Wednesday, July 6, 2016

സ്കൂളുകൾ പൂട്ടേണ്ട സാഹചര്യം ഇല്ലാതാകണം


കാഴ്ചപ്പാട്‌
 ബി ആർ പി ഭാസ്കർ
 ജനയുഗം

 കേരളത്തിൽ സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും അനാദായകരമാകാൻ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. അതിന്റെ കാരണങ്ങൾ കണ്ടെത്തി പ്രതിവിധി കാണുന്നതിനു പകരം പൂട്ടിയ സ്കൂളുകളിലെ പണിയില്ലാത്ത അധ്യാപകർക്ക്‌ സർക്കാർ വെറുതെ ശമ്പളം കൊടുത്തു കൊണ്ടിരുന്നു. യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച കാലയളവിലാണ്‌ ഇത്‌ സംഭവിച്ചത്‌. അതിനാൽ വിദ്യാഭ്യാസരംഗത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു മുന്നണിയുടെയൊ അതിലെ തന്നെ ഏതെങ്കിലും ഒരു പാർട്ടിയുടെയൊ തലയിൽ ഇറക്കി വയ്ക്കാനാവില്ല. വ്യക്തമായ സ്ഥാപിത താൽപര്യങ്ങളുള്ള കക്ഷികളുടെ നിയന്ത്രണമാണ്‌ വിദ്യാഭ്യാസ മേഖല ദുഷിക്കാൻ കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആ വകുപ്പ്‌ ഘടകകക്ഷികൾക്കു വിടാതെ ഭരണ മുന്നണിയെ നയിക്കുന്ന കക്ഷി തന്നെ കൈകാര്യം ചെയ്യണമെന്ന്‌ കോഴിക്കോട്‌ സർവകലാശാലാ മുൻ വൈസ്‌ ചാൻസലർ ടി എൻ ജയചന്ദ്രൻ ഏതാനും കൊല്ലം മുൻപ്‌ നിർദ്ദേശിക്കുകയുണ്ടായി. എൽഡിഎഫ്‌ 2006ൽ അധികാരമേറ്റപ്പോൾ സിപിഐ(എം) നേതാവ്‌ എം എ ബേബി വിദ്യാഭ്യാസമന്ത്രിയാവുകയും അദ്ദേഹം ഒരു രണ്ടാം മുണ്ടശ്ശേരിയാകുമെന്ന പ്രതീക്ഷ ഉയരുകയും ചെയ്തു. നിർഭാഗ്യവശാൽ ആ പ്രതീക്ഷ നിറവേറ്റപ്പെട്ടില്ല. പുതിയ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ സിപിഐ(എം)കാരൻ മാത്രമല്ല, മുൻ അധ്യാപകനും അധ്യാപക സംഘടനാ പ്രവർത്തകനുമാണ്‌.

വിദ്യാഭ്യാസ ഡയറക്ടർ 2008-09 വർഷത്തിൽ നടത്തിയ സർവേയിൽ 3,661 സ്കൂളുകൾ അനാദായകരമാണെന്ന്‌ കണ്ടെത്തുകയുണ്ടായി. അടുത്ത വർഷം എണ്ണം 3,962 ആയി വർധിച്ചു. അതിൽ ഏതാണ്ട്‌ പകുതി സർക്കാർ സ്കൂളുകളും ബാക്കി എയ്ഡഡ്‌ സ്കൂളുകളും ആയിരുന്നു. രണ്ടര ലക്ഷം കുട്ടികളാണ്‌ ആ സ്കൂളുകളിലുണ്ടായിരുന്നത്‌. ഒരു കൊല്ലത്തിൽ അനാദായകരമായ സ്കൂളുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണുണ്ടായത്‌. അത്‌ അന്നത്തെ സർക്കാരിനെയോ തുടർന്നു വന്ന എതിർ മുന്നണിയുടെ സർക്കാരിനെയോ വിഷയം ഗൗരവപൂർവം പരിഗണിക്കാൻ പ്രേരിപ്പിച്ചില്ല. ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ കൊല്ലം 12,615 സ്കൂളുകളാണുണ്ടായിരുന്നത്‌. അതിൽ 5,573 എണ്ണം അതായത്‌ 44 ശതമാനത്തോളം അനാദായകരമായിരുന്നു. കഴിഞ്ഞ കാലത്തെ ഉദാസീനമായ സമീപനം ഇനിയും തുടർന്നാൽ പൊതുവിദ്യാഭ്യാസ മേഖല പൂർണമായി തകരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

കേരള വിദ്യാഭ്യാസ ചട്ടങ്ങളനുസരിച്ച്‌ ഓരോ സ്റ്റാൻഡേർഡിലും കുറഞ്ഞത്‌ 25 കുട്ടികൾ ഇല്ലെങ്കിൽ ആ സ്കൂൾ അനാദായകരമാണ്‌. സർക്കാർ അത്തരം സ്കൂളുകൾ സുഗമമായി നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഒരുക്കിയില്ലെന്നു തന്നെയല്ല അവ അടച്ചു പൂട്ടാൻ മാനേജ്മെന്റുകൾക്ക്‌ അനുവാദം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു. സർക്കാർ അനുവാദം നിഷേധിച്ചാൽ മാനേജ്മെന്റുകൾക്ക്‌ കോടതിയുടെ കനിവ്‌ തേടാം. പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ ചില സ്ഥലങ്ങളിൽ കോടതിവിധിയുടെ ബലത്തിൽ സ്കൂൾ പൂട്ടാനുള്ള മാനേജ്മെന്റുകളുടെ തീരുമാനത്തിനെതിരെ സ്ഥലവാസികൾ സമരത്തിലായിരുന്നു. അടച്ചു പൂട്ടൽ ഒഴിവാക്കാൻ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും വിധി നടപ്പാക്കിയശേഷം അനന്തര പരിപാടികൾ ആലോചിക്കാമെന്ന നിലപാടാണ്‌ നീതിപീഠം സ്വീകരിച്ചത്‌. തുടർന്ന്‌ അടച്ചു പൂട്ടപ്പെടുന്ന ഏതാനും സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാൻ തീരുമാനിച്ചു. ഈ തീരുമാനം സ്വാഗതാർഹമാണെങ്കിലും, മുമ്പെടുത്ത പല തീരുമാനങ്ങളെയും പോലെ ഒരു ഇടക്കാല നടപടിയായേ അതിനെ കാണാനാകൂ. ഇത്തരം അഢോക്ക്‌ സമീപനത്തിലൂടെ പ്രശ്നം പരിഹരിക്കാനാവില്ല.

സ്കൂളുകൾ അനാദായകരമാകുന്നതിന്റെ കാരണങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ കക്ഷികളുടെ വൈമുഖ്യമാണ്‌ പൂർണ പരിഹാരം കാണുന്നതിനുള്ള പ്രധാന തടസം. അത്യന്തം വിജയകരമായ കുടുംബാസൂത്രണ പരിപാടിയുടെ ഫലമായി ജനസംഖ്യാ വർദ്ധന നിരക്ക്‌ താഴുകയും സ്കൂൾ വിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറയുകയും ചെയ്തതു മൂലമാണ്‌ ഇന്നത്തെ അവസ്ഥയുണ്ടായതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. കുട്ടികളുടെ എണ്ണം കുറഞ്ഞെന്നത്‌ ശരിയാണ്‌. എന്നാൽ ഇതൊരു പൂർണ വിശദീകരണമാകുന്നില്ല. സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും വേണ്ടത്ര കുട്ടികളെ കിട്ടാത്തതുകൊണ്ട്‌ അനാദായകരമാകുമ്പോൾ സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ സ്കൂളുകൾ പൊട്ടിമുളയ്ക്കുകയും അവയ്ക്ക്‌ കുട്ടികളെ ആകർഷിച്ച്‌ ആദായകരമായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യുന്നുണ്ട്‌. സർക്കാർ സ്കൂളുകളിൽ സൗജന്യമായി പഠിക്കാമെന്നിരിക്കെ രക്ഷകർത്താക്കൾ കുട്ടികളെ ഉയർന്ന ഫീസ്‌ ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്‌ അയക്കുന്നതെന്തുകൊണ്ടാണെന്ന്‌ സർക്കാർ പരിശോധിക്കണം.
ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട ദരിദ്ര കേരളത്തിന്റെ അഭിമാനകരമായ സാമൂഹ്യ പദവിയുടെ നിർമ്മിതിയിൽ വലിയ പങ്ക്‌ വഹിച്ചവയാണ്‌ സർക്കാർ സ്കൂളുകളും എയ്ഡഡ്‌ സ്കൂളുകളും. ഇന്ന്‌ കേരളം ഒരു സമ്പന്ന സംസ്ഥാനമാണ്‌. എന്നാൽ കയ്യിൽ കാശുള്ളവർ മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്‌. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ വലിയ ബുദ്ധിമുട്ട്‌ സഹിച്ചുകൊണ്ട്‌ കുട്ടികളെ അത്തരം സ്കൂളുകളിലയക്കുന്നുണ്ട്‌. അവിടെ കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്നും അതിലൂടെ തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാമെന്നും അവർ വിശ്വസിക്കുന്നു. സമാനമായ സാഹചര്യങ്ങൾ ആരോഗ്യ മേഖലയിലും നിലനിൽക്കുന്നുണ്ട്‌. സൗജന്യ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രികളെ ആശ്രയിക്കാതെ വലിയ ഫീസ്‌ ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ പോകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌.

സർക്കാർ നേരിട്ടും സേവനമനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഒരു നൂറ്റാണ്ടുകാലം നടത്തിയ പ്രവർത്തനങ്ങളാണ്‌ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കിയത്‌. സേവനമനോഭാവത്തോടെ ഈ മേഖലകളിൽ പ്രവേശിച്ച സ്ഥാപനങ്ങളെയൊക്കെ ലാഭക്കൊതി കീഴ്പെടുത്തിക്കഴിഞ്ഞു. വൻലാഭം കൊയ്യാനുള്ള സാധ്യത കണ്ടുകൊണ്ട്‌ പുതിയ സംരംഭകരും എത്തിയിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സർക്കാർ ദീർഘകാലമായി പിന്തുടരുന്ന സമീപനത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. സർക്കാരിന്റെ ലക്ഷ്യം ലാഭമാകാൻ പാടില്ല. അതേസമയം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സാമ്പത്തികശേഷിയുള്ളവരിൽ നിന്ന്‌ ചില സേവനങ്ങൾക്ക്‌ മിതമായ ചാർജ്ജ്‌ ഈടാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. സർക്കാർ നൽകുന്ന സേവനം സൗജന്യമായി ലഭിക്കാനുള്ള അർഹത തങ്ങൾക്കുണ്ടെന്ന ചിന്ത ജനമനസുകളിൽ നിന്ന്‌ ദൂരീകരിക്കുന്നതിന്‌ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർന്നുകൊണ്ടിരുന്ന ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവച്ച്‌ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞവയുണ്ട്‌. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്‌ തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂൾ. അനാദായകരമായ സ്കൂളുകളെ രക്ഷിക്കുന്നതിന്‌ സർക്കാർ പരിഗണിക്കുന്ന ഒരു പദ്ധതി അത്തരത്തിലുള്ള മൂന്നെണ്ണത്തെ വീതം കോട്ടൺഹിൽ പോലുള്ള സ്കൂളുകളുമായി ബന്ധിപ്പിക്കുകയാണ്‌. വേണ്ടത്ര ആലോചനയും മുൻകരുതലും കൂടാതെ അത്തരത്തിലുള്ള പദ്ധതി നടപ്പാക്കിയാൽ രോഗബാധിതമായ സ്കൂളിന്റെ നില മെച്ചപ്പെടുന്നതിനു പകരം നല്ല ആരോഗ്യമുള്ള സ്കൂളിന്റെ അവസ്ഥ മോശമാകാനിടയുണ്ട്‌. ഏതായാലും ഈ പദ്ധതിയെയും ഒരു അഢോക്ക്‌ പരിപാടിയായ കാണാനാകൂ. വിശദമായ പഠനങ്ങൾ നടത്തി സ്കൂളുകൾ പൂട്ടേണ്ട സാഹചര്യം ഇല്ലാതാക്കിയാലെ പ്രശ്നത്തിന്‌ പൂർണ പരിഹരമാകൂ. (ജനയുഗം, ജൂലൈ 6, 2016)

No comments: