Wednesday, August 17, 2016

ഇത്‌ ശുദ്ധീകരണത്തിനുള്ള അവസരം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
യുഡിഎഫുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാനുള്ള കേരളാ കോൺഗ്രസ്‌(എം) തീരുമാനം മുന്നണികളെ നയിക്കുന്ന കക്ഷികൾക്ക്‌ ദുഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള സുവർണ്ണാവസരമാണ്‌ നൽകുന്നത്‌. കക്ഷിനേതാക്കൾക്ക്‌ ഈ അവസരം പ്രയോജനപ്പെടുത്താനുള്ള വിവേകമുണ്ടോ എന്നാണിനി അറിയേണ്ടത്‌. ആദ്യ സൂചനകൾ അത്ര ശുഭകരമല്ല.
കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ സാമാന്യം നല്ല രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം നിലനിന്നിരുന്നതുകൊണ്ടാണ്‌ 1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അതിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാരുടെ മാത്രം സഹായത്തോടെ അധികാരത്തിലേറാൻ കഴിഞ്ഞത്‌. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ നവോത്ഥാന സ്വഭാവമുള്ള സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളാണ്‌ ആ അന്തരീക്ഷമുണ്ടാക്കിയത്‌. ഭൂപരിഷ്കരണ നിയമത്തിനെതിരെ സംഘടിച്ച ക്ഷയോന്മുഖരായ ഫ്യൂഡൽ ശക്തികളും സ്വകാര്യ സ്കൂൾ മാനേജുമെന്റുകളുടെ ദുഷ്ചെയ്തികൾക്ക്‌ അറുതി വരുത്താൻ രൂപകൽപന ചെയ്ത വിദ്യാഭ്യാസ നിയമത്തിനെതിരെ മുറവിളി കൂട്ടിയ ക്രൈസ്തവസഭകളും കോൺഗ്രസുമായി ചേർന്ന്‌ നടത്തിയ ‘വിമോചന’ സമരം കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ വീഴ്ത്തുക മാത്രമല്ല, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാഷ്ട്രീയ രംഗത്തു നിന്ന്‌ നിഷ്ക്രമിച്ച സാമുദായിക ശക്തികളുടെ തിരിച്ചുവരവിന്‌ കളമൊരുക്കുകയും ചെയ്തു.
ആറ്റക്കോയ തങ്ങൾ ഇന്തൊനേഷ്യയിലെ പാകിസ്ഥാൻ അംബാസിഡറായി പോയതോടെ നിർജീവമായ മലബാറിലെ മുസ്ലിം ലീഗ്‌ മൈസൂറിൽ നിന്ന്‌ മദ്രാസിലേക്ക്‌ ചേക്കേറിയ മുഹമ്മദ്‌ ഇസ്മയിൽ മുൻകൈയെടുത്ത്‌ പുനരുജ്ജീവിപ്പിച്ചെങ്കിലും നെഹ്രു അതിനെ ‘ചത്ത കുതിര’ ആയാണ്‌ കണ്ടത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പുറത്താക്കി അധികാരത്തിലേറുന്നതിനു ലീഗിന്റെ പിന്തുണ സഹായിച്ചെങ്കിലും കോൺഗ്രസ്‌ തുടർന്നും അതിനെ വർഗീയ കക്ഷിയായി കണ്ടതുകൊണ്ട്‌ മന്ത്രിസഭയിൽ സ്ഥാനം നൽകിയില്ല. സ്പീക്കർസ്ഥാനം പോലും നൽകിയത്‌ സ്ഥാനാർത്ഥി പാർട്ടിയിൽ നിന്ന്‌ രാജി വെച്ചിട്ട്‌ മത്സരിക്കണമെന്ന നിബന്ധനയിലാണ്‌ .
പട്ടം താണുപിള്ളയെ ഗവർണർസ്ഥാനം നൽകി ഒഴിവാക്കിയശേഷം ആർ ശങ്കർ മുഖ്യമന്ത്രി ആയതോടെ കോൺഗ്രസിനുള്ളിൽ ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ്‌ രൂപപ്പെട്ടു. ശങ്കർ അംഗമല്ലായിരുന്ന ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചാക്കോ മുഖ്യമന്ത്രിപദം കാംക്ഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ സമരത്തിൽ വലിയ പങ്ക്‌ വഹിച്ച സഭകളും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന്‌ ആഗ്രഹിച്ചിരിക്കാം. ശങ്കറും ചാക്കോയും തമ്മിലുള്ള പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നു. നയപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഒരു സൂചനയും ഇരുവരും നൽകിയില്ല. എന്നാൽ കോൺഗ്രസ്‌ പാർട്ടിയിൽ അതിനകം തന്നെ വനം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായഭിന്നത രൂപപ്പെട്ടിരുന്നു. ക്രൈസ്തവ എംഎൽഎ മാരാണ്‌ ഒഴിപ്പിക്കലിനെ എതിർത്തത്‌. ചാക്കോയുടെ അകാലചരമത്തിനു ശേഷം കേരളാ കോൺഗ്രസ്‌ എന്ന പേര്‌ സ്വീകരിച്ച ചാക്കോ ഗ്രൂപ്പിൽ ക്രൈസ്തവ നായർ എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്‌. അൻപതു വർഷങ്ങൾക്കുശേഷം ഒന്നിലധികം കേരളാ കോൺഗ്രസുകളുണ്ട്‌. പക്ഷെ ഇനിഷ്യലുകൾ മാറുന്നതല്ലാതെ സാമൂഹിക അടിത്തറ മാറുന്നില്ല.
രാഷ്ട്രീയരംഗത്ത്‌ പ്രത്യക്ഷ പ്രച്ഛന്ന രൂപങ്ങളിൽ വർഗീയത വളരാൻ തുടങ്ങിയ ആ ഘട്ടത്തിൽ അതിനെ ചെറുക്കാനുള്ള കഴിവും ബാധ്യതയുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിളർപ്പ്‌ നേരിടുകയായിരുന്നു. പിന്തിരിപ്പൻ ശക്തികളെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവിനെ പിളർപ്പ്‌ പ്രതികൂലമായി ബാധിച്ചു. അതിന്റെ ഫലം അലസിപ്പോയ 1965ലെ നിയമസഭയിൽ പ്രതിഫലിച്ചു. അതിനുശേഷം ഇടതുപക്ഷം വർഗീയതയെ തടയാനുള്ള ബാധ്യത കയ്യൊഴിഞ്ഞു. അതിന്റെ തെളിവാണ്‌ 1967ലെ സപ്തമുന്നണി.
വർഗീയ കക്ഷിയെന്ന നിലയിൽ മന്ത്രിസഭയിൽ നിന്ന്‌ കോൺഗ്രസ്‌ ഒഴിവാക്കിയ മുസ്ലിംലീഗും കുടിയേറ്റ കർഷകരെന്ന പേരിൽ വനം കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ഒരു വൈദികനുണ്ടാക്കിയ കർഷക തൊഴിലാളി പാർട്ടിയും ആ മുന്നണിയിലുണ്ടായിരുന്നു. അതിന്റെ ശിൽപിയായ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കോൺഗ്രസ്‌ അധികാരം നിഷേധിച്ച ലീഗിന്റെ നോമിനികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒരു സീറ്റു പോലും നേടാനുള്ള കഴിവില്ലാതിരുന്ന കെടിപിക്കും കിട്ടി മന്ത്രിസ്ഥാനം. അങ്ങനെ വർഗീയതയും വനം കയ്യേറ്റവും രാഷ്ട്രീയ മാന്യത നേടി.
സപ്തമുന്നണിക്ക്‌ വലിയ ആയുസുണ്ടായില്ല. അതിലൂടെ മാന്യത ലഭിച്ച വർഗീയ ശക്തികൾ പിന്നീട്‌ കോൺഗ്രസിന്റെ തണലിൽ വളർന്നു. പക്ഷെ തത്വദീക്ഷ കൂടാതെ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ തല്ലിക്കൂട്ടിയ സപ്തമുന്നണിയുടെ രൂപീകരണത്തിലേക്ക്‌ നയിച്ച മാനസികാവസ്ഥ നിലനിന്നു. തന്മൂലം ലീഗിൽ നിന്നും കേരളാ കോൺഗ്രസിൽ നിന്നും മാത്രമല്ല ആർഎസ്‌എസിൽ നിന്നു പോലും പുറത്തു പോകുന്നവർക്ക്‌ ഇടതു മുന്നണിയിലേക്ക്‌ ചേക്കേറാൻ കഴിയുന്നുണ്ട്‌. മാണി യുഡിഎഫ്‌ വിട്ടശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ്‌ കൺവീനറും നടത്തിയ പ്രസ്താവനകളും പാർട്ടി പത്രം എഴുതിയ മുഖപ്രസംഗങ്ങളും കേരളാ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും കൂടെ കൂട്ടാൻ പാർട്ടിക്ക്‌ താൽപര്യമുണ്ടെന്ന്‌ വ്യക്തമാക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിലുള്ള പാർട്ടിയുടെ വിയോജിപ്പ്‌ പരസ്യമായി രേഖപ്പെടുത്തിയത്‌ സ്വാഗതാർഹമാണ്‌. അതേ സമയം ഇടതു പാർട്ടികൾക്ക്‌ യോജിച്ച നിലപാട്‌ എടുക്കാൻ കഴിയാത്തത്‌ ആശങ്കയ്ക്ക്‌ വക നൽകുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ മുസ്ലിം മേഖലയിലും തിരുവിതാംകൂറിലെ ക്രൈസ്തവ മേഖലയിലും വർഷങ്ങളായി തുടരുന്ന അടവു നയത്തിന്റെ ഭാഗമായി നടത്തിയ നീക്കങ്ങൾ എൽഡിഎഫിന്റെ വിജയത്തിൽ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ അതിന്‌ മുന്നണി വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്‌. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ ഇടതു മുന്നണിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ പഴയ വോട്ടുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ്‌ പുതിയ വോട്ടുകൾ നേടിയതെന്നാണ്‌. ഇടതുപക്ഷത്തിന്റെ ഇടതു സ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ ശുദ്ധീകരണത്തിന്‌ നടപടികളെടുക്കാനുള്ള സമയമാണിത്‌. --നയുഗം, ആഗസ്റ്റ് 17, 2016.

No comments: