Tuesday, July 21, 2009

സൂപ്പർ സ്റ്റാറിന്റെ പദവി

ലക്ഷങ്ങളുടെ ആരാധനാപാത്രങ്ങളാണ് നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍. മലയാളികളുടെ മനസ്സില്‍ പട്ടാളമേധാവിയേക്കാളും ഉയരത്തിലാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം.

മോഹന്‍ലാലിന്റെ (പടം വലത്ത്) ടെറിറ്റോറിയല്‍ ആര്‍മി പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം രഞ്ജി (പടം താഴെ വലത്ത്) കായികരംഗം വിട്ടപ്പോള്‍ പ്രശസ്തനായ ഒരു ഇംഗ്ലീഷുകാരന്‍ എഴുതിയ വാക്കുകള്‍ ഓര്‍ത്തുപോയി.
രഞ്ജി എന്നും കെ.എസ്. രഞ്ജിത്‌സിങ്ജി എന്നുമൊക്കെ അറിയപ്പെട്ടിരുന്ന രഞ്ജിത്‌സിങ്ജി വിഭാജി ജാഡേജ (1872-1933) ഇന്ത്യക്കുവേണ്ടിയും ഇംഗ്ലണ്ടിനുവേണ്ടിയും ടെസ്റ്റ് കളിച്ച ക്രിക്കറ്റ് താരമായിരുന്നു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ക്രിക്കറ്റ് കളിക്കാരിലൊരാളായി അദ്ദേഹം ഇന്നും കരുതപ്പെടുന്നു.

ഗുജറാത്തിലെ നവനഗര്‍ നാട്ടുരാജ്യത്തെ രാജകുമാരനായിരുന്നു രഞ്ജി. കാലക്രമത്തില്‍ നവനഗറിലെ ജാംസാഹെബ് (മഹാരാജാവ്) ആകേണ്ടയാള്‍. അതിനു തയ്യാറെടുക്കാനായി ക്രിക്കറ്റിന് വിട പറഞ്ഞുകൊണ്ട് അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചപ്പോള്‍ എ.ജി.ഗാര്‍ഡ്നര്‍ എന്ന എഴുത്തുകാരന്‍ എഴുതി: “ഒരു വലിയ കളിയുടെ രാജാവായ അദ്ദേഹം ഒരു കൊച്ചു രാജ്യത്തെ രാജകുമാരനാകാന്‍ അതുപേക്ഷിക്കുന്നു.”

ഗാര്‍ഡ്നറുടെ വാക്കുകള്‍ ഭേദഗതി ചെയ്ത് നമുക്ക് പറയാം: ഒരു വലിയ കലയുടെ ജനറല്‍ പട്ടാളത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചിരിക്കുന്നു. പട്ടാളം മോഹന്‍ലാലിനെ ആദരിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ശരി മോഹന്‍ലാല്‍ പട്ടാളത്തെ ആദരിച്ചുവെന്ന് പറയുന്നതാകും.

രഞ്ജിയുടെ തീരുമാനവും മോഹന്‍ലാലിന്റേതും തമ്മില്‍ ഒരു വ്യത്യാസമുണ്ടെന്നത് വിസ്മരിക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഉപേക്ഷിച്ച് രാജാവാകുകയായിരുന്നു. മോഹന്‍ലാല്‍ സിനിമ ഉപേക്ഷിക്കാതെയാണ് പട്ടാള പദവി സ്വീകരിച്ചിട്ടുള്ളത്.

1 comment:

Ajith said...

I think by accepting an honorary position in the terriorial army what Mohanlal did was a great tribute to our Indian Armed Forces Personnel whose vigilance through day and night protect the freedom of one billion plus people of this country and its culture,which most of us unable to do. An army jawan is no less a person than a cinie artist or journalist but unfortunately we dont recognise his sacrifices in pursuit of our saftey.