Thursday, October 26, 2017

അറിയരുത്, ഒന്നും

ബി.ആര്‍.പി. ഭാസ്കര്‍


കട്ടുതിന്നുകയുമില്ല, തിന്നാന്‍ ആരെയും അനുവദിക്കുകയുമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദി നിരവധി അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ യു.പി.എ സര്‍ക്കാരിനെ 2014ലെ തിരഞ്ഞെടുപ്പില്‍ നേരിട്ടതും തോല്പിച്ചതും. അധികാരത്തില്‍ മൂന്നര കൊല്ലം പിന്നിടുമ്പോള്‍ തന്റെ സര്‍ക്കാര്‍ ഒരു അഴിമതി ആരോപണവും നേരിടുന്നില്ലെന്ന്‍ അദ്ദേഹത്തിനു ഒരുപക്ഷെ പറയാനാകും. പക്ഷെ ഇപ്പോള്‍ ഭരണം അഴിമതിരഹിതമാണെന്ന് സര്‍ക്കാരുമായി ഇടപെടുന്ന എത്രപേര്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തും? അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അഴിമതിക്കഥകളില്‍ ബി.ജെ.പി. നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നതായി കാണാം. രണ്ടാം യു.പി.എ സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയ അഴിമതികളൊക്കെ യഥാര്‍ത്ഥത്തില്‍ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് നടന്നവയായിരുന്നു. അവ പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണ്ണായകമായത് കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) എന്ന ഔദ്യോഗിക സംവിധാനത്തിന്റെ കണ്ടെത്തലുകളാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകളിലൂടെ വസ്തുതകള്‍ പുറത്തു വരാന്‍ പലപ്പോഴും സമയമെടുക്കും.

പേടിക്കുന്ന പോതുസേവകര്‍ 

ഇപ്പോള്‍ പൌരന്മാര്‍ക്ക് വിവരാവകാശ നിയമം ഉപയോഗിച്ച് വിവരം ശേഖരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നിയമനടപടികളെടുക്കാനും കഴിയും. ഈ സാധ്യത ബി.ജെ.പി ഭയക്കുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലവും രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസവും പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമങ്ങളില്‍ നിന്ന്‍ വായിച്ചെടുക്കാം.

രണ്ട് സംസ്ഥാനങ്ങളിലെയും പുതിയ നിയമങ്ങള്‍ ക്രിമിനല്‍ നടപടിക്രമ ചട്ടത്തിനുള്ള (സിആര്‍.പി.സി) ഭേദഗതികളാണ്. ആ നിയമത്തിലെ 197ആം വകുപ്പ് പൊതുസേവകര്‍ (public servants)ജഡ്ജിമാര്‍, മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന് നിഷ്കര്ഷിക്കുന്നുണ്ട്. മന്ത്രിമാരും സര്‍ക്കാരില്‍ നിന്ന് ശമ്പളമോ പ്രതിഫലമോ ലഭിക്കുന്ന മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുസേവകരുടെ നിര്‍വചനത്തില്‍ പെടുന്നു. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചുകൊണ്ട് ആരോപണങ്ങള്‍ നേരിടുന്ന രാഷ്ട്രീയ നേതാക്കളെസംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ പൊതുവെ പിന്തുടരുന്നത്. ഈ പ്രവണത കണക്കിലെടുത്ത്, കോഴവാങ്ങല്‍ നിയമപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് അഴിമതി ആരോപണം നേരിടുന്നവര്ക്കെതിരെ കീഴ്കോടതികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ നടപടി എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  

അഴിമതി മൂടിവെക്കാന്‍ ഒരു നിയമം 

കേന്ദ്ര നിയമപ്രകാരം സര്‍ക്കാര്‍ അനുമതി പൊതുസേവകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മാത്രമാണെങ്കില്‍ സംസ്ഥാന ഭേദഗതികള്‍ ഒരുപടി കൂടി കടന്നു അവര്ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥയുടെ ആനുകൂല്യം ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നവര്‍ക്കു മാത്രമല്ല വിരമിച്ചവര്‍ക്കും ലഭ്യമാണ്. അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ ആരോപണ വിധേയനായ പൊതുസേവകന്റെ പേര്, മേല്‍വിലാസം, ഫോട്ടോ, കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും രണ്ടു വര്ഷം തടവു വരെ നല്‍കാവുന്ന കുറ്റമാക്കിക്കൊണ്ട് രാജസ്ഥാനിലെ ഭേദഗതി മാധ്യമങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് വ്യക്തമായും അഴിമതി മൂടിവെക്കാനുള്ള ഒരു നിയമമാണ്. 

തീരുമാനങ്ങള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്ന ഒരു രീതി നമ്മുടെ സര്‍ക്കാരുകള്‍ക്കുണ്ട്. അന്വേഷണത്തിനു അനുമതി തേടുമ്പോള്‍ 90  ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാമെന്ന വ്യവസ്ഥ മാത്രമാണ് അല്പം ആശ്വാസം നല്‍കുന്ന ഒന്ന്. മന്ത്രിമാരുള്‍പ്പെടെ പല ബി.ജെ.പി. നേതാക്കളും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് മഹാരാഷ്ട്രയും രാജസ്ഥാനും ഈവിധത്തില്‍ സിആര്‍പിസി ഭേദഗതി ചെയ്തത്. രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളവരില്‍ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ആയ ഘനശ്യാം തിവാരിയും ഉള്‍പ്പെടുന്നു,

രണ്ടു സര്‍ക്കാരുകളും നിയമം ഭേദഗതി ചെയ്ത രീതിയും അതിനോടു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണവും ജനാധിപത്യ വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് ഗൌരവപൂര്‍ണ്ണമായ പരിചിന്തനം ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര നിയമസഭ ബില്‍ പാസാക്കുന്ന ഘട്ടത്തില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഓര്‍ഡിനന്‍സ് വഴിയാണ് രാജസ്ഥാന്‍ നിയമം ഭേദഗതി ചെയ്തത്. സെപ്തംബര്‍ ആറിനു ഓര്‍ഡിനന്‍സ് ഇറക്കിയ വിവരം സര്‍ക്കാര്‍ ഏതാനും ആഴ്ച്ചക്കാലം രഹസ്യമാക്കി വെച്ചു. പുതിയ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബില്ല് കഴിഞ്ഞയാഴ്ച പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങള്‍ പോലും ഓര്‍ഡിനന്‍സിനെ കുറിച്ച് അറിയുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം സെലക്ട്‌ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ബില്‍. 

ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ സംശയാസ്പദമായ ഇടപാടുകള്‍ സംബന്ധിച്ച വിവരം പുറത്തു കൊണ്ടു വന്ന 'ദ വയര്‍' എന്ന ഓണ്‍ലയിന്‍ മാധ്യമത്തെ ആ കമ്പനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിക്കൊണ്ട് അഹമ്മദാബാദിലെ ഒരു മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എതിര്‍കക്ഷിക്ക് എന്ത് പറയാനുണ്ടെന്ന് ചോദിക്കുക പോലും ചെയ്യാതെയാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. പരാതിക്ക് ആസ്പദമായ റിപ്പോര്‍ട്ട് വായിക്കുന്ന, സാമാന്യബുദ്ധിയുള്ള ആര്‍ക്കും അങ്ങനെയൊരു മുന്‍‌കൂര്‍ തടയല്‍ ആവശ്യമായിരുന്നില്ലെന്നു ബോധ്യമാകും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുന്പ് അതില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളെ കുറിച്ച് ഷായുടെ മകനു എന്ത് പറയാനുണ്ടെന്ന് 'ദ വയര്‍' അന്വേഷിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷവും കമ്പനിക്ക് പറയാനുള്ളത് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ആ അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ മാധ്യമത്തിനെതിരെ നൂറു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതില്‍നിന്നും ഷാപുത്രന് എന്തൊ ഒളിപ്പിക്കാനുണ്ടെന്നാണ് കരുതേണ്ടത്. 

പിടി മാധ്യമങ്ങളുടെ കഴുത്തില്‍

'ദ വയര്‍' മേല്‍കോടതിയെ സമീപിക്കുമ്പോള്‍ മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദ്‌ ചെയ്യപ്പെടാനാണ് സാധ്യത. മാനനഷ്ടക്കേസും നിലനില്‍ക്കാനിടയില്ല. പക്ഷെ കോടതി നടപടികള്‍ പണവും സമയവും നഷ്ടപ്പെടുത്തുമെന്നതുകൊണ്ട് ധനശേഷിയുള്ളവര്‍ക്ക് ഇത്തരം വ്യവഹാരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക പരാധീനതകളുള്ള മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ കഴിയും.   

അടിയന്തിരാവസ്ഥക്കാലത്തെ അനുഭവത്തിനുശേഷം പത്രസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിയമമുണ്ടാക്കാന്‍ കേന്ദ്രത്തില്‍ രാജീവ് ഗാന്ധിയും ബീഹാറില്‍ ജഗന്നാഥ് മിശ്രയും ശ്രമിച്ചപ്പോള്‍ അവര്‍ ശക്തമായി എതിര്‍ത്തു.  അതിന്റെ ഫലമായി ഇരുവര്‍ക്കും ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളോട് ശക്തിയായി പ്രതികരിക്കാന്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം മാധ്യമങ്ങള്‍ അവരില്‍ നിന്നു അകന്നിരിക്കുന്നുവെന്നാണ്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്‌. (മാതൃഭൂമി, ഒക്ടോബര്‍ 26, 2017)

No comments: