Friday, April 26, 2013

പ്രതിരോധത്തിൽ നിന്ന് പിടിച്ചടക്കലിലേക്ക്

ബി.ആർ.പി. ഭാസ്കർ

കാസർകോട്ട് പിടിച്ചടക്കൽ (Occupy Kasegode) സമരം നടക്കുന്ന ദിവസമാണ് ഈ വരികൾ കുറിക്കുന്നത്. എൻഡോസൾഫാൻ പീഡിതരുടെ പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തിലേറെയായി നടക്കുന്ന നിരാഹാരസമരത്തോട് സർക്കാർ സ്വീകരിച്ച അലംഭാവ പൂർണ്ണമായ സമീപനമാണ് ‘പിടിച്ചടക്കൽ’ സമരത്തിലേക്ക് നയിച്ചത്. ‘പിടിച്ചടക്കൽ’ എന്ന പേരിൽ കേരളത്തിൽ ഒരു പരിപാടി നടക്കുന്നത് ഇതാദ്യമാകണം. ഈ പേരു ഉപയോഗിച്ചില്ലെങ്കിലും ‘പിടിച്ചടക്കൽ’ സ്വഭാവമുള്ള സമരങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തിരുവനന്തപുരത്തും (കുടിൽകെട്ടി സമരം) മുത്തങ്ങയിലും നടത്തിയ പ്രക്ഷോഭങ്ങൾ അടിസ്ഥാനപരമായി പിടിച്ചടക്കൽ സമരങ്ങളായിരുന്നു. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങളും മറ്റ് ഭൂരഹിതരും ചെങ്ങറയിൽ നടത്തിയതും പിടിച്ചടക്കൽ സമരം തന്നെ. പ്ലാച്ചിമടയിലെയും വിളപ്പിൽശാലയിലെയും സമരങ്ങളും പലപ്പോഴും പിടിച്ചടക്കൽ സ്വാഭാവം കൈവരിച്ചിരുന്നു. കൂട്ടബലാത്സംഗ സംഭവത്തെ തുടർന്ന് ഡൽഹിയിൽ നടന്നതും അത്തരത്തിലുള്ള സമരമായിരുന്നു.

പിടിച്ചടക്കൽ എന്ന് പേർ ഉണ്ടാകുന്നത് 2011 സെപ്തംബറിൽ ന്യൂയോർക്കിൽ തുടങ്ങിയ ‘ഓക്കുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭത്തോടെയാണ്. അതിന്റെ ആശയപരമായ അടിത്തറ പാകിയത് സ്റ്റെഫാനെ ഹെസൽ (Stéphane Hessel) എന്ന മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അധിനിവേശത്തിനെതിരായി ചാൾസ് ഡി ഗോളിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു അദ്ദേഹം. ഒക്ടോബറർ 2010ൽ, 93ആം വയസിൽ, അദ്ദേഹം 32 പേജുള്ള ഒരു കൊച്ചു പുസ്തകമെഴുതി. പേരു Indignez Vous! (നിങ്ങൾ ക്ഷോഭിക്കൂ!). ഒരു ചെറിയ കാലയളവിൽ അതിന്റെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. പല ഭാഷകളിലേക്കും അത് തർജ്ജമ ചെയ്യപ്പെട്ടു. ഇംഗ്ലീഷ് പരിഭാഷ: Time for Outrage (ക്ഷോഭത്തിന് സമയമായി). അതിൽ അദ്ദേഹം എഴുതി: “നിസ്സംഗതയാണ് ഏറ്റവും മോശമായ മനോഭാവം.” ചുറ്റും നോക്കി ക്ഷോഭം ആവശ്യപ്പെടുന്ന വിഷയങ്ങൾ കണ്ടെത്താൻ അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു. വ്യക്തിപരമായി അദ്ദേഹത്തെ ക്ഷോഭിപ്പിക്കുന്ന രണ്ട് വിഷയങ്ങൾ ഹെസൽ എടുത്തു പറഞ്ഞൂ. ഒന്ന്. പലസ്തീൻ, രണ്ട്. മൂലധന മുതലാളിത്വം. ലോകമഹായുദ്ധകാലത്ത് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയുധമെടുത്ത ഹെസൽ അക്രമരഹിതവും സമാധാനപൂർണ്ണവുമായ രീതിയിൽ സമരം ചെയ്യാനാണ് പുതുതലമുറയെ ഉപദേശിച്ചത്.  

ഹെസൽ ഇക്കൊല്ലം ഫെബ്രുവരി 27ന് അന്തരിച്ചു. അതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് സ്പെയിനിൽ ഒരു സമരം നടന്നു. പുസ്തകത്തിന്റെ പേരിനെ ആസ്പദമാക്കി പ്രക്ഷോഭകർ ‘ക്ഷോഭിക്കുന്നവർ’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. അറബ് വസന്തവും വാൾ സ്ട്രീറ്റ് പിടിച്ചടക്കലും കാണുവാനും അദ്ദേഹത്തിനു കഴിഞ്ഞു. വാൾ സ്ട്രീറ്റ് പിടിച്ചടക്കലിനെ തുടർന്ന് 82 രാജ്യങ്ങളിൽ നിന്ന് സമാനമായ പരിപാടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനാധിപത്യസമൂഹങ്ങളിലും ഭരണത്തെ നിയന്ത്രിക്കുന്നത് ഒരു ശതമാനത്തിന്റെ ഉടമസ്ഥതയിലുള്ള മൂലധന സ്ഥാപനങ്ങളാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വാൾ സ്ട്രീറ്റ് പ്രക്ഷോഭകർ “ഞങ്ങളാണ് 99 ശതമാനം” എന്ന മുദ്രാവാക്യം ഉയർത്തി. ആ മുദ്രാവാക്യം ലോകമൊട്ടുക്ക് പ്രതിധ്വനിച്ചു

ഭരണകൂടങ്ങൾ പ്രതിരോധ സമരങ്ങളെയെന്നപോലെ സമാധാനപരമായ പിടിച്ചടക്കൽ സമരങ്ങളെയും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷെ ചില സാഹചര്യങ്ങളിൽ വൻ‌തോതിലുള്ള ബലപ്രയോഗം സാധ്യമാകാതെ വരാറുണ്ട്. മുത്തങ്ങയിൽ ക്രൂരമായ ആദിവാസി വേട്ട നടന്നു. തികച്ചും സമാധാനപരമായി നടന്ന വാൾ സ്ട്രീറ്റ് സമരത്തെ അമേരിക്കയിലെ കേന്ദ്ര അന്വേഷണ വിഭാഗമായ എഫ്.ബി.ഐയും വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തിനുശേഷം തീവ്രവാദ ഭീഷണി നേരിടാൻ രൂപീകരിക്കപ്പെട്ട ആന്തരിക സുരക്ഷാ വകുപ്പും (Department of Homeland Security) ചേർന്നാണ് അടിച്ചമർത്തൽ നടത്തിയത്. എന്നാൽ അത് ആസൂത്രണം ചെയ്തതും ഏകോപിച്ചതും ഒരു ശതമാനത്തിന്റെ കൈകളിലുള്ള വാണിജ്യബാങ്കുകളായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് നിരവധി ജനകീയ സമരങ്ങൾ വിജയിച്ച പ്രദേശമാണ് കേരളം. സമരങ്ങളൊക്കെ തുടങ്ങിയത് രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾ. ഡൽഹിയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും നടന്ന ശ്രദ്ധേയമായ സമരങ്ങളിലെ മുഖ്യഘടകം നാഗരിക മദ്ധ്യവർഗ്ഗമായിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണ്. കാരണം അവരിലേറെയും പാർട്ടിക്കൊടികൾക്ക് കീഴിലാണ്. തുടക്കത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ജനകീയ സമരങ്ങൾക്കെതിരായ നിലപാടാണ് എടുക്കുന്നത്. സമരങ്ങൾക്ക് ജനപിന്തുണയുണ്ടെന്ന് ബോധ്യമാകുമ്പോൾ കക്ഷികൾ സമീപനത്തിൽ ചെറിയ മാറ്റം വരുത്തുന്നു. പാർട്ടിയുടെ അടിത്തറ സംരക്ഷിക്കാൻ പ്രാദേശിക ഘടകങ്ങളെ സമരാനുകൂല സമീപനം സ്വീകരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ അനുവദിക്കുന്നു.

വിജയിച്ച സമരങ്ങളുടെ ചരിത്രം പഠിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങുന്ന ജനങ്ങൾക്ക് ഭരണകൂടത്തിന്റെ തെറ്റായ പരിപാടികൾക്ക് തടയിടാൻ കഴിയുന്നുണ്ട്. എന്നാൽ അതിനെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല. ശക്തമായ പിടിച്ചടക്കൽ സമരങ്ങളിൽ കൂടിയാവും ജനങ്ങൾക്ക് അതിനു കഴിയുക.(പാഠഭേദം, ഏപ്രിൽ 2013)

No comments: