Wednesday, July 20, 2016

കുറ്റവും ശിക്ഷയും സംബന്ധിച്ച ചില ചിന്തകൾ

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
ജനയുഗ

പ്രണയബദ്ധരായ രണ്ട്‌ വിദ്യാർഥികളെ പുറത്താക്കിയ ഒരു കോളജ്‌ മാനേജ്മെന്റിന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രൻ പുറപ്പെടുവിച്ച വിധിയിലെ ചില പരാമർശങ്ങൾ തെല്ല്‌ അത്ഭുതത്തോടെയും ഏറെ ദുഃഖത്തോടെയുമാണ്‌ ഞാൻ വായിച്ചത്‌. അദ്ദേഹം ഉപയോഗിച്ച ഭാഷ നിയമത്തിന്റെതല്ല, യാഥാസ്ഥിതികത്വത്തിന്റേതാണെന്ന്‌ തോന്നി. വ്യക്തിയെന്ന നിലയിൽ യാഥാസ്ഥിതിക മനോഭാവം പുലർത്താൻ അദ്ദേഹത്തിന്‌ തീർച്ചയായും അവകാശമുണ്ട്‌. എന്നാൽ ജഡ്ജിയെന്ന നിലയിൽ ഒരു പ്രശ്നത്തിൽ തീർപ്പു കൽപിക്കുന്നിടത്ത്‌ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ വഴങ്ങാതെ അതിനെ വസ്തുനിഷ്ഠമായി നോക്കിക്കാണാനുള്ള പ്രൊഫഷണൽ ബാധ്യത അദ്ദേഹത്തിനുണ്ട്‌. കുറ്റവും ശിക്ഷയും സംബന്ധിച്ച ആധുനിക സങ്കൽപങ്ങൾ തെറ്റ്‌ ചെയ്തയാൾക്ക്‌ തിരുത്താനുള്ള അവസരം നൽകുന്ന സമീപനം മുന്നോട്ടു വയ്ക്കുന്നുണ്ട്‌.

കൊല്ലം ജില്ലയിലെ ചടയമംഗലത്തെ മാർത്തോമ കോളജ്‌ ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്നോളജിയുടെ മാനേജ്മെന്റ്‌ പുറത്താക്കിയ ഒരു ബി എ വിദ്യാർഥിനിയുടെ ഹർജിയായിരുന്നു കോടതിയുടെ മുന്നിലുണ്ടായിരുന്നത്‌. ഒപ്പം പഠിച്ചിരുന്ന വിദ്യാർഥിയുമായി പ്രേമത്തിലായ ഹർജിക്കാരി അയാളുമൊത്ത്‌ ഒരു ലോഡ്ജ്‌ മുറിയിൽ താമസിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന അച്ഛനമ്മമാരുടെ പരാതി അന്വേഷിച്ച പൊലീസ്‌ ഇരുവരെയും ലോഡ്ജിൽ നിന്ന്‌ കസ്റ്റഡിയിലെടുത്ത്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേട്ട്‌ അവരെ അച്ഛനമ്മമാർക്കൊപ്പം വിട്ടു.

കമിതാക്കൾ പ്രായപൂർത്തിയായവരാണെങ്കിൽ പൊലീസിന്റെ നടപടിയും മജിസ്ട്രേട്ടിന്റെ തീരുമാനവും ശരിയായിരുന്നോ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ട്‌. അതേസമയം അവർ അച്ഛനമ്മമാർക്കൊപ്പം പോകാൻ തയ്യാറായ സാഹചര്യത്തിൽ പ്രശ്നം അവിടെ തീർന്നതായി കരുതാവുന്നതാണ്‌. പക്ഷെ കോളജ്‌ മാനേജ്മെന്റ്‌ അതിനു തയ്യാറായില്ല. അവർ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചു. ഒരു അഞ്ചംഗ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ രണ്ട്‌ വിദ്യാർഥികളെയും കോളജിൽ നിന്ന്‌ പുറത്താക്കി.

സഹപാഠിയെ പ്രണയിച്ചെന്നല്ലാതെ മറ്റൊരാക്ഷേപവും തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും തന്റെ അക്കാദമിക മികവും ആറു സെമസ്റ്റർ കോഴ്സിന്റെ പകുതിയിലധികം പൂർത്തിയാക്കിയെന്ന വസ്തുതയും കണക്കിലെടുത്ത്‌ മാനേജ്മെന്റിന്റെ തീരുമാനം റദ്ദാക്കണമെന്നു ഹർജിക്കാരി ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ നടപടിയേക്കാൾ ഹർജിക്കാരിയുടെ നടപടിയാണ്‌ ജഡ്ജി സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാക്കിയത്‌. പ്രശ്നം വിദ്യാർഥികൾ പ്രണയത്തിലായതല്ലെന്നും അവർ ഒളിച്ചോടുകയും വിവാഹത്തിലേർപ്പെടാതെ ഒന്നിച്ചു താമസിക്കുകയും ചെയ്തതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രായപൂർത്തിയായവരെന്ന നിലയിൽ അവർക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും നിയമപരമായി വിവാഹത്തിലേർപ്പെടാൻ കഴിയുമായിരുന്നില്ലെന്നും പ്രായപൂർത്തിയായവരെന്ന നിലയിൽ അവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണമെന്നും കൂടി അദ്ദേഹം പറഞ്ഞു. അച്ചടക്കം ഉറപ്പാക്കാനുള്ള കോളജിന്റെ അവകാശം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം തന്റെ വിവേചനാധികാരം ഉപയോഗിക്കാൻ വിസമ്മതിച്ചു.

നമ്മുടെ നിയമവ്യവസ്ഥയിലെ ചില അവ്യക്തതകൾ ഇവിടെ തെളിയുന്നു. വിവാഹം കഴിക്കാൻ നിയമപ്രകാരം ആണിനു 21 വയസും പെണ്ണിന്‌ 18 വയസും പൂർത്തിയാകണം. എന്നാൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള അനുമതിക്ക്‌ 18 വയസായാൽ മതി. ഈ വ്യവസ്ഥകളിൽ അടങ്ങിയിട്ടുള്ള വൈരുധ്യം ഇല്ലാതാക്കാൻ ആണിന്റെ വിവാഹപ്രായവും 18 ആക്കണമെന്ന്‌ ഏതാനും കൊല്ലം മുമ്പ്‌ ലോ കമ്മിഷൻ കേന്ദ്ര സർക്കാരിനോട്‌ ശുപാർശ ചെയ്തിരുന്നു. വോട്ടു ചെയ്യാൻ 18 വയസ്‌ പൂർത്തിയായാൽ മതിയെന്ന വസ്തുത കമ്മിഷൻ എടുത്തുപറഞ്ഞിരുന്നു.

വിദ്യാർഥികൾ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ചതിലുള്ള അനിഷ്ടമാണ്‌ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രന്റെ വാക്കുകളിലുള്ളത്‌. സമീപകാലത്ത്‌ സുപ്രിം കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു വിഷയമാണിത്‌. ആ കോടതി രണ്ട്‌ വിധിന്യായങ്ങളിൽ ഇക്കാര്യത്തിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു

കഴിഞ്ഞ കൊല്ലം ഏപിൽ മാസത്തിൽ നൽകിയ ഒരു വിധിയിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒന്നിച്ചു താമസിക്കുന്ന പുരുഷനും സ്ത്രീയും നിയമപരമായി വിവാഹിതരാണെന്ന്‌ അനുമാനിക്കപ്പെടുമെന്ന്‌ സുപ്രിം കോടതി പറഞ്ഞു. അത്തരം ബന്ധത്തിലേർപ്പെടുന്ന പുരുഷന്റെ മരണശേഷം സ്ത്രീക്ക്‌ അയാളുടെ സ്വത്തിന്‌ അവകാശമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

മൂന്നു മാസത്തിനുശേഷം മറ്റൊരു വിധിയിൽ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത്‌ ഇപ്പോൾ സമൂഹത്തിൽ സ്വീകാര്യത നേടിയിട്ടുള്ളതായി കോടതി അഭിപ്രായപ്പെട്ടു. ഒന്നിച്ചു താമസിക്കുന്നത്‌ ഒരു കുറ്റമല്ലെന്നും അതിനു ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രിം കോടതി ഉദാരമായ സമീപനം സ്വീകരിച്ച വിഷയത്തിൽ ഹൈക്കോടതി വിപരീത സമീപനം സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സർവോന്നത കോടതിയുടെ വാക്കുകളിൽ നിന്ന്‌ വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിച്ച വിദ്യാർഥികൾ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. .

 കോളജ്‌ മാനേജ്മെന്റിന്റെ അച്ചടക്ക നടപടിയെ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രൻ ശരിവയ്ക്കുന്നത്‌ ആ വിദ്യാർഥികളുടെ ചെയ്തി മറ്റുള്ളവർക്ക്‌ നല്ല മാതൃകയല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ്‌. അച്ചടക്ക നടപടിയെടുക്കാനുള്ള മാനേജ്മെന്റിന്റെ അവകാശവും അധികാരവും അംഗീകരിച്ചാൽ തന്നെ തുടർന്നു പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന തരത്തിലുള്ള ശിക്ഷ ആവശ്യമായിരുന്നോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. നിർഭാഗ്യവശാൽ കോളെജ്മാനേജ്മെന്റ്‌ വിദ്യാർഥികളോട്‌ കാരുണ്യപൂർവമായ സമീപനം സ്വീകരിച്ചില്ല. ആ തെറ്റ്‌ തിരുത്താനുള്ള അവസരം ഹൈക്കോടതി പ്രയോജനപ്പെടുത്തിയുമില്ല. (ജനയുഗം, ജൂലൈ 20, 2016)

No comments: