Friday, July 17, 2009

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശങ്ങളും

ഒടുവിൽ അത് സംഭവിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് അനുകൂലമായി ഒരു ചെറിയ ശബ്ദം തിരുവനന്തപുരത്തും ഉയർന്നു.

മഴവില്ല് എന്ന പേരിലുള്ള ലൈംഗിക ന്യൂനപക്ഷ അവകാശ സംരക്ഷണ കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ച് ഏതാനും പേർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുചേർന്നു. കൂടുതലും സ്ത്രീകളായിരുന്നു. അവർ മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകൾ പിടിച്ചിരുന്നു.

“സ്വവർഗ്ഗ ലൈംഗികത കുറ്റകരമോ?” എന്ന തലക്കെട്ടിലുള്ള ഒരു ലഘുലേഖ പ്രകടനക്കാർ വിതരണം ചെയ്തു.

കേരളത്തിൽ, പ്രത്യേകിച്ചും തലസ്ഥാന നഗരിയിൽ, മനുഷ്യാവകാശങ്ങളുടെ പേരിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഒരു വലിയ വിഭാഗം വിവിധ ജാതിമത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ടവരാണ്. എല്ലാ മതസ്ഥാപനങ്ങളും സ്വവർഗ്ഗലൈംഗികതയെ ശക്തമായി എതിർക്കുന്നതുകൊണ്ട് ആ വിഭാഗം മഴവില്ല് കൂട്ടായ്മയിൽ നിന്ന് ഒഴിഞ്ഞുമാറി.

കൂട്ടായ്മ വിതരണം ചെയ്ത ലഘുലേഖ “എന്തുകൊണ്ടാണ് ഭൂരിപക്ഷവും മൌനം പാലിക്കുന്നത്?” എന്ന ചോദ്യം ഉന്നയിക്കുകയും ഈ വിശദീകരണം നൽകുകയും ചെയ്യുന്നു: “ന്യൂനപക്ഷങ്ങളെന്ന പേരിൽ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ ഏറ്റവും അധികം ശബ്ദമുയർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വയം അവരോധിച്ച ഈ കാവൽക്കാരുടെ ശബ്ദം മാത്രമാണ് ഇന്ന് നാം കേൾക്കുന്നത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്ന വലിയ വിഭാഗം ആൾക്കാരുടെ മൌനം അത്യന്തം അപകടകരമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടാൻ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. സമൂഹം നിർണ്ണയിക്കുന്ന ലൈംഗികതയുടെ അതിർവരമ്പുകളിൽ പൊരുത്തപ്പെടാൻ ശീലിക്കപ്പെട്ടതുകൊണ്ട് ഭൂരിപക്ഷത്തിനും ഈ വിഷയം ചർച്ചചെയ്യുന്നത് തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. എതിർലിംഗ ലൈംഗികത പോലും ആരോഗ്യകരമായി ചർച്ച ചെയ്യാൻ സാധിക്കാത്ത ഈ അവസ്ഥ മാറേണ്ടതുണ്ട്. മാറിവരുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരെ മനസ്സും കണ്ണും തുറന്ന് ഇരുന്നാൽ മാത്രമെ മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നീതിയും തുല്യതയും അംഗീകരിക്കുന്ന ഇന്ത്യൻ സംസ്കാരം ഉരിത്തിരിയൂ.”

കൂട്ടായ്മ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ, ലൈംഗികതയെ സംബന്ധിക്കുന്ന മതങ്ങളുടെ സമീപനം പല കാര്യങ്ങളെക്കുറിച്ചും പരിമിതമായ അറിവ് മാത്രമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ടതാണെന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. രോഗം ഉണ്ടാകുന്നതും പടരുന്നതും എങ്ങനെയെന്ന് അറിവില്ലാതിരുന്ന മനുഷ്യൻ അത് ദൈവകോപം കൊണ്ടാണുണ്ടാകുന്നതാണെന്ന് വിശ്വസിച്ചു. ഒരാൾ ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നതിന് അയാളുടെ മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ലാത്തതുപോലെ ഒരാളുടെ ലൈംഗികാഭിമുഖ്യം എന്താണെന്നതിനും മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്നിടത്ത് പ്രസക്തിയില്ല.

സ്വവർഗ്ഗരതി ജീവപര്യന്തം തടവു വരെ നൽകാവുന്ന് ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഒന്നര നൂറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സദാചാരബോധത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷുകാർ എഴുതിയുണ്ടാക്കിയതാണ്. അത് എടുത്തു കളയാനുള്ള നിർദ്ദേശം മുന്നോട്ടുള്ള ഒരു ചെറിയ കാൽവെയ്പ് മാത്രമാണ്.

6 comments:

Manoj മനോജ് said...

“ന്യൂനപക്ഷങ്ങളെന്ന പേരിൽ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നവരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരെ ഏറ്റവും അധികം ശബ്ദമുയർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വയം അവരോധിച്ച ഈ കാവൽക്കാരുടെ ശബ്ദം മാത്രമാണ് ഇന്ന് നാം കേൾക്കുന്നത്.”
ഇന്ത്യന്‍ സംസ്കാരം സ്വവര്‍ഗ്ഗരതിയെ എതിര്‍ത്തിരുന്നുവോ! അങ്ങിനെയെങ്കില്‍ എന്ത് കൊണ്ട് പല പ്രാചീന ക്ഷേത്രങ്ങളിലും സ്വവര്‍ഗ്ഗരതിയുടെ കൊത്ത് പണികള്‍ കാണപ്പെടുന്നത്!

B.R.P.Bhaskar said...

മനോജിന്: ജമാത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ ‘പ്രബോധന‘ത്തില്‍ ഒരു ലേഖകന്‍ എഴുതുന്നു: “സ്വവര്‍ഗരതി വെറുക്കപ്പെട്ട പാപകൃത്യമാണെന്നും അതിലേര്‍പ്പെടുന്നവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കണമെന്നും സമൂഹത്തെ സാക്ഷിയാക്കിയാണ് ശിക്ഷാനടപടി നടപ്പിലാക്കേണ്ടതെന്നും ഹിന്ദു ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. സ്വവര്‍ഗപ്രേമിയായ സ്ത്രീയെ തല മൊട്ടയടിച്ച് കഴുതപ്പുറത്തേറ്റണം എന്നും വിരലുകള്‍ വെട്ടിമാറ്റണമെന്നും മനുസ്മൃതി അനുശാസിക്കുന്നു. ഋഗ്വേദത്തിലും സ്വവര്‍ഗരതിക്കെതിരായ പരാമര്‍ശങ്ങളുണ്ട്.”

മനുഷ്യാവകാശ ലംഘനത്തിന്റെ ആദിമ മാനിഫെസ്റ്റോയാണ് മനുസ്മൃതി. ഹിന്ദു മതഗ്രന്ഥങ്ങളായി വ്യവഹരിക്കപ്പെടുന്ന വേദങ്ങള്‍ സമൂഹിക ബഹിഷ്കരണം പോലുള്ള മനുഷ്യാവകാശ ലംഘനരീതികള്‍ രൂപകല്പന ചെയ്ത വൈദിക സമൂഹത്തിന്റെ കൃതികളാണ്. ഈ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട കാലത്ത് ഹിന്ദുമതം എന്നൊന്നുണ്ടായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്കുശേഷം പുറത്തുനിന്നു വന്ന അല്‍-ബറൂണിയെപ്പോലുള്ള മുസ്ലിം പണ്ഡിതരും പിന്നീട് വന്ന യൂറോപ്യന്മാരുമാണ് ഉപഭൂഖണ്ഡത്തിലെ ജനങ്ങളെയും അവരുടെ വ്യത്യസ്ത വിശ്വാസങ്ങളെയും ‘ഹിന്ദു’ എന്ന പേരില്‍ ഏകോപിച്ചത്. പ്രാചീനക്ഷേത്രങ്ങളിലെ ചിത്രീകരണങ്ങളും ‘ഹിന്ദു’ വിശ്വാസങ്ങളെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വൈദിക വിശ്വാസങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കാന്‍ ഈ വസ്തുതകള്‍ ഉപകരിക്കും.

ഡല്‍ഹി ഹൈക്കോടതി വിധിയില്‍ നിന്ന് ഉയരുന്ന പ്രശ്നം സ്വവര്‍ഗ്ഗരതി പാപമാണോ അല്ലയോ എന്നതല്ല. സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യത്തിന്റെ പേരില്‍ ആളുകളെ ജയിലില്‍ അടയ്ക്കണോ എന്നതാണ്. വിചിത്രമെന്ന് പറയട്ടെ, ഉക്കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ ജമാത്തെ ഇസ്ലാമി ആശ്രയിക്കുന്നത് ഭൂരിപക്ഷ പിന്തുണയെയാണ്. പ്രബോധം ലേഖകന്‍ എഴുതുന്നു: “മതവിഭാഗങ്ങള്‍ക്ക് രൂക്ഷമായ എതിര്‍പ്പുള്ള സ്വവര്‍ഗരതി പോലുള്ള മ്ലേഛകൃത്യം മതവിഭാഗങ്ങള്‍ക്ക് മഹാഭൂരിപക്ഷമുള്ള ഇന്ത്യപ്പോലെയൊരു രാജ്യത്ത് നിയമവിധേയമാകുന്നത് എന്തുകൊണ്ടാണ്? നിയമ നിര്‍മാണസഭകളും നിയമഗ്രന്ഥങ്ങളും കോടതികളും മതമൂല്യങ്ങളെ മാറ്റുനിര്‍ത്തുകയും മതവിരുദ്ധമായ സെക്യുലറിസത്തിന്റെ പിറകെ പോവുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണിത്”. ഒരു മഹാഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ അവകാശമില്ലെന്ന് മനസ്സിലാക്കാന്‍ ജമാത്തെ ഇസ്ലാമിയെ പോലൊരു സംഘടനയ്ക്ക് കഴിയാത്തത് അത്ഭുതകരം തന്നെ.

സത said...

ശ്രീ. B.R.P.ഭാസ്കര്‍,

താങ്കള്‍ പറഞ്ഞത് ഹിന്ദു എന്നതിനെ ഒരു മതമായി കണ്ടു ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോയി..

Manoj മനോജ് said...

ഭാസ്കര്‍ ജി,
മറുപടി വായിച്ചപ്പോള്‍ സംശയം ഇരട്ടിയായി!
വേദങ്ങളും, മനുസ്മൃതിയും മറ്റും വന്നതിന് ശേഷമല്ലേ “യഥാര്‍ത്ഥ” ക്ഷേത്ര മാതൃകകള്‍ വരുന്നത്? മുസ്ലീം ഇന്വേഷന്‍ വരുന്നത് അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്? അപ്പോള്‍ മനുസ്മൃതിയിലും, വേദങ്ങളിലും സ്വവര്‍ഗ്ഗത്തെ എതിര്‍ത്തിട്ടും എന്ത് കൊണ്ട് അതിന് ശേഷം നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ രതിക്കും-സ്വവര്‍ഗ്ഗ രതിക്കും പ്രാധാന്യം ലഭിച്ചത്?

അശ്വമേഥത്തിന്റെ അവസാനം രാജ്ഞി ചത്ത കുതിരയുമായി ഒരു രാത്രി കഴിയണമെന്നുള്ളത് മനുസ്മൃതിക്കും മുന്‍പേയുള്ള ചടങ്ങായിരുന്നില്ലേ!

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ തന്നെ മത ഭൂരിപക്ഷം ഉപയോഗിച്ച് വാദിക്കുന്നത് കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അറപ്പ് തോന്നുന്നത്. സ്വന്തം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുവാന്‍ മടികാണിക്കാത്ത ആ പഴയ കുശാഗ്രബുദ്ധികളായ പുരോഹിത വര്‍ഗ്ഗത്തിന് ഇന്നും വംശ നാശം വന്നിട്ടില്ല. പല മതങ്ങളിലായി ആ പുരോഹിത വര്‍ഗ്ഗം വളര്‍ന്ന് കൊണ്ടേയിരിക്കുന്നു!

B.R.P.Bhaskar said...

മനോജിന്: ഇന്ത്യാ മഹാരാജ്യം വലിയൊരു ഭൂപ്രദേശമല്ലെ? വ്യത്യസ്ത ധാരകള്‍ ഇവിടെ വ്യത്യസ്ത കാലങ്ങളില്‍ ഉയര്‍ന്നുവന്നു. ഇതില്‍ ഏത് എപ്പോള്‍ എവിടെ ഉയര്‍ന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ചരിത്രകാരന്മാര്‍ക്കൊ രാജ്യത്തിന്റെ പൌരാണിക ചരിത്രം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയ ഗവേഷകര്‍ക്കൊ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളില്‍ എത്താന്‍ കഴിയും.
വേദങ്ങള്‍ രചിച്ച സമൂഹമാണ് ഇന്ത്യയിലെ ഏറ്റവും പുരാതന സംസ്കാരത്തിന്റെ ഉടമകള്‍ എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ പണ്ഡിതന്മാര്‍ കരുതി. കൊളോണിയല്‍ ഭരണകൂടവുമായി നല്ല ബന്ധമുണ്ടായിരുന്ന വൈദിക സമൂഹത്തിന് (അഥവാ അതിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക്) സ്വാഭാവികമായും ഇത് സ്വീകാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് സിന്ധു നദീതീര സംസ്കാരത്തെക്കുറിച്ചുള്ള ആദ്യ വിവരം ലഭിക്കുന്നത്. ഋഗ്വേദത്തിന്റെ സ്രഷ്ടാക്കള്‍ ഗ്രാമവാസികളായിരുന്നു. അവര്‍ നഗരവാസികളായ ജനവിഭാഗങ്ങളുമായി ശത്രുതയിലായിരുന്നെന്നും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും വ്യക്തമാക്കുന്ന നിരവധി ശ്ലോകങ്ങള്‍ വേദഗ്രന്ഥത്തില്‍ തന്നെയുണ്ട്. ഈ ആന്തരിക തെളിവ് അവഗണിച്ചുകൊണ്ട് യൂറോപ്യന്മാരും അവരുടെ വൈദിക ശിങ്കിടികളും സിന്ധു നദീതീര സംസ്കാരം വൈദിക സമൂഹത്തിന്റെ നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇന്ന് അത് വൈദികേതര ജനതയുടെ സംഭാവനയാണെന്ന് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്.
വൈദിക സമൂഹത്തിന് ക്ഷേത്രങ്ങളുണ്ടായിരുന്നില്ല. അവര്‍ പൂജയും ചെയ്തിരുന്നില്ല. അവരുടെ ആരാധനാ സമ്പ്രദായം ഹോമം ആയിരുന്നു. അവരുടെ ദൈവങ്ങള്‍ ഇന്ദ്രന്‍, അഗ്നി, വരുണന്‍ തുടങ്ങിയവരും. തെക്കേ ഇന്ത്യയില്‍ 2,000 കൊല്ലം മുമ്പ് പൂജാ സമ്പ്രദായം നിലവിലുണ്ടായിരുന്നെന്നും പൂജ നടത്തിയിരുന്നത് ബ്രാഹ്മണര്‍ അല്ലെന്നും തമിഴിലുള്ള സംഘ കൃതികളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. പുറത്തു നിന്ന് വന്ന മുസ്ലിം, ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ക്ക് ബഹുമതസമൂഹങ്ങള്‍ പരിചിതമായിരുന്നില്ല. ഉപഭൂഖണ്ഡത്തില്‍ നിലനിന്നിരുന്ന വ്യത്യസ്ത വിശ്വാസങ്ങള്‍ ഒരേ മതതിന്റെ ഭാഗമാണെന്ന ധാരണയില്‍ അവര്‍ അതിനെ വിവക്ഷിക്കാന്‍ ഹിന്ദു മതം എന്ന പേര്‍ ഉപയോഗിച്ചു. അതാണ് ഹിന്ദുമതഗ്രന്ഥങ്ങള്‍ എന്ന് പറയപ്പെടുന്ന ഒന്നിലും ഹിന്ദു എന്ന പദം കാണാനില്ലാത്തത്. കാലക്രമത്തില്‍ വൈദിക സമൂഹം അവരുടെ ദൈവങ്ങള്‍, ആരാധനാമുറകള്‍, ജീവിതരീതി എന്നിവ ഉപേക്ഷിച്ച് മറ്റ് സമൂഹങ്ങളുടെ ദൈവങ്ങളെയും രീതികളെയും സ്വീകരിച്ചു. അവര്‍ക്ക് ഒരു കാര്യത്തിലെ നിര്‍ബന്ധമുണ്ടായിരുന്നുള്ളു: പുരോഹിതവൃത്തി അവര്‍ക്കായിരിക്കണം.

സത said...

ശ്രീ. B.R.P.ഭാസ്കര്‍,

അറിവുകള്‍ക്ക് നന്ദി.. എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണിത്.. കൂടുതല്‍ പഠനത്തിന്‌ സാധിക്കാന്‍ ഏതു വഴി പോകണമെന്നു അറിയാന്‍ വയ്യ എന്നൊരു കുഴപ്പം മാത്രം..!