Tuesday, May 18, 2010

‘കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം‘

കിനാലൂരിലെ പൊലീസ് തേർവാഴ്ചയുടെ ദൃശ്യങ്ങൾ ചാനലുകളിലൂടെ ജനങ്ങൾ കണ്ടത് മേയ് 6നായിരുന്നു. പന്ത്രണ്ട് ദിവസങ്ങൾക്കുശേഷം തിരുവനന്തപുരത്ത് ഇന്ന്, ആദ്യമായി, അതിനെതിരായ ജനവികാരം ഒരു പൊതുവേദിയിൽ പ്രകടമായി. “കനിവുതേടുന്ന കിനാലൂരിന് ഐക്യദാർഢ്യം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള സംസ്കാര സാഹിതി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയാണ് അതിനുള്ള വേദിയായത്.

സംസ്കാര സാഹിതി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായിരുന്നു. നാലു വരി പാതയ്ക്കായി സർവേ നടത്തുന്നതിനെതിരെ ജനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനമാണ് പൊലീസ് അതിക്രമത്തിന് കാരണമായത്. അതിനു മുമ്പും അതിനു ശേഷവും ആ പ്രദേശം സന്ദർശിക്കുകയും അവിടത്തെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തിട്ടുള്ള വി.എം.സുധീരൻ കൂട്ടായ്മ ഉത്ഘാടനം ചെയ്തു.

ഗാന്ധിയൻ പ്രസ്ഥാന നേതാവായ പി. ഗോപിനാഥൻ നായർ, സാഹിത്യകാരനായ ജോർജ് ഓണക്കൂർ എന്നിവരോടൊപ്പം ഞാനും കൂട്ടായ്മയിൽ പങ്കെടുത്തു സംസാരിച്ചു.

കിനാലൂരിലെ ഭരണകൂട ഭീകരതക്കെതിരെ തലസ്ഥാന നഗരിയിൽ ശബ്ദം ഉയരാൻ ഇത്രയും ദിവസം എടുത്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഞാൻ പറഞ്ഞു. മലയാളി മദ്ധ്യവർഗ്ഗത്തിന്റെ സ്വഭാവം അതിൽ പ്രതിഫലിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വായ് മൂടി പണിയെടുക്കുകയും തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ വീണ്ടും അധികാരത്തിലേറ്റുകയും ചെയ്ത പാരമ്പര്യമുള്ള വിഭാഗമാണല്ലൊ അത്.

സമാനമായ മറ്റൊരു അനുഭവത്തെക്കുറിച്ചും ഞാൻ പറഞ്ഞു. മറ്റൊരു സർക്കാരിന്റെ കാലം. മറ്റൊരു പൊലീസ് അതിക്രമം. മുത്തങ്ങയിൽ 2003ൽ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സമരത്തിലേർപ്പെട്ടിരുന്ന ആദിവാസികളെ തുരത്താൻ പൊലീസ് വെടിവെച്ചു. തിരുവനന്തപുരത്ത് ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ അഞ്ചു ദിവസം വേണ്ടി വന്നു. ആദിവാസി ഭൂപ്രശ്നത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ച് വോട്ടുചെയ്യുന്ന കാലമായിരുന്നു അത്. സി.പി.എം. വെടിവെയ്പ്പിനെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതാണ് പൌരാവകാശ പ്രവർത്തകർക്ക്
രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് കവാടം വരെ മാർച്ച് ചെയ്യാനുള്ള ധൈര്യം നൽകിയത്.

പ്രതിപക്ഷ മുന്നണിയുടെ സഹായകരമായ നിലപാട് മൂലമാണ് മുത്തങ്ങയിലും കിനാലൂരിലും നടന്ന പൊലീസ് അതിക്രമം തിരുവനന്തപുരത്തെ മദ്ധ്യവർഗ്ഗ മനസ്സുകളിൽ ഉയർത്തിയ ഭീതി മറികടക്കാനായത്. സ്വാഭാവികമായും രണ്ട് പ്രതിഷേധങ്ങൾക്കും അതുകൊണ്ട് വ്യക്തമായ രാഷ്ട്രീയച്ചുവയുണ്ടായി.

രണ്ട് മുന്നണികളും ഒരേ നിലപാടെടുത്ത ഒരു അനുഭവം കൂടി രേഖപ്പെടുത്തട്ടെ. കഴിഞ്ഞ കൊല്ലം വർക്കലയിൽ ഒരു കൊലപാതകത്തെ തുടർന്ന് ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയെ തീവ്രവാദി പ്രസ്ഥാനം എന്ന് മുദ്ര കുത്തിക്കൊണ്ട് പൊലീസ് അതിന്റെ പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ നരവേട്ടക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസൊ യു.ഡി.എഫിലെ മറ്റേതെങ്കിലും ഘടകകക്ഷിയൊ തയ്യാറായില്ല. എൽ.ഡി.എഫിന്റെ തീവ്രവാദിമുദ്ര കോൺഗ്രസുകാരെയും ഭയപ്പെടുത്തി. തന്മൂലം അതിനെതിരായ പ്രതിഷേധങ്ങൾ ദലിതരുടെ പരിപാടികളായി ഒതുങ്ങി. ചില മുസ്ലിം സംഘടനകൾ മാത്രമാണ് അവരെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നത്. കിനാലൂരിലെ ജനകീയ പ്രതിരോധത്തെയും തീവ്രവാദി ആരോപണം ഉയർത്തി അപകീർത്തിപ്പെടുത്താൻ സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും കോൺഗ്രസ് അതിൽ വീണില്ലെന്നത് സന്തോഷകരമാണ്.

1 comment:

redcorr said...

"കനിവുതേടുന്ന കിനാലൂരിന് ഐക്യദാര്‍ഢ്യം" പ്രഖ്യാപിക്കേണ്ടതുതന്നെ. തലസ്ഥാന നഗരിയില്‍ അതിനൊരു അലയൊലിയുണ്ടാവാന്‍ ഇത്രയും വൈകി എന്നതു ഖേദകരമാണ്.
കിനാലൂരിനൊപ്പം മുത്തങ്ങയിലെ തേങ്ങലുകള്‍ക്ക് അങ്ങ് കാതോര്‍ത്തു...
വര്‍ക്കലയില്‍ ഭീകരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കിരയായ DHRM പ്രവര്‍ത്തകരെ അങ്ങ് ഓര്‍ത്തു...

പക്ഷെ തലസ്ഥാന നഗരിയില്‍ ഒരു വര്‍ഷം മാത്രം മുമ്പു നടന്ന ഭീകരമായ പോലീസ് നരനായാട്ടിലും തുടര്‍ന്നു കാടടച്ചു നടത്തിയ വെടിവെപ്പില്‍ നിരപരാധില്കളായ ആറ് ജീവനുകള്‍ പൊലിഞ്ഞതും അങ്ങ് വിസ്മരിച്ചു!!!
കടപ്പുറത്ത് വൈകുന്നേരം കളിക്കാന്‍ പോയ പതിനഞ്ചു കാരന്റെ നെഞ്ചില്‍ തറച്ച വെടിയുണ്ടയ്കുനേരെ അങ്ങ് കണ്ണ് ചിമ്മി!!
മുറിച്ചുമാറ്റിയ കാലുമായി നരക ജീവിതം നയിക്കുന്നവരുടെ ദീനരോദനം അങ്ങയ്ക്കു ശ്രാവ്യമായിരുന്നില്ലേ?!

എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നോ അന്നത്തെ പോലീസ് അതിക്രമങ്ങള്‍ക്ക്?
കടപ്പുറത്തെ പ്രശ്നക്കാരനായ ഒരു റൗഡിയെ അറസ്റ്റുചെയ്യുന്നതിനു പകരം നിരപരാധികള്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ എന്തായിരുന്നു പ്രേരണ?
എന്നിട്ട് ഒടുക്കം അതൊരു വര്‍ഗ്ഗീയ കലാപമായി പ്രചരിപ്പിക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച ശ്രമം നടത്തിയത് അങ്ങ് കണ്ടതല്ലേ?

ഒരു വര്‍ഷം തികയാറായപ്പോള്‍(മാത്രം) ദാ.. എത്തിയിരിക്കുന്നു ഒരു കമ്മീഷന്‍!

ഈ ദിവസങ്ങളില്‍ കമ്മീഷന്‍ സിറ്റിങ്ങു നടക്കുന്നതുകൊണ്ടെങ്കിലും അങ്ങു ഓര്‍ക്കേണ്ടതായിരുന്നു. ഇരകള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ വേണ്ടിയല്ല. 'കലാപ കാരികള്‍' ശിക്ഷ കിട്ടീല്ലേ എന്നു ഉറപ്പിക്കാന്‍ വേണ്ടിയെങ്കിലും!!

പോലീസ് നിഷ്ക്കരുണം വെടിവെച്ചു വീഴ്ത്തിയ ജഡങ്ങള്‍ കടപ്പുറത്ത് കൂടി വലിച്ചുകൊണ്ടുപോകുന്ന ദ്രിശ്യം നമ്മുടെ കരളലിയിച്ചില്ല. മനുഷ്യാവകാശത്തിനുവേണ്ടി ഊറ്റം കൊള്ളുന്ന (സ്വയം) പ്രഖ്യാപിത നുഷ്യാവകാശ പ്രവര്‍ത്തകറ്ക്കും അവിടെക്കു വഴിയറിയില്ലായിരുന്നു...

വോട്ടു ബാങ്കുകളുടെ കണക്കുകള്‍ കൂട്ടികിഴിച്ചു മാത്രം ഇടപെടുന്ന പ്രതിപക്ഷത്തെയും കണ്ടില്ല.

ആളനക്കമില്ലാഅതെ അതിന്റെ ഒന്നാം വാര്‍ഷികം ഇരകള്‍ തേങ്ങലോടെ ആചരിക്കുന്നു.
നീതിയില്‍ ഒരു പ്രതീക്ഷയുമില്ലാതെ...


.