ബി.ആർ.പി. ഭാസ്കർ
നീതി വൈകുമ്പോൾ നീതി നിഷേധിക്കപ്പെടുന്നു എന്ന ചൊല്ല് സത്യമാണെന്നതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയായി പത്തു കൊല്ലത്തോളം ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുൾ നാസർ മ്അദനിയുടെ അനുഭവം അതിലൊന്നാണ്. അതിനു ശേഷം മറ്റൊരു സ്ഫോടനക്കേസിൽ ബംഗളൂരു പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ആ കേസിലെ നടപടികൾ പരിശോധിക്കുമ്പോൾ അതിലും തീർപ്പുണ്ടാകാൻ ഏറെ കാലമെടുക്കുമെന്ന് ഉറപ്പിച്ച് പറയാനാകും. ഇത്തവണ മ്അദനിക്ക് അനാരോഗ്യം പരിഗണിച്ച് ചികിത്സക്കായി ചെറിയ കാലയളവിലേക്ക് ജാമ്യം നൽകാനുള്ള സന്മനസ് സുപ്രിം കോടതി കാട്ടിയിട്ടുണ്ട്.
ഏതാനും കൊല്ലങ്ങളായി സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ സ്ഥിതിഗതിയിൽ കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ജൂൺ 2012ൽ കേസ് കുടിശിക 61,716 ആയിരുന്നു. അക്കൊല്ലം സെപ്തംബറിൽ അത് 63,749 ആയും അതിനടുത്ത സെപ്തംബറിൽ 67,243 ആയും ഉയർന്നു. ഇക്കൊല്ലം സെപ്തംബറിൽ കുടിശിക 65,414 ആയി ചുരുങ്ങി. ഈ നേരിയ കുറവ് വലിയ ആശ്വാസത്തിന് വക നൽകുന്നതല്ല.
പല കേസുകളിലും മനുഷ്യരുടെ ജീവൻ കുടുങ്ങിക്കിടക്കുന്നു. കുപ്രസിദ്ധമായ സൂര്യനെല്ലി കേസ് ഇതിന് ഉദാഹരണമാണ്. പെൺവാണിഭക്കാരുടെ കൈകളിൽ പെടുമ്പോൾ 16 വയസു മാത്രം പ്രായമുണ്ടായിരുന്ന കുട്ടി 18 കൊല്ലത്തിനുശേഷവും നീതിപീഠത്തിന്റെ അവസാന വാക്കിനായി കാത്തിരിക്കുകയാണ്. സർക്കാർ 1999ൽ അതിവേഗ കോടതിക്കു വിട്ട കേസാണിത്. ആ കോടതി 2000ൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. അതിവേഗത അവിടെ അവസാനിച്ചു. ജനുവരി 2005ൽ ഹൈക്കോടതി ഒരു പ്രതിയൊഴികെ എല്ലാവരെയും വെറുതെവിട്ടു. അതിനെതിരായ സർക്കാരിന്റെ അപ്പീൽ ഊഴം കാത്തു കിടക്കുമ്പോഴാണ് 2012 ഡിസംബറിൽ ഡൽഹി ബസിൽ കൂട്ടബലാത്സംഗം നടന്നതും ജനാധിപത്യ മഹിളാ ഫെഡറേഷൻ ഈ കേസിന്റെ കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതും. കോടതി ഉടൻ തന്നെ അത് പരിഗണനയ്ക്കെടുക്കുകയും ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തിയശേഷം പുനർവിചാരണയ്ക്ക് കേസ് തിരിച്ചയക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിച്ച ഹൈക്കോടതി നേരത്തെ വെറുതെ വിട്ട 24 പേർ കുറ്റം ചെയ്തതായി കണ്ടെത്തി.
ചില കേസുകളിൽ ഒരു വലിയ സ്ഥാപനത്തിന്റെ ഭാവിയാകും കുടുങ്ങിക്കിടക്കുന്നത്. ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് അത്തരത്തിലുള്ള ഒന്നാണ്. തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ പിൻഗാമിയെന്ന നിലയിൽ 1991ൽ ക്ഷേത്രഭരണം ഏറ്റെടുത്ത ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നിലവറകൾ തുറന്ന് അവിടെയുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ തീരുമാനിച്ചപ്പോൾ വിലപിടിപ്പുള്ള വസ്തുക്കളുടെ ഭദ്രതയെ കുറിച്ച് ആശങ്ക തോന്നിയ ടി പി സുന്ദരരാജൻ എന്ന ഭക്തൻ 2007ൽ കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ആ വിധിക്കെതിരെ മാർത്താണ്ഡവർമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മഹാരാജാവെന്ന നിലയിലാണ് ക്ഷേത്രത്തിന്റെ ചുമതല ശ്രീചിത്തിര തിരുനാളിൽ നിക്ഷിപ്തമായതെന്നും മഹാരാജാവല്ലാത്ത മർത്താണ്ഡവർമ്മയ്ക്ക് ക്ഷേത്രഭരണം ഏറ്റെടുക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ചിത്തിര തിരുനാളിനുശേഷം മഹാരാജാവില്ലാത്തതിനാൽ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമായെന്നും മതനിരപേക്ഷ സർക്കാർ നിയമനിർമാണത്തിലൂടെ അതിന്റെ നടത്തിപ്പിനായി ട്രസ്റ്റോ ഉചിതമായ മറ്റെന്തെങ്കിലും സംവിധാനമോ ഉണ്ടാക്കണമെന്നും അത് നിർദേശിച്ചു. മാർത്താണ്ഡവർമ്മ അതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി വന്നത് 2011ലാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സുപ്രീം കോടതി കേസ് പല തവണ പരിഗണനയ്ക്കെടുത്തെങ്കിലും അടിസ്ഥാന വിഷയത്തിലേക്ക് ഇനിയും കടന്നിട്ടില്ല. കലവറകൾ തുറന്ന് വസ്തുവകകളുടെ പട്ടിക തയാറാക്കാൻ കോടതി ഉത്തരവിട്ടു. വലിയ ആപത്തുണ്ടാകുമെന്നു പറഞ്ഞുകൊണ്ട് മാർത്താണ്ഡവർമ്മ രണ്ട് നിലവറകൾ തുറക്കുന്നതിനെ എതിർത്തു. അക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി തീരുമാനിച്ചു. തുറന്നു പരിശോധിച്ചവയിലെ വസ്തുക്കളുടെ മൂല്യത്തെ കുറിച്ചുള്ള വാർത്തകൾ ലോകശ്രദ്ധ പിടിച്ചുപറ്റി. മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയെന്ന നിലയിൽ ക്ഷേത്രകാര്യങ്ങൾ പഠിച്ച് കോടതിക്ക് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. കോടതി നിർദേശപ്രകാരം മുൻ ഓഡിറ്റർ ജനറൽ വിനോദ് റായ് ക്ഷേത്രക്കണക്കുകൾ ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടെ മാർത്താണ്ഡവർമ്മയുടെ മരണത്തെ തുടർന്ന് മൂലം തിരുനാൾ രാമവർമ്മ മുൻ രാജകുടുംബത്തിലെ തലവനായി. ക്ഷേത്രഭരണത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി അമിക്കസ് ക്യൂറി റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് കോടതി മൂലം തിരുനാളിനെ ക്ഷേത്രസ്ഥാനിയായി നിലനിർത്തിക്കൊണ്ട് ഭരണച്ചുമതല ഡിസ്ട്രിക്ട് ജഡ്ജിയെ ഏൽപ്പിച്ചു. തുറന്നാൽ അപകടമുണ്ടാകുമെന്ന് മുൻ രാജകുടുംബം പറയുന്ന നിലവറകൾ ആ കുടുംബത്തിലെ അംഗങ്ങൾ തന്നെ ഒന്നിലധികം തവണ തുറന്നിട്ടുള്ളതായി വിനോദ് റായ് കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ ക്ഷേത്രം സംബന്ധിച്ച് ഒരു വിവാദം ഉയർന്നിട്ടുണ്ട്. മൂലം തിരുനാൾ വരുമ്പോൾ മറ്റുഭക്തരെയും കടത്തിവിടുന്നെന്നും ഇത് ആചാരത്തിന് വിരുദ്ധവും അദ്ദേഹത്തിന് അപമാനകരവുമാണെന്നും തന്ത്രി പരാതിപ്പെട്ടത്രെ. അതിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്ട്് ജഡ്ജി അഡ്മിനിസ്ട്രേറ്ററിൽ നിന്ന് വിശദീകരണം തേടിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ശ്രീചിത്തിരതിരുനാൾ ക്ഷേത്രത്തിൽ വരുമ്പോൾ മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിൽ അത് അദ്ദേഹം സ്ഥാനിയായതുകൊണ്ടാവില്ല, മഹാരാജാവ് ആയിരുന്നതുകൊണ്ടാകണം. ഉത്രാടം തിരുനാളിന്റെ കാലത്തും ആ രീതി തുടർന്നെങ്കിൽ അത് തെറ്റായിരുന്നു. ഏതായാലും അങ്ങനെയൊരു കീഴ്നടപ്പുണ്ടെങ്കിൽ തന്നെയും അതെങ്ങനെ ക്ഷേത്രാചാരത്തിന്റെ ഭാഗമാകും? വിശ്വാസവും ആരാധനാക്രമവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ആചാരത്തിന്റെ ഭാഗമായി കാണാനാവില്ല. മറ്റ് ഭക്തരുടെ സാന്നിധ്യം തനിക്ക് അപമാനകരമാണെന്ന് മൂലം തിരുനാൾ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയൊരു ധാരണ അദ്ദേഹത്തിനുണ്ടെങ്കിൽ രാജാവല്ലാത്ത അദ്ദേഹം അങ്ങനെ കരുതുന്നത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറയണം. കൊട്ടാരത്തിനും അമ്പലത്തിനും പുറത്തുള്ള ജീവിതത്തെക്കുറിച്ച് നേരിട്ട് അറിവുള്ള അദ്ദേഹത്തിന് അത് മനസിലാക്കാൻ തീർച്ചയായും കഴിയും.
സുപ്രിം കോടതി ഈ കേസ് കൈകാര്യം ചെയ്യുന്ന രീതി പരിശോധിക്കുമ്പോൾ കേസു കുടിശിക കൂടുന്നതിന്റെ ഒരു കാരണം ജഡ്ജിമാർ അവരുടെ മുന്നിൽ കൊണ്ടുവന്നിട്ടില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സമയം ചെലവഴിക്കുന്നതാണെന്ന് കാണാനാകും. ക്ഷേത്രത്തിന്റെ ഭരണാധികാരം ആർക്കാണെന്ന നിയമ പ്രശ്നത്തിൽ തീർപ്പു കൽപിച്ചാൽ ആ ഭരണാധികാരി ചെയ്യേണ്ട കാര്യങ്ങളാണ് കോടതി നേരിട്ടും നിരവധി ഉയർന്ന ഉദ്യോഗസ്ഥന്മാരുടെയും മുൻ ഉദ്യോഗസ്ഥന്മാരുടെയും ഗോപാൽ സുബ്രഹ്മണ്യത്തിന്റെയുമൊക്കെ സഹായത്തോടെയും ചെയ്തു കൊണ്ടിരിക്കുന്നത്. (ജനയുഗം, ഒക്ടോബർ 8, 2014)

No comments:
Post a Comment