Wednesday, November 28, 2012

ബൂലോക സ്വാതന്ത്ര്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തും

രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങൾ സൈബർ സ്വാതന്ത്ര്യത്തിന് തടയിടാൻ നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും പുതിയ തെളിവാണ് ഫേസ് ബുക്കിലെ അഭിപ്രായപ്രകടനത്തിന് മഹാരാഷ്ട്ര പൊലീസ് ഷഹീൻ ധാദ, റിനു ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവം.നിലവിലുള്ള ഐ.ടി. നിയമം നൽകുന്ന വിപുലമായ അധികാരങ്ങൾ ബൂലോകത്ത് യഥേഷ്ടം ഇടപെടാനുള്ള അവസരം അധികൃതർക്ക്  നൽകുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളെ പിണറായി വിജയന്റെ മാളികയുടെ വ്യാജ ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഐ.ജി. ടോമിൻ തച്ചങ്കരി കേരളത്തിലേക്ക് വിളിച്ചുവരുത്തുകകയുണ്ടായി കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകനെതിരെ ട്വിറ്ററിൽ അഴിമതിയാരോപണം ഉന്നയിച്ച ഒരാളെ തമിഴ് നാട് പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനർജിയെ പരിഹസിക്കുന്ന പടം പ്രചരിപ്പിച്ചതിന് പശ്ചിമ ബംഗാൾ പൊലീസ് യാദവ്‌പൂർ സർവകലാശാലയിലെ ഒരു പ്രൊഫസറെ തുറുങ്കിലടച്ചു. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുന്നതിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയിലെ പൊലീസാണ്. ദേശീയ ചിഹ്നങ്ങളെ ഹിതകരമല്ലാത്ത രീതിയിൽ കാർട്ടൂണുകളിൽ ഉൾപ്പെടുത്തിയ ഉത്തർ പ്രദേശുകാരനായ അസിം ത്രിവേദിക്കെതിരെ അവർ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബാൽ താക്കറെ മരിച്ചപ്പോൾ മുംബൈ ഹർത്താൽ ആചരിച്ചത് ആദരവ് മൂലമായിരുന്നില്ല, ഭീതി മൂലമായിരുന്നുവെന്ന് എഴുതിയതിനാണ് ഷഹീനെ അറസ്റ്റ് ചെയ്തത്. വിവിധജന വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നതാണ് ആ യുവതിക്കെതിരെ ചുമത്തിയ കുറ്റം. റിനു ഒന്നും എഴുതുകയൊ പ്രചരിപ്പിക്കുകയൊ ചെയ്തില്ല. ഷഹീൻ എഴുതിയത് ഇഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തുകയെ ചെയ്തുള്ളു. അക്രമത്തിലൂടെ ഭീതി പരത്തിയാണ് താക്കറെ മഹാരാഷ്ട്രയിൽ ശിവസേനയെ വളർത്തിയതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. രാജ്യത്ത് ഹർത്താലുകൾ വിജയിക്കുന്നത് അവ ആഹാനം ചെയ്യുന്ന കക്ഷികളോടുള്ള ആഭിമുഖ്യം മൂലമല്ല, അക്രമം നടത്താനുള്ള അവരുടെ ശേഷിയെ കുറിച്ചുള്ള ബോധം മൂലമാണ്. ദേശീയ ഹർത്താൽ ആഹ്വാനങ്ങളോടുള്ള പ്രതികരണം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇടതുപക്ഷ ആഹ്വാനം കേരളത്തിൽ വിജയിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ അത് ഒരു ചലനവും സൃഷ്ടിക്കാത്തത് അവിടെ ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്താനുള്ള കഴിവ് പ്രസ്ഥാനത്തിനില്ലാത്തതുകൊണ്ടാണ്.

എല്ലാവർക്കും പ്രാപ്യമായതും ബാഹ്യനിയന്ത്രണമില്ലാത്തതുമായ മാധ്യമമാണ് ഇന്റർനെറ്റ്. അച്ചടിമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും ദ്വാരപാലകരുണ്ട്. അവരുടെ അറിവും അനുവാദവും കൂടാതെ അവിടെ അഭിപ്രായപ്രകടനം നടത്താനാവില്ല. എന്നാൽ കമ്പ്യൂട്ടറൊ മൊബൈലൊ ഉപയോഗിച്ച് ഏതൊരാൾക്കും സൈബർസ്പേസിൽ പ്രവേശിച്ച് എന്തും എഴുതാം. ഇന്റർനെറ്റ് നൽകുന്ന ഈ സ്വാതന്ത്ര്യം ഭരണാധികാരികളെ ചൊടുപ്പിക്കുന്നു. അതുകൊണ്ടാണ് ഭരിക്കുന്ന കക്ഷികൾ വ്യത്യസ്തമാണെങ്കിലും സംസ്ഥാന സർക്കാരുകളുടെ സമീപനം ഒന്നാകുന്നത്. ആഗോളതലത്തിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും ചൈനയും അവരവരുടേതായ രീതികളിൽ ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അമേരിക്കൻ സർക്കാരിന്റെ രഹസ്യങ്ങൾ പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസ്സാഞ്ചെ എന്ന ആസ്ത്രേലിയക്കാരൻ അവരുടെ പിടിയിൽ പെടാതിരിക്കാൻ ഇക്വഡോർ എന്ന തെക്കെ അമേരിക്കൻ രാജ്യത്തിന്റെ ബ്രിട്ടനിലെ എംബസിയിൽ അഭയാർത്ഥിയായി കഴിയുകയാണ്. പല പാശ്ചാത്യ വെബ്സൈറ്റുകളും ചൈനക്കാർക്ക് അപ്രാപ്യമാണ്.

നവമാദ്ധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങളെ അപലപിക്കുമ്പോഴും ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെയുള്ള അവയുടെ പ്രവർത്തനം ചില പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നത് അവഗണിക്കാനാവില്ല. ചിലർ കള്ളക്കഥകൾ  പ്രചരിപ്പിച്ചതിന്റെ ഫലമായി വടക്കുകിഴക്കൻ സംസ്ഥാനക്കാർ ബംഗ്ലൂരുവിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുകയുണ്ടായി. മ്യാന്മാറിലെ വിദൂര പ്രദേശത്ത് മുസ്ലിങ്ങൾക്കെതിരെ അക്രമമ്മൂണ്ടായപ്പോൾ നേരത്തെ മറ്റൊരിടത്തു നടന്ന ലഹളയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ലോകമൊട്ടുക്ക് വംശീയ-വർഗ്ഗീയ വികാരം പടർത്താൻ ചിലർ ശ്രമിച്ചു. പല തീവ്രവാദി സംഘങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ നടന്ന ഭരണമാറ്റത്തിൽ നവമാദ്ധ്യമങ്ങൾ ക്രിയാത്മകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ അത് പൊടുന്നനെ സംഭവിക്കുകയായിരുന്നില്ലെന്നും അതിന്റെ പിന്നിൽ ബാഹ്യ ഏജൻസികളുടെ തന്ത്രപൂർവ്വമായ ഇടപെടലുകളുണ്ടായിരുന്നെന്നും കരുതാൻ ന്യായമുണ്ട്. ഒരു സ്വതന്ത്ര മാദ്ധ്യമത്തിന്റെ പ്രവർത്തനത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവില്ല. എല്ലാ സ്വാതന്ത്ര്യങ്ങളും ദുരുപയോഗപ്പെടുത്താവുന്നവയാണല്ലൊ. സ്വാതന്ത്ര്യം ഇല്ലാതാക്കാതെ ദുരുപയോഗം എങ്ങനെ തടയാമെന്നാണ് ആലോചിക്കേണ്ടത്.

നവമാദ്ധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും അതിന്റെ ഫലമായുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി അവ വ്യക്തികളുടെ മേഖലയാണ്. സ്വന്തം വിചാരവികാരങ്ങൾ പ്രകടിപ്പിക്കാൻ വേദികളില്ലാത്തവർക്ക് നേരിട്ട് അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകുകവഴി അവ ജനമനസുകളിൽ ഉയരുന്ന അസന്തുഷ്ടിയുടെ ആവി പുറത്തേക്ക് പോകാൻ സഹായിക്കുന്നു. ഇപ്പോൾ പല രാഷ്ട്രീയ പൊതുസമൂഹ സംഘടനകളും ഈ മണ്ഡലത്തിൽ സജീവമാണ്. അവയുടെ വക്താക്കൾ അതിനെ നല്ല രീതിയിൽ ഉപയോഗിച്ചാൽ ഗുണപരമായ ഫലം പ്രതീക്ഷിക്കാം. എന്നാൽ ഉപയോഗിക്കുന്നവരെല്ലാം ബുദ്ധിപൂർവകമായും ചുമതലാബോധത്തോടെയും പെരുമാറുമെന്ന് ഉറപ്പാക്കാനാവില്ല. ഇന്റർനെറ്റ് കൂട്ടായ്മകളിലെ സംവാദങ്ങൾ എന്നെ വിദ്യാർത്ഥികാലത്തെ കാഴ്ചകൾ ഓർമ്മിപ്പിക്കാറുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ചിലപ്പോൾ കല്ലെടുത്ത് കുളത്തിലെറിയും. അല്ലെങ്കിൽ മാവിലേക്ക്. അതുമല്ലെങ്കിൽ വഴിയെ പോകുന്ന പട്ടിയുടെ നേർക്ക്. അവർ അത് ചെയ്യുന്നത് കല്ല് കുളത്തിൽ ഉണ്ടാക്കുന്ന ഓളങ്ങൾ കാണാനൊ മാവിൽ നിന്ന് വീഴുന്ന മാങ്ങ പെറുക്കി തിന്നാനൊ പട്ടിയുടെ മോങ്ങൽ കേൾക്കാനൊ അല്ല, വെറുതെ ഒരു രസത്തിനാണ്. ചിലരുടെ കമന്റെഴുത്തും ഇത്തരത്തിലുള്ളതാണ്.

ദ്വാരപാലകരുടെ അഭാവത്തിൽ ദുരുപയോഗത്തിനുള്ള സാദ്ധ്യത കൂടുതലാണെങ്കിലും നവമാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റ് മാദ്ധ്യമങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ട കാര്യമില്ല. മാദ്ധ്യമം ഏതുമാകട്ടെ അഭിപ്രായപ്രകടനം നിയമപരിധിക്കുള്ളിൽ നിൽക്കുന്നെങ്കിൽ അധികൃതർ ഇടപെടരുത്. എന്നാൽ നിയമത്തിനു നിരക്കാത്തതാണെങ്കിൽ ഉചിതമായ നടപടിയെടുക്കണം. ഐ.ടി. നിയമം നൽകുന്ന അമിതമായ അധികാരം പൊലീസ് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ ഭേദഗതി ആവശ്യമാണ്. എല്ലാ വിമതാഭിപ്രായത്തെയും ഭരണകൂടവിരുദ്ധതയായും എല്ലാ ഭരണകൂടവിരുദ്ധതയെയും രാജ്യദ്രോഹമായും കാണുന്ന തികച്ചും ജനാധിപത്യവിരുദ്ധമായ പ്രവണത ഭരണ കക്ഷികളിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അവരുടെ ആജ്ഞാനുവർത്തികളായ പൊലീസികാരുടെ സമീപനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയെ പരിഹസിക്കുന്നതും മന്ത്രിപുത്രനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നതും ഒരു കക്ഷിയുടെ ആധിപത്യത്തിന്റെ അടിസ്ഥാനം ഭീതിയാണെന്ന് പറയുന്നതും തങ്ങൾക്ക് മാനഹാനിയുണ്ടാക്കുന്നെന്ന് ബന്ധപ്പെട്ടവർക്ക് തോന്നിയേക്കാം. പത്രങ്ങളാണ് ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതെങ്കിൽ കോടതിയിലൂടെയാണ് അവർ പരിഹാരം തേടുക. പുതിയ മാദ്ധ്യമങ്ങളുടെ കാര്യത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? പൊലീസ് ഇടപെടേണ്ട വിഷയമാണെങ്കിൽ തന്നെയും ഷഹീൻ, റിനു എന്നിവരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, പരാതി കിട്ടിയാലുടൻ ഒരന്വേഷണവും കൂടാതെ ആളുകളെ കസ്റ്റഡിയിലെടുക്കാവുന്നതല്ല. ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം തുടങ്ങിയ സുന്ദരമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എന്നാൽ അവയിൽ വിശ്വസിക്കുന്നവരല്ല തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ ജനാധിപത്യത്തിന്റെ ഗതി സുഗമമാകില്ല. വ്യത്യസ്ത ആശയങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുഅകയെ ഉള്ളു.     

2 comments:

അനില്‍@ബ്ലോഗ് // anil said...

" വ്യത്യസ്ത ആശയങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുഅകയെ ഉള്ളു."

ആ ലക്ഷ്യം ഭരണാധികാരികൾക്ക് എന്നെ നഷ്ടപ്പെട്ടില്ലെ, സർ?

ഞാന്‍ പുണ്യവാളന്‍ said...

ജനാധിപത്യം, മതനിരപേക്ഷത, അവസരസമത്വം തുടങ്ങിയ സുന്ദരമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എന്നാൽ അവയിൽ വിശ്വസിക്കുന്നവരല്ല തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുമ്പോൾ ജനാധിപത്യത്തിന്റെ ഗതി സുഗമമാകില്ല.

ഇത് തന്നെയാണ് സത്യം ... @ PUNYAVAALAN