Thursday, December 17, 2015

മോദിയും മാണിയും നമ്മളും

ബി.ആർ.പി. ഭാസ്കർ


നരേന്ദ്ര മോദി ഒരു ചുരുങ്ങിയ കാലയളവിൽ ദേശിയ-അന്താദ്ദേശീയതലങ്ങളിൽ വളർത്തിയെടുത്ത പ്രഭാവവും കെ.എം. മാണി അര നൂറ്റാണ്ടു കാലമെടുത്ത് സംസ്ഥാനത്ത് കെട്ടിപ്പൊക്കിയ പ്രതിച്ഛായയും ഏതാണ്ട് ഒരേസമയത്ത് തകർന്നത് കേവലം യാദൃശ്ചികം. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി രാജ്യത്തിന്റെയും ധനമന്ത്രിയെന്ന നിലയിൽ മാണി സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥകളുടെ ഭാഗ്യവിധാതാക്കളായിരിക്കെ ഉണ്ടായ വിധിവൈപരീത്യം നമ്മെ, ഇന്നാട്ടിലെ ജനങ്ങളെ, ബാധിക്കുമോയെന്നും ബാധിക്കുമെങ്കിൽ എങ്ങനെയെന്നും അന്വേഷിക്കേണ്ടതുണ്ട്.
ബീഹാറിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ തിരിച്ചടി മോദിയുടെ കേന്ദ്ര ഭരണത്തിന്മേലുള്ള പിടിമുറുക്കം ഒട്ടും കുറച്ചിട്ടില്ല. തെരഞ്ഞെടുപ്പു തോൽ‌വിയുടെ ഉത്തരവാദിത്വത്തിൽ എല്ലാവർക്കും പങ്കുണ്ടെന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് അണികൾ നിശ്ശബ്ദം അംഗീകാരം നൽകിക്കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന് കഴിഞ്ഞ ഒന്നരക്കൊല്ലമായി പ്രവർത്തിച്ച രീതിയിൽ തുടരാനാകുമോ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ആഗോള സാമ്പത്തിക ശക്തികൾ ആവശ്യപ്പെടുന്ന പല പരിഷ്കാരങ്ങളും ആന്തരിക സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മൻ‌മോഹൻ സിങ് സർക്കാരിന് നടപ്പാക്കാനായില്ല. അവ നടപ്പാക്കുമെന്ന പ്രതീക്ഷ മോദി രാജ്യത്തിനകത്തും പുറത്തും ഉയർത്തിയിരുന്നു. സർക്കാരിനു നേരിട്ടു ചെയ്യാനാകുന്ന പലതും അദ്ദേഹം ചെയ്തു. ലോക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ എൻ.ഡി.എ. ന്യൂനപക്ഷമാകയാൽ നിയമഭേദഗതി ആവശ്യമുള്ള മാറ്റങ്ങളുമായി മുന്നോട്ടു പോകാൻ മോദിക്കായിട്ടില്ല. പരിഷ്കരണങ്ങളുടെ ഭാഗമായ ജനറൽ  സെയിൽ ടാക്സ് ബിൽ പാസാക്കുന്നതിന് സഹായിക്കണമെന്ന്  കേന്ദ്ര മന്ത്രി അരുൺ ജെയ്ട്ലി കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി കർക്കശമായ നിലപാട് സ്വീകരിക്കാനാണിട. ഭരണത്തിലിരിക്കെ കോൺഗ്രസ് ചെയ്യാനാഗ്രഹിച്ച ചില കാര്യങ്ങളെ പിന്തുണയ്ക്കാൻ പോലും ആ കക്ഷി ഇപ്പോൾ തയ്യാറല്ല. വികസനപ്രവർത്തനങ്ങളുടെ സുഗമമായ പുരോഗതിക്ക് സമാധാനം കൂടിയേ തീരൂ. അയൽ‌രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായാൽ മാത്രം പോരാ, രാജ്യത്തിനകത്തും നല്ല ബന്ധം നിലനിൽക്കണം. നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ ആത്മവിശ്വാസക്കുറവാണ് ജനതാല്പര്യം മുൻ‌നിർത്തി വികസന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ നിന്ന് അവരെ പിന്നോട്ടു വലിക്കുന്നത്.
വികസനപാത സുഗമമാക്കാൻ മോദി സർക്കാർ എടുത്തിട്ടുള്ളതോ എടുക്കാനുദ്ദേശിക്കുന്നതോ ആയ പല തീരുമാനങ്ങളും വലിയ തോതിലുള്ള എതിർപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. പരിസ്ഥിതി  നിയമങ്ങളിൽ വെള്ളം ചേർക്കാനുള്ള നീക്കങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. ബീഹാറിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ ഈ വക തീരുമാനങ്ങൾ പുന:പരിശോധനക്കാൻ മോദി തയ്യാറാണെന്ന ഒരു സൂചനയുമില്ല. അതുകൊണ്ട് കാര്യങ്ങൾ ഏറെക്കുറെ കഴിഞ്ഞ ഒന്നര കൊല്ലക്കാലത്തെപ്പോലെ തന്നെയാകും ഇനിയും മുന്നോട്ടു പോവുക.
മാണിയുടെ തിരിച്ചടി അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ ദുര്യോഗമാണ്. കേരള രാഷ്ട്രീയം അനിശ്ചിതാവസ്ഥയിലായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് കേരളാ കോൺഗ്രസിലെത്തിയത്. ചെറിയ കക്ഷികളുടെ നേതാക്കൾക്കും മുഖ്യമന്ത്രിയാകാൻ കഴിയുന്ന കാലമായിരുന്നു അത്. അന്ന് അദ്ദേഹത്തെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിലർ കാണുകയും ചെയ്തു. അതുണ്ടായില്ലെന്നു തന്നെയല്ല, അപമാനഭാരത്തൊടെ മന്ത്രിപദം ഒഴിയേണ്ട സാഹചര്യവുമുണ്ടായി. അദ്ദേഹത്തിനെതിരായ അഴിമതി ആരോപണം കോടതി വിചാരണയിലൂടെ തെളിയിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രകടമായിട്ടുള്ള അടിയൊഴുക്കുകൾ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാനാകുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ സഫലമാകുന്നതിന് സഹായകമാണോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സമയം അദ്ദേഹത്തിന്റെ ഭാഗത്തല്ല.
യു.ഡി.എഫ് സർക്കാരുകളിൽ തുടർച്ചയായി ധനകാര്യം കൈകാര്യ്യം ചെയ്തയാളാണ് മാണി. മുന്നണികൾ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും അവയുടെ സാമ്പത്തിക നയങ്ങളിൽ ഇന്നുള്ള വ്യത്യാസം ഏറെക്കുറെ സാങ്കല്പികമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ സി.പി.എം നയിക്കുന്ന മുന്നണി അധികാരത്തിൽ വരുമ്പോൾ ഊർദ്ധശ്വാസം വലിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്താൻ എടുക്കുന്ന ചില നുണുക്ക് നടപടികളൊഴിച്ചാൽ, സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ഫലമായി ധനകാര്യ മാനേജുമെന്റിൽ കാര്യമായ മാറ്റങ്ങളുണ്ടാകാറില്ല. രണ്ട് മുന്നണികളും ക്ഷേമ രാജ്യ സങ്കല്പത്തെ ആനുകൂല്യ വിതരണമായി ചുരുക്കിയിട്ടുള്ളതുകൊണ്ട് മാണിയുടെ രാജിയുടെ ഫലമായി വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഒരു പുതിയ ധനമന്ത്രിയെ നിയമിക്കേണ്ട ആവശ്യമുണ്ടെന്ന ചിന്തപോലും ഭരണമുന്നണിയിലില്ല.  (ധനം, ഡിസംബർ 16, 2015)

No comments: