Friday, May 14, 2010

കോര്‍പറേറ്റ് ഇടതുപക്ഷത്തിന്റെ നവ ലിബറല്‍ മുഖം

ബി.ആര്‍.പി ഭാസ്കര്‍

കിനാലൂര്‍ സംഭവം രാഷ്ട്രീയ സാമ്പത്തിക സാമൂഹികതലങ്ങളില്‍ മാത്രമല്ല, സാംസ്കാരികതലത്തിലും അടയാളപ്പെടുത്തേണ്ട ഒന്നാണ്. കേരളം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ഓര്‍മപ്പെടുത്തലും അതിലടങ്ങിയിട്ടുണ്ട്.

കിനാലൂരിലുണ്ടായതുപോലുള്ള തെരുവ് യുദ്ധങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. അവ ആകസ്മികവുമല്ല. പ്രകടനക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാകുമെങ്കില്‍ കാര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് അക്കാര്യം മുന്‍കൂട്ടി അറിയാനാകും. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികളെ പുറത്താക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ അയച്ച ദിവസം രാവിലെ ഒരു സുഹൃത്ത് എന്നെ വിളിച്ച് വെടിവെപ്പുണ്ടാകുമെന്നും തടയാന്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് തടയാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കു പോലും ആ ഘട്ടത്തില്‍ അത് തടയാന്‍ കഴിയുമായിരുന്നോയെന്ന് സംശയമാണ്.

കിനാലൂരിലെ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്ന സി.പി.എമ്മിന്റെയും വ്യവസായ മന്ത്രി എളമരം കരീമിന്റെയും പ്രസ്താവം പാടെ തള്ളിക്കളയാവുന്നതല്ല. അവര്‍ പറയുന്നത് അര്‍ധസത്യമാണെന്നു മാത്രം. റോഡ്വികസനത്തിനെതിരെ സമരം ചെയ്യുന്ന, സി.പി.എം ഒഴികെയുള്ള കക്ഷികളുടെ പ്രതിനിധികള്‍ അടങ്ങുന്ന ജനജാഗ്രതാസമിതി നേരത്തെ സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ശ്രമം നേരത്തേ ഒന്നിലധികം തവണ തടഞ്ഞിരുന്നു. വീണ്ടും സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സമിതിനേതാക്കള്‍ ജില്ലാകലക്ടറെ കണ്ട് അതും തടസ്സപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ എതിര്‍പ്പ് മാനിച്ച് മുമ്പ് സര്‍വേ ശ്രമങ്ങള്‍ ഉപേക്ഷിച്ച സര്‍ക്കാര്‍ എന്തു വിലകൊടുത്തും അത് ഇത്തവണ നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് സന്നാഹത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

സര്‍ക്കാര്‍ നാട്ടുകാരുമായി പതിനൊന്നു വട്ടം സംഭാഷണം നടത്തിയിരുന്നെന്നും 46 വീട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് എഴുതിക്കൊടുത്തിരുന്നെന്നും സി.പി.എം അവകാശപ്പെടുന്നു. വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതനിര്‍മിതിക്കുള്ള കഴിവുണ്ട്. ടെലിവിഷന്‍കാമറയുടെ മുന്നില്‍ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലിയ ഒരാളെക്കൊണ്ട് പ്രതിഷേധക്കാരുടെ കല്ലേറിലാണ് തനിക്ക് പരിക്കേറ്റതെന്ന് പറയിപ്പിക്കാന്‍ അതിന് കഴിഞ്ഞുവെന്നതും നമുക്ക് ഇവിടെ ഓര്‍ക്കാം. പതിനൊന്നു വട്ടം നാട്ടുകാരുമായി ചര്‍ച്ച നടത്തിയ സര്‍ക്കാറിന് പന്ത്രണ്ടാംതവണ അത് ചെയ്യാനുള്ള സന്മനസ്സ് എന്തുകൊണ്ട് ഉണ്ടായില്ല? അടുത്ത കാലത്ത് വികസനത്തിന്റെ പേരില്‍ പല സംസ്ഥാനസര്‍ക്കാറുകളും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തലുകള്‍ നടത്തിയിട്ടുണ്ട്. അതൊക്കെയും പദ്ധതികള്‍ തയാറാക്കുകയും അവ നടത്താന്‍ മുന്നോട്ടുവന്നവരുമായി കരാറുകള്‍ ഒപ്പിട്ടശേഷമായിരുന്നു. കിനാലൂരില്‍ വ്യവസായം തുടങ്ങാന്‍ ആരും ഇതുവരെ തയാറായിട്ടില്ല. ആദ്യം അടിസ്ഥാനസൌകര്യം ഉണ്ടാകണമെന്നും അതിനുശേഷമേ സംരംഭകര്‍ വരികയുള്ളൂ എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വാദം അംഗീകരിച്ചാല്‍തന്നെ ഒരു ചോദ്യം അവശേഷിക്കുന്നു. ജനജാഗ്രതാ സമിതിയുമായി കൂടുതല്‍ ചര്‍ച്ച നടത്തി, അത് മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു പകരം ജനങ്ങളെ തല്ലിച്ചതച്ചാണെങ്കിലും റോഡ് പണിയാന്‍ കരീമിന് എന്താണിത്ര ധൃതി?

പ്രകടനക്കാര്‍ അക്രമത്തിന് തയാറായി വന്നെന്നതിന് പൊലീസും മന്ത്രിയും നല്‍കുന്ന തെളിവ് അവര്‍ ചാണകവെള്ളം കരുതിവെച്ചിരുന്നു എന്നതാണ്. ചാണകവെള്ളം കൊണ്ടുള്ള അഭിഷേകം സുഖകരമായ അനുഭവമല്ല. അതേസമയം, അധികാരത്തിന്റെ ഇരുമ്പുമുഷ്ടി നേരിടുന്ന നിസ്സഹായരായ ജനങ്ങള്‍ക്ക് പ്രതിരോധമുറയുടെ ഭാഗമായി ഉപയോഗിക്കാനാവുന്ന ഏറ്റവും നിരുപദ്രവകരമായ ആയുധമാണത്. മാരകായുധമായി അതിനെ ചിത്രീകരിക്കാനുള്ള ദുരുപദിഷ്ടശ്രമം ജനകീയ പ്രതിരോധങ്ങളില്‍ അതിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാകാനേ സഹായിക്കൂ.

ചാണകവെള്ള പ്രയോഗവും കല്ലേറും പൊലീസിനെ പ്രകോപിപ്പിച്ചുവെന്നതാണ് ദൃശ്യമാധ്യമങ്ങളിലൂടെ നാം കണ്ട പൊലീസ് തേര്‍വാഴ്ചക്ക് ന്യായീകരണമായി കിനാലൂര്‍വിഷയത്തില്‍ സര്‍ക്കാറിന്റെ ഏകവക്താവായി നിലകൊള്ളുന്ന കരീമും ചാനല്‍ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടിവക്താക്കളും ചൂണ്ടിക്കാണിച്ചത്. ഇത്തരം പ്രകോപനങ്ങള്‍ പൊലീസുകാരെ പ്രതികാരദാഹികളാക്കുന്നെങ്കില്‍ അതിന്റെ അര്‍ഥം അവര്‍ക്ക് നല്ല പരിശീലനം കിട്ടിയിട്ടില്ലെന്നാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി പൊലീസില്‍ സി.പി.എം ഫ്രാക്ഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന അറിവിന്റെ വെളിച്ചത്തില്‍ കിനാലൂരിലെ പൊലീസ്നടപടികളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടായിരുന്നോ എന്നതും പരിശോധനയര്‍ഹിക്കുന്നു.

വ്യക്തമായ നവ ലിബറല്‍ അജണ്ടയുമായാണ് നാലു കൊല്ലം മുമ്പ് എല്‍.ഡി.എഫ് അധികാരത്തിലേറിയത്. സി.പി.എം ദേശീയനേതൃത്വം നേരത്തെ തന്നെ നവലിബറലിസത്തിന് പച്ചക്കൊടി കാട്ടിയിരുന്നു. ആ പരിപാടി പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ലാത്ത വി.എസ് അച്യുതാനന്ദനെ മുഖ്യമന്തിയാക്കേണ്ടി വന്നപ്പോള്‍ സംസ്ഥാനനേതൃത്വം അത് നടപ്പാക്കുന്ന ചുമതല വിശ്വസ്തരായ മന്ത്രിമാരെ ഏല്‍പിക്കുകയും പാര്‍ട്ടി ചട്ടങ്ങളുയര്‍ത്തി മുഖ്യമന്ത്രിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്തു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് കമ്യൂണിസ്റ്റ് സംഘടനാസംവിധാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. പക്ഷേ, മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും അച്യുതാനന്ദനെപ്പോലെ അതിന്റെ തടവറയിലായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടലുകളും പൊതുജനങ്ങളുടെ എതിര്‍പ്പും മറികടന്ന് അജണ്ടയിലെ ചില ഇനങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് എച്ച്.എം.ടി ഭൂമി ഇടപാട്. ആ വിഷയം സുപ്രീംകോടതിവരെ പോയി. കോടതി ഭൂമികൈമാറ്റം അനുവദിച്ചതുകൊണ്ട് വ്യവസായിക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി. എന്നാല്‍ ഭൂമി വ്യവസായാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന കോടതിയുടെ നിര്‍ദേശം ഇടനിലക്കാരുടെ മോഹം തകര്‍ത്തു. അവശേഷിക്കുന്ന ഒരു കൊല്ലത്തിനുള്ളില്‍ നവ ലിബറല്‍അജണ്ടയിലെ മറ്റിനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ധിറുതിയിലുള്ള നീക്കങ്ങള്‍ക്കു പിന്നില്‍.

കുറച്ചുകാലമായി ഇടതുപക്ഷത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന സവര്‍ണ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തിന് വേഗത കൂടുന്നുവെന്ന സൂചനയും കിനാലൂര്‍ നല്‍കുന്നുണ്ട്. അതിന്റെ ഏറ്റവും ഭീതിജനകമായ അംശം തീവ്രവാദം ആരോപിച്ച് ഒരു ജനകീയപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.എമ്മിന്റെ ഹീനശ്രമമാണ്. പാര്‍ട്ടിയില്‍നിന്ന് ദലിത് വിഭാഗങ്ങളെ അകറ്റുന്നതില്‍ വിജയിച്ച വര്‍ക്കലയിലെ ദലിത് ഹ്യൂമന്‍റൈറ്റ്സ് മൂവ്മെന്റിനെയും നേരത്തെ ഈ വിധത്തില്‍ മുദ്രകുത്തിയിരുന്നു. ഹിന്ദുത്വത്തിന്റെ കൊടിയുമായി നില്‍ക്കുന്നവരെയും കൂട്ടിയാണ് അവിടെ അത് ചെയ്തത്. ഇപ്പോഴിതാ ഒരു തരി തെളിവും മുന്നോട്ടുവെക്കാതെ ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പേരെടുത്തു പറഞ്ഞ് സി.പി.എം നേതാക്കള്‍ തീവ്രവാദി ആരോപണം ഉന്നയിക്കുന്നു. അധികാരം കൈയാളുന്നവരെന്ന നിലക്ക് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമപ്രകാരം നടപടികളെടുക്കാന്‍ കഴിയുന്നവരാണവര്‍. ബി.ജെ.പി ലോക്സഭാനേതാവ് സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. അതേ ലാഘവത്തോടെ മുസ്ലിംസമുദായത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന സംഘ്പരിവാര്‍ തന്ത്രം ഇവിടെ പയറ്റാന്‍ നവോത്ഥാനപാരമ്പര്യം ഉള്‍ക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം സി.പി.എം നേതൃത്വത്തിനുണ്ടാകണം. (മാധ്യമം, മേയ് 14, 2010)

24 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ബി.ആര്‍പി ഭാസ്കര്‍ മനപ്പൂര്‍വ്വം ചിലകാര്യങ്ങള്‍ വിട്ടുകളയുന്നുണ്ട്. ചാണക വെള്ളം തളിച്ച കഥ മാത്രമേ പറയുന്നുള്ളൂ. സമരക്കാര്‍ കല്ലെറിഞ്ഞ കഥ തന്ത്രപൂര്‍വ്വം തമസ്കരിക്കുന്നു. കാരണം ചാണകം വെള്ളം ഒഴിച്ച് പ്രതിക്ഷേധിച്ചു എന്ന പൈങ്കിളി കല്ലെറിഞ്ഞു പ്രതിക്ഷേധിച്ചു എന്ന് പറഞ്ഞാല്‍ കിട്ടില്ല.അതൊകൊണ്ട് കല്ലെറിഞ്ഞു എന്നത് ഇളമരം കരീമിന്റെ വ്യാഖ്യാനമായി . പക്ഷെ പിറ്റേ ദിവസത്തെ പത്ര റിപ്പോര്‍ട്ടുകളും ചാനല്‍ റിപ്പോര്‍ട്ടുകളും അങ്ങനെ ഒന്നും ആയിരുന്നില്ല. എന്നാല്‍ ഇന്ന് പീസ് പീസായി മുറിച്ച് കാണിക്കുന്ന ചാനല്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പുതിയ പൊതു ബോധം സൃഷ്ടിക്കാന്‍ ജമയത്ത് പത്രത്തില്‍ ഇത്രയെങ്കിലും എഴുതണമല്ലോ

പിന്നെ സമരക്കാര്‍ കല്ലെറിഞ്ഞില്ല എന്ന് ഇതുവരെ ഒരു ചാനലുകാരനും പറഞ്ഞില്ല. സി.പി.എം നേതാക്കന്മാര്‍ എറിഞ്ഞു എറിഞ്ഞു എന്ന് പറയുമ്പോഴും അതല്ല എന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ ഉള്ളത് പോലീസ് അടികൊണ്ട ഒരാളെ സി.പി.എം സമരക്കാരുടെ കല്ലേര്‍ കൊണ്ടവന്‍ എന്ന രീതിയില്‍ അവതരിപ്പിച്ചതിനെ പോളിച്ചതെ ഉള്ളൂ. സമരക്കാര്‍ ആദ്യമെ കല്ലെറിഞ്ഞില്ലായിരുന്നു എങ്കില്‍ അത് തെളിയിക്കുന്ന വീഡീയോകളുടെ പ്രളയമായെനെ. എന്നാല്‍ ഇപ്പോല്‍ കാണുന്നത് അതല്ല മറിച്ച് പ്രകോപിതരായ പോലീസുകാര്‍ നടത്തിയ ലാത്തിച്ചാര്‍ജ്ജ് ദൃശ്യങ്ങളാണ്‌. ഈ വിഷയത്തിന്റെ സാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയ മാധ്യമങ്ങള്‍ ആദ്യ ദിവസം തന്നെ സമരക്കാര്‍ കല്ലെറിഞ്ഞു എന്നത് റിപ്പോ്‌ട്ട് ചെയ്തു പോയതിനാല്‍ അതില്‍ തിരുത്തു വരുത്താന്‍ കഴിയാതെ പോയീ. മാത്രവുമല്ല കല്ലെറിഞ്ഞത് സി.പി.എം കാരാണ്‌ എന്ന് ഇതുവരെ വരുത്തിത്തീര്‍ക്കാനും കഴിഞ്ഞില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതില്‍ ബി.ആര്‍പി രോക്ഷം കൊള്ളുന്നത് കാണുമ്പോള്‍ കണ്ണീര്‍ വരും. ഇത് എല്ലായിപ്പോഴും ഇല്ല എന്നത് രസകരം. അധികാര കസേരക്ക വേണ്ടി ഏത് വൃത്തികെട്ട് നിലപാടും സ്വീകരിക്കുന്ന വി.എസിനെ കൂടെ ഉള്ളവര്‍ തന്നെ തള്ളിക്കളഞ്ഞിട്ടും ബി.ആര്‍പി പ്രതീക്ഷ വിടുന്നില്ല. പിന്നെ കിനാനൂരില്‍ സമരക്കാര്‍ പറയുന്ന ബദല്‍ സ്വീകരിക്കത്തതിന്` വികാരം കൊള്ളുന്ന ബി.ആര്‍പി. വല്ലാര്‍പാടത്ത് ടാറ്റയുടെ സ്ഥലത്തുകൂടി റോഡ് വെട്ടാനുള്ള ബദലിനെപ്പറ്റി മൂലമ്പള്ളി സമരകാലത്ത് എഴുതി കണ്ടില്ല. അന്ന് എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ തള്ളപ്പെട്ട ഹതഭാഗ്യരെ നോക്കി അവര്‍ക്ക് പിന്നില്‍ നക്സലേറ്റുകളാണ്‌ എന്ന് മഹാനായ വി.എസ് ആക്രോശിച്ചപ്പോള്‍ അന്ന് കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്‌ കുടപിടിക്കുന്ന വി.എസിനെപ്പറ്റി ആകുലപ്പെട്ട് കണ്ടില്ല.എന്നാല്‍ ഇന്ന് ഒരു സര്‍വ്വേക്ക് നേരെ ആക്രമണം നടത്തില്‍ തല്ലുവാങ്ങിയ ആളുകള്‍ക്ക് വേണ്ടി വി.എസിനെ ഉയര്‍ത്തിക്കാട്ടി സി.പി.എമിനെ ഇകഴ്ത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ പൊട്ടിച്ചിരിച്ചു പോകും

കിരണ്‍ തോമസ് തോമ്പില്‍ said...

നവലിബറല്‍ അജണ്ടയുമായി പൊരുത്തപ്പെടാത്ത വി.എസിനെ വാഴ്ത്താനും ബി.ആര്‍.പി മറക്കുന്നില്ല. അപ്പോള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഭൂമാഫിയ ഭൂമാഫിയ എന്ന് വിളിച്ച് ഇന്ന് എതിര്‍ക്കുന്ന പല പദ്ധതികളെപ്പോലെയാണ്‌ എന്ന് ആണയിട്ട് അധികാരത്തില്‍ ഏറിയപ്പോല്‍ അതെ സ്മാര്‍ട്ട് സിറ്റിക്കാരനെ 12 ഓളം ബദലകുകളുമായി വന്ന കമ്പനികളുമായി ചര്‍ച്ച നടത്താതെ അരിയിട്റ്റ് വാഴിച്ച വി.എസിനെയാണ്‌ നവലിബറല്‍ അജണ്ടയുമായി പൊരുത്തപ്പെടാത്തവന്‍ എന്ന് വ്യാഖ്യാനിക്കുന്നത്. ഏറ്റെടുത്ത് 246 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറോളം ഫ്രീ ഹോള്‍ഡും മിച്ചമുള്ള ഭൂമിയിടെ 30% പ്രദേശം ഐ.റ്റി ഇതര പ്രവര്‍ത്തനത്തിനും തരാമെന്ന് എഴുതിയ കരാര്‍ മഹത്തരമാണ്‌ എന്ന് പറഞ്ഞ നടന്നതും ഇതേ ബി.ആര്‍പി തന്നെ. അന്ന് ജമായത്ത് ഇസ്ലാമിയുടെ പത്രത്തില്‍ പിണറായിക്ക് ഈ മഹത്തര കരാറില്‍ താല്‍പ്പര്യമില്ല എന്ന കുത്ത് കൊടുത്തതും ഇതേ ബി.ആര്‍.പി തന്നെ. ഈ പദ്ധതിതിക്ക് വേണ്ടി (അതായത് 90 ഏക്കറോളം ഭൂമി മറ്റാവശ്യത്തിന്‌ ഉപയോഗിക്കാമെന്ന് കരാര്‍ ) കേവലം 2000 രൂപക്ക് സ്ഥലം വിട്റ്റ് കൊടുക്കേണ്ടി വന്ന ഹതാഭാഗ്യരെ ഒക്കെ സമരം ചെയ്തപ്പോള്‍ ഒന്നും പൊഴിക്കാത്ത കണ്ണുനീര്‍ ആരെയും കുടിയൊഴിപ്പിക്കാതെ തുടങ്ങാന്‍ കഴിയുന്ന സൈബര്‍ സിറ്റിക്കെതിരെ പൊഴിയുമ്പോള്‍ എന്താ പറയുക. എനിക്കിഷ്ടമുള്ളവന്‍ മഹാന്‍ ചെറുത്ത് നില്‍പ്പ് കാരന്‍ അല്ലാത്തവന്‍ മാഫിയ കോര്‍പ്പറേറ്റ് . മഹത്തരം അല്ലാതെന്ത് പറയാന്‍

ജിവി/JiVi said...

“സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്.“

ഈ നിത്യസംഭവങ്ങളില്‍ മൂന്നെണ്ണം എടുത്തെഴുതാമോ.

calicopsychic said...

"ടെലിവിഷന്‍കാമറയുടെ മുന്നില്‍ പൊലീസുകാര്‍ ഓടിച്ചിട്ട് തല്ലിയ ഒരാളെക്കൊണ്ട് ....."

അതീന്ന് വിട്ട് പിടിക്കാറായില്ലേ ബി ആര്‍ പീ ?

ഒരു നുണ എത്ര പ്രാവശ്യം ആവര്‍ത്തിച്ച് സത്യമാക്കും?

calicopsychic said...

മ അദനിയുമായി വേദി പങ്കിടുന്നേ എന്നു വലിയ വായില്‍ നിലവിളിച്ചവര്‍ ജമാ അത്തെ ഇസ്ലാമിയുടെ പത്രത്തില്‍ആകുമ്പോള്‍ മുസ്ലിംസമുദായത്തെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന സംഘ്പരിവാര്‍ തന്ത്രം പയറ്റുന്നേ എന്നാണിപ്പോള്‍ വിലപിക്കുന്നത്

suraj::സൂരജ് said...

ഒരു റോഡിന്റെ സര്‍‌വേ നടപടിയെ എതിര്‍ക്കുന്ന സമരത്തില്‍ പൊലീസിനെതിരേ രൂക്ഷമായ കല്ലേറുണ്ടാവുകയും ചാണകവെള്ളമൊഴിക്കലുമൊക്കെ നടക്കുമ്പോള്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യാതിരിക്കാന്‍ അവരു ട്രെയിനിംഗ് കഴിച്ചത് ഗാന്ധീ സ്കൂള്‍ ഒഫ് പീസിലൊന്നുമല്ലല്ലോ മാഷേ. അതിനെപ്പിടിച്ക്‍ "സവര്‍ണ വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റം" എന്നൊക്കെ പറഞ്ഞാല്‍....യെന്റമ്മോ ! പാതിരി കാണിച്ച വൃത്തികേടിനെ ശകാരിച്ചാല്‍ അത് "ധാര്‍ഷ്ട്യം", എന്‍.എസ്.എസ്സിനെതിരേ ശബ്ദിച്ചാല്‍ അത് ഹിന്ദുക്കളെ അവഹേളിക്കല്‍, പൂര്‍‌വകാല ചെയ്തികള്‍ക്ക് സമസ്താപരാധം പറഞ്ഞു വന്ന മഅദനിയോടൊത്ത് വേദി പങ്കിട്ടാല്‍ അത് ഇസ്ലാമിക തീവ്രവാദത്തിനു വളം വയ്ക്കല്‍.... ഇപ്പം ദേ സവര്‍ണവലതുപക്ഷത്തേയ്ക്ക് ചുവടുമാറ്റവും മുസ്ലീം സമുദായത്തെയാകെ തീവ്രവാദത്തിന്റെ നിഴലിലാക്കുന്ന സംഘപരിവാര്‍ തന്ത്രവും ! ചാക്കാലയായാലും ചങ്ക്രാന്തിയായാലും കോഴിക്ക് കെടക്കപ്പൊറുതിയില്ലെന്ന് !

പിന്നെ, മുകളില്‍ ജി.വി ചോദിച്ച സംശയം ഈയുളവനുമുണ്ടേ. "ബി.ജെ.പി ലോക്സഭാനേതാവ് സുഷമാ സ്വരാജ് വാക്കൌട്ട് നടത്തുന്നു എന്ന് പറയുമ്പോള്‍ സി.പി.എം മെമ്പര്‍മാര്‍ ഒപ്പം ഇറങ്ങിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്" -- രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ നന്നായിരുന്നു.

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

ബി ആര്‍ പി സാര്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് പഠിക്കയാ, സൂരജേ. വിഗ്രഹം ആരാധകനെ ആവാഹിക്കുന്ന അപൂര്‍വ്വ പ്രതിഭാസം!

vrajesh said...

കിനാലൂര്‍ എസ്റ്റേറ്റില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് എന്റെ വീട്.പത്രപ്രവര്‍ത്തകര്‍ ഇവിടെ വന്ന് കാര്യങ്ങള്‍ പഠിച്ചിട്ടൊന്നുമല്ല ഓരോന്ന് എഴുതി വിടുന്നത്.രാഷ്ട്രീയപ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് അതേ പടി എഴുതി വിടുകയാണ്.പത്രങ്ങള്‍ നിഷ്പക്ഷമാകണമെന്ന് പറയുകയല്ല,പക്ഷെ,അല്പം അധ്വാനിക്കുകയെങ്കിലും വേണം..

ജനശക്തി said...

ബി ആര്‍ പി സാര്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക് പഠിക്കയാ, സൂരജേ. വിഗ്രഹം ആരാധകനെ ആവാഹിക്കുന്ന അപൂര്‍വ്വ പ്രതിഭാസം!

ഇതൊരു അഞ്ചര അലക്കായിപ്പോയി..:)

ജനശക്തി said...

മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികളെ പുറത്താക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ അയച്ച ദിവസം രാവിലെ ഒരു സുഹൃത്ത് എന്നെ വിളിച്ച് വെടിവെപ്പുണ്ടാകുമെന്നും തടയാന്‍ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ഉടന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് തടയാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കു പോലും ആ ഘട്ടത്തില്‍ അത് തടയാന്‍ കഴിയുമായിരുന്നോയെന്ന് സംശയമാണ്.

ഇതൊന്ന് വിശദീകരിക്കാമോ? വെറുതെ ഒന്നറിഞ്ഞിരിക്കാന്‍. താങ്കള്‍ എന്തൊക്കെ ചെയ്തു എന്നൊക്കെ. ചരിത്രമല്ലേ.. ആന്റണി ആയതുകൊണ്ടാണോ ബി.ആര്‍.പി പോലീസിനെ ചാരി അന്നത്ത് സര്‍കാരിനെ വെള്ളപൂശിയെടുക്കാന്‍ ശ്രമിക്കുന്നത്? വലതു സര്‍ക്കാരിനും ഇടതു സര്‍ക്കാരിനും നിഷ്പക്ഷനായ ബി.ആര്‍.പി രണ്ട് നീതി നല്‍കുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ?

വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതനിര്‍മിതിക്കുള്ള കഴിവുണ്ട്

അദ്ദാണ്. അതിക്രമ സന്നദ്ധതെയെന്നൊക്കെ ബി.ആര്‍.പി അങ്ങ് പ്രഖ്യാപിച്ചാല്‍ മതിയോ? ഒന്ന് വിശദീകരിക്കെന്നേ. അറിഞ്ഞിരിക്കാമല്ലോ. മാധ്യമങ്ങള്‍ സമ്മതി നിര്‍മ്മിക്കുന്നു എന്ന വസ്തുതയെ തിരിച്ചിട്ട് അവരെ വിശുദ്ധവല്‍ക്കരിക്കാനുള്ള ശ്രമം കൊള്ളാം. സമ്മതി നിര്‍മ്മിക്കാന്‍ മുന്‍പന്തിയില്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ബി.ആര്‍.പിക്ക് സ്വയം ഡിഫന്‍ഡ് ചെയ്യാന്‍ അവകാശമുണ്ടെന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

ജനശക്തി said...

വ്യക്തമായ നവ ലിബറല്‍ അജണ്ടയുമായാണ് നാലു കൊല്ലം മുമ്പ് എല്‍.ഡി.എഫ് അധികാരത്തിലേറിയത്. സി.പി.എം ദേശീയനേതൃത്വം നേരത്തെ തന്നെ നവലിബറലിസത്തിന് പച്ചക്കൊടി കാട്ടിയിരുന്നു..

ദേ പിന്നേം ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റ്..എന്തൊരു സുഖം... നവലിബറല്‍ അജണ്ട എന്നത്കൊണ്ട് ബി.ആര്‍.പി.ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിക്കാമോ? പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നത് നവലിബറല്‍ അജണ്ടയാണോ? പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതും നവലിബറല്‍ അജണ്ട? പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നത് നവലിബറല്‍ അജണ്ട? പൊതുആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങള്‍ നടത്തി ആ മേഖലയെ ശക്തിപ്പെടുത്തുന്നത് നവലിബറല്‍ അജണ്ട? അതോ ഈ മേഖലകളെയൊക്കെ തകര്‍ക്കുന്നതോ നവ ലിബറല്‍ അജണ്ട? തകര്‍ക്കുന്നവരെ വെള്ളപൂശിയെടുക്കുവാനുള്ള ശ്രമം കൊള്ളാം.

അനില്‍@ബ്ലൊഗ് said...

തലക്കെട്ട് മാറിയെങ്കിലും വിഷയം മാറിയില്ലല്ലെ?
ഇതാദ്യമായാണ് കേരളത്തില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നതെന്ന് തോന്നുന്നല്ലോ, സര്‍.

മന്ത്രി കരീമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്നത്തെ ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിയും ശ്രമിക്കുന്നത് കണ്ടു. വ്യക്തമായി ആര്‍ക്കും ഒന്നും പറയാനില്ല. എല്ലാം ഊഹങ്ങള്‍ മാത്രം. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പദവിയില്‍ നിന്നും മാദ്ധ്യമങ്ങള്‍ എന്നെ താഴെയിറങ്ങിക്കഴിഞ്ഞു എന്ന് അവര്‍ ഓരോ ദിവസവും തെളിയിക്കുന്നു, ഈ ലേഖനവും മറിച്ചല്ല.

വാക്പ്രയോഗങ്ങളെക്കുറിച്ച് മന്ത്രി കരീം തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്, ഇടതു പക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് വേഷപ്രശ്ചന്നനായ മാരീചനപ്പോലെ ഇടത് അണികളില്‍ കണ്ഫ്യൂഷന്‍ സ്രൃഷ്ടിക്കുകയാണ് ഇടതു വിരുദ്ധരുടെ തന്ത്രം എന്ന്. ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തോന്നുകയാണ്.

absolute_void(); said...

നിങ്ങളിതാരോടാ ചോദിക്കുന്നേ? അവിടെയൊരു റേഡിയോ ഓണ്‍ ചെയ്തു വച്ചിരിക്കയാണെന്നറിയില്ലേ? ഇങ്ങോട്ടു പറയുന്നതൊക്കെ കേട്ടോണം. അങ്ങോട്ട് പറഞ്ഞിട്ടു കാര്യമൊന്നുമില്ല.

Baiju Elikkattoor said...

"...പൂര്‍‌വകാല ചെയ്തികള്‍ക്ക് സമസ്താപരാധം പറഞ്ഞു വന്ന മഅദനിയോടൊത്ത് വേദി പങ്കിട്ടാല്‍...."

സമസ്താപരധവും എറ്റ് പറഞ്ഞാല്‍ തടിയന്റവിട നസീറിനും ഒരു ചാന്‍സ്‌ കിട്ടുമോ? വേദി പങ്കിടീല്‍, തോളില്‍ കൈ ഇടില്‍, അങ്ങനെ എന്തെങ്കിലും...! മുന്നാഴി വോട്ടു പുള്ളി വിചാരിച്ചാലും നാളെ ഇടത്തോട്ട് മറിക്കാന്‍ പറ്റില്ല എന്നാര് കണ്ടു?!

Manoj മനോജ് said...

സമരക്കാര്‍ ഇത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഇടത് പ്രവര്‍ത്തകര്‍ക്ക് അത് ചോര്‍ന്ന് കിട്ടാതിരുന്നത് അത്ഭൂതം തന്നെ. ഇങ്ങനെ ഒരു നീക്കം നടക്കുമെന്ന് മുങ്കൂട്ടി അറിയുവാന്‍ കെല്‍പ്പില്ലാത്തവരാണോ ഇന്നത്തെ ഇടത് പ്രവര്‍ത്തകര്‍!!!!! അതോ അറിഞ്ഞവര്‍ അനങ്ങാതിരുന്നതോ? എങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിയിരിക്കുന്നു. സിങ്കൂര്‍ പ്രശ്നം മുന്നില്‍ നില്‍ക്കുമ്പോള്‍ അത് പോലെയൊന്ന് കേരളത്തിലും ഉണ്ടാകും എന്നറിയാത്തവരെ എന്തിനാണ് പ്രവര്‍ത്തകരായി കൊണ്ട് നടക്കുന്നത്?

ബി.ആര്‍.പി. സാര്‍, ഈ പാത ഉണ്ടാക്കല്‍ എല്‍.ഡി.എഫ്. നടത്തിയില്ലെങ്കില്‍ ഭാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുമെന്ന് ആ സ്ഥലത്തെ “കര്‍ഷകര്‍” നടത്തിയ പത്ര സമ്മേളനത്തില്‍ തെളിയുന്നില്ലേ?

“മുസ്ലിംസമുദായത്തെയാകെ” എന്ന പ്രയോഗം എന്തിനാണ് അങ്ങ് പ്രയോഗിച്ചത് എന്ന് മനസ്സിലാകുന്നില്ല.... അതും ഒരു മുതിര്‍ന്ന പ്രവര്‍ത്തകനില്‍ നിന്നും....

nalan::നളന്‍ said...

അങ്ങിനെയാകാന്‍ വഴിയില്ല സേബിനെ ബി ആര്‍പ്പി സാറ് പറഞ്ഞതൊക്കെ അബദ്ധമായല്ലോ എന്ന് മനസ്സിലാക്കി വിമ്മിഷ്ടപ്പെട്ടു നിക്കുവാ .. പക്ഷ അതങ്ങോട്ട് സമ്മതിച്ചു കൊടുത്താല്‍ പിന്നെ അതിനെ നേരം കാണൂ .. ഇടതു പക്ഷത്തെ എതിര്‍ക്കുന്നില്ലെന്നു ആര്‍ക്കെങ്കിലും തോന്നിയാലോ !!
തൃശങ്കു !!

കാക്കര - kaakkara said...

സമരക്കാർക്ക്‌ അജണ്ടയുണ്ടായിരുന്നുവെന്നതുകൊണ്ട്‌ കരീമിന്റെ “അനാവശ്യധൃതി” കാണാതിരിക്കരുത്‌!


രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും സ്വാർത്ഥതാല്പര്യങ്ങളും നമുക്ക്‌ മറക്കാം. ഈ പദ്ധതി “നേരിട്ട് ബാധിക്കുന്നവരെ” പൂർണ്ണമായി വിസ്വാസത്തിലെടുക്കണം, അവരുമായി ചർച്ച ചെയ്യണം. പാർട്ടിനേതാക്കളെയും ഈ പദ്ധതി നേരിട്ട് ബാധിക്കാത്ത കുറെ ഉദ്യോഗസ്ഥരെ മാത്രം വിളിച്ച്‌ ചർച്ച ചെയ്യുന്ന രീതി മാറണം.

ജനശക്തി said...

വിലക്കയറ്റത്തിനെതിരായ ദേശീയ ഹര്‍ത്താല്‍ സംഘടിപ്പിച്ചത് ഇവിടുത്തെ ഇടതുപക്ഷ കക്ഷികളാണ്. ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് പോലും അത് കണ്ടില്ലെന്ന് നടിക്കാനായില്ല എന്നതും മറക്കരുത്. വിലക്കയറ്റത്തിനെതിരായ സമരത്തെ ബി.ആര്‍.പി. എതിരിക്കുന്നോ? അതില്‍ താങ്കള്‍ ഏത് പക്ഷത്താണെന്ന് പറയാമോ?

ഹിന്ദു തീവ്രവാദികളെ തുറന്നു കാട്ടണെംന്ന് സി.പി.എം ആവശ്യപ്പെട്ടത് ബി.ആര്‍. പി കണ്ടുകാണില്ല. ലിങ്ക്

ബാബ്രീ മസ്ജിദ് തകര്‍ത്ത വിഷയം, ഗുജറാത്ത് വംശഹത്യ, എം.എഫ്. ഹുസൈനെതിരായ ആക്രമണം, ഗോവ സ്ഫോടനം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷ നിലപാട് വ്യക്തമാക്കുന്ന ലെഖനങ്ങള്‍ കുറെ ഇവിടെ ഉണ്ട്. സി.പി.എം സൈറ്റിലെയും പീപ്പിള്‍സ് ഡെമോക്രസിയിലെയും ലേഖനങ്ങളിലും കുറിപ്പുകളിലും അവരുടെ നിലപാടും ഉണ്ട്. ഇതൊക്കെ വസ്തുതകള്‍ നിരത്തി തെറ്റാണെന്ന് തെളിയിക്കുന്നതിനു പകരം വിലക്കയറ്റം പോലുള്ള ഒരു പ്രധാന ദേശീയ പ്രശ്നത്തില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധപ്രകടനത്തില്‍ നിന്ന് ആവശ്യമുള്ളത് മാത്രം ചൂണ്ടി വ്യാഖ്യാനിച്ച് സി.പി.എമ്മിനു സവര്‍ണ്ണ വലതുപക്ഷ ചുവടുമാറ്റം എന്നൊക്കെ എഴുതുന്ന ബി.ആര്‍.പി യോട് സഹതാപമുണ്ട്.

പാലോളി കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനും മറ്റും മുസ്ലീം പ്രീണനക്കാര്‍/ന്യൂനപക്ഷ പ്രീണനക്കാര്‍ എന്ന പഴി കേട്ടു കൊണ്ടിരിക്കുകയാണവര്‍ എന്നതും ബി.ആര്‍.പി കാണാത്തതാണോ?

B.R.P.Bhaskar said...

absolute_void() എന്നോട് സംസാരിക്കാൻ ഫോണും പിടിച്ച് നിൽക്കുകയായിരുന്നെന്നറിഞ്ഞില്ല. Sorry. ഇത് ഫോണല്ല, റേഡിയോയുമല്ല, വെറും ബ്ലോഗ് ആണ്. ഇവിടെ മറ്റുള്ളവരെ അറിയിക്കാൻ എനിക്ക് താല്പര്യമുള്ള കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു. വായിക്കുന്നവർക്ക് വേണമെങ്കിൽ പ്രതികരിക്കാം. അവരുടെ അഭിപ്രായം എന്തായാലും എനിക്ക് ഒരു പ്രശ്നവുമില്ല. സംശയങ്ങളൊ ചോദ്യങ്ങളൊ ഉന്നയിക്കുകയും ചെയ്യാം. മറുപടി ആവശ്യമാണെന്ന് എനിക്ക് തോന്നുമ്പോൾ അത് ഉണ്ടാകും. പൊതുവേദികളിലെന്ന പോലെ, ഇവിടെയും അഭിപ്രായം പറയാനും കേൾക്കാനും മാത്രമല്ല ആളുകൾ വരുന്നത്. കൂകിവിളിക്കാനും കരിങ്കൊടി കാണിക്കാനും കോലം കത്തിക്കാനുമൊക്കെ വരുന്നവരുമുണ്ട്. അതും എനിക്കൊരു പ്രശ്നമല്ല. The caravan goes on.
സുഷമാ സ്വരാജിന്റെ പിന്നാലെ സി.പി.എം എം.പി.മാർ എത്ര തവണ ഇറങ്ങി പോയെന്ന് കൃത്യമായി അറിയാൻ താല്പര്യമുള്ളവർ ഏതെങ്കിലും നല്ല പത്രത്തിന്റെ ഫയലുകൾ പരിശോധിക്കുക.

ജിവി/JiVi said...

കാരവാനങ്ങനെ പോട്ടെ, ഞാന്‍ കുറച്ചുകൂടി കൂക്കുവിളി നടത്തിക്കോട്ടെ.

15ആം ലോക്സഭയില്‍ ബി ജെ പിയും ഇടതുപക്ഷവും ഒരേ ദിവസം ഒരേവിഷയത്തില്‍ വാക്കൌട്ട് നടത്തിയ മൂന്ന് അവസരങ്ങള്‍ ഞാന്‍ തന്നെ എഴുതാം. ഇനി നാലാമതൊരെണ്ണം ചൂണ്ടിക്കാണിക്കാന്‍ താല്പര്യപ്പെടണം.

1.സുപ്രധാന അന്താരാഷ്ട്ര കരാറുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പിടുന്നതിനെതിരെ

2.എണ്ണവില വര്‍ദ്ധനവിനെതിരെ, ബജറ്റ് അവതരണവേളയില്‍

3.ആണവ ബാധ്യതാബില്ലിനെതിരെ

ഈ മൂന്ന് വിഷയങ്ങളിലും സുഷമാ സ്വരാജിന്റെ പാര്‍ട്ടിയേക്കാള്‍ നേരെത്തെ, കൂടുതല്‍ ശക്തിയില്‍ പാര്‍ലമെന്റിനു അകത്തും പുറത്തും പ്രതിഷേധിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി എം/ഇടതുപക്ഷം. ബി ജെ പിയോടൊപ്പം ഇടതുപക്ഷവും വക്കൌട്ട് നടത്തി എന്നായിരിക്കും മാധ്യമറിപ്പോര്‍ട്ടിംഗ്. കുറ്റം പറയാനാവില്ല. അംഗബലം അങ്ങനെയല്ലേ. എന്നാല്‍ സുഷമാ സ്വരാജിന്റെ പിന്നാലെ ഇടതുപക്ഷവും ഇറങ്ങിപ്പോയി, നിത്യസംഭവമല്ലേ എന്ന് പറയുന്നത് ഒട്ടും സ്വാഭാവികമല്ല, നിഷ്കളങ്കവുമല്ല.

ജനശക്തി said...

ബി.ആര്‍.പിയുടെ മറുപടി ചില്ലിട്ട് വെക്കാവുന്നതാണ്.

താങ്കള്‍ക്ക് പറയാന്‍ താല്പര്യമുള്ള കാര്യങ്ങള്‍ അറിയിക്കണം. പക്ഷെ, “അറിയിക്കുന്ന കാര്യങ്ങള്‍“ വസ്തുതാവിരുദ്ധമാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനൊരു വിശദീകരണം നല്‍കാന്‍ മാധ്യമപ്രവര്‍ത്തകനായ/മനുഷ്യാവകാശപ്രവര്‍ത്തകനായ താങ്കള്‍ക്ക് ബാദ്ധ്യത ഉണ്ട്. കാരവന്‍ ന്യായം താങ്കള്‍ ഇത് പല തവണയായി പറയുന്നു. കൃത്യമായ ഉത്തരമില്ലാത്തവര്‍ക്ക് വേണ്ടി കണ്ടുപിടിച്ചതാണോ ഇനി സാര്‍ത്ഥവാഹക സംഘം മുന്നോട്ട് എന്ന ക്ലീഷേ? ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ പട്ടിയുടെ കുര ആണെന്നാണു പറഞ്ഞു വരുന്നതെങ്കില്‍ ഐ ആം ദി സോറി സര്‍..കാരവന്‍ ടോപ്പ് ഗിയറില്‍ മുന്നോട്ട് തന്നെ പോട്ടെ..

താന്‍ പറഞ്ഞ വസ്തുതാവിരുദ്ധമായ കാര്യങ്ങളെപ്പറ്റി തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ബാധ്യതയില്ലെന്ന് കരുതുന്ന താങ്കളുടെ ജനാധിപത്യ/പൌരബോധത്തിന് ഒരു നല്ല നമസ്കാരം സര്‍.

Swasthika said...

എല്ലാം പോട്ടെ.ബീ യാര്പി നര്‍മ്മം പറയാതെ സത്യം പറയുമോ.ചോദ്യം ഇതാണ്.മുന്നാറിലെ നൂര്‍ഗിരി റിസോര്‍ട്ട് മുതലാളി ആരാ ? താങ്കള്‍ക്കു ബന്ധമില്ലെന്ന് കരുതുന്നു. 'ഉപദേശകനും' അല്ലെന്നു കരുതുന്നു. ധര്‍മ്മം ജയിക്കട്ടെ. കാരവാനന്‍ മുന്നോട്ടു പോട്ടെ.