Sunday, April 5, 2009

അദ്ഭുതം തെരഞ്ഞെടുപ്പിനു ശേഷം

മലയാള മനോരമയുടെ ഇന്നത്തെ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു:

ബി.ആർ.പി.ഭാസ്കർ


കുറഞ്ഞത് മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളം ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ക്ക് ഒരു പടി പിന്നിലാണ്. രാജ്യം 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സര്‍ക്കാരിനെയും കോണ്‍ഗ്രസ്സിനെയും പുറത്താക്കിയപ്പോള്‍ കേരളം കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ടുചെയ്തു. മൂന്നു കൊല്ലത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇന്ത്യ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും തിരിച്ചുവിളിച്ചു. അപ്പോഴാണ് അവരെ പുറത്താക്കാന്‍ കേരളം തയ്യാറായത്.

കേന്ദ്രത്തില്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ജനവിധി രാജ്യം1999ല്‍ നല്‍കി. അന്ന് നാം അയച്ച 20 പേരും ലോക് സഭയില്‍ പ്രതിപക്ഷത്തായിരുന്നു. അഞ്ചു കൊല്ലത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രൂപീകരണത്തിന് സഹായകമായ രീതിയില്‍ ഇന്ത്യ വോട്ടുചെയ്തു. കേരളമാകട്ടെ അപ്പോള്‍ 20 സീറ്റില്‍ 19ഉം കോണ്‍ഗ്രസ്‌വിരുദ്ധര്‍ക്ക് നല്‍കി. ആ പത്തൊമ്പതുപേരും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണച്ചുവെന്നത് മറ്റൊരു കാര്യം.

ഇത്തവണയും കേരളം ഇന്ത്യക്ക് ഒരു പടി പിന്നില്‍ നില്‍ക്കുമോ? അതോ മുന്നോട്ട് ചാടി ഇന്ത്യക്കൊപ്പം നില്‍ക്കുമോ? തെരഞ്ഞെടുപ്പില്‍ അത്ഭുതം നടന്നാലും ഇല്ലെങ്കിലും അതിനുശേഷം ചിലതൊക്കെ നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിലവിലുള്ള മുന്നണിവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ പോരുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും ഒരു പുതിയ ധ്രുവീകരണം അനിവാര്യമാകും. അതിന്റെ ഫലമായി ഉരുത്തിരിയുന്ന സംവിധാനം ഇപ്പോഴത്തേതിനേക്കാള്‍ മോശമല്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ലത്.

1 comment:

Manoj മനോജ് said...

കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയില്‍ മുഖ്യന്മാരായി 3 എണ്ണം ഉണ്ടായിട്ട് കേരളത്തെ കൊണ്ട് തമിഴ്നാടും, പവാറൂം ഇക്ഷ വരപ്പിച്ചില്ലേ? തമിഴ്നാട് ഉപമന്ത്രിമാരെ കൊണ്ടാണ് കേരളത്തെ തോല്‍പ്പിച്ചത്?

ഇതിന് ഒരു പരിഹാരം എപ്പോഴും തുല്ല്യമായി അങ്ങ് വിജയിപ്പിച്ചാല്‍ മതിയില്ലേ? 10-10.