Wednesday, August 3, 2016

അവതാരങ്ങൾ വാഴും കാലം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ                                                                                                                                ജനയുഗം


അധികാരമേൽക്കുന്ന സമയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവതാരങ്ങളെ കുറിച്ച്‌ ഒരു മൂന്നാര്റിയിപ്പ്‌ നൽകുകയുണ്ടായി. എവിടെയോ ഒരവതാരം തന്റെ ആളാണെന്നു പറഞ്ഞുകൊണ്ട്‌ പ്രത്യക്ഷപ്പെട്ടെന്നറിഞ്ഞതിനെ തുടർന്നാണ്‌ അദ്ദേഹം ആ മൂന്നാര്റിയിപ്പ്‌ നൽകിയത്‌. അത്‌ അവതാരങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ജനങ്ങളെ ജാഗരൂകരാക്കുകയോ ചെയ്ത ലക്ഷണമില്ല.
കോഴിക്കോട്ട്‌ ജില്ലാ കോടതി നടപടികൾ റിപ്പോർട്ടു ചെയ്യാനെത്തിയ ചാനൽ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റു ചെയ്യുകയും തത്സമയ സംപ്രേഷണത്തിനുള്ള വാഹനം പിടിച്ചെടുക്കുകയും ചെയ്ത സംഭവം ജുഗുപ്സാവഹമായ അവതാരവാഴ്ചയുടെ കഥയാണ്‌ പറയുന്നത്‌. കോടതി പരിസരം ജില്ലാ ജഡ്ജിയുടെ നിയന്ത്രണത്തിലുള്ളയിടമാണ്‌. മാധ്യമപ്രവർത്തകരെ തടയാൻ താൻ നിർദ്ദേശം നൽകിയിരുന്നില്ലെന്ന്‌ ജില്ലാ ജഡ്ജി ടിഎസ്പി. മൂസത്‌ ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചതായി വാർത്തകളിലുണ്ടായിരുന്നു. അതേസമയം മാധ്യമപ്രവർത്തകർ വാഹനവുമായി വരുന്നത്‌ തടയാൻ എസ്‌ഐക്ക്‌ താനാണ്‌ നിർദ്ദേശം നൽകിയതെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ അങ്ങനെ ചെയ്തതെന്നും ഗവണ്മെന്റ്‌ പ്ലീഡർ കെ ആലിക്കോയ സ്പെഷ്യൽ ബ്രാഞ്ച്‌ പൊലീസിനോട്‌ പറഞ്ഞു. നിർദ്ദേശം നൽകുന്നതിനു മുമ്പ്‌ അദ്ദേഹം ബാർ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കുകയും ചെയ്തിരുന്നു. എസ്‌ഐയുടെ പിന്നിൽ മറ്റൊരു അഭിഭാഷക പ്രമുഖനുണ്ടായിരുന്നതായും പറയപ്പെടുന്നു.


ജഡ്ജിയുടെയും ഗവ. പ്ലീഡറുടെയും ഭാഷ്യങ്ങളിൽ പൊരുത്തക്കേടുണ്ട്‌. രണ്ട്‌ ഭാഷ്യങ്ങളും ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. താൻ ആഗ്രഹിക്കാത്തതും ആവശ്യപ്പെടാത്തതുമായ രീതിയിൽ പെരുമാറിയ പൊലീസിനെ പിന്തിരിപ്പിക്കാൻ ജഡ്ജി എന്തു ചെയ്തെന്നു വ്യക്തമല്ല. സർക്കാർ വക്കീൽ ജഡ്ജിയുടെ സന്ദേശവാഹകനാകുന്നതും പൊലീസ്‌ സബ്‌ ഇൻസ്പെക്ടർ വക്കീലിന്റെ വാക്ക്‌ കേട്ട്‌ മാധ്യമപ്രവർത്തകർക്കെതിരെ തിരിയുന്നതും അവതാരവാഴ്ചയുടെ ലക്ഷണങ്ങളാണ്‌. ഇത്തരം സംഭവങ്ങളുടെ ആവർത്തനം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ വിവേകത്തോടെയാണോ പ്രവർത്തിച്ചതെന്നു പരിശോധിച്ച്‌ മേലധികാരികൾ ഉചിതമായ നിർദ്ദേശങ്ങൾ നൽകുന്നത്‌ നന്നായിരിക്കും.


കൊച്ചിയിലെ ഹൈക്കോടതി വളപ്പിൽ ജൂലൈ 19ന്‌ ഏതാനും അഭിഭാഷകർ തുടങ്ങിയ അക്രമങ്ങളുടെ തുടർച്ചയാണ്‌ കോഴിക്കോട്ട്‌ കണ്ടത്‌. അവിടെ പൊലീസ്‌ മാധ്യമവേട്ട സ്വയം ഏറ്റെടുക്കുകയായിരുന്നോ അഭിഭാഷകർ അതവർക്ക്‌ തന്ത്രപൂർവം ഔട്ട്സോഴ്സ്‌ ചെയ്യുകയായിരുന്നോ എന്ന്‌ പറയാനാകില്ല. എന്നാൽ ഒന്നുറപ്പായി പറയാം. പ്രശ്നത്തിൽ ഇടപെട്ട കോടതിക്കോ സർക്കാരിനോ അക്രമോത്സുകരായ അഭിഭാഷകരെ നേർവഴിക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അതിനായി അവർ ശ്രമിച്ചില്ലെന്നതാണ്‌ വാസ്തവം. അവർ കോടതിപരിസരങ്ങളിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളുടെ സ്വഭാവം മനസിലാക്കാതെ, അഥവാ അത്‌ അവഗണിച്ചുകൊണ്ട്‌, അഭിഭാഷകർക്കും മാധ്യമ പ്രവർത്തകർക്കുമിടയിൽ മധ്യസ്ഥവേഷം കെട്ടുകയായിരുന്നു. അതിന്റെ ഫലമായി ഭാവിയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു തടയാനുള്ള സംവിധാനങ്ങൾ രൂപകൽപന ചെയ്യപ്പെട്ടു. കോടതികളുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രമങ്ങളിലൂടെ ജഡ്ജിമാരുടെ നിയന്ത്രണത്തിലുള്ള സമിതികൾ എന്ന ആശയം ഉയർന്നു വന്നപ്പോൾ സർക്കാർ ഇടപെടൽ അഡ്വക്കേറ്റ്‌ ജനറലിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാനതല സമിതിയുടെ രൂപീകരണത്തിൽ കലാശിച്ചു.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള സമിതി മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ളതാണത്രേ. എന്താണ്‌ അവർ തമ്മിലുള്ള തർക്കം? കോടതി പരിസരത്തു നിന്ന്‌ മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച്‌ അവരുടെ മുറികൾ പൂട്ടിയ അഭിഭാഷകരുടെ ലക്ഷ്യം മാധ്യമപ്രവർത്തനം തടയുകയെന്നതായിരുന്നു. പലയിടങ്ങളിലും അവർ പ്രദർശിപ്പിച്ച പോസ്റ്ററുകളിൽ നിന്നും ഇത്‌ വ്യക്തമാണ്‌. ഇതെങ്ങനെയാണ്‌ തർക്കവിഷയമാവുക? കറുത്ത കോട്ടിട്ട്‌ കോടതിയിലെത്തുന്നവർ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണഘടന പൗരന്മാർക്കു നൽകുന്ന അഭിപ്രായആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്‌ സർവോന്നത കോടതി ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നത്‌ അറിയാത്തവരാകാനിടയില്ല. അവർ ഭരണഘടനയെയും സർവോന്നത കോടതിയേയും വെല്ലുവിളിക്കുകയാണ്‌ ചെയ്യുന്നത്‌. ഏതെങ്കിലും അവതാരം പ്രത്യക്ഷപ്പെട്ടു പരിഹരിക്കാനുള്ള ഒരു തർക്കമല്ലിത്‌.


പല പ്രമുഖ അഭിഭാഷകരും കോടതി പരിസരത്ത്‌ അക്രമത്തിലേർപ്പെട്ട സഹപ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. അതേസമയം ഒരു പ്രബല വിഭാഗം ഒളിഞ്ഞും തെളിഞ്ഞും അവരെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നുമുണ്ട്‌. അതിനാൽ അവർക്കെതിരെ നടപടിയെടുക്കാൻ കോടതികൾക്കോ നിയമപ്രകാരം സ്ഥാപിതമായ അഭിഭാഷക അച്ചടക്ക സംവിധാനത്തിനോ കഴിയുന്നില്ല. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകർ പരിഭവിക്കേണ്ടതില്ല. അവരായിരുന്നു തെറ്റ്‌ ചെയ്തതെങ്കിലും ഒരുപക്ഷെ ഇതുപോലെ സംരക്ഷിക്കപ്പെട്ടേനേ. അധികാരം കയ്യാളുന്നവർക്ക്‌ അത്‌ വിവേകത്തോടെ പ്രയോഗിക്കാനുള്ള ധാർമ്മികശേഷിയുമുണ്ടാകണം. അതില്ലാത്ത ഒരു നാടാണ്‌ കേരളം. കുറച്ചുകാലമായി നമ്മുടെ സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജീർണ്ണത അത്‌ വിളിച്ചു പറയുന്നുണ്ട്‌.


‘ഇനി വേണ്ടത്‌ പക്വമായ സമീപനം’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ അഭിഭാഷകനായ എസ്‌ ഗോപകുമാരൻ നായർ കോടതിവളപ്പുകളിൽ നടന്നത്‌ കുറെ ചെറുപ്പക്കാരായ വക്കീലന്മാരും ചെറുപ്പക്കാരായ മാധ്യമപ്രവർത്തകരും തമ്മിലുള്ള കശപിശ മാത്രമാണെന്നും അതിന്റെ അടിസ്ഥാനകാരണം മനഃശാസ്ത്രപരമാണെന്നും വാദിക്കുന്നു. പ്രായത്തിന്റെ ചോരത്തിളപ്പും താൽക്കാലികമായുണ്ടായ തെറ്റിദ്ധാരണകളുമാണ്‌ അതിന്റെ പിന്നിലെന്നും അതിനപ്പുറം കാതലായ പ്രശ്നങ്ങളൊന്നും ഇരുവർക്കുമിടയിലില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളെ പക്വതയുടെ മറവിൽ യഥാർത്ഥ പ്രശ്നം തൃണവൽകരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായേ കാണാനാകൂ.


അടിസ്ഥാനപ്രശ്നം മാധ്യമസ്വാതന്ത്ര്യമാണ്‌. അഭിഭാഷകർ കോടതി പരിസരത്ത്‌ അഴിഞ്ഞാടിയപ്പോൾ തടയാൻ കഴിയാത്ത കോടതികൾ ഇപ്പോൾ മാധ്യമങ്ങൾക്ക്‌ ഒരു വിലക്കുമില്ലെന്ന വിശദീകരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഇതിനെ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യത അവർ തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയായി കാണാം. ഇനി കോടതികളിലെത്തുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ജഡ്ജിമാർക്കു കഴിയുമോ എന്നുകൂടി അറിയേണ്ടതുണ്ട്‌. ജനങ്ങളുടെ അറിയുവാനുള്ള അവകാശം മുൻനിർത്തിയാണ്‌ മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നത്‌. ആ അവകാശം സ്ഥാപിച്ചു കിട്ടാൻ അവർ രക്തസാക്ഷിത്വം വരിക്കേണ്ട അവസ്ഥയുണ്ടാകരുത്‌. (ജനയുഗം, ആഗസ്റ്റ് 3, 2016) 

No comments: