Friday, November 17, 2017

തോമസ്‌ ചാണ്ടി സംഭവം നമ്മോട് പറയുന്നത്

ബി.ആര്‍.പി. ഭാസ്കര്‍                                                                                                                                          മാധ്യമം

രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണ്ണമുഖം വെളിപ്പെടുത്തിക്കൊണ്ടും പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലുളള പ്രവര്‍ത്തനത്തിലൂടെ അതിശക്തനെന്നു പേരെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ത്തു കൊണ്ടുമാണ് ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി പടിയിറങ്ങിയത്. ആദ്യ വര്ഷം തന്നെ ഉദ്യോഗസ്ഥന്മാരെ കൈകാര്യം ചെയ്യുന്നതിലെ പരാജയം  പിണറായിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തിയിരുന്നു. ഒരു കൊച്ചു പാര്‍ട്ടിയുടെ പ്രതിനിധിയായി എട്ടു മാസം മുമ്പ് മന്ത്രിയായ തോമസ്‌ ചാണ്ടിയുടെ മുന്നില്‍ തീര്‍ത്തും നിസ്സഹായനായി അദ്ദേഹം നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്.

ആലപ്പുഴയ്ക്കടുത്തുള്ള തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മിച്ചത് തീരദേശ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന വാര്‍ത്ത മൂന്നു മാസം മുമ്പ് പുറത്തു വന്നപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചു.  ആരോപണം തെളിയിച്ചാല്‍ മന്ത്രിപദം രാജിവെച്ച് വീട്ടില്‍ പോകാമെന്നും അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിരവധി തെളിവുകള്‍ ഹാജരാക്കിയതിന്റെ ഫലമായാണ് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നത്.

പിണറായി മന്ത്രിസഭയില്‍ നാഷണല്‍ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രതിനിധി ആയിരുന്ന എ.കെ. ശശീന്ദ്രന്‍ ടെലിവിഷന്‍ കെണിയില്‍ പെട്ട് രാജി വെക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആ പാര്‍ട്ടിയുടെ അവശേഷിക്കുന്ന എം.എല്‍.എ എന്ന നിലയിലാണ് തോമസ്‌ ചാണ്ടിക്ക് മന്ത്രിയാകാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ കുവൈത്തിലെ ചെയ്തികളെ കുറിച്ച് നാട്ടില്‍ പരന്നിട്ടുള്ള കഥകള്‍ വെച്ചു നോക്കുമ്പോള്‍ ഒരു കക്ഷി അദ്ദേഹത്തെ എം.എല്‍.എ ആക്കാന്‍ തുനിയരുതായിരുന്നു. പക്ഷെ പണമുണ്ടെങ്കില്‍ എന്തും നേടാനാവുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. അദ്ദേഹം നിയമസഭാംഗമായി, അവസരം വന്നപ്പോള്‍ മന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു.   

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നിഷേധിച്ച് സി.പി.എം മാതൃക കാട്ടിയിരുന്നു. ശശീന്ദ്രന്‍ പുറത്തായപ്പോള്‍ അദ്ദേഹം ആരോപണവിമുക്തനായി തിരിച്ചുവരുന്നതു വരെ എന്‍.സി.പിയുടെ മന്ത്രിസഭയിലെ സ്ഥാനം ഒഴിച്ചിടാന്‍ പിണറായി തീരുമാനിച്ചിരുന്നെങ്കില്‍ ആ പാര്‍ട്ടി അതിനു  വഴങ്ങുമായിരുന്നു. കാരണം സി.പി.എമ്മിനെക്കൊണ്ട് അനഭിലഷണീയനായ ഒരാളെ മന്ത്രിസഭയില്‍ എടുപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടിയല്ല അത്. പക്ഷെ സി.പി.എമ്മോ മുഖ്യമന്ത്രിയോ തോമസ്‌ ചാണ്ടിയെ അനഭിലഷണീയനായി കണ്ടില്ല. അവരുടെ ഇടതുപക്ഷ സ്വഭാവം ദുര്‍ബലമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഗുരുതരമായ ആരോപണങ്ങളുടെ ഫലമായി ഒരു മന്ത്രി സംശയത്തിന്റെ നിഴലിലായാല്‍ അന്വേഷണം നടത്തി സല്പേര് വീണ്ടെടുക്കുന്നതുവരെ മാറി നില്‍ക്കുന്ന രീതി നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ ആദ്യ കാലത്തുണ്ടായിരുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ ഇടിഞ്ഞതോടെ സല്പേര് പൊതുജീവിതത്തില്‍ ആവശ്യമുള്ള ഒന്നല്ലെന്നായി. തോമസ്‌ ചാണ്ടി സംഭവം രാഷ്ട്രീയ കേരളത്തിന്റെ ധാര്‍മ്മിക നിലവാരം കൂടുതല്‍ താഴ്ത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ തോമസ്‌ ചാണ്ടി വിഷയത്തില്‍ തുടര്ച്ചയായി നടത്തിയ അന്വേഷണത്തിനിടയില്‍ സ്വാധീനമുള്ളവര്‍ എങ്ങനെയാണ് നിയമത്തെ അട്ടിമറിക്കുന്നതെന്ന്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന നിരവധി വസ്തുതകള്‍ പുറത്തു വരികയുണ്ടായി. അത്തരക്കാരെ വഴിവിട്ടു സഹായിക്കാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥന്മാരുണ്ട്. അവരുടെ ചെയ്തികള്‍ അന്വേഷണവിധേയമാകുമ്പോള്‍ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇതൊക്കെ സംഭവിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആരോപണ വിധേയര്‍ "തെളിയിക്കൂ,  തെളിയിക്കൂ" എന്നു വിളിച്ചു  കൂവുന്നത്. സത്യസന്ധരും ദു:സ്സ്വാധീനത്തിനു വഴങ്ങാത്തവരുമായ ഉദ്യോസ്ഥരുമുണ്ട്. അതുകൊണ്ട് കൂടിയാണ് തോമസ്‌ ചാണ്ടിക്ക് ഒടുവില്‍ പുറത്തേയ്ക്ക് പോകേണ്ടി വന്നത്.    
നിയമലംഘനം സംബന്ധിച്ച തെളിവുകള്‍ പുറത്തു വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാനിറങ്ങിയ സി.പി.എം അനുകൂലികള്‍ അതൊക്കെ തോമസ്‌ ചാണ്ടി മന്ത്രിയാകുന്നതിനു മുമ്പ് നടന്ന കാര്യങ്ങളാണെന്ന് വാദിക്കുകയുണ്ടായി. മന്ത്രിപദവി ദുരുപയോഗം ചെയ്തല്ല നിയമലഘനം നടത്തിയതെന്നത് കുറ്റകൃത്യത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല. മന്ത്രിസഭയില്‍ നിന്നുള്ള രാജിയോടെ -– പത്രങ്ങളുടെ ഭാഷയില്‍, ഒഴിപ്പിക്കലോടെ--- പൂര്‍വകാല ചെയ്തികള്‍ക്ക് തോമസ്‌ ചാണ്ടി രാഷ്രീയമായി വില നല്കിയിരിക്കുന്നു. പക്ഷെ കുറ്റകൃത്യങ്ങള്‍ അതോടെ ഇല്ലാതാകുന്നില്ല. പുറത്തു വന്നിട്ടുള്ള നിയമലംഘനങ്ങള്‍ക്ക്  നിയമങ്ങള്‍ അനുശാസിക്കുന്ന വില ഇനിയും നല്‍കേണ്ടതുണ്ട്. അതിനായി നടപടികള്‍ ആരംഭിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും നടപടികളുണ്ടാകണം.

ഇനിയും നിയമലംഘനം നടത്തുമെന്ന്‍ എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്രയില്‍ പങ്കെടുത്തപ്പോള്‍ തോമസ്‌ ചാണ്ടി പറയുകയുണ്ടായി. മന്ത്രിപദം നഷ്ടപ്പെട്ടശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു. അതൊരു വെല്ലുവിളിയാണ്. അത് നേരിടാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം.

തോമസ്‌ ചാണ്ടിയുടെ കായല്‍ നികത്തല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹം നിയമലംഘനം നടത്തിയിട്ടില്ലെന്ന്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ പ്രശ്നങ്ങളെ മുന്‍ വിധികളോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ രീതി മറ്റ് ചില അവസരങ്ങളിലും പ്രകടമായിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവമാണ് ഇതിലൊന്ന്. പള്‍സര്‍ സുനി പിടിയിലായപ്പോള്‍ കുറ്റകൃത്യം അയാള്‍ ആസൂത്രണം ചെയ്തതാണെന്നും പിന്നില്‍ ഗൂഡാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പോലീസുദ്യോഗസ്ഥന്‍ അങ്ങനെ  പറഞ്ഞിരുന്നെങ്കില്‍ തന്നെയും പ്രാഥമിക ഘട്ടത്തിലിരിക്കുന്ന അന്വേഷണത്തിന്റെ ഗതിയെ സ്വാധീക്കാനിടയുള്ളതുകൊണ്ട് അദ്ദേഹം ഒരു പരസ്യപ്രസ്താവന ചെയ്യരുതായിരുന്നു.
പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ പദ്ധതിക്കും  മുക്കത്ത് ഗെയില്‍ പദ്ധതിക്കും എതിരെ സ്ഥലവാസികള്‍ നടത്തുന്ന സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍  പോലീസിനെ വിട്ടപ്പോഴും, വസ്തുതകള്‍ ശരിയായി മനസിലാക്കാതെ, ഈവിധം മുന്‍ വിധിയോടെയുള്ള പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരടങ്ങുന്ന സമിതികള്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടുകള്‍  നാട്ടുകാരുടെ പരാതികളില്‍ കഴമ്പുണ്ടെന്നു വ്യക്തമാക്കുന്നവയാണ്. ഇതെല്ലാം അദ്ദേഹം ജനായത്ത രീതികള്‍ ഇനിയും സ്വായത്തമാക്കേണ്ടി യിരിക്കുന്നു എന്ന് കാണിക്കുന്നു. (മാധ്യമം, നവംബര്‍ 17, 2017)

Thursday, November 9, 2017

കായല്‍ ചാണ്ടിയെ മറയ്ക്കാന്‍  സോളാര്‍ ചാണ്ടി?

ബി.ആര്‍.പി. ഭാസ്കര്‍ 
ജനശക്തി

ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിനുവേണ്ടി നടത്തിയ കായല്‍ നികത്തലുള്‍പ്പെടെയുള്ള ക്രമക്കേടുകളുടെ കഥ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നിരവധി ആഴ്ചകളായി. അതു സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്ന ടിവി ചാനലിന്റെ ആപ്പീസിനു നേരെ ചെറിയ തോതിലുള്ള ഒരാക്രമണവുമുണ്ടായി. ഇതൊന്നും തന്റെ  ഇടപെടല്‍ ആവശ്യപ്പെടുന്ന വിഷയങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടില്ല. മാത്രമല്ല എതെങ്കിലും തരത്തിലുള്ള ഒരന്വേഷണം നടത്താതെ തന്നെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തോമസ്‌ ചാണ്ടിക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ  ഉലച്ച സോളാര്‍ കുംഭകോണം സംബന്ധിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ വ്യത്യസ്തനാമൊരു മുഖ്യനെ നാം കണ്ടു. റിപ്പോര്‍ട്ട് അദ്ദേഹം ഉടന്‍ മന്ത്രിസഭയുടെ മുന്നില്‍ വെച്ചു. കമ്മിഷന്‍ വിശദമായി പരിശോധിച്ചതും അല്ലാത്തതുമായ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍  മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റനവധി കോണ്ഗ്രസ് നേതാക്കള്‍ക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് വകുപ്പിനും ലൈംഗികപീഡനാരോപണങ്ങള്‍ പോലീസ് വകുപ്പിനും വിട്ടു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നു തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉടന്‍ പത്രസമ്മേളനം വിളിച്ച് മാധ്യമ പ്രവര്ത്തകരെ അറിയിക്കേണ്ടെന്നായിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ അവ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതി എന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷെ വിഷയം അഴിമതിയും സ്ത്രീപീഡനവും ആരോപണവിധേയര്‍ യു.ഡി.എഫ് നേതാക്കളുമാകുമ്പോള്‍ എങ്ങനെ വെച്ചുതാമസിപ്പിക്കും? മാനേജരുടെ യുക്തംപോലെ പ്രോഗ്രാം ഭേദഗതി ചെയ്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് വാര്‍ത്ത ചൂടോടെ നല്‍കി. അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്തൊക്കെയുണ്ടെന്നു തല്‍ക്കാലം ആരും അറിയേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു.

നിയമപ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ട് അതിന്മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച വിവരവുമായി ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ വെക്കണം. ഈ നിബന്ധന കൃത്യമായി പാലിക്കപ്പെടാറില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയില്‍ വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നടപടി പ്രഖ്യാപിച്ച സ്ഥിതിക്ക് അതിന്റെ പ്രസിദ്ധീകരണം വൈകിപ്പിക്കേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ ആശ്രയിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാനുള്ള അവകാശം കോണ്ഗ്രസ് നേതാക്കള്‍ക്കുണ്ടെന്നു സര്‍ക്കാരിനെ നിയമോപദേശകര്‍ ബോധ്യപ്പെടുത്തി. അങ്ങനെ റിപ്പോര്‍ട്ട് മേശമേല്‍ വെക്കാനായി ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനമായി.

ഏകദേശം മൂന്നു കൊല്ലം പണിയെടുത്ത് ജ.ശിവരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ലഭ്യമല്ലെങ്കിലും അതില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. സരിതയും രാധാകൃഷ്ണനും അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും കമ്മിഷനെ കുറെ വട്ടം ചുറ്റിച്ചു. ഇതിലൊരാളുടെ വാക്ക് കേട്ട് കമ്മിഷന്‍ രസകരമായ കാഴ്ചകളുള്ള ഒരു ടേപ്പ് കണ്ടെത്താന്‍ പോലീസിനെ കോയമ്പത്തൂര്‍ക്ക് അയച്ചു. ചാനലുകള്‍ ക്യാമറകളുമായി പിന്നാലെ കൂടി. ഒന്നും കണ്ടെത്താനായില്ല. എല്ലാവരും പരിഹാസ്യരായി.

സരിത എഴുതിയതും സംഭ്രമജനകമായ വിവരങ്ങളടങ്ങിയതെന്നു കരുതപ്പെടുന്നതുമായ ഒരു കത്ത് ഏറെക്കാലം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കമ്മിഷന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സരിത കത്ത് ഹാജരാക്കിയില്ല. ഒടുവില്‍ ഒരു ചാനല്‍ ഹാജരാക്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയാണ് കോണ്ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികപീഡന കേസുകള്‍ക്ക് സര്‍ക്കാര്‍ ആശ്രയിക്കുന്നത്. സരിത കത്ത് എഴുതിയത് പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ ഒരു കോടതിയും അതില്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കില്ല. നിരവധി വ്യത്യസ്ത ഭാഷ്യങ്ങളുള്ള ഒരു കത്താണത്. കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ട് 22പേജുണ്ടായിരുന്ന കത്ത് രണ്ടു പേജായി ചുരുക്കിയെന്നു പാര്‍ട്ടി സെക്രട്ടറി ആയിരിക്കെ പിണറായി ഒരു പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ആ കത്ത് കോടതിയില്‍ നിലനില്‍ക്കില്ലെന്നു മനസിലാക്കിയതുകൊണ്ടാകണം പത്രസമ്മേളനം നടത്തി അന്വേഷണം പ്രഖ്യാപിച്ചശേഷം സരിത പുതിയ പരാതി എഴുതി മുഖ്യമന്ത്രിക്ക് നല്‍കിയത്.     

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയോ സര്‍ക്കാര്‍ പിന്നീട് എഴുതി വാങ്ങിയ പരാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു കോടതി ഉമ്മന്‍ ചാണ്ടിയെയും മറ്റും സ്ത്രീപീഡനത്തിനു ശിക്ഷിക്കാനുള്ള സാധ്യത ഇപ്പോഴുമില്ല. പൊതുജനശ്രദ്ധ തല്‍ക്കാലത്തേക്കു തോമസ്‌ ചാണ്ടിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാകണം ഉപദേശകന്‍ ഇപ്പോള്‍ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രിക്ക്  ഉപദേശിച്ചുകൊടുത്തത്. (ജനശക്തി, നവംബര്‍ 1-15, 2017)

Thursday, October 26, 2017

അറിയരുത്, ഒന്നും

ബി.ആര്‍.പി. ഭാസ്കര്‍


കട്ടുതിന്നുകയുമില്ല, തിന്നാന്‍ ആരെയും അനുവദിക്കുകയുമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദി നിരവധി അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ യു.പി.എ സര്‍ക്കാരിനെ 2014ലെ തിരഞ്ഞെടുപ്പില്‍ നേരിട്ടതും തോല്പിച്ചതും. അധികാരത്തില്‍ മൂന്നര കൊല്ലം പിന്നിടുമ്പോള്‍ തന്റെ സര്‍ക്കാര്‍ ഒരു അഴിമതി ആരോപണവും നേരിടുന്നില്ലെന്ന്‍ അദ്ദേഹത്തിനു ഒരുപക്ഷെ പറയാനാകും. പക്ഷെ ഇപ്പോള്‍ ഭരണം അഴിമതിരഹിതമാണെന്ന് സര്‍ക്കാരുമായി ഇടപെടുന്ന എത്രപേര്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തും? അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഴിമതിക്കഥകളില്‍ ബി.ജെ.പി. നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നതായി കാണാം. രണ്ടാം യു.പി.എ സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയ അഴിമതികളൊക്കെ യഥാര്‍ത്ഥത്തില്‍ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് നടന്നവയായിരുന്നു. അവ പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണ്ണായകമായത് കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) എന്ന ഔദ്യോഗിക സംവിധാനത്തിന്റെ കണ്ടെത്തലുകളാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകളിലൂടെ വസ്തുതകള്‍ പുറത്തു വരാന്‍ പലപ്പോഴും സമയമെടുക്കും.

പേടിക്കുന്ന പോതുസേവകര്‍ 

ഇപ്പോള്‍ പൌരന്മാര്‍ക്ക് വിവരാവകാശ നിയമം ഉപയോഗിച്ച് വിവരം ശേഖരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നിയമനടപടികളെടുക്കാനും കഴിയും. ഈ സാധ്യത ബി.ജെ.പി ഭയക്കുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലവും രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസവും പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമങ്ങളില്‍ നിന്ന്‍ വായിച്ചെടുക്കാം.

രണ്ട് സംസ്ഥാനങ്ങളിലെയും പുതിയ നിയമങ്ങള്‍ ക്രിമിനല്‍ നടപടിക്രമ ചട്ടത്തിനുള്ള (സിആര്‍.പി.സി) ഭേദഗതികളാണ്. ആ നിയമത്തിലെ 197ആം വകുപ്പ് പൊതുസേവകര്‍ (public servants)ജഡ്ജിമാര്‍, മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന് നിഷ്കര്ഷിക്കുന്നുണ്ട്. മന്ത്രിമാരും സര്‍ക്കാരില്‍ നിന്ന് ശമ്പളമോ പ്രതിഫലമോ ലഭിക്കുന്ന മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുസേവകരുടെ നിര്‍വചനത്തില്‍ പെടുന്നു. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചുകൊണ്ട് ആരോപണങ്ങള്‍ നേരിടുന്ന രാഷ്ട്രീയ നേതാക്കളെസംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ പൊതുവെ പിന്തുടരുന്നത്. ഈ പ്രവണത കണക്കിലെടുത്ത്, കോഴവാങ്ങല്‍ നിയമപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് അഴിമതി ആരോപണം നേരിടുന്നവര്ക്കെതിരെ കീഴ്കോടതികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ നടപടി എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  

അഴിമതി മൂടിവെക്കാന്‍ ഒരു നിയമം 

കേന്ദ്ര നിയമപ്രകാരം സര്‍ക്കാര്‍ അനുമതി പൊതുസേവകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മാത്രമാണെങ്കില്‍ സംസ്ഥാന ഭേദഗതികള്‍ ഒരുപടി കൂടി കടന്നു അവര്ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥയുടെ ആനുകൂല്യം ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നവര്‍ക്കു മാത്രമല്ല വിരമിച്ചവര്‍ക്കും ലഭ്യമാണ്. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ ആരോപണ വിധേയനായ പൊതുസേവകന്റെ പേര്, മേല്‍വിലാസം, ഫോട്ടോ, കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും രണ്ടു വര്ഷം തടവു വരെ നല്‍കാവുന്ന കുറ്റമാക്കിക്കൊണ്ട് രാജസ്ഥാനിലെ ഭേദഗതി മാധ്യമങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് വ്യക്തമായും അഴിമതി മൂടിവെക്കാനുള്ള ഒരു നിയമമാണ്. 

തീരുമാനങ്ങള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന ഒരു രീതി നമ്മുടെ സര്‍ക്കാരുകള്‍ക്കുണ്ട്. അന്വേഷണത്തിനു അനുമതി തേടുമ്പോള്‍ 90  ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാമെന്ന വ്യവസ്ഥ മാത്രമാണ് അല്പം ആശ്വാസം നല്‍കുന്ന ഒന്ന്. മന്ത്രിമാരുള്‍പ്പെടെ പല ബി.ജെ.പി. നേതാക്കളും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് മഹാരാഷ്ട്രയും രാജസ്ഥാനും ഈവിധത്തില്‍ സിആര്‍പിസി ഭേദഗതി ചെയ്തത്. രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളവരില്‍ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ആയ ഘനശ്യാം തിവാരിയും ഉള്‍പ്പെടുന്നു,

രണ്ടു സര്‍ക്കാരുകളും നിയമം ഭേദഗതി ചെയ്ത രീതിയും അതിനോടു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണവും ജനാധിപത്യ വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് ഗൌരവപൂര്‍ണ്ണമായ പരിചിന്തനം ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര നിയമസഭ ബില്‍ പാസാക്കുന്ന ഘട്ടത്തില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഓര്‍ഡിനന്‍സ് വഴിയാണ് രാജസ്ഥാന്‍ നിയമം ഭേദഗതി ചെയ്തത്. സെപ്തംബര്‍ ആറിനു ഓര്‍ഡിനന്‍സ് ഇറക്കിയ വിവരം സര്‍ക്കാര്‍ ഏതാനും ആഴ്ച്ചക്കാലം രഹസ്യമാക്കി വെച്ചു. പുതിയ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബില്ല് കഴിഞ്ഞയാഴ്ച പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങള്‍ പോലും ഓര്‍ഡിനന്‍സിനെ കുറിച്ച് അറിയുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം സെലക്ട്‌ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ബില്‍. 

ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ സംശയാസ്പദമായ ഇടപാടുകള്‍ സംബന്ധിച്ച വിവരം പുറത്തു കൊണ്ടു വന്ന 'ദ വയര്‍' എന്ന ഓണ്‍ലയിന്‍ മാധ്യമത്തെ ആ കമ്പനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിക്കൊണ്ട് അഹമ്മദാബാദിലെ ഒരു മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എതിര്‍കക്ഷിക്ക് എന്ത് പറയാനുണ്ടെന്ന് ചോദിക്കുക പോലും ചെയ്യാതെയാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. പരാതിക്ക് ആസ്പദമായ റിപ്പോര്‍ട്ട് വായിക്കുന്ന, സാമാന്യബുദ്ധിയുള്ള ആര്‍ക്കും അങ്ങനെയൊരു മുന്‍‌കൂര്‍ തടയല്‍ ആവശ്യമായിരുന്നില്ലെന്നു ബോധ്യമാകും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുന്പ് അതില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളെ കുറിച്ച് ഷായുടെ മകനു എന്ത് പറയാനുണ്ടെന്ന് 'ദ വയര്‍' അന്വേഷിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷവും കമ്പനിക്ക് പറയാനുള്ളത് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ആ അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ മാധ്യമത്തിനെതിരെ നൂറു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതില്‍നിന്നും ഷാപുത്രന് എന്തൊ ഒളിപ്പിക്കാനുണ്ടെന്നാണ് കരുതേണ്ടത്. 

പിടി മാധ്യമങ്ങളുടെ കഴുത്തില്‍

'ദ വയര്‍' മേല്‍കോടതിയെ സമീപിക്കുമ്പോള്‍ മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദ്‌ ചെയ്യപ്പെടാനാണ് സാധ്യത. മാനനഷ്ടക്കേസും നിലനില്‍ക്കാനിടയില്ല. പക്ഷെ കോടതി നടപടികള്‍ പണവും സമയവും നഷ്ടപ്പെടുത്തുമെന്നതുകൊണ്ട് ധനശേഷിയുള്ളവര്‍ക്ക് ഇത്തരം വ്യവഹാരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക പരാധീനതകളുള്ള മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ കഴിയും.   

അടിയന്തിരാവസ്ഥക്കാലത്തെ അനുഭവത്തിനുശേഷം പത്രസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിയമമുണ്ടാക്കാന്‍ കേന്ദ്രത്തില്‍ രാജീവ് ഗാന്ധിയും ബീഹാറില്‍ ജഗന്നാഥ് മിശ്രയും ശ്രമിച്ചപ്പോള്‍ അവര്‍ ശക്തമായി എതിര്‍ത്തു.  അതിന്റെ ഫലമായി ഇരുവര്‍ക്കും ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളോട് ശക്തിയായി പ്രതികരിക്കാന്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം മാധ്യമങ്ങള്‍ അവരില്‍ നിന്നു അകന്നിരിക്കുന്നുവെന്നാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്‌. (മാതൃഭൂമി, ഒക്ടോബര്‍ 26, 2017)

Thursday, October 5, 2017

മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ ഭാവി മുന്‍കൂട്ടി കണ്ട മനീഷി

ഏതാണ്ട് 70 കൊല്ലം മുമ്പാണ് “പത്രമീമാംസ” എന്ന പുസ്തകം ആദ്യം വായിച്ചത്. തകഴിയുടെ “തോട്ടിയുടെ മകന്‍”, കേശവദേവിന്‍റെ “ഓടയില്‍ നിന്ന്” എന്നിവക്കൊപ്പം അച്ഛന്‍ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങളില്‍ ഒന്നായിരുന്നു അത്.

 പദ്യരൂപത്തിലുള്ള കൃതിയായിരുന്നു “പത്രമീമാംസ. ടിപണ്യാ ച സഹ”. ഗ്രന്ഥകര്‍ത്താവ്: അര്‍പ്പുതസ്വാമി. 

ഓരോ പദ്യത്തിനുമൊപ്പം ഗദ്യത്തില്‍ അര്‍ത്ഥം കൊടുത്തിരുന്നു. ചിലതിനു കീഴില്‍ വിശദീകരണങ്ങളും ഉദാഹരണങ്ങളും. പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിക്കുന്നതിനെ കുറിച്ച് ഞാന്‍ അക്കാലത്ത് ചിന്തിച്ചിട്ടുപോലുമില്ല. പക്ഷെ പത്രം വായിക്കുന്ന ശീലം തുടങ്ങിയിരുന്നു. അതുകൊണ്ട് താല്പര്യപൂര്‍വം അത് വായിച്ചു.

പത്രമീമാംസയുടെ നര്‍മ്മഭാവമാണ് എന്നെ ആകര്‍ഷിച്ചത്.

“മൂട്ടാധിവാസോത്തമം കാലൊന്നറ്റ കസേരതന്നിലമരും” പത്രാധിപരെ അവതരിപ്പിച്ചുകൊണ്ടാണ് അര്‍പ്പുതസ്വാമി തുടങ്ങുന്നത്. കാലറ്റ കസേരയിലിരിക്കുന്ന പത്രാധിപരെ ഇന്നു എവിടെയും കാണാനാകില്ല. എന്നാല്‍ അര്‍പ്പുതസ്വാമി വിവരിക്കുന്ന പത്രപ്രവര്‍ത്തനശൈലി നമുക്ക് തിരിച്ചറിയാനാകും.

പത്രത്തിന് പേരിടുന്നത് മുതല്‍ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ പല കാര്യങ്ങളും അര്‍പ്പുതസ്വാമി ചര്‍ച്ച ചെയ്യുന്നു. പത്രങ്ങള്‍ക്കു സ്ത്രീനാമം അത്യുത്തമം എന്നദ്ദേഹം പറയുന്നു. പത്രാധിപരുടെ ഭാര്യയുടെയോ മകളുടെയോ പേരാകാമെന്നു ടിപ്പണിയില്‍ വിശദീകരിക്കുന്നു.

അക്കാലത്ത് കൊച്ചിയില്‍ നിന്ന് ഗോമതി എന്ന പേരില്‍ ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ  പത്രാധിപരുടെ ഭാര്യയുടെയോ മകളുടെയോ പേരു ഗോമതി എന്നായിരുന്നോ എന്നറിയില്ല. ഏതായാലും പത്രം ആ പേര് സ്വീകരിച്ചത് കേരളത്തെ സൂചിപ്പിക്കാനാണ്. ഓരോ അക്ഷരത്തിന്‍റെയും ഉള്ളില്‍ അത് ഏതു പ്രദേശത്തെ  സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഗോ എന്നാല്‍ ഗോശ്രീനാട്, മ എന്നാല്‍ മലബാര്‍, തി എന്നാല്‍ തിരുവിതാംകൂര്‍.

ഇന്ന്‍ നമുക്ക് പരിചിതമായ സെലിബ്രിറ്റി ന്യൂസ് പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമായി അര്‍പ്പുതസ്വാമി നിര്‍ദ്ദേശിക്കുന്നു. ടിപ്പണിയില്‍ അത്തരം വാര്‍ത്തയുടെ ഒരുദാഹരണവുമുണ്ട്. തലക്കെട്ട്‌: ദന്തധാവന മഹാമഹം. ഒരു ജനപ്രിയന്‍ കാലത്ത് പല്ല് തേയ്ക്കുന്നതിന്‍റെ വിവരണമാണത്.

പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് അര്‍പ്പുതസ്വാമി ഉപദേശിക്കുന്ന മറ്റൊരു തന്ത്രം കൌതുക വാര്‍ത്തകളാണ്. അതിനു നല്‍കുന്ന ഒരുദാഹരണം കാര്‍ത്തികപ്പള്ളിക്ക് സമീപമുള്ള ഒരു വീട്ടിലെ പൊന്മുട്ടയിടുന്ന താറാവാണ്.

വിദേശത്തു നിന്നുള്ള വാര്‍ത്തകളും ഉദാഹരണമായി നല്‍കുന്നുണ്ട്. അതിലൊന്ന് ഇറ്റലിയില്‍ നിന്നാണ്. അവിടെ ഒരു പേപ്പട്ടി ഒരു പാര്‍ലമെന്റ് അംഗത്തെ കടിച്ചു. അയാള്‍ പിന്നീട് ഒരു പശുവിനെ കടിച്ചു. പശു ചിലപ്പോള്‍ പട്ടിയെപ്പോലെ കുരയ്ക്കുകയും ചിലപ്പോള്‍ പാര്‍ലമെന്റ് അംഗത്തെപ്പോലെ പ്രസംഗിക്കുകയും ചെയ്യുന്നു. പേ പിടിച്ച അംഗത്തിന്‍റെ സ്ഥാനത്തേക്ക് പശുവിനെ നോമിനേറ്റ് ചെയ്യുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നു എന്നതാണു വാര്‍ത്ത.

എന്നെ ഏറ്റവുമധികം ചിരിപ്പിച്ച കൌതുക വാര്‍ത്ത ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘത്തെ കാണാതായത് സംബന്ധിച്ചതാണ്. അവര്‍ തപിച്ചുകൊണ്ടിരിക്കുന്ന ഭൂമദ്ധ്യരേഖയില്‍ ഓര്‍ക്കാതെ ചവിട്ടുകയും തല്‍ക്ഷണം ചാമ്പലാവുകയുമായിരുന്നത്രേ!  

പത്രാധിപര്‍ക്ക് “ആടിനെ പട്ടിയാക്കാന്‍ മോടി കൂടുന്ന പാടവം” വേണമെന്ന് അര്‍പ്പുതസ്വാമി നിരീക്ഷിക്കുന്നു. ആ ആശയം ഒരു കാര്‍ട്ടൂണിലൂടെയും അദ്ദേഹം അവതരിപ്പിക്കുന്നു. മേയുന്ന ആടിനെ നോക്കി പത്രാധിപര്‍ പടം വരയ്ക്കുകയാണ്. കടലാസില്‍ തെളിയുന്ന രൂപം പട്ടിയുടേത്!

അര്‍പ്പുതസ്വാമി ഒരു തൂലികാനാമമാണെന്നു അന്ന് തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. പത്തിരുപതു കൊല്ലങ്ങള്‍ക്കുശേഷം പേട്രിയട്ട് പത്രത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന രവീന്ദ്ര നാഥ് ആണ് ആ പേരില്‍ എഴുതിയത് തൃശ്ശൂരിലെ ഒരു വക്കീലാണെന്നു പറഞ്ഞു തന്നത് (രവീന്ദ്ര നാഥ് പിന്നീട് ദ വീക്ക് വാരികയില്‍ 
അസിസ്റ്റന്റ് എഡിറ്ററും കോളമിസ്റ്റുമായി പ്രവര്‍ത്തിച്ചു.)

അര്‍പ്പുതസ്വാമിയെ കുറിച്ച് keralaliterature.com എന്ന വെബ്സൈറ്റ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. പേര്: രാമപ്പൊതുവാള്‍ അമ്പാടി. തൂലികാനാമം: അര്‍പ്പുതസ്വാമി. ജനനം: 25.4.1903. തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ വക്കീല്‍, രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനം, കാര്ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തനം. കൃതികള്‍: ഹാസാങ്കുരംഅഹമ്മതിപത്രമീമാംസസര്‍ദാര്‍ പണിക്കരുടെ സാഹിത്യ സപര്യ തുടങ്ങിയവ.

രാമപ്പൊതുവാളിന്‍റെ പത്രപ്രവര്ത്തന ജീവിതത്തെ കുറിച്ച് എനിക്ക് ഒരറിവുമില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം എഴുതിയത് അന്നത്തെ പത്രപ്രവര്‍ത്തനത്തേക്കാള്‍ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു എന്ന് തോന്നുന്നു.

കോണ്ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ കാണേണ്ടത് വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമായല്ല, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വീണ്ടെടുക്കാനുള്ള അവസരമായാണ്. 

കോണ്ഗ്രസിന്റെ മാത്രം ആവശ്യമല്ല ജനാധിപത്യം 

ബി.ആര്‍.പിഭാസ്കര്‍


പാകിസ്ഥാന്‍ പ്രദേശത്തെ ഭരണം പ്രത്യേക മുസ്ലിം രാഷ്ട്രം ആവശ്യപ്പെട്ട മുസ്ലിം ലീഗിനും അവശിഷ്ട ഇന്ത്യയുടെ ഭരണം സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനും കൈമാറിക്കൊണ്ടാണ് ബ്രിട്ടീഷുകാര്‍ 1947ല്‍ ഉപഭൂഖണ്ഡം വിട്ടത്. കോണ്ഗ്രസിനുള്ളിലായിരുന്ന സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അതിനല്പം മുമ്പു പ്രത്യേക കക്ഷികളായി പ്രവര്ത്തിച്ചു തുടങ്ങിയിരുന്നു. കൊല ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് എഴുതിയ ഒരു കുറിപ്പില്‍ കോണ്ഗ്രസിന്‍റെ ആവശ്യം  കഴിഞ്ഞെന്നും ഇനി അത് ലോക് (ജന) സേവക സംഘമായി രൂപാന്തരപ്പെടണമെന്നും മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടു. ആ സങ്കല്‍പം അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു.

നാല് കൊല്ലത്തിനുള്ളില്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച കോണ്ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നേടി. രാഷ്ട്രീയരംഗം ശിഥിലമായിരുന്നതുകൊണ്ട് 45 ശതമാനത്തിനു താഴെ വോട്ടുകൊണ്ട് –- അതായത് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ –- കോണ്ഗ്രസിനു ലോക് സഭയില്‍ വലിയ ഭൂരിപക്ഷം നേടാനായി. കാലക്രമത്തില്‍ കോണ്ഗ്രസിന്റെ ശക്തി ക്ഷയിച്ചെങ്കിലും ഏറെ കാലം അതിനെ വെല്ലുവിളിക്കാന്‍ കെല്പുള്ള ഒരു ദേശീയകക്ഷി ഉണ്ടായില്ല. അടിയന്തിരാവസ്ഥ ക്കാലത്ത് ഇന്ദിരാ ഗാന്ധി വൈകി നടത്തിയ തിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍റെ കാര്‍മ്മികത്വത്തില്‍ വിവധ കക്ഷികള്‍ ലയിച്ചുണ്ടായ ജനതാ പാര്‍ട്ടിക്ക്  (41.3%വോട്ട് )  ആദ്യമായി കോണ്ഗ്രസിനെ  (34.5%) മറികടന്നു അധികാരത്തിലേറാനായി. എന്നാല്‍ ജനതാ കൂട്ടുകെട്ട് പെട്ടെന്ന് തകര്‍ന്നു. മൂന്നു കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിക്ക് 19.0% വോട്ടേ കിട്ടിയുള്ളൂ. കോണ്ഗ്രസ് 42.7% വോട്ടു നേടി അധികാരം തിരിച്ചുപിടിച്ചു.

ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ടു നേടിയത് ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതിന്‍റെ ജനപിന്തുണ രാജ്യമൊട്ടുക്ക് നേര്‍ത്ത് വ്യാപിച്ചു കിടക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയുടെ പിന്തുണ ചിലയിടങ്ങളില്‍ സാന്ദ്രീകരിച്ചിരുന്നതുകൊണ്ട് അതിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയാകാനായി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ സോഷ്യലിസ്റ്റ് പാര്ട്ടിയും ജെ.ബി. കൃപലാനിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് വിട്ടവര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ലയിച്ചു. അങ്ങനെയുണ്ടായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറികടന്നു പ്രധാന പ്രതിപക്ഷകക്ഷിയാകാനായില്ല. കോണ്ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് പല  പിളര്പ്പുകള്‍ കണ്ടു. ഇടയ്ക്ക് ചില കൂടിച്ചേരലുകളും ഉണ്ടായി. ആ കാലഘട്ടത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്ന ഏക കക്ഷി സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാഷ്ട്രീയസ്വയംസേവക് സംഘ് മുന്‍കൈയെടുത്ത് രൂപീകരിച്ച .ജനസംഘം ആയിരുന്നു. ജനതാ പാര്‍ട്ടി ഉണ്ടായപ്പോള്‍ അത് അതിന്റെ ഭാഗമായി. ജനസംഘം അംഗങ്ങളുടെ ആര്‍.എസ്.എസ് ബന്ധമായിരുന്നു ജനതാ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്. അവര്‍ പിന്‍വാങ്ങി ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന ചിലരും അവരോടോപ്പം കൂടി.

കോണ്ഗ്രസിന്‍റെ ശക്തി ക്ഷയിച്ച ഘട്ടത്തില്‍ ഒരു മതനിരപേക്ഷ കക്ഷിക്കും ദേശീയ ബദലായി വളരാന്‍ കഴിഞ്ഞില്ല. അവയുടെ സ്വാധീനം ഏതാനും സംസ്ഥാനങ്ങളിലായി ചുരുങ്ങുകയാണുണ്ടായത്. ഭാരതീയ ജനതാ പാര്‍ട്ടി മാത്രമാണ് ആ കാലഘട്ടത്തില്‍ വളര്‍ന്ന ദേശീയ കക്ഷി. ചില വലിയ സംസ്ഥാനങ്ങളില്‍ മേല്കൈ ഉണ്ടായിരുന്നതു കൊണ്ട് 1999ല്‍  ബി.ജെ.പിക്ക്   (വോട്ടു 23.8%%, സീറ്റ്    182)   കൂടുതല്‍ ജനപിന്തുണയുണ്ടായിരുന്ന കോണ്ഗ്രസിനേക്കാള്‍ (വോട്ടു  28.3%, സീറ്റ്  114)  മികച്ച പ്രകടനം കാഴ്ചവെക്കാനായി. അതോടെ ഇടതുപക്ഷത്തിന്‍റെ, കൃത്യമായി പറഞ്ഞാല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്കൃഷന്‍ സിംഗ് സൂര്‍ജിതിന്റെ, ശ്രമഫലമായി ഇടയ്ക്ക് വിജയകരമായി പരീക്ഷിക്കപ്പെട്ട “കോണ്ഗ്രസിതര, ബിജെപിയിതര” സര്‍ക്കാര്‍ എന്ന ആശയം അപ്രസക്തമായി. ഇരുപതില്‍ പരം ചെറിയ ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും അതുവരെ വര്‍ഗീയ കക്ഷിയെന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ബി.ജെ.പിയുമായി സഹകരിക്കാന്‍ തയ്യാറാവുകയും കേന്ദ്രത്തില്‍ എ.ബി. വാജ്പേയിയുടെ  നേതൃത്വത്തില്‍ കൂട്ടുമന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. അഞ്ചു കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വോട്ടുവിഹിതത്തിലും സീറ്റിന്‍റെ എണ്ണത്തിലും ഒരു നേരിയ മുന്‍‌തൂക്കം ലഭിച്ചു. അതോടെ കൊണ്‍ഗ്രസിന് നിരവധി ചെറിയ കക്ഷികളുടെ പിന്തുണ സംഘടിപ്പിച്ചുകൊണ്ടു കൂട്ടുമന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാനായി ഇടതുപക്ഷം കോണ്ഗ്രസ് നയിക്കുന്ന സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണക്കാന്‍ തയ്യാറായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കയുമായി ആണവകരാര്‍ ഉണ്ടാക്കിയത് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ, ചൊടിപ്പിച്ചു. ഇടതുകക്ഷികള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പക്ഷെ സര്‍ക്കാരിന് മറ്റ് ചെറിയ കക്ഷികളുടെ സഹായത്തോടെ കാലാവധി പൂര്‍ത്തിയാക്കാനും അടുത്ത തിരഞ്ഞെടുപ്പില്‍ അനുകൂല വിധി സമ്പാദിക്കാനും കഴിഞ്ഞു.

പത്ത് കൊല്ലത്തെ ഭരണത്തിനിടയില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ കേട്ട കോണ്ഗ്രസ് നയിക്കുന്ന സഖ്യത്തെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. 2014ല്‍ തോല്പിച്ചത്. വെറും 31.2% വോട്ടു കൊണ്ട് ബി.ജെ.പി 282 സീറ്റോടെ ലോക് സഭയില്‍ ഭൂരിപക്ഷം നേടി. ആ വിജയം അതിനെ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയാക്കി. കോണ്ഗ്രസിന്‍റെ വോട്ടുവിഹിതം 18.3%  ആയി കൂപ്പുകുത്തി. അതിന്‍റെ ലോക് സഭയിലെ അംഗബലം 44 ആയി ഇടിഞ്ഞതിനാല് പ്രതിപക്ഷ കക്ഷിയായി അംഗീകാരം നേടാന്‍ പോലും ആയില്ല. കഴിഞ്ഞ മൂന്നു കൊല്ലക്കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ കോണ്ഗ്രസിന്‍റെ ജനപിന്തുണയില്‍ വലിയ മാറ്റങ്ങള്‍ പിന്നീടുണ്ടായെന്ന സൂചനയൊന്നും നല്‍കുന്നില്ല. തമിഴ് നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 1967നും  1990നും ഇടയ്ക്കാണ് കോണ്ഗ്രസിനു അധികാരം നഷ്ടപ്പെട്ടത്. ഈ വലിയ സംസ്ഥാനങ്ങളിലൊന്നും ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണതിപ്പോള്‍.  ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തിരിച്ചുവരാനുള്ള കഴിവ് അതിനുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല.

മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്പെ കോണ്ഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.  ആ ലക്ഷ്യം നേടാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്നു അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്നു. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര, പി. ചിദംബരത്തിന്റെ മകന്‍ കാര്ത്തി ചിദംബരം തുടങ്ങി പല കോണ്ഗ്രസ് കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇന്‍കം ടാക്സ് വകുപ്പും കുറച്ചു കാലമായി അന്വേഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പു അടുക്കുന്ന വേളയില്‍ ഈ അന്വേഷണങ്ങളുടെ തുടര്‍ച്ചയായി നിയമ നടപടികളുണ്ടാകാന്‍ സാധ്യതയുണ്ട്. ഗാന്ധികുടുംബത്തിനെതിരെ പുതിയ ഒരാരോപണവും കണ്ടെത്താനാകാഞ്ഞതുകൊണ്ടാകാം രാജീവ് ഗാന്ധിയുടെ കാലത്തെ ബോഫോഴ്സ് കോഴ കേസ് വീണ്ടും അന്വേഷിക്കുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഈ വിഷയം ആരോ സുപ്രീം കോടതിയിലും ഉയര്‍ത്തിയിട്ടുണ്ട്. ബോഫോഴ്സ് ഇടപാടില്‍ ഉള്‍പ്പെട്ടതായി കരുതപ്പെടുന്ന കോഴപ്പണത്തേക്കാളധികം അന്വേഷണത്തിനായി സര്‍ക്കാര്‍ ഇതിനകം ചെലവാക്കിയിട്ടുണ്ട്. ബോഫോഴ്സ് കമ്പനി അജ്ഞാതരായ ഇടനിലക്കാര്‍ക്ക് നല്‍കിയ കോഴ പല ബാങ്ക് അക്കൌണ്ടുകളിലൂടെ നീങ്ങി അപ്രത്യക്ഷമായതായാണ് അന്വേഷണം നടത്തിയ സി.ബി.ഐയും മാധ്യമങ്ങളും കണ്ടെത്തിയത്. സംശയത്തിന്റെ നിഴലിലായിരുന്നവരില്‍ പ്രധാനിയായ ഒറ്റാവിയോ ക്വത്തറോച്ചി എന്ന ഇറ്റലിക്കാരന്‍ 2013ല്‍ മരിച്ചു. ഇതെല്ലാം പുതിയ അന്വേഷണം ഫലപ്രദമാകാനുള്ള സാധ്യത നന്നെ കുറവാണെന്നു വ്യക്തമാക്കുന്നു. എന്നാല്‍ ഗാന്ധികുടുംബത്തെയും കോണ്ഗ്രസിനെയും തെരഞ്ഞെടുപ്പു കാലത്ത് പ്രതിരോധത്തിലാക്കാന്‍ ഒരു പുതിയ അന്വേഷണം ഉപകരിച്ചേക്കും. 

കോണ്ഗ്രസില്‍ നിന്ന് ചില നേതാക്കളെയും സഖ്യകക്ഷികളെയും അടര്‍ത്തി എടുക്കാന്‍ ഇതിനകം ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ് ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നു. ചെറിയ പ്രാദേശിക കക്ഷികളെ കയ്യിലെടുത്തുകൊണ്ട് രണ്ടിടത്തും ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാനായി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് മോദി നിയമിച്ച ഗവര്‍ണര്‍മാരുടെ സഹായം  ലഭിക്കുകയുണ്ടായി.  മുന്പ് ഇതേ രീതിയില്‍ ചില സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുത്തിട്ടുള്ള കോണ്ഗ്രസിന് ഇതൊക്കെ ജനാധിപത്യവിരുദ്ധമാണെന്ന് പറയാന്‍ എന്ത്  അവകാശമാണുള്ളത്?

ഇന്നത്തെ ദുര്‍ബലാവസ്ഥയിലും കോണ്ഗ്രസ് രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്. വോട്ടു വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് കിട്ടിയത് 4.2% വോട്ടാണ്. ഇത് കൊണ്ഗ്രസിന്റെ വോട്ടുവിഹിതത്തിന്റെ നാലിലൊന്നു പോലുമാകുന്നില്ല. അത്രയും വോട്ടുകൊണ്ട് ബി.എസ.പിക്ക് ഒരു സീറ്റു പോലും കിട്ടിയുമില്ല. അതിനേക്കാള്‍ കുറഞ്ഞ വോട്ടു വിഹിതം കൊണ്ട് അണ്ണാ ഡി.എം.കെ. (3.3% വോട്ട്, 37 സീറ്റ്), തൃണമൂല്‍ കോണ്ഗ്രസ് (3.8%, 34), ബിജു ജനതാ ദള്‍ (1.7%, 20), ശിവ സേന (1.9%, 18), തെലുഗു ദേശം(2.6%, 16), തെലങ്കാന രാഷ്ട്ര സമിതി (1.2%, 11) എന്നീ പ്രാദേശിക കക്ഷികള്‍ക്ക് ഇരട്ട അക്കത്തില്‍ സീറ്റുകള്‍ നേടാനായി. ദേശീയകക്ഷി എന്ന സ്ഥാനമുള്ള സിപിഎമ്മിനു (3.3% വോട്ട്) കിട്ടിയത് ഒന്‍പത് സീറ്റ് മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ള ഉദാരമായ സമീപനം മൂലം ബഹുജന സമാജ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവ ദേശീയകക്ഷികളാണ്. എന്നാല്‍ ഫലത്തില്‍ അവ പ്രാദേശിക കക്ഷികളായി ചുരുങ്ങിയിട്ടുണ്ട്. ഈ  പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ കോണ്ഗ്രസ്മുക്ത ഭാരതത്തില്‍ ബി.ജെ.പിയല്ലാതെ ഒരു ദേശീയകക്ഷിയുമുണ്ടാവില്ല. അതായത് ദേശീയതലത്തില്‍ അതിനെ വെല്ലുവിളിക്കാന്‍ കെല്പുള്ള ഒരു കക്ഷിയുണ്ടാവില്ല. ചുരുക്കത്തില്‍ കോണ്ഗ്രസ്മുക്ത ഭാരതം ജനാധിപത്യമുക്ത ഭാരതമാകും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കേണ്ടത് കോണ്ഗ്രസിന്റെ മാത്രം ആവശ്യമല്ല.

കോണ്ഗ്രസിനു ഇപ്പോള്‍ അത് നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാനുള്ള കഴിവുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനു മുമ്പ് എങ്ങനെയാണ് കോണ്‍ഗ്രസ് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതെന്നു മനസിലാക്കേണ്ടതുണ്ട്. വിഭജനകാലത്തു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടന്ന വര്‍ഗീയ ലഹളകളുടെ ഓര്‍മ്മ മങ്ങുന്നതിനു മുമ്പാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ജനസംഘം, ഹിന്ദു മഹാസഭ, രാം രാജ്യ പരിഷത്ത് എന്നിങ്ങനെ മൂന്നു കക്ഷികള്‍ ഹിന്ദുവികാരം മുതലെടുക്കാന്‍ ശ്രമിച്ചു. വര്‍ഗീയതക്കെതിരെ അതിശക്തമായ നിലപാട് എടുത്തുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റു ആ ശ്രമം പരാജയപ്പെടുത്തിയത്. നെഹ്രുവിന്റെ കാലത്ത് ആ കക്ഷികള്‍ക്കൊന്നും വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. ഇന്ദിരാ ഗാന്ധിയും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്ഗ്രസിന്റെ വര്‍ഗീയവിരുദ്ധ നിലപാട് ദുര്‍ബലപ്പെട്ടു. മുസ്ലിം യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്താന്‍ ശാബാനു കേസിലെ സുപ്രീം കോടതി മറികടക്കാന്‍ നിയമം ഭേദഗതി ചെയ്ത രാജീവ് ഗാന്ധി പിന്നീട് ഹിന്ദു വര്‍ഗീയതയെ പ്രീതിപ്പെടുത്താന്‍ അമ്പലമുറ്റത്തു നിന്ന്   തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആണു. ആര്‍.എസ്.എസ് നിയോഗിച്ചവര്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ അയോധ്യയില്‍ എത്തിയപ്പോള്‍ അദ്ദേഹം അത് തടയാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. കോണ്ഗ്രസിനെ തോല്പിക്കാനായി ബി.ജെ.പിയുമായി ചിലപ്പോള്‍ പ്രത്യക്ഷമായും ചിലപ്പോള്‍ പരോക്ഷമായും സഹകരിച്ച കോണ്ഗ്രസിതര കക്ഷികളും വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു. സമീപകാല ചരിത്രത്തില്‍ നിന്ന് കോണ്ഗ്രസും മററ് മതനിരപേക്ഷ കക്ഷികളും പഠിക്കേണ്ട പാഠം വര്‍ഗീയതയുമായി സമരസപ്പെട്ടുകൊണ്ടു അതിനെ പരാജയപ്പെടുത്താനാകില്ല എന്നാണു. വര്‍ഗീയതയെ തോല്പിക്കാന്‍ അതിനെ ശക്തിയുക്തം എതിര്ക്കുക തന്നെ വേണം.

കോണ്ഗ്രസിന്റെ പ്രധാന ദൌര്‍ബല്യമായി എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നത് അതിലെ കുടുംബവാഴ്ചയാണ്. നെഹ്‌റു മകളെ തന്റെ പിന്‍ഗാമിയാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. ഏതായാലും ആദ്യകാലത്ത് അദ്ദേഹത്തിന്റെ മനസില്‍ അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ലെന്ന് ഉറപ്പിക്കാം. ഉണ്ടായിരുന്നെങ്കില്‍ ഒന്നാം തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം ജയപ്രകാശ് നാരായണനെയും മറ്റ് സോഷ്യലിസ്റ്റ് നേതാക്കളെയും കോണ്ഗ്രസിനോട് അടുപ്പിക്കാന്‍ ശ്രമിക്കുമായിരുന്നില്ല. സഹകരണം മാത്രമാണ് ആവശ്യപ്പെട്ടതെങ്കിലും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് നെഹ്‌റു കഴിഞ്ഞാല്‍ യുവാക്കളെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്ന നേതാവ് ക്വിറ്റ് ഇന്ത്യാ സമരനായകനെന്ന നിലയില്‍ പ്രശസ്തി നേടിയിരുന്ന   ജെ.പി. ആയിരുന്നു. ഇരുവരും ഒരു ചേരിയിലായാല്‍ ജനങ്ങള്‍ ജെ.പിയെ സ്വാഭാവികമായും നെഹ്രുവിന്റെ  പിന്‍ഗാമിയായി കാണുമായിരുന്നു. അത് മനസിലാക്കാന്‍ കഴിയാത്ത ആളായിരുന്നില്ല നെഹ്‌റു. പിന്നീടാണ് കോണ്ഗ്രസിനുള്ളിലെ ചില യുവ നേതാക്കള്‍ മുന്‍കൈ എടുത്ത് ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷയാക്കിയതും അവര്‍ പിന്‍ഗാമികളുടെ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചതും. എന്നിട്ടും നെഹ്‌റു മരിച്ചപ്പോള്‍ അവര്‍ പിന്‍ഗാമിയായില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഗൌരവപൂര്‍വ്വം പരിഗണിക്കപ്പെട്ടത് പാര്‍ട്ടിയില്‍ ഒരു നല്ല വിഭാഗം മൊറാര്‍ജി ദേശായിയെ വലതുപക്ഷക്കാരനായി കണ്ടതുകൊണ്ടാണ്. എന്നാല്‍ ഇന്ദിരാ ഗാന്ധി മകന്‍ പിന്‍ഗാമിയാകണമെന്നു തീര്‍ച്ചയായും ആഗ്രഹിച്ചിരുന്നു..      

പഴങ്കഥയിലെ കടല്‍കിഴവനെപ്പോലെ നെഹ്രു-ഗാന്ധി കുടുംബം കോണ്ഗ്രസ് പാര്‍ട്ടിയുടെ ചുമലില്‍ കയറിയിരിക്കുകയാണെന്ന ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ രാജ്യത്ത് ഏറെയുണ്ട്
കോണ്ഗ്രസിന്‍റെ ചരിത്രത്തില്‍ തലപ്പത്ത് നെഹ്രു-ഗാന്ധി കുടുംബം ഇല്ലാതിരുന്ന ഒരു ഇടവേളയുണ്ടെന്ന വസ്തുത കോണ്ഗ്രസുകാര്‍ പോലും ഒരുപക്ഷെ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം അവകാശിയായി സോണിയാ ഗാന്ധി മുന്നോട്ടു വന്നിരുന്നില്ല. നരസിംഹ റാവുവിനും  സീതാറാം കേസരിക്കും കീഴില്‍ ഏഴു വര്ഷം കഴിഞ്ഞശേഷമാണ് കോണ്ഗ്രസുകാര്‍ വീണ്ടും കുടുംബത്തെ സമീപിച്ചതും സോണിയാ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷയായതും. ഇന്നു ഒരു നെഹ്‌റു-ഗാന്ധി തലപ്പത്തുണ്ടാകണമെന്നത് കുടുംബത്തിന്റെ ആവശ്യത്തെക്കാള്‍ പാര്‍ട്ടിയുടെ ആവശ്യമാണ്‌. ഏറെക്കാലമായി ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്ന ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുകളില്‍ ഒരു ഗാന്ധി വേണം. തങ്ങളിലൊരാള്‍ തലപ്പത്തെത്തുന്നത് അവരില്‍ പലരും  ഇഷ്ടപ്പെടുന്നില്ല.

കോണ്ഗ്രസിലെ കുടുംബവാഴ്ച പ്രശ്നം ശക്തമായി ഉയര്‍ത്തുന്നത് ബി.ജെ.പി. ആണു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞപ്പോള്‍ ബി.ജെ.പി. അവര്‍ വിദേശിയാണെന്ന ആക്ഷേപം ഉന്നയിച്ചു. ശരദ് പവാര്‍, പി.എ. സാങ്മ എന്നിവര്‍ അതേറ്റു പിടിച്ചുകൊണ്ട് പാര്‍ട്ടി വിട്ടു. പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മന്‍മോഹന്‍ സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് സോണിയാ ഗാന്ധി വിദേശിപ്രശ്നം അപ്രസക്തമാക്കി. ബി.ജെ.പിയുടെ കുടുംബവാഴ്ച ആക്ഷേപത്തില്‍ ആത്മാര്‍ത്ഥതായില്ല. ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ മേനകാ ഗാന്ധി, ചെറുമകന്‍ വരുണ്‍ ഗാന്ധി എന്നിവരെ കൂടാതെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൌലാന അബുല്‍ കലാം ആസാദ്, എച്ച്.എന്‍. ബഹുഗുണ എന്നിങ്ങനെ നിരവധി കോണ്ഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി.യിലുണ്ട്. അവരെയൊക്കെ ആ പാര്‍ട്ടിക്ക് പ്രിയങ്കരരാക്കിയത് അവരുടെ കുടുംബപ്പേര് തന്നെ.      

കോണ്ഗ്രസ് അതിജീവനത്തിനു പോരാടേണ്ട സമയമായി. അത് നേരിടുന്ന പ്രധാന പ്രശ്നം സംഘടനാപരമായ ദൌര്‍ബല്യമാണ്. അതിനു പഴിക്കേണ്ടത് ഇന്ദിരാ ഗാന്ധിയെയാണ്. പാര്‍ട്ടി 1969ല്‍ പിളര്‍ന്നപ്പോള്‍ അണികളിലേറെയും അവര്‍ക്കൊപ്പമായിരുന്നു.  സംഘടനാ സംവിധാനം സിന്‍ഡിക്കേറ്റ് നേതാക്കളുടെ കൈകളിലും. ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സംവിധാനം കെട്ടിപ്പടുക്കാന്‍ അവര്‍ മിനക്കെട്ടില്ല. പകരം തന്നോട് കൂറ് പുലര്ത്തുമെന്നു കരുതിയവരെ ചുമതലകള്‍ ഏല്പിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ആ രീതി തുടര്‍ന്നു. കേരളം പോലെ ചില ഇടങ്ങളില്‍ മാത്രമാണ് കോണ്ഗ്രസിനു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനുള്ളത്. അതാകട്ടെ അടിമുടി ഗ്രൂപ്പിസത്തില്‍ മുങ്ങിക്കിടക്കുന്നു. ഇപ്പോള്‍ കേരള പ്രദേശ്‌ കോണ്ഗ്രസ് ഒരു എ-ഐ കൂട്ടായ്മയാണ്. സംഘടനാപരമായ ചില ചുമതലകള്‍ എല്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പോഷക സംഘടനകളില്‍ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. രണ്ട് ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ മത്സരിക്കുകയും കൂടുതല്‍ വോട്ടു നേടുന്നയാള്‍ പ്രസിഡന്റും മറ്റെയാള്‍ വൈസ് പ്രസിഡനറുമാകട്ടെയെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. ചിലയിടങ്ങളില്‍ ഈ ആശയം പരീക്ഷിച്ചു. അത് എത്ര ദൂരം കൊണ്ടുപോയെന്നു വ്യക്തമല്ല. കേരളത്തില്‍ ഗ്രൂപ്പുകളി അവസാനിപ്പിക്കാന്‍ രാഹുല്‍  ഗാന്ധി ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനെതിരെ ഒന്നിച്ചു. ഒടുവില് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ സുധീരന്‍ രാജിവെച്ചു പോയി.  

കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. എന്നിട്ടും ചുമതല രാഹുലിന് കൈമാറാത്തത് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന അവരുടെ ഉപദേശകരുടെ സ്വാധീനം മൂലമാണെന്ന് പറയപ്പെടുന്നു. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഇരുപതു മാസമേയുള്ളൂ. സാഹചര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാണെന്ന് കണ്ടാല്‍ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പു നേരത്തേയാക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധിയെയാണ് അടുത്ത പ്രസിഡന്റായി പാര്‍ട്ടി കാണുന്നതെങ്കില്‍ സ്ഥാനാരോഹണം എത്രയും വേഗം നടത്തുന്നുവോ അത്രയും നല്ലത്.

രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ബി.ജെ.പി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ വലിയ പ്രചാരണം അഴിച്ചു വിട്ടിരുന്നു. അദേഹത്തെ ഒരു മന്ദബുദ്ധിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി. സൈബര്‍ സെല്‍ പദ്ധതിയിട്ടത്. ഒരു  കോണ്ഗ്രസ് നേതാവ് പോലും രാഹുലിനെ പരാമര്‍ശിക്കാന്‍ അവര്‍ പ്രചരിപ്പിച്ച ഇരട്ടപ്പേര് പരസ്യമായി ഉപയോഗിച്ചതില്‍ നിന്ന അവര്‍ക്ക് ഏറെ വിജയിക്കാനായി എന്ന് കരുതാം. എന്നാല്‍ ഇത് ആസൂത്രിതമായ ഇടപെടലിലൂടെ മറികടക്കാനാകുമെന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയുടെ ബെര്‍ക്ക്ലി ക്യാംപസില്‍ രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. രാഹുലിന്റെ തുറന്ന മനസോടെയുള്ള സംഭാഷണം പലരെയും അത്ഭുതപ്പെടുത്തി. ചിലര്‍ രാഹുലിനെ കാനഡയില്‍ ചലനം സൃഷ്ടിക്കുന്ന യുവ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി  താരതമ്യപ്പെടുത്തി.

ഒരു പുതിയ നേതാവിനെ അവതരിപ്പിച്ചതുകൊണ്ടു മാത്രം കോണ്ഗ്രസ് രക്ഷപ്പെടില്ല. പാര്‍ട്ടിയുടെ പ്രതിച്ഛയ മെച്ചപ്പെടുത്തേണ്ടതുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വീഴ്ത്തിയ അഴിമതി ആരോപണങ്ങള്‍ രണ്ടാം മന്ത്രിസഭയുടെ കാലത്താണ് പുറത്ത് വന്നത്. ആ അഴിതികള്‍ ആദ്യ മന്ത്രിസഭയുടെ കാലത്ത് നടന്നവയായിരുന്നു. അഴിമതിയുടെ കരിനിഴല്‍ വീണ നേതാക്കന്മാരെയൊക്കെ ഒഴിവാക്കുകയാണ് കോണ്ഗ്രസ് ആദ്യം ചെയ്യേണ്ടത്. ഒപ്പം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരു യുവ നേതൃനിരയെ ഉയര്‍ത്തിക്കൊണ്ടു വരണം. യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍ സിംഗിന്റെ രണ്ടാം മന്ത്രിസഭയേക്കാള്‍ നല്ല പ്രകടനമാണ് ഒന്നാം മന്ത്രിസഭ കാഴ്ചവെച്ചത്. നയരൂപീകരണത്തില്‍ സര്ക്കാരിനെ സഹായിക്കാന്‍ അന്ന്‍ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ പൊതുസമൂഹ പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിയുണ്ടായിരുന്നു. അതിന്‍റെ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ കൊണ്ടു വന്ന തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും അതിനു വീണ്ടും ജനവിധി നേടിക്കൊടുത്ത ഘടകങ്ങളില്‍ പെടുന്നു.        .       
ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വ്യാപകമായി മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ അക്രമങ്ങള്‍ നടക്കുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കോണ്ഗ്രസ് ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവ കോണ്ഗ്രസിന്‍റെ നേതാക്കള്‍ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ ജനാധിപത്യ മതേതര സംവിധാനം തകര്‍ത്ത് ആര്‍.എസ്.എസ്. വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിനെ കാണേണ്ടത് വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമായല്ല, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വീണ്ടെടുക്കാനുള്ള അവസരമായാണ്. 

അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ ഒരു  മുന്നണി രൂപീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യത്താകെ പിന്തുണയുള്ള ദേശീയ കക്ഷികളുടെ അഭാവത്തില്‍ അത്തരത്തിലുള്ള മുന്നണിക്ക്‌ വലുതായൊന്നും ചെയ്യാനില്ല. കോണ്‍ഗ്രസിനെ പിന്തള്ളി വളര്‍ന്നു  സംസ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള പ്രാദേശിക കക്ഷികള്‍ക്കാണു ബി.ജെ.പിയെ തടയുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്നത്. അവയുടെ സഹകരണം എങ്ങനെ ഉറപ്പാക്കാനാകുമെന്നു കോണ്ഗ്രസ് ഗൌരവപൂര്‍വ്വം ആലോചിക്കണം.  (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബര്‍ 1-7, 2017)

Monday, September 25, 2017

പ്രതിപക്ഷം ആത്മവിശ്വാസം വീണ്ടെടുക്കണം

ബി.ആര്‍.പി. ഭാസ്കര്‍

ഭാരതീയ ജനതാ പാര്‍ട്ടി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുമായി മുന്നോട്ടു പോവുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആക്കാനായത് അതിനു ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതിനൊത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലം വരെ പലരും പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടിരുന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി (യു) നേതാവുമായ  നിതീഷ് കുമാര്‍ അടുത്ത കാലത്ത് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളുമായുള്ള സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബി.ജെ.പി കൂടാരത്തില്‍ ചേക്കേറുകയുണ്ടായി. നിതീഷ് കുമാറിന്റെ അഭിപ്രായത്തില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവ് പ്രതിപക്ഷത്തില്ല. ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണയാണ് തന്‍റെ കാലുമാറ്റത്തിനു കാരണമെന്ന കുറ്റസമ്മതമായി ആ പ്രസ്താവത്തെ കാണാം. പരുങ്ങിനില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളും ആ ധാരണ തന്നെയാണ് പരത്തുന്നത്.

വോട്ടര്‍മാരില്‍ ഒരു വിഭാഗം ഏതെങ്കിലും ഒരു പക്ഷത്തോട് സ്ഥിരമായി കൂറ് പുലര്‍ത്തുന്നവരല്ലഈ വിഭാഗം മാറിമാറി വോട്ടു ചെയ്യുന്നതുകൊണ്ടാണു ഇരുകക്ഷി(അഥവാ ഇരുമുന്നണിസംവിധാനം നിലനില്‍ക്കുന്നിടത്ത് ഭരണമാറ്റമുണ്ടാകുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന പലരും തങ്ങള്‍ വോട്ടു ചെയ്യുന്ന കക്ഷി (അല്ലെങ്കില്‍ സ്ഥാനാര്‍ഥി) ജയിച്ചില്ലെങ്കില്‍ തങ്ങളുടെ വോട്ടു പാഴായിപ്പോയെന്നു കരുതുന്നവരാണ്അവരെ ആകര്‍ഷിക്കാന്‍ വിജയസാധ്യതയുണ്ടെന്ന ധാരണ ഉളവാക്കേണ്ടതുണ്ട്അല്ലാത്തപക്ഷം അങ്കം തുടങ്ങും മുമ്പേ തോല്‍വി ഉറപ്പാകും. അങ്ങനെയൊരു സാഹചര്യമാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നേരിടുന്നത്. ബി.ജെ.പിക്ക് 2019ല്‍ അനായാസം വിജയിക്കാനാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്‌. എത്രയും വേഗം  ഈ സാഹചര്യം മറികടക്കാനായില്ലെങ്കില് അതിദയനീയമായ പരാജയമാകും പ്രതിപക്ഷത്തെ കാത്തിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ബി.ജെ.പി. അജയ്യശക്തിയാണോ? അങ്ങനെയൊരു വിശ്വാസം എതായാലും ആ കക്ഷിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിച്ച സംസ്ഥാനങ്ങളില്‍ അതാവര്ത്തിക്കാനാവില്ലെന്നു മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമറിയാം. തന്‍മൂലമുണ്ടാകുന്ന സീറ്റ് നഷ്ടം മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കി നികത്താനുള്ള ശ്രമത്തിലാണവര്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറവാകയാല്‍ ബംഗാളിലും കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുമാണു അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഹിന്ദുത്വത്തിനു സ്വീകാര്യത ലഭിച്ചിട്ടില്ലാത്ത ഇടങ്ങളാണവ. രാജ്യമൊട്ടുക്ക് പൊതുവിലും, ഈ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, പ്രതിപക്ഷ കക്ഷികള്‍ക്ക് ബി.ജെ.പിയെ തടഞ്ഞു നിര്‍ത്താനാകുമോ എന്നാണറിയേണ്ടത്.

തെരഞ്ഞെടുപ്പുകളില്‍ സാധാരണയായി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. ബഹുകോണ മത്സരത്തില്‍ ഒരാള്‍ക്ക് ഭൂരിപക്ഷ പിന്തുണ കൂടാതെ ജനപ്രതിനിധിയാകാനാകും. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ നിയമസഭയിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ ലോക് സഭയിലും ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാനും സാധിക്കും. പല തെരഞ്ഞെടുപ്പുകളിലും നാം അത് കണ്ടതാണ്. അതു തന്നെയാണ്‌ 2014ലും സംഭവിച്ചത്. വെറും 31.3 ശതമാനം വോട്ടേ കിട്ടിയുള്ളെങ്കിലും ബി.ജെ.പിക്ക് 543 സീറ്റുള്ള ലോക് സഭയില്‍ 282 സീറ്റോടെ ഭൂരിപക്ഷം നേടാനായി. ആദ്യമായാണ്‌ ഇത്രയും ചെറിയ വോട്ടു വിഹിതത്തോടെ ഒരു കക്ഷിക്ക് ലോക് സഭയില്‍ ഭൂരിപക്ഷം കിട്ടിയത്. സഖ്യകക്ഷികള്‍ ഭരണപക്ഷത്തേക്ക് 54 സീറ്റുകള്‍ കൂടി കൊണ്ടുവന്നു.

ജനപിന്തുണയേക്കാള്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത് മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളും മികച്ച തന്ത്രങ്ങളുമാണ്. മോദിയായിരുന്നു രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലനായ തെരഞ്ഞെടുപ്പ് പ്രചാരകന്‍. വിവാദവ്യവസായി ഗൌതം അദാനി അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ സ്വന്തം വിമാനം വിട്ടുകൊടുത്തു. വ്യവസായികളില്‍ നിന്ന് സംഭാവനയായി ഏറ്റവുമധികം പണം കിട്ടിയതും ബി.ജെ.പിക്കാണ്. മോദിയുടെ യോഗസ്ഥലങ്ങളിലേക്ക് പാര്‍ട്ടി കൂലിക്കെടുത്ത ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും ആളുകളെ എത്തിച്ചു. ബി.ജെ.പിയുടെ പിന്നിലെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് സംഘ് ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയോഗിച്ചു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്നതും രണ്ടാം സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്നതുമായ അഴിമതിക്കഥകളായിരുന്നു പ്രധാന തെരഞ്ഞെടുപ്പു വിഷയം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ജനമനസുകളില്‍ അവ സജീവമായി നിലനിര്ത്തിയിരുന്നു. മോദി വികസനത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെങ്കിലും പ്രസംഗങ്ങളിലെല്ലാം തന്നെ ഖബറിസ്ഥാന്‍ പോലുള്ള വാക്കുകള്‍ വിതറിക്കൊണ്ട് വര്‍ഗീയ ധ്രുവീകരണം എന്ന ഹിന്ദുത്വ അജണ്ട മുന്നോട്ടുകൊണ്ടു പോകാന്‍ ശ്രദ്ധിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും 79.8 ശതമാനം ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ബി.ജെ.പിക്ക് 31.3 ശതമാനം വോട്ടാണ് സമാഹരിക്കാനായത്. ഹിന്ദുക്കള്‍ ഹിന്ദുത്വത്തെ അനുകൂലിക്കുന്നില്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം? മോദി അധികാരത്തിലേറിയശേഷം സര്‍ക്കാരും ആര്‍.എസ്.എസിന്‍റെ പോഷക സംഘടനകളും വര്‍ഗീയ ചേരിതിരിവ്‌ രൂക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെ എടുത്ത പല നടപടികളും ഹിന്ദുക്കളില്‍ നിന്നു തന്നെ ശക്തമായ എതിര്പ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്. എന്നിട്ടും ബി.ജെ.പി അജയ്യശക്തിയാണെന്ന ധാരണ നിലനില്‍ക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ അനൈക്യം മൂലമാണ്. 

വിഭവ സമാഹരണത്തില്‍ ബി.ജെ.പിക്കൊപ്പമെത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ല. കാരണം വന്‍കിട മുതലാളിമാരുടെ ഇഷ്ടപുത്രനാണ് മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയെ വെല്ലാന്‍ കഴിവുള്ള ഒരു നേതാവും ഇപ്പോള്‍ പ്രതിപക്ഷത്തില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിലാണ് മതനിരപേക്ഷ കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാഗ്ദാനം ചെയ്ത വികസനം കൊണ്ടുവരാന്‍ മോദിക്കായിട്ടില്ല. തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല. വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞ മോദിക്ക് ഒരു രൂപ പോലും കൊണ്ടുവരാനായിട്ടില്ല. ഇതെല്ലാം മോദിയെ പോളിച്ചുകാട്ടാന്‍ പോരുന്ന വസ്തുതകളാണ്.   

മോദിയോടൊപ്പം 2014ല് പോകാതിരുന്ന, രാജ്യത്തെ  ബഹുഭൂരിപക്ഷമായ 69 ശതമാനാം വോട്ടര്‍മാരെ  എങ്ങനെ ഒന്നിപ്പിക്കാമെന്നു പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചിന്തിക്കണം. മോദിയുടെ വാദങ്ങളിലും തന്ത്രങ്ങളിലും അന്നും വീഴാതിരുന്നവരാണവര്‍. സങ്കുചിത സമീപനങ്ങളിലൂടെ ഊ വോട്ടര്‍മാരെ പ്രാദേശികവും വിഭാഗീയവുമായ കൂടുകളില്‍ ഒതുക്കാതെ വിശാല രാജ്യതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചാല്‍ ഹിന്ദുത്വത്തിനു പിടിച്ചു നില്‍ക്കാനാവില്ല. (നവയുഗം, സെപ്തംബര്‍ 1, 2017)

Wednesday, September 20, 2017

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 


ഗൌരി ലങ്കേഷ് എങ്ങനെ അപകടകാരിയായി  

ബി.ആര്‍.പി. ഭാസ്കര്‍
ഗൌരി ലങ്കേഷ് ഒരു പാര്ട്ടിയിലും അംഗമായിരുന്നില്ല. പക്ഷെ മിസ്‌ഡ് കാള്‍ അടിച്ചവര്‍ക്കെല്ലാം അംഗത്വം കൊടുത്തു ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന ഖ്യാതി നേടിയ ഭാരതീയ ജനതാ പാര്‍ട്ടി അവരെ ഭയന്നു.

ഗൌരി ലങ്കേഷ് ഒരു പത്രപ്രവര്ത്തകയായിരുന്നു. സ്വന്തമായി നടത്തുന്ന ഒരു വാരികയിലൂടെയാണ് അവര്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നത്. ഒരു സംസ്ഥാനത്ത് വസിക്കുന്ന, ഒരു ഭാഷ സംസാരിക്കുന്ന ആളുകള്‍ മാത്രമാണു അത് വായിച്ചിരുന്നത്. പക്ഷെ രാജ്യത്തെ വന്‍മാധ്യമങ്ങളെ വരുതിയിലാക്കിയ, ചാനല്‍ സെലിബ്രിറ്റികളെ കാല്‍ച്ചുവട്ടിലാക്കിയ ഭരണകൂടം അവരെ ഭയന്നു.

ഗൌരി ലങ്കേഷിന്‍റെ നെഞ്ചിനു 56 ഇഞ്ച്‌ വലുപ്പമുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വളരെ കുറച്ചു പേരെ അവരെ പിന്തുടര്‍ന്നിരിന്നുള്ളൂ. പക്ഷെ 56 ഇഞ്ച്‌ നെഞ്ചും മൂന്നു കോടിയിലേറെ അനുയായികളുമുള്ള പ്രധാനമന്ത്രി അവരെ ഭയന്നു..

ഗൌരി ലങ്കേഷിനെ തങ്ങള്‍ ഭയന്നു എന്ന പ്രസ്താവം ഹിന്ദുത്വ ചേരി ചോദ്യം ചെയ്തേക്കാം. അതിനു എന്ത് തെളിവുണ്ട് എന്ന് ചോദിച്ചാല്‍ രേഖകള്‍ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയുകയുമില്ല. അതുകൊണ്ട് അവര്‍ ഗൌരി ലങ്കേഷിനെ വെറുത്തു എന്നു വേണമെങ്കില്‍ മാറ്റാം. അത് തെളിയിക്കാനാകുന്നതാണ്. 

ജീവിച്ചിരുന്നപ്പോള്‍ പ്രഹ്ലാദ് ജോഷി എം.പി, ഉമേഷ്‌ ദുഷി എന്നീ ബി.ജെ.പി  നേതാക്കള്‍ അവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസും വിചാരണക്കൊടതി അവര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയശേഷം ബി.ജെ.പി ഐ.ടി. സെല്‍ അതുപയോഗിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ശ്രമിച്ചതും ലോക മാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച നിഷ്ടുരമായ കൊലപാതകത്തോട് പ്രധാനമന്ത്രി പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്നതും (വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കൊലയെ അപലപിച്ചിരുന്നു) പ്രധാനമന്ത്രി പിന്തുടരുന്ന ഏതാനും മഹാശയന്മാരുള്‍പ്പെടെ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ കൊലപാതകം ആഘോഷിച്ചതുമൊക്കെ അതിനു മതിയായ തെളിവല്ലേ?

പ്രത്യക്ഷത്തില്‍ ഒരു പ്രതിയോഗിയായി പരിഗണിക്കാന്‍ പോരുന്ന പ്രാധാന്യമില്ലാത്ത ഗൌരി ലങ്കേഷ് എങ്ങനെയാണ് ഭരണകൂടത്തെ നയിക്കുന്ന പ്രസ്ഥാനത്തിന്‍റെ ശത്രുവായി തീരുന്നത്? എളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ഒര് ചോദ്യമാണത്. ചിന്താശേഷിയുള്ളവരും അവരെ നയിക്കുന്ന ആശയങ്ങളും ആ പ്രസ്ഥാനത്തെ ഭയപ്പെടുത്തുന്നു എന്നതാണ് അതിനുള്ള ഉത്തരം. 

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം യഥാര്‍ത്ഥ ശത്രുക്കളായ  മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നേരിടാന്‍ ഊര്‍ജ്ജം കരുതി വെക്കാനാണ് സംഘ പരിവാരിന്റെ ആദ്യകാല നേതാക്കള്‍ അണികളെ ഉപദേശിച്ചത്. അവരുടെ ആത്യന്തിക ലക്‌ഷ്യം ഭൂരിപക്ഷ ഹിന്ദുസമുദായത്തിന്റെ അധീനതയിലുള്ള ഒരു ഹിന്ദു രാഷ്ട്രമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്ക് കടകവിരുദ്ധമായ ആശയമാണത്. ലോക് സഭയില്‍ ഭൂരിപക്ഷം നേടി, ഭരണസംവിധാനത്തിന്റെ മേല്‍ ക്രമേണ പിടി മുറുക്കി ഹിന്ദുരാഷ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ എല്ലാവരെയും ഉള്ക്കൊള്ളുന്ന ബഹുസ്വര ഇന്ത്യ എന്ന ആശയം മനസ്സില്‍ സൂക്ഷിക്കുന്നവരെയ അവര്‍ ഭയക്കും. അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും.         

ഗൌരി ലങ്കേഷിന്‍റെ കൊലപാതകം ഒരു പരമ്പരയുടെ ഭാഗമാണ്. നേരത്തെ മഹാരാഷ്ട്രയിലെ നരേന്ദ്ര ദഭോല്‍ക്കാര്‍, ഗോവിന്ദ് പന്സാരെ എന്നിവരും കര്‍ണ്ണാടകത്തിലെ തന്നെ എം.എം. കല്ബുര്‍ഗിയും വീഴ്ത്തപ്പെട്ടിരുന്നു. ഈ മൂന്നു കൊലകളിലും ചില സമാനതകളുണ്ടെന്നു അന്വേഷണ സംഘങ്ങള്‍  കണ്ടെത്തുകയുണ്ടായി. കൊലപാതകത്തിന്റെ ആസൂത്രകനെയും നടത്തിപ്പുകാരെയും സംബന്ധിച്ച് ചില സൂചനകളും അവര്‍ നല്‍കി. അതിനു ശേഷം അന്വേഷണം മുന്നോട്ടു പോയിട്ടില്ല. വര്‍ഷങ്ങളായി എങ്ങും എത്താതെ നീണ്ടുപോയ്ക്കൊണ്ടിരുന്ന ചില അക്രമസംഭവങ്ങളുടെ അന്വേഷണം ഒരു ഘട്ടത്തിലെത്തുമ്പോള്‍ സംഗതികള്‍ മാറി മാറിയുന്ന അനുഭവം അടുത്ത കാലതതായി ഉണ്ടാകുന്നുണ്ട്.

ഭരണകൂടത്തിനു ഇച്ചാശക്തിയുണ്ടെങ്കില്‍ മാത്രമേ പ്രബലരായവര്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ കഴിയൂ. അപ്പോഴും ഒരുപക്ഷെ നിയമപ്രക്രിയ കൊന്നവര്‍ വരെയല്ലാതെ കൊല്ലിച്ചവരിലേക്ക് എത്തിയെന്ന് വരില്ല. 

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഗൌരി ലക്ഷ്മി എന്ന രക്തസാക്ഷിയുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് എന്ത് പാഠമാണ് ഉള്‍ക്കൊള്ളുന്നത്? അപകടം തിരിച്ചറിഞ്ഞു അവര്‍ക്ക് സുരക്ഷിതമായ പാത സ്വീകരിക്കാം. ആ രീതിയില്‍ വ്യക്തികളെന്ന നിലയില്‍  നേടാനാവുന്ന സുരക്ഷിതത്വം ശാശ്വതമാവില്ല. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ അപകടപ്പെടുത്തിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേടാനാകുന്നത്  സുരക്ഷിതത്വമല്ല, അടിമത്തമാണ്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 17, 2017)