Tuesday, November 11, 2014

വിഡ്ഢിപ്പെട്ടി അന്വർത്ഥം

ബി.ആർ.പി. ഭാസ്കർ

മാദ്ധ്യമങ്ങൾ താരതമ്യേന പുതിയ സ്ഥാപനങ്ങളാണ്. എന്നാൽ അവ ഏർപ്പെട്ടിരിക്കുന്ന വാർത്താവിനിമയ കർമ്മത്തിന് മനുഷ്യ സമൂഹത്തോളം തന്നെ പ്രായമുണ്ട്. ആദ്യകാലത്ത് വായ്മൊഴിയായാണ് വിവരം കൈമാറിയിരുന്നത്. എഴുത്തിന്റെ ആവിർഭാവം മറ്റ് രീതിയിലുള്ള ആശയവിനിമയം സാദ്ധ്യമാക്കി. തടിയിലും കല്ലിലും ലോഹത്തിലുമുള്ള അച്ചുകൾ വന്നതോടെ അച്ചടി വികസിക്കുകയും വലിയ തോതിലും വേഗത്തിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. ചെറിയ അക്ഷരമാലകളുള്ള ഭാഷകൾക്ക് പുതിയ സാങ്കേതികവിദ്യ എളുപ്പത്തിൽ വഴങ്ങിയതുമൂലം അവ പെട്ടെന്ന് വളർന്നു. വലിയ തോതിൽ പുസ്തകങ്ങളും പത്രമാസികകളും പ്രചരിച്ചു. അവ വ്യാവസായിക സമൂഹത്തിന്റെ വളർച്ചയെ സഹായിച്ചു. ധാരാളം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമുള്ള പൌരസ്ത്യഭാഷകൾക്ക് സമാനമായ പുരോഗതി കൈവരിക്കാനായില്ല. കഴിഞ്ഞ ഏതാനും നൂറ്റാണ്ടു കാലം അവയ്ക്കുണ്ടായിരുന്ന പരാധീനതകൾ ഇലക്ട്രോണിക് യുഗത്തിന്റെ വരവോടെ ഇല്ലാതായിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നാം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ സാധ്യതകൾ ഇപ്പോഴും പൂർണ്ണമായി ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നതാകട്ടെ വിവേകപൂർവ്വമായുമല്ല.

പത്രങ്ങളുടെ വളർച്ചയ്ക്കിടയിൽ ചില മൂല്യ സങ്കല്പങ്ങൾ ഉയർന്നുവന്നു. അവയുടെ ആത്യന്തികലക്ഷ്യം സമൂഹനന്മയായിരുന്നു. അച്ചടി മാദ്ധ്യമങ്ങൾക്കെന്നപോലെ ടെലിവിഷനും നവമാദ്ധ്യമങ്ങൾക്കും സമൂഹത്തോട് നീതി പുലർത്താനുള്ള ബാദ്ധ്യതയുണ്ട്. അതുകൊണ്ട് സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ആ മൂല്യ സങ്കല്പങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. നേരേമറിച്ച് ജനങ്ങളുമായി കൂടുതൽ വേഗത്തിലും കൂടുതൽ ഫലപ്രദമായും സംവദിക്കുന്ന മാദ്ധ്യമങ്ങളെന്ന നിലയിൽ അവരെ സ്വാധീനിക്കാൻ അച്ചടിയേക്കാൾ കൂടുതൽ കഴിവുള്ളതിനാൽ ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവരോളമൊ അതിലധികമൊ ബാദ്ധ്യത ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കുണ്ട്. എന്നാൽ അവരിൽ പലർക്കും ഇതേക്കുറിച്ച് ശരിയായ ധാരണയുണ്ടോയെന്ന് സംശയമാണ്.

മാദ്ധ്യമരംഗത്ത് കടുത്ത മത്സരം നടക്കുകയാണ്. മത്സരം ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും വില കുറയ്ക്കാനും ഇടയാക്കുമെന്നും അങ്ങനെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നാണ് സിദ്ധാന്തം. മാദ്ധ്യമങ്ങളുടെ കാര്യത്തിൽ ഇത് ശരിയല്ല. നിലനില്പിനു അവക്ക് ആശ്രയിക്കുന്ന പരസ്യദാതാക്കൾക്ക് വേണ്ടത് കൂടുതൽ ആളുകൾ കാണുന്ന ചാനലുകളും വായിക്കുന്ന പത്രങ്ങളുമാണ്. ഗുണമേന്മ കുറഞ്ഞവയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നതുകൊണ്ട് ഉയർന്ന നിലവാരം നിലനിർത്താൻ അവ ശ്രമിക്കുന്നില്ല.
ചാനലുകൾക്ക് ജനങ്ങളുടെ അജണ്ട നിശ്ചയിക്കാൻ കഴിയും.  തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അഴിമതിക്കേസ് വിധി വന്ന ദിവസത്തെ പ്രവർത്തനം സാങ്കേതികവിദ്യ നൽകുന്ന സാദ്ധ്യതകളുടെ വിവേകശൂന്യമായ ഉപയോഗത്തിന് തെളിവാണ്. പതിനൊന്ന് മണിക്ക് വിധി വരുമെന്ന കണക്കുകൂട്ടലിൽ പത്ത് മണിമുതൽ ചാനലുകൾ തത്സമയ ചർച്ച തുടങ്ങി. വിധി ഒരു മണിക്കേ വരൂ എന്ന് പിന്നീട് വിവരം കിട്ടി. ഒടുവിൽ വന്നതാകട്ടെ നാലു മണി കഴിഞ്ഞ്. ചില ഇംഗ്ലീഷു ചാനലുകൾ ഇതിനിടയിൽ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ മലയാള ചാനലുകൾ ജയലളിതക്കേസ് വൈകിട്ടു വരെ ചർച്ച ചെയ്തു കൊണ്ട് ‘വിഡ്ഡിപ്പെട്ടി’ എന്ന വിശേഷണം അന്വർത്ഥമാക്കി. രാഷ്ട്രീയ നേതാക്കൾക്കു മാത്രമല്ല ക്രിമിനലുകൾക്കും ചാനലുകളുടെ അജണ്ട നിർണ്ണയിക്കാനും കഴിയുന്നുണ്ട്.

മാദ്ധ്യമങ്ങൾ പല ജനകീയപ്രശ്നങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ചിലതിൽ നിന്ന് ബോധപൂർവ്വം വിട്ടു നിന്നിട്ടുമുണ്ട്. അവ ഏത് ഏറ്റെടുക്കണം, ഏറ്റ് ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സാമ്പത്തിക സാമൂഹിക രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാകാം. തങ്ങളുടെ റിപ്പോർട്ടുകളെ തുടർന്ന് സർക്കാർ നടപടിയെടുത്ത കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിൽ ജനഹിതത്തിനനുസരിച്ച് സർക്കാരിനെക്കൊണ്ട് നയപരമായ തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോറ്റെന്ന് സംശയമാണ്.   

ഇലക്ട്രോണിക് സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇന്നത്തെ അവസ്ഥ ഏറെക്കാലം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതേസമയം മാദ്ധ്യമ സ്ഥാപനങ്ങളുടെ നേതാക്കൾ കൂടുതൽ വിവേചനബുദ്ധി ആർജ്ജിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനം സമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് ഉറപ്പാക്കാനാവില്ല.(സിറാജ്, വാർഷികപ്പതിപ്പ് 2014)

No comments: