ബി.ആർ.പി. ഭാസ്കർ
കേരളത്തിന്റെ
വനമേഖല ഭീകരമായ ആക്രമണങ്ങൾക്കു വിധേയമാകാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടാകുന്നു. ഇപ്പോൾ
നാം നേരിടുന്ന ജലദൌർലഭ്യവും ഉയരുന്ന താപനിലയും അതിന്റെ കൂടി ഫലമാണ്. യുദ്ധകാലത്ത്
ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമായപ്പോൾ താൽക്കാലിക നടപടിയെന്ന നിലയിൽ വനം തെളിച്ച്
കൃഷി ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. അതെ തുടർന്ന് തിരുവിതാംകൂർ
സർക്കാരും 10,000 ഏക്കർ വനഭൂമി കൃഷിക്ക് വിട്ടുകൊടുത്തു. ഇങ്ങനെ നൽകിയ ഭൂമി
തിരിച്ചുപിടിക്കാനുള്ള നടപടി യുദ്ധം അവസാനിച്ചശേഷം തുടങ്ങി. രാജ്യം സ്വാതന്ത്ര്യം
നേടിയശേഷം സമതലങ്ങളിൽ നിന്ന് വലിയ തോതിൽ വനങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടന്നു.
മത-രാഷ്ട്രീയ ശക്തികളുടെ പിൻബലമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനായില്ല.
കേരള സംസ്ഥാനം രൂപീകരിച്ചശേഷം വനം കയ്യേറ്റം മലബാറിലേക്കും വ്യാപിച്ചു.
ഒഴിപ്പിക്കലിനെതിരായ എ.കെ.ജിയുടെ സമരം കയ്യേറ്റക്കാരെ കുടിയേറ്റകർഷകരായി മാന്യവത്ക്കരിച്ചു.
കാടുകൾ നശിച്ചതിന്റെ ഫലമായി മഴവെള്ളം ഭൂമിയിലേക്ക് ഊഴ്ന്നിറങ്ങാതെ നേരേ കടലിലേക്ക്
ഒഴുകാൻ തുടങ്ങി. ഉരുൾപൊട്ടൽ എന്ന പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഇന്നത്തെ
കേരളം രൂപാന്തരപ്പെട്ടു.
സൈലന്റ്
വാലി വൈദ്യുതി പദ്ധതി നടപ്പിലായിരുന്നെങ്കിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒരു നല്ല
ഭാഗം കൂടി ഇല്ലാതാകുമായിരുന്നു. ആ പദ്ധതിക്ക് തടയിടാൻ കഴിഞ്ഞത് പരിസ്ഥിതി
പ്രവർത്തകരുടെ വൻവിജയമായാണ് ലോകം വിലയിരുത്തിയിട്ടുള്ളത്. മലകളെ അറിയുകയും
സ്നേഹിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതുകൊണ്ടാണ് കേരളത്തിലെ കൈവിരലിലെണ്ണാവുന്ന
പരിസ്ഥിതിപ്രവർത്തകർക്ക് രാഷ്രീയകക്ഷികളും ഉദ്യോഗസ്ഥരും ഇഞ്ചിനീയർമാരും തൊഴിലാളി
യൂണിയനുകളും മാദ്ധ്യമങ്ങളും അടങ്ങുന്ന ശക്തമായ നിര ഭേദിക്കാനായത്. പരിസ്ഥിതി
സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നവരുടെ എണ്ണത്തിൽ പിന്നീട് വർദ്ധനവുണ്ടായി.
പരിസ്ഥിതി അവബോധമുള്ളവരെ ഇന്ന് ചില പാർട്ടികൾക്കുള്ളിലും കാണാവുന്നതാണ്. എന്നാൽ
പരിസ്ഥിതി നശിപ്പിച്ചാണെങ്കിലും നാട് “വികസിപ്പിക്കണ”മെന്ന ഭരണവർഗ്ഗ ശാഠ്യത്തിന്
കുറവുണ്ടായിട്ടില്ല. കേന്ദ്രത്തിൽ നിന്ന് അനുകൂലമായ പ്രതികരണം
പ്രതീക്ഷിക്കാനാവുന്ന സാഹചര്യമല്ല ഇന്നുള്ളത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്
മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ കമ്മിറ്റി നൽകിയ ശിപാർശകൾ അട്ടിമറിക്കാൻ കേന്ദ്രതലത്തിലും
സംസ്ഥാനതലത്തിലും ശ്രമങ്ങൾ നടക്കുകയാണ്.
പശ്ചിമഘട്ടം
സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളം, തമിഴ് നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്രം
എന്നീ സംസ്ഥാനങ്ങളുടെ നിലനില്പ് അപകടത്തിലാകും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്
കിട്ടിയപ്പോൾ സർക്കാർ അത് പുറത്തുവിട്ടില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യം
ശക്തമായപ്പോൾ സർക്കാർ അത് വെബ്സൈറ്റിലിട്ടു. പാരിസ്ഥിതിക സ്വാഭാവത്തിന്റെ
അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ച്, ഓരോ മേഖലയുടെയും
സംരക്ഷണത്തിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കമ്മിറ്റി നൽകിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ നിർദ്ദിഷ്ടരീതിയിലാണെന്ന് ഉറപ്പുവരുത്താൻ ഒരു പശ്ചിമഘട്ട
ഇക്കൊളോജിക്കൽ അതോറിറ്റി സ്ഥാപിക്കാനും അത് ശിപാർശ ചെയ്തിട്ടുണ്ട്. കേരളത്തിലെ
അതിരപ്പള്ളി വൈദ്യുതി പദ്ധതിയും കർണ്ണാടകത്തിലെ ഗുണ്ഡ്യ അണക്കെട്ട് പദ്ധതിയും
പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതുകൊണ്ട് ഉപേക്ഷിക്കണമെന്നുമാണ് അത് നിർദ്ദേശിക്കുന്നത്.
ഖനനം,
അണക്കെട്ട് നിർമ്മാണം തുടങ്ങിയ “വികസന” പ്രവർത്തനങ്ങളെ പരിസ്ഥിതിക്കു മുകളിൽ
പ്രതിഷ്ഠിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കമ്മിറ്റിയുടെ ശിപാർശകൾ
ഇഷ്ടപ്പെട്ടില്ല. കേരളത്തിലെ സാഹചര്യങ്ങളിൽ അവ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു
പിടിച്ച് മടക്കിക്കൊടുക്കണമെന്നാവശ്യപ്പെ ടുന്ന നിയമം നടപ്പാക്കാഞ്ഞതിന്
സംസ്ഥാനത്തെ മുന്നണി സർക്കാരുകൾ പറഞ്ഞ കാരണവും ഇതുതന്നെയാണ്. സർക്കാരിനെ ഭയപ്പെടുത്താൻ
കഴിവുള്ള സ്ഥാപിതതാല്പര്യങ്ങൾ എതിർവശത്തുണ്ടെന്നതാണ് ഇത്തരം നയപരിപാടികളെ
അപ്രായോഗികമാക്കുന്നത്.
ഗാഡ്ഗിൽ
കമ്മിറ്റിയെ വെട്ടിനിരത്താൻ കേന്ദ്രം കസ്തൂരിരംഗൻ കമ്മിറ്റിയെ നിയമിച്ചു. രണ്ട്
കമ്മിറ്റികളുടെയും അദ്ധ്യക്ഷന്മാരുടെ പശ്ചാത്തലം ഇവിടെ പരിശോധന അർഹിക്കുന്നു.
മാധവ് ഗാഡ്ഗിൽ പാരിസ്ഥിതിക ശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ആളാണ്.
അമേരിക്കയിലെ ഹാർവാർഡിൽ പഠിക്കുമ്പോൾ അദ്ദേഹം മാത്തമാറ്റിക്കൽ ഇക്കോളൊജി (ഗണിതശാസ്ത്രപരമായ പാരിസ്ഥിതിക പഠനം) എന്ന വിഷയത്തിൽ പ്രബന്ധമെഴുതി സമ്മാനം നേടുകയുണ്ടായി. ഹാർവാർഡ്,
യൂസി ബർൿലി, സ്റ്റാൻഫോർഡ് എന്നീ പ്രശസ്ത സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലി ചെയ്തശേഷം
ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മുന്നു പതിറ്റാണ്ടുകാലം ബംഗ്ലൂരുവിലെ ഇൻഡ്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. അവിടെ അദ്ദേഹം പാരിസ്ഥിതിക പഠന
കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഇൻഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ
തലവനായിരുന്ന കെ. കസ്തൂരിരംഗനും ശാസ്ത്രജ്ഞൻ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ
വൈദഗ്ദ്ധ്യം ആസ്ട്രോഫിസിക്സ് (ഭൌതിക-ജ്യോതിശാസ്ത്രം) മേഖലയിലാണ്. ഇരുവരുടെയും പ്രവർത്തനം
വിശദമായി പഠിക്കുമ്പോൾ മറ്റൊന്നു കൂടി തെളിഞ്ഞുവരും. ഗാഡ്ഗിൽ പരിസ്ഥിതി പഠനത്തിനും
സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അക്കാദമിക പണ്ഡിതനാണ്. കസ്തൂരിരംഗൻ സ്വന്തം
വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കരിയറിസ്റ്റ് ശാസ്ത്രജ്ഞനും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഗ്രഹിച്ചതുപോലെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടു നൽകി. എന്നാൽ അവർ ആഗ്രഹിച്ചത്ര പോകാൻ അതിനും കഴിഞ്ഞിട്ടില്ല. അതിരപ്പള്ളി പോലുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നില്ല. കർശനമായ സൂക്ഷ്മപരിശോധന നടത്തിയ ശേഷം മാത്രമെ അംഗീകാരം നൽകാവൂ എന്നാണ് പറയുന്നത്. അതീവ ദുർബല പ്രദേശങ്ങളിൽ ഖനനം, താപനിലയങ്ങൾ, കടുത്ത മലിനീകരണപ്രശ്നമുള്ള വ്യവസായങ്ങൾ, വലിയ കെട്ടിട സമുച്ചയങ്ങൾ എന്നിങ്ങനെയുള്ള വാണിജ്യപ്രവർത്തനങ്ങൾ നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റി നിരോധിത പ്രദേശത്തിന്റെ വ്യാപ്തി 90 ശതമാനമായി ചുരുക്കാമെന്ന് പറയുന്നു. സ്ഥാപിതതാല്പര്യങ്ങൾക്കു ഭരണകൂടത്തിനു മേലുള്ള അമിതസ്വാധീനം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ പരിസ്ഥിതിസംരക്ഷണ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. (പാഠഭേദം, മേയ് 2013)
No comments:
Post a Comment