Thursday, April 4, 2013

ധാർമ്മികത നഷ്പ്പെട്ട ഭരണകൂടം

ബി.ആർ.പി. ഭാസ്കർ

ഭരണകേന്ദ്രങ്ങളിൽ നിന്നുയരുന്ന ദുർഗന്ധം അസഹനീയമായിരിക്കുന്നു. ഏതാനും മന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുകയാണ്. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞുകൊണ്ട് അന്വേഷണം നേരിടുന്ന രീതി നെഹ്രുവിന്റെ കാലത്ത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപപ്പെട്ടിരുന്നു. രണ്ട് അടിസ്ഥാന തത്വങ്ങളുടെ പിൻബലത്തിൽ ആ പാരമ്പര്യം വികസിച്ചു. അതിലൊന്ന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നയാൾ അധികാരസ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ്. മറ്റേത് ആരോപണ വിധേയനെ തൽ‌സ്ഥാനത്ത് നിലനിർത്തിക്കൊണ്ടു നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമാവില്ലെന്നതും. നമ്മുടെ ജനാധിപത്യവ്യവസ്ഥക്ക് ശക്തിപകർന്ന ആ പാരമ്പര്യം കോൺഗ്രസും അത് നയിക്കുന്ന സർക്കാരുകളും ഇപ്പോൾ പിന്തുടരുന്നില്ല.

കേരളത്തിലെ ഇരുമുന്നണി സമ്പ്രദായം നിലവിൽ വന്നത് മൂന്നു പതിറ്റാണ്ടു മുമ്പാണ്. ഈ കാലയളവിൽ കേരളം കണ്ട ഏറ്റവും മോശപ്പെട്ട സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് പറയാതെ വയ്യ. ഇത്രയധികം മന്ത്രിമാർ ഒരേസമയം അഴിമതി ആരോപണം നേരിട്ട മറ്റൊരു കാലഘട്ടമില്ല. ചില മന്ത്രിമാർ ഒന്നിലധികം അന്വേഷണം നേരിടുന്നുണ്ട്. നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള മുന്നണിക്ക് ആരോപണവിധേയർ അന്വേഷണവേളയിൽ മാറി നിൽക്കണമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സർക്കാരിന് എത്ര നേട്ടങ്ങൾ അവകാശപ്പെടാനുണ്ടായാലും അവ നഷ്ടപ്പെട്ട ധാർമ്മികതക്ക് പകരമാവില്ല.

ഈ സർക്കാരിന്റെ പരാജയം പ്രധാനമായും മുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും പരാജയമാണ്. ഒരർത്ഥത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തുടങ്ങിയതാണത്. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് കരുതിയ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തോടെ കടന്നുകൂടാനേ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ യു.ഡി.എഫ് ജയിച്ചെങ്കിലും കോൺഗ്രസ് തോൽക്കുകയായിരുന്നെന്ന് കാണാം. കോൺഗ്രസിന്റെ 81 സ്ഥാനാർത്ഥികളിൽ 38 പേർ മാത്രമാണ് ജയിച്ചത്. അതായത് ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥികളും തോറ്റു. നേരത്തെ യു.ഡി.എഫ്. ജയിച്ച 2001ലെ തെരഞ്ഞടുപ്പുഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ തോൽ‌വിയുടെ വ്യാപ്തി വ്യക്തമാകും. അന്ന് പാർട്ടി 88 സ്ഥാനാർത്ഥികളെ നിർത്തി. അവരിൽ 62 പേർ വിജയിച്ചു. ജനാധിപത്യവ്യവസ്ഥയിൽ പരാജയമുണ്ടാകുമ്പോൾ പാർട്ടികൾ കാരണങ്ങൾ അന്വേഷിക്കുകയും കാരണക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യാറുണ്ട്. കോൺഗ്രസിൽ പ്രാദേശികനേതൃത്വങ്ങൾ നിലനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ സന്മനസിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് അത്തരം പ്രക്രിയകൾക്ക് പ്രസക്തിയില്ല. പാർട്ടിയെ ‌പരാജയത്തിലേക്ക് നയിച്ചവർക്ക് തോൽ‌വി മറികടന്നു ഭരണനേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞു.

കോൺഗ്രസ് പരാജയപ്പെട്ടിട്ടും യു.ഡി.എഫിന് അധികാരം ലഭിച്ചത് മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് എന്നീ ഘടകകക്ഷികൾ വമ്പിച്ച വിജയം നേടിയതുകൊണ്ടാണ്. അവരുടെ മുന്നിൽ മുട്ടുകുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി രണ്ട് കൊല്ലം തള്ളിനീക്കിയത്. കെ. ബി. ഗണേഷ് കുമാറിന്റെ രാജിയിൽ കലാശിച്ച സംഭവവികാസങ്ങൾ ഈ സർക്കാരിൽ ധാർമ്മികതയുടെ എന്തെങ്കിലും അംശം അവശേഷിച്ചിരുന്നെങ്കിൽ അതും ഇല്ലാതാക്കിയിരിക്കുന്നു.

ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ കണ്ട് ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. അദ്ദേഹത്തിന് അവരിൽ നിന്ന് പരാതി എഴുതി വാങ്ങി പൊലീസിനു കൈമാറാമായിരുന്നു. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ പറയാമായിരുന്നു. തികച്ചും  ഔപചാരികവും ഔദ്യോഗികവുമായി പ്രശ്നത്തെ സമീപിച്ചിരുന്നെങ്കിൽ സ്വീകരിക്കാവുന്ന മാർഗ്ഗമാണത്. സഹപ്രവർത്തകന്റെ കുടുംബപ്രശ്നമെന്ന നിലയിൽ, നിയമനടപടികളിലേക്ക് കടക്കാതെ, സൌഹൃദപരമായ സമീപനത്തിലൂടെ രമ്യമായ പരിഹാരം കാണാൻ ശ്രമിക്കുകയെന്നതായിരുന്നു മറ്റേ മാർഗ്ഗം. അദ്ദേഹം രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ചതിനെ ഒരു വലിയ കുറ്റമായി ഞാൻ കാണുന്നില്ല – പ്രത്യേകിച്ചും യാമിനി തങ്കച്ചിക്ക് അത് സ്വീകാര്യമായിരുന്ന സാഹചര്യത്തിൽ. എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന്റെ സമീപനം സൌഹൃദപരത്തേക്കാൾ രാഷ്ട്രീയപ്രേരിതമായിരുന്നെന്ന് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടില്ലെന്ന് യാമിനി തങ്കച്ചിയിൽനിന്ന് എഴുതി വാങ്ങിയിട്ട് ആ കത്ത് നിയമസഭയിൽ വായിച്ചത് ഒരുദാഹരണം. എഴുതിക്കൊണ്ടുപോയ പരാതി അന്ന് നൽകാതിരുന്ന സാഹചര്യം അവർ വെളിപ്പെടുത്തിയിട്ടുള്ളത് അവിശ്വസിക്കേണ്ട കാര്യമില്ല. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടാതെ പോയതിന് ഉമ്മൻ ചാണ്ടിയെ പഴിക്കാനാവില്ല. എന്നാൽ ശ്രമം പരാജയപ്പെട്ടശേഷം മുഖ്യമന്ത്രിപദം ആവശ്യപ്പെടുന്ന ധാർമ്മിക സമീപനം അദ്ദേഹത്തിന് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നതിനെ ഗുരുതരമായി കാണേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ തയ്യാറാക്കപ്പെട്ട, ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്താനുള്ള ഹർജി ഉപേക്ഷിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ ഗണേഷ് കുമാർ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കുടുംബകോടതിയിൽ നൽകിയ അപേക്ഷയിൽ ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുകയുണ്ടായി. പീഡനമേറ്റതിന് തെളിവായി കുറെ ഫോട്ടോകളും അദ്ദേഹം ഹാജരാക്കി. തുടർന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒരാൾ പീഡനത്തിന് ദൃക്‌സാക്ഷിയായി മാധ്യമങ്ങൾക്കു മുന്നിൽ അവതരിക്കുകയും ചെയ്തു. വിവാഹമോചനക്കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലന്മാർ സന്തം കക്ഷിയുടെ ഭാഗം കൊഴുപ്പിക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് അസാധാരണമല്ല. ഒരു നല്ല മേക്ക്-അപ്മാന് പീഡനലക്ഷണങ്ങൾ സൃഷ്ടിക്കാനാകുമെന്നതുകൊണ്ട് ഫോട്ടോകളിലും വലിയ വിശ്വാസം അർപ്പിക്കാനാവില്ല. തെളിവുകൾ പരിശോധിച്ചു അദ്ദേഹത്തിന്റെ ആരോപണം ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണ്. സ്വാധീനം ചെലുത്താനുള്ള കഴിവുള്ളതുകൊണ്ട് ആരോപണവിധേയനായ മന്ത്രി സ്ഥാനമൊഴിയണമെന്ന നിലപാടെടുക്കുന്നത് ശരിയാണെങ്കിൽ അതേ കാരണത്താൽ ആരോപണം ഉന്നയിക്കുന്ന മന്ത്രിയും സ്ഥാനമൊഴിയേണ്ടതല്ലേ? പക്ഷെ ഗണേഷ് കുമാറിനോട് രാജിവെച്ച് കേസ് നടത്താൻ ഉമ്മൻ ചാണ്ടി പറഞ്ഞില്ല. ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്ന് യാമിനി തങ്കച്ചി ആദ്യം മാദ്ധ്യമങ്ങൾക്കു മുന്നിലും പിന്നീട് മുഖ്യമന്തിക്കു മുന്നിലും ഒടുവിൽ പൊലീസിനു മുന്നിലും ആരോപിക്കുകയും അങ്ങനെ മന്ത്രി സ്ത്രീപീഡന നിയമപ്രകാരമുള്ള നടപടിക്കു വിധേയനാകുന്ന സാഹചര്യം ഉയരുകയും ചെയ്തപ്പോൾ മാത്രമാണ് ഗണേഷ് കുമാർ അർദ്ധരാത്രി മന്ത്രിപദം രാജി വെച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല, താൻ സ്വമനസാലെ രാജിവെക്കുകയായിരുന്നെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവം ഉമ്മൻ ചാണ്ടി നിഷേധിച്ചിട്ടില്ല. അങ്ങനെ അദ്ദേഹം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും ന്യായമാണ്. (ജനയുഗം, ഏപ്രിൽ 3, 2013)

No comments: