Saturday, November 1, 2014

നിന്ന് തളർന്ന് കാടിന്റെ മക്കൾ

ബി.ആർ.പി. ഭാസ്കർ

ഒരു ദരിദ്ര സംസ്ഥാനമായി പിറന്ന കേരളം ഇന്ന് പ്രതിശീർഷ വരവിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. മെച്ചപ്പെട്ട ഭരണമല്ല ഈ മാറ്റം സാദ്ധ്യമാക്കിയത്. സർക്കാരുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഉപജീവനമാർഗ്ഗം തേടി വെളിയിൽ പോയവർ എണ്ണവില കുതിച്ചതിന്റെ ഫലമായി സമ്പന്നമായ ഗൾഫ് നാടുകളിൽ അവസരങ്ങൾ കണ്ടെത്തുകയും മിച്ചം പിടിച്ച് നാട്ടിലേക്ക് പണമയക്കുകയും ചെയ്തു. വിദേശപണം ഒഴുകിയ ചാലുകൾക്കരുകിൽ കഴിഞ്ഞിരുന്നവർക്ക് അതിന്റെ ഗുണം കുറേയൊക്കെ കിട്ടി. ആദിവാസികൾക്ക് അതിന്റെ ഗുണം തീരെകിട്ടിയില്ല.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയ സമതലവാസികളുടെ കുടിയേറ്റമാണ് ആദിവാസി ജീവിതം ദുരിതപൂർണ്ണമാക്കിയത്. അവരുടെ അധീനതയിലായിരുന്ന വനഭൂമി കുടിയേറ്റക്കാർ ചതിയിലൂടെ കൈക്കലാക്കി. ആദിവാസികൾക്ക് വനഭൂമിയിൽ താമസിക്കാനും ഉപജീവനം നടത്താനും പരമ്പരാഗതമായി അവകാശമുണ്ടായിരുന്നു. എന്നാൽ ആ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. അതിനാൽ അത് നിയമപരമായി കൈമാറ്റം ചെയ്യാനാകുമായിരുന്നില്ല. മതസ്ഥാപനത്തിന്റെ രക്ഷാധികാരത്തിലും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടും കുടിയേറ്റക്കാർ ആ ഭൂമി തട്ടിയെടുത്ത് ആദിവാസികളെ വഴിയാധാരമാക്കി. ഭരണഘടന തയ്യാറാക്കിയപ്പോൾ ആദിവാസി താല്പര്യങ്ങൾ സംരക്ഷിക്കാനായി ചില വ്യവസ്ഥകൾ എഴുതിച്ചേർത്തിരുന്നു. സർക്കാർ അവ  നടപ്പിലാക്കിയിരുന്നെങ്കിൽ ആദിവാസികൾ ഈ അവസ്ഥയിലാകുമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വവും ജാതിമത സ്ഥാപനങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വഞ്ചനാപരമായ സമീപനം ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഈ സമ്പന്ന സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നത്. 

സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയിൽ നടത്തിയ സമരം അതിക്രൂരമായ പൊലീസ് നടപടിയിലൂടെ അടിച്ചമർത്തിയ എ.കെ.ആന്റണി പിന്നീട് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. അന്നത്തെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഗോത്രമഹാസഭ, ഒരു വ്യാഴവട്ടക്കാലത്തിനുശേഷം, ഇക്കൊല്ലം ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റിനു മുന്നിൽ നിൽ‌പ്പു സമരം തുടങ്ങിയത്. ഗോത്രമഹാസഭയുമായി നടത്തിയ ചർച്ചയിൽ സർക്കാർ വ്യക്തമായ ഒരു തീരുമാനവും അറിയിക്കാതെ വാഗ്ദാനം പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേസമയം ഗോത്രമഹാസഭയെ ഒഴിവാക്കിക്കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ കീഴിലുള്ള ആദിവാസി സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു കൂട്ടി ഭൂരഹിതർക്ക് ഒരേക്കർ വീതം നൽകുന്നതാണെന്ന് പ്രഖ്യാപിച്ചു. കയ്യേറ്റക്കാരെ സഹായിക്കുന്നതോടൊപ്പം രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത ആദിവാസി സംഘടനയെ തകർക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മലയാളി മന:സാക്ഷി ഇത് തിരിച്ചറിഞ്ഞ് ആദിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണം.(മാധ്യമം, കേരളപ്പിറവി സപ്ലിമെന്റ്, നവംബർ 1, 2014)

No comments: