എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Monday, November 29, 2010
റാഡിയാ ടേപ്പിൽ കുരുങ്ങിയ മാധ്യമങ്ങൾ
രാഷ്ട്രീയം, വ്യവസായം, മീഡിയ എന്നീ മേഖലകളിലെ ജീർണ്ണതയെ നീരാ റാഡിയാ ടേപ്പുകൾ തുറന്നു കാട്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ വീഐഴുന്നതുകൊണ്ട് രാഷ്ട്രീയരംഗം ചീഞ്ഞതാണെന്ന് ജനം നേരത്തെ മനസ്സിലാക്കിയിരുന്നു. ഭാരിച്ച തെരഞ്ഞെടുപ്പു ചെലവിന്റെയും ഉയരുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ഫലമായി പടരുന്ന അർബുദത്തിന്റെ പിടിയിൽ പെടാത്ത ഒരു രാഷ്ട്രീയ കക്ഷിയും ഇന്നില്ല. രാഷ്ട്രീയരംഗത്തെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വ്യവസായരംഗത്തെ പ്രവർത്തനങ്ങൾ കൺമുന്നിലല്ലാത്തതുകൊണ്ട് അതും ചീഞ്ഞതാണെന്ന വിവരം അത്രതന്നെ പരക്കെ അറിയപ്പെടുന്നില്ല. പോരെങ്കിൽ ഉല്പന്നങ്ങളുടെ മാത്രമല്ല കമ്പനികളുടെയും ബ്രാൻഡ് നിർമ്മിതിക്കായി വിഭവശേഷിയുള്ള സ്ഥാപനങ്ങളുമുണ്ട്. തങ്ങളുടെ ഉടമകളും രക്ഷകരും അവിടെയുള്ളതുകൊണ്ട് മാധ്യങ്ങൾ അതിന്റെ പ്രവർത്തനം സൂക്ഷിച്ചു നോക്കാറുതന്നെയില്ല -- അമ്പതുകളിലെ മുന്ധ്രാ സംഭവവും
തൊണ്ണൂറുകളിലെ ഹർഷദ് മേത്താ ഇടപാടും പോലുള്ള എന്തെങ്കിലും കുംഭകോണം അതിന് നിർബന്ധിക്കുന്നില്ലെങ്കിൽ. കടുത്ത മത്സരത്തിലായിരിക്കുമ്പോഴും മാധ്യമങ്ങൾ പരസ്പരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. കണ്ണാടി വീടുകളിൽ ഇരിക്കുന്നവർ കല്ലെറിയരുതല്ലൊ. പൊതുജനങ്ങൾക്ക് താല്പര്യമുള്ള തൊഴിൽപരമായ കാര്യങ്ങൾ പോലും പൊതുചർച്ചക്ക് വിധേയമാക്കാൻ മടിക്കുന്നവർ എങ്ങനെയാണ് അലമാരയിലെ അസ്ഥികൂടങ്ങളിലേക്ക് വെളിച്ചം വിതരുന്നത്?
വൻവ്യവാസായികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നീരാ റാഡിയ മാധ്യമ താരങ്ങളുൾപ്പെടെ പലരുമായി 2008-09 കാലത്ത് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ടേപ്പുകൾ ഉണ്ടെന്ന വിവരം കുറച്ചുകാലമായി അറിവുള്ളതാണ്. മാധ്യമങ്ങൾ എന്തുകൊണ്ടാണ് അവ അവഗണിക്കുന്നതെന്ന് ഗിരീഷ് നിക്കം എന്ന പത്രപ്രവർത്തകൻ ആറു മാസം മുൻപ് അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ എഴുതിയിരുന്നു. ചില ചെറിയ പ്രസിദ്ധീകരണങ്ങൾ അവ നോക്കുകയും 2ജി സ്പെക്ട്രം അഴിമതി ചൂടു വാർത്തയായപ്പോൾ അവ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. രാഷ്ട്രീയക്കാർ പ്രതീക്ഷിക്കാവുന്ന വിധത്തിൽ പ്രതികരിച്ചു. അവർ 2ജി അഴിമതിയിലെ അവരുടെ നിലപാടുകൾക്ക് ശക്തി പകരുന്ന വിധത്തിൽ പ്രസ്താവനകളിറക്കി. വ്യവസായികൾ മിണ്ടാതിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും മിണ്ടിയില്ല. ബ്ലോഗുകളും സാമൂഹികശൃംഖലകളും പോലെ ലഭ്യമായ ഇടങ്ങളിൽ ആളുകൾ കോപത്തോടെയും സങ്കടത്തോടെയും പ്രതികരിച്ചപ്പോൾ അവർ ഗൂഢ നിശ്ശബ്ദതയെന്ന ആരോപണം ഒഴിവാക്കാൻ ആവശ്യമായിടത്തോളം നാവ് ചലിപ്പിക്കാൻ തയ്യാറായി. വാർത്താ ചാനലുകൾ കരുതലോടെ നടത്തിയ ചർച്ചകളിൽ നാം എങ്ങനെ ഇവിടെ എത്തിപ്പെട്ടു, എങ്ങനെ ഇവിടെ നിന്ന് പുറത്തുചാടും തുടങ്ങിയ സൌകര്യപ്രദമല്ലാത്ത ചോദ്യങ്ങൾ ഉയർന്നതേയില്ല.
പൊതുമണ്ഡലത്തിലെ വിമർശനങ്ങളിലേറെയും കാര്യങ്ങൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെയുള്ളതായിരുന്നു. രാഷ്ട്രീയകാരും മാധ്യമപ്രവർത്തകരും തമ്മിൽ വളരെ അടുപ്പമുണ്ടെന്നതാണ് പ്രശ്നമെന്ന മട്ടിലാണ് ചിലർ പ്രതികരിച്ചത്. പത്രങ്ങളും പത്രപ്രവർത്തകരും തമ്മിലുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്. കോമൺസ് സഭയിലെ പ്രസ് ഗാലറിയിലേക്ക് കൈചൂണ്ടിക്കൊണ്ട് മറ്റ് മൂന്ന് മണ്ഡലങ്ങളേക്കാളും ശക്തമായ ഒരു ‘ഫോർത്ത് എസ്റ്റേറ്റ്’ അതാ ഇരിക്കുന്നു എന്ന് ബർക്ക് പറഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഏതാണ്ട് അതേ കാലത്താണ് ഹിക്കി ഇന്ത്യയിലെ ആദ്യ പത്രം സ്ഥാപിച്ചതും ബ്രിട്ടീഷ് ഇന്ത്യൻ അധികാര മണ്ഡലത്തിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന എതിർപക്ഷത്തിന്റെ പിന്തുണയോടെ ഗവർണർ ജനറലുമായി കൊമ്പുകോർത്തതും. സ്വാതന്ത്ര്യം നേടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്ത് രണ്ട് ധാരകളുണ്ടായിരുന്നു: ഒന്ന്, കൊളോണിയൽ താല്പര്യങ്ങൾ ഏറെക്കുറെ പങ്കിട്ടിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങൾ അടങ്ങിയത്, മറ്റേത് ഉയരുന്ന ദേശീയ അധികാരവ്യവസ്ഥയോട് അടുത്തു നിന്നവർ അടങ്ങിയത്. കൊളോണിയൽ ശക്തി പിൻവാങ്ങുകയും അത് സൃഷ്ടിച്ച ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ഉപകരണമാവുകയും ചെയ്തപ്പോൾ രണ്ട് ധാരകളും ഒന്നുഇച്ച് ഒരു ഇന്ത്യൻ മാധ്യമ വ്യവസ്ഥ രൂപപ്പെട്ടു. അത് വേഗം അസമമായ രണ്ട് ധാരകളായി പിളർന്നു. മുഖ്യധാരയുടേത് ഏറെക്കുറെ ഉയരുന്ന ഇന്ത്യൻ മുതലാളിത്വ വ്യവസ്ഥയുടെ താല്പര്യങ്ങളായിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചെറുതും ഇടത്തരവുമായ പത്രങ്ങളായിരുന്നു മറ്റേ ധാരയിൽ. ചെറിയ പത്രങ്ങൾ വളർന്നപ്പോൾ അവരുടെ താല്പര്യങ്ങളും മുഖ്യധാരയുടേതിനോട് അടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അധികാര മത്സരങ്ങളിൽ രണ്ട് ധാരകളും പങ്ക് വഹിക്കുകയുണ്ടായി – ചിലപ്പോൾ പക്ഷപാതപരമായി, ചിലപ്പോൾ തൊഴിൽമാന്യത ആവശ്യപ്പെടുന്ന നിഷ്പക്ഷത ഒരളവു വരെ പാലിച്ചുകൊണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവും വ്യവസായവും പത്രപ്രവർത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീരാ റാഡിയാ ടേപ്പുകൾ നൽകുന്ന തെളിവ് അന്ധാളിപ്പിക്കേണ്ട കാര്യമില്ല.
ടേപ്പുകൾക്ക് വലിയ പ്രാധാന്യമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. അധികാരം കയ്യാളുന്നവർക്കിടയിലെ അനുവദനീയമല്ലാത്ത ബന്ധങ്ങൾ താക്കോൽദ്വാരത്തിലൂടെ കാണിച്ചു തരുന്നുവെന്നതിലാണ് അവയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഈ ബന്ധങ്ങൾ ബഹുജനതാല്പര്യങ്ങൾക്ക് അനുസൃതമായതല്ല. ഇരുളിൽ പ്രവർത്തിക്കുന്ന ചിലർ ഏതെങ്കിലും വ്യവസായികളുടെ താല്പര്യം മിൻനിർത്തി എ. രാജയെ മന്ത്രിയാക്കുകയും രാജാ കോടാനുകോടി രൂപാ നഷ്ടമുണ്ടാക്കുന്ന തരത്തിൽ 2ജി സ്പെക്ട്രം നൽകുകയും ചെയ്തെങ്കിൽ ഈ ടേപ്പുകൾ രാജ്യത്തിനെതിരായ ഒരു വലിയ ഗൂഢാലോചനയുടെ തെളിവാണ്. അതിനപ്പുറം അവ രാഷ്ട്രീയം, വ്യവസായം, മാധ്യമ പ്രവർത്തനം എന്നീ രംഗങ്ങളിലുള്ളവർക്കിടയിലെ ബന്ധത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിലേക്ക് വെളിച്ചം വീശുന്നു. നാം എങ്ങനെ ഊരാക്കുടുക്കിൽ പെട്ടെന്നും എങ്ങനെ അതിൽ നിന്ന് പുറത്തു കടക്കാമെന്നും മനസ്സിലാക്കാൻ ഇത് സൂക്ഷ്മതയോടെ പഠിക്കേണ്ടതുണ്ട്.
പത്ര ഉടമകളുമായി മാത്രമല്ല പത്രാധിപന്മാരുമായും പത്രപ്രവർത്തകരുമായും ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം രാഷ്രീയനേതൃത്വം നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടൈംസ് ഓഫ് ഇൻഡ്യായുടെ ഉടമകളായ ഡൽമിയാ-ജെയിൻ ക്കുടുംബത്തിന്റെ ഭരണകൂടവുമായുള്ള ബന്ധം വിഷമം നിറഞ്ഞതായിരുന്നു. അവർക്കെതിരെ നിയമനടപടികൾ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായി. ഒരാൾക്ക് ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടു. മറ്റൊരാൾ അന്വേഷണം നടക്കുന്നതിനിടയിൽ മരിക്കുകയാണുണ്ടായത്. ഹിന്ദുസ്ഥാൻ ടൈസ് ഉടമകളായ ബിർള കുടുംബത്തിന്റെ ബന്ധം സുഖകരമായിരുന്നു. ഒരു ബിർള രാജസ്ഥാനിൽ നിന്ന് രാജ്യ സഭയിൽ പോകാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ് അതിന്റെ കുറെ വോട്ടുകൾ അദ്ദേഹത്തിനു നൽകി. സ്വതന്ത്ര എം.എൽ.എ.മാരിൽ നിന്ന് ജയിക്കാനാവശ്യമായ ബാക്കി സംഘടിപ്പിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല.
പത്രത്തിന്റെ സ്വാധീനം വ്യവസായ താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ആഗ്രഹിച്ച ഉടമകൾ ആദ്യകാലത്ത് ഭരണാധികാരികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് അവർ പത്രാധിപന്മാരുടെ സേവനം പ്രയോജനപ്പെടുത്താൻ തുടങ്ങി. ഉടമകളുടെ മാധ്യമ്യേതര പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാഞ്ഞതിനാൽ ടൈംസ് ഓഫ് ഇൻഡ്യയിൽ എൻ.ജെ. നാൻപോരിയായ്ക്കും ഹിന്ദുസ്ഥാൻ ടൈംസിൽ ബി.ജി.വർഗ്ഗീസിനും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇൻഡ്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ രാംനാഥ് ഗോയങ്കയുടെ ബന്ധം സങ്കീർണ്ണവും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായിരുന്നു. അദ്ദേഹം 1952ൽ തമിഴ് നാട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈക്കടുത്തുള്ള ആവടിയിൽ കോൺഗ്രസ് സമ്മേളനം നടന്നപ്പോൾ സ്വാഗതസംഘത്തിന് അദ്ദേഹം പത്രത്തിന്റെ ആപ്പീസിൽ സ്ഥലം നൽകി. അദ്ദേഹം 1971ൽ വീണ്ടും ലോക് സഭാംഗമായി. അത് മദ്ധ്യ പ്രദേശിൽ നിന്ന് ജന സംഘം സ്ഥാനാർത്ഥിയായായിരുന്നു. എൺപതുകളിൽ അദ്ദേഹം ബംഗ്ലൂരുവിലെ എക്സ്പ്രസ് ഗസ്റ്റ് ഹൌസിൽ ബോർഡ് തൂക്കാൻ അനുവദിച്ചതുകൊണ്ട് റാം ജെഠ്മലാനിക്ക് കർണ്ണാടക വാസിയെന്ന് അവകാശപ്പെട്ട് ജനതാ ദൾ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയുടെ സഹായത്തോടെ അവിടെ നിന്ന് രാജ്യ സഭയിലെത്താനായി. രാഷ്ട്രീയ നേതാക്കളും ബിസിനിനസ് പ്രമുഖരുമായി അദ്ദേഹം നടത്തിയ ചില കത്തിടപാടുകൾ മരണാനന്തരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വന്തം ബിസിനസ് താല്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കുമായി പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച കഥ അതിൽ കാണാം. അടിയന്തിരാവസ്ഥ്ക്കെതിരെ നിലകൊണ്ടയാലെന്ന നിലയിലാണ് ഇന്ന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പിന്നീട് നറ്റത്തിയ വിഫലശ്രമത്തെ കുറിച്ച് പലർക്കും അറിവില്ല. ഒരവസരത്തിൽ നിയമത്തിന്റെ കൈ അദ്ദേഹത്തിന്റെ അടുത്തെത്തി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മകനും കൂട്ടുപ്രതിയുമായ ഭഗവൻദാസ് ഗോയങ്കയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. അകാല മരണം അദ്ദേഹത്തെ ജയിൽവാസത്തിൽ നിന്ന് ഒഴിവാക്കി.
കീഴ്തലങ്ങളിലും രാഷ്ട്രീയ വ്യവസായ താല്പര്യങ്ങളും മാധ്യമങ്ങളുമായി സമാനമായ ബന്ധങ്ങൾ വികസ്ച്ചതിന് കശ്മീർ മുതൽ കേരളം വരെയും ഒറീസ മുതൽ മഹാരാഷ്ട്ര വരെയും പലയിടങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ലഭ്യമാണ്. നിലവിലുള്ള പത്രങ്ങളെ ആശ്രയിക്കാതെ പല രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം പത്രങ്ങൾ തുടങ്ങി. ചിലർ പത്രങ്ങൾ വിലയ്ക്ക് വാങ്ങി. ഇന്ന് രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ 80 ശതമാനത്തിലേറെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തുടങ്ങിയവയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയൊ സാമ്പത്തിക ലക്ഷ്യത്തോടെയൊ ഇരു ലക്ഷ്യങ്ങളോടും കൂടിയൊ ആണ് ജന്മമെടുത്തത്. ബിസിനസ് തല വിജയത്തേക്കാൾ എളുപ്പം രാഷ്ട്രീയ തല വിജയമാണെന്ന് പല പത്ര ഉടമകളും കണ്ടെത്തി. അതേസമയം സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ മിക്ക കക്ഷികളും ഏതെങ്കിലും പത്രത്തിന്റെ തോളിലേറിയല്ല അവിടെയെത്തിയതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരേമറിച്ച് മാധ്യങ്ങളുടെ അവഗണനയും ചിലപ്പോൾ എതിർപ്പും മറികടന്നാണ് അവ വിജയിച്ചത്. അമ്പതുകളിൽ ഹിന്ദു പത്രം തങ്ങളുടെ നേതാവിന്റെ പ്രസംഗം “സി.എൻ. അണ്ണാദുരൈയും പ്രസംഗിച്ചു” എന്ന് എഴിതി തള്ളിയിരുന്നെന്നത് ദ്രാവിഡ രാഷ്രീയ കേന്ദ്രങ്ങൾ ഇപ്പോഴും മറന്നിട്ടില്ല. പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉത്തർ പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും അധികാരത്തിൽ വരുമായിരുന്നില്ല. എൻ. ടി. രാമറാവുവിന്റെ ഒരു കൊല്ലം പോലും തികയാത്ത തെലുങ്ക് ദേശം പാർട്ടിയെ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറ്റുന്നതിൽ രാമോജി റാവുവിന്റെ ഈനാട് പത്രം വഹിച്ച പങ്ക് അത്തരത്തിലുള്ള ഏക സംഭവമാണ്.
സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കൾ പത്രപ്രവർത്തകരെ പത്രാധിപ പദവി ഉൾപ്പെടെ നല്ല സ്ഥാനങ്ങൾ നേടുന്നതിനു ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ സഹായിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപരായുള്ള തന്റെ നിയമനത്തിൽ സഞ്ജയ് ഗാന്ധിക്ക് പങ്കുണ്ടായിരുന്നെന്ന് ഖുഷ്വന്ത് സിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മാസിക വരിസംഖ്യയായ 1500 രൂപ നിർത്തുമെന്ന ഭീഷണി മതിയായിരുന്നു 1970 കളിൽ യു.എൻ.ഐ. മാനേജ്മെന്റിനെക്കൊണ്ട് ബ്യൂറോ ചീഫിനെ സ്ഥലം മാറ്റുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ. ഒരു കാലത്ത് പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർ ടിക്കറ്റിനായി കോൺഗ്രസ് ആപ്പീസുകളിലൊ നേതാക്കളുടെ വീടുകളിലൊ കയറിയിറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക കക്ഷി നേതാക്കളുടെ വീടുകളിൽ രാജ്യ സഭാ സീറ്റുകൾക്കായി കയറിയിറങ്ങുന്നു.
മാധ്യമപ്രവർത്തകരെ ഇടനിലക്കാരാക്കിക്കൊണ്ട് വ്യവസായികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആശ്രയിക്കാവുന്നവരെ മന്ത്രിമാരാക്കാൻ ശ്രമിക്കുന്നത് പഴയ കാലത്ത് ചിന്തിക്കാനാവുമായിരുന്നില്ല. ആ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്താണ്. ആഗോളീകരണ പ്രക്രിയ ആരംഭിക്കുമ്പോൾ അത് നൽകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ സന്നദ്ധനായി ധീരുഭായ് അംബാനി രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ഇല്ലായ്മയിൽ നിന്ന് സമ്പന്നതയെ കൊടുമുടിയിലെത്തിയ അദ്ദേഹം പുതിയ കാലത്ത് വിജയിക്കാനുള്ള യോഗ്യതകൾ തനിക്കുണ്ടെന്ന് അതിനകം തെളിയിച്ചിരുന്നു. ഒരു വ്യവസായിയും അതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത വിപുലമായ പബ്ലിക് റിലേഷൻസ് സംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ആ സമയത്താണ് ടൈംസ് ഒഫ് ഇൻഡ്യയുടെ ഉടമ സമീർ ജെയിൻ പത്രം മറ്റൊരു ഉല്പന്നം മാത്രമാണെന്നും അത് വിറ്റും അതിനു പരസ്യം സംഭരിച്ചും തനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മാനേജർമാരാണ് ഉല്പാദിപ്പിക്കുന്ന പത്രാധിപന്മാരേക്കാളും വേണ്ടപ്പെട്ടവർ എന്ന് പ്രഖ്യാപിച്ചതും മാധ്യമരംഗത്തെ മത്സരത്തിന്റെ ചട്ടക്കൂട് പുന;സംഘടിപ്പിച്ചതും. രാഷ്ടീയരംഗത്തും കോടീശ്വരന്മാർ തിങ്ങി നിറഞ്ഞു. ചിലർ തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ രാഷ്ട്രീയത്തിലൂടെ (അദ്ദേഹത്തിന്റെ കാര്യത്തിൽ വേണമെങ്കിൽ സിനിമയിലൂടെയും എന്നു കൂടിച്ചേർക്കാം) കോടീശ്വരന്മാരാവുകയായിരുന്നു. മറ്റ് ചിലർ കോടീശ്വരന്മാരായി രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അച്ചടി മേഖല പുതിയ മുതലാളിമാർക്ക് ജന്മം നൽകി. അതിനിടെ സ്വകാര്യ ടെലിവിഷൻ വരവായി. അത് ഉയർന്ന താരമൂല്യമുള്ള പത്രപ്രവർത്തകരെ സൃഷ്ടിച്ചു. അവരിൽ പലരും സാദാ മാധ്യമ പ്രവർത്തകരല്ല. അവർ സംരഭകരും മാധ്യമ ഉടമകളും കൂടിയാണ്. ഇങ്ങനെ വികസിച്ചിട്ടുള്ള പുതിയ രാഷ്ട്രീയത്തിന്റെയും പുതിയ വ്യവസായത്തിന്റെയും പുതിയ മാധ്യമത്തിന്റെയും ലോകത്ത് രാസത്വരയായാണ് നീരാ റാഡിയ അവതരിക്കുന്നത്.
എല്ലാ മേഖലകളിലെയും ജീർണ്ണതകൾ തുറന്നു കാട്ടേണ്ട ഒന്നായാണ് ജനങ്ങൾ മാധ്യമങ്ങളെ കാണുന്നത്. ആ മേഖലയിൽ ജീർണ്ണത പടരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിലെ ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്താൻ അതിന് കഴിയാതാവും. ഒരു രംഗത്തും ഗുണമേന്മ ഉറപ്പാക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ രാജ്യത്ത് ഇന്നില്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഒഴിവാക്കാവില്ല. ദൃശ്യമാധ്യമ രംഗത്തെ സ്വയംനിയന്ത്രണ സംവിധാനം ഉറപ്പുള്ള ഒന്നല്ല. അച്ചടിമാധ്യമരംഗത്തെ ഔദ്യോഗിക സംവിധാനം കാലഹരണപ്പെട്ടിരിക്കുന്നു. ഉചിതമായ ഒരു പുതിയ മാധ്യമ നിയന്ത്രണ സംവിധാനം എത്രവേഗം സ്ഥാപിക്കാനാകുമോ അത്രയും നല്ലത്.
മാധ്യമം ദിനപത്രം നവംബർ 28, 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം
Monday, November 15, 2010
ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ രണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്, സി.പി.എമ്മിനോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ജനവിഭാഗങ്ങൾ വിട്ടുതുടങ്ങിയിക്കുന്നു. രണ്ട്, സി.പി.എമ്മും കോൺഗ്രസ്സും നയിക്കുന്ന മുന്നണികളല്ലാതെയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവുന്ന വിധം കേരളത്തിന്റെ രാഷ്ട്രീയ മനസ് പരുവപ്പെട്ടിട്ടില്ല.
സി.പി.എം.അണികൾ അന്യവൽക്കരിക്കപ്പെടുന്നെവെന്
ഇത്തവണ 2005ലേതിനേക്കാൾ മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വോട്ടെടുപ്പിനു മുമ്പ് പറയുകയുണ്ടായി. അതിനെ പ്രചാരണ ഘട്ടത്തിൽ അണികളെ ആവേശഭരിതരാക്കാൻ നടത്തിയ പ്രസ്താവങ്ങളായി തള്ളിക്കളയാം. വോട്ടെടുപ്പ് കഴിഞ്ഞശേഷവും രണ്ട് നേതാക്കളും അതാവർത്തിക്കുകയുണ്ടായി. ചരിത്ര വിജയമാണ് നേടാൻ പോകുന്നതെന്നാണ് സെക്രട്ടറി പറഞ്ഞത്. സംഭവിച്ചതാകട്ടെ ചരിത്രപരാജയവും. ജനമനസ് മനസ്സിലാക്കാൻ പാർട്ടിക്കായില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. വോട്ടെടുപ്പിനുശേഷം പാർട്ടി കീഴ് ഘടകങ്ങൾ വിവരം ശേഖരിച്ച് മേൽഘടകങ്ങൾക്ക് നൽകാറുണ്ട്. അങ്ങനെ കിട്ടിയ വിവരം അടിസ്ഥാനമാക്കിയാണ് സെക്രട്ടറി ചരിത്രവിജയം പ്രവചിച്ചതെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന കാര്യം അവർ അറിഞ്ഞില്ലെന്ന് കരുതണം. കിങ്കരന്മാർ സത്യം മറച്ചു വെച്ചുകൊണ്ട് നേതാക്കൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊടുത്തതാകാനും മതി.
സി.പി.എം. നേതാക്കൾ പരാജയത്തെ ലഘൂകരിക്കാമുള്ള ശ്രമത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അവർ പറയുന്നു. കഴിഞ്ഞ കൊല്ലം കിട്ടിയതിനേക്കാൾ പത്ത് ലക്ഷം വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ കണക്ക് അണികളുടെ മനോബലം നിലനിർത്താൻ സഹായിച്ചേക്കും. എന്നാൽ പഞ്ചായത്ത്, നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളെ വോട്ടർമാർ ഒരുപോലെയല്ല സമീപിക്കുന്നത്. ഒരവസരത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നല്ല പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി പരാജയം ഏറ്റുവാങ്ങിയ സി.പി.എമ്മിന് അറിയാത്ത കാര്യമല്ലിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാക്കാലത്തും ഇടതു മുന്നണിക്ക് മുൻകൈയുണ്ടായിരുന്നു. അത് മറന്നുകൊണ്ടുള്ള വിലയിരുത്തൽ സത്യസന്ധമല്ല. തെരഞ്ഞെടുപ്പ് പരാജയം താൽക്കാലികമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വലിയ വില കല്പിക്കേണ്ടതില്ല. എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും താത്കാലിക പ്രസക്തിയേ ഉള്ളു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ1957ലെ തെരഞ്ഞെടുപ്പ് വിജയവും താത്കാലികമായിരുന്നല്ലൊ. രണ്ട് കൊല്ലത്തിൽ ആ ജനവിധി ഒലിച്ചുപോയി. വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇക്കാര്യം വ്യക്തമായി.
അഞ്ചു കൊല്ലം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എല്ലാ കോർപ്പറേഷനുകളുടെയും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളുടെയും നിയന്ത്രണം ലഭിക്കുകയുണ്ടായി. ഇത്തവണ കോർപ്പറേഷൻ ഒഴികെ എല്ലാ തലത്തിലങ്ങളിലും യു.ഡി.എഫ്. മേൽകൈ നേടി. രണ്ട് കോർപ്പറേഷനുകളിൽ സി.പി.എം. കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള പഞ്ചായത്തുകൾ കോർപ്പറേഷൻ അതിർത്തിയിൽ പെടുത്തിയതിന്റെ ഫലമായാണ് രണ്ടിടത്തും വിജയം നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനം മുമ്പൊരിക്കലും ഇത്ര മോശമായിരുന്നില്ല. യു.ഡി. എഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്. എൽ.ഡി.എഫിൽ ഗണ്യമായ ജനപിന്തുണയുള്ള ഒരേയൊരു കക്ഷി സി.പി.എം. ആയതിനാൽ ഈ പരാജയത്തെ ആ പാർട്ടിയുടെ പരാജയമായിത്തന്നെ കാണണം. എന്തുകൊണ്ട് പാർട്ടിക്ക് ഇത്ര വലിയ പരാജയമുണ്ടായെന്ന അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നേരത്തെ അതിന് മുൻകൈ ലഭിച്ചത് എങ്ങനെയായിരുന്നെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അനുകൂലമായ രണ്ട് ഘടകങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. ഇതിലൊന്ന് കീഴ്തലങ്ങളിൽ സി.പി.എമ്മിന് കോൺഗ്രസ്സിനേക്കാൾ മെച്ചപ്പെട്ട സംഘടനാ സംവിധാനമുണ്ടായിരുന്നെന്നതാണ് മറ്റേത് കീഴ്തല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ എതിരാളികളുടേതിനേക്കാൾ തിളക്കമുള്ളതായിരുന്നെന്നതാണ്. സി.പി.എമ്മിന്റെ സംഘടനാപരമായ നിലയിൽ വലിയ മാറ്റമുണ്ടായെന്ന് കരുതാൻ ന്യായമില്ല. എന്നാൽ ഇന്ന് അതിന് ഏതെങ്കിലും തലത്തിൽ മറ്റ് കക്ഷികളിൽ പെട്ടവരേക്കാൾ മെച്ചപ്പെട്ട പ്രതിച്ഛായയുള്ള നേതാക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. തദ്ദേശ ഭരണത്തിൽ അഴിമതി വ്യാപകമാണെന്നും പാർട്ടിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പലയിടങ്ങളിലും കരാറുകാരിൽ നിന്നും മാഫിയ സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാർക്കൊപ്പം പങ്കു പറ്റുന്നുണ്ടെന്ന ആരോപണം പ്രചരിച്ചിരുന്നു. പല തദ്ദേശ ഭരണസ്ഥാപനങ്ങളും കണക്കുകൾ ആഡിറ്റ് ചെയ്യാൻ യഥാസമയം ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിന് നൽകുന്നില്ലെന്ന് കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ അടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇങ്ങനെ അഴിമതിയുടെ ചിത്രം പുറത്തുവരുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടു. പാമൊലീനും ലാവലിനുമൊക്കെ വിദൂരത്തെവിടെയോ നടന്നവയാണ്. തദ്ദേശ അഴിമതിക്കത്തകളിലെ നായകന്മാർ വിളയാടുന്നത് സ്ഥലവാസികളുടെ മുന്നിലാണ്.
ജനവികാരം സി. പി. എമ്മിനെതിരാക്കിയ തദ്ദേശ ഭരണത്തിലെ അഴിമതിയെ യു.ഡി.എഫ്. നേതാക്കൾ പ്രചാരണ ഘട്ടത്തിലൊ ഫലപ്രഖ്യാപനത്തിനു ശേഷമൊ വലിയ പ്രശ്നമായി ഉയർത്തിക്കാട്ടിയില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സമവായമാണ് ഇതിനു പിന്നിൽ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമീപകാല പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പങ്കുവെയ്ക്കലിന്റെ കാര്യത്തിൽ കക്ഷികൾ ഏറെക്കുറെ ഏകാഭിപ്രായക്കാരാണന്ന് കാണാം. എല്ലാം ഭൂരിപക്ഷം കൈയടക്കുന്ന രീതിയല്ല പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷകക്ഷികൾക്കും പഞ്ചായത്തിലെ ശക്തിക്കനുസരിച്ച് പണം ചെലവിടുന്ന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കുന്നതുകൊണ്ട് അഴിമതി തെരഞ്ഞെടുപ്പ് പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റത്തിന്റെ ഫലമായി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഒരു വ്യത്യാസമുണ്ടാകുമെന്ന് മാത്രം. നേരത്തെ പഞ്ചായത്ത് സംവിധനത്തിന്റെ ഗുണഭോക്താക്കളിലേറെയും എൽ.ഡി.എഫ്. അനുകൂലികൾ ആയിരുന്നെങ്കിൽ ഇനി ഏറെയും യു.ഡി.എഫ്.അനുകൂലികളായിരിക്കും.
ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ബദൽ എന്ന സ്ഥാനം നേടിയശേഷവും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദു വോട്ടു ബാങ്ക് സൃഷ്ടിച്ചുകൊണ്ടാണ് അത് രാജ്യത്ത് വളർന്നത്. ജാതീയതയെ മറികടന്ന് ഹൈന്ദവ ഏകീകരണം നടത്തുന്നതിന് സാമൂഹിക സാഹചര്യങ്ങൾ തടസം നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്ത് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്
ഇരുമുന്നണികൾക്കും പുറത്ത് ഇടം കണ്ടെത്താൻ ബി.ജെ.പി.യെ കൂടാതെ മറ്റ് ചില സംഘടനകളും അങ്കത്തട്ടിലിൽ ഇറങ്ങിയിരുന്നു. ബഹുജൻ സമാജ് പാർട്ടി അക്കൂട്ടത്തിൽ പെടുന്നു. ബി.ജെ.പി.ക്ക് സഖ്യങ്ങളില്ലെങ്കിൽ കാരണം കൂട്ടുകൂടാൻ ആരും ഇല്ലാത്തതാവും. ബി.എസ്.പി.ക്ക് സഖ്യങ്ങളില്ലാത്തത് നയപരമായ കാരണത്താലാണ്. തനിച്ച് മത്സരിച്ച് പാർട്ടിയെ വളർത്തുന്ന സമീപനമാണ് അത് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പ് കൂട്ടുകെട്ടുണ്ടാക്കാൻ തയ്യാറായിരുന്നെങ്കിൽ അതിന്റെ ശക്തികേന്ദ്രമായ ഉത്തർ പ്രദേശിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടതു കക്ഷികൾക്ക് പിന്തുണ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ സ്വാധീനമുള്ള പശ്ചിമ ബംഗാളിലും കേരളത്തിലും അവരുടെ സഹായം ഉറപ്പാക്കാമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യം എന്ന ആശയവുമായി പ്രകാശ് കാരാട്ട് സമീപിച്ചപ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി കയ്യോടെ തള്ളുകയാണുണ്ടായത്. ഈ ദലിത്-പിന്നാക്ക സംഘടനയെ കൂടാതെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ. എം) എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.യെ പോലെ ഒറ്റയ്ക്ക് പോകാനാണ് അതും ആഗ്രഹിച്ചത്. രണ്ട് മുന്നണികളും ചേർന്ന് എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന കേരളത്തിൽ ഒറ്റയാന്മാർക്ക് എളുപ്പം മുന്നോട്ടു വരാൻ കഴിയില്ല. ആ നിലയ്ക്ക് ബി.എസ്.പി.ക്ക് ഒരു വാർഡിൽ ജയിക്കാനായതും ഡി.എച്ച്.ആർ.എമ്മിന് എട്ടു ജില്ലകളിലായി 50,000ഓളം വോട്ടുകൾ സംഭരിക്കാനായതും ചെറിയ കാര്യമല്ല. ജയിച്ച ബി.എസ്.പി. സ്ഥാനാർത്ഥി ദലിത് വനിതയാണെന്നും അദ്ധ്യക്ഷ സ്ഥാനം ദലിത് വനിതക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്തായതുകൊണ്ട് അവർക്ക് ആ സ്ഥാനം ലഭിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്നണി വല്യേട്ടന്മാർക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന്, പ്രഹരമേൽപിക്കുകയെന്ന പരിമിതമായ ലക്ഷ്യം നേടിയെന്ന സംതൃപ്തിയിലാണ് ഡി.എച്ച്.ആർ.എം. നേതൃത്വം.
ഒറ്റയ്ക്ക് മത്സരിച്ച് ഏഴെട്ട് സീറ്റുകൾ നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യയുടെ കന്നി പ്രകടനം തിളക്കമാർന്നതാണ്. എസ്.ഡി.പി.ഐ. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരാൾ മതനിന്ദയുടെ പേരിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. പൊലീസും മാദ്ധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തിയ കക്ഷിയുടെ പ്രകടനം പൊതുവിലും, പ്രതിയുടെ വിജയം പ്രത്യേകിച്ചും, പലരെയും അന്ധാളിപ്പിച്ചിട്ടുണ്ട്. മുഖ്യധാരയുടെ മുസ്ലിം തീവ്രവാദ ആരോപണം മദ്ധ്യവർഗ്ഗ മലയാളികളെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും. സാധാരണ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാൻ കുറഞ്ഞ പക്ഷം മാദ്ധ്യമങ്ങളെങ്കിലും തയ്യാറാകണം.
ചെറിയ രാഷ്ട്രീയ കക്ഷികളെ കൂടാതെ പരിസ്ഥിതി മലിനീകരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി സമരം ചെയ്യുന്ന നിരവധി സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയുണ്ടായി. ഈസമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സോളിഡാരിറ്റിയുടെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമി പലയിടങ്ങളിലും വികസന മുന്നണികൾ രൂപീകരിച്ച് മത്സരരംഗത്ത് ഇറങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് തെരഞ്ഞെടുപ്പുകളിൽ പൊതുവെ സി.പി.എം. അനുകൂല നിലപാട് എടുത്തിരുന്ന ജമാത്തെ ഇസ്ലാമിയെയും മൃദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി സി.പി.എം. തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിലയിടങ്ങളിൽ മുസ്ലിം ലീഗിനെതിരെ സി.പി.എമ്മും ജമാത്തും കൈകോർത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തദ്ദേശ ഭരണത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കണമെന്ന നിലപാട് തത്ത്വത്തിൽ സ്വീകരിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാണ്. ആർക്കെങ്കിലും കോളിളക്കമുണ്ടാക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അത് യാഥാർത്ഥ്യബോധം ഇല്ലാത്തതുകൊണ്ട് സംഭവിച്ചതാകണം. ഈ ചെറിയ പ്രസ്ഥാനങ്ങളെ തറപറ്റിച്ചെന്ന് മുന്നണികളും അവയെ നയിക്കുന്ന കക്ഷികളും കരുതുന്നെങ്കിൽ അതും യാഥാർത്ഥ്യബോധത്തിന്റെ കുറവു കൊണ്ടാണ്. ഈ കക്ഷികളിൽ മിക്കതും ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയായിരുന്നു. അവരുടെ പ്രകടനത്തെ തട്ടിച്ചുനോക്കേണ്ടത് കോൺഗ്രസും സി.പി.എമ്മും ഇത്തവണ നടത്തിയ പ്രകടനവുമായല്ല, ഏഴെട്ട് പതിറ്റാണ്ട് മുമ്പ് അവ (അഥവാ അവയുടെ മുൻഗാമികൾ) ആദ്യമായി മത്സരിച്ചപ്പോൾ നടത്തിയ പ്രകടനവുമായാണ്.
എൽ.ഡി.എഫും യു.ഡി.എഫും അല്ലാതെ മറ്റൊരു സാധ്യത തങ്ങളുടെ മുന്നിലില്ലെന്ന ധാരണ ജനങ്ങൾക്കിടയിൽ പരത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും എല്ലായ്പ്പോഴും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ഒരോ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയാമായിട്ടും ലോക് സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണെന്ന് മുഖ്യമന്ത്രിയും സി.പി.എം. സെക്രട്ടറിയും വിളിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പിനെ പൂർണ്ണമായും എൽ.ഡി.എഫ്-യു.ഡി.എഫ്. ചട്ടക്കൂട്ടിനുള്ളിൽ ഒതുക്കാനാണ്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ പാർട്ടി അടിസ്ഥാനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശ് ഈ തലത്തിൽ പാർട്ടി അടിസ്ഥാനത്തിലുള്ള മത്സരം നിയമം മൂലം തടഞ്ഞിട്ടുണ്ട്. നേരിയ തോതിലെങ്കിലും മറ്റ് സാധ്യതകളുണ്ടായിട്ടും, എൽ.ഡി.എഫിനെ പുറത്താക്കാൻ തീരുമാനിച്ച വോട്ടർമാർ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതിനെ എല്ലാം എൽ.ഡി.എഫ്-യു.ഡി.എഫ് കളങ്ങളിൽ ഒതുക്കുന്ന തന്ത്രത്തിന്റെ വിജയമായി കാണാവുന്നതാണ്. ഇത് സാധ്യമാക്കിയത് ഒരു വലിയ വിഭാഗം വോട്ടർമാർ ഈ മുന്നണികളെ, അഥവാ അവയുടെ ഘടക കക്ഷികളെ, കേവലം രാഷ്ട്രീയ കക്ഷികളായല്ല, തങ്ങളുടെ സംരക്ഷകരായാണ് കാണുന്നത് എന്നതുകൊണ്ടാണ്. വോട്ടറും കക്ഷിയുമായി ഇത്തരത്തിലുള്ള ബന്ധം നിലനിൽക്കുമ്പോൾ ഭരണാധികാരിക്ക് എല്ലാവരേയും ഒരേപോലെ കണാനാവില്ല. അതുകൊണ്ട് നീതിപൂർവ്വമായ ഭരണവും ഉണ്ടാകില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കേരളം മന്ത് ഇടതു കാലിൽ നിന്ന് വലതു കാലിലേക്ക് മാറ്റിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനിടയിലാണ് എ. അയ്യപ്പൻ അവസന കവിത എഴുതിയത്. ഏത് നിമിഷവും മുതുകിൽ തറയ്ക്കാവുന്ന അമ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രാണനും കൊണ്ട് ഓടുന്ന മാൻപേട ഒരു പാതയുടെ വാതിൽ തുറന്ന്, ഒരു ഗർജ്ജനം സ്വീകരിച്ച്, മറ്റൊന്നിന്റെ വായ്ക്ക് ഇരയാകുന്ന ചിത്രമാണ് അതിലുള്ളത്. കേരളത്തിന്റെ വിധിയാണ്, അറിഞ്ഞോ അറിയാതെയൊ, അയ്യപ്പൻ രേഖപ്പെടുത്തിയത്. (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 15, 2010)
Tuesday, October 19, 2010
ചിലി ഖനി ദുരന്തം കേരളത്തിലായിരുന്നുവെങ്കിൽ?
ചില പത്രവാര്ത്തകളിലുടെ
• ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മൻ ചാണ്ടി
• രക്ഷാപ്രവർത്തനത്തിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
• ദുരന്തത്തിൽ പോലീസ് അനാസ്ഥ, കോടിയേരി രാജി വെക്കണം: ചെന്നിത്തല
• ദുരന്തം വിഎസിനെതിരെ ആയുധമാക്കാൻ പിണറായി പക്ഷം
• ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊൺഗ്രസ്സും : ബിജെപി
• ദുരന്തം: നാളെ കേരളത്തിൽ ഹര്ത്താൽ
• ദുരന്തത്തിൽ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
• ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
• ദുരിതാശ്വാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടൻ
• ദുരന്തം തദ്ദേശ തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ പ്രതിപക്ഷം
• ദുരിതാശ്വാസ പ്രവര്ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മൻ ചാണ്ടി
• അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വൻ
• ദുരന്തത്തിനു പിന്നിൽ അല്ഖാഇദ: ആർ.എസ്.എസ്
• ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
• ദുരന്തത്തിന് പോപുലർ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷൻ
•
•
•
•
•
•
•
• ഇതിനിടെ, ഖനിക്കുള്ളിൽ കുടുങ്ങിയവർ 100ാം ദിവസം സ്വയം തുറന്ന് പുറത്തെത്തി!!
Tuesday, September 21, 2010
പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രിക
സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കാൻ മാറി ചിന്തിക്കേണ്ട അവസരങ്ങളുണ്ടാകും. അപൂർവമായാണ് അതുണ്ടാവുക. അപ്പോൾ മാറി ചിന്തിക്കാനായില്ലെങ്കിൽ വഴിമുട്ടുകയും മുന്നോട്ടു പോകാനാകാതെ വരികയും ചെയ്യും. അത് ജീർണ്ണതയിലേക്ക് നയിക്കും. പിന്നെ പോക്ക് കീഴ്പോട്ടാകും.
ഒരു നൂറ്റാണ്ടു മുൻപ് കേരള സമൂഹം അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയുണ്ടായി. അന്ന് മാറി ചിന്തിക്കാൻ കഴിയുന്നവർ ഉയർന്നുവന്നു. അവർ ദിശാമാറ്റത്തിന് നേതൃത്വം നൽകി. അവരുടെ പ്രവർത്തനമാണ് കേരള നവോത്ഥാനം സാധ്യമാക്കിയത്. അവർ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് സാമ്പത്തികശേഷി കുറവായിരുന്നിട്ടും കേരളത്തിന് സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുതന്നെ ഭാരതത്തിലെ ഇതര പ്രദേശങ്ങളെ പിന്നിട്ടുകൊണ്ട് സാമൂഹികമായി മുന്നേറാൻ കഴിഞ്ഞത്.
കേരളം വീണ്ടും അത്തരത്തിലുള്ള ഒരവസ്ഥ നേരിടുകയാണ്. ഇന്ന് ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. പ്രതിശീർഷ വരുമാനത്തിലും ചിലവിലും ഒന്നാം സ്ഥാനത്ത്. പക്ഷെ ക്ഷേമപദ്ധതികളെന്ന പേരിൽ ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളാനല്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമുക്കാവുന്നില്ല. ഭരണാധികാരികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം സാമ്പത്തിക അഭയാർത്ഥികളായി വിദേശത്ത് പോയവർ അയക്കുന്ന, ഇപ്പോൾ കൊല്ലം തോറും 30,000 കോടി രൂപ വരുന്ന, പണമാണ് സംസ്ഥാനത്തെ നിലനിർത്തുന്നത്. ഈ പണത്തിന്റെ ഒരു ചെറിയ അംശം ഉത്പാദനക്ഷമമായ മേഖലയിൽ എത്തിയാൽ ഇവിടെ ഐശ്വര്യപൂർണ്ണമായ സമൂഹം താനെ രൂപപ്പെടും. അതിനുള്ള കഴിവ് – അതൊ താല്പര്യമൊ? -- ഭരിക്കുന്നവർക്കില്ല. എങ്ങനെയാണ് നമുക്ക് ഈ ദുർഗതിയുണ്ടായത്?
അമ്പതിൽപരം വർഷങ്ങൾക്കുമുൻപ്, ഒരു സമ്പന്ന സമൂഹമല്ലായിരുന്ന ഘട്ടത്തിൽ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടായിരുന്നു. അവ ശിഥിലമാവുകയും ആർക്കും സ്വന്തം ശക്തിയുടെ മാത്രം അടിസ്ഥാനത്തിൽ അധികാരത്തിലെത്താൻ കഴിയാതെ വരികയും ചെയ്തപ്പോൾ സുസ്ഥിരഭരണം അസാധ്യമായി. പല പരീക്ഷണങ്ങൾക്കുശേഷം സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന രണ്ട് മുന്നണികൾ രൂപപ്പെട്ടു. തുടക്കത്തിൽ മുന്നണികളെ നയിക്കുന്ന കക്ഷികളുടെ സമീപനങ്ങളിൽ വ്യത്യാസങ്ങൾ കാണാമായിരുന്നു. കാലക്രമത്തിൽ അതില്ലാതായി. ഒരു മുന്നണി വിട്ട് വരുന്നവരെ സ്വീകരിക്കാൻ മറ്റേ മുന്നണി വാതിലും തുറന്നിട്ട് കയ്യും നീട്ടി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രത്തിന് എന്ത് പ്രസക്തിയാണുള്ളത്? രണ്ട് മുന്നണികളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കിയ പ്രകടനപത്രിക നോക്കിയാൽ അവരുടെ സമീപനങ്ങൾ ഒന്നായതായി കാണാം. ഇരുവരും എടുക്കുന്ന പൊതുവായ സമീപനം സാമ്പത്തിക സ്ഥാപിതതാല്പര്യങ്ങൾക്ക് അനുകൂലവും ജനങ്ങളുടെ താല്പര്യങ്ങൾക്ക് എതിരുമാണ്. ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ അത് നമുക്ക് കാണാം. പ്രതിഷേധങ്ങൾ സ്ഥലമെടുപ്പിന് തടസം സൃഷ്ടിച്ചപ്പോൾ മുന്നണി നേതാക്കൾ പിന്നോട്ടുപോകാൻ ഏകകണ്ഠമായി തീരുമാനിച്ചു. ബി.ഓ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായപ്പോൾ അവർ ജനങ്ങളുടെ വികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചു. അതും ഏകകണ്ഠമായിത്തന്നെ.
മുന്നണികളെ നയിക്കുന്ന കക്ഷികൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയൈക്യത്തിന്റെ പിന്നിലെ സാമ്പത്തിക സാമൂഹിക താല്പര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികതലത്തിൽ വൻകിടക്കാർക്കൊപ്പമാണവർ. അവിടെത്തന്നെ ഉത്പാദന പ്രക്രിയയിലൂടെ പണം സമ്പാദിക്കുന്നവരേക്കാൾ അവർക്ക് പ്രിയം ഭൂമി, ലോട്ടറി, കള്ളക്കടത്ത് തുടങ്ങിയ മേഖലകളിലെ ഇടപാടുകാരാടാണ്. സാമൂഹികതലത്തിൽ തൽസ്ഥിതി നിലനിർത്തി പഴയ മേധാവിത്വവിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. രാഷ്ട്രീയ ശൈഥില്യം സൃഷ്ടിച്ച അസ്ഥിരത മറികടക്കുന്നതിൽ മുന്നണികൾ വഹിച്ച പങ്ക് നന്ദിയോടെ നമുക്ക് ഓർക്കാം. ഒപ്പം അവ കാലഹരണപ്പെട്ടിരിക്കുന്നെന്ന് നാം തിരിച്ചറിയുകയും വേണം. മുന്നണികൾ ഇങ്ങനെ തുടരുന്നിടത്തോളം കേരളത്തിൽ ഗുണപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനാവില്ല. ഇന്നത്തെ നിശ്ചലാവസ്ഥ അകറ്റി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന രാഷ്ട്രീയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഒരു പുതിയ ധ്രുവീകരണത്തിലേക്ക് നയിക്കും. മാറ്റം ആവശ്യമാണെന്ന് കരുതുന്നവർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ അതിനുള്ള സാഹചര്യം സൃഷ്ടിക്കാനാവും.
ഓരോ അഞ്ചു കൊല്ലവും തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം ജനാധിപത്യം ഉറപ്പാക്കാനാവില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ജനതാല്പര്യം മുൻനിർത്തി അധികാരം വിനിയോഗിക്കുമ്പോഴാണ് സംവിധാനം ജനാധിപത്യപരമാകുന്നത്. പക്ഷപാതം കൂടാതെ നീതിപൂർവകമായി കർത്തവ്യം നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറുന്നവർ സ്വന്തം താല്പര്യമൊ പാർട്ടിതാല്പര്യമൊ ജാതിമത താല്പര്യമൊ മുൻനിർത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഭരണകൂടം നീതിപൂർവം പ്രവർത്തിക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ട് അവർ ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ ഇടം കണ്ടെത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നു. എന്തു ഹീന കൃത്യം ചെയ്താലും അണികളെ സംരക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന് ഓരോ പാർട്ടിയും വിശ്വസിക്കുന്നു. കൊലയാളിക്കും കുടുംബത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്നതു മുതൽ എഴുത്തുപരീക്ഷാഫലം മറികടന്നു ജോലി നേടാനും അന്വേഷണമുണ്ടായാൽ ഉത്തരക്കടലാസുകൾ മുക്കി ഉദ്യോഗം നിലനിർത്താനും സഹായിക്കുന്നതു വരെ എന്തും ചെയ്യാൻ രാഷ്ട്രീയ രക്ഷാധികാരികൾക്ക് മടിയില്ല. ഈ അവസ്ഥ മാറ്റാനുള്ള ശ്രമം തുടങ്ങേണ്ടത് അധികാരത്തിന്റെ ഏറ്റവും താഴത്തെ പടിയായ തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങളിൽ നിന്നാണ്. കക്ഷിരാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്നവർക്ക് അവിടെയാണ് ഏറ്റവും ഫലപ്രദമായി ഇടപെടാനാവുക.
പാർലമെന്റ്, നിയമസഭാ സംവിധാനങ്ങൾ പാശ്ചാത്യ ജനാധിപത്യ പാരമ്പര്യത്തിൽ നിന്ന് നാം സ്വീകരിച്ചവയാണ്. അവ ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും വിഭാവന ചെയ്യുന്നു. പഞ്ചായത്ത് സംവിധാനം നമ്മുടെതന്നെ പാരമ്പര്യത്തിൽ നിന്ന് വന്നതാണ്. അതിൽ ഭരണ-പ്രതിപക്ഷ വിഭജനമില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും അടങ്ങുന്നതാണ് ഭരണ നിർവഹണ സമിതി. ആദ്യകാലത്ത് രാഷ്ട്രീയ കക്ഷികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടികളിൽ പെട്ടവരും പാർട്ടി ലേബൽ കൂടാതെ മത്സരിച്ചു. എന്നാൽ അടുത്ത കാലത്ത് നമ്മുടെ പാർട്ടികൾ ആ രീതി ഉപേക്ഷിച്ച് അവിടെയും കക്ഷിരാഷ്ട്രീയം കുത്തിച്ചെലുത്തി. ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനത്തിൽ അടിമുടി രാഷ്ട്രീയ പക്ഷപാതം നിലനിൽക്കുന്നു.
തദ്ദേശ സ്വയംഭരണത്തെ ഭരണഘടനയുടെ ഭാഗമാക്കിയപ്പോൾ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരു ഗ്രാമസഭാ സംവിധാനം ഉണ്ടാക്കിയി. നമ്മുടെ ഭരണവ്യവസ്ഥയിൽ പൌരന്മാർക്ക് നേരിട്ടു ചെന്ന് ചോദ്യം ചോദിക്കാനും പൊതുവായ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏക വേദിയാണത്. ഗ്രാമസഭയുടെ തീരുമാനങ്ങൾ മാനിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗത്തിന് ബാധ്യതയുണ്ട്. സംവിധാനം നിലവിൽ വന്നപ്പോൾ ജനങ്ങൾ അത്യുത്സാഹത്തോടെ ഗ്രാമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ വന്നു. പക്ഷെ അത്രമാത്രം ജനാധിപത്യത്തിന് കക്ഷികൾ തയ്യാറായിരുന്നില്ല. അവർ വളരെ വേഗം സംവിധാനം തകർത്തു. നിങ്ങളുടെ വാർഡിൽ എന്ന് എവിടെയാണ് ഗ്രാമസഭ ചേരുന്നതെന്ന് നിങ്ങൾ അറിയുന്നുണ്ടോ? ഉണ്ടാകാനിടയില്ല. പലേടത്തും ഇപ്പോൾ യോഗം നടക്കുന്നില്ല. യോഗം നടന്നതായി രേഖകളുണ്ടാക്കുനയാണ് പതിവ്.
ഗ്രാമസഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തം അവസാനിക്കണം. കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതുമായ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയാണ്. ആനുകൂല്യവിതരണത്തിൽ രാഷ്ട്രീയ വിവേചനവും പക്ഷപാതവും നടമാടുന്നതുകൊണ്ട് പദ്ധതികളുടെ ഗുണം ലഭിക്കുന്നത് ഏറ്റവും അർഹരായവർക്കല്ല, പാർട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്കാണ്. പല സ്ഥാപനങ്ങളും അനുവദിച്ച പണം മുഴുവൻ ചെലവാക്കുന്നില്ല. ദുർബലവിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ കാര്യത്തിലാണ് ഇതുണ്ടാകുന്നത്. കരാർ പണികളിലാണ് എല്ലാവർക്കും താല്പര്യം. പഞ്ചായത്തഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ 30 മുതൽ 70 ശതമാനം വരെ ഊറ്റിയെടുത്ത് നിശ്ചിത അനുപാതത്തിൽ വീതിച്ചെടുക്കുന്നതായി ഈയിടെ ഒരു ഗവേഷകൻ രേഖപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ പല പഞ്ചായത്തുകളും വരവുചെലവു കണക്ക് ആഡിറ്റ് ചെയ്യാൻ അയക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ (സി.എ.ജി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ജനകീയ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടപെടുകയെന്ന ഉദ്ദേശ്യത്തൊടെ ജനകീയ ഐക്യവേദി രൂപീകരിച്ചത്. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടനപത്രികയാണ്. .
പരിപാടിയിലെ പ്രധാന ഇനം കക്ഷിരാഷ്ട്രീയത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽനിന്ന് വിമുക്തമാക്കുകയെന്നതാണ്. അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണം കാഴ്ചവെക്കുക, ഗ്രാമ-വാർഡ് സഭകൾ പുനരുജ്ജീവിപ്പിക്കുക, കണക്കുകൾ യഥാസമയം പൂർത്തിയാക്കി ആഡിറ്റിന് വിധേയമാക്കുക, സ്ത്രീകൾ, ദലിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ പൂർണ്ണമായി നടപ്പാക്കുക തുടങ്ങിയവയും അതിൽ പെടുന്നു. നിലവിലുള്ള മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചില കക്ഷികളും തത്വത്തിൽ പരിപാടിയോട് യോജിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മാറ്റമുണ്ടായേ മതിയാകൂ എന്ന സന്ദേശം നൽകിയാൽ മുന്നണികളെ നയിക്കുന്ന കക്ഷികളും മാറി ചിന്തിക്കാൻ നിർബന്ധിതരാകും.
അമ്പതു ശതമാനം സ്ത്രീസംവരണം താഴത്തെ തട്ടുകൾ ശുദ്ധീകരിക്കാനുള്ള അവസരം നൽകുന്നു. സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങൾ നിറയ്ക്കാനാവശ്യമായത്ര സ്ത്രീകൾ ഒരു കക്ഷിയിലുമില്ല. എല്ലാ കക്ഷികളും ചേർന്നാലും അതിനുള്ള സ്ത്രീകളുണ്ടാവില്ല. നേതാക്കളുടെ ബന്ധുക്കളൊ പോഷകസംഘടനകളിൽ പെട്ടവരൊ ആയ സ്ത്രീകളെ അങ്കത്തട്ടിൽ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്ത ഘട്ടത്തിലും എല്ലാ പാർട്ടികളും ഇതു തന്നെയാണ് ചെയ്തത്. അതിലൂടെ സ്ത്രീപ്രാതിനിധ്യം കൂട്ടാമെന്നല്ലാതെ സ്ത്രീശാക്തീകരണം സാധ്യമല്ലെന്ന് അനുഭവം പഠിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാനായാൽ അഴിമതിരഹിതവും നീതിപൂർവകവുമായ ഭരണത്തിനുള്ള സാധ്യത ഏറുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ രാഷ്ട്രീയം സ്ത്രീകൾക്ക് പറ്റിയ മേഖലയല്ലെന്ന ചിന്ത മദ്ധ്യവർഗ്ഗങ്ങളിൽ ശക്തമാകയാൽ യോഗ്യരായവർ മത്സരരംഗത്തിറങ്ങാൻ മടിക്കും. ഒരു ചരിത്രനിയോഗം കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തി അവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിഞ്ഞാൽ പഞ്ചായത്തുതലത്തിൽ കക്ഷിരാഷ്ട്രീയം ഒഴിവാക്കാനും അങ്ങനെ ജനകീയ ഐക്യവേദിയുടെ പരിപാടിയിലെ മറ്റിനങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും കഴിയും.
ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള് യഥാസമയം പൂര്ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില് ജനതാല്പര്യത്തിന് മുന്ഗണന നല്കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ജെന്ഡര് ബഡ്ജറ്റിങ് ഏര്പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള് പൂര്ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള് പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന് വ്യവസ്ഥ ചെയ്യുക
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 സെപ്തംബർ 20ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.
Saturday, September 18, 2010
ദേശീയ ചാനൽ പ്രൊഫ. ജോസഫിനു നീതി തേടുന്നു
പ്രവാചകനിന്ദയുടെ പേരിൽ മതഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായ പ്രൊ.ടി.ജെ. ജോസഫ് ഇടതു കൈ കൊണ്ട് എഴുതാൻ പരിശീലിക്കുന്നുദേശീയ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ഐ.ബി.എൻ. തൊടുപുഴ ന്യൂമാൻ കോളെജ് മാനേജ്മെന്റ് പുറത്താക്കിയ പ്രൊഫസർ ടി. ജെ.ജോസഫിനെ പിന്തുണച്ചുകൊണ്ട് ക്യാമ്പെയ്ൻ നടത്തുന്നു.
ചാനൽ മേധാവി രാജ്ദീപ് സർദേശായ് ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “join cnn ibn's justice for joseph campaign. the kerala prof should get his job back.”
Thursday, September 9, 2010
ഡി.എച്ച്.ആർ.എം. മാധ്യമഭീകരത വിരുദ്ധ ദിനം ആചരിക്കുന്നു
വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്സൈറ്റിൽ കാണാം.
Monday, September 6, 2010
തീവ്രവാദം വന്ന വഴി
പ്രവാചകനിന്ദയുടെ പേരിൽ കോളെജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തെ തുടർന്ന് മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും തീവ്രവാദത്തിന്റെ വേരുകൾ തേടിയിറങ്ങുകയുണ്ടായി. ഇരുകൂട്ടരുടെ അന്വേഷണത്തിനും പരിമിതിയുണ്ടായിരുന്നു.. മാധ്യമങ്ങൾക്ക് താല്പര്യം സംഭവങ്ങളിലാണ്. സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകൾ അവ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ തന്നെ വസ്തുതകൾക്ക് അവ സമീപിക്കുക ഔദ്യോഗിക അന്വേഷണ ഏജൻസികളെയാവും. അവ പലപ്പോഴും ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് ഭരണാധികാരികളുടെ രാഷ്ട്ര്രിയ താൽപര്യം കണക്കിലെടുത്തുകൊണ്ടാണ്. രാഷ്ട്രീയകക്ഷികളുടെ കണ്ണ് തെരഞ്ഞെടുപ്പുകളിലാണ്. ലോക് സഭ, അസംബ്ലി, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടക്കുന്നതുകൊണ്ട് അവയ്ക്ക് അഞ്ചു കൊല്ലത്തിൽ മൂന്ന് തെരഞ്ഞെടുപ്പുകൾ നേരിടേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുവേണ്ട പണം ആരിൽനിന്ന് എങ്ങനെ സംഘടിപ്പിക്കാം, ജയിക്കാനാവശ്യമായ വോട്ട് ആരെ എങ്ങനെ പ്രീണിപ്പിച്ച് നേടാം, ജയിച്ചു കഴിഞ്ഞാൽ അഞ്ചു കൊല്ലം എങ്ങനെ പിടിച്ചു നിൽക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴും അവരുടെ മുന്നിലുണ്ടാകും. അതിനിടയിൽ എങ്ങനെ കാര്യങ്ങൾ സത്യസന്ധമായി, വസ്തുനിഷ്ഠമായി വിലയിരുത്തും?
ആഭ്യന്തര മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും കൈവെട്ട് സംഭവത്തെ “താലിബാനിസം“ എന്നാണ് വിശേഷിപ്പിച്ചത്. ആ ക്രൂരകൃത്യത്തെ ജനമനസുകളിൽ ഒരു മതവിഭാഗവുമായും വിദേശ ഭീകരപ്രസ്ഥാനവുമായും ബന്ധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. പ്രൊഫസർ ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശമുണ്ടെന്ന ആക്ഷേപം മുസ്ലിം സംഘടനകൾ ഉന്നയിച്ചിരുന്നതുകൊണ്ട് ആ മതവിഭാഗത്തിൽ പെട്ടവരാകണം അക്രമം നടത്തിയതെന്ന് സ്വാഭാവികമായി പലരും സംശയിച്ചിട്ടുണ്ടാവും. താലിബാന്റെ പേരുപയോഗിച്ചവർ ഒരു പടികൂടി മുന്നോട്ടുപോയി സംഭവത്തെ അന്താദ്ദേശീയ മുസ്ലിം ഭീകരതയുടെ ഭാഗമാക്കുകയാണ് ചെയ്തത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാനാവശ്യമായ വസ്തുതകൾ അവരുടെ മുന്നിലുണ്ടായിരുന്നില്ല. ഈ വരികൾ എഴുതുന്ന സമയത്തും അന്വേഷണോദ്യോഗസ്ഥർ അത്തരത്തിലുള്ള ബന്ധത്തിന് തെളിവ് കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് ആ ദുസ്സൂചനയുടെ പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടൽ ഉണ്ടായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്.
അബ്ദുൾ നാസർ മ്അദനിയുമായി ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ട് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. മ്അദനിക്ക് മനംമാറ്റമുണ്ടായെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച പാർട്ടി നേതാക്കൾ കാസറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ച ആദ്യ കാല പ്രസംഗങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായ അദ്ദേഹത്തെ പിന്തുടരുകയാണെന്ന് മനസിലാക്കിയില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പാർട്ടി രണ്ട് പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന ന്യൂനപക്ഷാഭിമുഖ്യ നിലപാട് ഉപേക്ഷിച്ച് ഹിന്ദു ഭൂരിപക്ഷത്തെ ആശ്രയിക്കാൻ തീരുമാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അതിന്റെ സൂചനകളുണ്ടായിരുന്നു. പിന്നീട് അത് കൂടുതൽ പ്രകടമായി. മ്അദനി ബന്ധത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടി കണ്ട മാർഗ്ഗം അദ്ദേഹത്തേക്കാൾ വലിയ മുസ്ലിം ഭീകരനെ കണ്ടെത്തുകയെന്നതാണ്. പല ജനകീയ പ്രശ്നങ്ങളിലും ഇടപെട്ട് പാർട്ടിയെയും സർക്കാരിനെയും ബുദ്ധിമുട്ടിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും അതിന്റെ പിതൃസംഘടനയായ ജമാത്തെ ഇസ്ലാമിയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വത്വരാഷ്ട്രീയം ഉയർത്തിക്കാട്ടി ജമാത്തിനെ അടുപ്പിച്ചു നിർത്താൻ സഹായിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി തുടങ്ങിയ ഭീകരനിർമ്മിതി വലിയ വിജയമായിരുന്നില്ല. അപ്പോഴാണ് അധ്യാപകന്റെ കൈവെട്ടിക്കൊണ്ട് ഭീകര സ്ഥാനം ഏറ്റെടുക്കാൻ ഒരു സംഘം മുന്നോട്ടു വന്നത്. വീണുകിട്ടിയ അവസരം പാർട്ടി പ്രയോജനപ്പെടുത്തി.
കൈവെട്ടു കേസ് പ്രതികൾ പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യയുടെ പ്രവർത്തകരൊ അനുഭാവികളൊ ആണ്. സി.എച്ച്.ആർ.ഓ. (കോൺഫെഡറേഷൻ ഒഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്) എന്നൊരു കൂട്ടായ്മയായാണ് അത് രംഗപ്രവേശം ചെയ്തത്. ഒരു ചുരുങ്ങിയ കാലയളവിൽ മനുഷ്യാവകാശമേഖലയിൽ ശ്രദ്ധ പിടിച്ചു പറ്റിയശേഷം പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് എൻ.ഡി.എഫ് (നാഷനൽ ഡമോക്രാറ്റിക് ഫ്രന്റ്) എന്ന പേരിൽ ഒരു സഹോദര സംഘടനയുണ്ടാക്കി. പിന്നീട് സി.എച്ച്.ആർ.ഓ. നാഷനൽ സി.എച്ച്. ആർ.ഓ. എന്ന പേരിലും എൻ.ഡി. എഫ്. പോപ്പുലർ ഫ്രന്റ് ഓഫ് ഇൻഡ്യ എന്ന പേരിലും ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പക്കുകയും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും ചെയ്തു. ചില അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടനകളിൽ പെട്ടവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റ് രാഷ്ട്രീയ-സാമൂഹിക സംഘടനകളിൽ പെട്ടവർക്കെതിരെയും അത്തരം ആരോപണങ്ങൾ ഉയർന്നിട്ടുള്ളതുകൊണ്ടാവാം അവ വളരെ ശ്രദ്ധിക്കപ്പെട്ടില്ല.
ബാബ്രി മസ്ജിദ് തകർത്തതിനെതിരായ മുസ്ലിം വികാരമാണ് കേരളത്തിൽ അടുത്ത കാലത്ത് ശക്തിപ്രാപ്പിച്ചിട്ടുള്ള പല സംഘടനകളുടെയും വളർച്ചയെ സഹായിച്ച പ്രധാന ഘടകം. കോൺഗ്രസുമായുള്ള സഖ്യം മൂലം ബാബ്രി പ്രശ്നത്തിൽ ലീഗ് മൃദു സമീപനം സ്വീകരിക്കുന്നെന്ന പരാതിയുണ്ടായിരുന്ന അവയെല്ലാം സ്വാഭാവികമായും കൂടുതൽ തീവ്രമായ നിലപാടെടുത്തു. ലീഗ്വിരുദ്ധത അവരെ സി.പി.എമ്മിനോട് അടുക്കാൻ പ്രേരിപ്പിച്ചു. ഇറാഖ്, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിങ്ങളിൽ ജനിപ്പിച്ച അമേരിക്കൻ വിരുദ്ധതയെ ഇ.എം.എസ്. നമ്പൂതിരിപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി കൂട്ടിയിണക്കി. മ്അദനിയിൽ അദ്ദേഹം ഒരു ഗാന്ധിയെ ദർശിക്കുക കൂടി ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമാണ് എൽ.ഡി.എഫിനും യു.ഡി. എഫിനുമുള്ളത്. അവരുടെ മ്അദനി ബന്ധം ഇത് വ്യക്തമാക്കുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ് നാട് പൊലീസിന് കൈമാറുമ്പോൾ ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുക്കാൻ അത് സഹായിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയിരുന്നതെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.. അദ്ദേഹത്തിന്റെ അറസ്റ്റിനെ എൽ.ഡി.എഫ്. ഭരണ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക പോലും ചെയ്തു. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫിന്. തെരഞ്ഞെടുപ്പിൽ മ്അദനിയുടെ പിന്തുണ നേടാനായി. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മ്അദനി ജയിലിൽ കഴിയുമ്പോൾ രണ്ടു മുന്നണികളും ചേർന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസാക്കി. യഥാർത്ഥത്തിൽ അവരെ നയിച്ചത് നീതിബോധമായിരുന്നില്ല, രാഷ്ട്രീയലാഭമോഹം ആയിരുന്നു. രാഷ്ട്രീയകക്ഷി നേതാവെന്ന നിലയിൽ മ്അദനിയും രാഷ്ട്രീയമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കാലത്തും നിലപാടുകളെടുത്തത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് സാമൂഹ്യനീതി ലഭിക്കാതിരുന്ന ആ വിഭാഗത്തിന് ഗൾഫ് പ്രവാസം രക്ഷയായി. ആദ്യഘട്ടത്തിൽ ഗൾഫ് പണം കേരളത്തിൽ അസമത്വം കുറയ്ക്കുന്നതിനു സഹായിച്ചെങ്കിൽ ഇപ്പോൾ അത് അസമത്വം വളർത്തുകയാണെന്ന് കരുതാൻ ന്യായമുണ്ട്. അതിസമ്പന്നരായ പ്രവാസികളുടെയും പ്രതിലോമ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെയും ഉയർന്ന ദൃശ്യത മുസ്ലിങ്ങളുടെ അവസ്ഥയെക്കുറിച്ച് തെറ്റായ ധാരണ പരത്തിയിട്ടുണ്ട്. സാമൂഹിക മണ്ഡലം സൂക്ഷ്മമായി വിലയിരുത്തിയാൽ സമീപകാലത്ത് മുസ്ലിങ്ങൾക്കിടയിൽ മാത്രമല്ല മറ്റ് ജാതിമത വിഭാഗങ്ങൾക്കിടയിലും പ്രതിലോമ പ്രവണതകൾ ശക്തിപ്പെട്ടിട്ടുള്ളതായി കാണാം. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ കക്ഷികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. താൽക്കാലിക ലാഭത്തിനായി അവർ സ്വീകരിക്കുന്ന നയങ്ങളാണ് പല മേഖലകളിലും ദുഷ്ടശക്തികൾക്ക് വളരാൻ സഹായകമായത്. ചേകന്നൂർ മൌലവിയുടെ കൊല, ഹവാലാ പണത്തിന്റെ ഒഴുക്ക് തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണങ്ങൾ എങ്ങുമെത്താതെ നീണ്ടത് അത്തരം ശക്തികളെ നേരിടാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനില്ലെന്നതിന് തെളിവാണ്.
പരിശീലനത്തിന് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിക്കവെ അതിർത്തിയിൽ കൊല്ലപ്പെട്ട തീവ്രവാദി സംഘത്തിൽ നാലു പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് കശ്മീർ പൊലീസ് അറിയിച്ചപ്പോൾ അവരുടെ ഐ.ഡി. കാർഡുകൾ വ്യാജമാണെന്ന് സംസ്ഥാന പൊലീസ് അവകാശപ്പെടുകയുണ്ടായി. നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി പൊലീസിനുള്ള അറിവ് എത്ര പരിമിതമാണെന്ന് ആ പ്രതികരണം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ പേരും ഊരും സ്ഥിരീകരിച്ചപ്പോൾ അതിൽ ഒരാളുടെ കുടുംബം തങ്ങൾക്ക് ജഡം കാണുകയേ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചിലർ അതിനെ ദേശസ്നേഹത്തിന്റെ വിളംബരമായി പ്രകീർത്തിക്കുകയും ചെയ്തു. ഇത് മാനുഷികമൂല്യങ്ങൾ നിരാകരിക്കുന്ന തലത്തിലേക്ക് സമൂഹം നീങ്ങുന്നതിന്റെ ലക്ഷണമാണ്.
പടച്ചോനുമായി സംസാരിക്കുന്ന മനോരോഗിയായ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകിയതോടെയാണ് പ്രൊഫസർ ജോസഫിന് കഷ്ടകാലം തുടങ്ങിയത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്കുള്ള പേരാണത്. അതേസമയം, സന്ദർഭം മറ്റ് വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ബഹുഭൂരിപക്ഷം മനഷ്യരിലും ആ പേര് ഉണർത്തുക പ്രവാചകന്റെ ഓർമ്മയാകും. ആ നിലയ്ക്ക് പ്രൊഫസർ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് കാണുന്ന ഒരാൾക്ക് അതിൽ പ്രവാചകനിന്ദയുണ്ടെന്ന ധാരണ ഉണ്ടായേക്കാം. സന്ദർഭം മനസിലാകുമ്പോൾ അത് മാറേണ്ടതുമാണ്. തെറ്റായ ധാരണ പിന്നെയും അവശേഷിക്കുന്നെങ്കിൽ സംസ്കൃതചിത്തയായ ഒരു വ്യക്തി എങ്ങനെയാണ് പ്രതികരിക്കുകയെന്നറിയാൻ ജോസഫിന്റെ ചോദ്യത്തിന് ഒരു മുസ്ലിം വിദ്യാർത്ഥിനി നൽകിയ ഉത്തരം നോക്കിയാൽ മതി. പ്രവാചകന്റെ പേര് അവിടെ ഉപയോഗിക്കുന്നതിനോടുള്ള എതിർപ്പ് രേഖപ്പെടുത്തിയശേഷം പെൺകുട്ടി ഉത്തരം എഴുതി. ചോദ്യക്കടലാസ് കണ്ടിട്ടൊ അതിനെക്കുറിച്ച് കേട്ടറിഞ്ഞിട്ടൊ അദ്ധ്യാപകനും കോളെജിനുമെതിരെ തെരുവിലിറങ്ങിയവരെ നയിച്ച വികാരം പ്രവാചകസ്നേഹമല്ല, മതഭ്രാന്താണ്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മതഭ്രാന്ത് വളരുന്നുണ്ടെന്നതാണ് വാസ്തവം. അനുയായികൾക്ക് മതത്തെക്കുറിച്ച് ശരിയായ അറിവ് നൽകുന്നതിൽ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരാജയപ്പെടുന്നതു കൊണ്ടാണ് മതത്തോടുള്ള ആഭിമുഖ്യം മതഭ്രാന്തിലേക്ക് നയിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സ്വാധീനം വളർത്താനാകുമ്പോൾ ജാതിമത സംഘടനകളെ രാഷ്ട്രീയ രംഗത്തു നിന്നും മാറ്റിനിർത്താനാവില്ല. പക്ഷെ അവയുടെ പ്രവർത്തനം മതഭ്രാന്ത് വളർത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല അവയുമായി ഇടപെടുന്ന പ്രസ്ഥാനങ്ങൾക്കുണ്ട്. ചുമതല നിർവഹിക്കുന്നതിലുള്ള അവയുടെ പരാജയമാണ് കൈവെട്ട് സംഭവത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ആരോപണവിധേയമായ പോപ്പുലർ ഫ്രന്റ് സംഭവത്തെ തള്ളിപ്പറയുകയൊ അതിന്റെ പ്രവർത്തകർക്ക് അതിലുള്ള പങ്ക് നിഷേധിക്കുകയൊ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ അനുകരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. സി. പി.എമ്മിന്റെയും ബി.ജെ.പി.യുടെയും പ്രവർത്തകർ പതിറ്റാണ്ടുകളായി പരസ്പരം കൊല നടത്തുന്ന കണ്ണൂരിൽ നടന്ന ഏതെങ്കിലും കൊലപാതകത്തെ അവരുടെ കക്ഷികൾ തള്ളിപ്പറഞ്ഞിട്ടില്ല. പ്രതികളാകുന്ന പാർട്ടി പ്രവർത്തകരെ പൂർണ്ണമായും സംരക്ഷിക്കുകയാണ് രണ്ട് കക്ഷികളും ചെയ്യുന്നത്. മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവത്തിന്റെ പേരിൽ പോപ്പുലർ ഫ്രന്റിന്റെയും സഹോദര സംഘടനകളുടെയും ആപ്പീസുകൾ റെയ്ഡ് ചെയ്യുന്നതിനെ അതിന്റെ നേതാക്കൾ ചോദ്യം ചെയ്യുന്നത് കണ്ണൂരിൽ കൊല നടക്കുമ്പോൾ സി.പി.എം. ആപ്പീസുകൾ റെയ്ഡ് ചെയ്യാറില്ലല്ലോ എന്ന് പറഞ്ഞു കൊണ്ടാണ്. പോപ്പുലർ ഫ്രന്റ് ആപ്പീസുകളിൽ നിന്ന് ആയുധങ്ങൾ പിടിച്ചതിനെക്കുറിച്ച് അവർക്ക് പറയാനുള്ളത് കണ്ണൂരിലെ സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ആപ്പീസുകൾ പരിശോധിച്ചാലും ആയുധങ്ങൾ കിട്ടുമെന്നാണ്.
കാക്കി ട്രൌസറിട്ട പോപ്പുലർ ഫ്രന്റ്/എൻ.ഡി. എഫ്. പ്രവർത്തകർ പട്ടാളച്ചിട്ടയിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചു കാണിച്ചിരുന്നു. മാർച്ചുകളിലും സി.പി.എമ്മിനെയും ആർ.എസ്.എസിനെയുമാണ് അവർ മാതൃകയാക്കിയിട്ടുള്ളത്. ചുരുക്കത്തിൽ പൊതുമണ്ഡലത്തെ മലിനമാക്കുന്ന വിഭാഗീയ പ്രസ്ഥാനങ്ങളൊക്കെ സഞ്ചരിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെ.
താലിബാൻ ജന്മമെടുക്കുന്നതിനു മുമ്പുതന്നെ അക്രമ പരമ്പര അരങ്ങേറുന്ന നാടാണ് കേരളം. അക്രമത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് അതിന് സി.പി.എം. മാന്യത നേടിക്കൊടുത്തു. അച്ചടക്കബോധമുള്ള സംഘടനകളെന്ന നിലയിൽ സി.പി.എമ്മിനും അക്രമരാഷ്ട്രീയത്തിൽ അതിന്റെ മുഖ്യ പ്രതിയോഗിയായ ആർ.എസ്.എസ്സിനും അക്രമപ്രവർത്തനങ്ങളെ കുറഞ്ഞ തീവ്രതാ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും നാടൻ ആയുധങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ക്വട്ടേഷൻ സംഘങ്ങളുടെ ആവിർഭാവത്തോടെ അക്രമപ്രവർത്തനം ബിസിനസ് എന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. മാധ്യമങ്ങൾ, പ്രത്യേകിച്ച് സിനിമയും ടെലിവിഷനും, അക്രമത്തെ അപക്വമായ രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ട് ജനങ്ങൾ ഏറെക്കുറെ അതുമായി മാനസികമായി പൊരുത്തപ്പെട്ടിരിക്കുന്നു.
ഇന്നത്തെ അവസ്ഥ സൃഷ്ടിക്കുന്നതിൽ അറിഞ്ഞുകൊണ്ടും അല്ലാതെയും പങ്ക് വഹിച്ച എല്ലാവരും ആത്മപരിശോധന നടത്തി തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ തീവ്രവാദം ഉയർത്തുന്ന ഭീഷണി ഫലപ്രദമായി നേരിടാനാകില്ല.
കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രസ്സീവ് ഇൻഡ്യ എന്ന മാസികയ്ക്ക് നൽകിയ ലേഖനമാണിത്. എഴുതിയത് 2010 ജൂലൈ 24ന്.