Wednesday, June 8, 2016

പരിസ്ഥിതി സംരക്ഷണം ഒരു ശാസ്ത്രശാഖ

ബി ആർ പി ഭാസ്കർ
 ജനയുഗം

എൽഡിഎഫ്‌ സർക്കാർ ചുമതലയേറ്റ്‌ ദിവസങ്ങൾക്കുള്ളിൽ കടകംപള്ളി സുരേന്ദ്രൻ, ഇ പി ജയരാജൻ എന്നീ പുതുമുഖ മന്ത്രിമാർ പരിസ്ഥിതി സംബന്ധമായ കാരണങ്ങളാൽ ഉപേക്ഷിക്കാൻ നിർബന്ധിതമായ അതിരപ്പിള്ളി പദ്ധതിയും കണ്ടൽകാട്‌ പാർക്ക്‌ പദ്ധതിയും കുത്തിപ്പൊക്കിയത്‌ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനത്തെ കുറിച്ച്‌ സംശയങ്ങളുണർത്തുന്നു. ആദ്യത്തേത്ത്‌ സർക്കാർ തലത്തിൽ തയ്യാറാക്കപ്പെട്ട ജലവൈദ്യുത പദ്ധതിയാണ്‌. രണ്ടാമത്തേത്‌ സിപിഐഎം നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റി ആവിഷ്കരിച്ച വിനോദസഞ്ചാര പദ്ധതിയാണ്‌. ശാസ്ത്രീയമായ പഠനങ്ങളിലൂടെ വെളിപ്പെട്ട എന്തെങ്കിലും പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഈ വിനാശകരമായ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്‌.

അതിരപ്പിള്ളി പ്രശ്നത്തിൽ മന്ത്രിയുടെ സമീപനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്താവം സിപിഐയുമായി പരസ്യമായ വാക്കുതർക്കത്തിലേക്ക്‌ നയിച്ചിട്ടുമുണ്ട്‌. പരിസ്ഥിതിവാദമുയർത്തി വികസന പദ്ധതികൾക്ക്‌ തടസം സൃഷ്ടിക്കുന്നവരെ മുഖ്യമന്ത്രി പരിസ്ഥിതിമൗലികവാദികളെന്ന്‌ മുദ്രകുത്തി. ഈ വിഷയത്തിലുള്ള ചേരിതിരിവിന്റെ സ്വഭാവം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്‌. ഒരു വശത്ത്‌ വികസനവാദികളും (അഥവാ വികസന മൗലികവാദികളും) മറുവശത്ത്‌ പരിസ്ഥിതി വാദികളും (അഥവാ പരിസ്ഥിതി മൗലികവാദികളും) ആണെന്നത്‌ തികച്ചും ഉപരിപ്ലവമായ കാഴ്ചപ്പാടാണ്‌. ഓരോ പരിസ്ഥിതി പ്രശ്നവും സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു വശത്ത്‌ സാമ്പത്തിക സ്ഥാപിത താൽപര്യങ്ങളും മറുവശത്ത്‌ വിശാല സാമൂഹ്യ താൽപര്യങ്ങളുമാണെന്ന്‌ കാണാനാകും. ചിലർക്ക്‌ കാടും കുന്നും പുഴയും കായലുമൊക്കെ വിറ്റ്‌ കാശാക്കി കീശ വീർപ്പിക്കാനുള്ള ആസ്തികളാണ്‌. എന്നാൽ ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അവ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിനായി സംരക്ഷിക്കേണ്ട പ്രകൃതി വിഭവങ്ങളാണ്‌.

കേരളത്തിൽ സ്ഥാപിത താൽപര്യങ്ങളും ബഹുജനതാൽപര്യങ്ങളും ആദ്യമായി ഒരു പദ്ധതിയുടെ പേരിൽ ഏറ്റുമുട്ടിയത്‌ വൈദ്യുതി ഉൽപാദനത്തിനായി സംരക്ഷിത വനപ്രദേശമായ സെയിലന്റ്‌വാലിയിൽ അണ കെട്ടാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ്‌. എല്ലാ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥന്മാരും തൊഴിലാളി സംഘടനകളും മാധ്യമങ്ങളും അന്ന്‌ ഒരു വശത്തായിരുന്നു. വൈദ്യുതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിതം സുഖകരമാക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിൽ മധ്യവർഗ്ഗവും ഏറെക്കുറെ അവരോടൊപ്പം നിന്നു. മറുവശം അതീവ ദുർബലമായിരുന്നു. ഏതാനും കവികളും സാംസ്കാരിക പ്രവർത്തകരും മാത്രം. അന്നത്തെ കേന്ദ്ര നേതൃത്വത്തിന്‌ വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ നല്ല ബോധമുണ്ടായിരുന്നതു കൊണ്ടാണ്‌ പദ്ധതി തടയപ്പെട്ടത്‌.

മുഖ്യമന്ത്രിയെന്ന നിലയിൽ സെയിലന്റ്‌ വാലി പദ്ധതിക്കുവേണ്ടി വാദിച്ച പി കെ വാസുദേവൻ നായർ അന്ന്‌ തങ്ങളെടുത്ത നിലപാട്‌ തെറ്റായിരുന്നെന്ന്‌ വർഷങ്ങൾക്കുശേഷം ഏറ്റുപറഞ്ഞു. അതിനെ തുടർന്നാണ്‌ സിപിഐ നിലപാട്‌ പുനഃപരിശോധിച്ച്‌ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിച്ചത്‌.
പരിസ്ഥിതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ ബഹുജനതാൽപര്യങ്ങൾ അവഗണിച്ചുകൊണ്ട്‌ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ദുരന്തഫലങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചു കിടപ്പുണ്ട്‌. എന്നിട്ടും ഈ വിഷയത്തിൽ മറ്റ്‌ രാഷ്ട്രീയ കക്ഷികൾ പുനർചിന്തനത്തിന്‌ തയാറാകാത്തത്‌ സ്ഥാപിത താൽപര്യങ്ങളുടെ ശക്തിക്ക്‌ തെളിവാണ്‌.

ജനകീയസമരങ്ങളുടെ ഫലമായി വായുവും വെള്ളവും മലിനീകരിച്ച പല പ്രവർത്തനങ്ങളും നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായിട്ടുണ്ട്‌. കാസർകോട്ട്‌ എൻഡോസൾഫാൻ വിതറി ദുരിതം വിതച്ചത്‌ ഒരു പൊതുമേഖലാ സ്ഥാപനമാണ്‌. വിഷം വിതറുന്നത്‌ നിർത്തിയിട്ട്‌ വർഷങ്ങളേറെയായെങ്കിലും അവിടെ ഇപ്പോഴും വൈകല്യമുള്ള കുട്ടികൾ ജനിക്കുന്നു. തൊഴിൽ സൃഷ്ടിക്കാനായി സർക്കാർ ക്ഷണിച്ചുകൊണ്ടു വന്ന വൻകിട മുതലാളിയുടെ സ്വകാര്യ സ്ഥാപനമാണ്‌ ചാലിയാർ പുഴയും സമീപപ്രദേശത്തെ വായുവും വിഷലിപ്തമാക്കിയത്‌. നീണ്ട ബഹുജന പ്രക്ഷോഭത്തെ തുടർന്ന്‌ ഫാക്ടറി അടച്ചുപൂട്ടപ്പെട്ടു. അതോടെ മരിച്ചുകൊണ്ടിരുന്ന പുഴയ്ക്ക്‌ പുനർജന്മമുണ്ടായി. എല്ലാ പരിസ്ഥിതി നശീകരണവും ഈവിധത്തിൽ തിരുത്താവുന്നതല്ല.

പ്ലാച്ചിമടയിൽ വലിയതോതിൽ വെള്ളം ഊറ്റിയെടുക്കുകയും കൃഷിഭൂമി ഉപയോഗശൂന്യമാക്കുകയും ചെയ്ത ബഹുരാഷ്ട്ര കമ്പനികൾക്കും ജനരോഷത്തെ തുടർന്ന്‌ പ്രവർത്തനം നിർത്തേണ്ടി വന്നു. മലിനീകരണത്തിനുത്തരവാദിയായ കമ്പനിയിൽ നിന്ന്‌ ജനങ്ങൾക്ക്‌ നഷ്ടപരിഹാരം നേടാനുതകുന്ന ഒരു നിയമം കേരള നിയമസഭ പാസാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരുന്നു. കേന്ദ്ര അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്തതുകൊണ്ട്‌ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ വിഷയം ശക്തമായി കേന്ദ്രത്തിന്റെ മുന്നിലുയർത്താൻ സംസ്ഥാനത്തെ ഒരു സർക്കാരും മെനക്കെട്ടിട്ടില്ല.

തിരുവനന്തപുരം നഗരസഭ തങ്ങളുടെ ഗ്രാമത്തിൽ സ്ഥാപിച്ച മാലിന്യസംസ്കരണശാല പൂട്ടിക്കാൻ വിളപ്പിൽശാലയിലെ ജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിന്‌ ജനകീയസമരങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്‌. നഗരസഭയുടേത്‌ തികച്ചും അശാസ്ത്രീയമായ പദ്ധതിയായിരുന്നു. ഒരു വ്യവസായി സ്ഥാപിച്ച ഫാക്ടറി പിന്നീട്‌ നഗരസഭ ഏറ്റെടുക്കുകയും ജനഹിതത്തിന്‌ വിരുദ്ധമായി അത്‌ നിലനിർത്താൻ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തുകയും ചെയ്തു. ജനരോഷത്തിന്റെ മുന്നിൽ നഗരസഭയ്ക്കും സർക്കാരിനും സർവോന്നത കോടതിക്കും പിൻവാങ്ങേണ്ടി വന്നു.

രാഷ്ട്രീയ കേരളത്തിന്റെ ജനദ്രോഹപരമായ നടപടികളുടെയും അതിനെതിരെ ജനങ്ങൾ നടത്തിയ വിജയകരമായ സമരങ്ങളുടെയും ചരിത്രം വളരെ നീണ്ടതാണ്‌. ഈ സമരങ്ങളിൽ പരിസ്ഥിതി പ്രശ്നം അടങ്ങിയിരുന്നെങ്കിലും അടിസ്ഥാനപരമായി അവയെല്ലാം സ്ഥാപിത താൽപര്യങ്ങളും ബഹുജനതാൽ്പര്യങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളായിരുന്നു. മിക്ക രാഷ്ട്രീയ കക്ഷികളും, തുടക്കത്തിൽ സ്ഥാപിത താൽപര്യങ്ങൾക്കൊപ്പമായിരുന്നു. ജനങ്ങൾ സമരത്തിനൊപ്പമാണെന്ന്‌ ബോധ്യമായപ്പോൾ ഒറ്റപ്പെടൽ ഒഴിവാക്കാനായി കക്ഷികൾ പ്രാദേശിക നേതാക്കളെ സമരത്തിനനുകൂലമായ നിലപാടെടുക്കാൻ അനുവദിച്ചു. എന്നാൽ അവയുടെ സംസ്ഥാന നേതൃത്വം വ്യക്തമായും ജനപക്ഷത്ത്‌ നിലയുറപ്പിച്ച ഒരവസരം ഓർത്തെടുക്കാൻ എളുപ്പമല്ല. പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടതുകൊണ്ടൊ മുഖം മിനുക്കൽ നടത്തിയതുകൊണ്ടൊ ഈ ചരിത്രസത്യം മറച്ചുപിടിക്കാനാവില്ല.

വൈദ്യുതി വിഷയത്തിൽ കേരളം പതിറ്റാണ്ടുകൾ പിന്നിലാണ്‌. ജലവൈദ്യുതി പദ്ധതികളിൽ മാത്രം പ്രവർത്തിച്ചു പരിചയമുള്ള വൈദ്യുതി എൻജിനീയർമാർക്ക്‌ അതിനപ്പുറം ചിന്തിക്കാൻ കഴിയുന്നില്ല. മറ്റൊരു സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു വൈദ്യുതി പദ്ധതി വിദേശ സഹായത്തോടെ ബ്രഹ്മപുരത്ത്‌ സ്ഥാപിക്കപ്പെട്ടിരുന്നു. അത്‌ ഇന്ന്‌ പൂർണമായി പ്രവർത്തിക്കുന്നില്ല. ജലേതര പദ്ധതികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിച്ചാൽ കാറ്റാടി, സൗരോർജ്ജ പദ്ധതികളിലൂടെ പരിസ്ഥിതിക്ക്‌ വലിയ കോട്ടം തട്ടാത്ത രീതിയിൽ നമ്മുടെ വൈദ്യുതി പ്രശ്നത്തിന്‌ പരിഹാരം കാണാനാകും.

കണ്ടൽകാട്‌ പാർക്ക്‌ പദ്ധതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടില്ല. ഇ പി ജയരാജന്റെ പ്രസ്താവം അദ്ദേഹം തള്ളിപ്പറയാത്തതിനാൽ അദ്ദേഹം അതിനെയും അനുകൂലിക്കുന്നെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

തെറ്റുകളിൽ നിന്ന്‌ തെറ്റുകളിലേയ്ക്കുള്ള പോക്ക്‌ അവസാനിച്ചേ മതിയാകൂ. ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയെന്ന നിലയിൽ വികസന സമീപനത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക്‌ നേതൃത്വം നൽകാൻ സി.പി. ഐഎം തയ്യാറാകണം. പരിസ്ഥിതി സംരക്ഷണം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ്‌. തൈ നടൽ പോലുള്ള പ്രതീകാത്മക പരിപാടികൾ ശാസ്ത്രീയ നടപടികൾക്ക്‌ പകരമാവില്ല.

No comments: