Wednesday, September 20, 2017

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 


ഗൌരി ലങ്കേഷ് എങ്ങനെ അപകടകാരിയായി  

ബി.ആര്‍.പി. ഭാസ്കര്‍
ഗൌരി ലങ്കേഷ് ഒരു പാര്ട്ടിയിലും അംഗമായിരുന്നില്ല. പക്ഷെ മിസ്‌ഡ് കാള്‍ അടിച്ചവര്‍ക്കെല്ലാം അംഗത്വം കൊടുത്തു ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന ഖ്യാതി നേടിയ ഭാരതീയ ജനതാ പാര്‍ട്ടി അവരെ ഭയന്നു.

ഗൌരി ലങ്കേഷ് ഒരു പത്രപ്രവര്ത്തകയായിരുന്നു. സ്വന്തമായി നടത്തുന്ന ഒരു വാരികയിലൂടെയാണ് അവര്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നത്. ഒരു സംസ്ഥാനത്ത് വസിക്കുന്ന, ഒരു ഭാഷ സംസാരിക്കുന്ന ആളുകള്‍ മാത്രമാണു അത് വായിച്ചിരുന്നത്. പക്ഷെ രാജ്യത്തെ വന്‍മാധ്യമങ്ങളെ വരുതിയിലാക്കിയ, ചാനല്‍ സെലിബ്രിറ്റികളെ കാല്‍ച്ചുവട്ടിലാക്കിയ ഭരണകൂടം അവരെ ഭയന്നു.

ഗൌരി ലങ്കേഷിന്‍റെ നെഞ്ചിനു 56 ഇഞ്ച്‌ വലുപ്പമുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വളരെ കുറച്ചു പേരെ അവരെ പിന്തുടര്‍ന്നിരിന്നുള്ളൂ. പക്ഷെ 56 ഇഞ്ച്‌ നെഞ്ചും മൂന്നു കോടിയിലേറെ അനുയായികളുമുള്ള പ്രധാനമന്ത്രി അവരെ ഭയന്നു..

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 

ജീവിച്ചിരുന്നപ്പോള്‍ പ്രഹ്ലാദ് ജോഷി എം.പി, ഉമേഷ്‌ ദുഷി എന്നീ ബി.ജെ.പി  നേതാക്കള്‍ അവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസും വിചാരണക്കൊടതി അവര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയശേഷം ബി.ജെ.പി ഐ.ടി. സെല്‍ അതുപയോഗിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ശ്രമിച്ചതും ലോക മാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച നിഷ്ടുരമായ കൊലപാതകത്തോട് പ്രധാനമന്ത്രി പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്നതും (വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കൊലയെ അപലപിച്ചിരുന്നു) പ്രധാനമന്ത്രി പിന്തുടരുന്ന ഏതാനും മഹാശയന്മാരുള്‍പ്പെടെ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ കൊലപാതകം ആഘോഷിച്ചതുമൊക്കെ അതിനു മതിയായ തെളിവല്ലേ?

പ്രത്യക്ഷത്തില്‍ ഒരു പ്രതിയോഗിയായി പരിഗണിക്കാന്‍ പോരുന്ന പ്രാധാന്യമില്ലാത്ത ഗൌരി ലങ്കേഷ് എങ്ങനെയാണ് ഭരണകൂടത്തെ നയിക്കുന്ന പ്രസ്ഥാനത്തിന്‍റെ ശത്രുവായി തീരുന്നത്? എളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ഒര് ചോദ്യമാണത്. ചിന്താശേഷിയുള്ളവരും അവരെ നയിക്കുന്ന ആശയങ്ങളും ആ പ്രസ്ഥാനത്തെ ഭയപ്പെടുത്തുന്നു എന്നതാണ് അതിനുള്ള ഉത്തരം. 

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം യഥാര്‍ത്ഥ ശത്രുക്കളായ  മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നേരിടാന്‍ ഊര്‍ജ്ജം കരുതി വെക്കാനാണ് സംഘ പരിവാരിന്റെ ആദ്യകാല നേതാക്കള്‍ അണികളെ ഉപദേശിച്ചത്. അവരുടെ ആത്യന്തിക ലക്‌ഷ്യം ഭൂരിപക്ഷ ഹിന്ദുസമുദായത്തിന്റെ അധീനതയിലുള്ള ഒരു ഹിന്ദു രാഷ്ട്രമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് കടകവിരുദ്ധമായ ആശയമാണത്. ലോക് സഭയില്‍ ഭൂരിപക്ഷം നേടി, ഭരണസംവിധാനത്തിന്റെ മേല്‍ ക്രമേണ പിടി മുറുക്കി ഹിന്ദുരാഷ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ എല്ലാവരെയും ഉള്ക്കൊള്ളുന്ന ബഹുസ്വര ഇന്ത്യ എന്ന ആശയം മനസ്സില്‍ സൂക്ഷിക്കുന്നവരെയ അവര്‍ ഭയക്കും. അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും.         

ഗൌരി ലങ്കേഷിന്‍റെ കൊലപാതകം ഒരു പരമ്പരയുടെ ഭാഗമാണ്. നേരത്തെ മഹാരാഷ്ട്രയിലെ നരേന്ദ്ര ദഭോല്‍ക്കാര്‍, ഗോവിന്ദ് പന്സാരെ എന്നിവരും കര്‍ണ്ണാടകത്തിലെ തന്നെ എം.എം. കല്ബുര്‍ഗിയും വീഴ്ത്തപ്പെട്ടിരുന്നു. ഈ മൂന്നു കൊലകളിലും ചില സമാനതകളുണ്ടെന്നു അന്വേഷണ സംഘങ്ങള്‍  കണ്ടെത്തുകയുണ്ടായി. കൊലപാതകത്തിന്റെ ആസൂത്രകനെയും നടത്തിപ്പുകാരെയും സംബന്ധിച്ച് ചില സൂചനകളും അവര്‍ നല്‍കി. അതിനു ശേഷം അന്വേഷണം മുന്നോട്ടു പോയിട്ടില്ല. വര്‍ഷങ്ങളായി എങ്ങും എത്താതെ നീണ്ടുപോയ്ക്കൊണ്ടിരുന്ന ചില അക്രമസംഭവങ്ങളുടെ അന്വേഷണം ഒരു ഘട്ടത്തിലെത്തുമ്പോള്‍ സംഗതികള്‍ മാറി മാറിയുന്ന അനുഭവം അടുത്ത കാലതതായി ഉണ്ടാകുന്നുണ്ട്.

ഭരണകൂടത്തിനു ഇച്ചാശക്തിയുണ്ടെങ്കില്‍ മാത്രമേ പ്രബലരായവര്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ കഴിയൂ. അപ്പോഴും ഒരുപക്ഷെ നിയമപ്രക്രിയ കൊന്നവര്‍ വരെയല്ലാതെ കൊല്ലിച്ചവരിലേക്ക് എത്തിയെന്ന് വരില്ല. 

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഗൌരി ലക്ഷ്മി എന്ന രക്തസാക്ഷിയുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് എന്ത് പാഠമാണ് ഉള്‍ക്കൊള്ളുന്നത്? അപകടം തിരിച്ചറിഞ്ഞു അവര്‍ക്ക് സുരക്ഷിതമായ പാത സ്വീകരിക്കാം. ആ രീതിയില്‍ വ്യക്തികളെന്ന നിലയില്‍  നേടാനാവുന്ന സുരക്ഷിതത്വം ശാശ്വതമാവില്ല. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ അപകടപ്പെടുത്തിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേടാനാകുന്നത്  സുരക്ഷിതത്വമല്ല, അടിമത്തമാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 17, 2017) 

No comments: