Tuesday, March 16, 2010

വഴിയോര കച്ചവടക്കാരുടെ ആവശ്യങ്ങൾ

കേരളത്തിൽ രണ്ട് ലക്ഷം വഴിയോര കച്ചവടക്കാരുണ്ടെന്ന് അവരുടെ സംഘടന അവകാശപ്പെടുന്നു. അവർ സ്വയം തൊഴിൽ കണ്ടെത്തിയവരാണ്. അവരുടെ പ്രവർത്തനം നിയമവിഢേയമല്ലെന്ന് പറഞ്ഞുകൊണ്ട് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും അവരെ നിരന്തരം പീഡിപ്പിക്കുന്നു. നാട് സമ്പന്നമായ സാഹചര്യത്തിൽ അധികൃതർക്കും സമൂഹത്തിലെ ഉയർന്ന വർഗ്ഗങ്ങൾക്കും അവരുടെ സാന്നിധ്യം അരോചകമായിരിക്കുന്നു. നഗരം മോടിപിടിപ്പിക്കുന്നത്തിന്റെയും റോഡ് വികസിപ്പിക്കുന്നതിന്റെയും പേരിൽ അവരെ തുരത്താൻ ശ്രമങ്ങൾ നടക്കുന്നു.

എല്ലാ ജനവിഭാഗങ്ങങ്ങളെയും ഉൾക്കൊള്ളുന്ന വികസന സമീപനത്തിന്റെ ഭാഗമായി ആറു കൊല്ലം മുമ്പ് കേന്ദ്രം ഒരു വഴിയോര കച്ചവട നയം രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാനും നടപടികളെടുക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇരുപത് സംസ്ഥാന സർക്കാരുകൾ അതിൻപ്രകാരം നടപടിയെടുത്തുകഴിഞ്ഞു. ഇനിയും നടപടിയെടുത്തിട്ടില്ലാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

കഴിഞ്ഞ കൊല്ലം കേന്ദ്രം വഴിയോര കച്ചവട നയം പുതുക്കി. എന്നാൽ കേരള സർക്കാർ ഇപ്പോഴും അനങ്ങാപ്പാറ നയം തുടരുകയാണ്.

വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വഴിയോര കച്ചവടക്കാരുടെ സംഘടനകൾ ചേർന്ന് രൂപീകരിച്ച വഴിയോര കച്ചവട മേഖലയിലെ സംസ്ഥാന കോ-ഓർഡിനേഷൻ സമിതി സർക്കാരിനു മുന്നിൽ അവരുടെ പ്രധാന ആവശ്യങ്ങൾ വെച്ചിട്ടുണ്ട്. അവ ഇങ്ങനെ:

1.വഴിയോര കച്ചവടം നിയമവിധേയമാക്കുക

2. നഗര കച്ചവട കമ്മിറ്റികൾ രൂപീകരിക്കുക, അവർക്ക് ലൈസൻസ് നൽകുക

3. വഴിയോര കച്ചവടക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക

4. വഴിയോര കച്ചവടത്തെ നഗരാസൂത്രണ പരിപാടികളിൽ ഉൾക്കൊള്ളിച്ച് അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുക.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോ-ഓർഡിനേഷൻ സമിതി ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. സി.ടി. അഹമ്മദ് അലി മാർച്ച് ഉത്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരുടെ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട് ഞാനുൾപ്പെടെ പലരും സംസാരിച്ചു.

കോ-ഓർഡിനേഷൻ സമിതിയുടെ മേൽവിലാസം:
സേവ, കെ.ആർ.എ. ഡി-51, കുതിരവട്ടം ലെയ്ൻ, കുന്നുമ്പുറം, തിരുവനന്തപുരം 1
ഫോൺ: 0471-2465007

No comments: