തെരഞ്ഞെടുപ്പു ഫലത്തിന്റെ അർത്ഥതലങ്ങൾ
ബി.ആർ.പി. ഭാസ്കർ
ജനശക്തി
മുദ്രാവാക്യങ്ങളെല്ലാം കേട്ട ശേഷം കേരള ജനത അഴിമതിയുടെ വികസനം
വേണ്ടെന്നു തീരുമാനിച്ചു. പുതിയ വഴികാട്ടികൾ വേണ്ടെന്നും വെച്ചു. കഴിഞ്ഞ 36
വർഷമായി ഓരോ തെരഞ്ഞെടുപ്പിലും ചെയ്തതു പോലെ അവർ ഭരണ മുന്നണിയെ തഴഞ്ഞ്
എതിർ മുന്നണിയെ അധികാരത്തിലേറ്റി. അങ്ങനെ എൽ.ഡി. എഫ് വന്നു ഇനി എല്ലാം ശരിയാകാനുള്ള കാത്തിരിപ്പ്.
ഇത്തവണ എല്ലാം പഴയ പോലെയല്ല നടന്നത്. ഒരിടത്ത് ബി.ജെ.പിയുടെ താമര വിരിഞ്ഞു.
അങ്ങനെ നിയമസഭയിൽ ആ കഷിക്ക് ആദ്യമായി പ്രാതിനിധ്യം ലഭിച്ചു. ഏഴിടങ്ങളിൽ അതിന്റെ സ്ഥാനാർത്ഥികൾ രണ്ടാം
സ്ഥാനത്തെത്തി. ഒരിടത്ത് വെറും 89 വോട്ടിനാണ് അതിന് സീറ്റ് നഷ്ടപ്പെട്ടത്. യു.ഡി.എഫിന്റെയൊ എൽ.ഡി.എഫിന്റെയൊ ഭാഗമായി നേരത്തെ
നിയമസഭകളിലെത്തിയ പി.സി. ജോർജ് എന്ന ഒറ്റയാൻ ഉത്തവണ ഒരു
മുന്നണിയുടെയും പിന്തുണ ഇല്ലാതെ
ജയിച്ചു. എൽ.ഡി.എഫിന് അവിടെ ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കി ലും
താനാണ് യഥാർത്ഥ എൽ.ഡി. എഫ് സ്ഥാനാർത്ഥിയെന്ന അവകാശവാദം നാട്ടുകാർ
വിശ്വസിച്ചിരിക്കാം. ഏതായാലും ഈ രണ്ടുപേരുടെയും വിജയത്തെ ഇരുമുന്നണി
സമ്പ്രദായം തകരുന്നതിന്റെെ തെളിവായി
കാണാനാകില്ല. എന്നാൽ അതിനെ തകർക്കാനാകുമെന്ന് അവ സൂചിപ്പിക്കുന്നു.
യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസ് തകർച്ചയുടെ
പാതയിലാണ്. യഥാർത്ഥത്തിൽ കഴിഞ്ഞ
തെരഞ്ഞെടുപ്പിൽ തന്നെ അത് പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് അതിന്റെ 81
സ്ഥാനാർത്ഥികളിൽ
പകുതിയിലധികവും തോറ്റു. യു.ഡി.എഫ് 72 സീറ്റോടെ ജയിക്കുകയും കോൺഗ്രസിന് 38
സീറ്റോടെ ആ
മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം നിലനിർത്താൻ കഴിയുകയും
ചെയ്തതുകൊണ്ട്
അന്നത്തെ പരാജയം വലിയ ശ്രദ്ധ നേടിയില്ല. കൂടുതൽ കനത്ത പരാജയമാണ് ഇത്തവണ
ഉണ്ടായിട്ടുള്ളത്.
മത്സരരംഗത്തുണ്ടായിരുന്ന 87 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 22 പേർ മാത്രമാണ്
ജയിച്ചത്.
മുന്നണിയിലെ അടുത്ത വലിയ കക്ഷിയായ മുസ്ലിം ലീഗിനേക്കാൽ നാലു സീറ്റ്
മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ കൂടുതലായുള്ളത്. ഇനിയും താഴോട്ടു പോയാൽ
കോൺഗ്രന്റെയും ഒപ്പം യു.ഡി.എഫിന്റെയും
കഥ കഴിയും. എ. കെ. ആന്റണിയിൽ നിന്ന് ‘എ’ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത
ഉമ്മൻ
ചാണ്ടിയും കെ.കരുണാകരന്റെ തകർന്ന ‘ഐ’ ഗ്രുപ്പ് പുന:സംഘടിപ്പിച്ച്
പാർട്ടിക്കുള്ളിലെ തന്റെ സ്ഥാനം ഭദ്രമാക്കിയ രമേശ് ചെന്നിത്തലയും കൂടി
പാർട്ടിയെ ഈ
പതവത്തിലാക്കിയെന്ന വസ്തുത അണികളും കേന്ദ്ര സംസ്ഥാന നേതാക്കളും മനസിലാക്കിയ
ലക്ഷണമില്ല.
ഇത്രകാലവും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി.
ഇത്തവണ എൻ.ഡി.എ സഖ്യവുമായാണ് രംഗപ്രവേശം ചെയ്തത്. എസ്.എൻ.ഡി.പി. യോഗം ജനറൽ
സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ മകൻ തുഷാർ
വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ
രൂപീകരിച്ച ഭാരത് ധർമ്മ ജന സേന എന്ന കക്ഷിയായിരുന്നു കേരളത്തിലെ എൻ.ഡി.എയിൽ ബി.ജെ.പിയുടെ
മുഖ്യ കൂട്ടാളി. യോഗം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പു രംഗത്തിറങ്ങുമെന്ന്
ഏറെ നാളായി ഭീഷണി മുഴക്കിയിരുന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ വെള്ളാപ്പള്ളി ധൈര്യപ്പെട്ടത്
മോദിയുടെ അനുഗ്രഹം ലഭിച്ച ശേഷമാണ്. നമ്പൂതിരീ മുതൽ നായാടി വരെയുള്ള എല്ലാ
വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഹിന്ദു പാർട്ടിയായാണ് ബി.ഡി.ജെ.എസ്. രൂപകല്പന
ചെയ്യപ്പെട്ടത്. പേരിലെ ഭാരത, സേന പരാമർശങ്ങൾ സംഘടനയുടെ ഹിന്ദുത്വ സ്വഭാവം വെളിപ്പെടുത്തുന്നു.
ബി.ജെ.പി. 36 സീറ്റുകൾ അതിന് വിട്ടുകൊടുത്തു. യോഗക്ഷേമ സഭയുടെയും പുലയ മഹാസഭയുടെയും
നേതാക്കളും ബി.ഡി.ജെ.എസ് പട്ടികയിലുണ്ടായിരുന്നെങ്കിലും അതിന്റെ സ്ഥാനാർത്ഥികളിലേറെയും വെള്ളാപ്പള്ളി
ഭക്തരായ എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളായിരുന്നു. ഒരു സ്ഥാനാർത്ഥി പോലും ജയിച്ചില്ലെന്നു മാത്രമല്ല
ഒരു മണ്ഡലത്തിലും അതിന് രണ്ടാം സ്ഥാനത്ത് എത്താനുമായില്ല. ബി.ഡി.ജെ.എസ്
എട്ടുമിലയിൽ പൊട്ടിയതോടെ യോഗത്തിന്റെ മേലുള്ള വെള്ളാപ്പള്ളിയുടെ
ആധിപത്യമുപയോഗിച്ച് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു ജാതി സമൂഹമായ ഈഴവരുടെ പിന്തുണ നേടാമെന്ന
മോദിയുടെയും ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായുടെയും പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.
ജനസംഘത്തിന്റെ കാലത്തു തന്നെ ഹിന്ദൂത്വചേരി ഈഴവ സമൂഹത്തിൽ കണ്ണു
നട്ടിരുന്നു. ജനസംഘത്തിന്റെ ദേശീയ സമിതി 1970കളിൽ കോഴിക്കോട്ട് ചേർന്നപ്പോൾ
വേദിയിൽ ഒരു പടമേ ഉണ്ടായിരുന്നുള്ളു. അത് ശ്രീനാരായണ ഗുരുവിന്റേതായിരുന്നു. ജാതിഭേദവും
മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ഗുരുവിന്റെ നവോത്ഥാന സങ്കല്പമാണ് ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ
ഇത്രകാലവും തടഞ്ഞു നിർത്തിയത്. ആ സാഹചര്യം തിരുത്തിക്കുറിക്കുവാൻ
വെള്ളാപ്പള്ളിയുടെ സ്വാർത്ഥതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക്
കഴിഞ്ഞിട്ടില്ല. ഗുരുവിന്റെ ഉദാത്തമായ ആശയങ്ങളിലൂടെ പുരോഗമന സ്വഭാവം ആർജിച്ച സമുദായം
രാഷ്ട്രീയരംഗം ചടുലമായപ്പോൾ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ആദ്യം കോൺഗ്രസിന്റെയും
പിന്നീട് കൂടുതൽ പുരോഗമന സ്വഭാവമുള്ളതായി അവർ കണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും
പിന്നിൽ അണിനിരന്നു. ദീർഘകാലം യോഗത്തിന്റെ സാരഥിയായും കോൺഗ്രസിന്റെ മുൻനിര
നേതാവുമായിരുന്ന ആർ.ശങ്കറെ തെക്കൻ
കേരളത്തിലെ ഈഴവർക്ക് സംഖ്യാബലമുള്ള മണ്ഡലങ്ങലിൽ ഇടതു പക്ഷത്തെ യുവ സ്ഥാനാർത്ഥികൾക്ക്
പരാജയപ്പെടുത്താനായത് അതുകൊണ്ടാണ്. പ്രഗത്ഭനായ ശങ്കർ പരാജയപ്പെട്ടിടത്ത്
വെള്ളാപ്പള്ളി നടേശൻ എങ്ങനെ വിജയിക്കും? സമീപ കാലത്ത് യോഗേന്ദ്ര യാദവ് നടത്തിയ തെരഞ്ഞെടുപ്പു
പഠനങ്ങളനുസരിച്ച് 65 ശതമാനം ഈഴവ വോട്ടുകൾ എൽ.ഡി.എഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫിനെപ്പോലെ
എൽ.ഡി.എഫും സംഘടിത സ്ഥാപിത താല്പര്യങ്ങളെ പ്രീണിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇടതു
അനുഭാവികളിൽ പ്രകടമായിട്ടുള്ള അതൃപ്തി മുതലെടുക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. താഴേത്തട്ടുകളിൽ
അതൃപ്തിയുണ്ടെന്നത് യാഥാർത്ഥ്യമാണ്. ബി.ഡി.ജെ.എസിന്റെ പ്രകടനം വെള്ളാപ്പള്ളിയെ
പരിഹാരമാർഗ്ഗമായി സമൂദായം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു.
ഓരോ കക്ഷിക്കും ലഭിച്ച വോട്ടിന്റെ കൃത്യമായ കണക്ക് കിട്ടാൻ
സമയമെടുക്കും. എന്നാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള പ്രാഥമിക വിവരത്തിൽ നിന്നു തന്നെ എൽ.ഡി.എഫിന്റെ
വിജയവും യു.ഡി.എഫിന്റെ പരാജയവും സംഭവിച്ചതെങ്ങനെയെന്ന് മനസിലാക്കാനാകും. കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പിൽ 45.83 ശതമാനം വോട്ടോടെയാണ് യു.ഡി.എഫ് 72 സീറ്റ് നേടിയത്.
എൽ.ഡി.എഫ് 45.19 ശതമാനം വോട്ടും 68 സീറ്റുമായി തൊട്ടു പിന്നിലുണ്ടായിരുന്നു.
ബി.ജെ.പിക്ക് കിട്ടിയത് 6.06 ശതമാനം. ഇത്തവണ എൽ.ഡി.എഫിന് 43.31
ശതമാനം വോട്ട് കിട്ടി. അതായത് അതിന്റെ വോട്ടു വിഹിതം കൂടുകയല്ല 1.88 ശതമാന പോയിന്റ് കുറയുകയാണുണ്ടായത്. എന്നിട്ടും
എൽ.ഡി.എഫിന് അധികാരം കിട്ടിയത് യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ അതിലും വലിയ
കുറവുണ്ടായതുകൊണ്ടാണ്. അതിന് കിട്ടിയത് 38.86 ശതമാനം മാത്രം. അതിന്റെ നഷ്ടം 6.97
ശതമാന പോയിന്റ്.
രണ്ട് മുന്നണികൾക്കും കൂടി നഷ്ടമായത് 8.85 ശതമാനം വോട്ടാണ്. അത്
മൊത്തത്തിൽ എൻ.ഡി.എക്ക് പോയി. അതിന്റെ വോട്ട് വിഹിതം 6.06 ശതമാനത്തിൽ നിന്ന് 15.01
ശതമാനമായി ഉയർന്നു – 8.95 ശതമാന പോയിന്റിന്റെ വർദ്ധനവ്. വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിയുടെ
വോട്ടു വിഹിതത്തിലുണ്ടായ വർദ്ധനവിൽ ചെറിയ പങ്കെ അവകാശപ്പെട്ടിട്ടുള്ളു. വിനയത്തോടെയുള്ള
ആ അവകാശവാദം നിഷേധിക്കേണ്ടതില്ല. പക്ഷെ വെള്ളാപ്പള്ളി എൻ.ഡി.എയിലേക്ക്
തിരിച്ചുവിട്ടത് ആരുടെ വോട്ടാണ്? അത് ഇടതു അനുഭാവികളായ ഈഴവരുടേതാകില്ല. ഏതായാലും എൽ.ഡി.എഫിന്റെ
നഷ്ടം ചെറുതായതുകൊണ്ട് ആ വിഭാഗത്തെ സ്വാധീനിച്ചെങ്കിൽ തന്നെ തീരെ ചെറിയ തോതിൽ മാത്രമാകണം.
അതായത് വെള്ളാപ്പള്ളി ഈഴവ വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ തന്നെ കൂടുതൽ നഷ്ടം
സംഭവിച്ചത് യു.ഡി.എഫിനാകാനാണിട.
ബി.ഡി.ജെ.എസിന്റെ പിന്തുണ സഹായകമായെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക
വിലയിരുത്തൽ. എൻ.ഡി.എയിലേക്ക് വെള്ളാപ്പള്ളി ഈഴവ വോട്ടുകൾ തിരിച്ചുവിട്ടതുമൂലമുണ്ടായ
നഷ്ടം സി.പി.എം മറ്റ് വിഭാഗങ്ങളിൽ നിന്ന് പിന്തുണ
നേടി നികത്തിയെന്നാണ് അവരുടെ പക്ഷം. ഈ വാദം പൂർണ്ണമായും തള്ളിക്കളയാനാവില്ല. ന്യൂനപക്ഷ പിന്തുണ
ലക്ഷ്യമിട്ട് മലപ്പുറത്തും ഇടുക്കിയിലും മറ്റും എൽ.ഡി.എഫ് നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചെങ്കിൽ തീർച്ചയായും അതിന്റെ പരമ്പരാഗത വോട്ടിൽ സമാനമായ അളവിൽ നഷ്ടവും ഉണ്ടായിരിക്കണം.
No comments:
Post a Comment