടുണ്ടായിട്ടും ഒരു സീറ്റു പോലും കിട്ടിയില്ല.  ഇക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മേല്‍ക്കൈ നിലനിര്‍ത്തി. അത് 41.57% വോട്ടു നേടി സമാജ് വാദി പാര്‍ട്ടിയില്‍ നിന്നു അധികാരം പിടിച്ചെടുത്തു. സമാജ് വാദി പാര്‍ട്ടിയും (28.32%) കോണ്ഗ്രസും    (22.09%) സഖ്യത്തിലേര്‍പ്പെട്ടിരുന്നു. മുലായം സിങ്ങും മകന്‍ അഖിലേഷ് യാദവും തമ്മിലുണ്ടായ തര്‍ക്കം മൂലം സമാജ് വാദി പാര്‍ട്ടിക്ക് സഖ്യത്തിന്‍റെ ഗുണം പൂര്‍ണ്ണമായും ലഭിച്ചില്ല. എന്നാല്‍ കോണ്ഗ്രസിന് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ദലിതര്‍ക്കിടയില്‍ സ്വാധീനമുള്ള ബി.എസ്.പി. ആരുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാറില്ല. സമീപകാല അനുഭവത്തിന്റെ വെളിച്ചത്തില്‍ അത് വിശാല രാജ്യതാല്പര്യങ്ങളും സ്വന്തം രാഷ്ട്രീയതാല്പര്യവും മുന്‍ നിര്‍ത്തി ആ നിലപാട് പുന:പരിശോധിക്കേണ്ടതാണ്. 

എട്ടു കോടിയിലധികം വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ട യു.പിയില്‍ സി.പി.ഐക്ക് കിട്ടിയത്1,29,471, സി.പി.എമ്മിന് കിട്ടിയത്  5,637. ഇത്ര ദുര്‍ബലമായ ഇടതുപക്ഷത്തിനു ദേശീയ ബദലിന്റെ ഭാഗമായി ബി.ജെ.പിയെ തടയാന്‍ അവിടെ എന്തു ചെയ്യാനാകും?  ആള്‍ ഇന്‍ഡ്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (2.46%), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്(0.17%) എന്നീ പാര്‍ട്ടികള്‍ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. വിശാല ദേശീയ മുന്നണിയുടെ പേരില്‍ ന്യൂനപക്ഷ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈ കക്ഷികളെ ഉള്‍പ്പെടുത്തുന്നത് ചിലപ്പോള്‍ ഗുണത്തെക്കാളേറെ   ദോഷമാകും ചെയ്യുക.

കേരളത്തില്‍ ബി.ജെ.പിക്ക് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 10.45% വോട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു സീറ്റ് ലഭിച്ചെങ്കിലും വോട്ടു വിഹിതത്തില്‍ (10.53% ) നിസാരമായ വര്‍ദ്ധനവേ ഉണ്ടായുള്ളൂ. എസ്.എന്‍.ഡി.പി. യോഗം രൂപീകരിച്ച അതിന്റെ സഖ്യകക്ഷിയായ ഭാരതീയ ധര്‍മ്മ ജന സേനയുടെ 3.93% കൂടി ചേര്‍ക്കുമ്പോള്‍ ഹിന്ദുത്വ വോട്ടു 14.46% ആകുന്നു. ഒരു ലോക് സഭാ സീറ്റ് ജയിക്കാന്‍ ഇത് പോര. ഇത് വളരാതെ നോക്കാനുള്ള ചുമതല എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും നയിക്കുന്ന സി.പി.എമ്മിനും കോണ്ഗ്രസിനുമുണ്ട്. ഒരു ദേശീയ മുന്നണിക്ക്‌ ഇക്കാര്യത്തില്‍ വലിയ സംഭാവന നല്‍കാനില്ല. (ജനശക്തി, സെപ്തംബര്‍ 1-15, 2017)

No comments: