Wednesday, October 22, 2014

പ്രസാർ ഭാരതിയുടെ പതനങ്ങൾ

ബി.ആർ.പി. ഭാസ്കർ

രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭഗവത് വിജയദശമി നാളിൽ സംഘ് ആസ്ഥാനമായ നാഗപ്പൂരിൽ അതിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത് പതിറ്റാണ്ടുകളായി നടക്കുന്ന പരിപാടിയാണ്. ഒരു സ്വയംഭരണസ്ഥാപനമാണെന്ന്  പറയപ്പെടുന്ന പ്രസാർ ഭാരതിയുടെ ഭാഗമായ ദൂർദർശൻ ഇക്കൊല്ലം ആദ്യമായി അത് രാജ്യവ്യാപകമായി തത്സമയം സം‌പ്രേഷണം ചെയ്തു. ആ നടപടി വിമർശിക്കപ്പെട്ടപ്പോൾ തീരുമാനം ന്യായീകരിച്ചുകൊണ്ട്  വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞത്:“ഞങ്ങൾ ദൂർദർശന്റെ നിരോധനം എടുത്തു മാറ്റി” എന്നാണ്. സർക്കാരുകൾ പ്രസാർ ഭാരതിക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതിന് സ്വയംഭരണാവകാശമുണ്ടെങ്കിൽ ഒരു സർക്കാർ തടയിടുകയും മറ്റൊന്ന് തട നീക്കുകയും ചെയ്യുന്നതെങ്ങനെയാണ്? ജാവദേക്കർ ഇത്രയും കൂടി പറഞ്ഞു: “ദൂർദർശൻ സ്വയംഭരണ സ്ഥാപനമാണ്. അതിൽ പ്രൊഫഷനലിസം ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഈ പ്രഖ്യാപനം അടിയന്തിരാവസ്ഥക്കാലത്തെ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി വിദ്യാ ചരൺ ശുക്ളയുടെ വാക്കുകളെയാണ് ഓർമ്മിപ്പിക്കുന്നത്. പത്രങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപാടി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സെൻസർഷിപ്പിനെ ന്യായീകരിച്ചത്. മന്ത്രിമാരുടെ ഇടപെടലിലൂടെ ഒരു മേഖലയിലും പ്രൊഫഷനലിസം വളരുകയില്ല. രാഷ്ട്രീയക്കാരുടെ ഇടപെടൽ സദുദ്ദേശ്യപരമാണെങ്കിൽ കൂടി അത് പ്രൊഫഷനലിസത്തെ അപകടത്തിലാക്കുകയേയുള്ളു.

ആർ.എസ്.എസിന്റെ വാർഷിക പരിപാടി ദൂർദർശൻ പതിവായി റിപ്പോർട്ട് ചെയ്തിരുന്നു. ജാവദേക്കർ ആരോപിക്കുന്നതുപോലെ, മുൻസർക്കാർ റിപ്പോർട്ടിങ് തടഞ്ഞിരുന്നില്ല എന്നർത്ഥം. ഒരു പാർട്ട് ടൈം ലേഖകനാണ് റിപ്പോർട്ടു നൽകിയിരുന്നത്. ഇത്തവണ ദൂർദർശൻ സ്വന്തം സ്റ്റാഫിനെ നിയോഗിച്ചു. കൂടാതെ ക്യാമറകളും മറ്റ് ഉപകരണങ്ങളുമയച്ച് തത്സമയ സം‌പ്രേഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു. സംഭവത്തിന്റെ വാർത്താപ്രാധാന്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തതെന്ന് ദൂർദർശൻ അധികൃതർ അവകാശപ്പെടുന്നു. ഈ അവകാശവാദം നാഗപ്പൂരിലെ പരിപാടിക്ക് കഴിഞ്ഞ കൊല്ലം വരെ ഇല്ലാതിരുന്ന വാർത്താമൂല്യം ഇക്കൊല്ലം എങ്ങനെ കൈവന്നെന്ന ചോദ്യം ഉയർത്തുന്നു: അതിനുള്ള ഉത്തരം ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറിയതിന്റെ ഫലമായി അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടമായ ആർ.എസ്.എസിന്റെ പ്രവർത്തനം  കൂടുതൽ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു എന്നാണ്. ഒരു മാദ്ധ്യമ സ്ഥാപനം സ്വതന്ത്രമായി ഇത്തരത്തിലുള്ള വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിങ് സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്താൽ അത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരും. എന്നാൽ തത്വത്തിൽ സ്വയംഭരണ സ്ഥാപനമാണെങ്കിലും സർക്കാർ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്ന പ്രസാർ ഭാരതിയുടെ കീഴിലുള്ള ദൂർദർശൻ അതു ചെയ്യുമ്പോൾ അതിനെ പുതിയ ഭരണാധികാരികളോടുള്ള വിധേയത്വ പ്രകടനമായേ കാണാനാവൂ.

ചില സ്വകാര്യ ചാനലുകളും മോഹൻ ഭഗവതിന്റെ പ്രസംഗം തത്സമയം സം‌പ്രേഷണം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ദൂർദർശൻ തീരുമാനം പ്രൊഫഷനൽ ആയിരുന്നെന്ന നിഗമനത്തിലെത്താനാവില്ല. ആദ്യം എസ്. മുൾഗോകറുടെയും പിന്നീട് വി.കെ. നരസിംഹന്റെയും പത്രാധിപത്യത്തിൽ ഇൻഡ്യൻ എക്സ്പ്രസ് നടത്തിയ ഒറ്റപ്പെട്ട ശ്രമം ഒഴിവാക്കിയാൽ, പത്രങ്ങൾ അടിയന്തിരാവസ്ഥക്കാല നിയന്ത്രണങ്ങൾ മുറുമുറുപ്പു കൂടാതെ അംഗീകരിക്കുകയാണുണ്ടായത്. തുടർന്നു വന്ന ജനതാ സർക്കാരിൽ മന്ത്രിയായിരുന്ന എൽ. കെ. അദ്വാനി പത്രക്കാരുടെ മുഖത്തു നോക്കി പറഞ്ഞു: “കുനിയാൻ പറഞ്ഞപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞൂ” അടിയന്തിരാവസ്ഥ അവസാനിച്ചശേഷം യുവപത്രാധിപന്മാരുടെ നേതൃത്വത്തിൽ വാരികകൾ മൂടിവെച്ച പലതും പുറത്തുകൊണ്ടുവന്നു. എന്നാൽ അദ്വാനിയുടെ പരിഹാസം മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കിയില്ല. അത് മറ്റാരേക്കാളും നന്നായി മനസിലാക്കിയത് അദ്വാനി തന്നെ. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ അടച്ചുപൂട്ടിയ ജന സംഘം മുഖപത്രമായ ദ മദർലൻഡ് തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു അതിലെ ജീവനക്കാർ സമീപിച്ചപ്പോൾ അദ്ദേഹം അവരോട് പറഞ്ഞത് ടൈംസ് ഓഫ് ഇൻഡ്യ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പിന്തുണ കിട്ടുന്നതുകൊണ്ട് ആ പത്രം ഇനി ആവശ്യമില്ലെന്നാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ വന്നതിനെ തുടർന്ന് ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല വൻ‌കിട പത്രങ്ങളും ഹിന്ദുത്വാനുകൂല സമീപനം സ്വീകരിച്ചു തുടങ്ങിയിരുന്നു. ഉദ്യോഗസ്ഥന്മാരുടെയും ന്യായാധിപന്മാരുടെയും സമീപനങ്ങളിലും സമാനമായ വ്യതിയാനം പ്രകടമായി. ഈ മാറ്റങ്ങൾ എല്ലാ സ്ഥാപനങ്ങളിലും നിർണ്ണായക സ്വാധീനമുള്ള മദ്ധ്യവർഗ്ഗത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതാണ്.

മന്ത്രിമാരും സാമാജികന്മാരും ജഡ്ജിമാരുമെല്ലാം ഭരണഘടനപ്രകാരം പ്രവർത്തിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ജോലിയിൽ പ്രവേശിക്കുന്നവരാണ്. ആ നിലയ്ക്ക് അവർ ഭരണഘടനയുടെ ആമുഖത്തിൽ ഉല്ലേഖനം ചെയ്തിട്ടുള്ള സമത്വാധിഷ്ഠിത മതനിരപേക്ഷ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. മാദ്ധ്യമപ്രവർത്തകർ അങ്ങനെയൊരു ബാദ്ധ്യതയും ഏറ്റെടുക്കുന്നില്ലെങ്കിലും സമൂഹത്തിൽ പ്രവർത്തിക്കുകയും അതിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെന്ന നിലയിൽ മാദ്ധ്യമങ്ങൾക്കും പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കാനുള്ള ചുമതലയുണ്ട്. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയിൽ ഉടമയുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ബാദ്ധ്യതയും അവയ്ക്കുണ്ട്. രണ്ടും തമ്മിൽ പൊരുത്തപ്പെടതെ വരുമ്പോൾ മാദ്ധ്യമവും മാദ്ധ്യമപ്രവർത്തകരും ആദ്യത്തേത് കൈവിടാൻ നിർബന്ധിതരാകും. അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥ അവർക്ക് നൽകുന്നുണ്ട്. എന്നാൽ അങ്ങനെയൊരു സൌജന്യം പ്രസാർ ഭാരതിക്ക് അവകാശപ്പെടാൻ കഴിയില്ല. അതിന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച രേഖ ഇത് വ്യക്തമാക്കുന്നുണ്ട്. അതിലെ രണ്ട് പ്രധാന ഇനങ്ങൾ ഇവയാണ്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ള മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക; ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക.

ആർ.എസ്. എസ്. ഒരു ഹൈന്ദവ സംഘടനയാണ്. അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകൾ മുതൽ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വളർത്തിയിട്ടുണ്ട്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവർക്കരും അദ്ദേഹം നയിച്ചിരുന്ന ഹിന്ദു മഹാസഭയും വിഭജനത്തെ എതിർക്കുകയും അത് നടപ്പിലായശേഷവും അഖണ്ഡ ഭാരതം എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. സാഹസികനായ സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്ന സവർക്കറുടെ അനുയായിയായ നാഥുറാം ഗോഡ്സെയാണ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഗൂഢാലോചനയിലെ പങ്കാളിയെന്ന നിലയിൽ സവർക്കറും ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും മതിയായ തെളിവിന്റെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ പശ്ചാത്തലം അവഗണിച്ചുകൊണ്ട് കഴിഞ്ഞ തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി. അദ്ദേഹത്തിന്റെ ഛായാപടം പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുകയുണ്ടായി. ദൂർദർശൻ സം‌പ്രേഷണം ചെയ്ത പ്രസംഗത്തിൽ മോഹൻ ഭഗ‌വത് പേരെടുത്തു പറഞ്ഞ് പുതിയ ഭരണകർത്താക്കളുടെ മുന്നിൽ മാർഗ്ഗദർശികളായി അവതരിപ്പിച്ചവരിൽ ഒരാൾ സവർക്കറാണ്.

ഗോഡ്സെ നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഗാന്ധിയെ കൊല്ലുന്ന സമയത്ത് അയാൾക്ക് അതുമായി ബന്ധമില്ലായിരുന്നെന്ന് സംഘടന ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വല്ലഭ്ഭായ് പട്ടേൽ ആർ.എസ്.എസിന്റെ രാജ്യസ്നേഹത്തെ പൊതുവേദികളിൽ പ്രകീർത്തിച്ചിരുന്നു. അതേസമയം അതിന്റെ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളുടെ ഫലമായി വളർന്ന വർഗ്ഗീയതയാണ് ഗാന്ധിവധത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അതിന്റെ മേൽ നിരോധനം ഏർപ്പെടുത്തി. നിരോധനം പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട സർവസംഘ്ചാലക് എം. എസ്. ഗോൾവാൾക്കരോട് പ്രവർത്തനം സുതാര്യമാക്കാൻ സംഘടനക്ക് ഭരണഘടനയുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആർ.എസ്.എസ്. സാംസ്കാരിക സംഘടനയാണെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും ഉറപ്പു നൽകിയശേഷമാണ് പട്ടേൽ നിരോധനം നീക്കിയത്. ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ നെഹ്രു പട്ടേലിനയച്ച കത്തിൽ നിരോധനം നീക്കിയ നടപടിയെ കുറിച്ച് ബ്രിട്ടനിൽ ആക്ഷേപങ്ങൾ കേട്ടതായി എഴുതി. രാഷ്ട്രീയം ഉപേക്ഷിച്ച ആർ.എസ്.എസുകാരെ  കോൺഗ്രസിലേക്ക് ആകർഷിക്കാമെന്ന് പട്ടേൽ കരുതിയിരുന്നു. ഏറെ കഴിയും മുമ്പ് അദ്ദേഹം അന്തരിക്കുകയും കോൺഗ്രസ് പൂർണ്ണമായും നെഹ്രുവിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതുകൊണ്ട് ആര്‍.എസ്.എസുകാരുടെ കോൺഗ്രസ് പ്രവേശം നടന്നില്ല. പക്ഷെ പട്ടേൽ ആർ.എസ്.എസിന് പ്രിയങ്കരനായ കോൺഗ്രസുകാരനായി. ഹിന്ദുത്വവാദികൾ നെഹ്രുവിനെ എത്രമാത്രം വെറുക്കുന്നുവൊ അത്രത്തോളം പട്ടേലിനെ ആരാധിക്കുന്നു. ഗാന്ധിയും പട്ടേലും ഗുജറാത്തികളാണെങ്കിലും ഗുജറാത്തിൽ അമേരിക്കയിലെ സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെ വെല്ലുന്ന പ്രതിമയുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ മോഡി ഗാന്ധിയെ തഴഞ്ഞ് പട്ടേലിനെയാണ് തെരഞ്ഞെടുത്തത്.

ഗാന്ധി വധവുമായി ആർ.എസ്.എസ്നിന് ബന്ധമുണ്ടെന്നതിന് ധാരാളം തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും അത് പുറത്തുവിട്ടിരുന്നില്ല. ഇതിന്റെ പ്രധാന കാരണം തെളിവ് പ്രധാനമായും രഹസ്യാന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ടുകളായിരുന്നു എന്നതാണ്. ഉത്തർ പ്രദേശിലെ ചില പ്രദേശങ്ങാളിൽ ആർ.എസ്. എസ് ശാഖകളിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയിരുന്നു. ഗാന്ധിയുടെ  ചിത്രത്തെയായിരുന്നു ഉന്നം വെക്കേണ്ടിയിരുന്നത്. അതു ചെയ്യാൻ വിസമ്മതിച്ച് പലരും ശാഖകളിൽ നിന്ന് പിൻ‌വാങ്ങിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. ഗാന്ധി കൊല്ലപ്പെട്ടെന്ന വാർത്ത ലഭിച്ചപ്പോൾ ചിലയിടങ്ങളിൽ ആർ. എസ്.എസ്. പ്രവർത്തകർ മിഠായി വിതരണം ചെയ്ത് ആഘോഷിച്ചതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി.

ഒരു സംഘടനയെ പൂർവ്വകാല ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയാവില്ല. കാരണം കാലക്രമത്തിൽ അതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകാം. ബ്രിട്ടീഷു ഭരണാധികാരികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുണ്ടാക്കിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സാണല്ലൊ പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ചാലകശക്തിയായതും ഭരണകക്ഷിയെന്ന നിലയിൽ അഴിമതി ആരോപണങ്ങൾ വിളിച്ചു വരുത്തിയതും. അതിനാൽ 65 കൊല്ലം മുമ്പത്തെ പ്രവർത്തനത്തിന്റെ വെളിച്ചത്തിൽ ആർ.എസ്.എസിറ്റെ സ്വഭാവം നിർണ്ണയിച്ചുകൂടാ. എന്നാൽ അതിന്റെ സമീപകാല പ്രവർത്തനങ്ങളിൽ വർഗ്ഗീയ സമീപനം ഉപേക്ഷിച്ചതായ ഒരു സൂചനയുമില്ല. ഇന്ത്യാ-പാകിസ്ഥാൻ സംഝോതാ എക്സ്പ്രസിലും മഹാരാഷ്ട്രയിലെ മലേഗാൺ, ഹൈദരാബാദിലെ മെക്കാ മസ്‌ജിദ് എന്നീ സ്ഥലങ്ങളിലും നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ സംഘ്. ബന്ധമുള്ളവരായിരുന്നെന്ന്   അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഒരു പട്ടാള ഉദ്യോഗസ്ഥന് അവരുമായുണ്ടായിരുന്ന ബന്ധം വർഗ്ഗീയവാദികൾക്ക് സൈന്യത്തിൽ നിന്ന് പരിമിതമായ തോതിൽ സഹായം ലഭിച്ചതായി വെളിപ്പെടുത്തുന്നു. ഈ സംഭവങ്ങൾ സംബന്ധിച്ച കേസുകളിൽ മുസ്ലിം യുവാക്കളെ പിടികൂടിയതും ഹിന്ദുത്വവാദികളുടെ പങ്ക് പുറത്തു വന്നശേഷം നടപടികൾ മെല്ലെയായതും പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയും കളങ്കപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതും അടുത്ത കാലത്ത് ഉത്തർ പ്രദേശിൽ ഇറക്കുമതി ചെയ്തതുമായ ലവ് ജിഹാദ് ആരോപണം വർഗ്ഗീയ ചേരിതിരിവ് വളർത്താനായി ഹിന്ദുത്വചേരി ആസൂത്രണം ചെയ്തതാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം താഴേത്തട്ടിലുള്ളവരുടെ മേൽ ഇറക്കി വെക്കാനാവുന്നതല്ല. മോഹൻ ഭഗ‌വതൊ നരേന്ദ്ര മോഡിയൊ അവരുടെ ചെയ്തികളെ തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാണന്നും എല്ലാ മതവിശ്വാസികളും ആ ചിന്ത ഉൾക്കൊള്ളണമെന്നുമുള്ള മോഹൻ ഭഗ‌വതിന്റെ പ്രസ്താവം ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷത ആർ.എസ്.എസിന് ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ഭരണകക്ഷിയെന്ന നിലയിൽ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ – കൃത്യമായി പറഞ്ഞാൽ, നരേന്ദ്ര മോഡിയുടെ – കൈകളിലാണ്. അവ ദുരുപയോഗപ്പെടുത്തുന്നതിന് മുൻ‌ഗാമികൾ ചെയ്തതേ തങ്ങളും ചെയ്യുന്നുള്ളൂ എന്ന് പാർട്ടിക്കും മോഡിക്കും അവകാശപ്പെടാം. അത്തരത്തിലുള്ള ദുരുപയോഗമാണ് കോൺഗ്രസിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചതെന്ന വസ്തുതകൂടി അവർ ഓർക്കണം. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ വൈകല്യങ്ങൾ മൂലം രാഷ്ട്രീയകക്ഷികൾക്ക് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ കൂടാതെ തന്നെ ലോക് സഭയിലും നിയമസഭകളിലും ഭൂരിപക്ഷം നേടി അധികാരത്തിലേറാൻ കഴിയുന്നു. സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ അവർ പുറത്തെ ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സദാ സസൂക്ഷ്മം വീക്ഷിക്കുകയും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നിരക്കാത്ത നടപടികളുണ്ടാകുമ്പോൾ അവയെ ചെറുക്കുകയും വേണം.

നമ്മുടെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ജനപിന്തുണയോടെ ലോക് സഭയിൽ ഭൂരിപക്ഷം നേടിയ കക്ഷിയാണ് ബി.ജെ.പി. ഇക്കൊല്ലത്തെ തരഞ്ഞെടുപ്പിൽ അതിന് കിട്ടിയത് 31.0 ശതമാനം വോട്ട് മാത്രമാണ്. വോട്ടർമാരിൽ 66.4 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതിന്റെ 31.0 ശതമാനമെന്ന് പറയുമ്പോൾ മൊത്തം വോട്ടർമാരുടെ 20.6 ശതമാനമെ ആകുന്നുള്ളു. ആർ.എസ്. എസ്. അതിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ബി.ജെ.പിക്കായി പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ ആർ.എസ്.എസിനോട് തീരെ അനുഭാവമില്ലാത്തവരെയും ആകർഷിക്കാൻ മോഡിക്ക് കഴിഞ്ഞു.. ഇതിന്റെ അർത്ഥം 20 ശതമാനം ആളുകൾ പോലും ആർ.എസ്.എസ് ആശയങ്ങളെ പിന്തുണക്കുന്നില്ല എന്നാണ്. അതിനെ അനുകൂലിക്കാത്ത 80 ശതമാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 19, 2014)

No comments: