Friday, May 31, 2013

യു.ഡി.എഫിലെ വീതംവെക്കൽ രാഷ്ട്രീയം

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ രാഷ്ട്രീയരംഗം ശിഥിലമായിരുന്നതുകൊണ്ട് സർക്കാരുകൾ അടിക്കടി  നിലം‌പൊത്തുകയും ഉദ്യോഗസ്ഥന്മാർ രാഷ്ട്രപതിയുടെ പേരിൽ ഭരണം നടത്തുകയും ചെയ്തിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് അധികാരം നേടാനായി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പിളർന്നതോടെ ഒറ്റക്കക്ഷി ഭരണം സാദ്ധ്യമല്ലാത്ത അവസ്ഥയായി. അങ്ങനെ ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരത മടികടക്കാൻ മൂന്നു പതിറ്റാണ്ടു കാലമായി നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനം സഹായിച്ചിട്ടുണ്ട്. എന്നാൽ 1987നുശേഷം ഒരു കോൺഗ്രസ് മുഖ്യമന്ത്രിക്കും അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കാൻ  കഴിഞ്ഞിട്ടില്ല.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് 1991 ജൂണിൽ മുഖ്യമന്ത്രിയായ കെ. കരുണാകരനെ കാലാവധിയുടെ ഒരു കൊല്ലത്തിലധികം ബാക്കി നിൽക്കെ കോൺഗ്രസിലെ എതിർഗ്രൂപ്പ് പുകച്ചു പുറത്തു ചാടിച്ചു. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിനു കേന്ദ്ര മന്ത്രിസഭയിൽ ഇടംകൊടുത്തു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. കരുണാകരന്റെ വിശ്വസ്ഥനെന്ന് അറിയപ്പെട്ടിരുന്ന രമൺ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ചില സഹപ്രവർത്തകർ ഐഎസ്.ആർ.ഒ ചാരക്കേസിൽ കുടുക്കുകയും ആ സാഹചര്യം ഉപയോഗിച്ച് ആന്റണിയുടെ ശിഷ്യന്മാർ മുഖ്യമന്ത്രിക്കെതിരെ കരുക്കൾ നീക്കുകയുമായിരുന്നു. ചാരക്കേസ് കെട്ടുകഥയായിരുന്നെന്നും അതിന്റെ മറവിൽ നടന്ന കുരുക്കിടലുകളിൽ പത്രപ്രവർത്തകർ അറിഞ്ഞൊ അറിയാതെയൊ പങ്കാളികളായെന്നും ഇന്ന് നമുക്കറിയാം.

അടുത്ത തെരഞ്ഞെടുപ്പിൽ പുറത്തായ യു.ഡി.എഫ് 2001ൽ വീണ്ടും അധികാരം നേടുകയും ആന്റണി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തെങ്കിലും 2004ൽ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. ആ പുറത്താകലിനു കാരണക്കാരായത് എതിർഗ്രൂപ്പല്ല, സ്വന്തം അനുയായികൾ തന്നെയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് അധികാരം കൈമാറിയിട്ട് ആന്റണി കേന്ദ്രത്തിലേക്ക് പോവുക്കയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പ് തോൽ‌വിക്കുശേഷം 2011ൽ വിണ്ടും യു.ഡി.എഫിന്റെ ഊഴം വന്നു. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി.

ഇതിനിടയിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളാകെ മാറി മറിഞ്ഞു. കരുണാകരൻ കണ്ടെടുത്ത യുവനേതാവായിരുന്നു രമേശ് ചെന്നിത്തല. കരുണാകരൻ അദ്ദേഹത്തെ മന്ത്രിയാക്കുമ്പോൾ  വയസ് 27 മാത്രം. കെ. മുരളീധരൻ രാഷ്ട്രീയത്തിൽ വന്നശേഷം കരുണാകരന്റെ കീഴിൽ തനിക്ക് ഇനിയും മുന്നോട്ടു പോകാനാവില്ലെന്ന് മനസിലാക്കി ചെന്നിത്തല സ്വന്തം വഴി തേടി. ആന്റണിയിൽ നിന്ന് എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയും കരുണാകരനോടും മുരളീധരനോടുമൊപ്പം പാർട്ടി വിട്ടു പോകാതിരുന്നവരെയും വിട്ടുപോയിട്ട് തിരിച്ചു വന്നവരെയുമൊക്കെ ഉൾപ്പെടുത്തി വിശാല ഐ.ഗ്രൂപ്പുണ്ടാക്കിയ രമേശ് ചെന്നിത്തലയും കൈകോർത്തപ്പോൾ കേരളത്തിലെ കോൺഗ്രസ് അവരുടെ കൈപ്പിടിയിലൊതുങ്ങി.
ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല യുഗ്മത്തിന്റെ കീഴിൽ കോൺഗ്രസിനുള്ളിൽ സമാധാനം നിലനിന്നതുകൊണ്ട് എല്ലാം ഭംഗിയായി  പോവുകയാണെന്ന് എല്ലാവരും ധരിച്ചു. യഥർത്ഥത്തിൽ അതിന്റെ കീഴിൽ കോൺഗ്രസിന്റെ അടിത്തറ സാമൂഹികമായി ചുരുങ്ങുകയും ശക്തി ക്ഷയിക്കുകയും ആണെന്ന് പലർക്കും മനസിലായില്ല. ജാതി സംഘടനകളുടെ സഹായത്തോടെ സാമൂഹികതലത്തിലെ വിടവ് നികത്താമെന്നാണ് യുഗ്മം കരുതിയത്. ആ സമീപനം വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരാനാകുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ജാതിസംഘടനകളുടെ ശക്തികേന്ദ്രമെന്ന് കരുതപ്പെടുന്ന തിരുവിതാംകൂർ ഭാഗത്ത് കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

കഴിഞ്ഞ എട്ടു കൊല്ലക്കാലം നിലനിന്ന ആന്തരിക സമാധാനം തനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ രമേശ് ചെന്നിത്തല എത്തിയിട്ടുണ്ട്. അതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. കോൺഗ്രസിനും ഗുണത്തേക്കാൾ ദോഷമാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹത്തിന് മനസിലായ ലക്ഷണമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പ്രശ്നത്തിന് പരിഹാരം കാണാതെ ചെന്നിത്തലയുടെ പ്രശ്നം പരിഹരിക്കാനുതകുന്ന ഒരൊത്തുതീർപ്പ് പ്രതീക്ഷിക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും: ഉമ്മൻ ചാണ്ടിക്ക് കാലാവധി പൂർത്തിയാക്കാനാകുമോ അതൊ മറ്റാരെങ്കിലുമായി അത് വീതം വെക്കേണ്ടി വരുമൊ? ഇക്കാര്യത്തിൽ നിർണ്ണായകമാവുക പ്രമുഖ ഘടകകക്ഷികളുടെ നിലപാടാകും. കരുണാകരന്റെയും ആന്റണിയുടെയും വീഴ്ച അനിവാര്യമാക്കിയത് അവരുടെ നിലപാട് മാറ്റമാണ്.

യു.ഡി.എഫ്. സർക്കാർ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നെന്നും തങ്ങൾക്കു ഒന്നും തരുന്നില്ലെന്നും മുറവിളി കൂട്ടിയ സമുദായനേതാക്കളുടെ മക്കളും അനുയായികളും അവർ വഹിക്കുന്ന ചില സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായിരിക്കുന്നു! ഈ സ്ഥാനങ്ങളൊക്കെ രാഷ്ട്രീയ രക്ഷാധികാരികൾ സമ്മാനിച്ചതാണെന്ന് അവരുടെ പ്രവൃത്തി വ്യക്തമാക്കുന്നു. വീതംവെക്കൽ രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ് ഇതിലൂടെ വെളിപ്പെടുന്നത്. സാമൂഹ്യ നീതിയെ കുറിച്ച് സംസാരിക്കുന്ന നേതാക്കളുടെ ലക്ഷ്യം സ്വന്തം സമുദായത്തിന്റെ ഉന്നമനമല്ല ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും ഉന്നമനം മാത്രമാണ്. അവർ കൂടുതൽ ആവശ്യപ്പെടുന്നത് കൂടുതൽ ബന്ധുക്കളെയും മിത്രങ്ങളെയും തൃപ്തിപ്പെടുത്താനാണ്.

യു.ഡി.എഫിന്റെ വീതംവെക്കൽ രാഷ്ട്രീയത്തിലെ ഏറ്റവും അപഹാസ്യമായ സംഭവമായി പലരും കാണുന്നത് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യവും ഉമ്മൻ ചാണ്ടിയുടെ ദയനീയമായ കീഴടങ്ങലുമാണ്. എന്നാൽ കൂടുതൽ അപഹാസ്യമായ കാഴ്ച വരുന്നതേയുള്ളൂ. അത് കേരളാ കോൺഗ്രസ്-ബിയുടെ മന്ത്രിസഭാ പുന:പ്രവേശമാണ്. അഴിമതിക്ക് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ഏക മുൻ‌മന്ത്രിയാണ് ആർ. ബാലകൃഷ്ണപിള്ള. നിയമസഭാംഗമല്ലാത്തതു കൊണ്ട് (സ്വന്തം മണ്ഡലത്തിൽ രണ്ട് തോൽ‌വി അദ്ദേഹം ഏറ്റുവാങ്ങിക്കഴിഞ്ഞു) മന്ത്രിയാകാൻ കഴിയാത്ത അദ്ദേഹത്തിന് സമാനപദവിയുള്ള മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനം ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം എൻ.എസ്.എസ്. ഭാരവാഹി കൂടിയാകയാൽ അദ്ദേഹത്തിന്റെ നിയമനം കൊണ്ട് കോൺഗ്രസിൽനിന്ന് ദൂരം പാലിക്കുന്ന അതിന്റെ നേതൃത്വത്തെയും അനുനയിപ്പിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ബാലകൃഷ്ണപിള്ള കുറേക്കാലം തടഞ്ഞുനിർത്തിയിരുന്ന പുത്രവാത്സല്യം ഇപ്പോൾ കരകവിഞ്ഞൊഴുകുകയാണ്. മകൻ കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാലെ ചെയർമാൻ സ്ഥാനം സ്വീകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
 
ഈ മന്ത്രിസഭയിലെ ഒരു നല്ല മന്ത്രിയായാണ് പലരും ഗണേഷ് കുമാറിനെ കാണുന്നത്. ഭാര്യ നൽകിയ പീഡനക്കേസാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. പരാതിയും കേസും തീർന്ന സ്ഥിതിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ തടസമില്ലെന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ വീതം നൽകുന്നതിനു മുമ്പ് ഭാര്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സമ്മതിക്കുകയും അതിന് പരസ്യമായി മാപ്പ് പറയുകയും ചെയ്ത വ്യക്തി മന്ത്രിയാകാൻ യോഗ്യനാണോയെന്ന് ഉമ്മൻ ചാണ്ടി ആലോചിക്കണം. (ജനയുഗം, മേയ് 29, 2013)

1 comment:

Janapalan A said...

Please visit http://www.indiaelections2014.info for more India upcoming political election2014 detailed news source