Thursday, May 12, 2016

ജീർണതയുടെ അനാവരണം

ബി ആർ പി ഭാസ്കർ 

ജനയുഗ


കേരള സമൂഹത്തിൽ പടർന്നിട്ടുള്ള ജീർണതയുടെ അംശങ്ങൾ തുറന്നു കാട്ടുന്ന സംഭവങ്ങളുടെ പരമ്പര അവസാനിക്കുന്നില്ല. പെരുമ്പാവൂരിൽ പുറമ്പോക്കിലെ ഒറ്റമുറിയിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന ജിഷ എന്ന നിയമവിദ്യാർഥിനിയുടെ കൊലപാതകം ഈ പരമ്പരയിലെ അവസാനകണ്ണിയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പു കാലമായതുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ ഈർക്കിൽ പാർട്ടികളുടെ താണതല പ്രവർത്തകർ വരെ ഈ സംഭവം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്‌.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കേരളത്തിൽ പൊലീസുകാരുടെ എണ്ണം വലുതല്ല. എന്നാൽ പെരുമ്പാവൂർ പൊലീസിന്റെ കണ്ണെത്താത്ത സ്ഥലമല്ല. പത്രങ്ങൾ വിഐപി മരണങ്ങൾ ആഘോഷിക്കുകയും സാധാരണക്കാരുടെ മരണങ്ങളും യഥാസമയം കണ്ടെത്തി ചരമപ്പേജിൽ ഉൾപ്പെടുത്താൻ മത്സരിക്കുകയും ചെയ്യുന്നു. വിവരങ്ങളും ദൃശ്യങ്ങളും അതിവേഗം പ്രേക്ഷകരിലെത്തിക്കാൻ തത്സമയ സംപ്രേഷണ സംവിധാനവുമായി എവിടെയും പാഞ്ഞെത്താനാകുന്ന ചാനലുകൾ ഇവിടെയുണ്ട്‌. എന്നിട്ടും ജിഷയുടെ കൊലപാതകം ഏതാനും ദിവസം മൂടിവയ്ക്കപ്പെട്ടു. വമ്പിച്ച സ്വാധീനശക്തിയുള്ളവരുടെ ബോധപൂർവമായ ഇടപെടലിലൂടെയല്ലാതെ ഇത്‌ സാധ്യമാകുമായിരുന്നോ?
നവമാധ്യമങ്ങളിലൂടെ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നശേഷമാണ്‌ പൊലീസും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും സക്രിയമായത്‌. പിന്നീട്‌ മകളുടെ കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്ന്‌ മോചനം നേടാനായി ആശുപത്രിയിൽ പ്രവേശിച്ച ജിഷയുടെ അമ്മ രാജലക്ഷ്മിയുടെ അടുത്തേക്ക്‌ വിഐപികളുടെ പ്രവാഹമായി.

മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയെടുത്തതിന്റെ അടുത്ത ദിവസം ഡൽഹിയിൽ നിന്ന്‌ 230 കിലോമീറ്റർ മാത്രം ദൂരെയുള്ള ഉത്തർ പ്രദേശിലെ ബദ്വാൻ ജില്ലയിൽ രണ്ട്‌ ദലിത്‌ പെ ൺകുട്ടികളെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന്‌ മരത്തിൽ കെട്ടിത്തൂക്കുകയുണ്ടായി. ആ കുട്ടികളുടെ കുടുംബത്തോട്‌ സഹതാപം പ്രകടിപ്പിക്കാൻ മോഡി മെനക്കെട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗവും അങ്ങോട്ട്‌ പോയില്ല. കാരണം അവിടെ അപ്പോൾ തെ രഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഒരു കേന്ദ്രമന്ത്രി പെരുമ്പാവൂരിലെത്തി ജിഷയുടെ അമ്മയെ കണ്ടു. ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ വീഴ്ചയെ കുറിച്ച്‌ പാർലമെന്റിൽ പ്രസ്താവന നടത്തി.

കേന്ദ്ര വനിതാ കമ്മിഷൻ അധ്യക്ഷയെയും മോഡി ജിഷയുടെ അമ്മയെ സന്ദർശിച്ച്‌ സഹതാപം അറിയിക്കാനും അന്വേഷണം നടത്താനും നിയോഗിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹം പാവപ്പെട്ട ‘ദലിത്‌ മകളുടെ’ കൊലപാതകത്തെ കുറിച്ച്‌ വികാരാധീനനായി.

മോഡി സർക്കാരിന്റെ രണ്ട്‌ കൊല്ലത്തെ പ്രവർത്തനത്തിൽ രാജ്യത്ത്‌ നടക്കുന്ന ക്രിമിനൽ കുറ്റങ്ങളോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പ്‌ പ്രകടമാണ്‌. സംഘ പരിവാർ നേതാക്കൾ കൊലവിളി നടത്തുമ്പോഴും അവരുടെ നിയന്ത്രണത്തിലുള്ള സേനകൾ മാട്ടിറച്ചിയുടെയും മറ്റും പേരിൽ ആളുകളെ അടിച്ചു കൊല്ലുമ്പോഴും മോഡിയും മന്ത്രിമാരും നിസംഗരാകും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെ കുറിച്ച്  അവർ വാ തുറക്കില്ല. അഥവാ തുറന്നാൽ അത്‌ അക്രമങ്ങളെ ന്യായീകരിക്കാനാകും. അത്തരത്തിലുള്ള ഏതെങ്കിലും സംഭവത്തെ അപലപിക്കാൻ മോഡിയുടെ നാവ്‌ ചലിച്ചിട്ടില്ല.

ബിജെപിയിതര സംസ്ഥാനത്താണ്‌ അക്രമം നടക്കുന്നതെങ്കിൽ ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിങ്‌ സംസ്ഥാന സർക്കാരിൽ നിന്ന്‌ റിപ്പോർട്ടു തേടും. സിബിഐ അന്വേഷണത്തിന്‌ കേന്ദ്രം തയ്യാറാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യും. ബ്രേക്കിങ്‌ ന്യൂസ്‌ കാത്തിരിക്കുന്ന ചാനലുകൾ ഉടൻ എഴുതിക്കാണിക്കും: ‘കേന്ദ്രം ഇടപെടുന്നു’. സ്കൂൾ വിദ്യാർഥിതലത്തിനപ്പുറം മാനസികമായി വളർന്നിട്ടില്ലാത്തവർ കരുതും ഡൽഹിയിലിരിക്കുന്ന ഹെഡ്മാസ്റ്റർ ചൂരൽ വീശുകയാണെന്ന്‌. ഭരണഘടനപ്രകാരം ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടുന്ന വിഷയമാണ്‌. കേന്ദ്രത്തിന്‌ അതിൽ ഇടപെടാൻ അവകാശമില്ല.

ജിഷയുടെ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന ഭരണകൂടം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌. രണ്ടാഴ്ച അന്വേഷിച്ചിട്ടും പൊലീസിന്‌ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ച യാദൃച്ഛികമാണോ ബോധപൂർവമായ ഇടപെടലിന്റെ ഹലമാണോ എന്ന കാര്യത്തിൽ മാത്രമെ അഭിപ്രായവ്യത്യാസത്തിനിടമുള്ളു. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവം മൂലം സർക്കാരിനു അനഭിമതനാകുകയും അതിനാൽ ഒതുക്കപ്പെടുകയും ചെയ്ത ഒരുയർന്ന പൊലീസുദ്യോഗസ്ഥൻ അന്വേഷണ സംഘത്തിലുള്ള ചിലർ അയോഗ്യരാണെന്ന്‌ പരസ്യമായി പറഞ്ഞിട്ടുണ്ട്‌. പ്രാരംഭഘട്ട അന്വേഷണം പരാജയമായിന്നെന്നത്‌ പകൽ പോലെ വ്യക്തമായിട്ടും അനാസ്ഥ കാട്ടിയവരെ ഒഴിവാക്കി അന്വേഷണ സംഘം പുനഃസംഘടിപ്പിക്കാൻ ഉന്നതാധികാരികൾ കൂട്ടാക്കിയിട്ടില്ല. എന്നു തന്നെയല്ല അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കുറ്റവാളികൾ നിയമത്തിന്റെ മുന്നിലെത്തുമോ എത്തിയാൽ തന്നെ അവർക്ക്‌ ശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക്‌ കഴിയുമോ എന്നിങ്ങനെയുള്ള സംശയങ്ങളുയർത്തുന്നു.

അന്വേഷണം സിബിഐക്ക്‌ കൈമാറാൻ സംസ്ഥാന സർക്കാരിനു താൽപര്യമില്ല. ഇത്‌ ഉയർന്ന കോടതിയുടെ ഇടപെടലിലൂടെ മറികടക്കാവുന്ന പ്രതിബന്ധമാണ്‌. മുൻകാലത്ത്‌ ആ കേന്ദ്ര ഏജൻസി ആർജിച്ച സൽപേരു ഇന്ന്‌ അതിനില്ല. അതിനാൽ അന്വേഷണ ചുമതല സംസ്ഥാന പൊലീസിൽ നിന്ന്‌ കേന്ദ്ര പൊലീസിന്‌ കൈമാറുക എന്നു പറഞ്ഞാൽ കേസിന്റെ ഗതി നിർണയിക്കാനുള്ള അവസരം സംസ്ഥാനം ഭരിക്കുന്ന കക്ഷിയിൽ നിന്ന്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിയിലേക്ക്‌ മാറ്റുന്നു എന്നാണർഥം.

വിദ്യാഭ്യാസത്തിലൂടെ മോചനം നേടി തന്റെ കുടുംബത്തിന്റെ ഭദ്രത ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. ആ യുവതിയുടെ ദാരുണമായ അന്ത്യത്തിൽ ഒരു വ്യക്തിയുടെയൂം ഒരു കുടുംബത്തിന്റെയും ഒരു പിന്നാക്ക സമൂ ഹത്തിന്റെയും പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്‌. എന്നാൽ അതിലുപരി അതിൽ നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ പ്രശ്നം അടങ്ങിയിരിക്കുന്നു. ഈ വക പ്രശ്നങ്ങളെ വിശാല സാമൂഹിക താൽപര്യങ്ങളുടെ വെളിച്ചത്തിൽ നോക്കിക്കാണുന്നതിനു പകരം എങ്ങനെ ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താം അല്ലെങ്കിൽ ദോഷകരമാകുന്നത്‌ തടയാം എന്ന മനോഭാവത്തോടെയാണ്‌ രാഷ്ട്രീയ കക്ഷികൾ അവയെ സമീപിക്കുന്നത്‌. തെരഞ്ഞെടുപ്പു കാലത്ത്‌ ഇത്തരം സങ്കുചിതത്വം കടന്നുവരുന്നതു ഒഴിവാക്കുക തീർച്ചയായും എളുപ്പമല്ല. എന്നാൽ കോളനികളിൽ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ദലിതരുടെ ഭാവി സുരക്ഷിതമാക്കുന്നതിന്‌ അടിയന്തരമായി നടപടികളെടുക്കുമെന്ന്‌ പ്രഖ്യാപിക്കാൻ അവർക്ക്‌ കഴിയണം.

No comments: