Thursday, December 3, 2015

സമാധാനം: സങ്കല്പവും യാഥാർത്ഥ്യവും

ബി.ആർ.പി. ഭാസ്കർ

മനസുകളിലാണ് യുദ്ധം ആരംഭിക്കുന്നതെന്നും അതിനാൽ സമാധാന പ്രതിരോധങ്ങൾ കെട്ടിയുയർത്തേണ്ടത് മനുഷ്യമനസുകളിലാണെന്നും ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത- സാംസ്കാരിക സംഘടനയായ യുനെസ്കൊ അതിന്റെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. ലോകം മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ കൊടിയ നാശം വിതച്ച രണ്ട് മഹായുദ്ധങ്ങൾ കണ്ട ശേഷം ഭരണകൂടങ്ങൾക്കുണ്ടായ വിവേകമാണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫലപ്രദമായ  പ്രതിരോധങ്ങൾ തീർക്കാൻ നമുക്കായിട്ടില്ല. മറ്റൊരു ലോക മഹായുദ്ധം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും – ചില സന്ദർഭങ്ങളിൽ ലോകം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു – എവിടെയെങ്കിലും ചെറുതോ വലുതോ ആയ യുദ്ധങ്ങളില്ലാതെ ഈ കാലയളവിൽ ഒരു ദിവസവും കടന്നുപോയിട്ടില്ല.

രാഷ്ട്രങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും സംഘർഷങ്ങളും സംഘട്ടനങ്ങളുമില്ലാത്ത ഒരു കാലം മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടാവില്ല. അതേസമയം ഉള്ളിലും പുറത്തും സമാധാനം നിലനിൽക്കുന്ന അവസ്ഥ ഒരു സങ്കല്പവും ലക്ഷ്യവുമായി മനുഷ്യനോടൊപ്പം എല്ലാക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ചരിത്രാതീത കാലം മുതൽ ശാന്തിമന്ത്രം മുഴങ്ങുന്ന നാടാണ് ഇന്ത്യ. ക്രിസ്തുവിന്റെ കാലം ആരംഭിച്ചത് ഭൂമിയിൽ മൻഷ്യർക്കിടയിൽ സമാധാനവും സദ്ഭാവനയും വിളംബരം ചെയ്തുകൊണ്ടാണ്. ഇസ്ലാമിന്റെ പേരു തന്നെ സമാധാനത്തെ കുറിക്കുന്നു. പക്ഷെ ലോകമെമ്പടും ഹിംസ തുടർന്നുകൊണ്ടേയിരിക്കുന്നു.

അറിയപ്പെടുന്ന ചരിത്രമനുസരിച്ച് ലോകത്ത് സമാധാനത്തിന്റെ സന്ദേശം ആദ്യമായി വ്യക്തമായും ശക്തമായും ഉയർന്നത് ഇന്ത്യയിൽ നിന്നാണ് . ഹിംസയെ പൂർണ്ണമായും തള്ളിപ്പറഞ്ഞ ഗൌതമ ബുദ്ധനും മഹാവീരനും യുദ്ധം കുലധർമ്മമായി കരുതിയിരുന്ന രാജവംശത്തിൽ ജനിച്ചവരായിരുന്നു. യുദ്ധത്തിന്റെ കെടുതികളെ കുറിച്ച് അവരോളം അറിവ് മറ്റാർക്കാണുണ്ടാവുക? പിൽക്കാലത്ത് പടക്കളത്തിലെ കാഴ്ചകൾ യുദ്ധം പാടെ ഉപേക്ഷിക്കാൻ അശോക ചക്രവർത്തിയെ പ്രേരിപ്പിച്ചു. നമ്മുടെ കാലത്ത് ഗാന്ധി അഹിംസയുടെ സന്ദേശം പുതുക്കി. ഹിന്ദുമതത്തിൽ നിന്നാണ് അദ്ദേഹം അഹിംസ കണ്ടെത്തിയത് . ബുദ്ധന്റെയൊ മഹാവീരന്റെയൊ പേരു അതുമായി ബന്ധപ്പെടുത്തി അദ്ദേഹം ഉച്ചരിച്ചില്ല.

ബുദ്ധനും മഹാവീരനും ജീവിച്ചിരുന്ന കാലത്ത് ഹിന്ദുമതമുണ്ടായിരുന്നില്ല. അവർ കലഹിച്ചത് ഉച്ചനീചത്വത്തിൽ വിശ്വസിച്ചിരുന്ന വൈദിക മതവുമായാണ്. ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും അവരുടെ തത്വചിന്തകളെയുമെല്ലാം കുറിക്കാൻ വിദേശികൾ  ഉപയോഗിച്ച വാക്കാണ് ഹിന്ദു എന്നത്. അതാകട്ടെ ‘സിന്ധു’വിന്റെ പേർഷ്യൻ രൂപമാണ്. വടക്കു നിന്ന് കരമാർഗ്ഗവും പിന്നീട് പടിഞ്ഞാറു നിന്ന് കടൽമാർഗ്ഗവും വന്ന വിദേശികൾക്ക് ബഹുവിശ്വാസ സമൂഹങ്ങൾ പരിചിതമായിരുന്നില്ല. അവർ ഈ ഉപഭൂഖണ്ഡത്തിലെ എല്ലാവരെയും ഹിന്ദു എന്ന കുടയ്ക്കു കീഴിലാക്കി. ജാതിവ്യവസ്ഥയുടെ ഉപജ്ഞാതാക്കളായ വൈദിക സമൂഹത്തിന്റെ ഗ്രന്ഥങ്ങളിലൊ ജാതിവ്യവസ്ഥയെ എതിർത്ത ബൌധരുടെ ഗ്രന്ഥങ്ങളിലൊ ‘ഹിന്ദു’ എന്ന വാക്കില്ല. രണ്ടായിരമൊ അതിലധികമൊ കൊല്ലം മുമ്പ് രചിക്കപ്പെട്ട പുരാണങ്ങളിലൂടെ ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെ കഥകൾ ഏകീകരിക്കപ്പെട്ടു. അവയിലും ഹിന്ദു ഇല്ല. വടക്കൻ പ്രദേശങ്ങളിൽ മേൽക്കൈ നേടിയ വൈദിക സമൂഹം ഏകീകരിക്കപ്പെട്ട സംവിധാനത്തിന്റെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചപ്പോൾ വിദേശികൾ നൽകിയ പേർ സ്വീകരിച്ചു.

ഈ മാറ്റങ്ങളെല്ലാം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയാണോ നടന്നത്? ചരിത്ര വസ്തുതകളുടെ അഭാവത്തിൽ അത് തർക്കവിഷയമായി നിലനിൽക്കുന്നു. വൈകി എത്തിയ ആര്യന്മാർ നേരത്തെ വന്ന ദ്രാവിഡരും മറ്റ് സമൂഹങ്ങളുമായി സംഘട്ടനത്തിൽ ഏർപ്പെട്ടെന്നും ഒടുവിൽ ആര്യന്മാർ ആധിപത്യം സ്ഥാപിച്ചെന്നുമാണ് ഈ വിഷയം പഠിച്ച പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായം. ആര്യ-ദ്രാവിഡ സംഘട്ടനം എന്നത് ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ വിദേശികളായ ചരിത്രകാരന്മാർ കെട്ടിച്ചമച്ച കഥയാണെന്ന് ആര്യപക്ഷപാതികളായ വൈദികസമൂഹ വക്താക്കൾ പറയുന്നു. മഹമുദ് ഗസ്നവിയെയും ജെങ്കിസ് ഖാനെയും പോലെ ആര്യന്മാർ പടയോട്ടം നടത്തിയതിന് ഒരു തെളിവുമില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അധിനിവേശം ഒരുവിധത്തിലേ ആകാവൂ എന്നില്ല. ബ്രിട്ടീഷുകാർ മുഗളരെപ്പോലെ വലിയ സൈന്യവുമായി വന്ന് ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നില്ല. കച്ചവടക്കാരായി വന്ന് ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞാണ് അവർ നാട്ടുരാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളിൽ സൈനികമായി ഇടപെട്ടു കൊണ്ട് ഓരോരോ പ്രദേശത്തായി ആധിപത്യം സ്ഥാപിച്ചത്. അവരുണ്ടാക്കിയ സേനകളിൽ വെള്ളക്കാരേക്കാൾ കൂടുതൽ ഈ നാട്ടുകാരായിരുന്നു. ബ്രിട്ടീഷുകാർ തന്നെ എല്ലാം രേഖപ്പെടുത്തിയതുകൊണ്ട് അവരുടെ അധിനിവേശ ചരിത്രം നമുക്കറിയാം. വൈദിക സമൂഹത്തിന്റെ അധിനിവേശ ചരിത്രം വ്യക്തമല്ല. എങ്കിലും ഒരു കാര്യം തറപ്പിച്ചു പറയാനാകും. ഒരു സമൂഹവും ചെറുത്തു നില്പു കൂടാതെ സ്വാതന്ത്ര്യം അടിയറവു വെക്കില്ല. സമാധാനപരമായ അധിനിവേശവും അടിച്ചമർത്തലും അസംഭവ്യമാണ്.

ഹിന്ദു പുരാണങ്ങളിൽ ചരിത്രസത്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവർ അതിലെ ഹിംസയുടെയും സംഘട്ടനങ്ങളുടെയും കഥകളിൽ സത്യത്തിന്റെ അംശങ്ങളുണ്ടെന്ന് അംഗീകരിക്കാൻ മടിക്കുന്നത് വിചിത്രമാണ്. എല്ലാം കൂട്ടിയിണക്കുന്നതിനിടയിൽ ബുദ്ധനെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് മഹത്തായ ബൌദ്ധ പാരമ്പര്യത്തെ തമസ്കരിക്കാനും ശ്രമം നടന്നു. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട എഴുത്തച്ഛന്റെ രാമായണത്തിൽ ബുദ്ധനെ കുറിച്ചുള്ള പരാമർശത്തിൽ അവതാരസങ്കൽപമുണ്ട്. ഇതിൽ നിന്നും ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്ന ദശാവതാര സങ്കല്പം മലയാളക്കരയിൽ എത്തിയിട്ട് ഏതാണ്ട് 500 കൊല്ലമേ ആയിട്ടുള്ളു എന്ന് മനസിലാക്കാം. ബുദ്ധൻ ആ പട്ടികയിൽ നിന്ന് പുറത്തായത് ആരെയും കൊല്ലാതിരുന്നതുകൊണ്ടാണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരെയെങ്കിലും കൊല്ലുകയായിരുന്നല്ലൊ എല്ലാ അവതാര പുരുഷന്മാരുടെയും ലക്ഷ്യം.

ഹിംസകൾക്കിടയിലും എല്ലാ മതസമൂഹങ്ങളുടെയും മഹാത്മാക്കൾ ചില മഹാസത്യങ്ങൾ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തു. ലോകം ഒരു കുടുംബമാണ്, എല്ലാ മനുഷ്യരിലും ദൈവം കുടികൊള്ളുന്നു, ഒരു പിതാവിന്റെ മക്കൾ എന്ന നിലയിൽ എല്ലാ മനുഷ്യരും സഹോദരന്മാരാണ് എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. ഇതൊക്കെ പരമസത്യമാണെന്ന് വിശ്വസിക്കുന്നവർക്ക് എങ്ങനെ മറ്റുള്ളവർക്കു നേരെ വാളോങ്ങാനും തോക്കു ചൂണ്ടാനും കഴിയും?  ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ഹിന്ദുമതഗ്രന്ഥം ഭഗവദ് ഗീതയായിരുന്നു. അതിൽ ബന്ധുക്കളെ കൊല്ലാൻ മടിച്ച അർജ്ജുനനെ യോദ്ധാവെന്ന നിലയിലുള്ള കടമ നിർവഹിക്കാൻ ശ്രീകൃഷ്ണൻ ആഹ്വാനം ചെയ്യുന്നു. ഗാന്ധി അതിൽനിന്ന് വായിച്ചെടുത്തതല്ല അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ വായിച്ചെടുത്തത്. ഇരുവരും പതിവായി ഗീത വായിച്ചു. ഇരുവരും ഹിന്ദുമതത്തിൽ അഭിമാനിച്ചു. ഒരാളെ അത് രക്തസാക്ഷിയും മറ്റേയാളെ കൊലയാളിയും ആക്കി. ഇത്തരം കടുത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് യുദ്ധവും സമാധാനവും സംബന്ധിച്ച ചർച്ചകൾ.

മതങ്ങളുണ്ടായ കാലം മുതൽ അവയുടെ പേരിൽ അക്രമങ്ങളും നടന്നിട്ടുണ്ട്. അവയുടെ സമാധാന അന്ദേശം അതിനു തടസമായില്ല. ഏറെ പിന്നിലേക്ക് പോകാതെ കഴിഞ്ഞ നൂറ്റാണ്ടിൽ എന്തു സംഭവിച്ചെന്ന് നോക്കാം. യുദ്ധങ്ങളിലും ഭീകരപ്രവർത്തനം പോലുള്ള യുദ്ധസമാന സംഭവങ്ങളിലുമായി ഇരുപതാം നൂറ്റാണ്ടിൽ 10.2 കോടി ജനങ്ങൾ കൊല്ലപ്പെട്ടതായി അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ഹുആൻ കോൾ (Juan Cole) കണക്കാക്കുന്നു**. അതിൽ ഒരു ചെറിയ പങ്കു മാത്രമാണ് മുസ്ലിങ്ങൾ നടത്തിയ കൊലപാതകങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങളും അമേരിക്കയും കാനഡയുമാണ് ഏറ്റവുമധികം കൊലകൾക്ക് ഉത്തരവാദികൾ. സർക്കാരിതര കളിക്കാരുടെ വലിയ തോതിലുള്ള  അക്രമങ്ങളുടെ ഫലമായി കൊലയാളികളേറെയും ജിഹാദി മുസ്ലിങ്ങളാണെന്ന ധാരണ തിരുത്താനാണ് കോൾ ഈ കണക്ക് അവതരിപ്പിച്ചത്.

ഹിംസയെ പൂർണ്ണമായും നിരാകരിച്ച ബുദ്ധന്റെ അനുയായികളും ധാരാളം അക്രമങ്ങൾ കാട്ടിയിട്ടുണ്ട്. ഇതിന് സമീപകാല ചരിത്രത്തിൽ നിന്നുള്ള രണ്ട് ഉദാഹരണങ്ങളാണ് ശ്രീലങ്കയിൽ ഒരു ബുദ്ധസന്യാസി പ്രധാനമന്ത്രി\ സോളമൻ ബന്ദാരനായകയെ വധിച്ചതും മ്യാൻ‌മാറിൽ ചില ബൌദ്ധർ റൊഹിംഗിയ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നതും. ഇസ്ലാമിന്റെ പേരിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് പശ്ചിമേഷ്യയിലും  ദക്ഷിണേഷ്യയിലും നടക്കുന്ന അക്രമങ്ങൾ പ്രാകൃതാവസ്ഥയിൽ നിന്ന് മനുഷ്യസമൂഹം വളരെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. വ്രണപ്പെട്ട മതവികാരത്തിന് എന്തു ക്രൂരതയും കാട്ടാനാകും.

ഒരു കാലത്ത് ലോകം ഒരു കുരിശുയുദ്ധത്തിനു സാക്ഷ്യം വഹിച്ചു. ഇരുഭാഗത്തുമുണ്ടായിരുന്നവർ തങ്ങളുടെ മതം മറുഭാഗത്തിന്റേതിനെ ഇല്ലാതാക്കുമെന്ന ഉത്തമ വിശ്വാസത്തിൽ ദീർഘകാലം പൊരുതി. ഒടുവിൽ ഒന്ന് മറ്റേതിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിച്ചു. ആ യുദ്ധം തന്നെയല്ലേ പുതിയ രൂപത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും നടക്കുന്നത്? അതിനല്ലേ ഒരു പണ്ഡിതൻ സംസ്കാരങ്ങളുടെ സംഘട്ടനം എന്ന പേർ നൽകിയത്?

നിരന്തരയുദ്ധത്തിലൂടെ ബ്രിട്ടൻ ലോകത്തെ ഏറ്റവും വലിയ ശക്തിയാവുകയും ഇതര രാജ്യങ്ങൾ ഫലത്തിൽ അതംഗീകരിക്കുകയും ചെയ്തപ്പോൾ സംഘട്ടനങ്ങൾ കുറഞ്ഞു. ബ്രിട്ടീഷുകാർ ആ അവസ്ഥയെ  ‘പാക്സ് ബ്രിട്ടാനിക്ക’ (ബ്രിട്ടീഷ് സമാധാനം) എന്നു വിശേഷിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ ബ്രിട്ടൻ യുദ്ധം ചെയ്തു മുടിഞ്ഞ രാജ്യമായിരുന്നു. വെട്ടിപ്പിടിച്ച ‘സൂര്യനസ്തമിക്കാത്ത’ സാമ്രാജ്യം നിലനിർത്താനുള്ള കഴിവ് അതിനില്ലാതായി. ചെറിയ സാമ്രാജ്യങ്ങളുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. പിന്മാറ്റം മാത്രമായിരുന്നു പിന്നിട് അവരുടെ മുന്നിലുണ്ടായിരുന്ന മാർഗ്ഗം. അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി. വിയറ്റ്നാം സൈനിക ശക്തിക്ക് പരിമിതിയുണ്ടെന്ന് തെളിയിച്ചു. മാർക്സ് പ്രവചിച്ചതുപോലെ ആന്തരിക വൈരുധ്യങ്ങളുടെ ഭാരത്തിൽ മുതലാളിത്തം നിലം‌പൊത്തുന്നതു കാണാൻ കാത്തിരുന്ന സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും അടിതെറ്റി വീണു. ചില മുതലാളിത്ത രീതികൾ സ്വീകരിച്ചുകൊണ്ട് ചൈന പിടിച്ചു നിന്നു.       

യുദ്ധവും മറ്റെല്ലാത്തരം ഹിംസയും സമാധാനത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സമാധാനത്തിനായി പോരാടുന്നെന്ന് പറയുമ്പോൾ യുദ്ധത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ പോലും കഴിയാത്ത വിധം നാം ഹിംസയെ സ്വാംശീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ യുദ്ധം മനുഷ്യമനസിൽ തുടങ്ങുന്നു എന്നത് ഭാഗികമായ തിരിച്ചറിവു മാത്രമാണ്. വിജയകരമായ പ്രതിരോധം തീർക്കുവാൻ അത്രയും പോര. യുദ്ധത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുകയും അവയെ മറികടക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ബോധ്യമുണ്ടാവുകയും വേണം. സമാധാനത്തെ കുറിച്ച് പൊതുവെ നിലനിൽക്കുന്ന ധാരണ അത് യുദ്ധമില്ലാത്ത അവസ്ഥ ആണെന്നാണ്. നിഷേധാത്മകമായ (നെഗറ്റീവ്) നിർവചനമാണത്.. ക്രിയാത്മകമായി (പോസിറ്റീവ്) ചിന്തിക്കുമ്പോൾ അതിന്റെ അപര്യാപ്തത വ്യക്തമാകും.*

ക്രിയാത്മകമായ സമീപനം നമ്മെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലങ്ങൾക്കു മുകളിൽ ആദ്ധ്യാത്മികതയുടെയും തത്വചിന്തയുടെയും തലങ്ങളിലേക്ക് നയിക്കും. സംഘടിത മതങ്ങളുടെ സ്വാധീനത്തിൽ ആദ്ധ്യാത്മികതയെന്നത് മതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണെന്നാണ് അഭ്യസ്തവിദ്യർ പോലും കരുതുന്നത്. യഥാർത്ഥത്തിൽ ആദ്ധ്യാത്മികത മതങ്ങളുടെ ആവിർഭാവത്തിനു മുമ്പെ മനുഷ്യൻ തിരിച്ചറിഞ്ഞ് പഠനവിധേയമാക്കിയ ഒന്നാണ്. ബുദ്ധമത സങ്കല്പത്തിൽ സമാധാനത്തിന് മൂന്നു മാനങ്ങളുണ്ടെന്ന് യൊയിച്ചി കവാദ (Yoichi Kawada) എന്ന ജാപ്പനീസ് പണ്ഡിതൻ നിരീക്ഷിച്ചിട്ടുണ്ട്. ആന്തരിക സമാധാനം, മനുഷ്യസമൂഹത്തിലെ സമാധാനം, പാരിസ്ഥിതിക സമാധാനം അഥവാ ഭൂമിയുമായുള്ള സമാധാനം എന്നിവയാണവ.  ബുദ്ധന്റെ ഒരു പ്രഭാഷണം അദ്ദേഹം ഉദ്ധരിക്കുന്നു:“ലോകത്ത് പല തരം തീ കത്തിക്കൊണ്ടിരിക്കുന്നു. അത്യാർത്തിയുടെ തീ, വിദ്വേഷത്തിന്റെ തീ, വിഡ്ഡിത്തത്തിന്റെ തീ, മോഹത്തിന്റെയും അഹംബോധത്തിന്റെയും തീ, നാശത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും തീ, ദു:ഖത്ത്ന്റെയും വിലാപത്തിന്റെയും യാതനയുടെയും വേദനയുടെയും തീ.” വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും രാജ്യങ്ങൾക്കിടയിലും സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കും കാരണമാകുന്ന നിരവധി ഘടകങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

മതങ്ങൾ തമ്മിലുള്ള സ്പർദ്ധ പോലെ അവയ്കുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിരോധവും കലഹങ്ങൾക്കും വലിയ തോതിലുള്ള ജീവനാശത്തിനും ഇടയാകാറുണ്ട്. ചില വിഭാഗങ്ങൾക്കിടയിൽ ഇതു താരതമ്യേന കുറവാണ്. അവയുടെ ചരിത്രം പരിശോധിക്കുമ്പോൾ കൂടുതൽ സംഘർഷഭരിതമായ ഒരു ഭൂതകാലം കണ്ടെത്താൻ കഴിഞ്ഞേക്കും. സംഘർഷത്തിനു കാരണമായ ഘടകങ്ങൾ നീങ്ങിയതുകൊണ്ടൊ ഒരു പുതിയ സന്തുലിതാവസ്ഥ ഉടലെടുത്തതുകൊണ്ടൊ സ്ഥിതി മെച്ചപ്പെട്ടതാകണം.

മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഘട്ടനങ്ങൾ സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ അവയ്കു കാരണമാകുന്നത് വിശ്വാസപ്രമാണങ്ങളൊ പ്രത്യശാസ്ത്രങ്ങളൊ അല്ലെന്ന് കാണാൻ കഴിയും. യഥാർത്ഥപ്രശ്നം അവയെ നയിക്കുന്നവരുടെയും, ചിലപ്പോൾ നയിക്കപ്പെടുന്നവരുടെയും, സമീപനമാണ്. പലപ്പോഴും അവർ സർവാധിപത്യം ആഗ്രഹിക്കുന്നു. എല്ലാറ്റിനെയും തങ്ങളുടെ മതവിശ്വാസങ്ങൾക്ക്  അല്ലെങ്കിൽ രാഷ്ട്രീയവിശ്വാസങ്ങൾക്ക്  കീഴ്പ്പെടുത്താൻ അവർ ശ്രമിക്കുന്നു. അതിനായി ഏത് മാർഗ്ഗവും സ്വീകരിക്കാമെന്ന് അവർ വിശ്വസിക്കുന്നു. ഈ അധിനിവേശ മനോഭാവം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നിരക്കാത്തതാണ്.

നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതി കൈവരിക്കാനായാലെ ശാന്തിയും സമാധാനവും പുലരുകയുള്ളു. നിർഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു വ്യവസ്ഥിതി അകലെയാണ്.  സമാധാനം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഴിവ് മനുഷ്യൻ ഇനിയും കൈവരിച്ചിട്ടില്ല. വ്യക്തികൾ മറ്റ് വ്യക്തികളുടെയും, സമൂഹങ്ങൾ മറ്റ് സമൂഹങ്ങളുടെയും, രാഷ്ട്രങ്ങൾ മറ്റ് രാഷ്ട്രങ്ങളുടെയും അവകാശങ്ങൾ മാനിക്കാൻ തയ്യാറാകുമ്പോൾ  മാത്രമെ സമാധാന സങ്കല്പം യാഥാർത്ഥ്യമാകൂ. --എഴുത്തു, നവംബർ 2015..

No comments: