ബി.ആർ.പി. ഭാസ്കർ
യുവമോർച്ച പ്രവർത്തകർ സദാചാരത്തിന്റെ പേരിൽ നടത്തിയ ഗൂണ്ടായിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ ഒരു ഫേസ്ബുക്ക് കൂട്ടായ്മ നവംബർ 2ന് കൊച്ചിയിൽ ചുംബനസമരത്തിന് ആഹ്വാനം ചെയ്തപ്പോൾ കുറെ ചെറുപ്പക്കാരുടെ ഒരു അരാഷ്ട്രീയ പരിപാടിയായി മാത്രമെ പലരും അതിനെ കണ്ടുള്ളു. എന്നാൽ സംഘാടകരുടെയും എതിരാളികളുടെയും കണക്കുകൂട്ടലുകളെ മറികടന്നുകൊണ്ട് അത് കേരള സമൂഹത്തിന്റെ ഗതി നിർണയിക്കാൻ പര്യാപ്തമായ ഒരു സംഭവമായി മാറി.
രാഷ്ട്രീയ കൊടിക്കീഴിലല്ലാതെയുള്ള സമരങ്ങളെ അവഗണിക്കുകയാണ് രാഷ്ട്രീയകക്ഷികൾ സാധാരണ ചെയ്യുന്നത്. ചുംബനസമരത്തിനു യുവാക്കൾക്കിടയിൽ വലിയ പിന്തുണ ലഭിച്ചത് വിവിധ കക്ഷികളിൽപെട്ട യുവനേതാക്കളെ അനുകൂല നിലപാടെടുക്കാൻ പ്രേരിപ്പിച്ചു. ചില കക്ഷികളുടെ യുവനിരകളിൽ അത് പിളർപ്പുമുണ്ടാക്കി. അതേസമയം സമരത്തെ എതിർക്കുന്നില്ലെന്ന് പറയാൻ ബിജെപി നേതൃത്വം നിർബന്ധിതമാവുകയും ചെയ്തു. പക്ഷെ അവർ കുട്ടിപ്പട്ടാളത്തെ നിയന്ത്രിക്കാൻ കൂട്ടാക്കിയില്ല.
ചുംബനസമരം നിരോധിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും സർക്കാരോ കോടതിയോ അതിനു തയ്യാറായില്ല. സമരം നടത്താനുള്ള പൗരന്റെ അവകാശം നിഷേധിക്കില്ലെന്നും സംഘർഷമുണ്ടായാൽ മാത്രം ഇടപെടുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ ആ ഉറപ്പു പാലിക്കാതെ അക്രമികൾക്ക് സമരഭൂമിലെത്തി അഴിഞ്ഞാടാൻ അവസരം നൽകുകയും സമരക്കാരെ അവിടെയെത്തും മുമ്പ് കസ്റ്റഡിയിലെടുക്കുകയുമാണ് പൊലീസ് ചെയ്തത്.
കേരളം ചുംബനസമരത്തിന്റെ പേരിൽ രണ്ടു ചേരികളായി തിരിഞ്ഞപ്പോൾ ലോകത്തിന്റെ ശ്രദ്ധ സംസ്ഥാനത്ത് പതിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലേറിയപ്പോഴാണ് സംസ്ഥാനം മുമ്പ് ഇതുപോലെ ശ്രദ്ധാകേന്ദ്രമായത്. തെക്കൻ തിരുവിതാംകൂറിൽ ഒരു നൂറ്റാണ്ടു മുമ്പ് ആരംഭിച്ച് വടക്കോട്ട് വ്യാപിച്ച സാമൂഹ്യവിപ്ളവമാണ് കേരളത്തെ ഇതരപ്രദേശങ്ങളെ പിന്തള്ളാനും കാലക്രമത്തിൽ വികസിത രാജ്യങ്ങൾക്ക് സമാനമായ സാമൂഹിക നിലവാരം നേടാനും പ്രാപ്തമാക്കിയത്. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയതും. ശ്രീനാരായണൻ ഉഴുതു മറിച്ച മണ്ണിൽ വിത്തു പാകിയാണ് തങ്ങൾ വിജയം കൊയ്തതെന്ന് ഇടതു നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ കേരളത്തെ ശ്രീനാരായണൻ വിഭാവന ചെയ്ത തരത്തിലുള്ള മാതൃകാസ്ഥാനമാക്കാൻ രാഷ്ട്രീയ അനന്തരാവകാശികൾക്കായില്ല.
പാടത്തു പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം ഇടനിലക്കാർക്ക് കൈമാറുക വഴി ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ സാമൂഹ്യവിപ്ളവത്തെ പൂർണ്ണ ഫലപ്രാപ്തിയിലെത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. രാഷ്ട്രീയ എതിരാളികളും ജാതിമത സംഘടനകളും ചേർന്നു നടത്തിയ `വിമോചന` സമരം നവീകരണ പ്രസ്ഥാനങ്ങൾ പിന്നോട്ടു തള്ളിയ പിന്തിരിപ്പൻ ശക്തികളുടെ തിരിച്ചുവരവിനു കളമൊരുക്കി. അധികാരം നേടാനും നിലനിർത്താനും രാഷ്ട്രീയ കക്ഷികൾ അവയുമായി സന്ധി ചെയ്ത ചരിത്രമാണ് പിന്നീടുള്ള അഞ്ചര പതിറ്റാണ്ടു കാലത്തിനു പറയാനുള്ളത്.
തുടർച്ചയായി വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് നാലു മാസമായി നീതി ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ നിൽക്കുന്ന ആദിവാസികളാണ് സന്ധിരാഷ്ട്രീയത്തിന്റെ ദുരിതം ഏറ്റവുമധികം ഏറ്റുവാങ്ങിയത്. ഉപജീവനത്തിനാവശ്യമായ ഭൂമിക്കായി അരിപ്പയിലും ചെങ്ങറയിലും ആറളത്തും സമരം ചെയ്യുന്ന ദലിതരും മറ്റ് ഭൂരഹിതരും അതിന്റെ ഇരകളിൽ പെടുന്നു.
രാഷ്ട്രീയ കക്ഷികൾ അവഗണിച്ചതിന്റെ ഫലമായി നവോത്ഥാനമായി വികസിച്ച സാമൂഹ്യ നവീകരണ പരിപാടികൾ നിലച്ചു. അതോടെ തുടച്ചു നീക്കപ്പെട്ട അനാചാരങ്ങൾ ഒന്നൊന്നായി തിരിച്ചു വന്നു. കേരളം പിന്തിരിഞ്ഞോടുകയാണെന്ന് സാമൂഹ്യഗതികൾ നിരീക്ഷിക്കുന്നവർ മനസിലാക്കിയിട്ടു കുറച്ചു കാലമായി. ഇപ്പോൾ രാഷ്ട്രീയ കക്ഷികളും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ചുംബനസമരം ജീർണിച്ച കേരളത്തിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷക്ക് വക നൽകുന്ന ഒന്നാണ്. പുതിയ തലമുറയ്ക്കു സമൂഹത്തെ നവോത്ഥാന പാതയിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ടെന്ന് അത് തെളിയിച്ചിരിക്കുന്നു.
നവീകരണ പ്രസ്ഥാനങ്ങൾ ഉടലെടുത്തത് വിഭജിച്ചു നിന്ന സമൂഹത്തിലാണ്. ഓരോ വിഭാഗത്തിൽ നിന്നും യുവനേതാക്കൾ ഉയർന്നു വന്നു. ജാതീയമായ വിവേചനത്തെ അവഗണിച്ചുകൊണ്ട് അന്തസോടും ആത്മാഭിമാനത്തോടും ജീവിക്കാൻ ആഹ്വാനം ചെയ്ത വൈകുണ്ഠസ്വാമിയെ അറസ്റ്റു ചെയ്തു തിരുവനന്തപുരത്തു കൊണ്ടുവരുമ്പോൾ പ്രായം 30 വയസ്. സംസ്കാരത്തിന്റെ സൂക്ഷിപ്പുകാരുടെ അപേക്ഷയെ തുടർന്നാണ് മഹാരാജാവ് അറസ്റ്റിനു ഉത്തരവ് നൽകിയത്.
ശ്രീനാരായണഗുരു 1888 ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുമ്പോൾ വയസ് 33. സവർണ മേധാവിത്വം ആ നടപടിയെ ചോദ്യം ചെയ്തു. സഹോദരൻ അയ്യപ്പൻ മിശ്രഭോജനം സംഘടിപ്പിച്ചത് 28-ാം വയസിൽ. സംസ്കാരത്തിന്റെ സൂക്ഷിപ്പുകാർ അദ്ദേഹത്തിന് പുലയൻ എന്ന സ്ഥാനപ്പേർ നൽകി. അയ്യൻകാളി വില്ലുവണ്ടി യാത്രയും വിജയകരമായ കർഷകത്തൊഴിലാളി സമരവും നടത്തിയത് 45 വയസിനു മുമ്പ്. ഇതൊക്കെ നടക്കുമ്പോൾ ആർഎസ്എസ് ഉണ്ടായിരുന്നില്ല. പക്ഷെ മാറ്റം ആവശ്യപ്പെടുന്നവരെ അടിച്ചമർത്താൻ പാരമ്പര്യവാദികൾ കച്ചമുറുക്കിയിറങ്ങി. ചാനലുകളില്ലാതിരുന്നതുകൊണ്ട് ദൃശ്യങ്ങൾ ലഭ്യമല്ലെങ്കിലും അന്നത്തെ സംഭവങ്ങൾ ചാന്നാർ ലഹള, നായരീഴവ ലഹള, പുലയലഹള എന്നിങ്ങനെയുള്ള പേരുകളിൽ ഔദ്യോഗികരേഖകളിലുണ്ട്.
ഫ്യൂഡൽ ജീർണതയിലാണ്ടിരുന്ന നമ്പൂതിരി സമുദായത്തെ ഉദ്ധരിക്കാൻ `അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്` എന്ന നാടകവുമായി വി ടി ഭട്ടതിരിപ്പാടും കുടുംബ വ്യവസ്ഥ ഉടച്ചുവാർക്കാൻ മന്നത്ത് പത്മനാഭപിള്ളയും എത്തിയതും യൗവനത്തിൽ തന്നെ. അവർക്കും സംസ്കാരത്തിന്റെ സൂക്ഷിപ്പുകാരുടെ എതിർപ്പു നേരിടേണ്ടി വന്നു.
ആദ്യ ഘട്ടത്തിൽ ഭരണകൂടം എല്ലാ പരിഷ്കരണ പ്രസ്ഥാനങ്ങൾക്കും എതിരെ പാരമ്പര്യവാദികൾക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ പിന്നീട് അവർക്ക് നിലപാട് മാറ്റേണ്ടി വന്നു. വൈക്കം സത്യഗ്രഹകാലത്ത് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗൂണ്ടകൾ (ഗാന്ധിജി തിരുവിതാംകൂർ പൊലീസ് മേധാവിക്കെഴുതിയ കത്തിൽ ഉപയോഗിച്ചത് `ഗൂണ്ടകൾ` എന്ന വാക്കു തന്നെ) പൊലീസുകാർ നോക്കിനിൽക്കെയാണ് സത്യഗ്രഹികളെ തടഞ്ഞുനിർത്തി ചുണ്ണാമ്പു കൊണ്ട് കണ്ണെഴുതിയത്. ആ പാരമ്പര്യം ഞായറാഴ്ച കൊച്ചിയിലും പ്രകടമായി.
കോഴിക്കോട്ട് സദാചാര പൊലീസ് ചമഞ്ഞത് ഹൈന്ദവ സംഘടനാ പ്രവർത്തകരായിരുന്നു. എന്നാൽ ചുംബനസമരം മുസ്ലിം സമൂഹത്തിലെ സദാചാര പൊലീസിനെയും വിറളിപിടിപ്പിച്ചു. മതസ്പർദ്ധ തൽക്കാലത്തേക്കു മറന്നുകൊണ്ട് അവർ സമരം ആഹ്വാനം ചെയ്ത മതേതര കൂട്ടായ്മക്കെതിരെ ഒന്നിച്ചു. സോഷ്യൽ മീഡിയയിൽ നടന്ന സംവാദങ്ങളിൽ ഇരുകൂട്ടരും നിരന്തരം ചോദിച്ച ഒരു ചോദ്യം നിങ്ങൾ നിങ്ങളുടെ മകളെയും സഹോദരിയെയും മറൈൻ ്രെഡെവിൽ കൊണ്ടുവരുമോ എന്നായിരുന്നു. മകനെയും സഹോദരനെയും കൊണ്ടുവരുമോ എന്ന് അവർ ചോദിച്ചില്ല. സമരത്തെ പുരുഷാധിപത്യത്തിനെതിരായ വെല്ലുവിളിയായാണ് അവർ കണ്ടതെന്ന് ആ ചോദ്യം വ്യക്തമാക്കി. ശ്രീനാരായണന്റെയും വി ടിയുടെയും മുസ്ലിം നവോത്ഥാന നായകനായ വക്കം മൗലവിയുടെയും പ്രവർത്തനങ്ങളിൽ സ്ത്രീമുന്നേറ്റത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. അവ ലക്ഷ്യപ്രാപ്തിയിലെത്തിയിരുന്നെങ്കിൽ കേരളത്തിലെ സ്ത്രീകൾക്ക് തുല്യത നേടാനാകുമായിരുന്നു.
ഇടതുപക്ഷം സമരത്തോട് സ്വീകരിച്ച സമീപനം ക്രിയാത്മകമായിരുന്നു. എന്നാൽ അതു കേവലം അടവു നയമായിരുന്നോ എന്ന ചോദ്യം അപ്രസക്തമല്ല. ഈ സമരം സൃഷ്ടിച്ച ഉണർവ് നിലനിർത്താനും അതിന്റെ ഊർജ്ജം ഉപയോഗിച്ച് സമൂഹത്തെ ആരോഗ്യകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുമുള്ള ഭാരിച്ച ഉത്തരവാദിത്വം ഇത് സംഘടിപ്പിച്ചവർക്കും അതിനു പിന്തുണ നൽകിയവർക്കുമുണ്ട്.അവർ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരണം. (ജനയുഗം, നവംബർ 5, 2014)

1 comment:
കേരളചരിത്രത്തിൽ സുവർണ്ണ ലിബികളിൽ എഴുതിവെച്ചിരിക്കുന്ന മഹത്തായ വിപ്ലവസമരങ്ങളെ ചുംബന സമരത്തോട് താരതമ്യം ചെയ്ത് വിലയിരുത്തുന്നത് ചരിത്രത്തെയും പഴയകാല വിപ്ലവ- സാംസ്ക്കാരിക നവോഥാന നായകരെയും അപമാനിക്കുന്നതിന് കാരണമാകുന്നതാണ്... യുവമോർച്ചാ, ആർ. സ്. സ്, ബി. ജെ. പി, ഹിന്ദു സംഘടനാ വിരോധം മാത്രം നിഴലിപ്പിച്ചു നിർത്തി ചുമ്പന സമരത്തിന് അനുകൂലമായി തട്ടിക്കൂട്ടിയ ലേഖനം എന്ന് വായിക്കുന്ന ആർക്കും മനസ്സിലാകുന്നതാണ്....
Post a Comment