വീണ്ടും നമ്പർ 1, മലയാള മനോരമ മാർച്ച് 31ന് പ്രഖ്യാപിച്ചു. വിളംബരം ഇങ്ങനെ: “പ്രാദേശിക ഭാഷകളിൽ ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള ദിനപത്രമായി മലയാള മനോരമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.”
യഥാർത്ഥത്തിൽ നടന്നത് തെരഞ്ഞെടുപ്പല്ല,
റീഡർഷിപ്പ് സർവേ ആണ്. പത്രക്കാരും പരസ്യക്കാരും ചേർന്നുണ്ടാക്കിയ സംഘടന ഓരോ മൂന്നു
മാസത്തിലും സാമ്പിൾ സർവേ നടത്തി അതിന്റെ അടിസ്ഥാനത്തിൽ എത്രപേർ ഏത് പത്രം വായിക്കുന്നെന്ന്
കണ്ടെത്താൻ ശ്രമിക്കുന്നു. അതിനെ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കാനാവില്ല.
മനോരമ ഒന്നാം പേജിൽ നൽകിയ
അറിയിപ്പ് 2012ലെ അവസാന മൂന്നു മാസക്കാലത്തെ ഇൻഡ്യൻ റീഡർഷിപ്പ് സർവേ ഫലത്തെ ആസ്പദമാക്കിയുള്ളതാണ്.
അതനുസരിച്ച് മനോരമക്ക് 97.60 ലക്ഷം വായനക്കാരാണുള്ളത്.
ആറു മാസത്തിൽ മനോരമക്ക് 50,000 വായനക്കാരുടെ വർദ്ധന ഉണ്ടായെന്നും രണ്ടാമത്തെ ദിനപത്രത്തിന്
(മാതൃഭൂമി എന്ന് വായിക്കുക) 1.59 ലക്ഷം വായനക്കാർ കുറയുകയാണുണ്ടായതെന്നും മനോരമ പറയുന്നു.
ഇവിടെ രണ്ട് ചോദ്യങ്ങൾ
ഉയരുന്നു.
ഒന്ന്. പുതിയ സർവേയിൽ ലഭിച്ച
വിവരം മൂന്നു മാസം മുമ്പ് നടത്തിയതിൽ കണ്ടതുമായി താരതമ്യപ്പെടുത്തുന്നതിനു പകരം മനോരമ
ആറു മാസം മുമ്പത്തെ സർവേഫലവുമായി താരതമ്യപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?
രണ്ട്. ആറു മാസത്തിൽ മനോരമക്ക്
50,000 വായനക്കാർ കൂടുകയും മാതൃഭൂമിക്ക് 1.59 ലക്ഷം കുറയുകയും ചെയ്തെങ്കിൽ രണ്ട് പത്രങ്ങൾക്കുംകൂടി
ഈ കാലയളവിൽ ഒരു ലക്ഷത്തിളേറെ വായനക്കാർ നഷ്ടപ്പെട്ടെന്നാണ് മനസിലാക്കേണ്ടത്. ഈ വായനക്കാർ
വലിയ പത്രങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മറ്റ് പത്രങ്ങളിലേക്ക് നീങ്ങുകയായിരുന്നൊ അതോ അവർ
പത്രവായന ഉപേക്ഷിച്ചുവോ?
മാതൃഭൂമി ഇൻഡ്യൻ റീഡർഷിപ്പ്
സർവേ ഫലം സംബന്ധിച്ച് ഒരു വിവരവും നൽകിയില്ല. എന്നാൽ ഒരു വർഷത്തിനുള്ളിൽ 1,12,365 കോപ്പികളുടെ
വൻ വർദ്ധന ഉണ്ടായതായി മാതൃഭൂമി വിളംബരം ചെയ്തു. മൊത്തം പ്രചാരം ഇപ്പോൾ 13,86,960 കോപ്പികളാണെന്നും
മാതൃഭൂമി വെളിപ്പെടുത്തി.
മാതൃഭൂമി നിരത്തുന്നത്
വായനക്കാരെ സംബന്ധിക്കുന്ന കണക്കുകളല്ല, വരിക്കാരെ സംബന്ധിക്കുന്നവയാണ്. ആഡിറ്റ് ബ്യൂറോ
ഓഫ് സർക്കുലേഷൻ എന്ന സംഘടന പ്രചാരം സംബന്ധിച്ച
കണക്കുകൾ ഓരോ ആറു മാസവും പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നു. പക്ഷെ മാതൃഭൂമി ആറു
മാസം മുമ്പത്തെ കണക്കുമായി താരതമ്യപ്പെടുത്താതെ ഒരു കൊല്ലത്തെ വളർച്ചയെ കുറിച്ചാണ്
സംസാരിക്കുന്നത്.
മനോരമ ആനുകാലികങ്ങളെ സംബന്ധിച്ച
ചില വിവരങ്ങളും നൽകുന്നുണ്ട്. വനിത 21.53 ലക്ഷം വായനക്കാരോടെ രാജ്യത്തു തന്നെ (ഹിന്ദിയിലും
ഇംഗ്ലീഷിലുമുള്ള പ്രസിദ്ധീകരണങ്ങളുൾപ്പെടെ) ഒന്നാം സ്ഥാനം നിലനിർത്തിയതായി അത് പറയുന്നു. എന്നാൽ വായനക്കാരുടെ
എണ്ണം കൂടിയതായി അവകാശപ്പെടുന്നില്ല.
രാജ്യത്ത് ഏറ്റവുമധികം
പേർ വായിക്കുന്ന കുട്ടികളുടെ വാരിക എന്ന സ്ഥാനം ബാലരമയും ജനപ്രിയ മലയാളം വാരികകളിലെ
ഒന്നാം സ്ഥാനം മലയാള മനോരമ ആഴ്ചപ്പതിപ്പും നിലനിർത്തിയതായും മനോരമ റിപ്പോർട്ട് പറയുന്നു.
ഈ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണം സംബന്ധിച്ച വിവരവും നൽകുന്നില്ല.
ഓരോ പത്രസ്ഥാപനവും അതിന്
അനുകൂലമായ വിവരങ്ങൾക്കു മാത്രം പ്രചാരം നൽകുന്നത് സ്വാഭാവികമാണ്. നിർഭാഗ്യവശാൽ അവർ
വെളിപ്പെടുത്തുന്ന വിവരങ്ങളിൽ നിന്ന് വായന വളരുകയാണോ കുറയുകയാണോ എന്നുറപ്പിക്കാനാവുന്നില്ല.
1 comment:
സെൻസസ് അനുസരിച്ച് കേരളത്തിൽ 2 8 5 ലക്ഷം സാക്ഷരർ ആണ് ഉള്ളത് ആണും പെണ്ണും കുട്ടികളും ഉള്പ്പടെ !പത്രക്കാർ പറയുന്ന കണക്കെടുത്താൽ നിരക്ഷരർ ഉൾ പ്പടെ എല്ലാവരും പത്രം വായിച്ചാലും തികയില്ലല്ലോ . .വീട്ടിൽ ഒരു പത്രം എന്നകണക്കെടുത്താ ലും അത് സഹായിക്കില്ല
Post a Comment