Friday, July 29, 2016

കോടതി പരിസരത്തെ ഗൂണ്ടാവിളയാട്ടം

ബി.ആർ.പി. ഭാസ്കർ
കലാകൗമുദി

കൊച്ചിയിലെ ഹൈക്കോടതി പരിസരത്തും തിരുവനന്തപുത്തെ വഞ്ചിയൂർ കോടതി പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ ഒരു പുതിയ കാഴ്ചയല്ല. അത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പേരറിയാവുന്നവരും പേരറിയില്ലെങ്കിലും കണ്ടാലറിയാവുന്നവരുമായ കുറെയധികം പേർക്കെതിരെ കേസെടുക്കുന്ന പതിവും ഇവിടെയുണ്ട്. ആ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്.

കോടതി പരിസരത്ത് അഭിഭാഷകർ നടത്തിയ പരാക്രമത്തെ മറ്റൊരു വിധത്തിലും കാണാം. സമീപകാലത്ത് ഡൽഹിയിലും ചെന്നൈയിലും അഭിഭാഷകർ ഇതേപോലെ അഴിഞ്ഞാടിയിരുന്നു. ചെന്നൈയിൽ അടിയ്ക്കടി ഉണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിൽ പൊലീസുകാർക്കും വക്കീലന്മാർക്കുമിടയിൽ ഏറെ കാലമായി നിലനിൽക്കുന്ന കുടിപ്പകയാണ്. ഡൽഹിയിൽ അക്രമം നടത്തിയത് ബി.ജെ.പി ആഭിമുഖ്യമുള്ള ഏതാനും അഭിഭാഷകരാണ്. ജവഹർലാൽ നെഹ്രു സർവകലാശാലാ യൂണിയൻ അധ്യക്ഷൻ കന്നയ്യ കുമാറിനെയായിരുന്നു അവർ ലക്ഷ്യമിട്ടത്.  രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട കന്നയ്യയെ മജിസ്ട്രേട്ടു കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഭാവം പ്രകടിപ്പിക്കാൻ അവിടെയെത്തിയ പ്രൊഫസർമാരെയും വിദ്യാർത്ഥികളെയും അവർ മർദ്ദിച്ചു. ഏതാനും മാധ്യമപ്രവർത്തകർക്കും അന്ന് മർദ്ദനമേറ്റു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് അക്രമികളെ തടയാൻ മെനക്കെട്ടില്ല. ഡൽഹി ഹൈക്കോടതി കന്നയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണനക്കെടുത്ത ദിവസം കീഴ്കോടതി സംഭവങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി പ്രമുഖ അഭിഭാഷരടങ്ങുന്ന ഒരു സംഘത്തെ  നിരീക്ഷണത്തിന് നിയോഗിച്ചു. അവരുടെ സാന്നിധ്യം അക്രമോത്സുകരായ അഭിഭാഷകരെ  പിന്തിരിപ്പിച്ചില്ല. അവർ നിരീക്ഷകരുടെ നേരെ കല്ലെറിഞ്ഞു. അവിടെയും ഫലപ്രദമായ പൊലീസ് ഇടപെടലുണ്ടായില്ല.
നിരീക്ഷകർ സുപ്രീം കോടതിക്ക് വിശദമായ റിപ്പോർട്ട് നൽകി. അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. അഭിഭാഷകർക്കെതിരെ പെരുമാറ്റ ദോഷത്തിന് നടപടിയെടുക്കാൻ അധികാരമുള്ള ബാർ കൌൺസിൽ ഓഫ് ഇൻഡ്യയും നടപടിയെടുക്കുമെന്ന് പറഞ്ഞു.  അവരും ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.

ചെന്നൈ, ഡൽഹി സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകർ മാധ്യമപ്രവർത്തകരെ ബോധപൂർവം ലക്ഷ്യമിടുകയായിരുന്നു. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വ്യക്തികളുടെയൊ സംഘടിത ശക്തികളുടെയൊ ശത്രുത നേരിടാറുണ്ട്. പലപ്പോഴും അത് സത്യസന്ധമായി പ്രവർത്തിക്കാത്തതുകൊണ്ടാണ്. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കുന്നതുകൊണ്ടും ശത്രുതയുണ്ടാകാം. കാരണം സത്യം പുറത്തു വരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്.  ഈ ലേഖകന് മനസിലാക്കാൻ കഴിഞ്ഞിടത്തോളം കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിച്ചത് തെറ്റായ വാർത്തയല്ല, ഗവണ്മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാൻ ഒരു സ്ത്രീയുടെ കൈയിൽ കടന്നുപിടിച്ചെന്ന പരാതിയിന്മേൽ അറസ്റ്റു ചെയ്യപ്പെട്ടെന്ന ശരിയായ വാർത്തയാണ്.

കേരളത്തിൽ ഇതിനു മുമ്പും മാധ്യമപ്രവർത്തകർക്ക് അഭിഭാഷകരുടെ രോഷം നേരിടേണ്ടിവന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് കൊല്ലത്തെ ഒരു കോടതിയിൽ കേസ് റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയാനെത്തിയത് ഇടതുപക്ഷ സംഘടനയുടെ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമായിരുന്നു. എന്നാൽ രാഷ്ട്രീയ കക്ഷികളുടെയും ജാതിമത സംഘടനകളുടെയും അനുയായികളിൽ നിന്നാണ് മാധ്യമപ്രവർത്തകർ കൂടുതൽ അക്രമം നേരിട്ടിട്ടുള്ളത്.  തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്കു നേരെ ഒരു ക്രൈസ്തവ സഭയുടെ അംഗങ്ങൾ നടത്തിയ ആക്രമണത്തിനു നേതൃത്വം നൽകിയത് സഭാംഗമായ പൊലീസുദ്യോഗസ്ഥനായിരുന്നു. മറ്റൊരിടത്ത് വിവരശേഖരണത്തിനു ചെന്ന ഒരു മാധ്യമപ്രവർത്തകയെ നേരിടാൻ പാതിരി പള്ളി മണി അടിച്ച് ആളെ കൂട്ടുകയുണ്ടായി.  ഈ സംഭവങ്ങളിലൊന്നും കുറ്റവാളികൾക്കെതിരെ ഫലപ്രദമായ പൊലീസ് നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ കൂടുതൽ പേർ നിയമം കയ്യിലെടുക്കാൻ തയ്യാറാകുന്നതിൽ അത്ഭുതപ്പെടാനില്ല.

ടെലിവിഷന്റെ വരവിനുശേഷം മാധ്യങ്ങളോടുള്ള വിവിധ കേന്ദങ്ങളുടെ എതിർപ്പ് കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ പെരുകുന്നതിന്റെ ഒരു കാരണം ഇതാണ്. ടെലിവിഷനിലൂടെ പരിചിതമായ മുഖങ്ങളെയും ക്യാമറ കൈകാര്യം ചെയ്യുന്നവരെയുമാണ് അക്രമികൾ  പലപ്പോഴും ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് മാധ്യമ രംഗത്ത് ഗണ്യമായ വനിതാസാന്നിധ്യമുണ്ട്. അക്രമികളൂടെ സാമൂഹ്യവിരുദ്ധ മനോഭാവം അവർക്കെതിരായ അശ്ലീലപ്രയോഗങ്ങളിലൂടെ പ്രകടമാകുന്നു. ടെലിവിഷൻ ചിത്രങ്ങളുടെ സഹായത്തൊടെ അക്രമികളെ എളുപ്പം തിരിച്ചറിയാനാകും.  എന്നാൽ ഈ സൌകര്യം വേണ്ടപോലെ പ്രയോജനപ്പെടുത്താൻ പൊലീസ് കൂട്ടാക്കാറില്ല.

വലിയ അസമത്വം നിലനിൽക്കുന്ന ഒരു തൊഴിൽമേഖലയാണ് അഭിഭാഷക വൃത്തി. അതിന്റെ മുകൾത്തട്ടിലുള്ളവർ ഒരു മണിക്കൂർ കോടതിയിൽ ചെലവിടുന്നതിന് ലക്ഷങ്ങൾ ഈടാക്കാൻ കഴിയുന്നവരാണ്. കീഴ്ത്തട്ടിലാകട്ടെ കേസില്ലാത്തവരൊ ഉണ്ടെങ്കിൽ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നെ പാടുപെടുന്നവരോ ആണ്. സാമൂഹ്യവിരുദ്ധതയിലേക്ക് എളുപ്പം വഴുതി വീഴാവുന്നവർ അവർക്കിടയിലുണ്ട്. ചെന്നൈയിലെ അഭിഭാഷകരുടെ പെരുമാറ്റദോഷത്തിന് തമിഴ് നാട് ബാർ കൌൺസിൽ വൈസ് ചെയർമാൻ പി.എസ്. അമൽ‌രാജ് നൽകിയ വിശദീകരണം വക്കീൽ‌പണി ചെയ്യാത്ത വക്കീലന്മാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്തെ 80,000 അഭിഭാഷകരിൽ 15 ശതമാനമാണ് അക്രമങ്ങളിൽ ഏർപ്പെടുന്നതെന്നും അവരിലേറെയും പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോടതികളിൽ അഭിഭാഷകരായി എൻ‌റോൾ ചെയ്തിട്ടുള്ളവരിൽ ആറു ലക്ഷം പേർ വ്യാജന്മാരാണെന്ന് ബാർ കൌൺസിൽ ഓഫ് ഇൻഡ്യ കരുതുന്നതായി അതിന്റെ അധ്യക്ഷൻ എം.കെ. മിശ്ര കഴിഞ്ഞ കൊല്ലം വെളിപ്പെടുത്തി. പണിമുടക്കുകൾക്കും അക്രമങ്ങൾക്കും പിന്നിൽ അവരും കേസില്ലാത്ത വക്കില്ലന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധന നടത്തി വ്യാജന്മാരെ കണ്ടെത്തി പുറത്താക്കാൻ ബാർ കൌൺസിൽ പദ്ധതിയിട്ടു. ആ തീരുമാനത്തെ പല സംസ്ഥാന ബാർ കൌൺസിലുകളും പരസ്യമായി എതിർത്തു. എന്നാൽ കേരള ബാർ കൌൺസിൽ അധ്യക്ഷൻ ജോസഫ് ജോൺ തീരുമാനത്തെ സ്വാഗതം ചെയ്തു.

അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് കൊച്ചി സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് സർക്കാരിനോടും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വിളിച്ചു കൂട്ടിയ യോഗത്തിൽ പങ്കെടുത്ത അഭിഭാഷകരും മാധ്യമപ്രവർത്തകരും ഈ നിർദ്ദേശത്തോട് യോജിച്ചതായി റിപ്പോർട്ടുകളുണ്ട്. ജുഡിഷ്യൽ അന്വേഷണം അഭിഭാഷകരുടെ പെരുമാറ്റദോഷം സംബന്ധിച്ച ബാർ കൌൺൺസിൽ അന്വേഷണവും കുറ്റകൃത്യങ്ങൾ സംബന്ധിച്ച പൊലീസ് അന്വേഷണവും വൈകിപ്പിക്കാനിടയാക്കും. ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കോടതി പരിസരത്ത് തോന്ന്യാസം കാട്ടുന്നവർക്കെതിരെ സത്വര നടപടികളെടുക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് അധികൃതർ തെളിയിക്കണം. ഹൈക്കോടതി പരിസരത്തു നടന്ന സംഭവങ്ങളെ സംബന്ധിച്ചിടത്തോളം ഇച്ഛാശക്തി കാട്ടേണ്ടത് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്ന ജ. തോട്ടത്തിൽ ബി. രാധാകൃഷ്ണനാണ്. അക്രമത്തിലേർപ്പെട്ടവരെ വിമർശിച്ച ആറു പ്രമുഖ അഭിഭാഷകർക്ക് നോട്ടീസ് നൽകാനുള്ള കേരള ഹൈക്കോടതി ബാർ അസോസിയേഷന്റെ തീരുമാനത്തെ അക്രമികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതാൻ ന്യായമുണ്ട്. 

അഭിഭാഷകവൃത്തി നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന ഒരു മേഖലയാണ്. അവിടെ പെരുമാറ്റദൂഷ്യം പടരുന്നത് നിയമം കർശനമായി പാലിക്കുന്നതിൽ ബന്ധപ്പെട്ടവർ പരാജയപ്പെടുന്നുവെന്നതിന് തെളിവാണ്. ദുർബലമായ നിയന്ത്രണ സംവിധാനം മാത്രമാണ് മാധ്യമരംഗത്തുള്ളത്. അതുതന്നെയും അച്ചടി മാധ്യമങ്ങൾക്കു മാത്രമാണ് ബാധകം. അടിയന്തിരാവസ്ഥക്കുശേഷം മാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ വലിയ എതിർപ്പു വിളിച്ചുവരുത്തിയതിനാൽ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഇന്ന് ദൃശ്യമാധ്യമങ്ങൾക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നു തോന്നുന്നു. കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് ഒഴിവാക്കാനായി ദൃശ്യമാധ്യമങ്ങൾ ഏർപ്പെടുത്തിയ സ്വയം നിയന്ത്രണ സംവിധാനം ഒട്ടും ഫലപ്രദമല്ല.

കൊച്ചിയിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടശേഷം മാധ്യമങ്ങൾക്ക് അർഹിക്കുന്നത് കിട്ടിയെന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ നവമാധ്യമങ്ങളിൽ കാണുകയുണ്ടായി. സാമ്പ്രദായിക മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്താൻ അവസരം ലഭിക്കാത്തവർ ദേസ്ബുക്കിലും മറ്റും അവരുടെ വികാരങ്ങൾ  പ്രകടിപ്പിക്കാറുണ്ട്. അവിടെ നടക്കുന്ന അഭിപ്രായപ്രകടനങ്ങൾ സുചിന്തിതമാകണമെന്നില്ല. എങ്കിലും അവിടെ പ്രതിഫലിക്കുന്ന വികാരം മനസിലാക്കി ആത്മപരിശോധന നടത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. സത്യസന്ധമായ ആത്മപരിശോധനയും അടിയന്തിരമായ തിരുത്തലും ആവശ്യപ്പെടുന്ന പല പ്രവണതകളും മലയാള മാധ്യമരംഗത്ത് കാണാനുണ്ട്. (കലാകൗമുദി, ജൂലൈ 24, 2016)

No comments: