Wednesday, December 9, 2015

വിനാശകരമാകുന്ന വികസനം

ബി ആർ പി ഭാസ്കർ
ജനയുഗം

പേമാരിയെ തുടർന്ന്‌ ചെന്നൈ വൻനഗരത്തിലുണ്ടായ ദുരന്തത്തിൽ നിന്ന്‌ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ചില പാഠങ്ങൾ രാജ്യം ഉൾക്കൊള്ളേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിലെ ഭരണാധികാരികൾ ഉപേക്ഷ വരുത്തിയാൽ അതിന്‌ ജനങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

ഐക്യരാഷ്ട്രസഭ 1972ൽ സ്റ്റോഖോമിൽ സംഘടിപ്പിച്ച പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻകൈയെടുത്തതിന്റെ ഫലമായാണ്‌ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതത്തിന്‌ അനുപേക്ഷണീയമായ ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമങ്ങൾ പാർലമെന്റ്‌ പാസാക്കിയത്‌. പല സംസ്ഥാനങ്ങളും ആ നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാൻ കൂട്ടാക്കിയില്ല. തിരുവനന്തപുരം ജില്ലയിലെ റിസർവ്വ്‌ വനത്തിനുള്ളിൽ ഏറെ പണം ചെലവാക്കി റോഡ്‌ വെട്ടുകയും കെട്ടിടങ്ങൾ കെട്ടുകയും ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്‌ അതിന്റെ മകുടോദാഹരണമാണ്‌. പദ്ധതി വനം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന്‌ കേന്ദ്രം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അതുമായി മുന്നോട്ടു പോയി. ഒരു ഹൈക്കോടതി വിധിയാണ്‌ അതിന്റെ അന്ത്യം കുറിച്ചത്‌.

കാൽ നൂറ്റാണ്ടു മുമ്പ്‌ ആരംഭിച്ച ആഗോളീകരണപ്രക്രിയയുടെ മറവിൽ കേന്ദ്ര സർക്കാരും പിന്നീട്‌ പരിസ്ഥിതി സംരക്ഷണത്തിൽ പിന്നോട്ടു പോയി. വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനായി ഗൗരവപുർണമായ പരിസ്ഥിതി ആഘാത പഠനങ്ങൾ കൂടാതെ അനുമതി നൽകുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഇത്തരത്തിലുള്ള സമീപനം വിനാശകരമാണെന്നതാണ്‌ ചെന്നൈ നൽകുന്ന പ്രധാന പാഠം.

ഐ ടി വ്യവസായകേന്ദ്രമായി വികസിച്ചതോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്ത്‌ ചെന്നൈ അതിവേഗം വളരുകയുണ്ടായി. നീർച്ചാലുകൾ അടച്ചും കുളങ്ങളും കൃഷിയിടങ്ങളും മറ്റ്‌ താഴ്‌ന്ന പ്രദേശങ്ങളും നികത്തിയും ബഹുനിലക്കെട്ടിടങ്ങൾ കെട്ടിയുയർത്തിയതിന്റെ ഫലമായി മഴവെള്ളത്തിന്‌ ഒഴുകിപ്പോകാനാകാതെ വരുമ്പോൾ സ്വാഭാവികമായും വെള്ളം കെട്ടിക്കിടക്കും. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതു കാണാം.
ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സമീപ കാലത്ത്‌ പലയിടങ്ങളിലുമുണ്ടായിട്ടുള്ള അമിത മഴയ്ക്കും വരൾച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്ന്‌ കരുതാൻ ന്യായമുണ്ട്‌.

തമിഴ്‌നാട്ടിലെ ചട്ടങ്ങളനുസരിച്ച്‌ കെട്ടിട നിർമാണത്തിന്‌ അനുമതി നൽകാനുള്ള അധികാരം തഹസിൽദാർക്കായിരുന്നു. ആ തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ എളുപ്പത്തിൽ സ്വാധീനത്തിന്‌ വഴങ്ങുന്നെന്ന പരാതികളെ തുടർന്ന്‌ സർക്കാർ അധികാരം കളക്ടറിൽ നിക്ഷിപ്തമാക്കി. ആ മാറ്റം വലിയ ഗുണം ചെയ്തില്ല. ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനും സാധാരണഗതിയിൽ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകുമല്ലോ തീരുമാനമെടുക്കുന്നത്‌.

എല്ലാ കുറ്റവും കെട്ടിട നിർമാതാക്കളുടെയും വ്യവസായികളുടെയും തലയിൽ കെട്ടിവെക്കാനാവില്ല. അവരുടെ സ്വാധീനമില്ലാത്തപ്പോഴും സർക്കാർ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നതിന്‌ തെളിവുണ്ട്‌. ചെന്നൈയിൽ മഴവെള്ളം ഒഴുകിയെത്തിക്കൊണ്ടിരുന്ന ചതുപ്പു പ്രദേശത്ത്‌ സർക്കാർ വിവിധ സ്ഥാപനങ്ങൾക്ക്‌ കെട്ടിടങ്ങൾ കെട്ടാൻ 270 ഹെക്ടറിലധികം സ്ഥലം വിട്ടു കൊടുത്തതായി മദ്രാസ്‌ സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. അവിടെ സ്ഥലം കിട്ടിയവരുടെ കൂട്ടത്തിൽ ഐഐടി, തമിഴ്‌ നാട്‌ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്‌ ബോർഡ്‌, അംബെദ്കർ ലാ യൂണിവേഴ്സിറ്റി, ജുഡിഷ്യൽ അക്കാദമി എന്നീ സ്ഥാപനങ്ങളും രജനീകാന്തിന്റെ കുടുംബത്തിന്റെ ഒരു ട്രസ്റ്റും ഉൾപ്പെടുന്നു. കേരളത്തിലും വെള്ളക്കെട്ടുകൾ നികത്തി സർക്കാരും സ്വകാര്യവ്യക്തികളും കെട്ടിടങ്ങൾ കെട്ടിയിട്ടുണ്ട്‌.

പരിസ്ഥിതിക്ക്‌ പുല്ലുവില കൽപിക്കുന്ന സമീപനമാണ്‌ കേരള സർക്കാർ പിന്തുടരുന്നത്‌. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ തകിടം മറിക്കാൻ മത്സരിക്കുന്ന കാഴ്ചക്ക്‌ സംസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട്‌ കേന്ദ്രം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നിബന്ധനകൾ കൂടുതൽ കർക്കശമാക്കാനുള്ള അവകാശം നിയമം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്‌. നിയമത്തിലെ ഈ വകുപ്പ്‌ ദുരുപയോഗം ചെയ്ത്‌ നിബന്ധനകളിൽ ഇളവ്‌ നൽകുകയാണ്‌ കേരളം ചെയ്യുന്നത്‌. അഞ്ചു ഏക്കർ വരെയുള്ള പാറമടകളെ പരിസ്ഥിതി അനുമതി നിബന്ധനയിൽ നിന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ യുഡിഎഫ്‌ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഇത്തരത്തിലുള്ള ഒന്നായിരുന്നു. എത്ര വലിയ പാറമടയ്ക്കും അഞ്ചു ഏക്കർ വീതമായി വെട്ടിമുറിച്ച്‌ നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതാണ്‌ സർക്കാർ അതിലൂടെ തുറന്നു കൊടുത്തത്‌. ആ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിക്കുകയുണ്ടായി. വിനാശകരവും ജനദ്രോഹപരവുമായ ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കാൻ തീരുമാനിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം അവരെ നയിക്കുന്നത്‌ ബഹുജന താൽപര്യങ്ങളല്ല, പാറമട മുതലാളിമാരുടെ താൽപര്യമാണ്‌.

അടുത്ത കാലത്ത്‌ യുഡിഎഫ്‌ സർക്കാർ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ അത്യന്തം അപകടകരമായ ഒരു തീരുമാനം കൈക്കൊള്ളുകയുണ്ടായി. തീപിടിത്തം തടയാനുള്ള സംവിധാനം സംബന്ധിച്ച്‌ നിലവിലുള്ള ചട്ടങ്ങൾ ദുർബലമാണെന്നു കണ്ടതിനെ തുടർന്ന്‌ അഗ്നിശമന വകുപ്പ്‌ മേധാവിയായിരുന്ന ജേക്കബ്‌ തോമസ്‌ ഐപിഎസ്‌ കൂടുതൽ കർക്കശമായ കേന്ദ്ര ചട്ടങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ആ ഉദ്യോഗസ്ഥന്‌ ഉടൻ സ്ഥാനചലനമുണ്ടായി. പുതിയ വകുപ്പ്‌ മേധാവി സർക്കാരിന്റെ ഇംഗിതം മനസിലാക്കി തീരുമാനം തിരുത്തിയില്ല. തന്റെ മുൻഗാമി എടുത്ത തീരുമാനം ശരിയായിരുന്നെന്ന നിലപാട്‌ അദ്ദേഹം സ്വീകരിച്ചു. തുടർന്ന്‌ മുഖ്യമന്ത്രി വിഷയം മന്ത്രിസഭയുടെ മുന്നിൽ വെക്കുകയും മന്ത്രിസഭ കേന്ദ്ര ചട്ടങ്ങൾ പിൻവലിച്ച്‌ പഴയ സ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്തു.

ബഹുനില മന്ദിരങ്ങളിലെ താമസക്കാരുടെ സുരക്ഷ അപകടത്തിലാക്കിക്കൊണ്ട്‌ കെട്ടിട നിർമാതാക്കൾക്ക്‌ കൂടുതൽ ലാഭം കൊയ്യാനുള്ള അവസരം നൽകുകയാണ്‌ സർക്കാർ ചെയ്തിരിക്കുന്നത്‌. തീപിടിത്തമുണ്ടായാൽ വില കൊടുക്കേണ്ടി വരിക കെട്ടിട നിർമാതാക്കളോ ചട്ടങ്ങളിൽ ഇളവു നൽകിയ മുഖ്യമന്ത്രിയും മന്ത്രിമാരുമോ അല്ല, ഫ്ലാറ്റുകൾ വാങ്ങിയവരും അവിടത്തെ താമസക്കാരുമാണ്‌.
സർക്കാരുകളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനമാണ്‌ ‘വികസനം വേണം, വിനാശം വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്താൻ പരിസ്ഥിതിസ്നേഹികളെ പ്രേരിപ്പിക്കുന്നത്‌. --ജനയുഗം, ഡിസംബർ 9, 2015.