Sunday, December 29, 2013

ശുദ്ധീകരണം കാത്തു കിടക്കുന്ന സി.പി.എം.

ബി.ആർ.പി. ഭാസ്കർ

ഒരു ശുദ്ധീകരണത്തിന് തയ്യാറെടുക്കുന്നെന്ന സന്ദേശമാണ് സി.പി.എമ്മിന്റെ പാലക്കാട് പ്ലീനം നൽകിയത്. ആ പ്രക്രിയയുടെ സ്വഭാവം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ചില സൂചനകൾ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടനപ്രസംഗത്തിലുണ്ടായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള മാർഗ്ഗമാണ് പ്ലീനമെന്നും തിരുത്തപ്പെടേണ്ട എന്തെങ്കിലുമുണ്ടെങ്കിൽ ഒരു കൊല്ലം നീളുന്ന ശുദ്ധീകരണ പ്രക്രിയയിലൂടെ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചാടനം ചെയ്യേണ്ട നാലു കാര്യങ്ങൾ അദ്ദേഹം എടുത്തു പറയുകയും ചെയ്തു: ധാർഷ്ട്യം, ധാരാളിത്വ ജീവിതശൈലി, വിഭാഗീയത, മറ്റ് തരത്തിലുള്ള ദുഷ്‌പ്രവണതകൾ. സംസ്ഥാനഘടകത്തെക്കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലാകണം  അദ്ദേഹം ഈ വിഷയങ്ങൾ കണ്ടെത്തിയത്. 

പ്ലീനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സ്വയംവിമർശനപരമായി പാർട്ടിയിൽ പടരുന്ന ജീർണ്ണതയെക്കുറിച്ച് പരാമർശിച്ചു. ചാക്ക് രാധാകൃഷ്ണൻ എന്ന വ്യവസായി പ്ലീനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നൽകിയ പരസ്യം ചർച്ചാവിഷയമായപ്പോൾ ചില ഉന്നത നേതാക്കൾ എടുത്ത നിലപാട് ജീർണ്ണതയുടെ സ്വഭാവം തിരിച്ചറിയാൻ പോലും അവർക്ക് കഴിയുന്നില്ലെന്ന് വ്യക്തമാക്കി. പരസ്യം സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പാർട്ടി പിന്നീട് സമ്മതിച്ചെങ്കിലും ഇക്കാര്യത്തിലുണ്ടായ കാലതാമസം നേതൃനിരയിലുള്ളവരെല്ലാം ശുദ്ധീകരണത്തിൽ ആത്മാർത്ഥതയുള്ളവരാണോ എന്ന സംശയം ഉയർത്തുന്നുണ്ട്.

സി.പി.എം. നേതൃത്വത്തിൽ നടക്കുന്ന ക്ലിഫ് ഹൌസ് ഉപരോധത്തിനിടയിൽ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെ സന്ധ്യ എന്ന വീട്ടമ്മ പ്രതിഷേധിച്ചത് പ്ലീനത്തിനു ശേഷമാണ്. ആ സ്ത്രീയെ ഒരു നേതാവ് വിശേഷിപ്പിച്ചത് താടകയെന്നാണ്. അവരുടേത് ധാർമ്മികരോഷ പ്രകടനമായിരുന്നു. സംസ്ഥാനതല നേതാക്കൾ അവർക്കെതിരെ പൊതുവേദികളിലും ചാനലുകളിലും നടത്തിയ പ്രകടനങ്ങളിൽ നിഴലിച്ചത് പ്ലീനം ഒഴിവാക്കാൻ ആവശ്യപ്പെട്ട ധാർഷ്ട്യമാണ്. ആ സംഭവമുളവാക്കിയ ജാള്യത മറികടക്കാൻ ഉപരോധത്തിന് വീട്ടമ്മമാരെ ഇറക്കാൻ പാർട്ടി പിന്നീട് തീരുമാനിച്ചു. ആയിരക്കണക്കിന് സ്ത്രീകളെ സമരമുഖത്തെത്തിക്കാൻ കഴിവുള്ള പാർട്ടിയാണ് സി.പി.എം. എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വലതു താടകക്കെതിരെ ഇടതു താടകമാരെ ഇറക്കുന്നതാണോ സി.പി.എമ്മിന്റെ രാഷ്ട്രീയബോധം?

തട്ടിപ്പു കേസുകളുടെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരം ആരംഭിച്ചിട്ട് മാസങ്ങളായി. പല തവണ സമരത്തിന്റെ രൂപവും ഭാവവും മാറ്റിയെങ്കിലും അത് വിജയിക്കുന്ന ലക്ഷണമില്ല. പാർട്ടിക്ക് സമരം വിജയിക്കണമെന്ന ആഗ്രഹമുണ്ടോയെന്ന സംശയം ബലപ്പെട്ടു വരുമ്പോഴാണ് കണ്ണൂരിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ ചെന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. സരിതാ നായരുടെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾ‌പ്പെട്ടിരുന്നെന്ന് കണ്ട് പൊലീസ് നടപടി തുടങ്ങിയപ്പോൾ തന്നെ ഉമ്മൻ ചാണ്ടി തന്റെ ആപ്പീസിന്റെ പ്രവർത്തനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയേണ്ടതായിരുന്നു. കണ്ണൂരിലെ ആക്രമണത്തിനുശേഷം രാജിയുണ്ടായാൽ ഗൂണ്ടകൾ വിചാരിച്ചാൽ മുഖ്യമന്ത്രിയെ എറിഞ്ഞു വീഴ്ത്താമെന്ന സന്ദേശമാകും അത് നൽകുക. അത് ധാർമ്മികതയുടെ വിജയമല്ല, ഒരു അധാർമ്മികതയുടെ മേൽ മറ്റൊരു അധാർമ്മികതയുടെ വിജയം മാത്രമാകും. യഥാർത്ഥത്തിൽ ധാർമ്മികതയുടെ പേരിൽ ആർക്കും ആരുടെയും രാജി ആവശ്യപ്പെടാനാകാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ധാർമ്മികമായി അല്പമെങ്കിലും ഉയരത്തിൽ നിൽക്കുന്നവർക്കല്ലേ അതിന്റെ പേരിൽ രാജി ആവശ്യപ്പെടാനാകൂ?

കണ്ണുരിലെ അക്രമസംഭവത്തെ തുടർന്ന് പൊലീസ് നിരവധി എൽ.ഡി.എഫ് പ്രവർത്തകരെ പ്രതി ചേർത്ത് കേസെടുത്തെങ്കിലും തങ്ങൾക്ക് അതുമായി ബന്ധമില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫും ആവർത്തിച്ചു പറഞ്ഞു. അക്രമം ഉമ്മൻ ചാണ്ടിക്ക് ഗുണം ചെയ്യുമെന്ന് അറിയാവുന്ന ഞങ്ങൾ അതിനു മുതിരുമോ എന്ന പ്രത്യക്ഷത്തിൽ ന്യായമായ ചോദ്യം അവർ ചോദിച്ചു. ആക്രമണം സംഘടിപ്പിച്ചത് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആണെന്ന പ്രത്യാരോപണവും അവർ ഉന്നയിച്ചു. ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങൾ യു.ഡി.എഫിനു ഗുണം ചെയ്യുന്ന പ്രവൃത്തി ചെയ്യുമോ എന്ന് സി.പി.എം. നേതാക്കൾ ചോദിച്ചത് ഓർമ്മിപ്പിച്ചു കൊണ്ടാണ് എതിർമുന്നണി സി.പി.എം വാദത്തെ നേരിട്ടത്. ഐ. ഗ്രൂപ്പുകാരായ ഞങ്ങൾ എ ഗ്രൂപ്പുകാരനായ മുഖ്യമന്ത്രിക്കു ഗുണം ചെയ്യുന്ന പ്രവൃത്തി ചെയ്യുമോ എന്ന മറുചോദ്യം സുധാകരവിഭാഗവും ഉന്നയിച്ചു. സ്വന്തം അനുയായികൾപോലും മുഖവിലക്ക് എടുക്കാൻ മടിക്കുന്ന വാദങ്ങളാണ് ഇരുഭാഗത്തു നിന്നും ഉയർന്നത്.

തട്ടിപ്പുകൾ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷം പറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിൻ കീഴിലുള്ള പൊലീസ് സേന അക്രമസംഭവങ്ങൾ സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. വസ്തുതകളുടെ അടിസ്ഥാനത്തിൽ അക്രമത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് തീർപ്പ് കല്പിക്കാൻ എളുപ്പമല്ലാത്തതുകൊണ്ട് ഒരോരുത്തർക്കും സ്വന്തം താല്പര്യത്തിന്റെ അടിസ്ഥാനത്തിലെത്തുന്ന നിഗമനങ്ങളുമായി ധൈര്യമായി മുന്നോട്ടുപോകാം. അക്രമം നടത്തിയതാരായാലും അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും സംഭവം നടന്നശേഷം അതിനെ നേരിട്ടും അല്ലാതെയും ന്യായീകരിക്കുകയും ചെയ്ത സി.പി.എമ്മിന് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറാനാവില്ല.  

കേരള രാഷ്ട്രീയം ഏറെക്കാലമായി സംഘർഷഭരിതമാണെങ്കിലും ഒരു മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമത്തിന്റെ കണ്ണിൽ എല്ല്ലാവരും തുല്യരാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്നതും ഒരു സാധാരണ പൌരൻ ആക്രമിക്കപ്പെടുന്നതും ഒരുപോലെ അപലപനീയമാണ്. എന്നാൽ പ്രത്യേക സുരക്ഷാ സംവിധാനമുള്ള മുഖ്യമന്ത്രിക്കെതിരായ ആക്രമണം കൂടുതൽ ഗൌരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ പുറത്ത് ഇതിനുമുമ്പ് കല്ലുവീണിട്ടില്ലെങ്കിലും നേതാക്കൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കഴിവ് അന്വേഷണ-പ്രോസിക്യൂഷൻ സംവിധാനങ്ങൾക്കുണ്ടെന്ന വിശ്വാസം ജനങ്ങൾക്കില്ല. കണ്ണൂർ സംഭവത്തിന്റെ തുടർച്ചയെന്നോണം അവിടെയും മറ്റ് ചിലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ആപ്പീസുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളും രണ്ട് കക്ഷികളുടെയും നേതാക്കൾ നടത്തിയ പോർവിളികളും ഒരു പാർട്ടിയിൽ‌പെട്ടവർ അക്രമികളും മറ്റേതിൽ പെട്ടവർ സമാധാനപ്രിയരുമാണെന്ന് കരുതാൻ അനുവദിക്കുന്നില്ല.

കണ്ണൂർ അക്രമക്കേസന്വേഷണം ടി.പി.വധക്കേസന്വേഷണത്തിന് സമാനമായ രീതിയിലാണ് പുരോഗമിക്കുന്നത്. ‘കണ്ടാലറിയാവുന്ന‘ കാക്കത്തൊള്ളായിരം പ്രതികളുമായി അന്വേഷണം തുടങ്ങി. പിന്നീട് സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റിതലം വരെയുള്ള കുറേപ്പേരെ ‘കണ്ട’റിഞ്ഞു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ടി.പി. കേസന്വേഷണ വേളയിൽ സി.പി.എം. ഉയർത്തിയ തരത്തിലുള്ള വ്യാപകമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഇപ്പോഴുണ്ടാകുന്നില്ല. ഇത് പാർട്ടി നൽകുന്ന പേരുകളാണ് പ്രതിപ്പട്ടികയിൽ വരുന്നതെന്ന ഉപശാലാ വാർത്തകൾക്ക് ബലം പകരുന്നു. നേതൃത്വത്തിന്റെ അറിവൊ സമ്മതമൊ കൂടാതെ ഒരംഗം അക്രമത്തിനു മുതിർന്നാൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.എം. ആ നിലയ്ക്ക്  പൊലീസ് ആരോപിക്കുന്നതുപോലെ ആക്രമണം ഗൂഢാലോചനയുടെ ഫലമായാണുണ്ടായതെങ്കിൽ അതിലുൾപ്പെട്ടവരുടെമേൽ അച്ചടക്ക നിയന്ത്രണമുള്ള നേതാക്കൾക്ക് അതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് അനുമാനിക്കാം. എന്നാൽ ഒരു കോടതിയെ ബോധ്യപ്പെടുത്താൻ പോരുന്ന തെളിവു നിരത്തി അത് സ്ഥാപിക്കാൻ പൊലീസിന് കഴിയില്ല. അപ്പോൾ അന്വേഷണം സ്വാഭാവികമായും താഴെത്തട്ടിൽ ഒതുങ്ങും.

ടിപി. വധക്കേസ് അന്വേഷിക്കുന്ന സമയത്ത് പൊലീസിനുള്ളിൽ നിന്ന് സി.പി.എമ്മിന് വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കണ്ണൂർ അക്രമക്കേസ് വിവരങ്ങൾ ചോർന്നതായും പറയപ്പെടുന്നു. പൊലീസിൽ പാർട്ടിയോട് വിധേയത്വം പുലർത്തുന്നവരുള്ളതു കൊണ്ട് ഇതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ആദ്യം പൊലീസ് സേനയിൽ ബോധപൂർവ്വം സ്വാധീനമുണ്ടാക്കിയത് സി.പി.എമ്മാണെന്ന് പറയാനാവില്ല. പൊലീസ് മേധാവിയെ ഒഴിവാക്കിക്കൊണ്ട് എസ്.പി.തല ഉദ്യോഗസ്ഥന്മാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും സ്വന്തം ആജ്ഞകൾ നിറവേറ്റാൻ തയ്യാറുള്ളവരെ കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രി കെ. കരുണാകരനാണ് സേനയുടെ രാഷ്ട്രീയവത്കരണത്തിന് തുടക്കം കുറിച്ചത്. പക്ഷെ അദ്ദേഹം അത് ചെയ്തത് പാർട്ടിപദ്ധതിയുടെ ഭാഗമായല്ല, വ്യക്തിപരമായ പരിപാടിയെന്ന നിലയിലാണ്. സി.പി.എം. രംഗപ്രവേശം ചെയ്തപ്പോൾ അത് പാർട്ടി പരിപാടിയായി.  അക്രമമുൾപ്പെടെ പല കാര്യങ്ങളിലും കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ പിന്തുടരുന്നത് വളർച്ചയുടെ ഘട്ടത്തിൽ സി.പി.എം വിജയകരമായി പ്രയോഗിച്ച ശൈലിയും തന്ത്രങ്ങളുമാണ്. എന്നാൽ കാതലായ ഒരു വ്യത്യാസമുണ്ട്. രീതികൾ സമാനമാണെങ്കിലും സി.പി.എം പാർട്ടിയെന്ന നിലയിലും കോൺഗ്രസുകാർ വ്യക്തികളെന്ന നിലയിലുമാണ് അവ പിന്തുടരുന്നത്.

കണ്ണൂർ അക്രമത്തെ തുടർന്ന് വിവരം ചോർത്തുന്നതു തടയാൻ പൊലീസ് പുതിയ കോഡുകൾ ഉപയോഗിക്കാനും അവ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥന്മാരിൽ നിന്ന് മറച്ചുവെക്കാനും തീരുമാനിക്കുകയുണ്ടായി. ചോർത്തുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള കഴിവ് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നെന്ന് ഇത് വ്യക്തമാക്കുന്നു. രാഷ്ട്രീയ നുഴഞ്ഞു കയറ്റം തുടങ്ങിയ കാലത്ത് നടപടിയെടുത്തിരുന്നെങ്കിൽ ചോർത്തലുകൾ തടയാനാകുമായിരുന്നു. രാഷ്ട്രീയ സ്വാധീനം വ്യാപകമായിക്കഴിഞ്ഞ സാഹചര്യത്തിൽ അത് എളുപ്പമല്ല. ഇതിന്റെ അർത്ഥം നിലവിലുള്ള സ്ഥിതി മാറ്റം കൂടാതെ തുടരുമെന്നല്ല. വൈകിയാണെങ്കിലും മാറ്റങ്ങൾ ഉണ്ടാകം. എന്നാൽ അത് സംഭവിക്കുന്നത് നല്ല രീതിയിലാകണമെന്നില്ല. ബന്ദ്, ഘെരാവൊ തുടങ്ങിയ സമരമുറകൾ കേരളം പഠിച്ചത് പശ്ചിമ ബംഗാളിൽ നിന്നാണല്ലൊ. അവിടെ മുപ്പതു കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് ചരിത്രം സൃഷ്ടിച്ച സി.പി.എമ്മിന്റെ അനുഭവം കേരളത്തിലെ സി.പി.എമ്മും അതിനെ അനുകരിക്കുന്നവരും പഠിക്കേണ്ടതാണ്. ബംഗാളിൽ പാർട്ടി-പൊലീസ് ബന്ധം കേരളത്തിലേക്കാളേറെ മുന്നോട്ടു പോയിരുന്നു. നന്ദിഗ്രാമിലെ ജനങ്ങൾ സി.പി.എം. സർക്കാരിന്റെ നടപടികൾക്കെതിരെ മുന്നോട്ടു വന്നപ്പോൾ പാർട്ടി കാഡറുകൾ കാക്കി യൂണിഫോം ധരിച്ച് പൊലീസുകാരുമായി ചേർന്ന് ജനങ്ങൾക്കെതിരെ ആയുധപ്രയോഗം നടത്തുന്ന ഘട്ടം വരെ അത് വളരുകയുണ്ടായി. പക്ഷെ അതൊന്നും ബംഗാളിലെ പാർട്ടിയെ രക്ഷിച്ചില്ല. കോൺഗ്രസുകാരിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച മമതാ ബാനർജി സി.പി.എമ്മിന്റെ പല രീതികളും അനുകരിച്ചുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ചത്. കേരളത്തിലും സി.പി.എമ്മിന്റെ ചില രീതികൾ സ്വീകരിച്ചുകൊണ്ടാണ് കെ. സുധാകരനും കൂട്ടരും ആ പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുള്ളത്. അത്തരം മാർഗ്ഗങ്ങളിലൂടെ സി.പി.എമ്മിനെ തോല്പിക്കാനായാൽ തന്നെ ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നതാണ് ബംഗാൾ നൽകുന്ന പാഠം..
 
ഇടതു-വലതു വിഭജനം കേരളത്തിൽ അർത്ഥശൂന്യമായിരിക്കുന്നു. ഇവിടെ പാർട്ടികൾക്ക് വേലി ചാടി ഇടതായൊ  വലതായൊ മാറാൻ കഴിയുന്നു. കുറച്ചുകാലം ബി.ജെ.പി. കൂടാരത്തിൽ കഴിഞ്ഞശേഷം തിരികെ വന്ന് വീണ്ടും മതേതരനായ നേതാവുമുണ്ടിവിടെ. ശുദ്ധീകരണം ഈ അവസ്ഥക്കു  മാറ്റമുണ്ടാക്കില്ലെന്നാണ് ലോക് സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ട് സി.പി.എം. നടത്തുന്ന നീക്കങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ 23, 2013)

Sunday, December 22, 2013

ഈ വഴിത്താരയിൽ

മാതൃഭൂമി ന്യൂസ് 2012 ഡിസംബർ 18ന് സംപ്രേഷണം ചെയ്ത “ഈ വഴിത്താരയിൽ”
Mathrubhumi: Programs

Tuesday, December 17, 2013

അയ്യൻകാളിയുടെ പ്രസിദ്ധീകരണം തൃശ്ശൂരിൽ നിന്നും


ഒരു നൂറ്റാണ്ടു മുമ്പ് അയ്യൻ‌കാളി സ്ഥാപിച്ച സാധുജനപരിപാലിനി എന്ന മാസിക ഏറെ കൊല്ലങ്ങൾക്കുശേഷം, ജനുവരി 2014 മുതൽ, വീണ്ടും വെളിച്ചം കാണുന്നു.

സാധുജനപരിപാലിനിയുടെ ചീഫ് എഡിറ്റർ എഴുതുന്നു:

മഹാത്മ അയ്യൻ‌കാളി നടത്തിയ അക്ഷരവിപ്ലവത്തിന്റെ സുവർണ്ണ ജുബിലി (?)വർഷത്തിൽ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നും സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമായ സാധുജനപരിപാലിനി പ്രതിമാസ വാർത്താപത്രിക 2014 ജനുവരി 5 മുതൽ പുന:പ്രസിദ്ധീകരിക്കുന്നു. ചരിത്രം, സാമുഹ്യം, വിദ്യാഭ്യാസം, സാംസ്കാരികം, സാഹിത്യം, രാഷ്ട്രീയം, തുടങ്ങിയ വിവിധ മണ്ഡലങ്ങളിലെ പ്രശസ്തർ വിവിധ പംക്തികൾ കൈകാര്യം ചെയ്യുന്നു. എല്ലാ ബഹുജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സംഘം സെക്രട്ടറിയുമായി ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്: rajendrakumarvenganoor@gmail.com

Wednesday, December 11, 2013

ഇടയലേഖനം - മല തുരക്കാനൊരു ഒസ്യത്ത്

ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ഓറ മാസികയുടെ ഡിസംബർ ലക്കത്തിൽ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് രണ്ട് നല്ല ലേഖനങ്ങളുണ്ട്. ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനത്തെ അത് അവതരിപ്പിക്കുന്നത് ഇങ്ങനെ: മല തുരക്കാനൊരു ഒസ്യത്ത്

“പശ്ചിമഘട്ടത്തെ രക്ഷിക്കൂ, നമ്മെത്തന്നെ രക്ഷിക്കൂ” എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകനായ ജോൺ പെരുവന്താനം എഴുതുന്നു:  \
1980ലെ കേന്ദ്ര വന നിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയമവും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. രാജ്യത്തെ ഒരു നിയമത്തേയും അംഗീകരിക്കില്ല എന്നാണ് ഒരു  മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്. വനം മാഫിയ, ക്വാറി മാഫിയ, റിസോർട്ട് മാഫിയ തുടങ്ങിയ നിരവധി സമ്പന്ന സ്ഥാപിത ശക്തികൾ ഒന്നിച്ചണിനിരന്നാണ് രാജ്യത്തിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത്.

ജോജി കൂട്ടുമ്മേൽ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ എഴുതിയ “പട്ടയവും കസ്തൂരിരംഗൻ  റിപ്പോർട്ടും”  എന്ന ഇടയലേഖനത്തിന്റെ ഉള്ളിലെന്ത് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്ന്:

ഇടയലേഖനത്തിൽ ബിഷപ്പ് ഉന്നയിക്കുന്ന പ്രധാനപ്രശ്നം കയ്യേറ്റക്കാർക്ക് പട്ടയം കിട്ടുക എന്നതു മാത്രമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ ശുപാർശകളൊക്കെ അതിനുള്ള ഒരു മറ മാത്രം.

നിയമവിരുദ്ധ കൈമാറ്റങ്ങളും പട്ടയം വഴി അംഗീകരിക്കണമെന്നാണ് ബിഷപ്പ് അവകാശപ്പെടുന്നത്....കൈമാറ്റം ചെയ്തുകിട്ടിയെന്നവകാശപ്പെടുന്നവർ 1977നുശേഷം ഹൈറേഞ്ചിലെത്തിയവരാകാനിടയുണ്ട്. അവർ മുമ്പെ വന്നവരിൽ നിന്ന് ഭൂമി വാങ്ങിയതാണെന്നതിന് തെളിവൊന്നുമില്ല. പട്ടയമില്ലാത്ത ഭൂമിയുടെ കൈമാറ്റത്തിന് ഔദ്യോഗികരേഖകളൊന്നുമുണ്ടാവില്ലല്ലൊ.  

1.1.1979നുശേഷം നിയമവിരുദ്ധമായി ഭൂമി കയ്യേറിയതിനും പട്ടയം വേണമെന്ന ധാർഷ്ട്യമാണ് ബിഷപ്പ് ഇതിലൂടെ കാണിക്കുന്നതെന്ന് വ്യക്തം.

പരേതനായ അലോഷ്യസ് ഡി. ഫെർണാണ്ടസ് 1982ൽ സ്ഥാപിച്ച ഓറ മാസിക “മനുഷ്യവിമോചന ശബ്ദം” എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. Organ for Radical Action എന്നതിന്റെ ചുരുക്കെഴുത്താണ് ഓറ.

ഓറ പത്രാധിപസമിതിയിൽ  മാനേജിങ് എഡിറ്റർ പ്രസന്നകുമാർ ഒ. പി., ചീഫ് എഡിറ്റർ എൻ.ജി. ശാസ്ത്രി, ജനറൽ ഏഡിറ്റർ സി.പി. സുധാകരൻ.എന്നിവർ ഉൾപ്പെടുന്നു.

വിലാസം: ഓറ മാസിക, പറവൂർ, പുന്നപ്ര നോർത്ത് പി.ഒ. ആലപ്പുഴ 688 014.
ഫോൺ 0477-2287602
ഇമെയിൽ oraeditors@gmail.com


Tuesday, December 10, 2013

കേരളത്തിലെ മനുഷ്യാവകാശ നിഷേധങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയപ്രബുദ്ധതയിൽ അഭിമാനിക്കുന്ന കേരളസമൂഹം മനുഷ്യാവകാശ അവബോധത്തിൽ പിന്നിലാണ്‍. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നമ്മുടേത് നീണ്ട മനുഷ്യാവകാശനിഷേധ പാരമ്പര്യമുള്ള നാടാണെന്നതാണ്‍. മറ്റേത് രാഷ്ട്രീയാവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനുഷ്യാവകാശങ്ങൾക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്നതും.

ഇന്ത്യയിലെ ഫ്യൂഡൽവ്യവസ്ഥയുടെ സവിശേഷത മതത്തിന്റെ പിൻബലത്തോടെ ഉറപ്പിച്ച ജാതീയമായ ഉച്ഛനീചത്വമായിരുന്നു. കേരളത്തിൽ ആ വ്യവസ്ഥ നടപ്പിലാക്കുമ്പോൾ കടുത്ത എതിർപ്പു നേരിട്ടതുകൊണ്ടാകണം അത് അടിച്ചേല്പിക്കാൻ രാജാക്കന്മാർ യഥേഷ്ടം കൊല്ലാൻ അധികാരമുള്ള മാടമ്പിമാരെ നിയോഗിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടു വരെ അടിമക്കച്ചവടവും നിലനിന്നിരുന്നു. അത് നിർത്തലാക്കിയശേഷവും ജന്മിക്കും കൃഷിപ്പണിക്കാർക്കുമിടയിൽ ഉടമ-അടിമ ബന്ധം തുടർന്നു. ദലിതരും ആദിവാസികളും മറ്റ് ചില പിന്നാക്കവിഭാഗങ്ങളും ഇന്ന് നേരിടുന്ന അവകാശനിഷേധം അതിന്റെ ശേഷിപ്പാണ്‍.

ഫ്യൂഡൽ കാലത്ത് പ്രബല വിഭാഗങ്ങൾക്കിടയിൽ സ്വത്ത് കൈമാറ്റം സ്ത്രീകളിലൂടെ നടന്നിരുന്നതുകൊണ്ട് ഇഷ്ടമില്ലാത്ത സംബന്ധക്കാരനെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം പോലെ ചില അവകാശങ്ങൾ കുടുംബനാഥൻ അവർക്ക് അനുവദിച്ചിരുന്നു. നൂ‍റു കൊല്ലം മുമ്പ് മക്കത്തായത്തിലേക്ക് മാറിയശേഷം ആ വിഭാഗങ്ങളിൽ പുരുഷമേധാവിത്വം ശക്തിപ്പെട്ടു. സ്ത്രീകൾക്ക് സ്വത്തവകാശം നിഷേധിച്ചിരുന്ന വിഭാഗങ്ങളിൽ ഉത്ഭവിച്ച സ്ത്രീധന സമ്പ്രദായം മറ്റ് വിഭാഗങ്ങളിലേക്കും പടർന്നു. സ്ത്രീകൾ അടുക്കളയിൽനിന്ന് അരങ്ങിലേക്ക് വന്ന് വിപ്ലവം സൃഷ്ടിച്ചെന്ന് പറയപ്പെടുന്ന നാട്ടിൽ ഇപ്പോൾ വിദ്യാഭ്യാസം ലഭിച്ച സ്ത്രീകൾ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വീടിനുപുറത്തു മാത്രമല്ല അകത്തും സ്ത്രീകളും കുട്ടികളും അതിക്രമങ്ങൾ നേരിടുന്നു.

എല്ലാവരും തുല്യരാണെന്നും തുല്യാവസരങ്ങൾ അർഹിക്കുന്നെന്നും നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആ ആശയം ഉൾക്കൊള്ളാൻ പലർക്കുമാകുന്നില്ല. അതുകൊണ്ടാണ് ജാതീയവും ലിംഗപരവുമായ വിവേചനം തുടരുന്നത്. അതിന്റെ പിന്നിൽ യാഥാസ്ഥിതിക ജാതിമത ശക്തികളുടെ സ്വാധീനമുണ്ട്. അവർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പുരോഗമനപരമായ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബാധ്യസ്ഥരായ കക്ഷികളും പലപ്പോഴും മടിക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയ്ക്കടി ഉണ്ടാകുന്ന പൌരാവകാശ ലംഘനങ്ങൾ നമുക്ക് കൊളോണിയൽ പാരമ്പര്യത്തിന്റെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം നേടാനായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന, പട്ടാളക്കാർക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം കൊളോണിയൽ പാരമ്പര്യത്തിന്റെ തുടർച്ചയാണ്‍. കലാപബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ മാത്രം നടപ്പാക്കാവുന്ന ഒന്നാണ് ഈ നിയമം. കലാപബാധിത പ്രദേശ പ്രഖ്യാപനത്തിനാകട്ടെ ആറു മാസത്തെ നിലനില്പേയുള്ളൂ. ഒരു ചെറിയ കാലയളവിലേക്കായി വിഭാവനം ചെയ്യപ്പെട്ട സംവിധാനം ഓരോ ആറു മാസവും പുതിയ പ്രഖ്യാപനം ഇറക്കിക്കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  60 കൊല്ലമായി നിലനിർത്തിയിരിക്കുകയാണ്‍. ഈ അനീതിക്കെതിരെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച മണിപുരി കവയത്രി ഇറോം ശർമിള 11 കൊല്ലമായി തടവുകാരിയായി ആശുപത്രിയിലാണ്‍. സഹനസമരം നടത്തുന്ന അവരുമായി സംഭാഷണം നടത്താൻ ഒരു ശ്രമവും നടത്താതെ മൂക്കിലൂടെ ദ്രവ്യാഹാരം നൽകിക്കൊണ്ട് സര്‍ക്കാർ അവരുടെ ജീവൻ നിലനിർത്തിയിരിക്കുകയാണ്‍. ഈ മനുഷ്യാവകാശലംഘനങ്ങൾ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഉള്ള് പൊള്ളയാണെന്ന് വെളിപ്പെടുത്തുന്നു.        

ഐക്യരാഷ്ട്രസഭ 1948 ഡിസംബർ 10ന് അംഗീകരിച്ച സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം നിലവിലുള്ള മനുഷ്യാവകാശ സങ്കല്പം ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിക്കുന്ന രേഖയാണ്‍. അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത രാജ്യങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും പൌരാവകാശങ്ങളിലും ഊന്നിയുള്ള സമീപനവും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സ്വീകരിച്ച സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന സമീപനവും അതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു തരം അവകാശങ്ങൾ കൂടാതെ പ്രത്യേക പ്രശ്നങ്ങൾ നേരിടുന്ന ജനവിഭാഗങ്ങളുടെ സവിശേഷമായ അവകാശങ്ങൾ വ്യക്തമാക്കുന്ന നിരവധി രേഖകളും ഐക്യരാഷ്ട്ര സഭ പിന്നീട് അംഗീകരിക്കുകയുണ്ടായി. ഇരുപതു കൊല്ലം മുമ്പ് അത് മനുഷ്യാവകാശ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മിഷൻ സ്ഥാപിക്കുകയും ചെയ്തു.

സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മിക്ക ആശയങ്ങളും 1950ൽ നിലവിൽ വന്ന നമ്മുടെ ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള അന്താദ്ദേശീയ രേഖകളിലെ വകുപ്പുകൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ നമ്മുടെ നിയമങ്ങൾ വ്യാഖ്യാനിക്കുന്നത്. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി പലതും അന്തസ്സായി ജീവിക്കാൻ ആവശ്യമുള്ളവയെന്ന നിലയിൽ മനുഷ്യാവകാശങ്ങളിൽ പെടുന്നതായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ശുദ്ധവായുവും ശുദ്ധജലവും സന്തുലിതമായ പരിസ്ഥിതിയുമൊക്കെ നല്ല നിലയിൽ ജീവിക്കാൻ ആവശ്യമാണെന്ന തിരിച്ചറിവ് പരിസ്ഥിതി സംരക്ഷണത്തെ മനുഷ്യാവകാശങ്ങളുടെ പരിധിയിൽ കൊണ്ടുവന്നിട്ടുള്ളത്.

മനുഷ്യാവകാശങ്ങളെക്കുറിച്ച് തെറ്റായ ധാരണകൾ വെച്ചു പുലർത്തുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. അതുകൊണ്ടാണ്‍ണ് ‘ഭീകരവാദിക്കെന്ത് മനുഷ്യാവകാശം?’ ‘എവിടെ സുഗതകുമാരി?’ തുടങ്ങിയ ചോദ്യങ്ങൾ ഇടയ്ക്കിടയ്ക്ക് ഉയരുന്നത്. മനുഷ്യാവകാശങ്ങൾ നല്ലവർക്കു മാത്രം നൽകേണ്ടതും മറ്റുള്ളവർക്ക് നിഷേധിക്കേണ്ടതുമായ ആനുകൂല്യമാണെന്ന ധാരണയാണ് ആദ്യ ചോദ്യത്തിന്റെ പിന്നിലുള്ളത്. മനുഷ്യാവകാശ സംരക്ഷണം സാമൂഹ്യസേവനം പോലെ ചിലർ തെരഞ്ഞെടുത്തിട്ടുള്ള പ്രവർത്തനമേഖലയാണെന്നും അവകാശനിഷേധമുണ്ടായാൽ  ശബ്ദമുയർത്തേണ്ടത് അവരുടെ ചുമതലയാണെന്നുമുള്ള ധാരണയാണ് മറ്റേ ചോദ്യത്തിനു പിന്നിൽ.

കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവകാശം ആർക്കുമില്ല. എന്നാൽ ഹീനമായ കുറ്റം ചെയ്തയാൾക്കും ചില അവകാശങ്ങളുണ്ട്. അന്വേഷണഘട്ടത്തിലും വിചാരണവേളയിലും ശിക്ഷിക്കപ്പെട്ടശേഷവും നിയമം അയാൾക്ക് നൽകുന്ന പരിരക്ഷ അയാളുടെ അവകാശമായി അവശേഷിക്കുന്നു.
അവകാശലംഘനം നടക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്താനുള്ള ചുമതല ഓരോ പൌരനുമുണ്ട്. എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായതുകൊണ്ട് പലർക്കും അതിനു കഴിഞ്ഞില്ലെന്ന് വരും. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നവരാണ് മനുഷ്യാവകാശ പ്രവര്‍ത്തകർ. ഈയിടെ ഒരുയർന്ന മുൻ ഉദ്യോഗസ്ഥൻ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ‘ഗാഡ്ഗിൽ റിപ്പോർട്ട് മരമൌലികവാദികളുടെ സുവിശേഷമാണ്‍’ എന്ന് എഴുതുകയുണ്ടായി. വ്യാപകമായി വനം കയ്യേറ്റം നടത്താനും അതൊക്കെ നിയമവിധേയമാക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാനും ഒത്താശ ചെയ്യുന്ന രാഷ്ട്രീയ-ഔദ്യോഗികസംവിധാനത്തിന്റെ ഭാഗമായിരുന്ന ഒരാളിന്റെ വീക്ഷണമാണത്.  കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളുടെ അവകാശങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാവുന്ന സാഹചര്യങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ ശക്തർക്കെതിരെ ദുർബലർക്കൊപ്പം നില്‍ക്കുകയാണ് മനുഷ്യാവകാശ സംരക്ഷകരുടെ കർത്തവ്യം.

നിത്യേന ധാരാളം അവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്. അവയ്ക്കെല്ല്ലാമെതിരെ ശബ്ദമുയർത്താനുള്ള കഴിവ് ലോകത്ത് ഒരു വ്യക്തിക്കും ഒരു സംഘടനയ്ക്കും ഇല്ല. ചില അവകാശപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ വൈദഗ്ദ്ധ്യം ആവശ്യമാണ്‍. ഈ വക കാരണങ്ങളാൽ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും അവരുടെ പ്രവർത്തനങ്ങൾ ചില മേഖലകളിലായി പരിമിതപ്പെടുത്തുന്നു. ഒരു മേഖലയിൽ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തി മറ്റൊരു മേഖലയിൽ അവകാശലംഘനം നടത്തിയെന്നിരിക്കാം. അതുകൊണ്ട് വ്യക്തികളുടെയും സംഘടനകളുടെയും ഓരോ പ്രവർത്തനവും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. (ജനയുഗം)

Thursday, December 5, 2013

എല്ലാ മനുഷ്യർക്കും മനുഷ്യാവകാശങ്ങളുണ്ട്

ബി.ആർ.പി. ഭാസ്കർ

മനുഷ്യാവകാശങ്ങൾക്ക് വളരെ ലളിതമായ ഒരു നിർവചനമുണ്ട്: മനുഷ്യന് അന്തസ്സായി ജീവിക്കാൻ ആവശ്യമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. പക്ഷെ ഈ സങ്കല്പം ശരിയായി മനസിലാക്കാൻ പലർക്കും കഴിയാറില്ല. അതുകൊണ്ടാണ് ‘തീവ്രവാദിക്കും മനുഷ്യാവകാശമോ?’ എന്നതു പോലുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്. മനുഷ്യാവകാശങ്ങളെ നമുക്ക് ഇഷ്ടമുള്ളവർക്ക് മാത്രം കൊടുക്കേണ്ടതും മറ്റുള്ളവർക്ക് നിഷേധിക്കേണ്ടതുമായ ഒന്നായി കാണുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുന്നത്. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്ഥാപിതമായ ഐക്യ രാഷ്ട്രസഭ 1948 ഡിസംബർ 10ന് സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. രണ്ട് ചിന്താധാരകളുടെ സംഘട്ടനത്തിനിടയിൽ ഉയർന്നുവന്ന പൊതുവായ ആശയങ്ങളാണ് അതിലുള്ളത്. അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ പൌരന്മാരുടെ രാഷ്ട്രീയ അവകാശങ്ങളിൽ അധിഷ്ഠിതമായ അവകാശ സങ്കല്പം മുന്നോട്ടുവെച്ചപ്പോൾ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശങ്ങളിൽ ഊന്നിയുള്ള ബദൽ സങ്കല്പം അവതരിപ്പിച്ചു. പിന്നീട് ഐക്യ രാഷ്ട്രസഭ ഈ രണ്ട് സങ്കല്പങ്ങളിലും പെടുന്ന കൂടുതൽ ആശയങ്ങൾക്ക് അന്താദ്ദേശീയ പൌരാവകാശ രാഷ്ട്രീയ അവകാശ ഉടമ്പടി (International Covenant on Civil and Political Rights), അന്താദ്ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി (International Covenant on Economic, Social and Cultural Rights) എന്നിവയിലൂടെ അംഗീകാരം നൽകി. പ്രതികൂല സാഹചര്യങ്ങൾ മൂലം പല അവകാശങ്ങളും സാക്ഷാത്കരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ് ഒറ്റ വാചകത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങൾ നിരവധി രേഖകളിലൂടെ വിപുലീകരിച്ചിട്ടുള്ളത്. സ്ത്രീകൾ, കുട്ടികൾ, അഭയാർത്ഥികൾ, പ്രവാസികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ അവകാശങ്ങൾ എടുത്തു പറയുന്ന അന്താദ്ദേശീയ ഉടമ്പടികൾ ഇപ്പോഴുണ്ട്.

ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനം വന്നത്. അതിലെ മിക്ക ആശയങ്ങളും നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടു. എന്നാൽ അവയിൽ പലതും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. കൊളോണിയൽ ഭരണകൂടത്തിന്റെ തുടർച്ചയായ നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെയും ജനാധിപത്യമൂല്യങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ലാത്ത നമ്മുടെ രാഷ്ട്രീയകക്ഷികളുടെയും പാരമ്പര്യങ്ങളിൽ മനുഷ്യാവകാശ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത പലതും അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

സാർവ്വലൌകിക മനുഷ്യാവകാശ പ്രഖ്യാപനത്തിനു മുമ്പും മനുഷ്യാവകാശ സങ്കല്പങ്ങൾ നിലനിന്നിരുന്നു. സമൂഹത്തിലെ മാറ്റങ്ങൾക്കൊപ്പം അവ മാറിക്കൊണ്ടുമിരുന്നു. ഗോത്രകാലത്തെ അവകാശ സങ്കല്പത്തിൽ വ്യക്തിക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. കാർഷിക യുഗത്തിൽ വികസിച്ച ഫ്യൂഡൽ വ്യവസ്ഥയിലും വ്യാവസായിക യുഗത്തിൽ വികസിച്ച മുതലാളിത്ത സോഷ്യലിസ്റ്റ് വ്യവസ്ഥകളിലും പുതിയ സങ്കല്പങ്ങൾ രൂപപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഇന്ന് നിലനിൽക്കുന്ന ചട്ടങ്ങൾ ഇതിനുദാഹരണമാണ്. കുട്ടികൾ മുതിർന്നവർക്കൊപ്പം കൃഷിയിലും കരകൌശലപണികളിലും ഏർപ്പെട്ടിരുന്ന ഫ്യൂഡൽ കാലഘട്ടത്തിൽ ബാലവേലയെ  ചൂഷണമായി ആരും കണ്ടിരുന്നില്ല. എട്ടു മണിക്കൂർ വേല, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ ഉറക്കം എന്ന വ്യാവസായിക കാല മുദ്രാവാക്യം ഒരു പുതിയ അവകാശ സങ്കല്പത്തിന്റെ തുടക്കമായിരുന്നു. ഇപ്പോൾ ലോകം വ്യാവസായികോത്തര ഘട്ടത്തിലാണ്. പുതിയ സാഹചര്യങ്ങളിൽ മനുഷ്യാവകാശ സങ്കല്പം കാലോചിതമായി പരിഷ്കരിക്കേണ്ടി വരും.

എല്ലാവർക്കും എല്ലാ അവകാശങ്ങളും എല്ലായ്പ്പോഴും ഒരുപോലെ ലഭ്യമാവില്ല. കുറ്റം ആരോപിക്കപ്പെട്ടതിന്റെ ഫലമായി പൊലീസ് പിടികൂടുകയൊ കുറ്റം ചെയ്തെന്ന് തെളിഞ്ഞതിന്റെ ഫലമായി ജയിലിലടയ്ക്കപ്പെടുകയൊ ചെയ്യുന്നയാളുടെ സ്വാതന്ത്ര്യങ്ങൾ സ്വാഭാവികമായും പരിമിതികൾക്ക് വിധേയമാണ്. എന്നാൽ അയാളുടെ മനുഷ്യാവകാശങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നില്ല. സത്യസന്ധമായ അന്വേഷണവും നീതിപൂർവ്വകമായ വിചാരണയും കുറ്റാരോപിതന്റെ  അവകാശങ്ങളിൽ പെടുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും അയാൾ മാനുഷിക പരിഗണനയ്ക്ക് അർഹനാണ്. അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.

മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി മനുഷ്യാവകാശ സങ്കല്പങ്ങൾ മാറുമെങ്കിലും അവയ്ക്ക് പിന്നിൽ എക്കാലവും മാറ്റം കൂടാതെ നിൽക്കുന്ന – അഥവ നിൽക്കേണ്ട -- സത്യം, ധർമ്മം, നീതി തുടങ്ങിയ ആദർശങ്ങളുണ്ടാകും. ആദിവാസികൾ, ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ തുടങ്ങി തുല്യതയും തുല്യാവസരങ്ങളും നിഷേധിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ അടിസ്ഥാനപരമായി മനുഷ്യാവകാശ പ്രശ്നങ്ങളാണ്. അവയെ അങ്ങനെ കാണാൻ ചിലർക്ക് കഴിയാത്തത് തുല്യതയും തുല്യാവസരങ്ങളും അവരുടെ ചിന്താപദ്ധതിയിൽ ഇടം നേടിയിട്ടില്ലാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ മടിക്കുന്നവർ സ്വന്തം അവകാശങ്ങളെയും അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. 

നാസി ജർമ്മനിയിൽ ജയിലിലടയ്ക്കപ്പെട്ട മാർട്ടിൻ നീമുള്ളർ (Martin Niemoller) എന്ന പാതിരി പിൽക്കാലത്ത് പറയുകയുണ്ടായി: “ഹിറ്റ്ലർ ജൂതന്മാരെ ആക്രമിച്ചപ്പോൾ, ജൂതനല്ലായിരുന്നതുകൊണ്ട്, ഞാൻ ആശങ്കപ്പെട്ടില്ല. ഹിറ്റ്ലർ കത്തോലിക്കരെ ആക്രമിച്ചപ്പോൾ, കത്തോലിക്കനല്ലായിരുന്നതുകൊണ്ട്, ഞാൻ ആശങ്കപ്പെട്ടില്ല. ഹിറ്റ്ലർ യൂണിയനുകളെയും വ്യവസായികളെയും ആക്രമിച്ചപ്പോൾ, യൂണിയൻ‌കാരൻ അല്ലായിരുന്നതുകൊണ്ട് ഞാൻ ആശങ്കപ്പെട്ടില്ല. പിന്നീട് ഹിറ്റ്ലർ എന്നെയും പ്രോട്ടസ്റ്റന്റ് സഭയെയും ആക്രമിച്ചപ്പോൾ, ആശങ്കപ്പെടാൻ ആരും അവശേഷിച്ചിരുന്നില്ല.”(വായന കൂട്ടായ്മയുടെ ‘വാക്കി’ന്റെ  2013 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)