Wednesday, June 22, 2016

തീരുമാനങ്ങൾ ജനതാൽപര്യങ്ങൾക്ക്‌ അനുസൃതമാകണം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
ജനയുഗം

സർക്കാർ പുതിയ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്നു. പലതും എതിർപ്പ്‌ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു തീരുമാനം ആരെയെങ്കിലും ദോഷകരമായി ബാധിക്കുമെങ്കിൽ അവർ അതിനെ എതിർക്കും. അതിനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയിൽ അവർക്കുണ്ടുതാനും. എന്നാൽ വിശാല ബഹുജനതാൽപര്യങ്ങൾക്ക്‌ മുൻഗണന നൽകാനുള്ള ചുമതല സർക്കാരിനുണ്ട്‌.

യുഡിഎഫ്‌ സർക്കാർ നികത്താൻ അനുമതി നൽകിയ മെത്രാൻ കായൽ പ്രദേശത്തും ആറന്മുളയിൽ വിമാനത്താവളത്തിനായി സ്വകാര്യസംരംഭകർ കണ്ടെത്തിയ സ്ഥലത്തും കൃഷിയിറക്കുമെന്ന മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷക്ക്‌ വക നൽകുന്നു. ഏറെ കാലമായി കൃഷിഭൂമി ചുരുങ്ങിവരികയാണ്‌. ഈ തീരുമാനം ആ പ്രവണത അവസാനിപ്പിച്ച്‌ കൃഷിക്ക്‌ കൂടുതൽ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിന്റെ തുടക്കമാകട്ടെ. കൃഷി ചെയ്തു ഉപജീവനം നടത്താൻ കഴിവുള്ള ഭൂരഹിതർ സംസ്ഥാനത്തുണ്ടെന്ന്‌ മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലെ സമരങ്ങളിൽ നിന്ന്‌ വ്യക്തമായിട്ടുണ്ട്‌. അവരെ എങ്ങനെ പുതിയ പദ്ധതിയുടെ ഭാഗമാക്കാമെന്ന്‌ സർക്കാർ ആലോചിക്കണം.

വീണ്ടെടുക്കുന്നയിടങ്ങളിൽ കൃഷി നടത്തിപ്പിന്റെ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്‌. സർക്കാർ നേരിട്ട്‌ ആ ചുമതല ഏറ്റെടുക്കുന്നത്‌ ആശാസ്യമോ അഭിലഷണീയമോ അല്ല. നെൽകൃഷി ആദായകരമല്ലാതായതിന്‌ പല കാരണങ്ങളുണ്ട്‌. കൃഷിഭൂമി ശിഥിലമായതും യന്ത്രങ്ങളുടെ ഉപയോഗം അസാധ്യമായതും അക്കൂട്ടത്തിൽ പെടുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ മെത്രാൻ കായൽ പ്രദേശത്തും ആറന്മുളയിലും ലഭ്യമാകുന്ന ഭൂമി വെട്ടിമുറിക്കാതെ ഭൂരഹിതരായ കർഷകരുടെ സംഘങ്ങൾക്ക്‌ കൂട്ടുകൃഷിക്കായി നൽകാനാകുമോ എന്ന്‌ പരിശോധിക്കാവുന്നതാണ്‌.

ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സമ്മിശ്രപ്രതികരണങ്ങളുളവാക്കിയിട്ടുണ്ട്‌. ഇത്‌ യഥാർഥത്തിൽ ഒരു പുതിയ തീരുമാനമല്ല. അധികാരത്തിലിരിക്കെ യുഡിഎഫും എൽഡിഎഫും പല തവണ ഇത്തരത്തിലുള്ള തീരുമാനമെടുത്തിരുന്നു. അത്‌ നടപ്പാക്കുന്നതിന്‌ തടസം നിന്ന ഘടകങ്ങളൊക്കെ നിലനിൽക്കെ ഇനി ഈ വിഷയത്തിൽ ചർച്ചകളൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ ബലം പ്രയോഗിച്ചാണെങ്കിലും പദ്ധതി നടപ്പാക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന സൂചനയാണ്‌ നൽകുന്നത്‌.

ഈ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളിൽ സജീവമായ പങ്ക്‌ വഹിച്ചിട്ടുള്ള സംഘടനകൾ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യവിരുദ്ധവും ഇരകളോടുള്ള വെല്ലുവിളിയുമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മുൻ എൽഡിഎഫ്‌ സർക്കാർ 2010ൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ദേശീയപാത 45 മീറ്ററിൽ ബിഒടി അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന്‌ അംഗീകാരം നൽകിയപ്പോൾ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇതേ തരത്തിൽ പ്രതികരിച്ചിരുന്നു. പരിഷത്ത്‌ അന്ന്‌ നൽകിയ മൂന്നറിയിപ്പിന്‌ ഇന്നും പ്രസക്തിയുണ്ട്‌. ‘കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കു മുന്നിൽ കേരളത്തിലെ സർവകക്ഷികളും കീഴടങ്ങുന്ന ദയനീയമായ കാഴ്ചയാണ്‌ കാണാൻ കഴിയുന്നത്‌,’ പരിഷത്ത്‌ പ്രസ്താവനയിൽ പറഞ്ഞു. ‘കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം രാഷ്ട്രീയമായ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്‌.’

ആ സർവകക്ഷി യോഗത്തിന്‌ മുമ്പ്‌ മറ്റൊരു സർവകക്ഷി യോഗം ബിഒടി ഒഴിവാക്കി 30 മീറ്ററിൽ നാലൂവരിപ്പാത നിർമ്മിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അതിലേക്ക്‌ തിരിച്ചുപോകാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറാകണം. വീതി 30 മീറ്ററായി പരിമിതപ്പെടുത്തിയാലും നിശ്ചിത വീതിയുള്ള നാലു വരികൾ നിർമ്മിക്കാനാകും. വാണിജ്യ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ്‌ റോഡ്‌ നിർമ്മാതാക്കൾ 45 മീറ്റർ വേണമെന്ന്‌ ശഠിക്കുന്നത്‌. അതേ സമയം സർവീസ്‌ ലെയിനുകൾ ഒഴിവാക്കേണ്ടി വരുമെന്നും ഇത്‌ അപകടസാധ്യത കൂട്ടുമെന്നുമുള്ള വാദം പൂർണമായും തള്ളിക്കളയാനാവില്ല.

ബുദ്ധിപൂർവം സമീപിച്ചാൽ പാതയുടെ വീതി സംബന്ധിച്ച ഭിന്നതകൾ മറികടക്കാനാകും. വീതി കൂടുമ്പോൾ വഴിയോരത്തെ വീടുകളും കടകളും പൊളിക്കേണ്ടി വരികയും ലക്ഷക്കണക്കിനാളുകൾ വഴിയാധാരമാകുകയും ചെയ്യും. അതുകൊണ്ടാണ്‌ പദ്ധതിക്കെതിരെ വലിയ തോതിൽ എതിർപ്പ്‌ ഉയരുന്നത്‌. സമഗ്രമായ പഠനം നടത്തി എത്രപേർക്ക്‌ വാസസ്ഥലവും ഉപജീവനമാർഗവും നഷ്ടപ്പെടുമെന്ന്‌ തിട്ടപ്പെടുത്തി അവരുടെ പുനരധിവാസവും പദ്ധതിയുടെ ഭാഗമാക്കുകയാണ്‌ ഇതിനുള്ള ഒരു പരിഹാരം. ലാഭമല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാത്ത കമ്പനികൾക്ക്‌ ഇതിൽ താൽപര്യമുണ്ടാവില്ല. എന്നാൽ സർക്കാരിന്‌ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുണ്ട്‌.

മറ്റൊരു സാധ്യത ഉയർപാത ആണ്‌. ഭൂതലത്തിൽ 30 മീറ്റർ വീതി നിലനിർത്തിക്കൊണ്ട്‌ നെടുംതൂണുകളുയർത്തി അവയ്ക്കുമീതെ നാലു വരിയുള്ള ഉയർപാത നിർമ്മിക്കാവുന്നതാണ്‌. കൂടുതൽ ഭൂമി ഏറ്റെടുക്കാതെ യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ ഇത്‌ സഹായിക്കും. നിർമ്മാണ ചിലവ്‌ തീർച്ചയായും ഉയരും. ലക്ഷക്കണക്കിനാളുകളുടെ പുനരധിവാസത്തിനുള്ള ചിലവ്‌ ലാഭിക്കാമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ അധിക ചിലവ്‌ ഒരു വലിയ ഭാരമാകാനിടയില്ല. ഈ ആശയം കഴിഞ്ഞ കൊല്ലം സർക്കാരിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇൻഡ്യക്കും നൽകിയ ഒരു രേഖയിൽ കളക്ടർ ബിജു പ്രഭാകർ അവതരിപ്പിച്ചിരുന്നു. ഒരു കിലോമീറ്റർ ഉയർപാത നിർമ്മിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്ന്‌ അദ്ദേഹം കണക്കാക്കുന്നു. ഭൂതലത്തിൽ 45 മീറ്റർ വീതിയിൽ പാത വികസിപ്പിക്കാൻ വേണ്ടത്‌ 75 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കളിയിക്കാവിള മുതൽ കാസർകോട്‌ വരെ ദേശീയപാതയുടെ ഇരുവശത്തും ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്‌. ഈ സാഹചര്യത്തിൽ കടന്നുപോകുന്ന ഓരോ ദിവസവും പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്‌. അതുകൊണ്ട്‌ പാത വികസനം അടിയന്തരശ്രദ്ധ അർഹിക്കുന്നു. സർക്കാർ ഇനി ചർച്ചയില്ലെന്ന നിലപാട്‌ തിരുത്തി പുതിയ ആശയങ്ങളും പരിഗണിച്ച്‌ എത്രയും വേഗം ബഹുജനതാൽപര്യങ്ങൾക്കനുസൃതമായ ഒരു തീരുമാനം കൈക്കൊള്ളണം.

ആധാരമെഴുത്തുകാരുടെ സഹായം കൂടാതെ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിൽ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്‌. ഇതിനെതിരെ ആധാരമെഴുത്തുകാർ രംഗത്തു വന്നിട്ടുണ്ട്‌. ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ള തങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ പ്രമാണങ്ങൾ തയ്യാറാക്കിയാൽ അബദ്ധങ്ങൾ കടന്നുകൂടുമെന്ന്‌ അവർ പറയുന്നു. ഈ വാദത്തിൽ കഴമ്പില്ലെന്ന്‌ പറഞ്ഞുകൂടാ. എന്നാൽ അവർക്കും അപ്രമാദിത്തം അവകാശപ്പെടാനാകില്ല. അടുത്ത കാലത്ത്‌ ഒരു ആധാരത്തിൽ കണ്ട തെറ്റുകൾ തിരുത്താനുള്ള ശ്രമത്തിനിടയിൽ ഒരാധാരമെഴുത്തുകാരൻ എന്നോട്‌ പറഞ്ഞത്‌ തെറ്റില്ലാത്ത ഒരാധാരവുമുണ്ടാകില്ലെന്നാണ്‌.

ഇന്ന്‌ ഫ്യൂഡൽകാല സ്വാധീനം ഏറ്റവും ശക്തമായി പ്രതിഫലിക്കുന്നത്‌ ഭൂമിസംബന്ധമായ രേഖകൾ തയ്യാറാക്കുന്നിടത്താകണം. ദുർഗ്രഹമായ ഭാഷയിലൂടെ അനാവശ്യമായ നിഗൂഢത നിലനിർത്തുന്ന ആധാരമെഴുത്തു രീതി പരിഷ്കരിക്കേണ്ടതാണ്‌. സർക്കാർ തയ്യാറാക്കുന്ന മാതൃകാ രേഖകളിലൂടെ അതിന്‌ തുടക്കം കുറിക്കാവുന്നതാണ്‌. ആധാരമെഴുത്തുകാരുടെ എതിർപ്പിനു പിന്നിൽ ഉപജീവനമാർഗം നഷ്ടപ്പെടുമെന്ന ഭയമുണ്ട്‌. അത്‌ എത്രമാത്രം ശരിയാണെന്നത്‌ പരിശോധന അർഹിക്കുന്നു. അവരുടെ സഹായം കൂടാതെ പ്രമാണങ്ങൾ തയ്യാറാക്കാനും രജിസ്റ്റർ ചെയ്യാനും കഴിയുമെന്നതുകൊണ്ട്‌ എല്ലാവരും അവരെ ഒഴിവാക്കാനിടയില്ല. അതേസമയം നിലവിൽ ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നവരെ പരിഷ്കാരം പ്രതികൂലമായി ബാധിക്കുമെങ്കിൽ അവരുടെ പുനരധിവാസത്തിന്‌ ഉചിതമായ പദ്ധതിയുണ്ടാകണം. (ജനയുഗം, ജൂൺ 22, 2016).

No comments: