Tuesday, September 11, 2018


അടിയന്തിരാവസ്ഥ അടയിരിക്കുകയാണ്
ബി.ആര്‍.പി. ഭാസ്കര്‍                                      മാതൃഭൂമി ആഴ്ചപ്പതിപ്പ്
മനുഷ്യാവകാശ പോരാളികള്‍ക്കെതിരെ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത വലിയൊരു ആക്രമണ പദ്ധതിയാണ്‌ പൂനെ പോലീസ് നടപ്പാക്കാന്‍ ശ്രമിച്ചത്. ഏഴ് സംസ്ഥാനങ്ങളില്‍ നിരവധി ആക്ടിവിസ്റ്റുകളുടെ വീടുകള്‍ ഒരേസമയം റെയ്ഡ് ചെയ്ത് അഞ്ചുപേരെ അവര്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ മുമ്പ് കണ്ടിട്ടില്ലാത്ത കോടതി ഇടപെടല്‍ മൂലം അവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തവരെ തിരികെ വീടുകളിലെത്തിക്കേണ്ടി വന്നു. ഇത് നമ്മുടെ വ്യവസ്ഥയ്ക്ക് ഭരണകൂട ഭീകരതയെ തടയാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നു.     
ഇന്ദിരാ ഗാന്ധി ചെയ്തതുപോലെ രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടച്ചിട്ടില്ലാത്തതുകൊണ്ടും പത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടും നരേദ്ര മോദി അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുന്നെന്ന ആരോപണം പലരും മുഖവിലയ്ക്കെടുത്തിട്ടില്ല. രാഷ്ട്രീയ കക്ഷികളുടെ എതിര്‍പ്പ് മറികടക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മൃദുഹിന്ദുത്വ പ്രതിച്ഛായ സൃഷ്ടിക്കാന്‍ വെമ്പുന്ന രാഷ്ട്രീയ കക്ഷികളും മുട്ടിലിഴയാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും മോദിയെ അലട്ടുന്നില്ല. വര്‍ഗീയ ധ്രുവീകരണ പരിപാടികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്ത്തുന്ന അവകാശ പോരാളികളെയാണ് അദ്ദേഹം ശത്രുക്കളായി കാണുന്നത്, അദ്ദേഹത്തിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ലക്ഷ്യമിടുന്നത് അവരെയാണ്.
ഡല്‍ഹിയില്‍ നിന്ന് പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ ഡിമോക്രാറ്റിക് റൈറ്റ്സിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയുടെ എഡിറ്റോറിയല്‍ കണ്സല്ട്ടന്റുമായ ഗൌതം നവ്‌ലഖ, ദേശീയ തലസ്ഥാന പ്രദേശത്തില്‍ പെടുന്ന ഹര്യാനയിലെ ഫരീദാബാദില്‍ നിന്ന്‍ അഭിഭാഷകയും പീപ്പിള്‍സ് യൂണിയന്‍ ഫൊര്‍ സിവില്‍ ലിബരട്ടീസിന്റെ ഛത്തിസ്ഗഡ യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ സുധ ഭരദ്വാജ്, ഹൈദരാബാദില്‍ നിന്ന്‍ തെലുഗു വിപ്ലവ കവി വരവര റാവു, മുംബായില്‍ നിന്ന് മുന്‍ യൂണിവേഴ്സിറ്റി പ്രോഫസര്‍ വെര്‍ണോന്‍ ഗൊണ്‍സാല്‍വസ്, താനെയില്‍ നിന്ന് കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ അരുണ്‍ ഫെറെയ്‌റ എന്നിവരെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്.  
ജാര്ഖണ്ഡലെ  ആദിവാസികളുടെ  അവകാശങ്ങള്‍ക്കായി പൊരുതുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ റാഞ്ചിയിലെ താമസസ്ഥലത്തും റെയ്ഡണ്ടായി. പ്രമുഖ ദലിത്‌ എഴുത്തുകാരന്‍ ആനന്ദ് തെല്തുംബ്ടെയുടെ ഗോവയിലെ വസതിയും റെയ്ഡിനുള്ള പട്ടികയിലുണ്ടായിരുന്നു.
വരവര റാവുവിനെയും ഫെറെയ്‌റയെയും ഗൊണ്‍സാല്‍വസിനെയും കൂട്ടി കൊണ്ടുപോകാന്‍ പൂനെ പോലീസിനു അനുമതി ലഭിച്ചു. എന്നാല്‍ ഡല്‍ഹിയിലും ഫരീദബാദിലും അറസ്റ്റു ചെയ്യപ്പെട്ടവര്‍ ബന്ധപ്പെട്ട ഹൈക്കോടതികളെയും പ്രശസ്ത ചരിത്രകാരി റൊമില ഥാപറും സുഹൃത്തുക്കളും എല്ലാ അറസ്റ്റുകള്‍ക്കുമെതിരെ സുപ്രീം കോടതിയെയും സമീപിച്ചത് പൂനെ പോലീസ് പദ്ധതി തകര്‍ത്തു.  സുധ ഭരദ്വാജിനെ സ്വന്തം വീട്ടില്‍ തന്നെ തടങ്കലില്‍ വെച്ചാല്‍ മതിയെന്ന് പഞ്ചാബ്-ഹര്യാനാ ഹൈക്കോടതി പറഞ്ഞു. നവലഖക്കെതിരായ ആരോപണം എന്താണെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചപ്പോള്‍ പൂനെയില്‍ നിന്ന് വന്ന പോലീസ് ഉദ്യോഗസ്ഥന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടരന്ന്‍ കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടാന്‍ തുടങ്ങുമ്പോള്‍ എല്ലാവരെയും സ്വന്തം വീടുകളില്‍ തടങ്കലില്‍ വെക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം വന്നു.
അറസ്റ്റ് ചെയ്തയാളെ വിചാരണ കോടതി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഒരു മജിസ്ട്രേട്ട് കോടതിയും  തടസം നില്‍ക്കാറില്ല. പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന കോടതികള്‍ കേസിന്റെ സാധുത പരിശോധിക്കാറുമില്ല. പൂണെ പോലീസ് അറസ്റ്റ്  ചെയ്തവരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാതെ സെപ്തംബര്‍ ആറു വരെ അവരവരുടെ വീടുകളില്‍ തടങ്കലില്‍ വെക്കാനുള്ള ഉത്തരവ് പോലീസിനു വലിയ തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന് ബോധ്യമായതുകൊണ്ടാണ് കോടതികള്‍ അവരെ കൊണ്ടുപോകുന്നത് തടഞ്ഞത്.
പൂണെ പോലീസ് അതിന്റെ അധികാരപരിധിക്കു പുറത്ത് നടത്തിയ സാഹസിക പ്രവര്‍ത്തനം സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്തതാണെന്ന്  കരുതാനാവില്ല. അതിന്റെ പിന്നില്‍ ഒരു സര്‍ക്കാര്‍ താല്പര്യമുണ്ട്. അത്  മഹാരാഷ്ട്ര സര്‍ക്കാരിന്റെതല്ല, കേന്ദ്രത്തിന്റെതാണ്. ഗുജറാത്ത് വിര്ഗീയ കലാപത്തില്‍ ഉള്‍പ്പെട്ട ഒരു മുന്‍ മന്ത്രിയടക്കമുള്ളവരെ നിയമത്തിന്റെ മുനില്‍ കൊണ്ട് വരുന്നതില്‍ വലിയ പങ്ക്‌ വഹിച്ച ടീസ്റ്റ സെതല്‍വാദിന്റെ മനുഷ്യാവകാശ സംഘടനയുടെ സാമ്പത്തിക സ്രോതസുകള്‍ അടച്ചുകൊണ്ടും അവര്‍ക്കെതിരെ കേസുകള്‍ ചാര്‍ജു ചെയ്തുകൊണ്ടുമാണ് മോദി ഭരണം തുടങ്ങിയത്. 
ഇപ്പോഴത്തെ അറസ്റ്റുകള്‍ നിരവധി പതിറ്റാണ്ട് മുമ്പ് ബി.ആര്‍. അംബേദ്‌കര്‍ തുടങ്ങിയതും  ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള മഹാര്‍ (ദലിത്‌) സൈനികര്‍ പേഷ്വായുടെ പട്ടാളത്തിനു  മേല്‍ നേടിയ വിജയത്തെ അനുസ്മരിക്കുന്നതുമായ ചടങ്ങിനിടയില്‍ കഴിഞ്ഞ കൊല്ലം പൂനെയ്ക്കടുത്തുള്ള ഭീമ കൊരെഗാണില്‍ നടന്ന അക്രമസംഭവങ്ങളുടെ പേരിലാണ്. സംഭാജി ഭിടെ (Sambhaji Bhide), മിലിന്ദ് എക്ബോട്ടെ  (Milind Ekbote) എന്നീ ഹിന്ദുത്വാനുകൂല നേതാക്കള്‍ ചടങ്ങിനെത്തിയ ദലിതരുടെ മേല്‍ അക്രമം അഴിച്ചു വിടുകയാണുണ്ടായതെന്ന് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുള്‍പ്പെടെ  ഏതാനും പേര്‍ക്കെതിരെ കേസ്  രജിസ്റ്റര്‍ ചെയ്തെങ്കിലും പോലീസ് ഭീടെയെ  അറസ്റ്റ് ചെയ്തില്ല. എക്ബോട്ടെയെ  അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു. അന്നത്തെ അക്രമങ്ങള്‍ നക്സലൈറ്റുകള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്തതാണെന്നും അതിനുള്ള പദ്ധതി തയ്യാറാക്കിയത് ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവരാണെന്നുമാണ് പൂനെ പോലീസ് ഭാഷ്യം. ഇതിനെ ഗോരക്ഷകര്‍ നടത്തിയ ആള്‍കൂട്ട  കൊലക്കേസുകളിലും മറ്റും നാം കണ്ട വാദിയെ പ്രതിയാക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയായി കാണാം.
മഹാരാഷ്ട്ര പൊലീസിന്ടെ ഭീകരവിരുദ്ധ വിഭാഗവും സിബിഐയും നരേന്ദ്ര ദഭോല്‍ക്കറുടെയും ഗൌരി ലങ്കേഷിന്റെയും കൊലപാതകം സംബന്ധിച്ച കേസുകളില്‍ സനാതന സംസ്ഥ എന്ന സംഘടനയുമായി ബന്ധപ്പെട്ട ചിലരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ആ സംഘടനയെ രക്ഷിക്കുകയെന്ന ഉദ്ദ്യെശവും അവകാശ പോരാളികള്‍ക്കെതിരായ അറസ്റ്റിനു പിന്നിലുണ്ടെന്ന് അംബേദ്കറുടെ പൌത്രനും ദലിത്‌ നേതാവുമായ പ്രകാശ് അംബേദ്കര്‍ പറയുന്നു. ഈ അനുഭവം കുറേക്കൂടി സത്യസന്ധമായി അന്വേഷണവും തുടര്‍ നടപടികളും നടത്താന്‍ രാജ്യത്തെ പോലീസ് സേനകളെ പ്രേരിപ്പിക്കുമോ എന്നാണു ഇനി അറിയേണ്ടത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്തംബര്‍ 9-15, 2018)   

Friday, September 7, 2018

സ്വവര്‍ഗരതി കുറ്റകരമല്ലാതാകുമ്പോള്‍
ബി.ആര്‍.പി. ഭാസ്കര്‍
കാലത്തിനൊത്ത് നീങ്ങാനുള്ള കഴിവ് സുപ്രീം കോടതിക്കുണ്ടെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച്‌ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള തീരുമാനത്തിലൂടെ നല്‍കുന്നത്. ഒരു വ്യാഴവട്ടക്കാലം മുമ്പ് തന്നെ ഡല്‍ഹി ഹൈക്കോടതി ഒരു സര്‍ക്കാരിതര സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ചിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം വകുപ്പ് ഭരണഘടനയുമായി പൊരുത്തപ്പെടുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ആ വിധക്കെതിരെ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ബെഞ്ച്‌,2013ല്‍ നല്കിയ വിധിയില്‍, ഐ.പി.സി. 377ഉം ഭരണഘടനയും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതി വിധി റദ്ദാക്കി. 
ആ വകുപ്പും ഭരണഘടനയും തമ്മിലുള്ള ബന്ധം പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സ്വവര്‍ഗരതി ക്രിമിനല്‍ നിയമത്തില്‍ നിന്ന് എടുത്തു മാടറ്റുന്ന കാര്യം ബന്ധപ്പെട്ട നിയമസഭ പരിഗണിക്കുന്നതിന് വിധി തടസമല്ലെന്നും കോടതി അന്നു തന്നെ ക്തമാക്കിയിരുന്നു എന്നാല്‍ അപ്പോള്‍ അധികാരത്തിലിരുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരോ അടുത്ത കൊല്ലം അധികാരത്തിലേറിയ നരേന്ദ്ര  മോദി സര്‍ക്കാരോ വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള ആര്‍ജവം കാട്ടിയില്ല.
ബ്രിട്ടീശുകാര്‍ 1860ല്‍ കൊണ്ടുവന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം വകുപ്പ് അക്കാലത്ത് ബ്രിട്ട്നില്‍ പ്രാബല്യത്തിലിരുന്ന നിയമത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. ബ്രിട്ടന്‍ 1967ല്‍ ഒരു നിയമഭേദഗതിയിലൂടെ21 വയസ് പൂര്‍ത്തിയായ ആണുങ്ങള്‍ തമ്മിലുള്ള സ്വകാര്യ ലൈംഗികബന്ധം ക്രിമിനല്‍ നീയമത്തിന്റെ പരിധിയില്‍ നിന്ന് എടുത്തു മാറ്റി. അര നൂറ്റാണ്ടിനുശേഷം കോടതി ഇടപെടലിലൂടെ ഇന്ത്യയിലും ഇന്ത്യയിലും സമാനമായ സാഹചര്യം നിലവില്‍  വന്നിരിക്കുന്നു.
മതപരവും മറ്റുമായ കാരണങ്ങളാല്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഈ വിധി അത് ആകാമോ എന്ന വിഷയമല്ല പരിഗണിച്ചത്. അത് ക്രിമിനല്‍ കുറ്റമായി തുടരണമോ എന്നത് മാത്രമായിരുന്നു അതിന്റെ മുന്നിലുള്ള വിഷയം. 
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ഇന്ത്യയിലെ ഏതെങ്കിലും ഭരണകൂടം സ്വവര്‍ഗരതി നിരോധിച്ചിരുന്നോ എന്നറിയില്ല. അവര്‍ കൊണ്ടുവന്ന നിയമത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നുമറിയില്ല. ഏതായാലും സ്വവര്‍ഗരതി ഭാരതീയ ജനതയ്ക്ക് അപരിചിതമായിരുന്നില്ലെന്ന് പ്രാചീന കൊത്തുപണികളില്‍ നിന്ന് മനസിലാക്കാവുന്നതാണ്. 
പല മതങ്ങളും സ്വവര്ഗ്ഗരതി  പ്രക്രുതിവിരുദ്ധമാണെന്ന് കരുതുകയും വളരെക്കാലമായി അതിനെ  ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ബൈബിളിലെ പഴയ പുസ്തകത്തില്‍ ദൈവം ലൈംഗിക അരാജകത്വത്തിന് ശിക്ഷിച്ചതായി പറയുന്ന രണ്ട നഗരങ്ങളില്‍ ഒന്നിന്റെ പേരില്‍ നിന്നാണ് സ്വര്‍ഗരതിയെ കുറിക്കുന്ന  ഒരു ഇംഗ്ലീഷ് വാക്ക് ഉണ്ടായതുതന്നെ.  കത്തോലിക്കാ സഭ സ്വവര്‍ഗരതിക്കെതിരെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഴിച്ചു വിട്ട പ്രചണ്ഡ പ്രചരണത്തെ തുടര്‍ന്നാണ്‌ പല യൂറോപ്യന്‍ രാജ്യങ്ങളും അതിനെതിരെ നിയമ നിര്‍മ്മാണം നടത്തിയത്.
ഈ വിഷയത്തില്‍ മതങ്ങളും മിക്ക ഭരണകൂടങ്ങളും എടുക്കുന്ന യാഥാസ്ഥിതിക നിലപാടില്‍ കാപട്യമുണ്ട്. ആണുങ്ങള്‍ മാത്രമുള്ള ഇടങ്ങളിലും പെണ്ണുങ്ങള്‍ മാത്രമുള്ള ഇടങ്ങളിലും അധികൃതര്‍ക്ക് സ്വവര്‍ഗരതി പണ്ട് മുതലെ പ്രശ്നമായിരുന്നെന്നതിനു തെളിവുകളുണ്ട്. മൂവായിരത്തില്‍പരം കൊല്ലം മുമ്പ് ഇതിനു പരിഹാരം കാണാന്‍ അസിറിയന്‍ പട്ടാളം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെദ്ദവരെ ഷണ്ഡികരിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നത്രേ. ആഗോളതലത്തില്‍ കത്തോലിക്ക സഭയിലെ പുരോഹിതന്മാര്‍ നേരിടുന്ന പരാതികളില്‍ ഒരു വലിയ പങ്ക് ആണ്‍കുട്ടികളുടെ പീഡനം സംബന്ധിച്ചവയാണ്.
മതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളായ ആര്‍.എസ്.എസ് നേതാക്കാളുടെ വികാരം മാനിക്കേണ്ട ബി.ജ.പി. സര്‍ക്കാര്‍ ഐ.പി.സി. 377എടുത്തുകളയുന്നതിനോട് യോജിക്കുമോ എന്ന സംശയം പലര്ക്കുമുണ്ടായിരുന്നു, വളരെ ഇടുങ്ങിയ ഒരു നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. പ്രായപൂര്ത്തിയായവര്‍ക്കിടയിലെ സ്വകാര്യ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. അതേസമയം മറ്റൊരു വിഷയവും അവകാശവും ഇതോടൊപ്പം പരിഗനിക്കരുതെന്ന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമീപകാലത്ത് സംഘടിതമായി മുന്നോട്ടു വന്നിട്ടുള്ള എല്‍ജിബി.റ്റിക്യു (lesbian, gay, bisexual, transgender and queer എന്നതിന്റെ ചുരുക്കെഴുത്ത്) സമൂഹം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിലേക്ക് കടക്കുന്നത് തടയുകയായിരുന്നു സര്‍ക്കാരിന്റെ  ലക്‌ഷ്യം.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അവഗണനയും വിവേചനവും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. ഭിന്നത ഒരു യാഥാര്‍ത്ഥ്യമാണെന്നു അംഗീകരിക്കുകയും അതിന്റെ പേരില്‍  ദുരിതമനുഭവിക്കുന്നവര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യാനുള്ള കടമ ഭരണകൂടങ്ങള്‍ക്കുണ്ട്‌. (കേരള കൌമുദി, സെപ്തംബര്‍ 7, 2018) 

Thursday, September 6, 2018

പുതിയ കേരളം ഒരു ബിസിനസ് ആണോ?
ബിആര്‍.പി ഭാസ്കര്‍                                                                                 മാധ്യമം 
പ്രളയാനന്തര പുനരധിവാസം വിപുലീകരിച്ച് പുതിയ കേരളം സൃഷ്ടിക്കാനുള്ള കേരള സര്‍ക്കാരിറെ നീക്കം പരക്കെ  സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥിതിക്ക് ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം.
പുതിയ കേരളം എങ്ങനെയുള്ളതാകും എന്ന്റിയാന്‍  ഔദ്യോഗികതലത്തിലും അതിനു പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകണം.  ദുരിതാശ്വാസ ഫണ്ടിലേക്ക്  സംഭാവന സ്വീകരിക്കുന്ന ജോലി മാത്രം ഇ.പി. ജയരാജനെ എല്പിച്ചിട്ടാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി മൂന്നാഴ്ച്തത്തേക്ക് അമേരിക്കയിലേക്ക് പോയത് . അതുകൊണ്ട്  അദ്ദേഹം തിരിച്ചു വരുന്നതുവരെ ഔദോഗികതല ചര്‍ച്ചകള്‍ വളരെയൊന്നും മുന്നോട്ടു പോകില്ല.
ഇതിനകം എടുത്ത ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും നല്ലതുപോലെ പഠിച്ചശേഷം എടുത്തവയാണോ എന്ന സംശയമുയര്ത്തുന്നു.  കെ.പി.എം.ജി എന്ന കമ്പനിയെ കേരള പുനര്‍നിര്‍മ്മിതിക്ക്  “പ്രൊജക്റ്റ്‌ കണ്സള്‍ട്ടന്റ്റ് പങ്കാളി” ആയി നിയമിക്കാനുള്ള  തീരുമാനമാണ് ഒന്ന്. നെതര്‍ലാന്‍ഡസ് ആസ്ഥാനമായുള്ള ഒരു വലിയ ആഗോള ബിസിനസ് കണ്സള്‍ട്ടന്സി കമ്പനിയാണത്. ഇംഗ്ലണ്ട്  ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍  ക്രമക്കേടുകള്‍ക്ക് അതിനെതിരെ നടപടിയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഗൌരവപൂര്‍വ്വം പരിഗണിക്കേണ്ടത് ഒരുപക്ഷെ ഈ കമ്പനിക്ക്  നാം വിഭാവന ചെയ്യുന്ന പുനര്നിര്‍മ്മിതില്‍ പങ്കാളിയാകാനുള്ള  വൈദഗ്ദ്ധ്യമൊ അനുഭവമൊ ഉണ്ടോ എന്നതാണ്. കമ്പനിയുടെ രേഖകളില്‍ അതുള്ളതായ  അവകാശവാദമൊന്നുമില്ല.
കാല്‍ നൂറ്റാണ്ടായി ഇന്ത്യയില്‍ കെ.പി.എം.ജിക്ക് സാന്നിധ്യമുണ്ട്. കൊച്ചി ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ആപ്പീസുകളുള്ള അതിന്റെ സേവനം രാജ്യത്തെ  2,700ല് പരം കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നു. അത് നല്‍കുന്നത് ബിസിനസ് ഉപദേശമാണ്. സര്‍ക്കാര്‍ കേരള പുനര്നിര്‍മ്മിതിയെ  ഒരു ബിസിനസ് സംരംഭാമായാണോ കാണുന്നത്?
കെ.പി.എം.ജിയുമായി കരാറുണ്ടാക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഒരു ഘടകം അത്  സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ  പ്രതിഫലം വാങ്ങി നല്‍കുന്ന ഉപദേശം കേരള സര്ക്കാരിന് സൌജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാകാം. മലയാളിയായ അരുണ്‍ എം. കുമാര്‍ ആണ് ഇന്ത്യയില്‍ ഇപ്പോള്‍ അതിന്റെ മേധാവി. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കക്ക് പോയ അദ്ദേഹം വിവരസാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള ബിസിനസിന്റെ ഈറ്റില്ലമായ സിലിക്കണ്‍ വാലിയില്‍ മൂന്നു കമ്പനികള്‍ സ്ഥാപിച്ച സംരംഭകനാണ്. പിന്നീട് അദ്ദേഹം അമേരിക്കയിലെ കെ.പിഎം.ജിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി. പ്രസിഡന്റ് ഒബാമയുടെ സര്‍ക്കാരില്‍ കോമേഴ്സ്‌ വകുപ്പില്‍ അസിസ്റ്റന്റ്  സെക്രട്ടറി ആയും പ്രവര്ത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹം. അമേരിക്കയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്ന ദൌത്യമാണ് ഒബാമ സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്പിച്ചത്.  
വിദേശത്തായിരുന്നപ്പോഴും കേരളത്തിന്റെ വികസനത്തില്‍ താല്പര്യം എടുത്തിരുന്ന അരുണ്‍ എം. കുമാര്‍ 2007ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, കേരളത്തിന്റെ  വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളടങ്ങിയ Kerala Economy: Crouching Tiger, Sacred Cows എന്ന പുസ്തകത്തിന്റെ എഡിറ്റര്മാരില്‍ ഒരാളായിരുന്നു. അതിലെ ഒരു ലഖനത്തില്‍ കേരളം അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. സംരംഭകത്വം വളര്‍ത്തുന്ന സംസ്കാരം ഉണ്ടാക്കുക, കേരളീയരല്ലാത്തവര്‍ക്ക് സംസ്ഥാനം  ആകര്‍ഷകമാക്കുക, കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാക്കുക, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തെജകമാകുന്ന  വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുക, കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ ഉള്‍ച്ചേര്‍ക്കുക എന്നിവയാണ്  ആ അഞ്ചു കാര്യങ്ങള്‍.   
അരുണ്‍ എം. കുമാറിന്റെ  കേരളത്തിലുള്ള താലപര്യം മൂലമാകാം കമ്പനി  സൌജന്യ സേവനം നല്‍കാമെന്ന്‍ സര്‍ക്കാരിനെ അറിയിച്ചത്.  പക്ഷെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം സൌജന്യ  സേവനം നല്കുന്നത് അങ്ങനെ വേണ്ടെന്നു വെക്കുന്ന പ്രതിഫലം മറ്റേതോ രീതിയില്‍ നേടാമെന്ന കണക്കുകൂട്ടലോടെയാകും. ബിസിനസും ദാനവും കൂട്ടിക്കുഴയ്ക്കുന്നത് നല്ലതല്ലെന്ന് ലാവലിന്‍  പാഠം പിണറായി വ്ജയനും കേരളവും മറക്കാന്‍ പാടില്ല.
കെ.പി.എം.ജിയുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെങ്കില്‍ എത്രയോ കാലമായി നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുന്ന ദൌത്യം അതിനെ എല്പിക്കാവുന്നതാണ്   
കേരള പുനര്നിര്‍മ്മാണ പദ്ധതിയുടെ ഏകദേശരൂപം തയ്യാറായിട്ടില്ലെങ്കിലും അതിനു പണം സ്വരൂപിക്കാനുള്ള മൂന്നു മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒന്ന്‍, ആഗോള മലയാളി സമൂഹത്തില്‍ നിന്ന്‍ പണപ്പിരിവ്; രണ്ട്, ലോക  ബാങ്ക്,ഏഷ്യന്‍ ഡവലപ്മെന്റ്റ് ബാങ്ക് എന്നിവയില്‍ നിന്ന്‍ കടം; മൂന്ന്‍, പൊതുവിപണിയില്‍ നിന്ന് വായ്പ. ഓരോന്നിന്റെയും ഗുണവും ദോഷവും വിലയിരുത്തി ഓരോന്നിനെയും ഏതളവില്‍ ആശ്രയിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.
പ്രവാസികള്‍ നാട്ടിലേക്ക് വലിയ തോതില്‍ പണമയച്ചു തുടങ്ങിയ 1970കളില്‍ തന്നെ നല്ല കാര്യങ്ങള്‍ക്ക് പണം സമാഹരിക്കാനുള്ള സാദ്ധ്യത തുറന്നിരുന്നു.  എന്നാല്‍ സംസ്ഥാന സര്‍ക്കാര പണം സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സഹായം തേടി ചെന്ന മന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും സംഭാവന നല്കി പ്രവാസികള്‍ അവരുടെ സൗഹൃദവും സംരക്ഷണവും ഉറപ്പാക്കി. എന്നാല്‍ രാഷ്ട്രീയ നിയന്ത്രണത്തിലുള്ള  സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ അവര്‍ മടിച്ചു. ഒരു നിശ്ചിത ശതമാനം ലാഭം ഉറപ്പ്‌ നല്‍കിക്കൊണ്ട് യൂണിറ്റ് ട്രസ്റ്റ്‌ പോലൊരു സംവിധാനമുണ്ടാക്കിയാല്‍ ഒരുപക്ഷെ പണം സമാഹരിക്കാനായേക്കുമെന്നു ഒരു സംഭാഷണത്തില്‍ ഞാന്‍ കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരോട് പറയുകയുണ്ടായി. പിന്നീട് കണ്ടപ്പോള്‍ കേരള യൂണിറ്റ് ട്രസ്റ്റ് എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിനു മുന്നില്‍  വെച്ചെന്നും ജനതാ സര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചെന്നും അദ്ദേഹംഅറിയിച്ചു.
 നാല്പതില്പരം കൊല്ലം മുമ്പ് ഏതാണ്ട് 300 കോടി രൂപയാണ് ഗള്‍ഫില്‍ നിന്ന് ഒരു വര്ഷം എത്തിയിരുന്നത്. അത് ക്രമേണ വളര്‍ന്ന്‍ ഏകദേശം 90,000 കോടി രൂപ വരെ എത്തി. അതിനുശേഷം ചെറിയ കുറവുണ്ടായിട്ടുണ്ട്. ഒരു കക്ഷിരാഷ്‌ട്രീയമുക്ത പ്രോഷണല്‍ സംവിധാനം ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ പണത്തിന്റെ  ഒരംശം ആകര്‍ഷിക്കാനും കേന്ദ്രത്തെ ആശ്രയിക്കാതെ വികസന പദ്ധതികള്‍ നടപ്പാക്കാനും കേരള സര്ക്കാരിനു കഴിയുമായിരുന്നു. പ്രവാസികളുടെ സഹായത്തോടെ നിര്‍മ്മിച്ച കൊച്ചി  വിമാനത്താവളം ഈ സാധ്യതയുടെ ഒറ്റപ്പെട്ട തെളിവായി നമ്മുടെ മുന്നിലുണ്ട്
പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക സംവിധാനം  നടത്തിയ നല്ല ദുരിതനിവാരണ പ്രവര്‍ത്തനാം വൈകിയാണെങ്കിലും ആ സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരം നല്‍കുന്നു. പക്ഷെ സര്‍ക്കാരിന്റെ വിശ്വാസ്യത അതിനാവശ്യമായ രീതിയില്‍ ഇനിയും വളരേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍  ജനങ്ങളുടെ പണം തങ്ങള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കുമെന്ന വിശ്വാസം ജനിപ്പിക്കാന്‍ ഇപ്പോഴും ഭരണാധികാരികള്‍ക്ക്  കഴിയുന്നില്ല.  പ്രളയ കാലത്താണ്  മന്ത്രിസഭാ വികസനാം നടന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന ചെലവു ചുരുക്കല നിര്‍ദ്ദേശങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം നിഷേധാത്മകമാണ്.  പ്രവാസികളുമായി ബന്ധം പുലര്‍ത്തുന്ന നോര്‍ക്കയും ഈയിടെ ഉണ്ടാക്കിയ കേരള ലോക സഭയും ഉള്ളപ്പോള്‍   പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശ പര്യടനം നടത്തുന്നതെന്തിനാണ്?  
സര്‍ക്കാര്‍ പരിഗണിക്കുന്ന  വായ്പാ പരിപാടികള്‍ ഇപ്പോള്‍ രണ്ട ലക്ഷം കോടി രൂപയ്ക്ക് മുകളില്‍  നില്‍ക്കുന്ന സംസ്ഥാന പൊതുകടം ഇനിയും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിച്ച കടം  തിരിച്ചു കൊടുക്കാനുള്ള ബാധ്യത ഈ സര്‍ക്കാരിനോ അടുത്ത സര്‍ക്കരിനുപോലുമോ അല്ല, അടുത്ത തലമുറയ്ക്കാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിരുത്തരവാദപരമായി തീരുമാനമെടുക്കാന്‍ പാടില്ല. (മാധ്യമം, സെപ്തംബര്‍ 6, 2018)

Monday, September 3, 2018

ജനാധിപത്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്
ബി.ആര്‍.പി. ഭാസ്കര്‍                                                                             ജനശക്തി
സാധാരണഗതിയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റയ്ക്കോ കൂട്ടായോ ഭരണച്ചുമതല നിര്‍വഹിക്കാന്‍  കക്ഷികളെ കണ്ടെത്താനുള്ള അവസരമാണ് പൊതു തെരഞ്ഞെടുപ്പ്. അപൂര്‍വമായി അത് ജനങ്ങള്‍ക്ക്  രാജ്യത്തിന്റെ  ഗതി നിര്‍ണ്ണയിക്കാനുള്ള അവസരമായി രൂപാന്തരപ്പെടുന്നു. അത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ്  1977ല്‍ നടന്നത്. ജനങ്ങള്‍ അതിനെ അടിയന്തിരാവസ്ഥ തുടരണമോ വേണ്ടയോ എന്ന്  തീരുമാനിക്കാനുള്ള അവസരമായി കണ്ടു. കോണ്ഗ്രസ് കക്ഷിയെ മാത്രമല്ല ഇന്ദിരാ ഗാന്ധി എന്ന അതിശക്തയായ നേതാവിനെ  തന്നെ തോല്‍പ്പിച്ചുകൊണ്ട്‌ അവര്‍ അടിയന്തിരാവസ്ഥ അവസാനിപ്പിച്ച് ഭരണഘടനയുടെ ജനാധിപത്യ സ്വഭാവം പുന:സ്ഥാപിക്കാന്‍ വോട്ടു ചെയ്തു.
കേവലം 31 ശതമാനം വോട്ടിന്റെ ബലത്തില്‍   ലോക് സഭയില്‍ ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി2014ല്‍ അധികാരത്തിലേറിയത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്ന ആര്‍.എസ്. എസ് എന്ന സംഘടനയുടെ രാഷ്ടീയവേദിയാണ് ബിജെപി. ആര്‍എസ്എസുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അംഗങ്ങള്‍  തയ്യാറാകാതിരുന്നതു കൊണ്ടാണ് അതിന്റെ മുന്‍ഗാമിയായ ജനസംഘത്തിനു ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന് പ്രവരത്തിക്കേണ്ടി വന്നത്.   കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍  ഭരണഘടനാ നിര്‍മ്മാണസഭ പ്രവര്‍ത്തിക്കുന്ന കാലത്ത് മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനത്തിനു വേണ്ടി ആര്‍എസ് എസ്‌  മുറവിളി കൂട്ടിയിരുന്നു.  ലോക സഭയില്‍ പാര്‍ട്ടിക്ക് സ്വന്തനിലയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട്  ആദ്യ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെ കാലത്ത് ഭരണത്തില്‍ വലിയ തോതിലുളള ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായില്ല.  ആര്‍.എസ്.എസ്. പ്രചാരകനും ബി.ജെ.പി സംഘടനാ  പ്രവര്‍ത്തകനും ആയിരുന്ന നരേന്ദ്ര മോദി ഗുജറാത്തില്‍ ഭരണം തുടങ്ങിയത് പരിവാര്‍ സംഘടനകള് നടത്തിയ മുസലിം കൂട്ടക്കൊലയ്ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ്. മൂന്നു തവണ മോദി ബി.ജെ.പിയെ തുടര്‍ച്ചയായി അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചപ്പോള്‍  ആര്‍എസ്എസ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നിരവധി സംസ്ഥാനങ്ങളിലും മോദി ബിജെപിയെ അധികാരത്തിലെത്തിച്ചു. ഇപ്പോള്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍  20ല്‍ ബിജെപി അധികാരം കയ്യാളുന്നു. 
വാജ്പേയിയുടെ കാലത്തുനിന്നു വ്യത്യസ്തമായി ആര്‍എസ്എസ് ഇപ്പോള്‍ ഭരണരംഗത്തേക്ക് നേരിട്ട് പ്രവേശിച്ചിരിക്കുകയാണ്. മുന്‍കാല ആര്‍എസ് എസ് പ്രവര്‍ത്തകരാണ് പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും. കാഡര്‍ സ്വഭാവമുള്ള സംഘടനയുടെ അംഗങ്ങളെന്ന നിലയില്‍ അവര്‍ക്ക് ഭരണഘടനയേക്കാള്‍ കൂറ് ആര്‍എസ്എസിനോടാണ്. അതുകൊണ്ടാണ്  മോദിയുള്‍പ്പെടെ അവരിലാരും തന്നെ ഗോസംരക്ഷണത്തിന്റെയും മറ്റും പേരില്‍ മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നടപടികളെടുക്കുകയോ അപലപിക്കുക പോലുമോ ചെയ്യാത്തത്. വാദികളെ പ്രതികളാക്കിക്കൊണ്ട് കൊലപാതങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിവാര്‍ അനുകൂല സംഘടനാ പ്രവര്‍ത്തകരെ രക്ഷിക്കുവാനാണ് പൊലീസ് പലപ്പോഴും ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  മാത്രമല്ല മറ്റിടങ്ങളിലും പൊലീസ്  ആ കക്ഷിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്ത്തിക്കുന്നുവെന്നത്  അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷം നിലനില്ക്കുന്നുവെന്നു വ്യക്തമാക്കുന്നു. ഇത് തിരിച്ചറിയാന്‍ പാര്ട്ടികള്‍ക്കും ജനങ്ങള്‍ക്കും കഴിയുമ്പോള്‍ പരിഹാരമാര്‍ഗ്ഗം തെളിയും.
അടിയന്തിരാവസ്ഥ തുടര്‍ന്നാല്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന കാര്യത്തില്‍ ഇന്ദിരാ ഗാന്ധിയുടെ എതിരാളികള്‍ക്ക് സംശയമില്ലായിരുന്നു.  അതുകൊണ്ടാണ് വ്യക്തിതാല്പര്യങ്ങളും തങ്ങളുടെ  പാര്‍ട്ടികളുടെ വിഭാഗീയ താല്പര്യങ്ങളും മറന്നുകൊണ്ട് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒന്നിക്കാന്‍ അവര്‍ തയ്യാറായത്. അടിയന്തിരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന്  സാധാരണക്കാരായ ജനങ്ങളും തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നീ പിന്നാക്ക സംസ്ഥാനങ്ങളിലെ വോട്ടര്‍മാരില്‍ ഏറെ ശക്തമായിരുന്നു. അവര്‍ കോണ്ഗ്രസ് കക്ഷിയെ മാത്രമല്ല ഇന്ദിരാ ഗാന്ധിയെ തന്നെയും പുറന്തള്ളി.  അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പലരും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ 1975ല നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാക്കള്‍ തുറുങ്കില്‍ അടയ്ക്കപ്പെട്ടിട്ടുല്ല. അവരുടെ പ്രവര്ത്തനസ്വാതന്ത്യം  തടസപ്പെടുത്തപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ആ ആരോപണം മുഖവിലയ്ക്കെടുക്കാന്‍ പല ബിജെപിവിരുദ്ധരും തയ്യാറല്ല. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയില്‍  രാഷ്ട്രീയ-ഔദ്യോഗിക സമ്മര്‍ദ്ദം പ്രധാനമായും പ്രതിപക്ഷകക്ഷികള്‍ക്കു  മേലായിരുന്നു. ഭരണഘടനാബാഹ്യ അധികാരകേന്ദ്രമായിരുന്ന സഞ്ജയ് ഗാന്ധി ചില ഇഷ്ട പരിപാടികള്‍ നടപ്പിലാക്കാനായി അതിനെ ചെറിയ തോതില്‍ സാമൂഹ്യ തലത്തിലേക്ക്‌ വ്യാപിപ്പിച്ചു എന്ന് മാത്രം. മോദിയുടെ അപ്രഖ്യാപിത  അടിയന്തിരാവസ്ഥയില്‍  രാഷ്ട്രീയ-ഔദ്യോഗിക സമ്മര്‍ദ്ദം ചില സാമൂഹിക വിഭാഗങ്ങള്‍ക്ക്– പ്രധാനമായും മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും -- മേലാണ്. അത് നടപ്പിലാക്കാന്‍ പോലീസ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ കൂടാതെ  ഭരണഘടനാബാഹ്യ അധികാരകേന്ദ്രമായ ആര്‍എസ്എസിന്‍റെ നിയന്ത്രണത്തിലുള്ള നിരവധി സംഘടനകളുമുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഈ സംഘടനകള്‍ സൃഷ്ടിച്ചിട്ടുള്ള ഭീതിദമായ അന്തരീക്ഷത്തില്‍ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ക്ക്  ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാനുള്ള ധൈര്യം ഇല്ലാതായിരിക്കുന്നു. ഹൈന്ദവത ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വ ശത്രുത മയപ്പെടുത്താമെന്ന മൂഡചിന്തയാണ് പല മതേതര കക്ഷികളെയും നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളും കേരളത്തിലെ സിപിഎമ്മിന്‍റെ കൃഷ്ണജയന്തി ആഘോഷവും രാമായണ മാസാചരണവും ഉദാഹരണങ്ങള്‍.   
വോട്ടര്മാര്‍ മോദിക്ക് അഞ്ചു കൊല്ലം കൂടി നല്‍കിയാല്‍  ആര്‍ എസ് എസ് ഇപ്പോള്‍ തെരഞ്ഞെടുത്ത ഇടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി വ്യാപിപ്പിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക എന്ന ചിരകാലാഭിലാഷം സാക്ഷാത്കരിക്കാനുള്ള അവസരമായി അത് അതിനെ കാണും
ബഹുജന സമാജ് പാര്‍ട്ടി നേതാവ് മായാവതി, തൃണമൂല്‍ കോണ്ഗ്രസ് നേതാവും ബംഗാള്‍  മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യകത  മനസിലാക്കി, വ്യക്തിപരമായ മോഹങ്ങളും വിഭാഗീയ താല്പര്യങ്ങളും മാറ്റി വെക്കാന്‍ തയ്യാറായിട്ടുണ്ട്. ഇരുവരും പ്രധാനമന്ത്രിപദത്തില്‍ കണ്ണുള്ളവരാണെന്നു പറയപ്പെടുന്നു. ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത ഇരുവര്‍ക്കുമുണ്ട്.  ചില കോണ്ഗ്രസുകാര്‍  രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി എന്ന് പറഞ്ഞശേഷം മായാവതിയെയോ മമതാ ബാനര്‍ജിയെയോ പിന്തുണയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ് എസ് ബന്ധമില്ലാത്ത ആരും ആകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ആരുമായും കൂട്ടൂകൂടാതെ ബഹുഭൂരിപക്ഷം ലോക് സഭാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ദേശീയ കക്ഷിയായി അംഗീകാരം നേടിയിട്ടുള്ള പാര്‍ട്ടിയാണ് ബിഎസ് പി. കഴിഞ്ഞ തവണ 503 പേരെ നിരത്തി. ഇത് കോണ്ഗ്രസും ബിജെപിയും നിര്ത്തിയതിനേക്കാളായിരുന്നു. അതില്‍  447 പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.  പക്ഷെ രാജ്യത്ത് പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 4.19 ശതമാനം കിട്ടി. വോട്ടിന്റെ മാത്രം അടിസ്ഥാനത്ത്തില്‍ നോക്കിയാല്‍  ബിജെപിയും കോണ്ഗ്രസും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണത് . പക്ഷെ ഒരു സീറ്റ് പോലും നേടാനായില്ല. ഈ അനുഭവത്തില്‍ നിന്ന്‍ പാഠം പഠിച്ചതുകൊണ്ട് ലോക സഭാ ഉപതെരഞ്ഞെടുപ്പില്‍ മായാവതി ബദ്ധശത്രുവായ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു.  അവര്‍ ബിജെപിയില്‍  നിന്ന്‍ സീറ്റുകള്‍ തിരിച്ചുപിടിച്ചു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ് പി ആദ്യമായി സഖ്യത്തിലേര്‍പ്പെട്ടു. ജനതാ ദള്‍ -എസുമായുണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഫലമായി ആദ്യമായി  തെക്കേ ഇന്ത്യയില്‍ ഒരു എം.എല്‍.എ. ഉണ്ടായി. ജനതാ ദളിന്റെ നേതൃത്വത്തില്‍ കൂട്ടുമന്തിസഭ ഉണ്ടായപ്പോള്‍ എം.എല്‍.എ മന്ത്രിയുമായി. ലോക സഭാ തെരഞ്ഞെടുപ്പില്‍ പരസ്പര മത്സരം ഒഴിവാക്കി യുപിയില്‍ ബിജെപിയുടെ സീറ്റുകള്‍ പരിമിതാപ്പെടുത്താനുള്ള ശ്രമത്തിലാണ് മായാവതിയും സമാജ്‌ വാദി നേതാവ് അഖിലേഷ് യാദവും ഇപ്പോള്‍. ലോക സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ദേശവ്യാപകമായ ഒരു മഹാ സഖ്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചെറിയ ദേശീയ കക്ഷികളും സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുള്ള പ്രാദേശിക കക്ഷികളും വിചാരിച്ചാല്‍ അത്തരമൊരു സഖ്യം ഇല്ലാതെ തന്നെ യു.പി യിലെന്ന പോലെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാകും. ഈ സാഹചര്യത്തില്‍ ഈ കക്ഷികള്‍ അടുത്ത സര്‍ക്കാരിനെ കുറിച്ചുള്ള അവരുടെ സങ്കല്‍പ്പങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണം. അവര്‍ പ്രധാനമന്ത്രിപദത്തിന്റെ പേരില്‍ തമ്മില്‍ തല്ലി പിരിയുമെന്നു ഭയക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റാന്‍ അത് സഹായിക്കും. അവര്ക്കിടയില്‍ യോജിപ്പിന്‍റെ ഒരു വലിയ മേഖലയുണ്ട്. ആര്‍എസ്എസ് തകര്‍ത്ത മതനിരപേക്ഷ പരിസരം പുന:സ്ഥാപിക്കുകയെന്നത് അതില്‍ പെടുന്നു. അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവമുണ്ടെന്ന ധാരണ  നല്‍കാനായാല്‍ അടിയന്തിരാവസ്ഥക്കാല സര്‍ക്കാരിനെയെന്ന പോലെ  മോദി നയിക്കുന്ന ആര്‍.എസ്.എസ് സര്ക്കാരിനെ തൂത്തെറിയാനും ജനങ്ങള്‍ തയ്യാറാകും. (ജനശക്തി, ഓഗസ്റ്റ് 16-31, 2018)