Wednesday, March 17, 2010

പത്മ ക്യൂവിൽ എട്ടു വർഷം

പ്രധാനമന്ത്രിയുടെ ആപ്പീസ് ശിപാർശ ചെയ്ത ചിലർക്കും ഇത്തവണ പത്മ പുരസ്കാരങ്ങൾ കിട്ടാതെപോയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദ് ഹിന്ദു ലേഖിക വിദ്യാ സുബ്രഹ്മണ്യം എഴുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശിപാർശകൾ ഏറെയാകുമ്പോൾ സ്വാഭാവികമായും അവയുടെ വിലയിടിയും. അതാവണം സംഭവിച്ചത്.

കേരള സർക്കാർ ഉൾപ്പെടെ നിരവധി പേരുടെ ശിപാർശയുണ്ടായിരുന്നിട്ടും നാടക പ്രവർത്തകനായ സൂര്യാ കൃഷ്ണമൂർത്തി തഴയപ്പെട്ടതായി ലേഖിക വെളിപ്പെടുത്തുന്നു. സർക്കാരിനു പുറമെ അദ്ദേഹത്തിന്റെ പേർ ശിപാർശ ചെയ്തവർ ഐ.എസ്.ആർ.ഓ. മുൻ ചെയർമാൻ ജി. മാധവൻ നായർ, സരോദ് വിദ്വാൻ അംജദ് അലി ഖാൻ, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ (മൂവരും പത്മവിഭൂഷൻ ബഹുമതി ലഭിച്ചിട്ടുള്ളവരാണ്), ഗായകൻ യേശുദാസ്, നർത്തകി പത്മാ സുബ്രഹ്മണ്യം, കേന്ദ്ര സഹ മന്ത്രി ശശി തരൂർ എന്നിവരാണ്.

എന്റെ അറിവിൽ സൂര്യാ കൃഷ്ണമൂർത്തി കുറഞ്ഞത് എട്ടു വർഷമായി പത്മ ക്യൂവിലാണ്. കേരള സർക്കാർ 2002ൽ ഡൽഹിക്കയച്ച ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അന്തിമ ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. പക്ഷെ രാഷ്ട്രപതി ഒപ്പിട്ട് അയച്ച ലിസ്റ്റിൽ അതില്ലായിരുന്നു.അതിന്റെ സ്ഥാനത്ത് വി. കെ. മാധവൻകുട്ടിയുടെ പേർ ചേർക്കപ്പെട്ടു. ദീർഘകാലം ന്യൂ ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന മാധവൻകുട്ടിക്ക് പത്മശ്രീ നൽകണമെന്ന രാഷ്ട്രപതി കെ. ആർ. നാരായണന്റെ ആഗ്രഹം മാനിച്ച് ലിസ്റ്റിൽ മാറ്റം വരുത്തിയെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അന്നറിഞ്ഞത്.

മാധവൻകുട്ടിക്ക് പുരസ്കാരം നൽകാൻ കൃഷ്ണമൂർത്തിയെ എന്തിന് ഒഴിവാക്കണം? ഈ ചോദ്യത്തിന് ലഭിച്ച മറുപടി ‘കേരളീയരുടെ എണ്ണം കൂടാതിരിക്കാൻ‘ എന്നായിരുന്നു.

കേരള സർക്കാർ 2003ൽ കൃഷ്ണമൂർത്തിയുടെ പേർ വീണ്ടും നിർദ്ദേശിച്ചു. അദ്ദേഹം അന്നും തഴയപ്പെട്ടു. അത് പ്രധാന മന്ത്രിയുടെ ആപ്പീസ് നിർദ്ദേശിച്ച കേരളീയനെ ഉൾപ്പെടുത്താനായിരുന്നു. മാധവൻകുട്ടി മാതൃഭൂമിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മലയാള മനോരമയുടെ ന്യൂ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന ടി.വി.ആർ. ഷേണായി ആയിരുന്നു ആ കേരളീയൻ. ബി.ജെ.പി.യുടെ രാഷ്ട്രീയ ഉപദേഷ്ടാവായി അറിയപ്പെടുന്ന അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതിക്കാണ് വാജ്പേയി സർക്കാർ ശിപാർശ ചെയ്തത്.

അടുത്ത കൊല്ലമെങ്കിലും പത്മാ ദാതക്കൾ കനിയുമോ?

സൂര്യാ കൃഷ്ണമൂർത്തിയുടെ ജീവചരിത്രരേഖ ഇവിടെ.

3 comments:

Calicocentric കാലിക്കോസെന്‍ട്രിക് said...

what is this guy really to be awarded for?
as event manager? impresario? facilitator?

നിസ്സഹായന്‍ said...

“what is this guy really to be awarded for?
as event manager? impresario? facilitator?” exactly right!

ഷൈജൻ കാക്കര said...

കാലിക്കോസെൻട്രിക്കിന്റെ ചോദ്യം കാക്കരയും ചോദിക്കുന്നു!!!

പിന്നെ ആകെയുള്ള ഒരു സമധാനം, കാർപ്പറ്റ്, നിർമാണ, സൂപ്പർമാർക്കറ്റ്‌ മുതലാളിമാർക്ക്‌ കൊടുക്കുന്ന അവാർഡല്ലെ ഒരെണ്ണം സൂര്യയ്‌ക്കും കിട്ടിക്കോട്ടെ!!!