Wednesday, June 15, 2016

മാറി ചിന്തിച്ചാൽ എല്ലാം ശരിയാവും

പാഠഭേദത്തിന്റെ ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പാണിത്. പുതിയ സർക്കാരിലുള്ള പ്രതീക്ഷകളെ കുറിച്ച് ഡോ. ബി.ഇൿബാൽ, ശാരദക്കുട്ടി, പി.ഗീത, മ്യൂസ് മേരി, ദീദി ദാമോദരൻ, ഡോ. ഖദീജാ മുംതാസ് തുടങ്ങിയവർ എഴുതിയതും ഈ ലക്കത്തിലുണ്ട്.   

 ബി.ആർ.പി. ഭാസ്കർ

അതിവേഗത്തിൽ നഗരവത്കരണം നടക്കുന്ന നാടാണ് നമ്മുടേത്. ഇത് മനസിലാക്കി യഥാകാലം അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കാതിരുന്നതുകൊണ്ടാണ് നാം കുറച്ചു നാളായി നേരിടുന്ന മാലിന്യസംസ്കരണം പോലുള്ള പ്രശ്നങ്ങൾ ഉയർന്നുവന്നത്. അഴിമതി ആരോപണങ്ങൾ വിളിച്ചുവരുത്തിയ പല പരിപാടികളും നമ്മുടെ ആവശ്യങ്ങൾ പഠിക്കാതെ യന്ത്രസാമഗ്രികളൊ മറ്റെന്തെങ്കിലുമൊ വിൽക്കാനാഗ്രഹിക്കുന്നവരുമായി കരാറിൽ ഏർപ്പെട്ടതിന്റെ ഫലമായാണുണ്ടായത്. സംസ്ഥാന സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി ശാസ്ത്രീയമായ രീതിയിൽ വിശാല വീക്ഷണത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി അവ നടപ്പാക്കുകയും വേണം.
ല്ലാവർക്കും ആഹാരവും തല ചായ്ക്കാനിടവും, ഐ.ടി മേഖലയിലുൾപ്പെടെ 25 ലക്ഷം തൊഴിലുകൾ, അഞ്ചു കൊല്ലത്തേക്ക് വിലക്കയറ്റമില്ലാത്ത വിപണി എന്നിങ്ങനെ ചില പരിപാടികൾ എൽ.ഡി.എഫ് പ്രകടനപത്രത്തിലുണ്ട്. എങ്ങനെയാണ് ഇതെല്ലാം ചെയ്യാൻ പോകുന്നതെന്ന് അത് പറയുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.
പല കാലങ്ങളിൽ നടപ്പാക്കിയ ഏതാനും ക്ഷേമപദ്ധതികൾ നിലവിലുണ്ട്. അവയിൽ പലതും കേരളം ദരിദ്ര സംസ്ഥാനമായിരുന്നപ്പോൾ തുടങ്ങിയവയാണ്. മാറിയ സാഹചര്യങ്ങളിൽ അവയെ ഏകോപിപ്പിക്കുകയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പൊതു ക്ഷേമ ആരോഗ്യ പദ്ധതിയായി വികസിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത ആരായണം.
ക്ഷേമപരിപാടികളുടെ നടത്തിപ്പിലെ പക്ഷപാതപരമായ സമീപനം ജനാധിപത്യത്തിൽ പൊതുവെയും, രാഷ്ട്രീയ കക്ഷികളിൽ പ്രത്യേകിച്ചും, വിശ്വാസം നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. നീതിപൂർവമായ രീതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനു വ്യവസ്ഥ ചെയ്യണം.
സി.പി.എമ്മിന്റെ പൂർണ്ണ പിന്തുണയില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ എൽ.ഡി.എഫ് മുഖ്യമന്ത്രിക്ക്  ഫലപ്രദമായി പ്രവർത്തിക്കാനായില്ല. പിണറായി വിജയന് അങ്ങനെയൊരു പ്രശ്നമില്ല. നോക്കുകൂലി തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ സി.പി.എം. നേതാവ് അദ്ദേഹമാണ്. മാറി ചിന്തിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇത് വ്യക്തമാക്കുന്നു. ആവശ്യമുള്ളിടത്ത് മാറി ചിന്തിച്ച് എല്ലാം ശരിയാക്കാൻ അദ്ദേഹത്തിന് കഴിയുമാറാകട്ടെ. (മേയ് 22, 2016)

No comments: