Thursday, December 10, 2015

കേരളം ഭയക്കണം. ഇരുമുന്നണികളും തളരുകയാണ്!


ബി. ആർ.പി. ഭാസ്കർ

മാധ്യമ വിശകലനങ്ങളനുസരിച്ച് രാഷ്ട്രീയകക്ഷികൾ വീറോടെ മത്സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയി എൽ.ഡി.എഫ് ആണ്. ബി.ജെ.പി. നഗരപ്രദേശങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. സോളാർ തട്ടിപ്പു കേസുകളും ബാർ കോഴ കഥകളുമൊക്കെ അതിജീവിച്ച് കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്ത് തുടർച്ചയായി തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും വിജയിക്കുകയും അതിന്റെ ബലത്തിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച സ്വപ്നം കാണുകയും ചെയ്ത യു.ഡി.എഫ് തോറ്റു.

ഒരഞ്ചുവർഷ ചട്ടക്കൂടിൽ നിന്നുള്ള വീക്ഷണമാണിത്. ചട്ടക്കൂട് കുറേക്കൂടി വിപുലീകരിച്ചാൽ  സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികൾ നിലവിൽ വന്നശേഷം കമ്പ്യൂട്ടർ ഭാഷയിൽ ഡിഫാൾട്ട് സെറ്റിങ് എന്നു പറയുന്ന തരത്തിലുള്ള ഒരു സ്ഥായീഭാവം ഉള്ളതായി കാണാം. ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം. നയിക്കുന്ന മുന്നണിക്കും മുൻ‌തൂക്കമുള്ള ഒന്നാണത്. ത്രിതല തദ്ദേശ സംവിധാനം വിശദമായി പരിശോധിക്കുമ്പോൾ കോർപ്പൊറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫും മുനിസിപാലിറ്റികളിൽ യു.ഡി.എഫുമാണ് മുന്നിൽ. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഇരുമുന്നണികളും സമാസമമാണ്. ഇത്തവണ എൽ.ഡി.എഫ് ജയിച്ചാൽ അടുത്ത തവണ യു.ഡി.എഫ്.

ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങളിൽ സ്ഥായീഭാവത്തിൽ മാറ്റമുണ്ടാകുന്നു. അങ്ങനെ എൽ.ഡി.എഫ്  2004ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൈവിട്ടുപോയതാണ് അന്ന് എൽ.ഡി.എഫിന് ഗുണം ചെയ്തത്. അതുപോലെ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പല തലങ്ങളിലും എൽ.ഡി.എഫിനെ കടത്തിവെട്ടി. താഴേത്തട്ടു വരെ എത്തിയ സി.പി.എമ്മിലെ  വിഭാഗീയതയാണ് അന്ന് യു.ഡി.എഫിന് ഗുണം ചെയ്തത്. ഈ വിശാല ചട്ടക്കൂടിൽ നോക്കുമ്പോൾ എൽ.ഡി.എഫിന്റെ ഇത്തവണത്തെ വിജയം സ്ഥായീഭാവത്തിലേക്കുള്ള തിരിച്ചുപോക്കാണ്.  എന്നാൽ നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന ആധിപത്യം പൂർണ്ണമായി പുന:സ്ഥാപിക്കാൻ അതിന്  കഴിഞ്ഞിട്ടില്ല.

എൽ.ഡി.എഫ് 2005ൽ 650 ഗ്രാമ പഞ്ചായത്തുകളിലും 110 ബ്ലോക്ക് പഞ്ചായത്തുകളിലും 12 ജില്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയത് 224 ഗ്രാമ പഞ്ചായത്തുകളിലും 29 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും മാത്രം. മൂന്നു തലങ്ങളിലും 2010ൽ യു.ഡി.എഫ് മുൻ‌കൈ നേടി. ഇരുമുന്നണികളുടെയും നില അന്ന് ഇങ്ങനെയായിരുന്നു: ഗ്രാമ പഞ്ചായത്തുകൾ -- എൽ.ഡി.എഫ്  384, യു.ഡി.എഫ്  582. ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 60, യു.ഡി.എഫ് 92. ജില്ലാ പഞ്ചായത്തുകൾ -- എൽ.ഡി.എഫ് 6, യു.ഡി.എഫ് 8. ഇത്തവണ എൽ.ഡി..എഫ് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും യു.ഡി.എഫിനെ 2005ലെ നിലയിലേക്ക് താഴ്ത്താൻ അതിന് കഴിഞ്ഞില്ല. ഇപ്പോഴത്തെ നില ഇങ്ങനെ: ഗ്രാമ പഞ്ചായത്തുകൾ --എൽ.ഡി.എഫ് 550, യു.ഡി.എഫ് 363.  ബ്ലോക്ക് പഞ്ചായത്തുകൾ -- എൽ.ഡി.എഫ്.90, യു.ഡി.എഫ് 61. ജില്ലാ പഞ്ചായത്തുകൾ --- എൽ.ഡി.എഫ് 7, യു.ഡി.എഫ് 7. ചില കോർപ്പറേഷനുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ഒരു പുതിയ ഘടകം കണക്കിലെടുക്കേണ്ടതുണ്ട്. അത് പതിറ്റാണ്ടുകളായി കേരളത്തിൽ ഇടം തേടിക്കൊണ്ടിരുന്ന ബി.ജെ.പിയുടെ മുന്നേറ്റമാണ്. ഇത് സാധ്യമാക്കിയ സാഹചര്യം പരിശോധന അർഹിക്കുന്നു. വിജയിക്കുന്നവരോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം വോട്ടർമാർ എല്ലായിടത്തുമുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഫലമായി ബി.ജെ.പി. കോൺഗ്രസിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായി തീർന്നിട്ടുള്ളതുകൊണ്ട് ആളുകളെ ആകർഷിക്കാനുള്ള അതിന്റെ കഴിവ് വർദ്ധിച്ചിട്ടുണ്ട്. ഹിന്ദു വോട്ടു ബാങ്ക് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി വളരാൻ ശ്രമിക്കുകയാണ്. വിവിധ ജാതി വിഭാഗങ്ങളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണെന്നതാണ് ഹിന്ദു ഏകീകരണത്തിനുള്ള പ്രധാന പ്രതിബന്ധം. പൊതുവിൽ മുന്നോക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി ലഭിച്ച മേൽ‌ക്കോയ്മ നിലനിർത്താൻ ആഗ്രഹിക്കുന്നു. പിന്നാക്ക വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഫലമായി അനുഭവിക്കുന്ന അവശതകൾ അകറ്റാൻ ശ്രമിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മിതി, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങൾ  മുന്നോട്ടു വെക്കുകയാണ് ഈ പ്രതിബന്ധം തരണം ചെയ്യാൻ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് കണ്ടെത്തിയ മാർഗ്ഗം. വടക്കേ ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങളിൽ ഈ തന്ത്രം വേഗം ഫലം കണ്ടു.

മോദിയുടെ വരവിനുശേഷം മെനഞ്ഞ തന്ത്രത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ട് പിന്നാക്ക സമുദായ സംഘടനകൾ ‌‌‌--- ഈഴവ പ്രാതിനിധ്യം അവകാശപ്പെടുന്ന എസ്.എൻ.ഡി.പി. യോഗവും കേരള പുലയ മഹാസഭയും --- ബി.ജെ.പിയുടെ ആകർഷണ വലയത്തിൽ പെട്ടിട്ടുണ്ട്. ശ്രീനാരായണന്റെയും അയ്യൻ‌കാളിയുടെ നേതൃത്തിൽ നടന്ന സമരങ്ങളുടെ തീച്ചൂളയിൽ വളർന്ന ഈ സമുദായങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആദ്യകാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിനിട്ടുള്ളവരാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വം അടിസ്ഥാന വർഗതാല്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന ചിന്ത ഈ വിഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ബലപ്പെട്ടിട്ടുണ്ട്. എന്നാൽ അവർ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടിന്റെ 65 ശതമാനവും എൽ.ഡി.എഫിനാണ് കിട്ടിയത്. യു.ഡി.എഫിനു കിട്ടിയത് 26 ശതമാനം മാത്രം. നായർ വോട്ട് മുന്നണികൾക്കിടയിൽ ഏറെക്കുറെ തുല്യമായി വിഭജിക്കപ്പെട്ടു: എൽ.ഡി.എഫിന് 44 ശതമാനം, യു.ഡി.എഫിന് 43 ശതമാനം.നായർ വോട്ടിൽ 11 ശതമാനവും ഈഴവ വോട്ടിൽ ഏഴ് ശതമാനവും മുസ്ലിം, ക്രൈസ്തവ വോട്ടുകളിൽ ഒരു ശതമാനം വീതവും ബി.ജെ.പിക്ക് കിട്ടി.

ബി.ജെ.പിയും അതിന്റെ മുൻ‌ഗാമിയായ ജനസംഘവും അറുപതിൽപരം കൊല്ലങ്ങളായി രംഗത്തുണ്ടെങ്കിലും അവരുടെ സ്വാധീനം ഏതാനും ചെറിയ കീശകളിലൊതുങ്ങുന്നതുകൊണ്ട് നിയമസഭയിൽ ഒരു സീറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. അതിന്റെ വളർച്ച തടഞ്ഞിരുന്ന ചില ഘടകങ്ങളെ മറികടക്കാനായതുകൊണ്ട് ഇത്തവണ ഒരു ഡസനിലധികം പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്കു കഴിഞ്ഞു. ഏറെ കാലമായി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. അവിടെ ബി.ജെ.പി. 35 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. തങ്ങൾ വലിയ നേട്ടമുണ്ടാക്കുമെന്ന് വോട്ടെടുപ്പിനു മുമ്പ് പറഞ്ഞ ബി.ജെ.പി. നേതാവ് വി.വി. രാജേഷുമായി സി.പി.എം. എം.എൽ.എയും മുൻ‌മേയറുമായ വി. ശിവൻ‌കുട്ടി വാതുവെക്കുകയുണ്ടായി. മുപ്പത് സീറ്റ് പിടിച്ചാൽ രാജേഷിന് ഒരു പവന്റെ മോതിരം കൊടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.  ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ സി.പി.എം നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കും കഴിയുന്നില്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്മേലുള്ള വിധിയെഴുത്താകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്.

രണ്ട് മുന്നണികളും ദുർബലമാവുകയാണെന്നും അതിന്റെ കാരണം സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശക്തിക്ഷയമാണെന്നും തിരിച്ചറിയാൻ ആ കക്ഷികളുടെ നേതാക്കൾക്കാകുന്നില്ല. ജനങ്ങളുടെ മുന്നിൽ ഈ മുന്നണികളിൽ ഒന്നിനെ തെരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന ഹുങ്ക് നിറഞ്ഞ ധാരണയിൽ കഴിയുകയാണവർ. ഇരുമുന്നണി സമ്പ്രദായം മടുത്ത ജനങ്ങൾ മറ്റൊന്ന് പരീക്ഷിക്കാൻ മാനസികമായി തയ്യാറെടുക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകളനുസരിച്ച്, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 74,01,160ഉം യു.ഡി.എഫിന് 73,76,752ഉം ബി.ജെ.പിക്ക് 26,31,271ഉം വോട്ടുകളാണ് കിട്ടിയത്. ഈ കണക്കിനെ ആധാരമാക്കി യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ ആഘാതം കുറച്ചു കാണിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയുണ്ടായി. ഇരുമുന്നണികളും തമ്മിൽ 24,000 വോട്ടിന്റെ വ്യത്യാസം മാത്രമെയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതു കള്ളക്കണക്കാണെന്നു പറഞ്ഞു തള്ളി. യു.ഡി/എഫിനു കിട്ടിയതിനേക്കാൾ 3,27,217 കൂടുതൽ വോട്ട് എൽ.ഡി.എഫ് നേടിയതായി അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം എൽ.ഡി.എഫ് പ്രകടനത്തെ യു.ഡി.എഫിന് ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ‌കൈ ലഭിച്ച 2010ലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തി സംതൃപ്തിയടഞ്ഞു. എൽ.ഡി.എഫിന് 2005ലെ നിലയിലേക്കെത്താനായില്ലെന്ന വസ്തുത അദ്ദേഹം ശ്രദ്ധിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രധാന പാഠം കേരള രാഷ്ട്രീയം എൽ.ഡി.എഫ്-യു.ഡി.എഫ് അച്ചുതണ്ടിൽ കറങ്ങുന്ന കാലം അവസാനിക്കാറായി എന്നതാണ്.  ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും ഇത് മനസിലാക്കിയ ലക്ഷണമില്ല. ബി.ജെ.പി. മുന്നേറിയതെങ്ങനെയെന്ന് വിശദീകരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ്  ബി.ജെ.പി. കേന്ദ്ര നേതൃത്വം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സി.പി.എം അതിനെ ആശങ്കയോടെയാണ് വീക്ഷിച്ചത്. യോഗത്തിന്റെ രാഷ്ട്രീയ നീക്കം ഇടതു മുന്നണിയുടെ ഈഴവ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. അങ്ങനെയൊരു ഭയം ഏതായാലും ഇടതുപക്ഷത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദനും കോടിയേരിയും പിണറായി വിജയനും ഉമ്മൻ ചാണ്ടി ബി.ജെ.പി-എസ്.എൻ.ഡി.പി. സംബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് കുറ്റപ്പെടുത്തിയത്. .അവരുടെ പ്രതികരണങ്ങൾ വെള്ളാപ്പള്ളിക്ക് അനർഹമായ രാഷ്ട്രീയ പ്രാധാന്യം നേടിക്കൊടുത്തു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ യോഗത്തിന്റെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്ന് സ്ഥാപിക്കാൻ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ച് എൽ.ഡി.എഫിനു കിട്ടേണ്ട 11 ലക്ഷം ഈഴവ വോട്ടും യു.ഡി.എഫിന് കിട്ടേണ്ട അഞ്ചു ലക്ഷം ഈഴവ വോട്ടും ബി.ജെ.പിക്കു പോയി. ഇതിനെ ബി.ജെ.പിയുടെ 26 ലക്ഷം വോട്ടിൽ 16 ലക്ഷം യോഗം സംഭാവന ചെയ്തതാണെന്ന് വരുത്തിത്തീർത്ത്  അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി വിലപേശാനുള്ള ശ്രമമായി മാത്രം കണ്ടാൽ മതി. ഈഴവ വോട്ട് ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിക്ക് വലിയ തോതിൽ തിരിച്ചുവിടാനുള്ള കഴിവ് വെള്ളാപ്പള്ളിക്കുണ്ടായിരുന്നെങ്കിൽ എൽ.ഡി.എഫിനു 2010ലെ നില മെച്ചപ്പെടുത്താൻ കഴിയുമായിരുന്നില്ല.

നിലവിലുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് സംവിധാനം രൂപപ്പെട്ടത് 1980കളിലാണ്. കോൺഗ്രസ് നയിക്കുന്ന മുന്നണി 1982ലെ തെരഞ്ഞെടുപ്പിൽ സി.പി.എം നയിക്കുന്ന മുന്നണിയെ തോല്പിച്ചത് ഒരു ലക്ഷത്തിനു താഴെമാത്രം വോട്ടിന്റെ വ്യത്യാസത്തിലാണ്. സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരവും ചെറുതായിരുന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലെ വ്യത്യാസം വർദ്ധിച്ചു. അതിന്റെ ഫലമായി ജയിക്കുന്ന മുന്നണിക്ക് 100 സീറ്റും തോൽക്കുന്ന മുന്നണിക്ക് 40 സീറ്റും എന്ന അവസ്ഥയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിലെ വ്യത്യാസം വീണ്ടും കുറഞ്ഞു. യു.ഡി.എഫിനു കൂടുതലായി കിട്ടിയത് 1.68 ലക്ഷം വോട്ടു മാത്രം. അതിനൊത്ത് സീറ്റിന്റെ എണ്ണത്തിലെ വ്യത്യാസവും കുറഞ്ഞു യു.ഡി.എഫ് 72, എൽ.ഡി.എഫ് 68.

ബി.ജെ.പി 26 ലക്ഷം വോട്ട് സംഭരിക്കാൻ കഴിയുന്ന കക്ഷിയായി വളർന്നിരിക്കുന്ന സ്ഥിതിക്ക് അടുത്ത നിയമസഭയിൽ അത് രണ്ടൊ മൂന്നൊ സീറ്റു നേടിയാൽ അത്ഭുതപ്പെടാനില്ല. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുവിഹിതത്തിലെ വ്യത്യാസം നന്നെ ചെറുതായി തുടർന്നാൽ സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ ബി.ജെ.പിക്ക് കഴിയും. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാൻ മടിയില്ലാത്ത മുന്നണി നേതൃത്വങ്ങളെ ഇത് അലട്ടുന്നതേയില്ല.

ബി.ജെ.പിയുടെ വളർച്ച രാഷ്ട്രീയ ബലാബലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ട ഒന്നല്ല. അത് ഹിന്ദുവർഗീയതയുടെ വളർച്ചയെ കുറിക്കുന്നു. ഇത് കണക്കിലെടുക്കാതെയുള്ള വിശകലനം യാഥാർത്ഥ്യബോധത്തോടെയുള്ളതാവില്ല. ഇവിടെ വർഗീയത വളരുന്നതായി എ.കെ.ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നീ കോൺഗ്രസ് നേതാക്കളും വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നീ സി.പി.എം നേതാക്കളും അടുത്ത കാലത്ത് പറയുകയുണ്ടായി. ആന്റണി വർഗീയതയെ കുറിയ്ക്കാൻ ജാതിമതഭ്രാന്ത് എന്ന വാക്കാണ് ഉപയോഗിച്ചത്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന പലരും നേരത്തെ തിരിച്ചറിഞ്ഞ വസ്തുതയാണ് നേതാക്കന്മാർ ഇപ്പോൾ വിളിച്ചുപറയുന്നത്. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ സക്കറിയയെപ്പോലെ ചിലർ വർഗീയതയ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

വർഗീയതയുടെ വളർച്ചയിൽ എല്ലാ നേതാക്കളുടെയും ആശങ്ക ഒരേ തരത്തിലുള്ളതല്ല. സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രൻ ന്യൂനപക്ഷ വർഗീയതയെയാണ് ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുകയുണ്ടായി. അവരുടെ ആശങ്ക ഹിന്ദു വർഗീയതയെ കുറിച്ചാണെന്ന് വ്യക്തം. വെള്ളാപ്പള്ളി നടേശൻ ഡൽഹിയിൽ പോയി ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായെയും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീൺ തൊഗാഡിയായെയും കണ്ടതിനു ശേഷമാണ് അവർ ആശങ്ക രേഖപ്പെടുത്തിയത്. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരു സമുദായ നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ലെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ സമസ്ത കേരള ജമയത്തുൽ ഉലെമ (എപി. വിഭാഗം) ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബുബക്കർ മുസലിയാരുമായി അടുക്കാൻ സി.പി.എം. ശ്രമിക്കുന്നതായി വാർത്ത വന്നു.

ന്യൂനപക്ഷ സമുദായങ്ങൾ അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നതായി ഭൂരിപക്ഷസമുദായങ്ങൾ   കരുതുന്നെന്ന് ഒരു പതിറ്റാണ്ടു മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ആന്റണി പറയുകയുണ്ടായി. ഭരണാധികാരിയെന്ന നിലയിൽ ആ ധാരണ തെറ്റാണെങ്കിൽ തിരുത്താനും ശരിയാണെങ്കിൽ പരിഹരിക്കാനുമുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിന് അദ്ദേഹം ശ്രമിച്ചതായി അറിവില്ല. വർഗീയതയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച രമേശ് ചെന്നിത്തല ആശങ്കയുടെ അടിസ്ഥാനം വ്യക്തമായിട്ടില്ല. ഒരാശങ്കയും ഇല്ലാത്തതു കൊണ്ടാകാം ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല. കാനത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സി.പി.എം നേതാക്കളെ പോലെ, അദ്ദേഹം ഹിന്ദുവർഗീയതയ്ക്കനുകൂലമായ നിലപാട് എടുക്കുന്നതായി ആരോപിച്ചു. ലീഗ് എന്തു പറഞ്ഞാലും വർഗീയമായി ചിത്രീകരിക്കപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടു.

ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിനുശേഷം രാജ്യത്ത് വർഗീയത നിലനിർത്തുകയും വളർത്തുകയും ചെയ്തത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സ്രോതസായ രാഷ്ട്രീയ സ്വയം സേവക് സംഘ് ആണ്. ഒന്നാം ലോക് സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഹിന്ദുമഹാസഭാ മുൻ അദ്ധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജി രൂപീകരിച്ച ജനസംഘമായിരുന്നു ആർ.എസ്.എസിന്റെ ആദ്യ രാഷ്ട്രീയ ഉപകരണം. ജയപ്രകാശ് നാരായണന്റെ രക്ഷാധികാരത്തിൽ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ നേരിടാൻ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ജനസംഘം അതിൽ ലയിച്ചു. ജനതാ പാർട്ടിക്കുള്ളിലെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ആർ.എസ്.എസ് ശ്രമം തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ലിമെയ് അപകടം മണത്തു. അദ്ദേഹം ഇരട്ട അംഗത്വത്തിനെതിരെ ജനതാ പാർട്ടിക്കുള്ളിൽ അഭിപ്രായം സ്വരൂപിച്ചു. ജനതാ പാർട്ടി അംഗങ്ങൾ ആർ.എസ്.എസ് അംഗത്വം ഉപേക്ഷിക്കാർ നിർബന്ധിതരാകുമെന്നായപ്പോൾ ജന സംഘത്തിൽ നിന്നു വന്നവർ ബി.ജെ.പി രൂപീകരിച്ചു. നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന സുഷമാ സ്വരാജിനെ പോലെ ചിലരും അവരോടൊപ്പം പോയി.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ കേരളത്തിലും ആർ.എസ്.എസ്. പ്രവർത്തനം തുടങ്ങിയിരുന്നു. ബ്രാഹ്മണ, നായർ യുവാക്കൾ പങ്കെടുക്കുന്ന ശാഖകൾ തിരുവനന്തപുരം നഗരത്തിൽ പതിവു കാഴ്ചയായി. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടന ഒരു ദിവസം ശാഖ നടക്കുമ്പോൾ അതിനെ സംഘടിതമായി നേരിട്ടു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഏറെ കാലം നഗരത്തിൽ ശാഖാപ്രവർത്തനം നടന്നില്ല. ഇടതുപക്ഷം അതിവേഗം വളർന്നിരുന്ന ആ ഘട്ടത്തിൽ ആർ.എസ്.എസിന് പിടിച്ചു നിൽക്കാനായില്ല.

കണ്ണൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുപോകുന്നവർക്ക്  സംരക്ഷണം നൽകിക്കൊണ്ടാണ് പിന്നീട് ആർ.എസ്.എസും അതിന്റെ നീയന്ത്രണത്തിലുള്ള രാഷ്ട്രീയ കക്ഷിയും വളർന്നത്. പതിറ്റാണ്ട്കളായി അവിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ ഇരുകൂട്ടരും നിരവധി കൊലപാതകങ്ങൾ നടത്തി. ആ കൊലപാതക പരമ്പര ഇപ്പോഴും തുടരുകയാണ്.

മുന്നണികൾ തളരുന്നിടത്ത് ബി.ജെ.പി. വളരുന്നത്  ആശങ്കക്ക് വക നൽകുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അതിന്റെ വർഗ്ഗീയ സ്വഭാവവും മറ്റേത് അതിന്റെ അക്രമവാസനയുമാണ്. കേരളത്തിലെ ഏക വർഗീയ കക്ഷിയല്ല അത്. അക്രമവാസന പ്രകടിപ്പിക്കുന്ന ഏക കക്ഷിയുമല്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ശ്രീനാരായണൻ വിഭാവന ചെയ്ത കേരളം പ്രത്യക്ഷവും പ്രച്ഛന്നവുമായ വർഗീയതകളുടെ കേളീരംഗമായിരിക്കുന്നെന്ന വസ്തുത നാം സത്യസന്ധമായി അംഗീകരിക്കേണ്ട കാലമായി.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 6-12, 2015)

2 comments:

Rajesh said...

ഹ ഹ ഹ ഹ ........ ഇതിനു കേരളം എന്തിനു ഭയക്കണം, ഭയക്കണ്ടത് ഇടതു പക്ഷവും വലത് പക്ഷവും ആണ്... ഒരു തരത്തിൽ പറഞ്ഞാൽ കേരളം മുടിഞ്ഞ ഒരു ശാപത്തിൽ നിന്നും മോചിക്കപ്പെടുകയാണ്. സംഭവാമി യുഗേ യുഗേ.

Rajesh said...

ഹ ഹ ഹ ഹ ........ ഇതിനു കേരളം എന്തിനു ഭയക്കണം, ഭയക്കണ്ടത് ഇടതു പക്ഷവും വലത് പക്ഷവും ആണ്... ഒരു തരത്തിൽ പറഞ്ഞാൽ കേരളം മുടിഞ്ഞ ഒരു ശാപത്തിൽ നിന്നും മോചിക്കപ്പെടുകയാണ്. സംഭവാമി യുഗേ യുഗേ.