Tuesday, May 11, 2010

കണ്ണൂരിൽ നിന്ന് ഒരു അപഭ്രംശ കഥ

മലയാള മനോരക്കൊപ്പം ദേശാഭിമാനിയും അൽമായർക്കെതിരെ സഭാ നേതൃത്വത്തോടൊപ്പം നിൽക്കുന്ന കാഴ്ച ഈയിടെ നാം കാണുകയുണ്ടായി. അത് ഒരു അപഭ്രംശം മാത്രമാണെന്ന വിശദീകരണവുമുണ്ടായി. സഭാ നേതൃത്വത്തെപ്പോലെ തന്നെ സി.പി.എമ്മിനെയും മനോരമയെയും ഒന്നിക്കുന്ന മറ്റൊരു അപഭ്രംശമാണ് ഇന്നത്തെ വിഷയം. കഥാനായകൻ ഐ.ജി. ടോമിൻ ജെ. തച്ചങ്കരി ആണ്.

അടിയ്ക്കടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നയാളാണ് തച്ചങ്കരി. മാധ്യമങ്ങളിലൂടെ നാം അറിയുന്ന തച്ചങ്കരി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല, ഗാനരചയിതാവ്, ബിസിനസുകാരൻ, ടി.വി. ചാനൽ രംഗത്തെ മധ്യവർത്തി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നയാളാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ വായനക്കാരെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന വാർത്തകൾക്ക് വേണ്ടുവോളം സാധ്യത നൽകുന്ന സർവകലാശാലാവല്ലഭൻ. പ്രകമ്പനം കൊള്ളിക്കുന്ന വാർത്താശൈലി കേരളത്തിൽ അവതരിപ്പിക്കുകയും ഇന്നും മറ്റേതൊരു മാധ്യമത്തേക്കാളും സമർത്ഥമായി പിന്തുടരുകയും ചെയ്യുന്ന പത്രമാണ് മനോരമ. എന്നാൽ തച്ചങ്കരി വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ ഈ സാമർത്ഥ്യം പ്രകടമാകാറില്ല. കോട്ടയത്ത് സേവനം അനുഷ്ഠിച്ച കാലത്തു അദ്ദേഹമുണ്ടാക്കിയ സൌഹൃദങ്ങളാവാം പത്രത്തിന്റെ മൃദുസമീപനത്തിനു പിന്നിൽ എന്നാണ് ഞാൻ കരുതിയിരുന്നത്. കഴിഞ്ഞ ദിവസം പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ബന്ധത്തിന് കൂടുതൽ ആഴമുണ്ടെന്ന സൂചന നൽകുന്നു.

മേയ് 8ലെ (ശനിയാഴ്ച) പത്രത്തിൽ ഒന്നാം പേജിൽ വന്ന റിപ്പോർട്ടിന്റെ തലക്കെട്ട് “തച്ചങ്കരിക്കെതിരെ ഉടൻ കുറ്റപത്രം നൽകാൻ വിഎസിന്റെ അന്ത്യശാസനം” എന്നായിരുന്നു. തുടക്കം ഇങ്ങനെ:

സി.പി.എം. സെക്രട്ടേറിയറ്റ് നിർദ്ദേശം കാറ്റിൽ‌പ്പറത്തിയും ആഭ്യന്ത്രവകുപ്പിനെ ഒഴിവാക്കിയും ഐ.ജി. ടോമിൻ തച്ചങ്കരിക്കെതിരെ വീണ്ടും മുഖ്യമന്ത്രിയുടെ ഒറ്റയാൾ പോരാട്ടം.

ഇക്കുറി വിജിലൻസ് ഡയറക്ടർ ഡിജിപി കെ.പി. സോമരാജനെ ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തിയാണ് തച്ചങ്കരിക്കെതിരായ കേസിൽ ഉടൻ കുറ്റപത്രം നൽകണമെന്നും ഇത് മുഖ്യമന്ത്രിയാണ് പറയുന്നതെന്നും വി.എസ്.അച്യുതാനന്ദൻ അന്ത്യശാസനം നൽകിയത്. മന്ത്രി കോടിയേരി ബാലകൃഷ്ണനെ മറികടന്ന് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൽ കൈകടത്തുന്നുവെന്ന വിമർശനം നിലനിൽക്കെ, വിഎസിന്റെ പുതിയ നീക്കം അതീവഗൌരവത്തോടെയാണ് പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത്.


മുഖ്യമന്ത്രി ഒരുദ്യോസ്ഥനെ വിളിച്ച് എന്തെങ്കിലും നടപടിയെടുക്കാൻ പറഞ്ഞാൽ അത് സാധാരണഗതിയിൽ ഒരു ‘നിർദ്ദേശം’ ആണ്. സാഹചര്യം കൂടുതൽ കർശനമായ സ്വഭാവം നൽകുന്നെങ്കിൽ അതിനെ ‘ഉത്തരവ്’ എന്ന് വിശേഷിപ്പിക്കാം.

തുടർന്ന് പത്രം എഴുതുന്നു:

ചൊവ്വാഴ്ച ഡൽഹി യാത്രക്കു തൊട്ടുമുൻപാണ് വിജിലൻസ് മേധാവി കെ.പി. സോമരാജനെ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചത്. ‘അയാൾ എന്നെ നേരിട്ട് വെല്ലുവിളിച്ചിരിക്കുകയാൺ. അയാളെ സർവീസിൽ വയ്ക്കാൻ കൊള്ളില്ല. ഇതിനു മുൻപ് നിങ്ങൾ വിജിലൻസുകാർ അയാളെ പലതവണ സഹായൊച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി അത് പറ്റില്ല. അയാൾക്കെതിരാ‍ായ കേസിൽ ഉടൻ, ഉടൻ കുറ്റപത്രം നൽകണം. ഇത് മുഖ്യമന്ത്രിയാണ് പറയുന്നത്.’ ഇതായിരുന്നു മുഖ്യമന്ത്രി നൽകിയ ഉത്തരവ്.


‘ഇനി അത് പറ്റില്ല” എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാകാം ഉത്തരവിനെ അന്ത്യശാസനമായി ഉയർത്തിയത്.

മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറോട് പറഞ്ഞ വാക്കുകൾ ഉദ്ധരണികൾക്കുള്ളിലാണ്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അതേപടി എഴുതുന്നു എന്നാണ് അതിന്റെ അർത്ഥം.

സംഭാഷണം നടന്നത് തിരുവനന്തപുരത്തുള്ള ക്ലിഫ് ഹൌസിലും റിപ്പോർട്ട് ഉത്ഭവിച്ചത് കണ്ണൂരിലുമാണെന്നത് ശ്രദ്ധിച്ചപ്പോൾ കുരുക്ഷേത്രത്തിലെ യുദ്ധഭൂമിയിൽ കൃഷ്ണനും അർജ്ജുനനും തമ്മിൽ നടന്ന സംഭാഷണം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്ന് ‘ലൈവ് ടെലിവിഷനി‘ലെന്നപോലെ കണ്ട് ‘ബ്രേക്കിങ് ന്യൂസാ‘യി ധൃതരാഷ്ട്രർക്ക് നൽകിയ സഞ്ജയന് ഒടുവിൽ ഒരു പിൻ‌ഗാമി ഉണ്ടായിരിക്കുന്നു എന്ന ചിന്തയാണ് ആദ്യം മനസ്സിലുയർന്നത്. പക്ഷെ സംഭവം നടന്നത് ചൊവ്വാഴ്ചയും റിപ്പോർട്ട് വന്നത് ശനിയാഴ്ചയുമായതുകൊണ്ട് ലേഖകന് ലൈവ് ആയല്ല വിവരം ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച ക്ലിഫ് ഹൌസിൽ നടന്ന സംഭാഷണം ശനിയാഴ്ചത്തെ പത്രത്തിൽ ഉദ്ധരണിയോടെ കൊടുക്കത്തക്കവിധത്തിൽ കണ്ണൂരിലെ മണോരമ ലേഖകനെത്തിച്ചുകൊടുത്തത് ആരാണെന്ന് ചോദിച്ചിട്ട് കാര്യമില്ല. കാരണം മാധ്യമങ്ങൾ സ്രോതസ് വെളിപ്പെടുത്താറില്ല. എന്നാൽ സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ ഉയർത്താനുള്ള വിവരം റിപ്പോർട്ടിലുണ്ട്. വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി നൽകിയ അന്ത്യശാസനത്തെ പാർട്ടിയും ആഭ്യന്തരവകുപ്പും കാണുന്നത് അതീവഗൌരവത്തോടെയാണെന്ന പ്രസ്താവമാണത്. പാർട്ടിയുടെയും ആഭ്യന്തര വകുപ്പിന്റെയും മനസ് അറിയാവുന്ന ആ സ്രോതസ് ആരാണ്? കോടിയേരി ബാലകൃഷ്ണനാണോ? അതോ ടൊമിൻ ജെ. തച്ചങ്കരി തന്നെയോ?

8 comments:

anish said...

lol...... also the dialogue luks cinematic!!!! ...."ithu mukhyamantriyaanu parayunnath"....

ജനശക്തി said...

ബി.ആര്‍.പി ആളു കൊള്ളാം. അപഭ്രംശമാണതെന്ന് വിശദീകരണമുണ്ടായെന്നോ? ചിരിപ്പിക്കല്ലേ. ആദ്യ കമന്റ് ഇതായിരുന്നു.

“മാധ്യമങ്ങള്‍ തമസ്കരിക്കും എന്ന് സമ്മതിച്ചതിനു നന്ദി. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളില്‍ (ദേശാഭിമാനിയില്‍ വന്നോ ഇല്ലയോ എന്ന് അറിയില്ല.) കൂട്ടിക്കെട്ടി ഒന്നാണെന്നോ, താല്പര്യം ഒന്നാണെന്നോ പറയുന്ന താങ്കള്‍ മാധ്യമങ്ങളുടെ പ്രധാന തമസ്കരണങ്ങള്‍ക്കെതിരെ കൂടി പ്രതികരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു“

സ്ഥിരം നടക്കുന്ന മാധ്യമത്തരികിടകള്‍ കാണാതെ ‘ഒറ്റപ്പെട്ട’ സംഭവങ്ങളെ ഇടതു വിരോധത്തിന്റെ പേരില്‍ കൂട്ടിക്കെട്ടി പെരുപ്പിക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ ബി.ആര്‍.പി. കമന്റ്. വീണത് വിദ്യയാക്കുന്ന പരിപാടിയാണെങ്കില്‍ ഓക്കെ..തുടരുക.

chandrababu said...

whenever a stinging comment or report appears the pseudo leftists suddenly jumping into the scene.this deceptive attempt is not to protect the left ideologies but for "His favor".whenever one continuously repeat him as leftist remember he will be a extreme rightist.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ബി.ആര്‍.പി നമ്മളേ എല്ലാം ചിരിപ്പിച്ച് കൊല്ലും. ഒന്നാമത് മനോരമ ഒന്നന്തരം സി.പി.എം വിരുദ്ധ പത്രം. അവര്‍ സി.പി.എമിനെതിരെ എഴുതിയ കഥകള്‍ എത്ര എടുത്താലും തീരില്ല. അവര്‍ കണ്ണൂര്‍ ബൈലൈനില്‍ ഒരു വാര്‍ത്ത എഴുതി. അത് ഉദ്ദ്യേശിച്ചത് പോലെ ക്ലിക്കായില്ല. എന്തായാലും ബി.ആര്‍.പി വഴി അത് ക്ലിക്കാക്കി. അങ്ങനെ കോടിയേരിയെ സംശയത്തിന്റെ നിഴലിലുമാക്കി. കോളമെഴുത്ത് കേരള കൌമുദിയിലാണെങ്കിലും മനോരമക്കും ബി.ആര്‍പിയെക്കൊണ്ട് ഗുണമുണ്ട്. കെമിസ്ട്രിയിലെ ഭാഷയില്‍ പറഞ്ഞാല്‍ ഉള്‍പ്രേരകം

Unknown said...

അപ്പോൾ ഒന്നുറപ്പിച്ചു പറ

കുഞ്ഞുമോൻ ചേട്ടനും ബീ ആർ പി സാറും ഇടത്താ?

ഇംഗ്ലീഷ് വായിച്ചിട്ട് മനസ്സിലാകുന്നില്ല, സോറി

ആരാ ഫേവ്വറു തരുന്നേന്ന് ഒന്നു വ്യക്തമായി പറഞ്ഞാരുന്നേൽ പോയി വല്ലതും ചോദിക്കാരുന്നു..പണിയും കൂലിയും ഒന്നും ഇല്ലാതെ ഇരിക്കുവാ..

Unknown said...

പാർട്ടീടെ നെഞ്ചത്ത് പൊങ്കാലയിടുമ്പോൾ മാറു വിരിച്ചുകാട്ടി പ്രതിരോധിക്കുന്നവൻ സ്യൂഡോ?

മാറി നീന്നൂറിച്ചിരിക്കുന്നവൻ തനിത്തങ്ക ഇടതു പക്ഷം

ത്ഫൂ....

കെ said...

‘അയാൾ എന്നെ നേരിട്ട് വെല്ലുവിളിച്ചിരിക്കുകയാൺ. അയാളെ സർവീസിൽ വയ്ക്കാൻ കൊള്ളില്ല. ഇതിനു മുൻപ് നിങ്ങൾ വിജിലൻസുകാർ അയാളെ പലതവണ സഹായൊച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി അത് പറ്റില്ല. അയാൾക്കെതിരാ‍ായ കേസിൽ ഉടൻ, ഉടൻ കുറ്റപത്രം നൽകണം. ഇത് മുഖ്യമന്ത്രിയാണ് പറയുന്നത്.’

കല്‍പ്പിച്ചു കിട്ടിയ ആദര്‍ശകുലോത്തമപ്പട്ടം നിലനിര്‍ത്താന്‍ ഈ "ഉത്തരവ്" നല്‍കിയ ആള്‍ തന്നെ അക്കാര്യം മനോരമക്കാരനെ വിളിച്ചുപറഞ്ഞ് വാര്‍ത്തയാക്കുന്ന ഒരു സാധ്യത കൂടിയുണ്ടേയ്...

പത്രം വെളിപ്പെടുത്താത്ത സോഴ്സിന്റെ സൂചനയുമായി ഇങ്ങനെ ഓരോരോ അപ്പൂപ്പന്മാര്‍ രംഗത്തിറങ്ങിയാല്‍ വായനക്കാര്‍ക്ക് ചിരിയൊഴിഞ്ഞ നേരമുണ്ടാവില്ല.. നടക്കട്ടെ... ഒറ്റക്കണ്ണും ഒറ്റച്ചെവിയും ഒറ്റക്കാലുമായി മുന്നോട്ടു തന്നെ പോകട്ടെ...

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചന്‍ പറഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഇത് വി.എസ് തന്നെ വിളിച്ച് പറയാന്‍ സാധ്യത ഉണ്ട്. പി.ബിയില്‍ വി.എസ് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വി.എസിനെ പി.ബിയില്‍ എടുക്കാന്‍ പോകുന്ന എന്ന വാര്‍ത്തമാത്രമെ പി.ബിയില്‍ നിന്ന് കിട്ടുന്നുള്ളൂ