സൽമാൻ എന്തിനാണ് ജയിലിൽ കിടക്കുന്നത്
ബി.ആർ. പി. ഭാസ്കർ
ആഗസ്റ്റ് 19ന് തിരുവനന്തപുരത്തിരുന്ന് എം. സൽമാൻ എന്ന 25 വയസുകാരൻ ഫേസ്‌ബുക്കിൽ ഇങ്ങനെ
കുറിച്ചു: “സഖി, ലളിത സത്യം എന്നത് അതിസങ്കീർണമായ ഒരു നുണയാണെന്ന് സഖാവ് നിഷെ പറഞ്ഞിട്ടുണ്ട്.”
ഒരു തിയേറ്ററിൽവെച്ച് ദേശീയഗാനത്തെ അവഹേളിച്ചെന്നും ഫേസ്‌ബുക്കിൽ ദേശവിരുദ്ധ
പോസ്റ്റുകളിട്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് സൽമാന്
പിന്നീട് അവിടെ ഒന്നും കുറിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ സൽമാന്റെ ചുവരിൽ കമന്റുകൾ കുമിഞ്ഞു
കൂടിക്കൊണ്ടിരിക്കുന്നു. പലതും ദേശസ്നേഹത്താൽ വിജ്രംഭിതരായി മനസിലെ വർഗ്ഗീയ ചിന്ത അശ്ലീലഭാഷയിൽ
രേഖപ്പെടുത്തുന്നവ. സൽമാനെ പ്രതിരോധിക്കുന്ന ചില അഭിപ്രായപ്രകടനങ്ങളുമുണ്ട്.
തലസ്ഥാന നഗരിയിലെ ജനകീയ സമരവേദികളിൽ നിശ്ശബ്ദ പങ്കാളിയാകാറുള്ള ഫിലോസഫി
വിദ്യാർത്ഥിയായ സൽമാൻ 2010 മുതൽ ഫേസ്‌ബുക്കിൽ സജീവമാണ്. യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം,
കല, സിനിമ, സാഹിത്യം, യാത്ര എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന, 35,000ൽ പരം അംഗങ്ങളുള്ള
സ്വതന്ത്രചിന്തകർ/Free
Thinkers എന്ന കൂട്ടായ്മയിലെ ഒരംഗവുമാണ്. ഈയിടെ ഒരു സംവാദത്തിൽ nation-state എന്ന ആധുനിക ദേശ-രാഷ്ട്ര സംവിധാനത്തെ
കുറിച്ചുള്ള അഭിപ്രായം സൽമാൻ വ്യക്തമാക്കുകയുണ്ടായി. അത് ഇങ്ങനെ: സാമൂഹ്യശാസ്ത്രപരമായി
നോക്കുമ്പോൾ ഇന്ത്യ എന്ന ദേശരാഷ്ട്രം, മറ്റെല്ലാ ദേശരാഷ്ട്രങ്ങളെയും പോലെ, ഹിംസയിലൂടെയാണ്
ഉണ്ടായതും നിലനിൽക്കുന്നതും. ഭരണകൂട ഭീകരത നിലനിൽക്കുന്ന കശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും
ഉദാഹരണങ്ങൾ. Indianness എന്ന dominant സാംസ്കാരിക, സൌന്ദര്യ മൂല്യത്തിന് വെളിയിലുള്ളവർക്ക്
അവരുടെ സ്വത്വത്തിന് അനുസരിച്ച് ജീവിക്കാൻ പറ്റുന്നില്ല. അവർ ക്രൂരമായ അടിച്ചമർത്തലുകൾക്ക്
വിധേയമാകുന്നു. തത്വചിന്താപരമായി നോക്കുമ്പോൾ അതിന്റെ നിലനില്പ് തന്നെ ഹിംസയിലാണ്.
ദേശരാഷ്ട്രത്തിന് അകവും പുറവുമുണ്ട്. അതുകൊണ്ടുതന്നെ otherness അരുകുവത്കരിക്കപ്പെടുകയൊ
അടിച്ചമർത്തപ്പെടുകയൊ ചെയ്യുമെന്നാണ് എന്റെ അഭിപ്രായം.
പഠിച്ചതും കേട്ടതും യാന്ത്രികമായി ഉരുവിടാതെ സ്വതന്ത്രമായി ചിന്തിച്ച്
നിലപാടെടുക്കാൻ ശ്രമിക്കുന്ന ഒരു മനസിന്റെ ഉടമയാണ് സൽമാൻ എന്ന് മനസിലാക്കാൻ ഇത്രയും
ധാരാളം. ആ സ്വഭാവവിശേഷം അടിമത്വം വരിച്ച മനസുകൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല. അവരുടെമേൽ
തന്റെ അഭിപ്രായം അടിച്ചേല്പിക്കാൻ സൽമാൻ ശ്രമിക്കുന്നില്ല. തികഞ്ഞ ജനാധിപത്യബോധത്തോടെ
എതിരഭിപ്രായക്കാരനോട് ആ യുവാവ് പറയുന്നു: “ക്ഷമിക്കണം, ഞാൻ താങ്കളെ പഠിപ്പിക്കാൻ ശ്രമിച്ചെന്ന്
ദയവു ചെയ്ത് വിചാരിക്കരുത്. ഞാൻ മനസിലാക്കിയത് പറഞ്ഞെന്നേയുള്ളു.”
നിളാ തിയേറ്ററിൽ ദേശീയഗാനം കേട്ടപ്പോൾ സൽമാനും കൂട്ടുകാരും എഴുനേറ്റ്
നിന്നില്ലെന്നും ഇതിൽ തങ്ങൾ പ്രതിഷേധിച്ചപ്പോൾ കൂവിയെന്നും കാണിച്ച് ചിലർ നൽകിയ പരാതിയുടെ
അടിസ്ഥാനത്തിലാണത്രെ പൊലീസ് കേസെടുത്തത്. ഇത് ശരിയാണെങ്കിൽ പരാതി നൽകിയവരും അതിനെ ആസ്പദമാക്കി
നടപടി എടുത്ത പൊലീസുദ്യോഗസ്ഥന്മാരും ചട്ടങ്ങളെ കുറിച്ച് നല്ല ധരണയില്ലാത്തവരാണെന്നു കരുതണം. സിനിമാ തിയേറ്ററിൽ
ദേശീയഗാനം കേൾപ്പിക്കാൻ നിലവിലുള്ള ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഒരു കാലത്ത്
അത് അനുവദിച്ചിരുന്നെങ്കിലും ദേശീയഗാനം അവഹേളിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഉപേക്ഷിക്കുകയായിരുന്നു.
സമീപകാലത്ത് ഒരു മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സർക്കാരിന്റെ കീഴിലുള്ള തിയേറ്ററുകൾ
ദേശീയഗാനമുൾപ്പെടുന്ന വീഡിയൊ പ്രദർശിപ്പിച്ചു തുടങ്ങുകയായിരുന്നു. മന്ത്രിക്ക് ചട്ടങ്ങളെ
കുറിച്ച് അറിവില്ലായിരുന്നെന്നത് ഒരു അപരാധമായി കാണേണ്ടതില്ല. ചട്ടങ്ങൾ പഠിച്ചിട്ടല്ലല്ലൊ
ഒരാൾ മന്ത്രിയാകുന്നത്. പക്ഷെ അദ്ദേഹം ആവശ്യപ്പെട്ടത് ചട്ടം അനുവദിക്കുന്നില്ലെന്ന്
ചൂണ്ടിക്കാണിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് കഴിയണമായിരുന്നു.
കേസിനാസ്പദമായ
സംഭവത്തിനുശേഷം ആ വീഡിയോ പരിപാടി ചട്ടവിരുദ്ധമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് തിയേറ്ററുകൾ
അതുപേക്ഷിച്ചതായി ഞാൻ മനസിലാക്കുന്നു. അവരെപ്പോലെതന്നെ തെറ്റ് തിരുത്താൻ ബാദ്ധ്യതയുള്ള
പൊലീസ് അതു ചെയ്യാതെ കേസുമായി മുന്നോട്ടുപോകുന്നത് വിചിത്രമാണ്. സർക്കാർ ‘ജനസൌഹൃദപര‘മെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും
പൊലീസ് ഇപ്പോഴും പഴയപോലെ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ കേസിലെ നടപടികൾ
വ്യക്തമാക്കുന്നു. സുപ്രീം കോടതി നിർദ്ദേശങ്ങൾ
പാലിക്കാതെയാണ് സൽമാനെ അറസ്റ്റ് ചെയ്തത്. കയ്യാമം വെക്കലും കുപ്രസിദ്ധമായ ‘നടയടി‘
ആചാരവും നടന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് മൂന്നു വർഷത്തെ ജയിൽശിക്ഷ മാത്രം
നൽകാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് കൂട്ടിച്ചേർത്തിട്ടുള്ള രാജ്യദ്രോഹക്കുറ്റം
ജീവപര്യന്തം ജയിൽശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.
ജാമ്യം കിട്ടാനുള്ള സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്ന വകുപ്പ് കൂടിയാണത്.
തന്മൂലം, അറസ്റ്റ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞ് ഈ വരികൾ എഴുതുമ്പോഴും സൽമാൻ ജാമ്യം നിഷേധിക്കപ്പെട്ട്
ജയിലിൽ കഴിയുകയാണ്.
ആംനസ്റ്റി ഇന്റെർനാഷനലിന്റെ
ഇന്ത്യാ ഘടകമുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളും പ്രശസ്ത ഡോക്കുമെന്ററി നിർമ്മാതാവ്
ആനന്ദ് പട്‌വർദ്ധനെപ്പോലെയുള്ള നിരവധി മനുഷ്യാവകാശ പ്രവർത്തകരും സൽമാനെതിരായ പൊലീസ്
നടപടി ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. പക്ഷെ പാലം കുലുങ്ങിയാലും കുലുങ്ങാത്തവരാണ്
നമ്മുടെ പൊലീസ് ഉദ്യോഗസ്ഥന്മാരും അവരുടെ രാഷ്ട്രീയ
മേലധികാരികളും. കൊളോണിയൽ ഭരണകൂടത്തെ പുറത്താക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രയോഗിക്കാൻ
ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയതാണ് പീനൽ കോഡിലുള്ള രാജ്യദ്രോഹക്കുറ്റം. ലോകമാന്യ തിലകിനും
മോഹൻദാസ് ഗാന്ധിക്കുമെതിരെ ചുമത്തപ്പെട്ടൈട്ടിള്ള കുറ്റമാണത്. സ്വതന്ത്ര ഇന്ത്യയിലെ
ചട്ടവ്യവസ്ഥയിൽ അതിന് സ്ഥാനമില്ലെന്ന് ജവഹർലാൽ നെഹ്രു പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹമൊ
അദ്ദേഹത്തിന്റെ പിൻഗാമികളൊ അത് എടുത്തുകളയാൻ നിയമനിർമ്മാണം നടത്തിയില്ല. അതേസമയം സ്വാതന്ത്ര്യത്തിന്റെ
ആദ്യകാലത്ത് കാലഹരണപ്പെട്ട ആ നിയമ വ്യവസ്ഥ സർക്കാരുകൾ ഉപയോഗിച്ചിരുന്നില്ല. സമീപകാലത്ത്
പല സർക്കാരുകളും അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇപ്പോഴും അപൂർവ്വമാണ്. എന്നിട്ടും അത് പ്രയോഗിച്ച് ആളുകളെ
വേദനിപ്പിക്കുന്നതിൽ അധികൃതർ ആനന്ദം കണ്ടെത്തുന്നു.
സാഹചര്യങ്ങൾ
സൽമാൻ സംഭവത്തെ ഒരു സാധാരണ പൊലീസ് വൈകൃതമായി കാണാൻ അനുവദിക്കുന്നില്ല. ഈ കേസിൽ സൽമാനെ
കൂടാതെ ഏതാനും പ്രതികൾ ഉണ്ടെങ്കിലും മറ്റാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഹരിഹര ശർമ്മ എന്നൊരു പ്രതി കോടതിയിൽ
മുൻകൂർ ജാമ്യം തേടുകയും കോടതി അതനുവദിക്കുകയും ചെയ്തു. ആ യുവാവ് പൊലീസ് സ്റ്റേഷനിൽ
പോയി അറസ്റ്റ് വരിച്ച് ഉടൻ തന്നെ ജാമ്യത്തിൽ പോവുകയും ചെയ്തു. ഫേസ്‌ബുക്കിലെ അഭിപ്രായ
പ്രകടനവും അതിന്റെ അടിസ്ഥാനത്തിൽ ചുമത്തപ്പെട്ടിട്ടുള്ള രാജ്യദ്രോഹക്കുറ്റവും ഐ.ടി
നിയമപ്രകാരമുള്ള കുറ്റവും സൽമാനെ കോടതികളുടെ കണ്ണിൽ കൊടുംഭീകരനാക്കുന്നതുപോലെ തോന്നുന്നു.
ഇന്ന് ഏറെ ദുരുപയോഗപ്പെടുത്തപ്പെടുന്ന ഒന്നാണ്
ഐ.ടി. ആക്ട്. ഈ നിയമം ഉയർത്തുന്ന പ്രധാന പ്രശ്നം പൂർണ്ണ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യം
അനുവദിക്കുന്ന നവമാദ്ധ്യമങ്ങളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുത്തുന്നു എന്നതല്ല, പൊലീസിന്
അമിതാധികാരം നൽകുന്നു എന്നതാണ്. പൊലീസാകട്ടെ
അത് നൽകുന്ന അധികാരം രാഷ്ട്രീയ കക്ഷികളുടെ താല്പര്യപ്രകാരം വിനിയോഗിക്കുന്നു.
സാധാരണഗതിയിൽ
പൊലീസ് തെറ്റായ നടപടികൾ സ്വീകരിക്കുന്നത് ഭരണകക്ഷിയുടെ താല്പര്യപ്രകാരമാണ്. ശിവ സേനയ്ക്ക്
ഇഷ്ടപ്പെടാഞ്ഞ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെയും ലൈക്കിന്റെയും പേരിൽ മഹാരാഷ്ട്രയിൽ
രണ്ട് യുവതികൾ അറസ്റ്റു ചെയ്യപ്പെട്ട സംഭവം രാഷ്ട്രീയകക്ഷികൾക്ക് പൊലീസിനെ ചലിപ്പിക്കാൻ
അധികാരം വേണമെന്നില്ലെന്ന് കാണിക്കുന്നു. ചില രാഷ്ട്രീയ കക്ഷികൾ എതിരാളികളെ നേരിടാൻ
സൈബർ പടയാളികളെ രംഗത്തിറക്കിയിട്ടുണ്ട്. അവർക്കിടയിൽ മാന്യമായി സംവാദത്തിലേർപ്പെടുന്നവരുണ്ട്.
എന്നാൽ മാന്യമായി സംവദിക്കാനുള്ള കഴിവില്ലാത്തവരാണ് അവരേക്കാൾ കൂടുതൽ. വ്യക്തിഹത്യ നടത്തുകയും വർഗ്ഗീയ വിദ്വേഷം പരത്തുകയും
ചെയ്യുന്നവർ സ്വതന്ത്രമായി വിഹരിക്കുമ്പോഴാണ്
സൽമാനെപ്പോലെ ചുമതലാബോധത്തോടെ ആശയവിനിമയം നടത്തുന്ന ഒരാൾ തുറുങ്കിലടക്കപ്പെടുന്നതും
ജാമ്യം കിട്ടാതെ ആഴ്ചകൾ അഴികൾക്കുള്ളിൽ കഴിയുന്നതും.
കൂട്ടുപ്രതിയായ
ഹരിഹര ശർമ്മ മുൻകൂർ ജാമ്യത്തിൽ പുറത്തു കഴിയുകയും മറ്റുള്ളവരെ പിടിക്കാൻ പൊലീസ് വലിയ താല്പര്യം കാട്ടാതിരിക്കുകയും ചെയ്യുമ്പോൾ
സൽമാന്റെ പേരു ഒരു പ്രശ്നമാണോ എന്ന ചോദ്യം ഉയരുന്നു. അമേരിക്കയിലെന്ന പോലെ കേരളത്തിലും
“എന്റെ പേരു ഖാൻ എന്നാണ് , പക്ഷെ ഞാൻ ഭീകരനല്ല”എന്ന് വിളിച്ചു പറയേണ്ട സാഹചര്യം ഉടലെടുക്കുകയാണോ?
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം
നേടി കേന്ദ്രത്തിൽ അധികാരത്തിലേറിയ ഭാരതീയ ജനതാ പാർട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം
ഒരു അപരനെ ആവശ്യപ്പെടുന്ന അസ്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. അതിൻപ്രകാരം
ദേശീയതലത്തിൽ ഹിന്ദുവിന്റെ അപരനാണ് മുസ്ലിം. ചിലയിടങ്ങളിൽ ആ സ്ഥാനത്ത് ക്രിസ്ത്യാനിയുമാകാം.
അന്താദ്ദേശീയതലത്തിൽ ഹിന്ദുവിന്റെ സ്ഥാനത്ത് ഇന്ത്യയും മുസ്ലിമിന്റെ സ്ഥാനത്ത് പാകിസ്ഥാനുമാണ്.
അതുകൊണ്ടാണ് ഒരു മുസ്ലിം തനിക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുമ്പോൾ ഹിന്ദു വർഗ്ഗീയവാദി
അയാളോട് പാകിസ്ഥാനിൽ പോകാൻ പറയുന്നത്. ബി.ജെ.പി ദേശീയ-അന്താദ്ദേശീയ വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളിൽ
ഈ അപരത്വ സമീപനം പ്രതിഫലിക്കുന്നതായി കാണാം. ഹിന്ദു വോട്ട് ബാങ്ക് രൂപീകരണ പദ്ധതിയെന്ന
നിലയിൽ ആ കക്ഷി വിജയം കണ്ട സാഹചര്യത്തിൽ അതിന്റെ സ്വാധീനം പല മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
അന്വേഷണത്തിന്റെ
ഭാഗമായി സൽമാന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് അവിടെ കണ്ട
രണ്ട് പോസ്റ്ററുകൾ രുചിച്ചിട്ടുണ്ടാകില്ല. അമേരിക്കയിൽ നിന്ന് കിട്ടിയതാണ് രണ്ടും.
ആഗസ്റ്റ് മാസം ആദ്യം ഫെർഗൂസൺ പട്ടണത്തിൽ ഒരു വെള്ള പൊലീസുകാരൻ നിരായുധനായ കറുത്ത വർഗ്ഗക്കാരനെ
വെടിവെച്ചു കൊന്ന സംഭവം അമേരിക്കയിലും പുറത്തും ഉണ്ടാക്കിയ ഒച്ചപ്പാട് ഇനിയും കെട്ടടങ്ങിയിട്ടില്ല.
ആ സംഭവത്തെ തുടർന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം അമേരിക്കക്കാരും
പൊലീസിനെ വിശ്വാസമില്ലെന്ന് പറയുകയുണ്ടായി. സൽമാൻ പങ്കു വെച്ച പോസ്റ്ററുകൾ അതിന്റെ
പശ്ചാത്തലത്തിൽ തയ്യാറാക്കപെട്ടവയാണ്. ഒന്നിലെ വാക്കുകൾ ഇങ്ങനെയാണ്: “നിങ്ങൾ പൊലീസിനെ
എത്രമാത്രം വിശ്വസിച്ചാലും, ഓർക്കുക നിങ്ങളെ ഒരിക്കലും വിശ്വസിക്കാതിരിക്കാനാണ് പൊലീസിനെ പരിശീലിപ്പിച്ചിട്ടുള്ളത്.” മറ്റേ പോസ്റ്റർ “പൊലീസിനോട് എങ്ങനെ സംസാരിക്കണം“
എന്നു ചോദിച്ചുകൊണ്ട് “അരുത്” എന്ന് ഉത്തരം നൽകുന്നു. ഈ പോസ്റ്ററുകൾ അന്വേഷണോദ്യോഗസ്ഥന്മാരുടെ
വർഗ്ഗബോധം ജ്വലിപ്പിച്ചിട്ടുണ്ടാകാം.
സൽമാനെ അറസ്റ്റു
ചെയ്ത പൊലീസുദ്യോഗസ്ഥൻ മുസ്ലിം നാമധാരിയാണ്. സൽമാന് ജാമ്യം നിഷേധിച്ച അവധിക്കാല ജില്ലാ
സെഷൻസ് ജഡ്ജി വാദം കേൾക്കുന്നതിനിടയിൽ സന്ദർഭം ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരഭിപ്രായ
പ്രകടനം നടത്തുകയുണ്ടായി. അദ്ദേഹവും മുസ്ലിം നാമധാരിയാണ്. ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികളിൽ
രാജ്യസ്നേഹ വികാരം ആളിക്കത്തിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ
ബന്ധപ്പെട്ടവർക്ക് അവരുടെ പേരുകൾ ബാദ്ധ്യതയാകുന്നുണ്ടോ എന്നത് സൂക്ഷ്മപരിശോധന അർഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യാപക ദിന പ്രഭാഷണം എല്ലാ സ്കൂൾകുട്ടികളും കേൾക്കുന്നുവെന്ന്
ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് എഴുതിയിരുന്നു. ഇത്തരത്തിൽ കുട്ടികളുടെ മേൽ പ്രസംഗം
അടിച്ചേല്പിക്കാനുള്ള അധികാരമൊ അവകാശമൊ കേന്ദ്രത്തിനില്ല. ചില ബി.ജെ.പിയിതര സർക്കാരുകൾ
അതിനാൽ കേന്ദ്ര നിർദ്ദേശം അവഗണിക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ
ഡയറക്ടർ കേന്ദ്ര നിർദ്ദേശപ്രകാരം വേണ്ട ഏർപ്പാടുകൾ ചെയ്യാൻ എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ടു.
അതിനുശേഷം സർക്കാർ വിഷയം ഉന്നതതലത്തിൽ പുന:പരിശോധിക്കുകയും പ്രധാനമന്ത്രിയുടെ പ്രസംഗം
കേൾക്കാൻ കുട്ടികളെ നിർബന്ധിക്കേണ്ടെന്ന് തീരുമാനിക്കുകയും
ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് അറിയാതെയാണ് വകുപ്പ് മേധാവി ആദ്യ ഉത്തരവ് ഇറക്കിയതെന്ന് വിശ്വസിക്കാൻ
പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ അറിവോടെയാണ്
അത് ചെയ്തതെങ്കിൽ മുസ്ലിംനാമം മന്ത്രിയെയും സമ്മർദ്ദത്തിലാക്കിയോ എന്ന ചോദ്യം അസ്ഥാനത്തല്ല.
വടക്കേ ഇന്ത്യയിലെ
വിദ്യാവിഹീനരായ ജനങ്ങൾ അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പുറത്താക്കാൻ വോട്ടു ചെയ്തപ്പോൾ
അതിനെ നിലനിർത്താൻ വോട്ടു ചെയ്തവരാണ് നാം. രാഷ്ട്രീയകക്ഷികളുടെ കീഴിൽ പരിശീലിച്ച, നാവടക്കി
പണിയെടുക്കുന്ന അച്ചടക്കബോധം നമ്മെ വിദേശ തൊഴിൽദാതാക്കൾക്ക് പ്രിയങ്കരരാക്കിയിട്ടുണ്ട്.
ആറു പതിറ്റാണ്ടുകാലത്തെ ജനാധിപത്യ പരീക്ഷണങ്ങൾക്കുശേഷം സ്വേച്ഛാധിപത്യമാണ് രാജ്യം നേരിടുന്ന
ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ മാർഗ്ഗമെന്ന് വിശ്വസിക്കുന്ന കുറേപ്പേർ ഇവിടെയുണ്ട്.
ഇതെല്ലാം കൂടി നമ്മെ മൊത്തത്തിൽ ഫാഷിസം ഇരന്നു വാങ്ങാൻ തയ്യാറുള്ള സമൂഹമായി മാറ്റിക്കൊണ്ടിരിക്കുകയാണോ?
കേരളത്തിലെ പ്രധാന രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ സൽമാൻ സംഭവത്തിൽ അവലംബിച്ചിട്ടുള്ള
നിസ്സംഗത ഏതൊരു സ്വേച്ഛാധിപതിയെയും കൊതിപ്പിക്കുന്നതാണ്.
അമിതദേശസ്നേഹം ജ്വലിപ്പിച്ചുകൊണ്ടാണ്
ഹിറ്റ്ലർ ജർമ്മനിയിൽ ആധിപത്യം സ്ഥാപിച്ചത്. നാസി യുവാക്കൾ റെസ്റ്റോറന്റുകളിലും മറ്റ്
പൊതുസ്ഥലങ്ങളിലും ബാൻഡുമായി ചെന്ന് ദേശീയഗാനം
ആലപിച്ച് ആളുകളെ എഴുനേറ്റു നിൽക്കാൻ നിർബന്ധിക്കുകയായിരുന്നു ദേശസ്നേഹം വളർത്താൻ അവർ
കണ്ടുപിടിച്ച ഒരു മാർഗ്ഗം. ആ ചരിത്രം ആവർത്തിക്കുന്നതിന്റെ സൂചനകൾ കാണുമ്പോൾ ഹിറ്റ്ലറുടെ ജയിലിൽ കഴിയേണ്ടി
വന്ന മാർട്ടിൻ ന്യൂമുള്ളറുടെ വരികൾ വീണ്ടും പ്രസക്തമാകുന്നു:
ആദ്യം അവർ സോഷ്യലിസ്റ്റുകൾക്കായി
വന്നു—
സോഷ്യലിസ്റ്റ്
അല്ലാത്തതുകൊണ്ട് ഞാൻ മിണ്ടിയില്ല.
പിന്നെ അവർ ട്രെയ്‌ഡ്
യൂണിയൻകാർക്കായി വന്നു—
ട്രെയ്‌ഡ് യൂണിയൻകാരനല്ലാത്തതുകൊണ്ട്
ഞാൻ മിണ്ടിയില്ല.
പിന്നെ അവർ ജൂതന്മാർക്കായി
വന്നു---
ജൂതനല്ലാത്തതുകൊണ്ട്
ഞാൻ മിണ്ടിയില്ല.
പിന്നെ അവർ എനിക്കായി
വന്നു— അപ്പോൾ
എനിക്കുവേണ്ടി
മിണ്ടാൻ ആരും ബാക്കിയുണ്ടായിരുന്നില്ല.
(ഈ കവിതയുടെ
മറ്റ് ചില ഭാഷ്യങ്ങളിൽ നാസികൾ തേടി വന്നവരിൽ കമ്മ്യൂണിസ്റ്റുകാരും മാറാരോഗികളുമുണ്ട്.).
സമകാലിക മലയാളം വാരികയ്ക്കുവേണ്ടി എഴുതിയ ലേഖനം.
1 comment:
സൽമാനിൽ ഒരു അരാജക വാദിയുണ്ട്. ഒരു രാജ്യം രൂപപ്പെടുന്നത് പല വഴിക്കാവാം. പിന്നീട് അതിൽ ചേർക്കപ്പെടുന്ന ദേശീയത അതിഭാവുകത്വം നിറഞ്ഞതുമാവാം. എന്നാൽ സാമൂഹ്യ ജീവിയായ മനുഷ്യന് രാഷ്ട്രം ഒരു സുരക്ഷാ കവചം ഒരുക്കുന്നു. ചില നിയമങ്ങളും. അതൊക്കെ പാലിച്ചു കൊണ്ടേ അതിലെ ആ സുരക്ഷ അവന് അനുഭവിക്കാൻ അധികാരമുള്ളൂ. അയാൾ ഭീകരനോ ദേശ ദ്രോഹിയോ ഒന്നുമാണെന്ന് പറയുന്നില്ല. ചില തെറ്റുകൾ അയാൾ ചെയ്തിട്ടുണ്ട്. വേണമെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ അയച്ചു തിരുത്താവുന്ന തെറ്റ്. എന്നാൽ അതിലും തീർപ്പ് കൽപ്പിക്കേണ്ടത് നിയമമാണ്.
Post a Comment