Thursday, September 11, 2014

ടെലിവിഷൻ കാലത്തെ മലയാളി ജീവിതം

ബി.ആർ.പി. ഭാസ്കർ

രണ്ടു പതിറ്റാണ്ടു കാലമായി ടെലിഷൻ മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഒരു സ്ഥാപനത്തിന് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. മാധ്യമ സ്വാധീനം കേവലം ആണ്ടിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കാനാവില്ല. മാധ്യമങ്ങൾ ശീലങ്ങളാണ്. ആവർത്തിച്ചുള്ള കാഴ്ചയിലും ഉപയോഗത്തിലും കൂടിയാണ് ശീലങ്ങൾ രൂപപ്പെടുന്നത്. എല്ലാ ആഴ്ചയും വരുന്ന ആഴ്ചപ്പതിപ്പ് മാസത്തിലൊരിക്കൽ വരുന്ന മാസികയേക്കൾ വേഗത്തിൽ ശീലമാകും. എല്ലാ ദിവസവും വരുന്ന പത്രം ആഴ്ചപ്പതിപ്പിനേക്കാൾ വേഗത്തിൽ ശീലമാകും. സദാ ലഭ്യമാകുന്ന 24x7 ചാനൽ ദിനപ്പത്രത്തേക്കാൾ വേഗത്തിൽ ശീലമാകും. മാധ്യമ ശീലത്തിന്റെ രൂപീകരണത്തിൽ ഉള്ളടക്കത്തിനും വലിയ പങ്കുണ്ട്. നല്ല ശീലങ്ങളേക്കാൾ വേഗത്തിൽ ചീത്ത ശീലങ്ങൾ സ്വീകരിക്കാനാകും. എന്നാൽ നല്ല ശീലങ്ങളോളം വേഗത്തിൽ ചീത്ത ശീലങ്ങൾ ഉപേക്ഷിക്കാനാവില്ല.

മലയാളികൾ ബ്രിട്ടീഷു ഭരണകാലത്തുതന്നെ തൊഴിൽ തേടി കേരളത്തിനു പുറത്തു പോയിത്തുടങ്ങിയിരുന്നു. ഏറെ ദൂരെയല്ലാത്ത മദിരാശിയിലേക്കു നീങ്ങിയവർക്കു പോലും മലയാളം വായിക്കാൻ അവസരമുണ്ടായിരുന്നില്ല. തന്മൂലം നാടുമായുള്ള ബന്ധം ക്രമേണ ദുർബലമായിക്കൊണ്ടിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാള പത്രങ്ങൾ ഇപ്പോൾ നാട്ടിൽ വിതരണം ചെയ്യപ്പെടുന്ന സമയത്തു തന്നെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്ക് അച്ചടിച്ച രൂപത്തിലൊ കമ്പ്യൂട്ടറിലൂടെയൊ ലഭിക്കുന്നു. തന്മൂലം അവർക്ക് നാടുമായുള്ള ബന്ധം ദൃഢമായി നിലനിർത്താൻ കഴിയുന്നു. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അത് ജാതിമത ചായ്‌വുകളുൾപ്പെടെ  പല ദുഷ്‌പ്രവണതകളും ദിനപ്പത്രങ്ങളിലൂടെയും ഉപഗ്രഹ ചാനലുകളിലൂടെയും പുറത്തേക്കും വ്യാപിക്കുന്നെന്നതാണ്. പുതിയ സാങ്കേതിക വിദ്യ ലഭ്യമാവുകയും ഔദ്യോഗിക നിയന്ത്രണങ്ങൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയിലെ ഇലക്ട്രോണിക് മാധ്യമരംഗത്ത് സ്വകാര്യ സംരംഭകർക്ക് പ്രവേശിക്കാനായി. ഒരു ചെറിയ കാലയളവിൽ പലയിടങ്ങളിലും നിരവധി ചാനലുകൾ പ്രവർത്തനം തുടങ്ങി. കേരളത്തിൽ ഇപ്പോഴും പുതിയ ചാനലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നു മനസിലാക്കേണ്ടത് വളർച്ചയുടെ കാലഘട്ടം ഇനിയും അവസാനിച്ചിട്ടില്ല എന്നാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പുരോഗതിയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുകയുണ്ടായി. ആ കാലഘട്ടത്തെ രൂപപ്പെടുത്തിയ നവോത്ഥാനമൂല്യങ്ങൾ ഇടയ്ക്കെപ്പൊഴൊ നഷ്ടമാകാൻ തുടങ്ങിയെന്ന് ഇന്ന് നാം തിരിച്ചടിയുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് അച്ചടിമാധ്യമങ്ങളേക്കാൾ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നതുകൊണ്ട് അവയാകും ഈ നൂറ്റാണ്ടിന്റെ സ്വഭാവം നിർണ്ണയിക്കുക. അതിനാൽ അവയുടെ പ്രവർത്തനം സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നല്ല പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഒരു ശരാശരി പ്രേക്ഷകൻ ദിവസവും രണ്ടു മണിക്കൂറിലധികം ടെലിവിഷന്റെ മുന്നിലിരിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്രം വായിക്കാൻ എടുക്കുന്നതാകട്ടെ ഏതാണ്ട് 20 മിനിട്ടു മാത്രമാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് എന്തിനായി ചെലവഴിച്ചിരുന്ന സമയമാണ് ടെലിവിഷൻ അപഹരിച്ചതെന്ന ചോദ്യം പ്രസക്തമാണ്. ടെലിവിഷൻ വന്നശേഷം സൌഹൃദസന്ദർശനങ്ങൾ ഇല്ലാതായെന്ന പരാതി വ്യാപകമാണ്. കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള സൌകര്യം ഇപ്പോഴുണ്ട്. ആ നിലയ്ക്ക് സൌഹൃദങ്ങൾ ഇല്ലാതാവുകയല്ല അവ പുതിയ രൂപങ്ങൾ കൈക്കൊള്ളുകയാണ് എന്ന് പറയാവുന്നതാണ്. അതേസമയം പുതിയ സംവിധാനങ്ങൾക്ക് വ്യക്തികളെ ഒന്നിപ്പിക്കുന്നതുപോലെ കുടുംബങ്ങളെ ഒന്നിപ്പിക്കാനാകില്ലെന്ന പോരായ്മയുണ്ട്. 

വായനാശീലമുള്ള മലയാളികൾ വായനക്കായി ചെലവഴിച്ചിരുന്ന സമയത്തിൽ നിന്നാകണം ടെലിവിഷൻ കാണാനുള്ള സമയം കണ്ടെത്തിയത്. എന്നാൽ ടെലിവിഷന്റെ വരവ് വായനയെ ബാധിച്ചിട്ടില്ലെന്ന് പത്ര ഉടമകളും പുസ്തക പ്രസാധകരും അവകാശപ്പെടുന്നു. പത്രങ്ങളുടെ പ്രചാരം കുറഞ്ഞിട്ടില്ലെന്നു തന്നെയല്ല, ഇപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളുടെ വില്പനയിലും കുറവുണ്ടായിട്ടില്ലത്രെ. എന്നാൽ പുസ്തക വിപണിയുടെ നില പരിഗണിക്കുമ്പോൾ സാമ്പത്തിക നിലവാരവും കണക്കിലെടുക്കേണ്ടതുണ്ട്.  ദരിദ്ര സംസ്ഥാനമായിരുന്ന കാലത്തെന്നപോലെ ഇന്നും മലയാള പുസ്തകത്തിന്റെ ഒരു എഡിഷൻ എന്നു പറയുന്നത് 1000ഓ 2000ഓ കോപ്പികൾ മാത്രമാണ്. പുസ്തക വിപണി  സാമ്പത്തിക നിലവാരത്തിനൊത്ത് വളർന്നിട്ടില്ലെന്നല്ലേ ഇത് കാണിക്കുന്നത്? ആനുകാലികങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോഴാണ് ടെലിവിഷൻ വായനയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ശരിക്കും ബോധ്യമാകുന്നത്. മുഖ്യ ആശയസംവാദവേദിയായി പ്രവർത്തിച്ചുകൊണ്ട് ഏറെക്കാലമായി നമ്മുടെ സാംസ്കാരിക മണ്ഡലത്തെ പരിപോഷിപ്പിച്ചിരുന്നത് ആനുകാലിക പ്രസിദ്ധീകരണങ്ങളാണ്. അവയുടെ പ്രചാരത്തിൽ ടെലിവിഷൻ വന്നശേഷം വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് സാംസ്കാരിക ജീവിതം ദരിദ്രമാക്കിയിട്ടുണ്ട്.

ടെലിവിഷൻ ചാനലുകൾ അവരുടേതായ രീതിയിൽ ആശയ സംവാദം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. നിത്യവും രാത്രി വാർത്താ ചാനലുകൾ നടത്തുന്ന ഒരു മണിക്കൂർ നീളുന്ന ചർച്ചകളിൽ രാഷ്ട്രീയ സംഭവവികാസങ്ങൾ പരിശോധനക്കു വിധേയമാകുന്നു. ഇതിനെ ഒരുകാലത്ത് ചായക്കടകളിൽ നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളുടെ ടെലിവിഷൻ‌കാല രൂപമായി കാണാവുന്നതാണ്. നിർഭാഗ്യവശാൽ കക്ഷിനേതാക്കളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ടിവി ചർച്ചകളെ ചായക്കടച്ചർച്ചകളുടെ നിലവാരത്തിനു മുകളിൽ കൊണ്ടുപോകുന്നില്ല. സൌമ്യമായ സംവാദത്തേക്കാൾ നാടകീയമായ സംഘട്ടനമാണ് ദൃശ്യമാധ്യമത്തിന് ഇണങ്ങുന്നത്. അതിനാൽ ചോദ്യങ്ങളിലൂടെ പ്രസക്തമായ വസ്തുതകൾ പുറത്തുകൊണ്ടു വന്ന് വിഷയത്തെപ്പറ്റി കൂടുതൽ കൃത്യത വരുത്തുന്നതിനു പകരം അവതാരകർ പലപ്പോഴും രാഷ്ട്രീയ എതിരാളികളെ തമ്മിലടിപ്പിച്ച് ചർച്ചകളെ ശബ്ദമുഖരിതമാക്കുന്നു. കടുത്ത രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന നാടാണ് നമ്മുടേത്. തനിക്കുവേണ്ടി ചിന്തിക്കുന്ന ജോലി ഏതെങ്കിലും പാർട്ടിക്കൊ നേതാവിനൊ വിട്ടുകൊടുത്തിട്ടുള്ള ധാരാളം പേർ ഇവിടെയുണ്ട്. ചർച്ചയിൽ ഇഷ്ടപ്പെട്ട കക്ഷിയുടെ പ്രതിനിധിയുണ്ടെങ്കിൽ അവർ തൃപ്തരാകും. എന്നാൽ തുറന്ന മനസോടെ  പ്രശ്നങ്ങളെ സമീപിക്കുന്ന പ്രേക്ഷകരെ ഇത്തരം ചർച്ചകൾ തൃപ്തിപ്പെടുത്തില്ല.

തുടർച്ചയായി വാർത്തകൾ നൽകാൻ ബാധ്യസ്ഥരായ 24x7 ചാനലുകൾക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും പിടിച്ചുനിർത്താനും പല പൊടിക്കൈകളും പ്രയോഗിക്കേണ്ടതുണ്ട്. ബ്രേക്കിങ് ന്യൂസ് സംവിധാനം അത്തരത്തിലൊന്നാണ്. വലിയ സംഭവവികാസങ്ങളില്ലാത്തപ്പോൾ വാർത്തകൾ പെരുപ്പിച്ചു കാണിക്കാനും നിസ്സാര കാര്യങ്ങൾ ചർച്ചക്കെടുക്കാനും ചാനലുകൾ നിർബന്ധിതരാകുന്നു. നമ്മുടെ  സാഹചര്യങ്ങളിൽ അടങ്ങിയിരിക്കുന്ന പരിമിതികൾ കണക്കിലെടുക്കാതെ സാങ്കേതികവിദ്യ തുറന്നിട്ട സാധ്യതകൾ ഉപയോഗിക്കുന്നതാണ് ഈ അവസ്ഥയുടെ കാരണം.

വിനോദ ചാനലുകൾ നിറയെ വാശി തീർക്കാൻ കൊലപാതകമുൾപ്പെടെ എന്തും ചെയ്യാനും മടിയില്ലാത്ത കഥാപാത്രങ്ങൾ ഓടിനടക്കുന്ന പരമ്പരകളാണ്. പുരാണകഥകളുടെ പുനരവതരണം പുതിയ കാലത്തിനു അനുയോജ്യമായ സന്ദേശങ്ങൾ നൽകുന്നതിനു പകരം കാലഹരണപ്പെട്ടതെന്ന്  തിരിച്ചറിഞ്ഞ് സമൂഹം നേരത്തെ പുറന്തള്ളിയ ഫ്യൂഡൽ മൂല്യങ്ങളെ പുന:പ്രതിഷ്ഠിക്കുന്നു. നൂറിൽ‌പരം കൊല്ലങ്ങൾക്കു മുമ്പ് സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തന ഫലമായി ഇല്ലാതായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളുടെ നെറ്റിയിലെ രണ്ടും മൂന്നും നിലകളിലുള്ള അലങ്കാരം സ്ത്രീപ്രേക്ഷകരുടെ നെറ്റിയിലേക്ക് സംക്രമിച്ചു തുടങ്ങിയിട്ടുണ്ട്. 

ഏറെക്കാലമായി മലയാളികൾ സംസാരിക്കുന്നത് പത്രങ്ങളിലൂടെ പകർന്നു കിട്ടിയ ഭാഷയാണ്. ജനങ്ങളുടെ സംസാരഭാഷയെ മലയാള പത്രങ്ങൾ സ്വാധീനിച്ചിടത്തോളം മറ്റൊരു ഭാരതീയ ഭാഷയിലെയും പത്രങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വരും തലമുറകൾ സംസാരിക്കുന്നത് ഈ പത്രഭാഷയാകില്ല. ഇന്ന് നാം ടെലിവിഷനിൽ കേൾക്കുന്ന ഭാഷയാകും അവർ സംസാരിക്കുക. ഭാഷ മാറ്റം കൂടാതെ നിന്നിട്ടുള്ള ഒന്നല്ല, അങ്ങനെ നിൽക്കേണ്ടതുമില്ല. എന്നാൽ ചാനലുകൾ ഭാഷയോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്. ആദ്യ ചാനലായ ഏഷ്യാനെറ്റിന്റെ പരിപാടികളുടെ പേരുകളെല്ലാം മലയാളത്തിലായിരുന്നു. എന്നാൽ പിൽക്കാലത്ത് ഏഷ്യാനെറ്റ് ഉൾപ്പെടെ എല്ലാ ചാനലുകളും പേരുകൾക്ക് ഇംഗ്ലീഷു ഭാഷയിലേക്ക് തിരിഞ്ഞു. അതിലൂടെ പുതിയ കാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മലയാളത്തിന് കഴിവില്ലെന്ന ധാരണ അവർ പടർത്തിയിരിക്കുന്നു.

അച്ചടിമാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പല രക്ഷിതാക്കളും കുട്ടികൾക്ക് ഇംഗ്ലീഷു ഭാഷയുമായി പരിചയപ്പെടാനുള്ള അവസരം നൽകാനായി ഇംഗ്ലീഷു പത്രങ്ങൾ വാങ്ങിയിരുന്നു. ഇന്ന് കേബിൾ വഴി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ചാനലുകൾ ലഭ്യമാണെങ്കിലും പല കുടുംബങ്ങളും മലയാളം ചാനലുകൾ മാത്രമാണ് കാണുന്നതെന്നാണ് വിതരണക്കാരിൽ നിന്നറിയാൻ കഴിയുന്നത്. മലയാള ചാനലുകളുടെ ബാഹുല്യവും അവ ഉണർത്തിയിട്ടുള്ള താല്പര്യവും പ്രേക്ഷകരെ, പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറത്ത് ജോലി തേടാൻ വിധിക്കപ്പെട്ടിട്ടുള്ള യുവജനങ്ങളെ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിന്ന് അകറ്റുന്നുണ്ടെങ്കിൽ അത് വലിയ ദോഷം ചെയ്യും.

അച്ചടിമാധ്യമത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള  ദൃശ്യമാധ്യമത്തിന് എത്ര കാലം പ്രാമുഖ്യം നിലനിർത്താനാകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഈ രംഗത്തെ സാങ്കേതികവിദ്യയുടെ വികാസം ഇപ്പോഴും തുടരുകയാണ്. പുതിയ സാഹചര്യങ്ങൾ നവമാധ്യമങ്ങളുടെ വളർച്ചക്ക് ഏറെ സഹായകരമാണ്.  (മംഗളം, ഓണപ്പതിപ്പ്, 2014)