Thursday, May 2, 2013

ഗുജറാത്തിന്റെ വികസന രഹസ്യം


ബി.ആർ.പി. ഭാസ്കർ

നരേന്ദ്ര മോഡി വന്നു, സംസാരിച്ചു, പോയി. അതിലപ്പുറമൊന്നും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ ഫലമായി സംഭവിച്ചില്ല. ശിവഗിരിയിൽ അദ്ദേഹത്തിന് കയ്യടി കിട്ടിയത് ശ്രീനാരായണഗുരുവിനെ കുറിച്ച് സംസാരിച്ചപ്പോഴല്ല, ആർ.എസ്. എസിനെ കുറിച്ച് സംസാരിച്ചപ്പോഴാണ്. ഇത് അദ്ദേഹത്തെ കേൾക്കാനെത്തിയത് സംഘ പരിവാർ അനുയായികളായിരുന്നെന്ന് വ്യക്തമാക്കുന്നു.

ആർ.എസ്.എസിന്റെ പ്രാർത്ഥനയിൽ ശ്രീനാരായണനാമം ഉൾപ്പെടുന്നതായി മോഡി ശിവഗിരിയിലെ പ്രസംഗത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കർത്താവ് ജ്യോതി ഫൂലെയുടെയും ശ്രീനാരായണന്റെയും പേരുകൾ സംഘ പരിവാർ ഔപചാരികമായി അംഗീകരിച്ചിട്ടുള്ള പ്രാർത്ഥനയിലുണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ നയപരിപാടികളിലും പ്രവർത്തനങ്ങളിലും ഈ മഹാശയന്മാരുടെ ഒരു സ്വാധീനവും കാണാനില്ല.   

കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ തണൽ പറ്റി വളരാൻ ആർ.എസ്.എസ്. ശ്രമം തുടങ്ങിയിട്ട് അര നൂറ്റാണ്ടായി. അത് രൂപം കൊടുത്ത ആദ്യ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘത്തിന്റെ ദേശീയ സമിതി 1960കളിൽ കോഴിക്കോട്ട് യോഗം ചേർന്നപ്പോൾ വേദിയിലുണ്ടായിരുന്ന ഏക ചിത്രം ഗുരുവിന്റേതായിരുന്നു. പക്ഷെ ഗുരുവിന്റെ സ്വാധീനം കുറഞ്ഞതോതിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ജനവിഭാഗങ്ങൾക്കിടയിൽ അതിന് ഇനിയും സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ല. ചില പ്രദേശങ്ങളിൽ അതിന് കാലുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും അത് ശ്രീനാരായണാദർശങ്ങളുടെ ബലത്തിലല്ല, അഭയം തേടുന്നവരെ സംരക്ഷിക്കാൻ കായികബലം ഉപയോഗിക്കാനുള്ള സന്നദ്ധതയുടെ അടിസ്ഥാനത്തിലാണ്.

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോഡിയെ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുകയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന വേളയിലാണ് ശ്രീനാരായണഗുരു സ്ഥാപിച്ച സംന്യാസി സംഘം അദ്ദേഹത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. ശിവഗിരി എല്ലാവർക്കും വരാവുന്ന ഇടമാണെന്ന വാദമുന്നയിച്ചാണ് സംന്യാസി സംഘം ആ പ്രവൃത്തിയെ ന്യായീകരിച്ചത്. ഫ്യൂഡലിസം കൊടികുത്തി വാണിരുന്ന കാലത്ത് ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദരന്മാരെപ്പോലെ കഴിയുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ സങ്കല്പം ജനങ്ങളുടെ മുന്നിൽ വെച്ച മഹാശയനാണ് ശ്രീനാരായണൻ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹവുമായി ആശയവിനിമയം നടത്താൻ മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ശിവഗിരിയിലെത്തിയിരുന്നു. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഭേദചിന്ത വളർത്തുന്ന ഒരു നേതാവിനും അദ്ദേഹം ആതിഥ്യമരുളിയില്ല. ഭീകരമായ ഒരു വർഗ്ഗീയ ലഹളയ്ക്ക് കൂട്ടുനിന്ന മോഡിയെ ശിവഗിരിയിൽ ക്ഷണിച്ചു വരുത്തിയ സംന്യാസിമാർക്ക് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മറികടന്ന ഗുരുവിനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയാതെ വയ്യ. ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി. യോഗം ജാതിയുടെ മതിൽക്കെട്ടിലും ധർമ്മ സംഘം മതത്തിന്റെ മതിൽക്കെട്ടിലും ജനങ്ങളെ തളച്ചിടാൻ ശ്രമിക്കുകയാണ്. ഈ പ്രവണതകൾ മനസിലാക്കിയ ഗുരു യോഗത്തെ മനസിൽ നിന്ന് ഒഴിവാക്കിയതായി പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അന്ത്യകാലത്ത് സംന്യാസി സംഘത്തെ ഉപേക്ഷിച്ച് തമിഴ് നാട്ടിലേക്ക് പോയ അദ്ദേഹത്തെ ശിഷ്യന്മാർ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്.  

മോഡിയുടെ വരവിനോടുള്ള വ്യാപകമായ പ്രതിഷേധത്തിൽ പ്രതിഫലിച്ചത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്രീയ ചിന്താധാരയോടുള്ള കേരള ജനതയുടെ എതിർപ്പാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അസാധാരണമല്ല. എന്നാൽ സംഘ പരിവാർ കെട്ടിപ്പടുക്കുന്ന ഹിന്ദു വോട്ടുബാങ്കിനെ അത്തരത്തിലുള്ള ഒന്നായി കാണാനാവില്ല. കാരണം അതിന്റെ സ്ഥായിയായ ഭാവം വർഗ്ഗീയതയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാലും അതിന് വർഗ്ഗീയ മനോഭാവം കൈവെടിയാനാവില്ല. മറ്റ് ജാതിമത കക്ഷികളുടെ അവസ്ഥയും ഇതു തന്നെ.

മുസ്ലിം കൂട്ടക്കൊലക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേരു മറികടക്കാൻ മോഡി ആശ്രയിക്കുന്നത് ഗുജറാത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെയാണ്. മോഡി ജനിച്ചത് 1950ലാണ്. അതിനും വളരെ മുൻപെ ഗുജറാത്തിൽ വ്യാവസായിക വികസനം ആരംഭിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ തന്നെ സാഹസികരായ സംരംഭകർ ആധുനിക തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി അഹമ്മദാബാദ് ‘ഇന്ത്യയിലെ മാഞ്ചസ്റ്റർ’ എന്നറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ അഹമ്മദാബാദിൽ ആദ്യത്തെ തുണി മിൽ സ്ഥാപിക്കുമ്പോൾ അവിടെ റയിൽ‌ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കാംബെ തീരത്തിറക്കി ഏകദേശം 100 കിലോമീറ്റർ ദൂരം വലിച്ചിഴച്ചാണ് അവിടെയെത്തിച്ചത്.

ഗുജറാത്ത് സംസ്ഥാനം 1960ൽ നിലവിൽ വരുമ്പോൾ തന്നെ അവിടെ നിരവധി വ്യവസായങ്ങളുണ്ടായിരുന്നു. രാജ്യത്തെ ആദ്യ സ്വതന്ത്ര വ്യാപാര മേഖല കണ്ഡ്ലയിൽ 1965ൽ സ്ഥാപിതമായി. ഞാൻ 1966ൽ യു.എൻ.ഐ. വാർത്താ ഏജൻസിയുടെ ലേഖകനായി ഗുജറാത്തിലെത്തുമ്പോൾ സർക്കാർ ഒരു പുതിയ വ്യവസായിക മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ബറോഡയിൽ സ്ഥാപിക്കപ്പെട്ട എണ്ണശുദ്ധീകരണശാലയിലെയും വളനിർമ്മാണശാലയിലെയും ഉപോൽ‌പ്പന്നങ്ങൾ ഉപയോഗിച്ച് പ്രധാനമായും പ്ലാസ്റ്റിക്കിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുന്നൂറിലധികം ഫാക്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് അന്നത്തെ കോൺഗ്രസ് സർക്കാർ തയ്യാറാക്കിയത്. ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഏകജാലക സംവിധാനവും അന്ന് അവിടെ നടപ്പിലാക്കപ്പെട്ടു. വ്യവസായം തുടങ്ങാൻ താല്പര്യപ്പെടുന്ന ഒരാൾ അവിടെ ചെന്നാൽ ഉദ്യോഗസ്ഥന്മാർ അയാളുമായി സംസാരിച്ച് അയാളുടെ താല്പര്യങ്ങളെ കുറിച്ചും സാമ്പത്തികശേഷിയെ കുറിച്ചും മനസിലാക്കിയശേഷം ഉചിതമായ പദ്ധതി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ആവശ്യമായ അനുമതിപത്രങ്ങൾ നേടിക്കൊടുക്കുകയും ചെയ്യും.  നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ധരിച്ചിരിക്കുന്നതു പോലെ ഏകജാലക സംവിധാനം വ്യവസായങ്ങളെ നിയമവ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഒരാപ്പിസിൽനിന്ന് എല്ലാ സഹായങ്ങളും ലഭിക്കുന്നതുകൊണ്ട് സംരഭകർക്ക് പല ആപ്പീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ലെന്നു മാത്രം.

മോഡി അധികാരത്തിലേറിയ ശേഷം ഗുജറാത്ത് വ്യാവസായികമായി കൂടുതൽ പുരോഗതി നേടിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഖ്യാതി അദ്ദേഹത്തിന് തീർച്ചയായും അവകാശപ്പെടാം. എന്നാൽ സംഘ പരിവാർ പ്രചരിപ്പിക്കുന്നതുപോലെ വികസനത്തിനുള്ള ഒരു മന്ത്രവും അദ്ദേഹത്തിന്റെ കൈകളിലില്ല. മുൻ‌ഗാമികൾ ഉറച്ച അടിത്തറ കെട്ടിപ്പടുത്തതുകൊണ്ട് ഉദാരീകരണവും ആഗോളീകരണവും പ്രദാനം ചെയ്ത അവസരങ്ങൾ മറ്റ് പല സംസ്ഥാനങ്ങളേക്കാളും നല്ലപോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് മോഡിയുടെ വിജയരഹസ്യം. ഈ പ്രക്രിയകളുടെ ദൌർബല്യങ്ങളും ഗുജറാത്തിന്റെ സമീപകാല വളർച്ചയിൽ പ്രകടമാകുന്നുണ്ട്. ഉത്പാദനത്തിലുണ്ടാകുന്ന വളർച്ചക്കു സമാനമായ ഉയർച്ച മാനുഷിക വികസന സൂചികയിലുണ്ടാകുന്നില്ല. (ജനയുഗം, മേയ് 1, 2013)

3 comments:

Manambur Suresh said...
This comment has been removed by the author.
Manambur Suresh said...

Very timely and bold.
We are lucky that you are here to guide us with the torch of conscience.
What was done at Sivagiri was a disgrace to the great Guru.

Manambur Suresh
London

[RajeshPuliyanethu, said...

http://rajeshpuliyanethu.blogspot.in/2013/04/blog-post_28.html