Wednesday, July 29, 2009

സി.ബി.ഐ. വിവരം തേടുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ.യില്‍നിന്ന് ബി.എസ്.എന്‍.എല്‍ മൊബൈലില്‍ എനിക്ക് രണ്ട് സന്ദേശങ്ങള്‍ കിട്ടി.

ആദ്യത്തേത് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലൊ പൊതുമേഖലാ സ്ഥാപനങ്ങളിലൊ ഉള്ള അഴിമതിയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ സി.ബി.ഐ.യുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നു. അതിനായി മൂന്ന് മൊബൈല്‍ നമ്പറുകളും തന്നിട്ടുണ്ട്: 9496006101, 9496004103, 9446488844.

രണ്ടാമത്തെ സന്ദേശവും അഴിമതി സംബന്ധിച്ച വിവരം ആവശ്യപ്പെടുന്നത് തന്നെ. സി.ബി.ഐ.യുടെ തിരുവനന്തപുരം ബ്രാഞ്ചിനെ സമീപിക്കാനാണ് അത് ആവശ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ 0471-233884. ഒരു എസ്.പി.യുടെ ഇ-മെയില്‍ മേല്‍‌വിലാസവുമുണ്ട്. അത് തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ട് (@ കാണാനില്ല) ഇവിടെ കൊടുക്കുന്നില്ല.

ഈ സന്ദേശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണോയെന്നറിയില്ല. ആണെന്ന് കരുതുന്നവര്‍ രാഷ്ട്രീയമായി നേരിടുക.

Monday, July 27, 2009

ആദ്യ മലയാള പത്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി


ഇന്ന് കണ്ണൂരില്‍ അന്തരിച്ച യശോദ ടീച്ചറാണ് മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ സ്ത്രീസാന്നിധ്യമെന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത യശോദ ടീച്ചര്‍ ദേശാഭിമാനിയുടെ ലേഖികയായിരുന്നു. മുന്‍ കമ്യൂണിസ്റ്റ് മന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു ഭര്‍ത്താവ്.

പയ്യനാടന്‍ ഗോവിന്ദന്റെയും അടിയേരി ജാനകിയുടെയും മകളായി 1916 ഫിബ്രവരി 12 ന് ജനിച്ച യശോദ കല്യാശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. സ്കൂളിലെ ഏക പെണ്‍കുട്ടിയായിരുന്നു. പഠനശേഷം കല്യാശേരി യു.പി സ്കൂളില്‍ തന്നെ അധ്യാപികയായി.

സ്ത്രീകള്‍ പഠിക്കാനോ പഠിപ്പിക്കാനോ പുറത്തിറങ്ങാതിരുന്ന കാലത്തായിരുന്നു അവര്‍ പഠിച്ച് അധ്യാപികയായത്. പരിഹാസവും കളിയാക്കലും കൂസാതെ അവര്‍ കുട്ടികളെ പഠിപ്പിച്ചു. ക്ലാസ്മുറിയില്‍ മാത്രം ഒതുങ്ങാതെ കര്ഷകസംഘവുമായും അധ്യാപകപ്രസ്ഥാനവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തി.

യശോദ ടീച്ചര്‍ക്ക് ആദരാഞ്ജലി.

ആന പദ്ധതി

കാട്ടാനകള്‍ റയില്‍ വണ്ടിയിടിച്ച് ചാവുന്നത് തടയാന്‍ വനം മന്ത്രി ബിനോയ് വിശ്വം ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്നു.

ആനകള്‍ പാളത്തിലേക്ക് കടക്കുന്നത് തടയാന്‍ വൈദ്യുതി കമ്പി വേലി കെട്ടാന്‍ സര്‍ക്കാര് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പകുതി ചിലവ് റയില്‍ അധികൃതര് വഹിക്കണം. അവര്‍ അതിനു തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചിലവും വഹിക്കും.

ഈ പദ്ധതി ആനകളെ സഹായിക്കില്ല. റയില്‍ വണ്ടീയിടിച്ച് ചാകുന്നതിനു പകരം വൈദ്യുതാഘാതമേറ്റ് മരിക്കാനുള്ള അവസരം അവയ്ക്ക് കിട്ടുമെന്ന് മാത്രം.

Tuesday, July 21, 2009

സൂപ്പർ സ്റ്റാറിന്റെ പദവി

ലക്ഷങ്ങളുടെ ആരാധനാപാത്രങ്ങളാണ് നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍. മലയാളികളുടെ മനസ്സില്‍ പട്ടാളമേധാവിയേക്കാളും ഉയരത്തിലാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം.

മോഹന്‍ലാലിന്റെ (പടം വലത്ത്) ടെറിറ്റോറിയല്‍ ആര്‍മി പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം രഞ്ജി (പടം താഴെ വലത്ത്) കായികരംഗം വിട്ടപ്പോള്‍ പ്രശസ്തനായ ഒരു ഇംഗ്ലീഷുകാരന്‍ എഴുതിയ വാക്കുകള്‍ ഓര്‍ത്തുപോയി.
രഞ്ജി എന്നും കെ.എസ്. രഞ്ജിത്‌സിങ്ജി എന്നുമൊക്കെ അറിയപ്പെട്ടിരുന്ന രഞ്ജിത്‌സിങ്ജി വിഭാജി ജാഡേജ (1872-1933) ഇന്ത്യക്കുവേണ്ടിയും ഇംഗ്ലണ്ടിനുവേണ്ടിയും ടെസ്റ്റ് കളിച്ച ക്രിക്കറ്റ് താരമായിരുന്നു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ക്രിക്കറ്റ് കളിക്കാരിലൊരാളായി അദ്ദേഹം ഇന്നും കരുതപ്പെടുന്നു.

ഗുജറാത്തിലെ നവനഗര്‍ നാട്ടുരാജ്യത്തെ രാജകുമാരനായിരുന്നു രഞ്ജി. കാലക്രമത്തില്‍ നവനഗറിലെ ജാംസാഹെബ് (മഹാരാജാവ്) ആകേണ്ടയാള്‍. അതിനു തയ്യാറെടുക്കാനായി ക്രിക്കറ്റിന് വിട പറഞ്ഞുകൊണ്ട് അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചപ്പോള്‍ എ.ജി.ഗാര്‍ഡ്നര്‍ എന്ന എഴുത്തുകാരന്‍ എഴുതി: “ഒരു വലിയ കളിയുടെ രാജാവായ അദ്ദേഹം ഒരു കൊച്ചു രാജ്യത്തെ രാജകുമാരനാകാന്‍ അതുപേക്ഷിക്കുന്നു.”

ഗാര്‍ഡ്നറുടെ വാക്കുകള്‍ ഭേദഗതി ചെയ്ത് നമുക്ക് പറയാം: ഒരു വലിയ കലയുടെ ജനറല്‍ പട്ടാളത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചിരിക്കുന്നു. പട്ടാളം മോഹന്‍ലാലിനെ ആദരിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ശരി മോഹന്‍ലാല്‍ പട്ടാളത്തെ ആദരിച്ചുവെന്ന് പറയുന്നതാകും.

രഞ്ജിയുടെ തീരുമാനവും മോഹന്‍ലാലിന്റേതും തമ്മില്‍ ഒരു വ്യത്യാസമുണ്ടെന്നത് വിസ്മരിക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഉപേക്ഷിച്ച് രാജാവാകുകയായിരുന്നു. മോഹന്‍ലാല്‍ സിനിമ ഉപേക്ഷിക്കാതെയാണ് പട്ടാള പദവി സ്വീകരിച്ചിട്ടുള്ളത്.

Saturday, July 18, 2009

അച്ചായന്റെ ഓരോ തമാശകളെ!

അല്പം മുമ്പ് ഗൂഗിൾ വാർത്തകൾ മലയാളം പേജ് സന്ദർശിച്ചു. അവിടെ ‘വിനോദം’ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരുന്ന ആദ്യത്തെ നാല് വാർത്തകൾ ഇവയാണ്:

കുറ്റിയാടിയിൽ ഉരുൾപൊട്ടൽ
രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം.
ആറാട്ടുപുഴയിലെ തോൽവി: വി.എസ്.പക്ഷത്തോട് വിശദീകരണംതേടും
വടക്കൻ കേരളത്തിൽമഴ തുടരുന്നു

ഗൂഗിളച്ചായന്റെ ഓരോ തമാശകളെ!

Friday, July 17, 2009

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശങ്ങളും

ഒടുവിൽ അത് സംഭവിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് അനുകൂലമായി ഒരു ചെറിയ ശബ്ദം തിരുവനന്തപുരത്തും ഉയർന്നു.

മഴവില്ല് എന്ന പേരിലുള്ള ലൈംഗിക ന്യൂനപക്ഷ അവകാശ സംരക്ഷണ കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ച് ഏതാനും പേർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുചേർന്നു. കൂടുതലും സ്ത്രീകളായിരുന്നു. അവർ മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകൾ പിടിച്ചിരുന്നു.

“സ്വവർഗ്ഗ ലൈംഗികത കുറ്റകരമോ?” എന്ന തലക്കെട്ടിലുള്ള ഒരു ലഘുലേഖ പ്രകടനക്കാർ വിതരണം ചെയ്തു.

കേരളത്തിൽ, പ്രത്യേകിച്ചും തലസ്ഥാന നഗരിയിൽ, മനുഷ്യാവകാശങ്ങളുടെ പേരിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഒരു വലിയ വിഭാഗം വിവിധ ജാതിമത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ടവരാണ്. എല്ലാ മതസ്ഥാപനങ്ങളും സ്വവർഗ്ഗലൈംഗികതയെ ശക്തമായി എതിർക്കുന്നതുകൊണ്ട് ആ വിഭാഗം മഴവില്ല് കൂട്ടായ്മയിൽ നിന്ന് ഒഴിഞ്ഞുമാറി.

കൂട്ടായ്മ വിതരണം ചെയ്ത ലഘുലേഖ “എന്തുകൊണ്ടാണ് ഭൂരിപക്ഷവും മൌനം പാലിക്കുന്നത്?” എന്ന ചോദ്യം ഉന്നയിക്കുകയും ഈ വിശദീകരണം നൽകുകയും ചെയ്യുന്നു: “ന്യൂനപക്ഷങ്ങളെന്ന പേരിൽ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ ഏറ്റവും അധികം ശബ്ദമുയർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വയം അവരോധിച്ച ഈ കാവൽക്കാരുടെ ശബ്ദം മാത്രമാണ് ഇന്ന് നാം കേൾക്കുന്നത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്ന വലിയ വിഭാഗം ആൾക്കാരുടെ മൌനം അത്യന്തം അപകടകരമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടാൻ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. സമൂഹം നിർണ്ണയിക്കുന്ന ലൈംഗികതയുടെ അതിർവരമ്പുകളിൽ പൊരുത്തപ്പെടാൻ ശീലിക്കപ്പെട്ടതുകൊണ്ട് ഭൂരിപക്ഷത്തിനും ഈ വിഷയം ചർച്ചചെയ്യുന്നത് തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. എതിർലിംഗ ലൈംഗികത പോലും ആരോഗ്യകരമായി ചർച്ച ചെയ്യാൻ സാധിക്കാത്ത ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറിവരുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരെ മനസ്സും കണ്ണും തുറന്ന് ഇരുന്നാൽ മാത്രമെ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നീതിയും തുല്യതയും അംഗീകരിക്കുന്ന ഇന്ത്യൻ സംസ്കാരം ഉരിത്തിരിയൂ.”

കൂട്ടായ്മ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ, ലൈംഗികതയെ സംബന്ധിക്കുന്ന മതങ്ങളുടെ സമീപനം പല കാര്യങ്ങളെക്കുറിച്ചും പരിമിതമായ അറിവ് മാത്രമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ടതാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. രോഗം ഉണ്ടാകുന്നതും പടരുന്നതും എങ്ങനെയെന്ന് അറിവില്ലാതിരുന്ന മനുഷ്യൻ അത് ദൈവകോപം കൊണ്ടാണുണ്ടാകുന്നതാണെന്ന് വിശ്വസിച്ചു. ഒരാൾ ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നതിന് അയാളുടെ മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ലാത്തതുപോലെ ഒരാളുടെ ലൈംഗികാഭിമുഖ്യം എന്താണെന്നതിനും മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ല.

സ്വവർഗ്ഗരതി ജീവപര്യന്തം തടവു വരെ നൽകാവുന്ന് ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഒന്നര നൂറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സദാചാരബോധത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷുകാർ എഴുതിയുണ്ടാക്കിയതാണ്. അത് എടുത്തു കളയാനുള്ള നിർദ്ദേശം മുന്നോട്ടുള്ള ഒരു ചെറിയ കാൽവെയ്പ് മാത്രമാണ്.

Thursday, July 16, 2009

വിവേകമതികളായ വോട്ടർമാർ

കേരളശബ്ദം വാരികയില്‍ എഴുതിവന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍‘ എന്ന പരമ്പര അവസാനിച്ചിരിക്കുന്നു. പരമ്പരയിലെ പതിനാറാമത്തെയും അവസാനത്തെയും ലേഖനമാണിത്

അറുപതില്‍ പരം വര്‍ഷങ്ങളിലെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച ചില വസ്തുതകള്‍ അനിവാര്യമായും തെളിയുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് തിരുവിതാംകൂറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളില്‍ തുടങ്ങിയ ഈ പഠനത്തില്‍ ലോക് സഭയിലേക്ക് ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിലെയും അനുഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നായര്‍ സര്‍വീസ് സൊസൈറ്റിയും എസ്.എന്‍.ഡി.പി.യോഗവും മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനെതിരെ മുന്നണിയുണ്ടാക്കി മത്സരിച്ച കാലത്തുനിന്ന് നാം എത്രമാത്രം മുന്നോട്ടുപോയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്. എന്‍. എസ്.എസും എസ്.എന്‍.ഡി.പി.യോഗവും ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ കക്ഷികള്‍ രൂപീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചെത്തിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ജാതിമതബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടും അല്ലാതെയും പല കക്ഷികളും ഇപ്പോഴും രംഗത്തുണ്ട്. അവയുമായി സഖ്യമുണ്ടാക്കാന്‍ മതനിരപേക്ഷ കക്ഷികള്‍ മത്സരിക്കുന്നു. സമുദായ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം കളിക്കുന്നു. അവര്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുന്നു.

ജാതിമത പരിഗണനകള്‍ വോട്ടര്‍മാരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ (1952) അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പ്രാദേശിക നേതാവിനെയാണ് കോണ്‍ഗ്രസ് പഞ്ചാബിലെ അംബാലാ സിറ്റി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തൊടെ തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബില്‍നിന്ന് ധാരാളം ഹിന്ദുക്കള്‍ കിഴക്കന്‍ പഞ്ചാബിലേക്കും അവിടെനിന്ന് ധാരാളം മുസ്ലിങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലേക്കും ഓടിപ്പോയിരുന്നു. പലായനങ്ങള്‍ അവസാനിച്ചപ്പോള്‍ അംബാലയില്‍ അവശേഷിച്ച ഏക മുസ്ലിം കുടുംബം ഗാഫര്‍ ഖാന്റേതായിരുന്നു. 1957ലും 1962ലും അംബാലയില്‍ നിന്ന് (ഈ പട്ടണം ഇപ്പോള്‍ ഹര്യാനയിലാണ്) അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലാതിരുന്ന കാലത്താണ് കോണ്‍ഗ്രസ് ഗാഫര്‍ ഖാനെ അംബാലയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും അവിടത്തെ ഹിന്ദുക്കളും സിഖുകാരും അദ്ദേഹത്തെ ജയിപ്പിച്ചതും.

ബി.ജെ.പി. മേല്‍ക്കൈ നേടിയിട്ടുള്ള ഗുജറാത്തിലെ സമകാലിക സാഹചര്യങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒമ്പത് ശതമാനം മുസ്ലിങ്ങളാണ്. 1952നും 1984നു ഇടയ്ക്ക് അവിടെ നിന്ന് ലോക് സഭയിലേക്ക് മൂന്ന് മുസ്ലിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1984നുശേഷം ഒരു മുസ്ലിം പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇടയ്ക്ക് കോണ്‍ഗ്രസ് മുസ്ലിങ്ങളെ നിര്‍ത്തുന്നത് മതിയാക്കി. ഇത്തവണ ഒരു മുസ്ലിമിനെ നിര്‍ത്തിയപ്പോള്‍ നൂറോളം പേര്‍ കോണ്‍ഗ്രസുകാര്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു.

വോട്ടര്‍മാരുടെ മനസ്സിനേക്കാള്‍ നേതാക്കന്മാരുടെ മനസ്സിലാണ് ജാതിമതചിന്ത നില നില്‍ക്കുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നതു പോലെ സമുദായ നേതാക്കളുടെ ആജ്ഞയനുസരിച്ചാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെയാണ് ഭരണമാറ്റം ഉണ്ടാകുന്നത്? 2004ല്‍ എല്‍.ഡി.എഫും 2009ല്‍ യു.ഡി.എഫും ലോക് സഭാ സീറ്റുകള്‍ തൂത്തുവാരിയത്? സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം നഷ്ടക്കച്ചവടമായിരുന്നെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അത് മതനിരപേക്ഷ വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് ചിലര്‍ പറയുന്നു. ഹിന്ദുക്കളെ അകറ്റിയെന്ന് മറ്റ് ചിലര്‍. യഥാര്‍ത്ഥത്തില്‍ അത് ചില മുസ്ലിം വിഭാഗങ്ങളെയും അകറ്റിയിരിക്കണം. ജാതിമതസമൂഹങ്ങളുടെ പേരില്‍ സംസാരിക്കുന്ന നേതാക്കള്‍ക്ക് ആ വിഭാഗങ്ങളുടെ മേല്‍ പരിമിതമായ സ്വാധീനമേയുള്ളെന്നതാണ് വാസ്തവം. കക്ഷി നേതാക്കള്‍ക്ക് അവര്‍ക്ക് അമിത പ്രാധാന്യം കല്പിക്കുന്നു.

ലോക് സഭയിലേക്ക് നടന്ന 15 പൊതുതെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ കണ്‍‌മുന്നില്‍ തെളിയുന്ന ഒരു ചിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയാണ്. സ്വാതന്ത്ര്യസമരം നയിച്ച കക്ഷിയെന്ന ഖ്യാതി ഏറ്റവും ഉച്ചത്തില്‍ നിന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ്സിന് 44.99 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ബഹുകോണ്‍ മത്സരങ്ങളുണ്ടായതുകൊണ്ട് വോട്ട് ശതമാനം 50നു താഴെയായിട്ടും ലോക് സഭയില്‍ വലിയ ഭൂരിപക്ഷം നേടാന്‍ അതിന് കഴിഞ്ഞു. രണ്ടാം തെരഞ്ഞെടുപ്പ് ആയപ്പൊഴേക്കും കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം 47.78 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ അതിനുശേഷം അത് തുടര്‍ച്ചയായി കുറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 1971ലും 1984ഉം വോട്ടുവിഹിതം കൂട്ടാന്‍ കഴിഞ്ഞെങ്കിലും കാലക്രമത്തില്‍ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ സഹായം കൂടാതെ ഭൂരിപക്ഷ പിന്തുണ നേടാനാകാത്ത അവസ്ഥയിലായി. അതിന്റെ അടുത്ത കാലത്തെ പ്രകടനങ്ങളില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും വീണ്ടും ഒറ്റയ്ക്ക് ഭരണത്തിലെത്താന്‍ കഴിവുള്ള കക്ഷിയാണെന്ന സൂചനയില്ല.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത് കോണ്‍ഗ്രസ് മാത്രമല്ല അതിന്റെ പല എതിരാളികളും ക്ഷയിക്കുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പ്രതിപക്ഷകക്ഷി സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. പക്ഷെ അതിന്റെയത്ര വോട്ടു കിട്ടാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടി. രണ്ടാമത്തെ തെരഞ്ഞെടുപ്പിനുമുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വിട്ടുപോയ ഗാന്ധിയന്മാര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. വോട്ടുവിഹിതത്തില്‍ മുന്നിട്ടു നിന്നെങ്കിലും പി.എസ്.പി.ക്കും ലോക് സഭയില്‍ സി.പി. ഐ.യെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ താരതമ്യേന നികച്ച പ്രകടനത്തിലൂടെ ദേശീയ ബദലെന്ന പ്രതീതി ജനിപ്പിച്ച ഇടതുപക്ഷം കാലക്രമത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങി.

ദേശവ്യാപകമായി വളരാന്‍ കഴിയാഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ഗാന്ധിയന്മാരുടെയും പിന്മുറക്കാരെ പിന്തള്ളിക്കൊണ്ടാണ് ബി.ജെ.പി. ഒരു ഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായുയര്‍ന്നത്. വീര്‍ സവര്‍ക്കരുടെ ഹിന്ദു മഹാസഭ, സന്യാസിമാരുടെ പിന്തുണയുണ്ടായിരുന്ന രാമരാജ്യ പരിഷത്ത്, ഹിന്ദു മഹാസഭയുടെ മുന്‍ അധ്യക്ഷനും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗവുമായിരുന്ന ശ്യാമപ്രസാദ് മൂക്കര്‍ജി സ്ഥാപിച്ച ജനസംഘം എന്നിങ്ങനെ മൂന്ന് കക്ഷികളാണ് ഒന്നാം തെരഞ്ഞെടുപ്പില്‍ ഹിന്ദു വികാരമുയര്‍ത്തി കോണ്‍ഗ്രസ്സിനെ നേരിട്ടത്. ഇവയ്‌ക്കെല്ലാം കൂടി കിട്ടിയത് 5.98 ശതമാനം വോട്ടു മാത്രമാണ്. പുതിയ കക്ഷിയായ ജനസംഘമാണ് ഏറ്റവും കൂടുതല്‍ വോട്ട് (3.06 ശതമാനം) നേടിയത്. സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ നാഥുറാം ഗോഡ്സേയ്‌ക്കൊപ്പം പ്രതിയായതിന്റെ പേരുദോഷം മൂലമാകാം ഹിന്ദുമഹാസഭയ്ക്ക് ഒരു ശതമാനം വോട്ടു പോലും കിട്ടിയില്ല. ജനസംഘത്തെയും അതിന്റെ പിന്‍‌ഗാമിയായ ബി.ജെ.പി.യെയും ഹിന്ദുത്വത്തിന്റെ മുഖ്യധാരയാക്കി വളര്‍ത്തിയത് ആര്‍.എ.എസ്. ആണ്.

ഇപ്പോള്‍ ബി.ജെ.പി.യുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 25.82 ശതമാനത്തില്‍ (1999) നിന്ന് 26.53 (2004) ആയും 28.55 (2009) ആയും ഉയര്‍ന്ന കാലഘട്ടത്തില്‍ ബി.ജെ.പി. യുടേത് 25.59 ശതമാനത്തില്‍ (1999) നിന്ന് 22.16 (2004) ആയും 18.80 (2009) ആയും കുറഞ്ഞത് അതിന് ദേശീയ ബദല്‍ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. അധികാരത്തില്‍ കയറിയശേഷവും ഇടുങ്ങിയ ഹിന്ദുത്വ ചിന്താഗതി വെച്ചുപുലര്‍ത്തിയതിന്റെ ഫലമായി മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. അതിന് തിരിച്ചുവരവ് നടത്താനുള്ള കഴിവുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ദേശീയ ബദലായി ഉയരാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന ഒരു കക്ഷിയെയും രാഷ്ട്രീയ ചക്രവാളത്തില്‍ കാണാനില്ലാത്തത് അതിനു പ്രതീക്ഷക്ക് വക നല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മായി വീക്ഷിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും ഒരു ഇരുകക്ഷി സംവിധാനം ഇതിനകം നിലവില്‍ വന്നിട്ടുള്ളതായി കാണാം. രാജസ്ഥാന്‍, മദ്ധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് അധികാരമത്സരം. ആന്ധ്ര പ്രദേശ്, പഞ്ചാബ് തുടങ്ങിയയിടങ്ങളിലാകട്ടെ കോണ്‍ഗ്രസ് ഒരു പ്രാദേശിക കക്ഷിയുമായി മത്സരിക്കുന്നു. തമിഴ് നാട്ടില്‍ രണ്ട് പ്രാദേശിക കക്ഷികള്‍ തമ്മിലാണ് മത്സരം. പ്രമുഖകക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കാത്ത കേരളത്തില്‍ ഇരുകക്ഷി സംവിധാനത്തിനു പകരം ഒരു ഇരുമുന്നണി സംവിധാനം നിലനില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ സി.പി. എം നേതൃത്വത്തിലുള്ള മുന്നണി മൂന്ന് പതിറ്റാണ്ടായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുകയാണ്. ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം നേടിയ വിജയം ഇടതുപക്ഷത്തിന് അധികാര കുത്തക ഇനിയും നിലനിര്‍ത്താനാകുമോയെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ഉത്തര്‍ പ്രദേശ് മാറ്റത്തിന്റെ പാതയിലാണ്. അവിടെ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി. ഏറ്റവും വലിയ കക്ഷിയായി. പിന്നീട് അതിനെ പിന്തള്ളി ജനത് ദളും സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും മേല്‍ക്കൈ നേടി. ഇപ്പോഴത്തെ അവസ്ഥ ദീര്‍ഘകാലം നിലനില്‍ക്കണമെന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് മുന്‍‌തൂക്കമുള്ളിടത്തോളം കേന്ദ്രത്തില്‍ കൂട്ടുസര്‍ക്കാരുണ്ടായേ മതിയാകൂ. നിലവിലുള്ള സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സൊ ബി.ജെ.പി.യൊ നയിക്കുന്ന മുന്നണിക്കെ സ്ഥിരത ഉറപ്പാക്കാനാവൂ. വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുന്നുവെന്ന് 1999 മുതലുള്ള ലോക് സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മില്‍ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരമായി ഒരു കക്ഷിക്ക് വോട്ടു ചെയ്യാതെ ഓരോ കക്ഷിയുടെയും സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമെന്ന് തോന്നുമ്പോള്‍ മാറി വോട്ടു ചെയ്യുന്ന ഒരു ചെറിയ വിഭാഗമാണ് ആത്യന്തികമായി ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത്. ബൂത്തിലെത്തുന്ന വോട്ടരുടെ മുന്നിലുള്ളത് വളരെ പരിമിതമായ സാദ്ധ്യതകളാണെന്നത് കണക്കാക്കുമ്പോള്‍ എത്ര വിവേകപൂര്‍വമാണ് ജനങ്ങള്‍ സമ്മതിദാനം വിനിയോഗിക്കുന്നതെന്ന് മനസ്സിലാക്കാനാകും.

Tuesday, July 7, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 15

കേരളശബ്ദത്തില്‍ എഴുതിവരുന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പരമ്പരയിലെ പതിനഞ്ചാമത് ലേഖനം:
കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ്

Friday, July 3, 2009

മരുന്ന് പരീക്ഷണം സംബന്ധിച്ച പഠനം

ജനനീതി ഡയറക്ടർ അഡ്വ. ജോർജ് പുലികുത്തിയിൽ കേരളത്തിലെ മരുന്ന് പരീക്ഷണങ്ങൾ സംബന്ധിച്ച് നടത്തുന്ന പഠനത്തിന് സഹായം തേടുന്നു.

അദ്ദേഹത്തിൽ നിന്ന് ലഭിച്ച മെയിൽ താഴെ കൊടുക്കുന്നു:

Friends, a study on Clinical Drug Trials in Kerala is in progress. Now, your help and assistance is badly required. If you have ever been a participant / human subject of a drug trial or if you know someone else who was part of a clinical experiment, feel free to pass the details to me.

In normal case, the patient or someone on his/her behalf must have signed a consent form at the request / on the advice of a medical practitioner. The information you pass on to me will only be used for the purpose of the study. Kindly treat it as personal request and be obliged.

Advocate George Pulikuthiyil
Executive Director
Jananeethi Institute
Thrissur 680651, Kerala, India.
Tel:487-2373479/2373281; Mobile:094470 27338
Email:george@jananeethi.org, geopuli@gmail.com, gpneethi@sancharnet.in

Wednesday, July 1, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 14

കേരളശബ്ദത്തിൽ എഴുതുന്ന ‘തെരഞ്ഞെടുപ്പ് അനുഭവങ്ങൾ’ എന്ന പരമ്പരയിലെ പതിന്നാലാമത് ലേഖനം:

തത്സമയ തെരഞ്ഞെടുപ്പ് സം‌പ്രേഷണം

വിഭാഗീയതാ പ്രശ്നം പോളിറ്റ്ബ്യൂറോയുടെ മുന്നിൽ

കേരളത്തിലെ വിഭാഗീയതയ്ക്ക് പരിഹാരം കാണാൻ ഈ വാരാന്ത്യത്തിൽ സി.പി.എം. പോളിറ്റ്ബ്യൂറോ ചേരുന്ന പശ്ചാത്തലത്തിൽ ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ് (ഐ.എ.എൻ.എസ്) ന്യൂ ഡൽഹിയിൽ നിന്ന് ഫയൽ ചെയ്ത ഒരു റിപ്പോർട്ട്:
CPI-M politburo meet hopes to clear Kerala mess

ഐ.എ.എൻ.എസ്. വിതരണം ചെയ്ത എന്റെ ലേഖനം:
CPI-M is damned if it does, damned if it doesn't