Thursday, January 14, 2010

സത്യനും സത്യജിത് റേയും പിന്നെ രാജ് കപൂറും



നടൻ സത്യന് ചലച്ചിത്ര പ്രതിഭ സത്യജിത് റേയെ പുച്ഛമായിരുന്നെന്ന് ധ്വനിപ്പിക്കുന്ന ഒരു ലേഖനം (“പരനിന്ദയും ആത്മാനുരാഗവും”) സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിൽ അതിന്റെ പത്രാധിപർ എസ്. ജയചന്ദ്രൻ നായർ എഴുതിയിട്ടുണ്ട്.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നതെന്ന് പത്രാധിപരുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു. അദ്ദേഹം എഴുതുന്നു: “പഥേർ പാഞ്ചലി കണ്ടതിനുശേഷം പ്രസിദ്ധ നടൻ സത്യൻ പറഞ്ഞുവത്രെ. ‘ഒരു മൂവി ക്യാമറയും ഇരുപത്തയ്യായിരം രൂപയുമുണ്ടെങ്കിൽ അവന്റെ തന്തപ്പടം എടുത്തു ഞാൻ കാണിച്ചുതരാം.’“

അതുകേട്ട കൌമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ ഇങ്ങനെ പ്രതികരിച്ചത്രെ. “ഫ, എരപ്പേ അയാളുടെ (സത്യജിത് റേ) ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത നിനക്കുണ്ടോ?”

പത്രാധിപർ തുടരുന്നു: “ഈ കഥ സത്യമാവാനാണ് സാദ്ധ്യത. വിശേഷിച്ച് പ്രധാന കഥാപുരുഷൻ കെ. ബാലകൃഷ്ണനായതുകൊണ്ട്.”

ബാലകൃഷ്ണന്റേതായി കൊടുത്തിട്ടുള്ള വാക്കുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടാവാം. പക്ഷെ സത്യന്റേതായി കൊടുത്തിരിക്കുന്നവ അദ്ദേഹം ഉപയോഗിച്ചവയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല. കാരണം എന്നോടും എന്റെ സുഹൃത്ത് ആന്റണി എം. തോമസിനോടുമൊപ്പമാണ് സത്യൻ ആ ചിത്രം കണ്ടത്. സത്യനിൽ അത് വലിയ മതിപ്പുളവാക്കി.

ഞാൻ അന്ന് ഹിന്ദു പത്രത്തിൽ സബ്‌എഡിറ്ററാണ്. ആന്റണി മദ്രാസ് കൃസ്റ്റ്യൻ കോളെജിൽ മലയാളം ട്യൂട്ടറും. (അദ്ദേഹം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും വാണിജ്യരംഗത്ത് വൻ വിജയം കൈവരിക്കുകയും ചെയ്തു.) പഥേർ പാഞ്ചലി കാണാൻ താംബരത്തെ കോളെജ് ക്യാമ്പസിൽ നിന്ന് നഗരത്തിലെത്തിയ ആന്റണി എന്നോട് ചോദിച്ചു: “നമുക്ക് സത്യനെ കൂടി കൂട്ടിയാലോ?”

ഞങ്ങൾ സ്വാമീസ് ലോഡ്ജിലെ സത്യന്റെ മുറിയിലെത്തിയപ്പോൾ അദ്ദേഹം അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു. സന്തോഷത്തോടെ അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു.

കാൻ ഫെസ്റ്റിവൽ ജൂറിയുടെ പ്രശംസ നേടിയശേഷമാണ് പഥേർ പാഞ്ചലി മദിരാശിയിലെത്തിയത്. പക്ഷെ അത് കാണാൻ താല്പര്യമുള്ളവർ കുറവായിരുന്നു. ബാൽക്കണിയിൽ ഞങ്ങൾ മൂന്നു പേരെ കൂടാതെ മറ്റൊരു മൂവർ സംഘവും. അഞ്ചോ ആറോ പേർ താഴെയും അത്രതന്നെ.

സത്യൻ താല്പര്യത്തോടെ പടം കണ്ടു. ഇടയ്ക്ക് അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തു. അഭിനേതാക്കൾ ക്യാമറയിലേക്ക് നോക്കുന്നില്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നാടൻ നാടകരംഗം കണ്ടപ്പോൾ സത്യൻ പറഞ്ഞു: “ഇത് നമ്മുടെ സാധാരണ സിനിമ. തന്റെ സിനിമ വ്യത്യസ്തമാണെന്ന് മനസ്സിലാക്കിത്തരാനാണ് ഈ നാടകം ഉൾപ്പെടുത്തിയിരിക്കുന്നത്“

സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സത്യൻ ഞങ്ങളോടായി പറഞ്ഞു: “എന്തിനാണ് നിങ്ങൾ ഇത് കാണാൻ എന്നെ കൂട്ടിക്കൊണ്ടുവന്നതെന്ന് മനസ്സിലായി. ഇതാണ് സിനിമ എന്ന് എനിക്ക് മനസ്സിലാക്കിത്തരാൻ, അല്ലേ? പക്ഷെ ഞാൻ ക്യാമറയിൽ നോക്കിയില്ലെങ്കിൽ അങ്ങോട്ട് നോക്കെന്ന് ഡയറക്ടർ പറയും.”

പഥേർ പാഞ്ചലിയുടെ പിന്നാലെയാണ് രാജ് കപൂറിന്റെ ജാഗ്‌തെ രഹൊ വന്നത്. മദിരാശിയിലെ ഫിലിം ജേർണലിസ്റ്റ്സ് അസോസ്യേഷന് നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാനായി രാജ് അതിന്റെ അഖിലേന്ത്യാ പ്രിമിയർ അവിടെ നടത്തി. പടത്തെക്കുറിച്ച് പത്രപ്രവർത്തകരുമായി സംസാരിക്കുമ്പോൾ താൻ പല ബോക്സ് ഓഫീസ് ഫോർമുലകളും ബോധപൂർവം തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു.

പഥേർ പാഞ്ചലി കണ്ടോയെന്ന് ഞാൻ രാജ് കപൂറിനോട് ചോദിച്ചു. “സത്യജിത് റേ ഒരു ജീനിയസ്സാണ്. ഞാൻ എന്റെ ചിത്രത്തെ അദ്ദേഹത്തിന്റേതുമായി താരതമ്യപ്പെടുത്തില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2 comments:

U said...

ഇങ്ങിനെ ആണല്ലേ അര്‍ബന്‍ ലെജണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത്

saju john said...

മലയാളം വാരികയിലെ പ്രസ്തുത ലേഖനം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു ഒരു നേരിയ കല്ലുകടി.