Friday, April 19, 2013

ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും

ബി.ആർ.പി. ഭാസ്കർ

വിഷുവിന് പറന്നുയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞ എയർ കേരള വിമാനം ആകാശത്തെങ്ങും കാണാനില്ല. കേരളത്തെ ആഗസ്റ്റ് 2015ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഇതുപോലെ പുകയാകുന്ന ലക്ഷണമാണ് കാണുന്നത്.
ഭൂരഹിതർക്ക് ഭൂമിക്ക് അപേക്ഷ നൽകാനായി സർക്കാർ കഴിഞ്ഞ കൊല്ലം മൂന്നര ലക്ഷം അപേക്ഷകൾ അച്ചടിച്ച് എല്ലാ ജില്ലകളിലും വിതരണം ചെയ്തിരുന്നു. ജൂൺ 30 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. പത്രവാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ 2,33,232 അപേക്ഷകൾ സർക്കാരിന്റെ മുന്നിലുണ്ട്. ഒരു അപേക്ഷകന് മൂന്ന് സെന്റ് എന്ന കണക്കിന് കൊടുക്കാൻ 7,000 ഏക്കർ ഭൂമി വേണം. വഴിയിടാൻ ആവശ്യമായ സ്ഥലം വേറെയും. എന്നാൽ സർക്കാരിന് 3,500 ഏക്കർ ഭൂമിയെ കണ്ടെത്താനായിട്ടിള്ളു. അതുകൊണ്ട് പകുതി അപേക്ഷകർക്കുപോലും ഭൂമി നൽകാനാവില്ല. അങ്ങനെ പോകുന്നു സർക്കാർ ഭാഷ്യം. യാഥാർത്ഥ്യബോധമില്ലാതെയാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം.

ഭൂരഹിതർ രണ്ട് വിഭാഗത്തിൽ പെടുന്നു. ചിലർക്കു തല ചായ്ക്കാൻ ഒരിടം മാത്രമെ ആവശ്യമുള്ളു. ഈ വിഭാഗത്തിൽ പെട്ടവരെ മൂന്നു സെന്റ് കൊടുത്ത് തൃപ്തിപ്പെടുത്താം. എന്നാൽ മറ്റ് ചിലർക്കു വേണ്ടത് കൃഷി ചെയ്ത് ഉപജീവനം നടത്താൻ ആവശ്യമായ ഭൂമിയാണ്. ആദിവാസികൾ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കുടിൽകെട്ടി സമരം നടത്തിയപ്പോൾ കേരളം ഭൂപരിഷ്കരണത്തിലൂടെ ഭൂപ്രശ്നം പരിഹരിച്ചെന്ന അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് വ്യക്തമായി. മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ വെടിവെച്ച സർക്കാരിനു പിന്നീട് അവരുടെ ആവശ്യം ന്യായമാണെന്ന് സമ്മതിക്കേണ്ടി വന്നു. ചെങ്ങറയിൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ആദിവാസികളും ദലിതരും മാത്രമല്ല മറ്റ് വിഭാഗങ്ങളിൽ‌പെട്ട ഭൂരഹിതരും പങ്കെടുക്കുകയുണ്ടായി. ആ സമരം ഒത്തുതീർപ്പായത് കൃഷിഭൂമി എന്ന ആശയം ഭാഗികമായി  അംഗീകരിച്ചുകൊണ്ടാണ്. നിർഭാഗ്യവശാൽ പലർക്കും കൊടുത്തത് കൃഷി ചെയ്യാൻ പറ്റിയ ഭൂമിയായിരുന്നില്ല. കൊല്ലം ജില്ലയിലെ അരിപ്പയിൽ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട 1500ഓളം കുടുംബങ്ങൾ ശ്രീരാമൻ കൊയ്യോന്റെ നേതൃത്വത്തിൽ മൂന്നര മാസമായി സമരം നടത്തുകയാണ്. അവരിൽ ചിലർ ചെങ്ങറയിൽ നൽകിയ ഭൂമി കൃഷിക്കു പറ്റിയതല്ലാത്തതുകൊണ്ട് വീണ്ടും സമരമുഖത്തെത്തിയവരാണ്.

ചെങ്ങറയിൽ രണ്ടാം ഭൂപരിഷ്കരണം എന്ന മുറവിളി ഉയർന്നപ്പോൾ അതിനെ പുച്ഛിച്ചുതള്ളിയവർക്ക് പിന്നീട് ആ മുദ്രാവാക്യം ഏറ്റെടുക്കേണ്ടി വന്നു. ഇ.എം.എസ്. സർക്കാർ തുടങ്ങി വെക്കുകയും അച്യുത മേനോൻ സർക്കാർ പൂർത്തിയാക്കുകയും ചെയ്ത ഭൂപരിഷ്കരണം ധീരമായ നടപടിയായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതിന് പരിമിതികളുണ്ടായിരുന്നു. നിയമം പാസാക്കിയെടുക്കാൻ വേണ്ടി വന്ന ഒന്നരപ്പതിറ്റാണ്ടിൽ മിച്ചഭൂമിയിലേറെയും അപ്രത്യക്ഷമായി. ആ നിയമത്തിന്റെ ഫലമായി ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചത് പാടത്തു പണിയെടുക്കുന്നവർക്കല്ല, മദ്ധ്യവർത്തികളായ കുടിയാന്മാർക്കാണ്. അവരിൽ പലർക്കും അതിനിടയിൽ കാർഷികവൃത്തിയിലുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. അവർ ഭക്ഷ്യവിളകളിൽനിന്ന് നാണ്യവിളകളിലേക്ക് മാറുകയൊ മറ്റ് ഉപജീവനമാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ ചെയ്തു. ഒടുവിൽ ഭൂപരിഷ്കരണം കൃഷിയെ വളർത്തുന്നതിനു പകരം തളർത്തി.

രണ്ടാം ഭൂപരിഷ്കരണത്തിലൂടെ രണ്ട് വിഭാഗം ഭൂരഹിതരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം.  ഇപ്പോഴും കാർഷികവൃത്തിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങൾക്ക് ആവശ്യമായ കൃഷിഭൂമി  നൽകാൻ തോട്ടമുടമകൾ അനധികൃതമായി  കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഒരംശം മതി. ഈ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ സർക്കാരിനു കഴിയുന്നില്ല. ഒരു തോട്ടം സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ വന്നപ്പോൾ  ഒന്നിനു പിറകെ ഒന്നായി നിരവധി ജഡ്ജിമാർ സ്വയം ഒഴിവായത് തോട്ടമുടമയുടെ മുന്നിൽ നിയമവും എന്തുകൊണ്ടോ നിസ്സഹായമാണെന്ന സൂചനയാണ് നൽകുന്നു.

എല്ലാവർക്കും പാർപ്പിടം എന്ന ആശയം മുൻ‌നിർത്തിയാണ് രാജഭരണകാലത്തും അതിനു ശേഷവും സംസ്ഥാനത്ത് ദലിത് കോളനികൾ സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ ബഹിഷ്കരണത്തിന്റെ പുതിയ രൂപമായാണ് ഇന്ന് ദലിതർ ഈ കോളനികളെ കാണുന്നത്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കെ ആവിഷ്കരിച്ച ലക്ഷം വീട് പദ്ധതി പാർപ്പിട പ്രശ്നം പരിഹരിക്കാനുള്ള വലിയൊരു പരിപാടിയിരുന്നു. അതിനുശേഷം ചില കേന്ദ്ര പദ്ധതികൾ നടപ്പാക്കുകയല്ലാതെ കേരളത്തിലെ മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു പദ്ധതി രൂപകല്പന ചെയ്യാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. 
മൂന്നായി വിഭജിച്ചുകിടന്ന  കേരളത്തെ ഒന്നായി കണ്ടുകൊണ്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്ത് വരുമ്പോൾ ഇത് ഒന്നേകാൽ കോടി ജനങ്ങളുടെ മാത്രം നാടായിരുന്നു. എം. എൻ ലക്ഷം വീട് പദ്ധതി തയ്യാറാക്കുമ്പോൾ ജനസംഖ്യ 2.13 കോടി ആയിരുന്നു. ഇന്ന് അത് 3.31 കോടിക്കു മുകളിലാണ്. ഈ സാഹചര്യത്തിൽ പാർപ്പിട പ്രശ്നം ഗൌരവപൂർവ്വം പുന:പരിശോധിക്കേണ്ടതല്ലേ? ജനസംഖ്യാ വർദ്ധനവിനോടൊപ്പം നഗരവത്കരണത്തിന്റെ വ്യാപ്തിയും പാർപ്പിടപ്രശ്നം പരിഗണിക്കുമ്പോൾ പ്രസക്തമാണ്. എം.എന്റെ കാലത്ത് ഇവിടെ വലിയ നഗരവത്കരണം നടന്നിരുന്നില്ല. ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച്  കേരളത്തിലെ ജനസംഖ്യയുടെ 48 ശതമാനം നഗരവാസികളാണ്. ഇത് രണ്ട് കൊല്ലം മുമ്പത്തെ അവസ്ഥയാണെന്ന് ഓർക്കണം. ഒരുപക്ഷെ ഇപ്പോൾ ജനസംഖ്യയുടെ പകുതി നഗരങ്ങളിലായിരിക്കും.  


കേരളം ഒരു വലിയ ‘നഗരവത്കൃത സ്റ്റേറ്റ്’ ആയി രൂപാന്തരപ്പെടുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ ആറെണ്ണത്തിൽ 2011ൽതന്നെ ഗ്രാമവാസികളേക്കാൾ കൂടുതൽ നഗരവാസികൾ ആയിരുന്നു. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നഗരവാസികൾ ഗ്രാമവാസികളുടെ ഇരട്ടിയൊ അതിലധികമോ ആയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നഗരവാസികൾ 54 ശതമാനം വീതമായിരുന്നു. കൊല്ലം, മലപ്പുറം ജില്ലകൾ 45 ശതമാനവും 44 ശതമാനവും നഗരവാസികളോടെ തൊട്ടു പിറകിലും. ഇങ്ങനെയുള്ള നാട്ടിലെ ഭരണാധികാരികൾ ചിന്തിക്കേണ്ടത് മുന്ന് സെന്റ് വീടുകളെ കുറിച്ചല്ല, ബഹുനില കെട്ടിടങ്ങളെ കുറിച്ചാണ്. വെളിയിൽ നിന്നൊരു മാതൃക വേണമെങ്കിൽ കടുത്ത ഭൂദൌർലഭ്യമുള്ള ഹോങ്‌കോങ്ങിന്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാവുന്നതാണ്. ചൈനയിലെ വിപ്ലവത്തെ തുടർന്ന് 1950കളിലെത്തിയ അഭയാർത്ഥികളുടെ പാർപ്പിടപ്രശ്നം ബ്രിട്ടീഷ് ഭരണാധികാരികൾ പരിഹരിച്ചത് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു തുച്ഛമായ പ്രതിമാസ തവണ വ്യവസ്ഥയിൽ നൽകിക്കൊണ്ടാണ്. അഭയാർത്ഥികളുടെ എണ്ണം കണക്കാക്കി, അഞ്ചു പേർക്ക് ഒരു ഒറ്റമുറി ഫ്ലാറ്റ് എന്ന അടിസ്ഥാനത്തിൽ, ആവശ്യമായത്ര ഫ്ലാറ്റുകളുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾ അവർ ഉണ്ടാക്കി.

ഭൂതകാലത്തിന്റെ തടവറയിൽ കഴിയാതെ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് കുടുംബം പോറ്റാൻ ആവശ്യമായ കൃഷിഭൂമിയും നഗരങ്ങളിൽ മറ്റ് തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്നവർക്ക് പണിയിടങ്ങൾക്കടുത്ത് ബഹുനില പാർപ്പിടങ്ങളും എന്ന തരത്തിൽ നമുക്ക് ചിന്തിക്കാം. രണ്ടും മൂന്നും സെന്റ് ഭൂമിയിൽ കഴിയുന്ന ദലിതർ അടുക്കള കുത്തിപ്പൊളിച്ച് ശവം സംസ്കരിക്കേണ്ട ഗതികേടിലാണെന്നത് സർക്കാരിന് അറിയാത്ത കാര്യമാവില്ല. പക്ഷെ അതിന് പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നതായി അറിവില്ല.

കടുത്ത ഭൂദൌർലഭ്യം അനുഭവിക്കുന്ന എല്ലാ രാജ്യങ്ങളും ഭൂവിനിയോഗം സംബന്ധിച്ച് നിയമനിർമ്മാണം നടത്തുകയും നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളം ഇക്കാര്യത്തിൽ ഇനിയും ഒരു ശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടില്ല. ഉള്ള നിയമങ്ങൾ തന്നെ സത്യസന്ധമായി നടപ്പാക്കുന്നുമില്ല. ഇതെല്ലാം  അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. (ജനയുഗം, ഏപ്രിൽ 17, 2013)

1 comment:

മലമൂട്ടില്‍ മത്തായി said...

Thank you for proposing a different solution. The rapid urbanization of Kerala/ India has been ignored for long. We as a country and a state need well planned urban areas - not only tall residential buildings but also good infrastructure - parks, roads, foot paths, sewage and water supply.