Monday, May 24, 2010

അംബേദ്കർ സിനിമ: സർക്കാർ മുൻ‌കൈ എടുക്കണം


മമ്മൂട്ടി അംബേദ്കറായി

ജബ്ബാര്‍ പട്ടേല്‍ എന്ന പ്രശസ്തനായ മറാത്തി സംവിധായകന്‍ ബാബാസാഹിബ് ബി. ആര്‍. അംബേദ്കറുടെ ജീവിതത്തെ ആസ്പദമാക്കി 12 കൊല്ലം മുമ്പ് ഒരു ബഹുഭാഷാ ചലച്ചിത്രം നിര്‍മ്മിക്കുകയുണ്ടായി. മമ്മൂട്ടിയാണ് അതില്‍ അംബേദ്കറായി പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ക്ക് ഇതുവരെ അത് കാണാന്‍ അവസരമുണ്ടായിട്ടില്ല.

ചിത്രത്തിന്റെ തമിഴ് ഭാഷ്യം ഏറ്റവും വേഗത്തില്‍ റിലീസ് ചെയ്യാന്‍ നാഷനല്‍ ഫിലി, ഡവലപ്മെന്റ് കോര്‍പ്പൊറേഷനോടും അതിന് വിനോദനികുതി ഇളവ് നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ തമിഴ് നാട് സര്‍ക്കാരിനോടും മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടു. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്നത്തെ ഹിന്ദു പത്രത്തിലെ റീഡേഴ്സ് എഡിറ്റര്‍ എസ്. വിശ്വനാഥന്റെ പഒക്തി കാണുക. http://www.hindu.com/2010/05/24/stories/2010052452661100.htm).

കേരളത്തിലും ഈ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിയിട്ടില്ല. പക്ഷെ സൂപ്പര്‍താരത്തിന്റെ ആരാധകവൃന്ദമൊ അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള താര സംഘടനയായ അമ്മയൊ സിനിമയെ രക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന നിര്‍മ്മാതാക്കളുടെ സംഘടനയൊ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും സംഘടനയൊ ചെറുവിരല്‍ പോലുമനക്കിയതായി അറിവില്ല.

തമിഴ് നാട്ടില്‍ സംഭവിച്ചതുപോലെ ആരെങ്കിലും കോടതിയില്‍ പോയി ഉത്തരവ് വാങ്ങുന്നതിനു കാത്തിരിക്കാതെ ചിത്രത്തിന്റെ മലയാള പതിപ്പ് ഉടന്‍ റിലീസ് ചെയ്യിപ്പിക്കാനും നികുതി ഇളവു നല്‍കി അതിനെ പ്രോത്സാഹിപ്പിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാകണം.

4 comments:

Anonymous said...

സഖാവ് മമ്മൂട്ടി പഴശ്ശിരാജായോ മറ്റോ ആയി അഭിനയിക്കുമ്പോഴേ സര്‍ക്കാരിനു കനിവു തോന്നൂ.ബാബാസാഹിബ് ബ്രിട്ടീഷ് ചാരനല്ലേ? വിപ്ലവകാരികള്‍ അത്തരം ബൂര്‍ഷ്വാ സിനിമകളെ പ്രോത്സാഹിപ്പിക്കാമോ?നാഴികയ്ക്കു നാല്‍പ്പതു വട്ടം അംബേഡ്കറെ പിടിച്ചാണയിടുന്ന സംഘടനകളുള്‍പ്പെടെ ആരും ഈ ചിത്രം പുറത്തിറങ്ങാത്തതില്‍ പരിഭവം കാണിക്കുന്നതു കാണാനില്ല. പിന്നെ സര്‍ക്കാരിനെ കുറ്റം പറയുന്നതെങ്ങനെ?

നിസ്സഹായന്‍ said...

"നാഴികയ്ക്കു നാല്‍പ്പതു വട്ടം അംബേഡ്കറെ പിടിച്ചാണയിടുന്ന സംഘടനകളുള്‍പ്പെടെ ആരും ഈ ചിത്രം പുറത്തിറങ്ങാത്തതില്‍ പരിഭവം കാണിക്കുന്നതു കാണാനില്ല."
അതെങ്ങനെ പ്രത്യയശാസ്ത്ര വിശകലനം കഴിഞ്ഞിട്ട് സമയം വേണ്ടേ, ഈ ആവശ്യം ഒന്ന് ശക്തമായി ഉന്നയിക്കാന്‍ ? പിന്നെ സവര്‍ണരെ കുറ്റം പറയാന്‍ എന്തെങ്കിലുമൊരു വിഷയവും വേണ്ടേ ?!

poor-me/പാവം-ഞാന്‍ said...

കാണാനായി വളരെ ആഗ്രഹിച്ചതും എന്നാല്‍ കാണാന്‍ പറ്റാഞതുമായ ചിത്രം വളരെ വേഗം നമ്മുടെ മുമ്പിലെത്തുമെന്ന് കരുതട്ടെ...
മമ്മൂട്ടി തന്റെ സ്വാധീനം ഇതിനായി ഉപയോഗിച്ചാല്‍ നന്ദിയുള്ളവരായിരിക്കും ഞങളെപ്പോലുള്ളവര്‍...

റോബി said...

ഇതിന്റെ ഡിവിഡി ഇറങ്ങിയിട്ടു കുറെ നാളായല്ലോ. നെറ്റില്‍ ഡൌണ്‍‌ലോഡ് ചെയ്യാനും സാധിക്കും.