Wednesday, May 18, 2016

‘‘ശില്പ’ത്തോട് വിട പറയുമ്പോൾ


ഇത് ശില്പം. തിരുവനന്തപുരത്ത് 22 കൊല്ലം താമസിച്ച വീട്. ഇത്ര നീണ്ട കാലം ഞാൻ മറ്റൊരു വീട്ടിലും താമസിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. നവംബറിൽ ഒരു ചെറു സന്ദർശനത്തിനായി ഞാനും ഭാര്യയും തിരുവനന്തപുരത്ത് വന്നപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായി. നഗരം ദുരിതത്തിൽ നിന്ന് മോചിതമായ ശേഷം തിരിച്ചു പോയാൽ മതിയെന്നു ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ശില്പത്തിൽ വീണ്ടും മൂന്നു മാസം താമസിച്ചു. സാഹചര്യങ്ങൾ താമസം ചെന്നൈയിലേക്ക് മാറ്റാൻ നിർബന്ധിച്ചതിന്റെ ഫലമായി ഉപേക്ഷിക്കേണ്ടി വന്ന സൌഭാഗ്യത്തെ കുറിച്ച് അത് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

ഉപജീവനമാർഗ്ഗമായി ഇംഗ്ലീഷ് പത്രപ്രവർത്തനം തെരഞ്ഞെടുത്തതിനെ തുടർന്ന് 1952ൽ കൊല്ലം നഗരം വിടുമ്പോൾ തന്നെ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കേരളത്തിലേക്ക് തിരിച്ചു വരണമെന്ന് മനസിലുറപ്പിച്ചിരുന്നു. വൻ‌നഗരങ്ങളിൽ ദീർഘകാലം കഴിഞ്ഞെങ്കിലും മാനസികമായി ഞാൻ ഒരു ‘ചെറുപട്ടണവാസി’ ആയി തുടർന്നു. ഡൽഹിയേക്കാളും മുംബായിയേക്കാളും ബംഗ്ലൂരിനേക്കാളും ശ്രീനഗർ എനിക്ക് പ്രിയങ്കരമായി. കൊല്ലം വിട്ട് ഒരു വർഷം കഴിഞ്ഞ് അവധിയിലെത്തിയപ്പോൾ വഴിയിൽ കണ്ടുമുട്ടിയവർ “എപ്പോൾ വന്നു?” എന്ന് അന്വേഷിക്കുകയുണ്ടായി. ശ്രീനഗരിലായിരുന്ന കാലത്തും നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അതേ അനുഭവമുണ്ടായി. അക്കാലത്ത് രണ്ടും എല്ലാവർക്കും എല്ലാവരെയും അറിയാവുന്ന കൊച്ചു പട്ടണങ്ങളായിരുന്നു. 

നാല്പതു കൊല്ലങ്ങൾക്കുശേഷം കേരളത്തിൽ തിരിച്ചെത്തിയത് ജീവിതത്തിന്റെ ഏറിയ പങ്കും സംസ്ഥാനത്തിന് പുറത്തു ജീവിച്ചയാളായാണ്. ആ കാലയളവിൽ ദരിദ്ര കേരളം സമ്പന്ന കേരളമായി മാറാൻ തുടങ്ങിയിരുന്നു. താമസം കൊല്ലത്തിന് പകരം തിരുവനന്തപുരം നഗരത്തിനു പുറത്തുള്ള  ചെറുപട്ടണ സ്വഭാവമുള്ള ചെറുവയ്ക്കലിലാക്കി. അന്ന് അത് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അവിടെ വീടു വെക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിച്ചു തന്നത് ഭാര്യയുടെ സഹോദരീഭർത്താവ് വി..എൻ.പി. പണിക്കർ ആണ്  സി.പി.എംകാരും ആർ.എസ്. എസുകാരും സ്ഥിരമായി വാൾപ്പയറ്റും കത്തിക്കുത്തും നടത്തുന്ന സ്ഥലമെന്ന ദുഷ്പേരുണ്ടായിരുന്നതു കൊണ്ട് ചെറുവയ്ക്കലിൽ ഭൂമി വില കുറവായിരുന്നു. എന്റെ ചെറിയ സമ്പാദ്യം കൊണ്ട് തിരുവനന്തപുരം നഗരത്തിനടുത്ത് മറ്റെങ്ങും സ്ഥലം വാങ്ങാൻ കഴിയുമായിരുന്നില്ല്ല. അതുകൊണ്ട് ചെറുവയ്ക്കലിന് ചീത്തപ്പേര് സമ്പാദിച്ചു കൊടുത്ത പ്രസ്ഥാനങ്ങളോട് എനിക്ക് വലിയ കടപ്പാടുണ്ട്.


ജോലിയിൽ നിന്ന് വിരമിച്ച എനിക്ക് ഭവന വായ്പ കിട്ടാൻ പ്രയാസമാകുമെന്നതുകൊണ്ട് മകൾ ബിന്ദു ഭാസ്കറിന്റെ പേരിലാണ് സ്ഥലം വാങ്ങിയത്.  ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് വലിയ തോതിൽ കെട്ടിട നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ചു. വർഷങ്ങൾക്കുശേഷം കേന്ദ്രം പത്മശ്രീ നൽകി അദേഹത്തെ ആദരിച്ചു.

ഞങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ശങ്കർ പ്ലാൻ തയ്യാറാക്കി..പറമ്പിലെ എട്ടു തെങ്ങുകളിലൊന്നുപോലും  മുറിക്കാതിരിക്കാൻ അദ്ദേഹം ചില ചുവരുകൾ വളച്ചു. ഒരു തെങ്ങ് അല്പം മാറ്റി വെച്ചു. ബിന്ദു അന്ന് ഫ്രണ്ട്‌ലൈനിന്റെ കേരളത്തിലെ പ്രതിനിധിയായിരുന്നു.  ശങ്കർ പ്ലാനിൽ എനിക്കും മകൾക്കും പ്രത്യേക പഠനമുറികൾക്ക് വ്യവസ്ഥ ചെയ്തു. പ്ലാൻ ഞങ്ങൾക്ക് ഇഷ്ടമായി. പണി തുടങ്ങുന്നതിനു മുമ്പ് തന്നെ എന്റെ ഭാര്യ വീടിന് ശില്പം എന്ന പേരു നിർദ്ദേശിച്ചു. മകൾക്ക്ം എന്നിക്കും അത് ഇഷ്ടപ്പെട്ടു. .

“നമുക്ക് പണി തുടങ്ങണ്ടേ?” ഒരു ദിവസം ശങ്കർ ചോദിച്ചു. പണം സ്വരൂപിക്കാൻ കൂടുതൽ സമയം വേണമെന്ന് ഞാൻ പറഞ്ഞു. “ഇപ്പോൾ കയ്യിൽ എന്തുണ്ട്?” എന്നായിരുന്നു അടുത്ത ചോദ്യം. എന്റെ ഉത്തരം കേട്ടപ്പോൾ അദേഹം പറഞ്ഞു: “ഫൌണ്ടേഷൻ കെട്ടാൻ അത് മതി. നമുക്ക് തുടങ്ങാം.“ അങ്ങനെ 1992 അവസാനം പണി തുടങ്ങി. എന്റെ മനസിൽ അപ്പോൾ പണി ഇടയ്ക്ക് മുടങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഭാഗ്യവശാൽ അതുണ്ടായില്ല. ഒക്ടോബർ 1993ന് ഞങ്ങൾ ശില്പത്തിൽ  താമസം തുടങ്ങി. അവിടാത്തെ താമസം അതീവ സന്തോഷകരമായിരുന്നു. 

ചെറുവയ്ക്കലിലെ താമസത്തിനിടയിൽ പൊതുവിൽ കേരളത്തിലെയും പ്രത്യേകിച്ച് ആ പ്രദേശത്തെയും മാറുന്ന സാഹചര്യങ്ങൾ പഠിക്കുവാനും ചെറിയ തോതിൽ മാറ്റത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. ചെറുവയ്ക്കലിലെ സി.പി.എം-ആർ.എസ്.എസ് സംഘട്ടനങ്ങൾ നിലച്ചു. ഉള്ളൂർ പഞ്ചായത്ത് തിരുവനന്തപുരം മഹാനഗരത്തിൽ ലയിച്ചു. ഭൂമി വില കൂടിയപ്പോൾ ചിലർ അവിടത്തെ സ്ഥലം വിറ്റിട്ട് കുറഞ്ഞ വിലയ്ക്ക് ഭൂമി കിട്ടുന്ന ദൂരസ്ഥലങ്ങളിലേക്ക് നീങ്ങി. അവരുടെ സ്ഥലം വാങ്ങിയവർ വലിയ വീടുകൾ പണിതു. അങ്ങനെ അത് തലമുറകളായി താമസിക്കുന്നവരും പുതുതായി വന്ന മദ്ധ്യവർഗ്ഗത്തിൽ പെട്ടവരുമുള്ള ഒരു പ്രദേശമായി മാറി. ഇരുവിഭാഗങ്ങളുമുൾപ്പെടുന്ന റസിഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. അസോസിയേഷന്റെ ആദ്യ അദ്ധ്യക്ഷനെന്ന നിലയിൽ അതിന്റെ പ്രഥമ ചുമതലയായി ഞാൻ കണ്ടത് രണ്ട് വിഭാഗങ്ങളുടെയും വ്യത്യസ്ത താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ്. 


കുടുംബസാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടായി. വിവാഹശേഷം മകൾ ചെന്നൈയിലേക്ക് പോയി. ഞാനൊ ഭാര്യയൊ അസുഖം ബാധിച്ച് ആശുപത്രിയിലായാൽ മകൾ ഓടി വരികയും ഞങ്ങൾ ആശുപത്രിയിൽ നിന്നിറങ്ങിയാലുടൻ തിരിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു.  തിരുവനന്തപുരത്തോട് വിട പറഞ്ഞ സ്ഥിതിക്ക് ശില്പത്തോടും വിട പറഞ്ഞേ മതിയാകൂ. കൈവിടും മുമ്പ് കുറച്ചു ദിവസം കൂടി ആ ശീതളഛായയിൽ ചിലവിടണമെന്നുണ്ട്.

ഓരോ ധാന്യത്തിലും അത് തിന്നാൻ പോകുന്നയാളിന്റെ പേര് എഴുതിയിട്ടുണ്ടെന്ന് ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്:. അതുപോലെ ഓരോ വീട്ടിന്റെ  ചുമരിലും അത് വാങ്ങാൻ പോകുന്നയാളിന്റെയൊ അവിടെ താമസിക്കാൻ പോകുന്നയാളിന്റെയൊ പേര് എഴുതിയിട്ടുണ്ടാകുമോ ആവോ!


3 comments:

Chittooraan said...

എന്തിനാ അത് വിക്കണത്? വിഷമം തോന്നുന്നു വായിച്ചിട്ട്...

Chittooraan said...
This comment has been removed by a blog administrator.
BHASKAR said...
This comment has been removed by the author.